എന്റെ എഴുത്തുമുറിയിൽ
നിനക്കു വേണ്ടിയെഴുതി ബോധിപ്പിക്കുന്ന
ഒടുവിലത്തെ കവിതയാകുമിത്.
ഞാൻ ചത്തുപോയാൽ നീയും
ഉടനെയങ്ങ് മരിച്ചുപോന്നേക്കണം.
എങ്ങനെയെന്ന് ചോദിക്കണ്ട
- എങ്ങനേലും.
നീയാ മുറി കണ്ടോ..
അതിൽ നിറയെ നമ്മളാണ്.
അയയിൽ വിയർപ്പു വറ്റാൻ
വിരിച്ചിട്ട തുണിയിൽ,
കട്ടിൽ വിരിപ്പിൽ, കുടഞ്ഞിട്ട തോർത്തിൽ
- നമ്മുടെ മണം.
അതൊക്കെയും ഞാൻ മരിച്ചു
മിനിറ്റുകൾക്കകം വാർന്നുപോകും.
നീയൊറ്റയ്ക്കൊന്ന് ആ പുതപ്പിനടിയിൽ
കയറിനോക്കൂ...
നിനക്ക് മരണത്തോളം ഭയം തോന്നും.
വെപ്രാളപ്പെടും.
കിടക്കയിൽ ഞാൻ ശൂന്യമായ
ഒരിത്തിരി സ്ഥലം
മരുഭൂമി കണക്ക് പരന്നു വലുതായി
നിന്നെ ഉഷ്ണിപ്പിക്കും.
നിന്റെ പ്രിയപ്പെട്ട വാച്ചുകളൊക്കെയെടുത്ത്
സമയം നോക്കൂ..
അവയൊക്കെയും എനിയ്ക്കൊപ്പം
മരിച്ചുപോയിക്കാണും.
നിനക്ക് സമയം തെറ്റും - കാലം തെറ്റും.
കൂട്ടം തെറ്റിയ കുഞ്ഞിനെപ്പോലെ നീ
വീടിനകത്ത് വിരണ്ടോടും.
അടുക്കളയിൽ ചെന്ന് നോക്കൂ..
നീയെത്ര പാകം ചെയ്താലും
നമ്മുടെയാ രഹസ്യക്കൂട്ട്
അടുക്കള തിരിച്ചു തരില്ല.
സ്ഥാനം തെറ്റാതെ കണ്ണടച്ചു പിടിച്ച്
ഉപ്പെന്നും പുളിയെന്നും മുളകെന്നും
നിനക്ക് കയ്യെത്തിക്കിട്ടില്ല.
പരസ്പരം ചുറ്റിപ്പിടിച്ചു നമ്മളു നിന്നിരുന്ന
അടുക്കളയിടങ്ങളൊക്കെയും
വീടുമാറിക്കയറിയവനെന്നപോലെ
നിന്നെ പകച്ചുനോക്കും.
ആകാശത്തോളം വളർത്തിയെടുത്തൊരു
വീട് ഒറ്റ രാത്രികൊണ്ട്
ഒരു ചിതൽപ്പുറ്റോളം ചെറുതാകും.
അപ്പോൾ,
ഒടുവിൽ നീയെന്നെ തൊട്ടതോർക്കണം
അതേ തണുപ്പ് എല്ലായിടവും
പരന്നു നിറയും.
തണുത്ത ചുവരുകൾ തണുത്ത നിലം
- എല്ലായിടത്തും തണുപ്പ്.
മരണത്തോളം ആഴമുള്ളത്.
പുറം തിണ്ണയിൽ രാത്രികാലങ്ങളിൽ
നമ്മളിരിക്കുന്നിടത്ത് പോയി
എന്റെ കസേരയിൽ ഇരിക്കണം.
കസേരക്കയ്യിൽ എന്റെ വിരലോടുന്നുണ്ടോയെന്ന്
സൂക്ഷിച്ചു നോക്കണം.
'പെണ്ണേ..'യെന്ന് പതിഞ്ഞു വിളിയ്ക്കണം.
പ്ലാവിന്റെ ചോട്ടിൽ നിന്നോ
കിണറിനപ്പുറത്തു നിന്നോ
എന്റെ മറുവിളിയോർക്കണം.
ഇല്ലാ..ഞാൻ വരവുണ്ടാകില്ല.
അന്തിച്ചർച്ചകളും
വൈകിയുറക്കവും കഴിഞ്ഞ്
രാവിലെ മധുരപ്പാകത്തിൽ
നിനക്കൊരു കട്ടന്റെ കുറവുണ്ടാകും.
ഞാനില്ലായ്മകളിൽ നിന്റെ ഭാരിച്ച
നഷ്ടങ്ങളിലൊന്ന്
അതായിരിക്കും എന്നെനിയ്ക്കുറപ്പുണ്ട്.
ഞാനങ്ങു പോയാൽ അനേകകാലം
പൂട്ടിയിട്ടൊരു മുറി കണക്ക്
നിന്റെ ഹൃദയത്തിൽ
കടവാതിലുകൾ പാർപ്പു തുടങ്ങും.
ഇടനേരങ്ങളിൽ,
ഉന്മാദത്തിന്റെ മൂർധന്യത്തിൽ
നീയെന്റെ പേരു നീട്ടിവിളിയ്ക്കും.
നിലത്തുരുണ്ടു വിലപിച്ചേക്കും.
എനിയ്ക്കുറപ്പുണ്ട് -
ഞാനില്ലായ്മകളിൽ വെന്തു വെന്ത്
ഉടലുവറ്റി വേരു ചീഞ്ഞു നീ വീണുപോകും.
അന്നേരം വാരിയെടുത്ത് ചുറ്റിപ്പിടിയ്ക്കാൻ
എനിയ്ക്ക് വിരലുകളുണ്ടാവില്ല.
ഉമ്മ വയ്ക്കാനൊരു ചുണ്ടുപോലും
ബാക്കി ശേഷിക്കില്ല.
ശ്വസിച്ചുണരാൻ എന്റെ മണം പോലും
നിനക്കു കിട്ടില്ല.
നോക്കൂ,
നിന്നോളം ഞാനും എന്നോളം നീയും
വളർന്നു നിൽക്കുമ്പോൾ മാത്രമല്ലേ
പച്ച തെഴുക്കുന്നത് - പടർപ്പുണ്ടാകുന്നത്
ഞാനില്ലാതാവുകയെന്നാൽ
നിനക്കൊരു വീടു നഷ്ടപ്പെടുകയെന്നാണ്.
അതുകൊണ്ട്-
അക്കാരണം കൊണ്ടുമാത്രം മനുഷ്യാ,
തീർച്ചയായും നീ എനിയ്ക്കു ശേഷം
വളരെപ്പെട്ടെന്ന് മരിച്ചു വന്നേക്കണം.