Sunday, May 26, 2019

തമിളരസി/ചിത്ര.കെ.പി

ഒരു പൊന്തക്കാടുണ്ട്
ദിവസവും
ഒരു മൊന്ത വെള്ളവും കൊണ്ട്
അവൾ പോകുന്നിടം.
അതിരാവിലെ
അല്ലെങ്കിൽ സന്ധ്യക്ക്
എപ്പോഴും
ഇരുളിന്റെ മറവിൽ.

കണ്ണിൽ കാതിൽ ചുണ്ടിൽ 
ചെറുപാമ്പുകളുടെ സീൽക്കാരം.
അരണക്കണ്ണിണതന്നായം, ദൂരെ
വണ്ടികളുടെ പാച്ചിൽ 
കുഞ്ഞുമക്കളുടെ പേച്ച്
കറുപ്പികളുടെ* കുര
തണ്ണിക്കുടങ്ങളുടെ തുളുമ്പൽ
വെട്ടാറിന്റെ** മൗനം.

ഇരുൾത്തരികളുതിരുമ്പോൾ
അവളുടെ ദേഹത്ത് മുളയ്ക്കും
ആയിരം കണ്ണുകൾ.
അവ മറയ്ക്കും ഉടൽച്ചന്തം.

ഏഴു ദിവസങ്ങളിൽ മാത്രം
അവൾക്ക് ഏറ്റി വന്ന
തണ്ണീർ തികയില്ല.
പൊടിമണ്ണ് ചുവക്കും.
കണ്ണ് തുളുമ്പും,
ചുറ്റുമുള്ള ചേമ്പും.

പച്ചിലച്ചാർത്തിനുള്ളിലവൾ
ഈ പ്രപഞ്ചത്തിന്നരസി.
പരുത്ത കൈവിരലുകളിലൂടെയുതിരും
ഉദയസൂര്യൻ.
പാറും മുടിയിൽ കൊഴിയും നിലാക്കതിർ.
മാറിടങ്ങളിൽ കവിയും മഴച്ചൂട്.
വിണ്ടുകീറിയ കാൽപ്പാദങ്ങളിൽ
വെയിലിൻ തണുപ്പ്.

അവളുടെ ഉടൽ ഒരു അരളിച്ചെടി.
അതിൽ മേഘങ്ങളിൽ ചെന്ന്
രാ പാർക്കുന്ന സ്വപ്നശാഖികൾ.

ഒരു പൊന്തക്കാടുണ്ട്,
ഈ ഭൂമിയിൽ
അവളുടേതായി
ഒരേ ഒരിടം.

...........................................................................
* കറുപ്പി - പരിയേറും പെരുമാൾ എന്ന തമിഴ് സിനിമയിലെ കറുപ്പിയെന്ന പട്ടിയെ ഓർക്കുന്നു.
** വെട്ടാർ - കാവേരി നദിയുടെ കൈവഴി

No comments:

Post a Comment