Saturday, May 11, 2019

അപ്പോഴേക്കും / ജയദേവ് നയനാർ

അപ്പോഴേക്കും എല്ലാത്തിനെക്കുറിച്ചും
പറഞ്ഞുകഴിഞ്ഞിട്ടുണ്ടാവും.
എഴുതപ്പെട്ടു കഴിഞ്ഞിട്ടുണ്ടാവും.
ഓർമിച്ചുതീർന്നിട്ടുണ്ടാവും.
പരസ്പരം പ്രണയിച്ചുമടുത്തുകാണും.
ഉടലുകൾക്കു പുറത്തേക്ക്
എത്രയോ മുമ്പേ ജീവിതത്തെ
ഒളിച്ചുകടത്തിയിട്ടുണ്ടാവും.
.
അപ്പോഴേക്കും എല്ലാ കവിതകളും
എഴുതപ്പെട്ടുകാണും.
പുതിയതായി ഒരുപമ  പോലും
വാക്യത്തിൽ  പ്രയോഗിക്കാനില്ലെന്ന
അവസ്ഥ സംജാതമാകും.
കവിത കൊത്താനുണ്ടോ എന്ന്
ചോദിച്ചുവരുന്നവരുടെ കുലം മുടിയും.
ഒരമ്പ് കൊണ്ടുപോലുമൊന്നിനെ
എയ്തുവീഴ്ത്താനില്ലെന്നാവും.
കാലകത്ത് കുഞ്ചൻ നമ്പ്യാർ
തുടങ്ങിയ പാരഡികളും കൊഴിയും.
.
അപ്പോഴേക്കും കിളികൾ പറന്നുമടുത്തിട്ടുണ്ടാവും.
കോഴിക്ക് മുല വന്നുകാണും.
പച്ചിലകൾക്കെല്ലാം ഒരേ
പച്ച നിറമായിരിക്കും.
എല്ലാ പൂവിനും ഒരേ മണം.
.
അപ്പോഴും, ഒരു  ഫയറെഞ്ചിനെടുക്കാൻ
കാണുമായിരിക്കുമല്ലോ,
മിന്നാമിനുങ്ങിനെയൂതിക്കത്തിച്ച
തീയണക്കുവാൻ.

മനസിലായില്ല, നാളത്തെ കവിയെ. ലോകത്തിലെ  ഏറ്റവുമവസാനത്തെ കവി.
അഞ്ഞൂറ് വർഷം കഴിഞ്ഞ്
എഴുതാനിരിക്കുന്ന കവിതയുടെ
പ്രേതബാധയേറ്റവൻ.
________________________________

No comments:

Post a Comment