ഒരുവേള ഇത്രയധികം വാഴ്ത്തപ്പെടാനെന്തിരിക്കുന്നു
എന്നാവാം. അല്ലെങ്കില്‍ പേര്‍ത്തും പേര്‍ത്തും
തള്ളിപ്പറയപ്പെടുന്നതിലെന്തിരിക്കുന്നു എന്നോ.
നീ കുന്തിരിക്കം പുകയുന്ന ഒറ്റുമുറികളിലെ
ഒച്ചയടച്ചുപോയ നിലവിളികളിലൊന്ന്.
നീ പിറന്നുവീഴുന്നതിനു മുന്നേ
മായ്ച്ചുകളയപ്പെട്ട ഒരോര്‍മ.
.
ആകാശത്തെ അടുത്തേക്കു വാ എന്നുവിളിക്കും.
അപ്പപ്പോള്‍ വിരിയുന്ന ഓരോ കാറ്റിനും കണ്ണെഴുതും.
ഇടയ്ക്കു തെന്നിവീഴുന്ന തേങ്ങലിനെ
പിന്നേയും പിന്നേയും കാലില്‍ നടത്തും.
നിലാവു കാട്ടി ഇരുട്ടിന്‍റെ വായിലേക്ക്
ഒരുരുള നിറച്ചുവയ്ക്കും.
കാറ്റില്‍ വിറയ്ക്കുന്ന നാളത്തെ
കൈവെള്ളയില്‍ കിടത്തിയുറക്കും.
എന്നിട്ട്, ഉറക്കം വരാതിരിക്കുന്ന
അത്താഴത്തിന്‍റെ നേരെ നോക്കിയിരിക്കും.
വാതില്‍ക്കല്‍ ഓരോ അനക്കത്തെയും
മകനേ മകനേ എന്നോര്‍ക്കും.
.
മുറ്റത്തുനിന്നൊരു പച്ചില പറിച്ച്
ഓര്‍മയില്‍ കൊണ്ടുനടക്കും.
പേരറിയാത്ത ഓരോ പൂമ്പൊടിയെ
ഓരോ പേരിട്ടു മണക്കും.
കാട്ടിലേക്കുള്ള വഴിയില്‍ നിന്ന്
തേനീച്ചക്കൂട്ടങ്ങള്‍ വരുന്നത് കാണിക്കും.
കാണാത്ത ദൂരത്തിനപ്പുറത്ത്
ആരോ വരുന്നുണ്ടെന്ന് ഉറപ്പിക്കും.
എന്നിട്ട്, കറുത്തുതുടങ്ങുന്ന പകലിനെ
എന്തായിന്നിത്ര തിടുക്കമെന്ന് ശാസിക്കും.
സന്ധ്യയുടെ ഓരോ നിറത്തെയും കൊണ്ട്
മകനേ മകനേ എന്നു കണ്ണെഴുതും.
.
നീ മരിച്ച ശേഷം
അമ്മയായവള്‍.
----------------------------------------------
നീ മരിച്ച ശേഷം
ReplyDeleteഅമ്മയായവള്‍
ഈ അവസാന രണ്ടു വരികൾ കൊണ്ട് കവിത ഉള്ളു തൊട്ടെടുക്കുന്നു
കവിതയാലിന്ദ്രജാലം കാട്ടുന്ന കവി !!!!!!
ReplyDelete