Friday, May 10, 2019

ആഴക്കഴൽ/ജയദേവ് നയനാർ

എന്നിട്ടും നിന്റെ കൂട്ടിരിപ്പെത്രയും.
വരിയിൽ നിന്നഴിച്ചുമാറ്റിയ
ഒരുറുമ്പിന്‍റെ മണമോർമയ്ക്ക്.

കടലിൽ നിന്നു മാറ്റിക്കെട്ടിയ
കാറ്റിന്‍റെ ഉപ്പുരുചിക്ക്.

മീനിൽ നിന്നുരിഞ്ഞ
മുള്ളിന്‍റെ ഉളുമ്പുമണത്തിന്.

മരത്തിൽനിന്നു കൊത്തിയിട്ട
ഇലയുടെ പിടച്ചിലിന്.

ഒഴുക്കിൽപ്പെട്ട പുഴയുടെ
മുങ്ങിത്താഴലിന്.

ഇരയിൽ കോർത്തുപിടയുന്ന
ചൂണ്ടയുടെ ചുണ്ടിളക്കത്തിന്.

നീ കൂട്ടിരുന്നതത്രയും
ഒരിക്കലും നിന്നെ പിന്നീട്
ഓർക്കാത്തവയ്ക്കായിരിക്കെ.
മുങ്ങിമരിച്ച പുഴ ഒരിക്കലും
വന്നുപറയില്ല നിന്നെ.
ഉപേക്ഷിക്കപ്പെട്ട ഒരു മുള്ളും
തിരിച്ചു നീയാകില്ല.

.
നീ കൂട്ടിരുന്നതത്രയും
ഒരിക്കലുമില്ലാത്ത
നിനക്കായിരുന്നെന്നിരിക്കെ.
ഒരിക്കലും വാലിട്ടുകണ്ണെഴുതാത്ത
പൂത്തുലഞ്ഞുപോയ പൂവാകയ്ക്ക്.

ഒരു നിറവും വാരിച്ചുറ്റാത്ത,
മണം വിയർത്ത കാട്ടുകൈതയ്ക്ക്.

ഇരുട്ടു  മുറുക്കിക്കെട്ടി
പൊട്ടുമെന്നു തിടുക്കപ്പെടുന്ന
രാത്രിയുടെ ഹുക്കുകൾക്ക്.

അത്രയും മുറുക്കിച്ചുവപ്പിച്ച
ഉടലിന്‍റെ
കീറിത്തുന്നലുകൾക്ക്.

ഇടിമിന്നൽ പൂക്കുന്ന
മേഘക്കൂർപ്പിന്.

നഖങ്ങളിൽ കോർത്തെടുക്കുന്ന
ഭാഷയല്ലാത്ത ഒന്നിന്‍റെ
വടിവഴിഞ്ഞുപോയ ലിപിക്ക്.

അക്ഷരത്തെറ്റിന്.

പച്ചയ്ക്കു കത്തുന്ന
മൃഗതൃഷ്ണയ്ക്ക്.

ഇല്ലാത്ത ഒരു ദിക്കും
വന്നു നിറയില്ല
നിന്നിൽ.
പിച്ചിക്കീറിയ ഒരു നിലാവും
തിരിച്ചു നീയാകില്ല.

.
നീ,
ഉപേക്ഷിക്കപ്പെട്ട രാജ്യത്തെ
പിത്തലാട്ടക്കാരി.
ഏതുടലിലേക്കും നിറയുന്ന
മഴക്കപ്പൽ.
തുരുമ്പും മരക്കറയും
മണക്കുന്നു എന്നെ.
ഞാൻ  മേഘത്തിൽ
പാപസ്നാനം ചെയ്യപ്പെട്ടവൻ.
ഏറ്റവും കൊടിയ
വിഷച്ചൂരുള്ള
ഓർമ.

ഏറ്റവും അപകടകരമായ
തൊട്ടുകൂടായ്മ.
നിന്‍റെ ചോരക്കുഴലിൽ
എനിക്കു വരക്കാനുണ്ട്
ഒരു ഉടലിനെ.
_______________________________

No comments:

Post a Comment