ഇളകി നിൽക്കുന്ന പാൽപ്പല്ലു പോലെ
വാർദ്ധക്യത്തിന്റെ ദിന രാശി
അടർത്തിക്കളയാൻ വയ്യാത്ത
കുഞ്ഞിനെപ്പോലെ .
അതിന്റെ കുലുക്കങ്ങൾ ,നോവ് .
നീരുവെച്ച വിരലുകൾ മെല്ലെത്തടവി
നിവർത്തുമ്പോൾ
പെട്ടെന്ന് കഴുത്തിലേക്കൂർന്നു വീണ
വഴുവഴുത്തൊരു ജന്തുവിനെപ്പോലെ
ആ വിരലുകളുടെ
ചുളിയാത്ത, മിനുപ്പുള്ള
ഭൂതകാലം .
ഏറ്റവും നിസ്സഹായനായ കുട്ടിയായി
അച്ഛനിരിക്കുമ്പോൾ
അവൾക്ക് അയാളുടെ അമ്മയാവാനും
അവർക്കിടയിൽ മാത്രം വായിക്കപ്പെട്ട
വേദനയുടെ അക്ഷരമാല പറഞ്ഞു കൊടുക്കുവാനും തോന്നി .
ഗൃഹപാഠം ചെയ്യുന്നൊരു കുട്ടിയെ പോലെ
വാക്കിലേക്ക് വഴങ്ങാത്ത വിരലുകൾ കൊണ്ട്
അയാൾ മറന്ന ചിലതെഴുതിപ്പിക്കുവാനും.
മരുന്നുകൾ ശ്വാസമാവുന്ന
മുറിയിലെ വെളിച്ചം താഴ്ത്തി,
മറന്നു പോയെന്ന് വേട്ടക്കാരനും
മരിച്ചു പോയാലും മറവിയില്ലെന്ന് ഇരയും
ശഠിക്കുന്ന ഒരേ ഓർമ്മയുടെ കഥ
പറഞ്ഞു കൊടുക്കുന്നു.
മറവിയുടെ മരക്കൂട്ടത്തിനിടയിൽ
ആകെ പൂത്തൊരു ചില്ല പോലെ
തെളിഞ്ഞു നിൽക്കുന്നുണ്ട്
അവളുടെ കുട്ടിക്കാലം .
ആ ചില്ലയിലാഴ്ന്ന
കത്തിമുന പോലെ ചിലത്
ഓരോ ഞരക്കത്തിനും കാവലായി
ഉറക്കമറ്റിരിക്കുന്നവൾ
പണ്ടും ഉറങ്ങിയിട്ടില്ലച്ഛാ ,
ഭയം തൊണ്ട വറ്റിച്ച രാത്രികളിൽ
ചുണ്ടോട് ചേർത്ത ചൂണ്ടു വിരലാൽ
ശബ്ദങ്ങൾ മായ്ക്കപ്പെട്ട കുഞ്ഞുങ്ങൾ,
അരക്ഷിതത്വങ്ങളുടെയും
അവിശ്വാസങ്ങളുടെയും
അന്തമില്ലാത്ത ഭയങ്ങളുടെയും
രാജ്യം ഓരോ കുഞ്ഞും.
ആ രാജ്യത്തിന്റെ ഭൂപടം നിവർത്തി
വിറയ്ക്കുന്ന കൈകൾ താങ്ങി
അതിലൂടെ അയാളെ
പിടിച്ചു നടത്തുന്നു
അവിടെയെത്തുമ്പോൾ സത്യമായും
അയാൾക്ക് മരിക്കാൻ തോന്നും
വിറച്ചുകൊണ്ടയാൾ
ദാഹജലം പോലെ മരണം ചോദിക്കും
പക്ഷെ
അങ്ങേയ്ക്കിനി എങ്ങനെയാണ്
മരിക്കാനാവുക ?
ആ പന്ത്രണ്ടുകാരി മകളുടെ
ഹൃദയത്തേക്കാൾ വലിയ കുഴിമാടം
എവിടെയാണങ്ങയെ കാത്തിരിക്കുന്നത് ?
--------------------------------------------------------------
No comments:
Post a Comment