Friday, November 13, 2015

എന്റെ ദൈവമേ !! എനിക്കൊന്നുമറിയില്ല / കൃഷ്ണ ദീപക്


മരവിച്ചു പോകുമെന്ന് തോന്നിപ്പിച്ച
കാഴ്ചകളുടെ കരച്ചിലുകളെ
ഒച്ചയില്ലാതെ ഒഴുകിപ്പോകുന്ന നദികളില്‍ കുടഞ്ഞിട്ട്
മുങ്ങാംകുഴിയിട്ടുപോകുന്ന
പറവകളുടെ പുറത്താണ് ഞാനിപ്പോള്‍ ദൈവമേ

കുരുക്കിട്ട്
കുരുക്കിട്ട്
കുടുക്കുകള്‍ മുറുക്കിയെടുക്കുന്ന
ചരടുവലികളാണ് ദൈവമേ
ഞങ്ങള്‍ക്കിടയില്‍ നടന്നുപോകുന്നത്
അകന്നുപോകുന്ന പറവകളുടെ പാട്ടുകള്‍
എന്നന്നേക്കുമായി ഇല്ലാതാക്കുന്നതും
ഞങ്ങള്‍ തന്നെയാണ് ദൈവമേ
അയയില്‍ തൂക്കിയിട്ടിരിക്കുന്ന
മീനുകളുടെ കുളമ്പടിയൊച്ചകള്‍
വെള്ളമൊഴിഞ്ഞ ചില്ലുപാത്രത്തിലെ ഒറ്റമീന്‍
കുരുക്കിയെടുത്ത് വലിച്ചു പൊട്ടിക്കുന്നത് കാണാന്‍
കാത്തു നിന്നതാണ് ഞാന്‍
പറഞ്ഞു കേട്ട സാധ്യതകളുടെ,
പെരുമ്പറ മുഴക്കുന്ന നൂലാമാലകളാണ്
ആ കുളമ്പടിയൊച്ചകളെന്ന്
എനിക്കറിയാമായിരുന്നു ദൈവമേ
നീളമേറിയ രാത്രികളെ,
ഞങ്ങള്‍ക്കുവേണ്ടി കൊണ്ടുവന്നിരുന്ന പകലുകള്‍
ആകാശത്തു നിന്നും താഴെ വീണു പോയതും
അനങ്ങാനാകാത്ത വിധം മണ്ണില്‍ പുതഞ്ഞുപോയതും
മുന്‍പ് പലവട്ടം ഞാന്‍ കണ്ടിട്ടുണ്ട് ദൈവമേ
അതൊക്കെ എനിക്കറിയാം, പക്ഷെ
അവനെക്കുറിച്ച്
അവനെക്കുറിച്ചു മാത്രം
എനിക്കൊന്നുമറിയില്ല
എനിക്കൊന്നുമറിയില്ല
അവന്റെ മുഖം ഓര്‍ത്തു നോക്കുമ്പോള്‍
എന്റെ ദൈവമേ
ഇപ്പോഴും
ഇപ്പോഴും
പല നിറങ്ങളിൽ, ഒന്നിച്ചു പൂവിട്ട്
മണം നിറക്കുന്ന കാട്ടു ചേമന്തി ചെടികളാണ് ചുറ്റും
അവനുള്ളിൽ
അവന്റേതെന്ന തോന്നലുകളിൽ,
പറവകളുടെ പാട്ടുകളായ് ചേക്കേറി
മീനുകളായ് വിരിഞ്ഞ്, പൂക്കളായ് പുളഞ്ഞ്
അങ്ങനെയൊക്കെയങ്ങ് പാറിക്കളിക്കാമെന്ന്
പല പല ആലോചനകളെ
ആലോചിച്ചിരിക്കുകയായിരുന്നു ദൈവമേ ഞാന്‍
അപ്പോഴാണ്‌
കാട്ടുചേമന്തികള്‍ നിറച്ച് വീര്‍പ്പിച്ചു നിര്‍ത്തിയിരുന്ന
മുട്ടന്‍ ബലൂണുകള്‍
മഞ്ഞുകാലത്തിന്റെ തീചൂടില്‍ പൊട്ടിച്ചിതറിയതും
ഞാന്‍ പറവകളുടെ പുറത്തേക്ക് തെറിച്ചുവീണതും
പരന്നൊഴുകിയ ചേമന്തി മണം എന്നെ കീറി കടന്നു പോയതും
എന്റെ ദൈവമേ !!
എനിക്കൊന്നുമറിയില്ല
എനിക്കൊന്നുമറിയില്ല
അലകളിൽ
അഴലൊളികളിൽ
അലമുറയിടുന്ന
അവിചാരിതമായൊരീ നിമിഷങ്ങളെ
ആസക്തികളുടെ കായ്കനികളാക്കി
ഞങ്ങള്‍ക്കുമേല്‍ വീണ്ടുമിറ്റിക്കേണമേ
പരന്നൊഴുകിയ ചേമന്തി മണം വടിച്ചെടുത്തപ്പാടെ
ഞങ്ങളില്‍ നിറയ്ക്കേണമേ.
------------------------------------------------------------

2 comments:

  1. അയയില്‍ തൂക്കിയിട്ടിരിക്കുന്ന
    മീനുകളുടെ കുളമ്പടിയൊച്ചകള്‍
    വെള്ളമൊഴിഞ്ഞ ചില്ലുപാത്രത്തിലെ ഒറ്റമീന്‍
    കുരുക്കിയെടുത്ത് വലിച്ചു പൊട്ടിക്കുന്നത് കാണാന്‍
    കാത്തു നിന്നതാണ് ഞാന്‍

    എന്റെ ദൈവമേ !! എനിക്കൊന്നുമറിയില്ലേ! രസമുള്ള വരികൾ
    യുക്തിയുടെ രസച്ചരട് മുറിയുന്നില്ല വരികളിൽ എങ്ങും

    ReplyDelete
  2. വരികൾ കൊണ്ട് വിസ്മയിപ്പിക്കുന്ന കവി . ഓരോ വായനയ്ക്കൊടുവിലും
    'എന്റെ ദൈവമേ 'എന്ന് ഒരു കൊച്ചുകുട്ടിയെപ്പോലെ കൌതുകപ്പെട്ടുപോകുന്നു .
    ദൈവം വിരൽതുമ്പിൽ മുത്തം കൊടുത്ത പോലെ .......

    ReplyDelete