Thursday, May 23, 2019

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ: ഒരു നാട്ടാനയുടെ ആത്മകഥ/കെ.പി.റഷീദ്

മുഴുവൻ തോർന്നിട്ടില്ലാ
മുൻ മദജലം പക്ഷേ-
എഴുന്നള്ളത്തിൽക്കൂട്ടീ എന്തൊരു തലപ്പൊക്കം!
*
സഹ്യന്റെ മകൻ, വൈലോപ്പിള്ളി
************************************************

അറ്റുവീണ ആകാശം
പൊട്ടിച്ചിതറും പോലായിരുന്നു
ആ ഒച്ച
ആ വീഴ്ച.

ആ നിമിഷം
ഭൂമി പൊളിഞ്ഞടർന്നു
കാതടഞ്ഞു, കണ്ണു ചിമ്മി
ഒറ്റ വീഴ്ചയിൽ
പാതാളം തൊട്ടു.
*
പാതാളം
*
ചുമ്മാ പറയുന്നതാ
പാതാളമല്ല
ഇത് വെറും വാരിക്കുഴി.
മുളന്തണ്ട് ചായ്ച്ചു കെട്ടി
കാടും പടലും പൊത്തി
ആളെ പറ്റിക്കുന്ന കൊടും ചതി

മണ്ടനായിരുന്നു ഞാൻ.
ഏഴ് നിറം കൊണ്ട്
ആകാശത്തിനാരാണീ
ചായമിടുന്നത്
എന്നന്തം വിട്ട്
നടക്കുമ്പോഴാണ്
നനഞ്ഞ മണ്ണിന്റെ മണമെന്നെ
വിഴുങ്ങിയത്

ആദ്യമെത്തിയത്
കണ്ണു കലങ്ങിയൊരാന.
ഒറ്റക്കുത്തിന്
അതെന്റെ ഓർമ്മ മായ്ച്ചു.
തൊട്ടാൽ മുറിയുന്നൊരു
തണുത്ത മൂർച്ച
ബോധം വടിച്ചെടുത്തു.
ചോരനിറമായ ഒരുടൽ
മാത്രമായി ഞാൻ.
ചോരച്ച വടങ്ങളിൽ തൂങ്ങി
ഞാനാകാശം കണ്ടു.
*
കൊട്ടിൽ
.
പിന്നെത്തി മനുഷ്യർ,
കുങ്കിയാനകൾ
അറ്റത്ത് കത്തിയുള്ള വടികൾ.
ഉടലാകെ ഇരുമ്പു മണത്തു
ഇറച്ചിയിൽ ഇരുമ്പുടക്കി
തോട്ടി എന്നൊരു മൂർച്ചയിൽ
അനുസരണയുടെ ഏഴ് പാഠവും
ഞാനോടിപ്പഠിച്ചു.
ചൂരലടിയിൽ വിങ്ങിപ്പഴുത്തു
ഉടലാകെ കത്തിമുന
പാഞ്ഞു കളിച്ചു.

മെരുങ്ങിയെന്നു പറഞ്ഞ്
അവർ മടങ്ങുമ്പോൾ
മൂക്കിൽ കാട്ടുമണം
നിറഞ്ഞു.
കാട്ടിലായിരുന്നു ഞാൻ
കൂട്ടത്തിനൊപ്പം നടക്കുമ്പോൾ
മഴവില്ലു പൂത്തു.
പനമരങ്ങൾക്കപ്പുറം
എന്റെ കൂട്ടുകാരി
മുറം പോലെ ചെവിയാട്ടി.
കാതാകെ
നിലവിളിക്കുരുക്കൾ
പൊന്തി.
*
ചന്ത
*
ബീഹാറിച്ചുവയുള്ള
കത്തി കൊണ്ട്
ആരോ എനിക്ക് പേരിട്ടു.
മോത്തിപ്രസാദ്.

മുറിവുണങ്ങാത്ത കാലിലെ
ചട്ടവ്രണത്തിൽ നിന്നും
ഈച്ചയാർത്ത്
കുട്ടിക്കൊമ്പന്മാർക്കൊപ്പം
ഞാൻ നിന്നു.

പലർ വന്നു കണ്ടു,
ഇരിക്കസ്ഥാനം വെച്ചളന്നു.

അറിയാത്ത നാട്ടിലേക്ക്
പായുമ്പോൾ
കാടെന്റെ കൂടെപ്പോന്നു.
പലമരങ്ങൾ താരാട്ടി.

കരിമ്പാറക്കൂട്ടം കടന്ന്
മദിച്ചു നടക്കുമ്പോൾ
കാട്ടുതേൻ മണത്തു.
*
പേര്
*
പേരാണ്
ആദ്യം മാറിയത്.
ഗണേഷ്.
പിന്നെ മണ്ണുമാറി
തടി പിടിക്കുമ്പോഴുള്ള
ചൂര് മാറി
വടങ്ങൾ മാറി.

പിന്നെയും മാറി
പേര്-
തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ.

വഴി മാറി
ഇടം മാറി
ഇടം വലം
പാപ്പാന്മാരഞ്ചായി .

തോട്ടിക്ക് മാത്രം മാറ്റമില്ല.
എവിടെയും
ഒരേ മൂർച്ച!
*
എഴുന്നള്ളത്ത്
*
എന്റെ ദൈവമേ
നിനക്കെന്തിനാണിത്രയും
തീവെട്ടികൾ?
ഇത്ര വെടിയൊച്ചകൾ?
ഇത്ര പുക? ഇത്ര വാദ്യങ്ങൾ?
അതു കാണാൻ
ഇത്രയേറെ മനുഷ്യർ?

13 വയസ്സിൽ
ചോദിക്കാൻ തുടങ്ങിയതാണ്.
അമ്പത് കഴിഞ്ഞിട്ടും
ആരും തീർത്തില്ല
സംശയം.

കണ്ണു കാണില്ലെങ്കിലും
തീവെട്ടിപ്പുകയിൽ
ഇന്നും കണ്ണുടയും.
വെടിക്കെട്ടിൽ
കാതടയും.
കൈകൾ വിരിച്ച്
നിങ്ങൾ തിമിർക്കുന്ന
മേളങ്ങൾ
ബോധം കെടുത്തും
ഇറ്റു വെള്ളത്തിന്
തൊണ്ട പൊട്ടും

അന്നേരം
കാലിലെ വ്രണത്തിൽ
ആഞ്ഞൊരു കുത്തുവരും
കണ്ണിലും കന്നക്കുഴിയിലും
തോട്ടി നിരങ്ങും
ഇക്കണ്ടകാലമെല്ലാം
മുറിവുകളുടെ കണക്കായി
ഒന്നിച്ചോർമ്മ വരും
തോട്ടിമുനയിലെ
പിടച്ചിലുകൾ
കനം വെക്കും.

എന്നെ പ്രണയിക്കുന്നവർ
ചുറ്റും നൃത്തം വെക്കുമ്പോൾ
ആണിയടിച്ച ചെരിപ്പിനാൽ
പാപ്പാൻ പിന്നെയും തരും,
മുറിവു കലങ്ങും.

ഒരാനക്ക്
എന്തിനാണ് ദൈവമേ
ഇത്രയും മർമ്മങ്ങൾ?

*
ചട്ടവ്രണം
*
ചട്ടപ്രകാരം
അതാണതിന്റെ പേര്.
തോട്ടികൾക്ക് എളുപ്പം
പണി തീർക്കാനായി
ചില സ്ഥിരം മുറിവുകൾ.
പാപ്പാന്മാർക്ക്
അതൊരു നിക്ഷേപം.

ഒന്നു തൊട്ടാൽ മതി
ഏതാനയും കുനിയും.
ഉടലിൽ പാകിയ
കുഴിബോംബാണത്.

ആദ്യമൊരു കുത്താണ്
പിന്നെയത് മുറിവാകും
വ്രണമായി പഴുക്കും
പുഴുവരിക്കും
തോട്ടി കണ്ടാലേ
വേദനയുടെ വേരനങ്ങും

മത്തങ്ങക്കുരു
മണത്താൽ
ഞാനിന്നും പുളയും.
കിഴികെട്ടിയ
മത്തങ്ങക്കുരുവാണ്
എന്റെ കണ്ണുകൾ
കെടുത്തിയത്.
ആദ്യം വലത്തേക്കണ്ണ്
പിന്നെ ഇടത്തേത്.
കണ്ണു പോയിട്ടിപ്പോൾ
വർഷം പത്തായി.

എന്നിട്ടാണ്
നിങ്ങളുടെ
കൃത്രിമ വെളിച്ചങ്ങൾ
കരിമരുന്നു പൂരങ്ങൾ
കുടമാറ്റത്തിമിർപ്പുകൾ.

*
മദം
*
എന്റെ ഉത്സവം
അതാണ് കൂട്ടരേ.
അതെന്റെ കാമപ്പുളച്ചിൽ
അവളിലേക്കെത്താത്ത
എന്റെ പിടഞ്ഞോട്ടങ്ങൾ
കൊതിക്കാറ്റുകൾ.

കുളിരുമാസങ്ങളാണ്
ഉള്ളിലാകെ തീപ്പായുക.
ഉൾച്ചൂട് വിങ്ങും
വൃഷണസഞ്ചികൾ
ലോകത്തോളം വീർക്കും
കണ്ണിനും കാതിനും ഇടയിലൂടൊരു
മദനദി പിറക്കും.
താടയോട് താട മദനീര്.

കാട്ടിലാണെങ്കിൽ
ഇന്നേരം
ആസക്തികളുടേതാണ്
പ്രണയത്തിന്റെ വിത്തുകൾ
കാറ്റിലാകെ പറക്കും.
അന്നേരമാണ്
നിങ്ങളുടെ കൊടിയേറ്റങ്ങൾ.

ഉൾച്ചൂടിലേക്ക് പിന്നെയും
തോട്ടിമുന പുളയും.

മദജലം എണ്ണപൊത്തി മായ്ച്ച്
നിങ്ങളെന്നെ തിടമ്പേറ്റുമ്പോൾ
ഉള്ളിലൊരു കാട്ടിൽ
ഞാനെന്റെ കാമങ്ങളെ
കുരിശേറ്റുകയാവും.
എഴുന്നള്ളത്തിന് മുമ്പേ
നിങ്ങളെന്നെ കുളിപ്പിക്കുന്നത്
മദഗന്ധം മായ്ക്കാനെന്ന്
ഇനിയാർക്കാണറിയാത്തത്?

*
കൊല
*
പ്രതിക്കൂട്ടിലായിരുന്നു
അന്നേരം ഞാൻ.
കോടതിയാണ്
കൊലക്കുറ്റമാണ്
മൂന്ന് പെണ്ണുങ്ങളുടെ
ചോരയാണെന്റെ കൊമ്പിൽ.

വാദങ്ങൾ, പ്രതിവാദങ്ങൾ.

നിരന്നു, ഞാനാദ്യം കൊന്ന
10 മനുഷ്യരുടെ പേരുകൾ,
കൊമ്പറ്റം കൊണ്ട് കുത്തിവലിച്ച
രണ്ടാനകളുടെ കഥകൾ,
എന്റെ ചോരക്കലിപ്പുകൾ.

മുപ്പത് ലക്ഷം ജാമ്യത്തിന്
പുറത്തിറങ്ങി,
പക്ഷേ, എന്നെയാരും കേട്ടില്ല!

യുവറോണർ,
എനിക്കുമുണ്ട്
അകാലമരണത്തിന്റെ
പുസ്തകം.

എന്റെ ഉടലിലൊന്ന്
സൂക്ഷിച്ചു നോക്കൂ
നിങ്ങൾക്ക് കാണാം
ഞാൻ മരിച്ച മരണങ്ങൾ,
കൊത്തിയരിഞ്ഞു കളഞ്ഞ
കാമങ്ങൾ,
കുത്തിപ്പഴുപ്പിക്കാനായ് തുറന്നിട്ട
സ്ഥിരമുറിവുകൾ
തോട്ടിപ്പഴുതുകൾ
ഇരുമ്പാണി വിടവുകൾ,
വെടിയൊച്ചയും മേളവും
ആളുമാരവവും കൊണ്ട്
നിങ്ങൾ അടച്ചുകളഞ്ഞ കേൾവികൾ.

കണ്ണുപോയോരാനക്കടുത്ത്
നിങ്ങളെന്തിനാണിങ്ങനെ
തിക്കിപ്പുളയ്ക്കുന്നത്,
മരണം ചോദിച്ചു വാങ്ങുന്നത്?

കെട്ടുതറിയിലെന്നെ
പിടിച്ചു കെട്ടിയാൽ
തിരിച്ചു കിട്ടുമോ
പോയ ജീവൻ?

കാട്ടിലാരെയും കൊല്ലാറില്ല
വിശക്കുമ്പോളല്ലാതെ.

*
സൂപ്പർ സ്റ്റാർ
*
വഴിയിലാകെ ബോർഡു കാണാം.

വിരിഞ്ഞു നിൽക്കുന്ന ഞാൻ
തിടമ്പേറ്റുന്ന ഞാൻ
വടക്കുന്നാഥന്റെ
തെക്കേ ഗോപുരവാതിൽ
തള്ളിത്തുറക്കുന്ന ഞാൻ.
സൂപ്പർ സ്റ്റാർ
ക്രൗഡ് പുള്ളർ
രാമരാജൻ
ഏകഛത്രാധിപതി.

പറഞ്ഞാൽ തീരില്ല
എന്റെ ഗാഥകൾ.

ഉയരത്തിൽ കെങ്കേമൻ
വിരിഞ്ഞ മസ്തകം
നിലം തൊടും തുമ്പിക്കൈ
ലക്ഷണമൊത്ത 18 നഖങ്ങൾ
ലക്ഷങ്ങൾ ഏക്കത്തുക
നാടെങ്ങും പ്രണയികൾ.

എന്റെ പ്രണയികളേ..
ആഞ്ഞാഞ്ഞ് നിങ്ങളെ
ആലിംഗനം ചെയ്യണമെന്നുണ്ട്.

അന്നേരം നിങ്ങൾക്ക്
തെളിഞ്ഞു കാണാനാവും
കണ്ണിലെ കെട്ടുപോയ വെട്ടം.

അപ്പോഴേ കേൾക്കാനാവൂ
മുറിവനങ്ങുമ്പോൾ
ഉടലിന്റെ ഒച്ചയില്ലാക്കരച്ചിൽ.

അന്നേരം മാത്രമേ അറിയൂ
നിങ്ങൾക്ക് പ്രണയിക്കാനായി മാത്രം
അവരെന്നും കുത്തിക്കെടുത്തുന്ന
എന്റെ പ്രണയാഗ്നി,
ഉള്ളിലെ കാട്ടുമണങ്ങൾ.

*
ഭയം
*
'നിനക്ക് ഭയമുണ്ടോ?'
അന്നമൂട്ടാൻ വന്നൊരമ്മ
ഈയിടെ എന്നോട് ചോദിച്ചു.
ഞാൻ ചിരിച്ചു.
എനിക്കെന്ത് ഭയം!

'അറിഞ്ഞോ
അവർ നിന്നെ വിലക്കുകയാണ്.
നീ കൊലയാളിയാണത്രെ
ഇനി ഉത്സവമേളങ്ങളില്ലത്രേ
നെയ്തലക്കാവിലമ്മയുടെ
തിടമ്പേറ്റാൻ ഇനി നീ ഇല്ലത്രേ
നീയില്ലാതെന്ത് പൂരം
എന്തുത്സവം!'

ഞാൻ വീണ്ടും ചിരിച്ചു,
'അതിനെന്തിനു ഭയക്കണം ഞാൻ!
ഭയങ്ങളെന്നേ മരിച്ചമ്മേ'
ഞാൻ പറഞ്ഞു

'വാരിക്കുഴി തൊട്ട
ആദ്യനിമിഷം
തോട്ടിമുനയാദ്യം
ഇറച്ചി തൊട്ടനേരം
അപ്പോഴേ മരിച്ചു ഞാൻ.'

'എന്നേ മരിച്ചൊരാന
എന്നേ കൊന്നൊരാന
ഇനിയാരെ ഭയക്കാനാണമ്മേ.'

അരുതാത്തതെന്തോ
കേട്ട പോലെ
അവരെന്നെ തുറിച്ചു നോക്കി
ഞാനന്നേരവും ചിരിച്ചു.

*
ശേഷം
*
ആനക്കെന്ത്
ആത്മകഥ
എന്നെനിക്കുമറിയാം.
എങ്കിലും
കണ്ണടയും മുമ്പേ
പറയാതെ വയ്യ
ഞാൻ വിഴുങ്ങിയ ജീവിതം.

നോക്കൂ,
ഉത്സവത്തിനു
വേണ്ടാതാവുമ്പോൾ
ഞാൻ പുറത്താവും
വെറുതെ തീറ്റിപ്പോറ്റാൻ
പ്രണയം മാത്രം പോരല്ലോ.

പിന്നെയും നീളണം
ആയുസ്സെങ്കിൽ
ഏതെങ്കിലും കൂപ്പ്,
കൊട്ടിൽ,
എരണ്ടക്കെട്ട്.
അതുമല്ലെങ്കിൽ
മൂന്നാമത്തെ
അണപ്പല്ലും കൊഴിഞ്ഞ്
ഒന്നും ചവയ്ക്കാതെ
കഴിക്കാതെ
പട്ടിണി കിടന്ന്
ചുമ്മാ അങ്ങു തീരും.

നോക്കൂ,
ആചാരവെടികൾ
അന്നേരവും കാണും.
നാളുനീളുന്ന സങ്കടങ്ങൾ
നാടു നീളുന്ന വിലാപങ്ങൾ
പ്രണയികളുടെ ഓർമ്മക്കുറിപ്പുകൾ.

അന്നേരവുമാരുമോർക്കില്ല
പിറകിൽ മറഞ്ഞു തീർന്ന
കാട് വർഷങ്ങളായി
ഉള്ളിൽ വളർത്തുന്നൊരാനയെ,
ആരും കാണാതെ അത്
കൊണ്ടുനടന്ന ഇലമണങ്ങളെ,
ഇണചേരാൻ ത്രസിക്കുമ്പോഴേ
മരിച്ചു പോവുന്ന
ഉടലനക്കങ്ങളെ
മദപ്പാടിന്റെ നേരങ്ങളിൽ
ഉത്സവപ്പറമ്പുകളിൽ
ഞരമ്പിലോടുന്ന
കാട്ടുതീക്കനലിനെ.

കൂപ്പും കൊട്ടിലും
തിടമ്പും മുറിവും
ചോരയിലെഴുതിയ,
നാലായിരം കിലോ
ഭാരമുള്ള
ഒരു ഉരുപ്പടി.
അത്രയേ
ഉണ്ടായിരുന്നുള്ളൂ
എനിക്ക് ഞാൻ.
നിങ്ങൾക്കും!
______________________

No comments:

Post a Comment