Sunday, May 29, 2016

കറുത്ത സിൻഡ്രല്ല / സുധീർ രാജ്


തെരുവിൽ വെച്ച്
പെട്ടെന്ന് നിങ്ങൾക്കവളെ തിരിച്ചറിയാം
തിരക്കുള്ള കടയിൽ മറന്നു വെച്ച കുടപോലെ
കറുത്ത പെണ്കുട്ടിയെ .
ഒട്ടും ചേരാത്ത കടും നിറത്തിലെ
ചുരിദാർ, ഷാൾ
ഒതുക്കമില്ലാത്ത ചുരുണ്ടമുടി
ചിത്രശലഭ പ്പിന്നുകൾ
പൂ ക്ലിപ്പുകൾ
വിയർത്തെണ്ണ മെഴുക്കുള്ള കവിളുകൾ
പുരികത്തൊരു മുറിപ്പാട് .

അഴകുള്ളവർക്കിടയിലൂടെ
അമ്പരന്നവൾ നടക്കും
ആരെങ്കിലുമൊന്നു ചിരിക്കണേ
ചിരിക്കണേയെന്നവൾ
കണ്ണ് കൊണ്ട് പറയും .
കുപ്പിയിലിട്ട മീനേപ്പോലെ
വെയിലിന്റെ സ്ഫടികത്തെരുവിലവൾ
പിടഞ്ഞു നീന്തും .
വിലകുറഞ്ഞ മൊബൈലിൽ
ആരെങ്കിലും വിളിക്കുന്നുണ്ടോയെന്ന്
തെരുതെരെ നോക്കും .
ഇല്ലാത്തൊരു നമ്പർ കുത്തി
ഇല്ലാത്തൊരാളേ വിളിക്കും
ഞാനിപ്പം വരും
ഞാനിപ്പം വരുമെന്ന് പറയും .
അവളുടെ പിടച്ചിൽ കണ്ട്
അവടമ്മ ആകാശത്തിരുണ്ടു കൂടും
മറ പോലവൾക്കു ചുറ്റും പെയ്യും .
കുടയില്ലാതവൾ മഴയത്ത് നനഞ്ഞൊലിച്ച്
പ്രൈവറ്റ് ബസ് സ്റ്റാന്റിന്റെ
മൂലയ്ക്ക് നിൽക്കും.
മഴയത്ത് കിടന്നു നനയുന്ന ബസ്സുകൾ
അതിനുള്ളിൽ നനയാതെ നനയുന്ന
വേനലുകളെന്നിങ്ങനെ
ചിന്തിച്ചു ചിന്തിച്ച് തനിയെ ചിരിക്കും .
കാപ്പിരി മുടിയിൽ നിന്നിറ്റുന്ന വെള്ളം
ചിക്കുമ്പോൾ പിന്നിൽ നിന്നവൻ വിളിക്കും .
കാണാറില്ലല്ലോ
എവിടെയാണിപ്പോൾ
മഴയിലൂടെ നീയൊഴുകുന്നതു കണ്ടു.
(ഒളിയിടം കണ്ടു പിടിക്കപ്പെട്ട
മുയൽക്കുഞ്ഞു പോലവൾ പതുങ്ങും .)
പണ്ട് നീ പാടിയ പാട്ടു പോലാണീ മഴ
നീയെന്നെ നനയിച്ചതു പോലാരുമെന്നെ
നനയിച്ചിട്ടില്ലെന്നു പറഞ്ഞവളുടെ
പേടിയെല്ലാം പൊതിഞ്ഞെടുക്കും .
അതു കണ്ടമ്മയങ്ങു തിരിച്ചു പോകും
പ്രൈവറ്റ് ബസ് സ്റ്റാന്ഡ്
മീനച്ചിലാറാകും.
ഒറ്റവള്ളത്തിലവൻ വന്നു വിളിക്കും .
മഴ കഴിഞ്ഞു പടം വരയ്ക്കുന്ന മഴവില്ലിലൂടെ
വഞ്ചി തുഴയുന്ന രാജകുമാരിയെ
നിങ്ങൾ കണ്ടിട്ടില്ല .
കറുത്ത സിൻഡ്രല്ലയെ .
--------------------------------------

Saturday, May 28, 2016

മഴയത്ത് ചെറിയ കുട്ടി /സുഗതകുമാരി



 ചെറിയ കുട്ടി, യിറയപ്പടിമേല്‍
മഴവരുന്നതും കണ്ടിരിക്കുന്നു.
മഴയും വെയിലും ചിരിച്ചുകൈകോര്‍ത്തു
കളിതുടങ്ങുന്നു കാറ്റു വരുന്നു!
വെയിലൊളിച്ചുകളയുന്നു, ചുറ്റും
കരിയിലകള്‍ പറന്നു വിഴുന്നു
മഴനനഞ്ഞു ചെടികള്‍ തുള്ളുന്നു!
മഴനനഞ്ഞു കുനിയുന്നു പൂക്കള്‍
ചെറിയ കുട്ടി വിടര്‍ന്ന കണ്ണോടെ
മതിമറന്നതു കണ്ടിരിക്കുന്നു
മഴകനക്കുന്നു, മുറ്റത്തുചാലി-
ട്ടരുവിയൊന്നുണ്ടൊലിച്ചു വരുന്നു
അതിലൂടിങ്ങോട്ടൊഴുകിയെത്തുന്നു
കുമിളകള്‍ മഴവില്ലുകൾ പൂക്കള്‍
ചെറിയ കുട്ടികൊലുസിട്ട കാലാല്‍
മഴയൊഴുക്കില്‍ കളിച്ചുതൊടുന്നു
അരുമയായിത്തന്‍ പുസ്തകം ചീന്തി-
യതിലൊഴിക്കിയൊഴുക്കി വിടുന്നു
പിറകേതന്‍ ചോന്നപെന്‍സിലും വിട്ടി-
ട്ടവള്‍ ചിരിച്ചു കരങ്ങള്‍ കൊട്ടുന്നു
ചിരിപൊടുന്നനെ നില്‍ക്കുന്നു!
നോക്കൂ,
മഴയൊഴുക്കില്‍ നെടും ചാലിലൂടെ
മുങ്ങിപ്പൊങ്ങിയൊലിച്ചു വരുന്നൂ
കുഞ്ഞുറുമ്പൊന്നു, പാവമേ പാവം!
ചെറിയകുട്ടി തന്‍ പൂവിരല്‍ത്തുമ്പാ-
ലതിനെ മെല്ലെയെടുത്തുയര്‍ത്തുന്നു
''ഇനിനീയെന്നെക്കടിച്ചു പോകൊല്ലെ''-
ന്നവനെശ്ശാസിച്ചു വിട്ടയയ്ക്കുന്നു
വരികായണതാ വീണ്ടുമുറുമ്പൊ-
ന്നതിനെയുമവള്‍ കേറ്റിവിടുന്നു
ഒഴുകിയെത്തുന്നതാവീണ്ടുമഞ്ചെ-
ട്ടതിനു പിന്‍പേ, യിനിയെന്തുവേണ്ടൂ?
ചെറിയകുട്ടി മഴയത്തിറങ്ങി
ഒരുപിലാവിലചെന്നെടുക്കുന്നു
അവയെയെല്ലാമെടുത്തുകേറ്റുന്നു
മഴകനക്കുന്നു, കാറ്റിരമ്പുന്നൂ
തെരുതെരെയതാ വീണ്ടും വരുന്നൂ
ഒരു നൂറെണ്ണം! കരച്ചില്‍ വരുന്നു
മഴനനഞ്ഞുടുപ്പാകെ നനഞ്ഞു
തലമുടിക്കൊച്ചുപിന്നല്‍ നനഞ്ഞു
കണ്ണീരും മഴനീരുമൊലിക്കും
പൊന്മുഖം കുനിച്ചെന്തുവേഗത്തില്‍
മുങ്ങിച്ചാകുമുറുമ്പുകള്‍ക്കായി
കുഞ്ഞികൈകള്‍ പണിയെടുക്കുന്നു!
''അമ്മുവെങ്ങോട്ടുപോയ്?''എന്നകായില്‍
അമ്മ തേടുവൊരൊച്ച കേട്ടാലും
കുഞ്ഞുറുമ്പുകള്‍ നുറുനൂറെണ്ണം
മുങ്ങിപ്പൊങ്ങി വരുന്നതും നോക്കി
ചെറിയ കുട്ടി മഴനനഞ്ഞും കൊ-
ണ്ടവിടെത്തന്നെ വിതുമ്പിനില്‍ക്കുന്നു
ചെറുപിലാവില കൊച്ചകൈവിട്ടാ-
മഴവെള്ളത്തിലൊലിച്ചു പോകുന്നൂ ....


എഴുപതുമേഴുമാണ്ടു കഴിഞ്ഞു
മഴയൊരായിരം പെയ്തു മറഞ്ഞു
വരിവരിയായുറുമ്പുകളെന്നും
കടലാഴത്തിലേയ്ക്കാഞ്ഞൊലിക്കുന്നു
ചെറിയകുട്ടി മഴ നനഞ്ഞുംകൊ-
ണ്ടവിടെത്തന്നെ പകച്ചു നില്‍ക്കുന്നൂ ...
---------------------------------------------

മണ്‍ചെരാത് / ജി. ശങ്കരക്കുറുപ്പ്‌



ഉടഞ്ഞാലുടഞ്ഞോട്ടെ,-
യെന്‍റെ മണ്‍ചെരാതിതു
തുടച്ചു തിരിവെയ്ക്കും
കനിവിന്‍റെ കൈതട്ടി.
കരി പറ്റിയിട്ടുണ്ട്
പാടു വീണിട്ടുണ്ടിതി-
ലെരിനിശ്വാസങ്ങളാല്‍
പുകയും ജാഢ്യങ്ങളാല്‍
നടുങ്ങിത്തെറിക്കുന്ന
സന്നിഗ്ദ്ധസന്ദര്‍ഭങ്ങള്‍
പടര്‍ന്നു കത്തിക്കെടാന്‍
പോകുന്ന നിമേഷങ്ങള്‍.
എണ്ണിയാലറുതിയി-
ല്ലെന്നാലുമപ്പോള്‍ വ-
ന്നെണ്ണ പാര്‍ന്നുമെന്‍
കരി തട്ടിയും തിരി നീട്ടി
മുന്‍പിലത്തേക്കാള്‍ വെട്ടം
മുന്‍പിലത്തേക്കാള്‍ നോട്ട-
മന്‍പില്‍ത്തന്നരുളുന്നു-
ണ്ടൊരനുഗ്രഹഹസ്തം.
ഉടഞ്ഞാലുടഞ്ഞോട്ടെ,-
യെന്‍റെ മണ്‍ചെരാതിതു
തുടച്ചു കൊളുത്തുന്ന
കനിവിന്‍റെ കൈ തട്ടി.
വരുന്നു പ്രാതസ്സായം-
സന്ധ്യകള്‍,എന്താശ്ചര്യം
ഒരു മണ്‍വിളക്കിന്‍റെ-
യഭിവാദനം തേടി!
ആരലങ്കരിക്കുന്നു
തന്‍ സൗധമൊരായിരം
താരകമണിക്കതിര്‍-
വിളക്കാല്‍,ആ സ്വൈരിണി
കരിപറ്റിയെണ്ണയ്ക്കു
ദാഹിക്കുമീ മണ്‍ചുണ്ടി-
ലെരിയും തിരികൂടി-
യെന്തിനു കൊളുത്തുന്നു!
ഒരു കൗതുകത്തിന്നു മാത്രമായേക്കാം.,
ഗര്‍വ്വിക്കരുതാത്ത ഞാന്‍
ഗര്‍വ്വിക്കുന്നിതീദ്ദയാവായ്പാല്‍.
------------------------------------------

മുദ്ര / വിജയലക്ഷ്മി


മഞ്ഞുതുള്ളിയാല്‍ മത്തടിക്കാനും
ചന്ദ്രരശ്മിയില്‍ ചാരിനില്‍ക്കാനും
അല്ലിലംബരം പെയ്ത നക്ഷത്ര-
ത്തെല്ലെടുത്തു പൂവായ് ചമയ്ക്കാനും,
വറ്റുതേടും വിശപ്പിനെപ്പോഴും
കൊറ്റിനായ് കതിര്‍ക്കറ്റയേകാനും,
കാറ്റടിക്കുമ്പൊഴാടിക്കുനിഞ്ഞുള്‍-
ത്തോറ്റമൊപ്പിച്ചുറഞ്ഞു തുള്ളാനും,
കേളികേട്ട ശലോമോന്‍ മഹത്വം
കോലുമെങ്കിലെന്തിത്ര മേലില്ലെ-
ന്നേകജാതന്നു സര്‍ഗ്ഗചൈതന്യ-
ശ്രീവിലാസം തെളിച്ചുകാട്ടാനും,
നഗ്നപാദങ്ങളേറ്റുവാങ്ങാനും
വിത്തിനുള്‍പ്പേറ്റുനോവാറ്റുവാനും,
ഒച്ചുകള്‍ക്കുള്ള സ്വര്‍ഗ്ഗസായൂജ്യം
സ്വപ്നമെന്നോര്‍ത്തു കണ്ണുപൂട്ടാനും,
നേര്‍ത്തനാവാ,ലലിഞ്ഞുപോം സ്വാദായ്-
ച്ചേര്‍ത്തു മാന്‍കിടാവൂറ്റിയെന്നാലും
ചാടിവീണ ശാര്‍ദ്ദൂലവീര്യത്തില്‍-
ച്ചാരുവായ്ച്ചേര്‍ന്നു കാടിളക്കാനും,
ചുട്ട മണ്ണിന്‍റെ ചൂടകറ്റാനും,
ഷഡ്പദത്തിന്നു വീടൊരുക്കാനും,
അംഗുലപ്പുഴുക്കള്‍ മടുത്തെന്നാ-
ലന്തിയായാലൊളിച്ചിരുത്താനും,
ശല്യകാരിയാം കാക്കയ്ക്കുനേരേ
ശല്യമായ്ച്ചെന്നു കാഴ്ചപോക്കാനും,
കുഞ്ഞുവായില്‍പ്പതിന്നാലുലോകം
കണ്ടൊരമ്മമാര്‍ക്കര്‍ഘ്യമാകാനും,
കര്‍മ്മമെല്ലാമൊടുങ്ങുമായുസ്സിന്‍
മര്‍മ്മമേരകത്താല്‍പ്പിളര്‍ക്കാനും,
അന്ത്യപൂജയില്‍ മോതിരച്ചുറ്റായ്
പുണ്യതീര്‍ത്ഥങ്ങളിലൂര്‍ന്നുവീഴാനും,
നിത്യനിര്‍മ്മലാനന്ദം പകര്‍ന്ന
നിദ്രതന്നടുക്കല്‍ക്കീഴടങ്ങി
അക്ഷയശ്രീയെഴും കൊടിക്കൂറ
കാഴ്ചവെച്ചുള്ള രാജാധിരാജര്‍
ഉച്ചിവച്ച മഹാസ്മാരകങ്ങള്‍
നിഷ്ഫലം പൊടിക്കുന്നായടങ്ങി
ശിഷ്ടകാലം കഴിക്കുന്നിടത്തില്‍-
ക്കൊച്ചുവേരില്‍ച്ചിരിച്ചു നില്‍ക്കാനും,
ഏതുവന്‍കരത്താലത്തിലാട്ടേ,
ഏതൊരാണവച്ചാരത്തിലാട്ടേ,
ഏതു നൂറ്റാണ്ടിനോടയില്‍ത്താഴും
ഭൂതമാവട്ടെ ഭാവിയാവട്ടേ,
ഭദ്രമായ്പ്പൊതിഞ്ഞേകമായ് സ്വന്തം
മുദ്രവയ്ക്കാനൊതുക്കിവയ്ക്കാനും
മന്നിലിത്രമേല്‍ത്താണുനിന്നാലും
പുല്ലിനല്ലാതെയാര്‍ക്കു സാധിക്കും?
------------------------------------------

Thursday, May 26, 2016

ഇട്ടൂലി / സുരേഷ് മുണ്ടക്കയം


കുഴിയാനകളുടെ
ഘോഷയാത്രവരുന്നിടത്താണ്
ഞാന്‍ അച്ഛനും
നീ അമ്മയും
ആയിരുന്നത്
മണ്ണപ്പം ചുട്ട്
നമുക്ക് പിറക്കാത്ത മക്കളെ
ഊട്ടിയത്
കഞ്ഞിയിലും കറിയിലും
കൈകള്‍ കിടന്ന് കുഴഞ്ഞത്
ഓലക്കാലില്‍ വാച്ചും കണ്ണടയും
പീപ്പിയും പന്തും കാറ്റാടിയും
ഉണ്ടാക്കിയത്
കുഴിയാനക്കിണറുകള്‍ക്കരികെയാണ്
രാശിക്കുഴി കുത്തി നാം ഗോലി കളിച്ചത്
ഓരോ കളിയിലും തോറ്റവന്‍െറ
ഭൂപടം വരച്ചത്
കുഴിയാനക്കാടുകള്‍ക്കരികിലാണ്
സേഫ്റ്റിപിന്‍ കൊണ്ട് നാം ഇട്ടൂലി കളിച്ചത്
സേഫ്റ്റിപിന്‍ തേടിയലഞ്ഞെന്നെ
ചൂടും തണുപ്പും മാറ്റിപ്പറഞ്ഞ്
നീ പറ്റിച്ചത്
കുഴിയാന കുത്തിമറിച്ചിട്ട മണ്‍കൂനയിലെവിടെയൊ ആണ്
ഇട്ടൂലി കാണാതായത്.
അവിടെവിടെയോ വെച്ചാണ് നാം പരസ്പരം കാണതായതും ..

................................................................
*ഇട്ടൂലി
കോട്ടയം ജില്ലയില്‍ കുട്ടികള്‍ കളിക്കുന്നൊരു കളിയാണിത്. കുറേ കുട്ടികള്‍ കണ്ണടച്ച് പുറം തിരിഞ്ഞ് നില്‍ക്കും. ഒരു കുട്ടി സേഫ്റ്റിപിന്‍ വലിച്ചെറിയും. അത് മറ്റുള്ളവര്‍ കണ്ട് പിടിക്കണം. സേഫ്റ്റിപിന്നിന്‍െറ അടുത്ത ാണ് എത്തുന്നതെങ്കില്‍ ചൂട് എന്നും അകലെയാണ് നില്‍ക്കുന്നതെങ്കില്‍ തണുപ്പെന്നും സേഫ്റ്റിപിന്‍ എറിഞ്ഞകുട്ടി പറയും. അത് അനുസരിച്ച് അന്വേഷിച്ച് കണ്ടെത്തണം സേഫ്റ്റിപിന്‍.

Sunday, May 22, 2016

ചില തോന്നലുകള്‍ / കെ .സലീന


ഒരു കാറ്റായ്
പുനര്‍ജനിക്കണമെനിക്ക്...
വെയില്‍ പെയ്യുന്ന
നട്ടുച്ചകളില്‍
നേര്‍ത്ത ശീതക്കാറ്റായ്
നിന്റെ വഴികളില്‍
ചൂളം കുത്തിയലയണം..
കാറ്റു വീശാത്ത
മൂവന്തികളില്‍
എന്നെ വരവേല്‍ക്കാനായ്
നീ മിഴി പാര്‍ത്തിരിക്കവേ
വഴി മാറി വീശി
കൊഞ്ഞനംകുത്തണം
വരണ്ട പൊടിക്കാറ്റായ്
നിന്നിലേക്ക് നൂണുകയറി
അടുക്കിയിട്ട ഓര്‍മ്മകള്‍
വീശിയെറിയണം
തണുതണുത്തൊരു
രാക്കാറ്റായ്
നിന്റെ അടഞ്ഞ
ജാലകത്തിനപ്പുറം
ഹതാശയായ് ചുറ്റിത്തിരയണം
പാരിജാതപ്പൂക്കളുടെ
മദഗന്ധത്താലുന്മത്തയായ്
നിന്റെ തൃഷ്ണകളില്‍
അലിഞ്ഞ് ചേരണം
കൊടുങ്കാറ്റിന്റെ
ആരവമുതിര്‍ത്ത്
ഊക്കോടെ പാഞ്ഞുവന്ന്
നിന്നെയും കൊണ്ടെനിക്ക്
ധാര്‍ഷ്ട്യത്തോടെ പറക്കണം...
------------------------------

Saturday, May 21, 2016

കിണറുകൾ / ആര്‍.സംഗീത


നദിയുടെ ഉന്മാദങ്ങള്‍
ആഴങ്ങളില്‍ ഒളിപ്പിച്ച
ഒരു കുഞ്ഞു ഉറവയെ
ഭൂമിയുടെ
പൊക്കിള്ക്കൊടി വിടുവിച്ചു
ആരാണ് കിണര്‍ എന്ന്
പേരിട്ടുവിളിച്ചത്..?
കല്ല്‌കെട്ടിയ വീട്ടില്‍
അടക്കി ഒതുക്കി
വളര്ത്താന്‍ തുടങ്ങിയത്..?
മുകളിലെ ചെറിയവട്ടമാണ്
ആകാശമെന്നു
തെറ്റിദ്ധരിപ്പിച്ചത്‌..?
പാറിവീഴുന്ന
നിഴലുകളാണ്
പക്ഷികളെന്നു
പറഞ്ഞുകൊടുത്തത്..?
മഴക്കാലത്ത് നിറയാനും
വേനലില്‍ വറ്റാനും
ശീലിപ്പിച്ചത്..?
കോരിയെടുക്കുന്നതിനു
അനുസരിച്ച്
താനേ നിറയേണ്ടതാണെന്ന്
അറിയിച്ചത്..?.
പായലുകളുടെ
തീണ്ടാരിപച്ചകളെ
തേവി ശുദ്ധയാവാന്‍
പഠിപ്പിച്ചത്..?
ചിലപ്പോഴെങ്കിലും...........
കപ്പിയും കയറും
തമ്മില്‍ ഉരയുന്ന
മിനുസമില്ലാത്ത
ശബ്ദങ്ങളിലെയ്ക്ക്
ചിട്ടപ്പെടുത്തിയ ജീവിതം
വെറുതെ കൊതിച്ചുപോവുന്നുണ്ട്
ഒന്ന് നിറഞ്ഞുകവിയാന്‍.... !!

----------------------------------

Thursday, May 19, 2016

പര്യായപദങ്ങൾ / അനിൽ കുറ്റിച്ചിറ


ദൈവത്തെപ്പറ്റി
പറയുമ്പോഴൊക്കെ
സിസ്റ്റർകാർമ്മലിനെ
ഓർമ്മവരും
കുരിശുവര പഠിപ്പിച്ച്
കഠിനാക്ഷരങ്ങളുടെ
കയറ്റിറക്കങ്ങളിൽ
കൈ പിടിച്ചതവരാണ്

ദൈവത്തെക്കുറിച്ച്
എഴുതുമ്പോഴൊക്കെ
സോമസുന്ദരൻ മാഷ്
തെളിഞ്ഞുവരും
നീ ചരിത്രം മെനയേണ്ട
എന്ന് കിഴുക്കി ,എട്ടിൽ
 സാമൂഹ്യപാഠത്തിനു
തോൽപ്പിച്ച്
വഴി തിരിച്ചു വിട്ടത്
അദേദഹമാണ്

ദൈവത്തെ
കാത്തിരിക്കുമ്പോഴൊക്കെ
സുനി എന്നു പേരുള്ള
ചങ്ങാതിയെ ഓർക്കും
ജീവിതം പാഴവേലയെന്ന്
മരണത്തിൻ നരച്ച കാർഡിൽ
എഴുതി നീട്ടി മാഞ്ഞു-
 പോയതവനാണ്

ദൈവം പ്രത്യക്ഷപ്പെടും
എന്നുതോന്നുമ്പോഴേക്കും
ഏട്ടനാവും  എത്തുക
ഒരു പൂള് മാമ്പഴത്തിൻ
മധുരത്തിനെന്നോ
തറവാടിൻ
ചവർപ്പിനെന്നൊ
അറിയില്ല
എന്റെ  ഒരേ ഒരു പ്രണയം
പറിച്ചു കളഞ്ഞയാളാണ്

ദൈവം മാഞ്ഞു-
പോവുമ്പോഴൊക്കെ
എന്റെ മക്കളുടെ
അമ്മയെ ഓർത്തെടുക്കും
കൂട്ടു ജീവിതത്തിൻ
ഉപ്പുഭരണിയിൽ
എനിക്കൊപ്പം അഴുകുന്നത്
അവളാണ് 

എന്നെങ്കിലുമൊരിക്കൽ
ദൈവത്തിനു പേരിടാൻ
ഉത്തരവ് കിട്ടിയാൽ
ഞാൻ
ജാനകിയെന്നുവിളിക്കും

അക്ഷരം വിശപ്പു മായ്ക്കും
എന്ന കേട്ടുകേഴ് വി 
മുലപ്പാലിനൊപ്പം ഊട്ടിയ
എന്റെ നിരക്ഷരയുടെ
പേര് 
-----------------------

Tuesday, May 17, 2016

രണ്ടു കാശിയാത്രക്കാർ ! / കണിമോള്‍ .


വാതിലി,ലൂഴം കാത്തു
നാമിരിക്കയാണിപ്പോൾ
കൂടെയുണ്ടനേകം പേർ
മുഖമില്ലവർക്കൊന്നും

കാത്തിരിപ്പിലും മടു-
പ്പില്ല കൈകളിൽ നമ്മ-
ളാറ്റുനോറ്റുണ്ടായൊരീ
യാന്ത്രികനിരിപ്പല്ലോ.
കണ്ണുകളിതിൽ കോർത്തു
കയറാൽ ബന്ധിക്കുന്നു,
ചുണ്ടുകളതിൻ പൂത-
നാമൃതം ചുരണ്ടുന്നു.
വിശപ്പും ദാഹങ്ങളു
മില്ലാതൃപ്തരായിതിൽ
നുരയ്ക്കും പുഴുക്കളെ
നാമുരുക്കഴിക്കുന്നു
വാതിലിൽ വന്നിട്ടാരോ
നിന്റെ പേർ തിരക്കുന്നു
ദൂരെ നിന്നാരാനപ്പോ-
ളെന്നെയും വിളിക്കുന്നു
ഇനിയും തമ്മിൽ, നമ്മ
ളാരെന്നു പറഞ്ഞീല
(പിരിയും മുമ്പേ വെറും
കുശലം തിരക്കീ ഞാൻ )
തമ്മി,ലൊക്കെയും പങ്കു
വെച്ചവരെങ്കിൽ ക്കൂടി
എന്തു നമ്മുടെ പേരെ-
ന്നിനിയും പറഞ്ഞീല
അടയാൻ തുടങ്ങുന്നു
വാതിലും, അതിൻമുമ്പ്‌
പറയാനാവുന്നീലേ
നിന്റെയൂ,രാളും, പേരും
പേരിനും പിന്നിൽപ്പടർ
ന്നൊഴുകും ദേശത്തിന്റെ
വേരുകളേതോ കടൽ
ക്കരയിൽ മുറിഞ്ഞതും,
പാഴിലമൂടിപ്പോയ
കണ്ടിലൂടിഴഞ്ഞെത്തി
പാമ്പുകൾ തലച്ചോറിൻ
സെൽഫിയിൽത്തെളിഞ്ഞതും,
പേരിലെന്തിരിക്കുന്നു,
പറയും പത്തായവും
പോലെ നാം അന്യാധീന-
പ്പെട്ട വാക്കുകൾ മാത്രം.
---------------------------

Thursday, May 12, 2016

ചില പ്രണയങ്ങള്‍ / സച്ചിദാനന്ദന്‍


ചില പ്രണയങ്ങള്‍
പടര്‍പ്പനി പോലെയാണ്
ആദ്യമൊരു തുമ്മല്‍
പിന്നെ ഉടലാകെ വേദന
പുറവും അകവും പൊള്ളുന്ന ചൂട്
ദുസ്വപ്നങ്ങളുടെ ഒരാഴ്ചയ്ക്കുശേഷം
അതു ശമിക്കുന്നു.
നാമിപ്പോള്‍ മറവിയുടെ സ്വാസ്ഥ്യത്തിലാണ്.


ചില പ്രണയങ്ങള്‍
വസൂരി പോലെയാണ്.
പൊട്ടുന്നത് കുളിരോ കുരുവോ
എന്നറിയാതെ നാം പരിഭ്രമിക്കുന്നു
പ്രണയതാപത്തില്‍ ശരീരം
ചുട്ടു പഴുത്തു ചുവക്കുന്നു.
നാം അതിജീവിച്ചേക്കാം
പക്ഷെ പാടുകള്‍ ബാക്കിയാവുന്നു
ആയുസ്സു മുഴുവന്‍ ആ ഓര്‍മ്മകള്‍
നാം ഉടലില്‍ പേറുന്നു.

ചില പ്രണയങ്ങള്‍
അര്‍ബ്ബുദം പോലെയാണ്
ആദ്യം നാം അതറിയുന്നേയില്ല
വേദന തുടങ്ങുമ്പോഴേയ്ക്കും
സമയം വൈകിയിരിക്കും,
അവള്‍ മറ്റൊരാളുടെതായിരിക്കും
വൃഥാ പെരുകിയ ആ പ്രണയകോശത്തിനുള്ള
മരുന്നുകള്‍ നമ്മെ കൃശമദനന്മാരാക്കും
അവഗണന ഫലിക്കാതാകുമ്പോള്‍
കത്തി വേണ്ടി വരും
പിന്നെ ഒരവയവം നഷ്ടപ്പെട്ടവരെപ്പോലെ
നാം മരിച്ചു ജീവിക്കുന്നു
പിന്നെയും അത് പടരുമ്പോള്‍
ഒരു മരക്കൊമ്പിലോ പുഴയിലോ
കിളരമേറിയ മട്ടുപ്പാവിലോ
ഒരു കൊച്ചു കുപ്പിയ്ക്കുള്ളിലോ നിന്ന്
കൃപാലുവായ മരണം നമ്മെ പ്രലോഭിപ്പിക്കുന്നു
പ്രണയം നമ്മെ അതിജീവിക്കുന്നു.

ചില പ്രണയങ്ങള്‍
ഭ്രാന്തു പോലെയാണ്.
നാം മുഴുവനായും ഭാവനയുടെ ലോകത്താണ്
മറ്റെയാള്‍ അതറിയുന്നു പോലുമില്ല
നാം പിറുപിറുക്കുന്നു, പാടുന്നു,
ഒറ്റയ്ക്കു ചിരിക്കുന്നു, കലഹിക്കുന്നു,
അലഞ്ഞു തിരിയുന്നു
ചങ്ങലകള്‍ക്കും വൈദ്യുതാഘാതങ്ങള്‍ക്കും
അതിനെ മെരുക്കാനാവില്ല
കാരണം, അതൊരു രോഗമേയല്ല,
ഒരു സ്വപ്നാവസ്ഥയാണ്
അതിനാല്‍ അത് നക്ഷത്രങ്ങള്‍ക്കിടയിലാണ്.

ഒരിക്കലും സാക്ഷാത്കരിക്കാനിടയില്ലാത്ത
പ്രണയമാണ് ഏറ്റവും മനോഹരമായ പ്രണയം,
അത് അവസാനിക്കുന്നേയില്ല,
രാധയുടേതു പോലെ.
-------------------------------------------------

Tuesday, May 10, 2016

ചിതലനക്കങ്ങൾ / രാജേഷ് ചിത്തിര


കാത്തു നിൽക്കുകയാണ്‌ ഒരാളെ
പങ്കു വെയ്ക്കുന്നുണ്ട്
അയാളെയും അവനവനെയും
കുറിച്ചല്ലാത്തതെല്ലാം
ഞങ്ങൾ കാത്തിരിപ്പിന്റെ കാവൽക്കാർ

പരസ്പരം നഷ്ടപ്പെടുത്താതിരിക്കാൻ
കോർത്തിട്ടുണ്ട് ചില വിരലുകൾ
പരസ്പരം ചേർത്ത് വിടവുകൾ
അകറ്റുന്നുണ്ട് ചില ശരീരങ്ങൾ.
കൂട്ടുമാറലിന്റെ കൂകിപ്പായലുകൾ
ഓർത്തെടുക്കുന്നുണ്ട് ചിലരിടയ്ക്ക്.
കാത്തു നിൽക്കുകയാണ്‌ ഒരാളെ
അപരിചിതത്വത്തിന്റെ ചില ചെടികൾ
ചിരിയുടെ ഒരിതൾ നിവർത്തി മടക്കുന്നുണ്ട്.
കൂട്ടം തെറ്റിയപോൽ ഉള്ളിലേക്കൂളിയിട്ട്
നീന്തിത്തളർന്ന മത്സ്യങ്ങളായി
ചെകിളകളിളക്കുന്നുണ്ട് ചിലരങ്ങനെ.
കാത്തുനിൽപ്പ് ഒരു കടലാണെന്ന്
നീന്തലറിഞ്ഞവർ തുഴഞ്ഞു തളർന്നെന്ന്,
അറിയാതെ പോയവർ ആറിത്തണുത്തെന്ന്,
അയാൾക്കു പിന്നാലെ എറുമ്പുകളായി
വരിവെച്ച് അടിവെച്ച് ഉള്ളിലേക്ക് കയറിയവർ
പന്നിക്കൂട്ടങ്ങളെ ഓർമ്മിപ്പിച്ച്
അയാളെ മറന്ന് ചിതറുന്നുണ്ട് ഉള്ളിൽ
ഉപേക്ഷിക്കപ്പെട്ട ഒരാളെന്ന പോലെ
ഉള്ളിൽ സ്വയം ബാക്കിയാവുന്നുണ്ട്
തനിച്ചാവുന്ന തിരക്കു നേരങ്ങളിൽ
കാത്ത് ഇരിക്കുകയാണ്‌ അയാളെ
വെറ്റില അടയ്ക്കകൾ പോലെ
അയാളെയും തങ്ങളെയും കുറിച്ച്
വാക്കുകൾ ചവച്ചു തുപ്പുന്നുണ്ട്
മടുപ്പ് എന്ന അഗർബത്തി മണം
കാത്തിരിപ്പിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ട്.
വ്യഥയുടെ കരിയില കിലുക്കങ്ങൾ
ഓരോരുത്തരായി അയാൾക്കരികിലേക്ക്
ഭാരക്കുറവിന്റെ തിരിച്ചു വരവിൽ
വരിയും നിരയും തെറ്റിയ ചിതൽപ്പുറ്റുകൾ
അടർന്നു വീഴുന്നുണ്ട് ചിലർ
എല്ലാത്തിന്റെയും അവസാനമെന്ന
ബിംബകൽപ്പന പോലെ അയാളുടെ മുറി.
മൗനത്തിന്റെ നീണ്ടയാത്ര കഴിഞ്ഞ്
തിരികെയെത്തിയ ചിതലനക്കങ്ങൾ
പുറത്തേക്കു ഞങ്ങൾ.
--------------------------------------------

മേൽപ്പോട്ടൊഴുകിയ പുഴ /കളത്തറ ഗോപന്‍


മടുത്തു ഇനി വയ്യ,
എത്രകാലമിങ്ങനെ ശുദ്ധത നടിക്കും.
പുഴ ഉറവയിലൂടെ
തിരിച്ചു പോകാൻ ആഗ്രഹിച്ചു.
പക്ഷേ എങ്ങനെ പോകും.
മീനുകളില്ലാതെ
ഭൂമിയെല്ലാം അരിച്ചരിച്ച്‌
ഏറ്റവും ശുദ്ധമായ്‌ മാത്രമേ
സ്വീകരിക്കൂ.

പുഴയിലെ വെള്ളം
ഓരോ രാത്രിയിലും
ആരുടെയും ശ്രദ്ധയിൽ പെടാതെ
അൽപ്പാൽപ്പമായ്‌
കുറഞ്ഞു വന്നു.
ഉറവയുടെ മുഖത്തുവച്ച്‌
മീനുകൾ തടയപ്പെട്ടു,
മറ്റു മാലിന്യങ്ങളും.
പണ്ടു കാണാതായ
കുട്ടിയുടേതടക്കം പലരുടെയും
അസ്ഥികൂടങ്ങളും.
ഇപ്പോൾ പുഴയൊഴുകിയിരുന്ന
സ്ഥലത്ത്‌ കുട്ടികൾ
ക്രിക്കറ്റ്‌ കളിക്കുന്നു.
അത്ഭുതമെന്തെന്നോ!
ഉറവയുള്ള ഭാഗത്ത്‌
ഭയങ്കര പച്ചപ്പ്‌, കാറ്റടിച്ചാൽ
ഷവറിൽ നിന്നെന്ന പോലെ വെള്ളം.
പുല്ലിന്റെ തണ്ടൊടിച്ചാൽ
പൈപ്പിന്റെ ടാപ്പിൽ
നിന്നെന്നപോലെ വെള്ളം.
എല്ലാ മരങ്ങളിലും
ഇളതും മുറ്റിപ്പഴുത്തതുമായ
കായ്‌ കനികൾ.
എല്ലാത്തിനും മഴത്തുള്ളിയുടെ രൂപം;
വിത്തിനു മീനുകളുടെയും.
-----------------------------------------

Monday, May 9, 2016

മറവി / ഡോ.വെണ്മതി ശ്യാമളൻ


മറവിതൻ മാറാല മറയായ്‌ നിറഞ്ഞെങ്കിൽ
അറിവില്ല,അറിയില്ല,അഴലുമില്ല
അവടെയെൻ പ്രിയയില്ല,പ്രിയരില്ല,പ്രിയമില്ല
പ്രിയരാഗമുണരും പൊൻ വീണയില്ല.

മഴവില്ലിനഴകില്ല,മധുവില്ല, മണമില്ല
മിഴിവില്ല,കദനക്കടലുമില്ല
പുഴയില്ല,പൂവില്ല,പുഞ്ചിരിക്കുളിരില്ല
പഴമ്പാട്ടിശലില്ല,പുള്ളോർക്കുടവുമില്ല.
പിടയുന്നൊരകതാരിനടിവേരു മുറിയില്ല
വിടരില്ല പുതുപൂക്കൾ, പുളകമില്ല
ഓളങ്ങളുണരില്ല,ഒളിമിന്നൽ തെളിയില്ല
കളിയില്ല, കളിയോടത്തുടിയുമില്ല.
അടരില്ല,ആശാകിരണങ്ങൾ വിടരില്ല
കിടയറ്റ കിടമത്സരങ്ങളില്ല
അന്തിമേഘങ്ങളിൽ ചെന്നിറം ചാർത്തില്ല
ചന്ദനക്കുളിരില്ല; സാന്ധ്യരാഗം!
ഇഷ്ടങ്ങളൊട്ടുമില്ല,അനിഷ്ടങ്ങളില്ലില്ല
കഷ്ടവും നഷ്ടവുമൊട്ടുമില്ല
നിർവ്വികാരത്തിൻ നിതാന്ത ഘോഷം പിന്നെ
ഉർവ്വിയിൽ ഊഷരം ശിഷ്ടജന്മം.
-------------------------------------------------

Sunday, May 8, 2016

കുറ്റസമ്മതം / നന്ദിത

മാവിന്‍ കൊമ്പിലിരുന്ന് കുയിലുകള്‍ പാടുന്നു
നിറഞ്ഞൊഴുകുന്ന സംഗീതം.
വൈകിയറിഞ്ഞു; സ്വരമിടറാതെ
അവള്‍ കരയുകയായിരുന്നു.
തുമ്പികള്‍ മുറ്റത്ത് ചിറകടിച്ചാര്‍ത്തപ്പോള്‍
സ്‌നേഹിക്കയാണെന്ന് ഞാന്‍ കരുതി
അവ മത്സരിക്കയാണെന്ന്
നിന്റെ മൌനം എന്നോട് പറഞ്ഞു.
കാറ്റ് പൂക്കളോട് പറഞ്ഞു;
വെറുതെ അതുമിതും പറഞ്ഞിരിക്കാം
നാലുമണിപ്പൂക്കളും നന്ത്യാര്‍വട്ടങ്ങളും
സ്‌നേഹം ചിരിയിലൊതുക്കുന്നു.
ആ പുഞ്ചിരിയില്‍ വേദനയാണെന്നോ?
ശൂന്യത സത്യമാണെന്നോ?
അരുത് എന്നെ വെറുതെ വിടൂ
എന്നെ ഉറങ്ങാനനുവദിക്കൂ.
സ്വപ്നങ്ങളിലെന്റെ അമ്മയുണ്ട്
കണ്ണുകള്‍ കൊണ്ടെന്നെ മുറിപ്പെടുത്താതെ,
നിഷേധത്തിനിനി അര്‍ത്ഥമില്ല;
ഞാന്‍ സമ്മതിക്കുന്നു
എനിക്ക് തെറ്റുപറ്റി.
-------------------------------------------------

Saturday, May 7, 2016

രണ്ടു പേർ ലോകമുണ്ടാക്കിക്കളിക്കുന്ന പതിനൊന്നരമണി / കുഴൂർ വിൽസണ്‍


ഒറ്റയ്ക്കായാൽ
അമ്മിണിയും
ഞാനും
മറ്റൊരു
ലോകമുണ്ടാക്കി
കളിക്കും

കടൽക്കരയിൽ
ചില
മുതിർന്ന
ആളുകൾ
കുട്ടികളുമായ്
മണ്ണ് കൊണ്ട്
താമസിക്കനല്ലാത്ത
വീടുകളുണ്ടാക്കും
പോലെ

അപ്പോൾ

വഴിക്ക്
ഒരു
കാറ്റ്
പോലും
വന്നാൽ
എനിക്ക്
ദേഷ്യം
വരും
പൂച്ചയെങ്ങാൻ
വന്നാ
അവളുടെ
നിറം
മാറും

ഒറ്റയ്ക്ക്
ഒറ്റയ്ക്കുള്ള
ഓർമ്മകളോ
നെടുവീർപ്പുകളോ
അതിന്റെ
പാടുകളോ
മുഖത്ത്
തെളിഞ്ഞാൽ
ഉമ്മകൾ
വയ്ച്ച്
മായ്ക്കും

കളിച്ച്
കളിച്ച്
ഞങ്ങൾ
വഴക്കാവും

എത്ര
ഉച്ചത്തിൽ
ചിരിച്ചുവോ
അതിനേക്കാൾ
ഉച്ചത്തിൽ
അമ്മിണി
കരയും
അതിനേക്കാൾ
ഉച്ചത്തിൽ
ഞാൻ
മിണ്ടാതിരിക്കും

അമ്മിണീ
അമ്മിണിയെന്ന്
മിടിക്കുന്ന
നെഞ്ചിൽ
ഞാനവളെ
ചേർത്ത്
കിടത്തും

ഉറക്കം
നടിക്കുന്ന
അവളെ
നീ പോടീ
പൂച്ചേയെന്ന്
ഞാൻ
വിളിക്കും
പൂച്ചേയുടെ
പുല്ലിംഗം
പൂച്ചായാണെന്ന
മട്ടിൽ
അവളെന്നെ
നീ പോടാ
പൂച്ചായെന്ന്
വിളിക്കും

നീ പോടി
പൂച്ചമ്മേയെന്ന്
ഞാൻ
നീ പോടാ
പോച്ചമ്പായെന്നമ്മിണി
നീ പോടി
കോച്ചമ്പിയെന്ന്
നീ പോടാ
കോച്ചമ്പ്രയെന്ന്
നീ പോടി
പോച്ചമ്പ്രയെന്ന്
നീ പോടാ
സോച്ചമ്പ്രയെന്ന്

നീ പോടി
സോറമ്പീ
നീ പോടാ
സോറമ്പാ
നീ പോടി
സൂറമ്പി
നീ പോടാ
കൂറമ്പാ
നീ പോടി
കൂറമ്പി
നീ പോടാ
...

വാക്കുകൾ
കിട്ടാതായാൽ
അവൾ
പ്ലേറ്റു
മാറ്റും
നീ പോടാ
സ്ലേറ്റേയെന്നാക്കും

നീ പോടി
ബാഗേ
നീ പോടാ
മരമേ
നീ പോടി
പെൻസിലേ
നീ പോടാ
പേനേ
നീ പോടി
ഉറുമ്പേ
നീ പോടാ
കൊതുകേ
നീ പോടി
തീപ്പെട്ടീ
നീ പോടാ
വയ്ക്കോലെ
നീ പോടി
ബുക്കേ
നീ പോടാ
കട്ടിലേ
നീ പോടി
കസേരേ
നീ പോടാ
ജനലേ
നീ പോടി
വാതിലേ
നീ പോടാ
മൊബൈലേ
നീ പോടി
ബട്ടൺസേ
നീ പോടാ
കമ്പ്യൂട്ടറേ
നീ പോടീ
ട്രൗസറേ
നീ പോടാ
ഷർട്ടേ
നീ പോടി
ആകാശമേ
നീ പോടാ
പട്ടിക്കുട്ടാ
നീ പോടി
നക്ഷത്രമേ
നീ പോടാ
കിണറേ
നീ പോടി
പെണ്ണേ
നീ പോടാ
ചെക്കാ
നീ പോടി
കലണ്ടറേ
നീ പോടാ
ഫാനേ
നീ പോടി
പാവക്കുട്ടി
നീ പോടാ
ചൂലേ
നീ പോടി
ടിഫിൻ ബോക്സേ
നീ പോടാ
കവിതേ
നീ പോടി
അന്നക്കുട്ടി
നീ പോടാ
അപ്പക്കുട്ടാ
നീ പോടി
അമ്മിക്കള്ളി
നീ പോടാ
അപ്പക്കള്ളാ

തോൽക്കാനൊരുങ്ങുമ്പോൾ
ഞാൻ
തുറുപ്പെടുക്കും

നീ പോടീ
ആഗ്നസ് അന്നേ

മുഖമൊന്ന്
മാറ്റി
ഇത്തിരി ശങ്കിച്ച്
അവൾ
വിളിക്കും

നീ പോടാ
കുഴൂരു വിത്സാ

സഹിക്കാൻ
പറ്റാത്ത
ഒരു
തരം
മൗനം
അപ്പോൾ
അവിടെ
പടരും

അമ്മിണി
കൊച്ചുടിവിയിലേക്ക്
മടങ്ങുമ്പോൾ
ഞാൻ
ബാത്ത് റൂമിൽ
കയറി
കതകടച്ച്
സിഗരറ്റ്
വലിക്കും

അപ്പോൾ
ജീവിക്കാൻ
പറ്റാത്ത
ഒരു
തരം
വേറെ
കളി
അവിടെയൊക്കെ
തളം
കെട്ടി
നിൽക്കും.
---------

ഗോപികാദണ്ഡകം / അയ്യപ്പപ്പണിക്കര്‍


അറിയുന്നു ഗോപികേ നിന്നെ ഞാനെന്റെയീ
വരളുന്ന ചുണ്ടിലെ നനവാര്‍ന്നൊരോര്‍മ്മതന്‍
മധുവായ് മധുരമായ് അറിയുന്നു നിന്നെ ഞാന്‍ .
ഗോപികേ നിന്റെയീ ചിരകാല വിരഹത്തില്‍
ഒരുനാളിലുറയുന്ന കനിവായ് കാവ്യമായ്
അറിയുന്നു ഗോപികേ നിന്നെ ഞാന്‍ .


നിന്നെ ഞാന്‍ തിരയുന്നു തിരകോതി നിറയുന്ന
കാളിന്ദിയുണരുന്ന പുതുമോഹ യാമങ്ങളില്‍
ഗോക്കളലയുന്ന വൃന്ദാവനത്തിന്റെ വൃക്ഷത്തണല്‍പറ്റി
യെന്തോ കളഞ്ഞത് തേടുന്ന കാറ്റായ്
കാറ്റിലെ നവപുഷ്പ രാഗാര്‍ദ്ര സുസ്മേരമായെന്റെ
ഗതകാല വിസ്മൃതി തിരമാലചാര്‍ത്തുന്നൊര-
ഴലായഴല്‍ ചേര്‍ന്നൊരാഴകായി നിന്നെ ഞാന്‍
അറിയുന്നു ഗോപികേ..


വിജനത്തിലേകാന്ത ഭവനത്തിലൊറ്റയ്ക്ക്
തഴുതിട്ട കതകിന്റെ പിറകില്‍ തളര്‍ന്നിരു
ന്നിടറുന്ന മിഴികളാല്‍ സ്വന്തം മനസ്സിനെ
മുകരുന്ന ഗോപികേ..
വിരലാല്‍ മനസ്സിന്റെ ഇതളുകള്‍ തടവുമ്പോള്‍
ഇടനെഞ്ചിലിടിവെട്ടും ഏകാന്ത ശോകത്തിന്‍
ഇടയുന്ന കണ്‍പോള നനയുന്ന ഗോപികേ .


ഇടയനെ കാണുവാന്‍ ഓടിക്കിതയ്ക്കാതെ
ഓടക്കുഴല്‍ വിളി കാതോര്‍ത്തു നില്‍ക്കാതെ
എവിടെയാണവിടെനിന്നിവനെ സ്മരിച്ചു-
കൊണ്ടഴലും പരാതിയും കൈമലര്‍ക്കുമ്പിളില്‍
തൂവാതെ നിര്‍ത്തി നുകരുന്ന ഗോപികേ .


തഴുതിട്ട വാതില്‍ തുറന്നാലുമോമല്‍
തളരാതെ കൈയ്യെത്തി നീട്ടിപിടിയ്ക്കൂ
തഴുകൂ തടം തല്ലിയാര്‍ക്കുന്ന യമുനതന്‍
തിരമാല പുല്‍കുന്ന തീരമാമിവനെ നീ തഴുകൂ
തഴുകൂ തണുപ്പിന്റെ ചൂടും ചൂടിന്‍ തണുപ്പും
പകരുന്ന ഹേമന്തമായി പടരൂ
പടരൂ തീനാളമായി പിടയൂ
പിടയുന്ന ചോരക്കുഴലൊത്തൊരോടക്കുഴലായ്
വന്നെന്റെ ചുണ്ടില്‍ തുടിയ്ക്കൂ..
തൊടുക്കൂ തുടം ചേര്‍ന്നൊരോമല്‍പ്പശുവിന്റെ
മുലപോലെ മാര്‍ദ്ദവം വിങ്ങി ചുരത്തൂ
മധുമാസ വധുവിന്റെ സമ്മാനമാകുമീ
വനമാല പങ്കിട്ടെടുക്കൂ
ചിരിയ്ക്കൂ.. ചിരിയ്ക്കൂ മൃദുവായി മിഴിനീരില്‍
ഉലയുന്ന മഴവില്ലുപോല്‍ പുഞ്ചിരിയ്ക്കൂ..


തളകെട്ടി വളയിട്ടു താളം ചവിട്ടി
തളിരൊത്ത പാവാട വട്ടം ചുഴറ്റി
പദപാദ മേളം മയക്കും നികുഞ്ജങ്ങള്‍
അവിടെത്ര ഗോപിമാര്‍ അവിടെ നീ പോകേണ്ട
അവിടെ നീ പോകേണ്ടതവരുടെ മാര്‍ഗ്ഗമെന്നറിയൂ
നിനക്കു നിന്‍ മാര്‍ഗ്ഗം വിഭിന്നമാണതു

ഞാനെന്നറിഞ്ഞെന്നറിയൂ .

ഗോപികേ വീണ്ടുമിന്നറിയുന്നു ഞാന്‍
നിന്റെ പരിദേവനം നിറയാതെ നിറയുന്ന
കാടുമമ്പാടിയും ജലമെങ്ങുതിരയുന്ന പുല്ലും ,
പുല്ലെങ്ങു തിരയുന്ന പശുവും ,
പശുവെങ്ങ് തിരയുന്നൊരിടയക്കിടാങ്ങളും
വനരാജി പതയുന്ന നറുവെണ്‍നിലാവും
രസരാസ കേളിയും , മഴവന്ന കാലത്ത്
മലയേന്തി നില്‍ക്കുന്ന നിലയും ,
മദകാളിയന്‍ വിഷം ചീറ്റുന്ന പത്തികളില്‍
അലിവോടെ കേറിയടവറുപത്തിനാലും
കൊരുക്കുന്ന കാലുകളും
ഉടയാട കിട്ടുവാന്‍ കൈകൂപ്പി നില്‍ക്കുന്ന സഖികളും
ശൂന്യമായ് ഒരു തേങ്ങലായ്
നിഴല്‍ വീശും കടമ്പിന്റെ മുരടിച്ച കൊമ്പും ,
ഇന്നവയോര്‍മ്മമാത്രമെന്നറിയുന്നു ഞാന്‍
ഇനി പിരിയേണ്ട കാലത്തു പിരിയുന്നതും-
വേണ്ടതറിയുന്നു ഗോപികേ...
അറിയുന്നു ഗോപികേ.

----------------------------------------------------

കൃഷ്ണാ നീയെന്നെ അറിയില്ല / സുഗതകുമാരി


ഇവിടെയമ്പാടിതന്‍ ഒരു കോണിലരിയ
മൺകുടിലില്‍ ഞാന്‍ മേവുമൊരു പാവം
കൃഷ്ണാ , നീയെന്നെയറിയില്ല
ഇവിടെയമ്പാടി തന്‍ ഒരു കോണിലരിയ
മൺകുടിലില്‍ ഞാന്‍ മേവുമൊരു പാവം
കൃഷ്ണാ നീയെന്നെയറിയില്ല.
ശബളമാം പാവാട ഞൊറികള്‍ ചുഴലുന്ന
കാൽത്തളകള്‍ കളശിജ്ഞിതം പെയ്കെ
അരയില്‍ തിളങ്ങുന്ന കുടവുമായ്‌ മിഴികളില്‍
അനുരാഗമഞ്ജനം ചാര്‍ത്തി
ജലമെടുക്കാനെന്ന മട്ടില്‍ ഞാന്‍
തിരുമുന്‍പില്‍ ഒരു നാളുമെത്തിയിട്ടില്ല
കൃഷ്ണാ,നീയെന്നെയറിയില്ല.

ചപലകാളിന്ദി തന്‍ കുളിരലകളില്‍
പാതി മുഴുകി നാണിച്ചു മിഴി കൂമ്പി
വിറ പൂണ്ട കൈ നീട്ടി നിന്നോട്
ഞാനെന്‍റെ ഉടയാട വാങ്ങിയിട്ടില്ല
കൃഷ്ണാ നീയെന്നെയറിയില്ല.

കാടിന്റെ ഹൃത്തില്‍ കടമ്പിന്റെ ചോട്ടില്‍
നീ ഓടക്കുഴല്‍ വിളിക്കുമ്പോള്‍
അണിയല്‍ മുഴുമിക്കാതെ
പൊങ്ങിത്തിളച്ചു പാല്‍
ഒഴുകി മറിയുന്നതോര്‍ക്കാതെ
വിടുവേല തീര്‍ക്കാതെ
ഉടുചേല കിഴിവതും
മുടിയഴിവതും കണ്ടിടാതെ
കരയുന്ന പൈതലേ പുരികം ചുളിക്കുന്ന
കണവനെ കണ്ണിലറിയാതെ
എല്ലാം മറന്നോടിയെത്തിയിട്ടില്ല
ഞാന്‍ വല്ലവികളൊത്തു നിന്‍ ചാരേ
കൃഷ്ണാ , നീയെന്നെയറിയില്ല.

അവരുടെ ചിലമ്പൊച്ചയകലെ
മാഞ്ഞീടവേ മിഴി താഴ്ത്തി
ഞാന്‍ തിരികെ വന്നു
എന്‍റെ ചെറു കുടിലില്‍ നൂറായിരം പണികളില്‍
എന്‍റെ ജന്മം ഞാന്‍ തളച്ചു
കൃഷ്ണാ നീയെന്നെയറിയില്ല.

നീ നീല ചന്ദ്രനായ്‌ നടുവില്‍ നില്‍ക്കെ
ചുറ്റുമാലോലമാലോലമിളകി ആടിയുലയും
ഗോപസുന്ദരികള്‍തന്‍ ലാസ്യമോടികളുലാവി
ഒഴുകുമ്പോള്‍ കുസൃതി നിറയും
നിന്‍റെ കുഴല്‍ വിളിയുടന്‍
മദദ്രുതതാളമാര്‍ന്നു മുറുകുമ്പോള്‍
കിലുകിലെ ചിരി പൊട്ടിയുണരുന്ന
കാല്‍ത്തളകള്‍ കലഹമൊടിടഞ്ഞു ചിതറുമ്പോള്‍
തുകില്‍ ഞൊറികള്‍ പൊന്‍മെയ്കള്‍
തരിവളയണിക്കൈകള്‍
മഴവില്ലു ചൂഴെ വീശുമ്പോള്‍
അവിടെ ഞാന്‍ മുടിയഴിഞ്ഞണിമലര്‍ക്കുല
പൊഴിഞ്ഞോരുനാളുമാടിയിട്ടില്ല
കൃഷ്ണാ , നീയെന്നെയറിയില്ല.

നടനമാടിത്തളര്‍ന്നംഗങ്ങള്‍
തൂവേര്‍പ്പ് പൊടിയവേ
പൂമരം ചാരിയിളകുന്ന മാറിൽ കിതപ്പോടെ
നിന്‍ മുഖം കൊതിയാര്‍ന്നു നോക്കിയിട്ടില്ല
കൃഷ്ണാ , നീയെന്നെയറിയില്ല.

നിപുണയാം തോഴിവന്നെൻ
പ്രേമദുഃഖങ്ങളവിടുത്തൊടോതിയിട്ടില്ല
തരളവിപിനത്തില്ലതാനികുഞ്ചത്തില്‍
വെണ്മലരുകള്‍ മദിച്ചു വിടരുമ്പോള്‍
അകലെ നിന്‍ കാലൊച്ച കേള്‍ക്കുവാന്‍
കാതോര്‍ത്തു ചകിതയായ്‌ വാണിട്ടുമില്ല
കൃഷ്ണാ , നീയെന്നെയറിയില്ല.

ഒരു നൂറുനൂറു വനകുസുമങ്ങള്‍
തന്‍ ധവള ലഹരിയൊഴുകും കുളിര്‍നിലാവില്‍
ഒരു നാളുമാ നീല വിരിമാറില്‍
ഞാനെന്‍റെ തല ചായ്ച്ചു നിന്നിട്ടുമില്ലാ
കൃഷ്ണാ ,നീയെന്നെയറിയില്ല.

പോരു വസന്തമായ്‌
പോരു വസന്തമായ്‌
നിന്‍റെ കുഴല്‍ പോരു വസന്തമായ്‌
എന്നെന്റെയന്തരംഗത്തിലല ചേര്‍ക്കേ
ഞാനെന്‍റെ പാഴ്ക്കുടിലടച്ചു
തഴുതിട്ടിരുന്നാനന്ദബാഷ്പം പൊഴിച്ചു
ആരോരുമറിയാതെ നിന്നെയെന്നുള്ളില്‍
വച്ചാത്മാവ് കൂടിയര്‍ച്ചിച്ചു
കൃഷ്ണാ , നീയെന്നെയറിയില്ല.

കരയുന്നു ഗോകുലം മുഴുവനും
കരയുന്നു ഗോകുലം മുഴുവനും
കൃഷ്ണ നീ മഥുരയ്ക്കു പോകുന്നുവത്രെ
പുല്‍ത്തേരുമായ്‌ നിന്നെയാനയിക്കാന്‍
ക്രൂരനക്രൂരനെത്തിയിങ്ങത്രേ
ഒന്നുമേ മിണ്ടാതനങ്ങാതെ ഞാന്‍
എന്‍റെ ഉമ്മറത്തിണ്ണയിലിരിക്കെ
രഥചക്രഘോഷം കുളമ്പൊച്ച രഥചക്രഘോഷം
കുളമ്പൊച്ച ഞാനെന്‍റെ മിഴി പൊക്കി നോക്കിടും നേരം
നൃപചിഹ്നമാര്‍ന്ന കൊടിയാടുന്ന തേരില്‍ നീ
നിറതിങ്കള്‍ പോല്‍ വിളങ്ങുന്നു
കരയുന്നു കൈ നീട്ടി ഗോപിമാർ
കേണു നിന്‍ പിറകെ കുതിക്കുന്നു
പൈക്കള്‍ തിരുമിഴികള്‍ രണ്ടും
കലങ്ങി ചുവന്നു നീ അവരെ തിരിഞ്ഞു നോക്കുന്നു
ഒരു ശിലാബിംബമായ്‌ മാറി
ഞാന്‍ മിണ്ടാതെ കരയാതനങ്ങാതിരിക്കെ
അറിയില്ല എന്നെ നീ എങ്കിലും കൃഷ്ണ
നിന്‍ രഥമെന്റെ കുടിലിനു മുന്നില്‍
ഒരു മാത്ര നില്‍ക്കുന്നു
കണ്ണീര്‍ നിറഞ്ഞൊരാ
മിഴികളെന്‍ നേര്‍ക്കു ചായുന്നു
കരുണയാലാകെ തളര്‍ന്നൊരാ
ദിവ്യമാം സ്മിതമെനിക്കായി നല്‍കുന്നു
കൃഷ്ണാ നീയറിയുമോ എന്നെ
കൃഷ്ണാ നീയറിയുമോ എന്നെ
നീയറിയുമോ എന്നെ!!!
----------------------------------------------------------

Friday, May 6, 2016

കൊല്ലേണ്ടതെങ്ങനെ / സുഗതകുമാരി


കൊല്ലേണ്ടതെങ്ങനെ,
ചിരിച്ച മുഖത്തു നോക്കി
അല്ലിൽ തനിച്ചിവിടെ
അമ്മ തപിച്ചിടുന്നു..
ഇല്ല, ഭയം ,വിഷമം ഒന്നുമിവൾക്ക്
തിങ്കൾത്തെല്ലിനു തുല്യമൊരു
പുഞ്ചിരിയുണ്ടു ചുണ്ടിൽ
പൊട്ടിച്ചിരിച്ചു മിഴിചുറ്റിയുഴന്ന്
കുഞ്ഞിൻ മട്ടിൽ പിളർത്തി-
യധരങ്ങൾ മൊഴിഞ്ഞിടുന്നു
മർത്ത്യന്റെ ഭാഷകളിലൊന്നിലുമല്ല
ഏതോ പക്ഷിക്കിടാവ്
മുറിവേറ്റ് വിളിച്ചിടുമ്പോൾ
അമ്മയ്ക്കു മാത്രം അറിയുന്നൊരു ഭാഷ!
കുഞ്ഞിനെന്തൂ വയസ്സ്
ശിവ! മുപ്പതുമേഴുമായി
തൻമേനി യൗവനസുപൂർണ്ണതയാൽ വിളങ്ങി
കണ്ണിരിലുണ്ട് മങ്ങിയുടഞ്ഞു കാണ്മൂ...
രോഗങ്ങൾ വന്നു
സഖിമാരോടു തുല്യം എന്റെ ദേഹം
പതുക്കെ രിപുവായൊരു ഭാരമായ്
ആകാതെയായ് കഠിനം പണിയൊന്നും
അമ്മ പോകാറുമായ് മകളെ...
തുണയാരു നാളെ..???
ആരൂട്ടും
ആരു കഴുകിച്ചു തുടച്ചുറക്കും
ആരീ മുടിച്ചുരുളുകൾ ചീകി
ഒതുക്കി വയ്ക്കും
ആരീ അഴുക്കുകൾ എടുത്തിടും
എന്നുമെന്റെ ആരോമലിന്നി-
രുളിലാരു കരം പിടിക്കും
കാര്യം വിനാ നിലവിളിച്ചു പിടഞ്ഞിടുമ്പോള്‍
ആരെന്റെ കുഞ്ഞിനെ മുറുക്കെയണച്ചു കൊള്ളും
ആരുണ്ടലിഞ്ഞു മിഴിനീരോടു കാത്തുകൊള്ളാൻ
ആരുണ്ട് ദൈവവുമൊരമ്മയും
ഇന്നീ മണ്ണിൽ
കുഞ്ഞായിരുന്നളവത്ര സുഖം തരുന്നു തന്മക്കൾ
സർവ്വ ദുരിതത്തിനു ഔഷധങ്ങൾ
കുഞ്ഞുങ്ങളെന്നു പറവൂ ബുധർ
കൂരിരുട്ടും കണ്ണീരുമായ് ചിലർ
പിറക്കുവതെന്തു പിന്നെ ....
വന്നെൻ മടിത്തടമിതിൽ
ചിരി പൂണ്ടിരുന്നെൻ
കുഞ്ഞെന്നോടൊന്നും
ഒരു വാക്ക് മൊഴിഞ്ഞതില്ല
പൊന്നുമ്മയൊന്നുമിവള്‍ തന്നതുമില്ല
അമ്മയെന്നെന്നെ എന്റെ മകളൊന്നും വിളിച്ചുമില്ല
പേടിപ്പൂ ഞാൻ ചിറകിനുള്ളിലൊളിച്ചു കാക്കും
ആടൽ കുരുന്നിതൊരുമാത്ര തനിച്ചു നിൽക്കിൽ
ചൂടുള്ള ഘോരനഖരങ്ങൾ കൊതിച്ചു റാഞ്ചും
ഓടാനുമില്ല തടയാനുമിവൾക്ക് ശേഷിയും
കുന്നോളവും വ്യഥ പൊറുത്തിത് സൌഖ്യമെന്തെ-
ന്നിന്നോളവും അമ്മയറിയില്ല
തളർന്ന ജൻമം നിന്നോടു കൂടെ മതിയാക്കും
എനിക്ക് മാപ്പു തന്നീടുമീ
കൃപ മറന്നവര്‍ ഈശ്വരന്മാർ...
കൊല്ലേണ്ടതെങ്ങനെ
ചിരിച്ച മുഖത്തു നോക്കി
അല്ലിൽ തനിച്ചിവിടെ
അമ്മ തപസ്സിരിപ്പൂ....
വല്ലാതെ നോവരുത്...
വേവരുത് ....ഒന്നുമാത്രം
എല്ലാം മറക്കുമൊരു ഉറക്കം
ഇവൾക്ക് എനിക്കും
ഒന്നോർക്കിൽ ഭയമില്ല
തീയിൽ മുഴുകി ചെല്ലുമ്പോൾ അങ്ങേപ്പുറം
നിന്നിടും തെളിവാർന്ന്
കൈയുകൾ വിടർത്തെന്നോമൽ
അന്നാദ്യമായി അമ്മേയെന്നു വിളിക്കും
ആ വിളിയിൽ ഞാൻ മുങ്ങീടവെ
കൺ നിറഞ്ഞ് കുളിരാർന്ന് നിൽക്കും നീയും...
-----------------------------------------------------

Thursday, May 5, 2016

വി/ജനത / ലതീഷ് മോഹൻ


ഒരു വളവിന് ഇരുപുറം നനഞ്ഞു
കിടക്കുന്ന റോഡ്
രാത്രി പത്തുമണിയുടെ വെട്ടത്തില്‍
ആടിയും ഓടിയും കടന്നുപോകുന്ന നിഴലുകള്‍ ഒഴിച്ചാല്‍,
ദൂരെനിന്നു നോക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം
നനഞ്ഞ് ചിറകൊതുക്കി നില്‍ക്കുന്ന
പ്രാവിന്റെ തൂവലില്‍ നിന്നും
തട്ടിത്തട്ടി താഴേക്കിറങ്ങുന്ന
ജലകണിക പോലെ
അതിസാധാരണമായ വിജനത
പെട്ടന്നൊരു കാര്‍
വളവു തിരിഞ്ഞെത്തുന്നതുവരെ
ഡിവൈഡറില്‍ തട്ടി
ഹരേ കൃഷ്ണാ ഹരേ രാമാ
എന്ന് അടിമുടിയുലഞ്ഞ്
പുകപടര്‍ത്തി
ശാന്തമാകുന്നതുവരെ
അതിസാധാരണമായ വിജനത
2
ഇലവീണ തടാകം
ഇക്കിളിപ്പെടുന്നതുപോലെ
പതറുന്ന കാലടികളില്‍
കാറില്‍ നിന്ന് നിരങ്ങിയിറങ്ങിയ
അഞ്ചുപേര്‍
പെട്ടന്നൊരു ജനതയാവും
കാത്തിരിപ്പിന്റെ മുഷിപ്പ്
അവരുടെ ഭാഷയാവും
വെള്ളംതേടിപ്പോയി
പരീക്ഷണങ്ങളില്‍
ശുദ്ധിവരുത്തി
അവര്‍ വളവിലേക്ക് തിരിച്ചുവരും
ഏതോ റോക്ക് ബാന്‍ഡിനെ ഓര്‍മിപ്പിച്ച്
അഞ്ചുകോണില്‍ കുത്തിയിരുന്ന്
രാജ്യമാവും
3
അഞ്ചുപേര്‍ക്കൊരുവള്‍ ആ കാറിനു പുറത്ത്
കിടപ്പുണ്ട് ഇപ്പോഴും
പൂര്‍ത്തിയാവാത്ത
ബലാത്സംഗം അവളിലേക്ക്
ഏതുനിമിഷവും തിരിച്ചുവരും
ദൂരെ നിന്ന് നോക്കുന്ന ഒരാള്‍ക്ക്
അവളെയെളുപ്പത്തില്‍ വിവരിക്കാം
അതിസാധാരണമായ വിജനത എന്ന് .

--------------------------------------------

ഒരു പുഴ സെൽഫി / ജോ നാഥൻ



അനാദിക്കടയിലെ,ഫ്രിഡ്ജിലെ
ഹോമോജനൈസ്ഡ് ചെയ്ത,
പാസ്റ്റൊറൈസ് ചെയ്ത വാട്ടർ
ബോട്ടിലുകൾ പോലെ അവിടവിടെ
ചിതറിക്കിടക്കുന്ന വെള്ളകണികകൾ.
ഫോട്ടോഷോപ്പിന്റെ കരവിരുതുപോൽ
ഒരു മീനിന്റെ മുള്ള് ദൈവമാകാൻ
മറന്നൊരു കരിങ്കല്ലിനുമുകളിൽ വെളുത്ത
പ്രതലത്തിലൊരു കറുത്തപൊട്ടിനൊപ്പം.
ഇരതേടി ഒറ്റക്കാലിൽ നിൽക്കുന്നൊരു
കൊക്കിന്റെ രൂപം ആഞ്ഞിലിമരച്ചില്ലയി
ലൊരു തവളയുടെ കാലിൽ രണ്ടു
പൊഴിയാത്ത തൂവലുകൾക്കൊപ്പം.
എത്രവരച്ചിട്ടും തെളിയാത്ത ചിത്രങ്ങളെ
വീണ്ടും വരച്ച് പരിശീലിക്കുന്ന
ഇത്തിക്കണ്ണികളുടെ വിരലുകളിൽ
പായലുകളുടെ അവശിഷ്ടങ്ങൾക്കൊപ്പം
നീർക്കോലികളുടെ ഫോസിലുകൾ.
കൈതപ്പൂവുകളുടെ മാസ്മരികതയ്ക്ക്
കരിന്തിരിയിട്ട നിലവിളക്കിന്റെ,
എരിയാൻ മടിച്ചചന്ദനത്തിരികളുടെ
ഓലപായയുടെ മനംമടുക്കുന്ന ഗന്ധം.
ഇവിടെയൊരു പുഴയുണ്ടായിരുന്നു
ഒന്നുകിലതൊഴുകാൻ മടിച്ച്,അല്ലെങ്കിൽ
ഒഴുകിയലിയേണ്ട കടലിനോടു പിണങ്ങി
കാണുന്ന, സ്വിമ്മിംങ്ങ് പൂളുകളും വാട്ടർ
തീം പാർക്കുകളും അക്വേറിയങ്ങളുമായി
പരിണമിച്ചെന്ന്, പ്രോജക്ട് വർക്കിൽ
മനം നിറഞ്ഞൊരു വിദ്യാർത്ഥിയെഴുതുന്നു.
ഒപ്പം വികസനത്തിനു വേണ്ടി മാത്രം
മണലൂറ്റി മാറ്റുന്ന മണൽ മാഫിയയുടേതല്ലാത്ത

ഫോട്ടോഷോപ്പ് ചെയ്യാത്തൊരു സെൽഫിയും ..
----------------------------------------------------

തൂക്കുപാലം / ജിത്തു തമ്പുരാൻ


ഇരട്ട ജനിച്ച പെങ്ങൾക്കൊപ്പം
തൂക്കുപാലത്തിൽ
നിൽക്കുമ്പോൾ
ഓർമ്മകളെ ഊഞ്ഞാലാട്ടാൻ
ഓടിത്തുള്ളി വരും കാറ്റ്....
പുളിങ്കുരു നിരക്കുമ്പോൾ
മണ്ണു വാരിയെറിഞ്ഞോളേ
വളപ്പൊട്ടു -
കൊണ്ടെന്റുള്ളം കൈ
മുറിച്ചൊരു പോക്കിരീ...
കളിവീട്ടിൽ മാമ്പൂവിൻ
കറി വിളമ്പിയൊരുച്ചയിൽ
നാട്ടുമാങ്ങാച്ചാറു പാറ്റി
കണ്ണെരിയിച്ച കുമ്പാരീ...
കാലം നിന്നെ വളർത്തീട്ടൊരു
വലിയ പെണ്ണായ് തീർത്തതും
മൂക്കൊലിപ്പിൻ പുഴ വറ്റിച്ചു
കവിളിൽ പൂക്കാലം തന്നതും
പുഴക്കരയിൽ നായ്ക്കരിമ്പിൻ
തണ്ടു തലയാട്ടി നിന്നതും
മറന്നേ പോയ്
എനിക്കപ്പോൾ
അംഗനവാടി പ്രായമായ്
നിന്നെയോരോ തവണയും
കണ്ടുമുട്ടുന്ന നേരത്ത്
ഉളളിനുള്ളിലെ
കുന്നിമണിയുടെ
ചെപ്പുടഞ്ഞേ
ചിതറുന്നു !!!
ഇരട്ട ജനിച്ച പെങ്ങൾക്കൊപ്പം
തുമ്പിയായിപ്പറക്കുമ്പോൾ
ജീവിതത്തിന്റെ തൂക്കുപാലത്തിൽ
ചോന്ന പനിനീരു പെയ്യുന്നു...

--------------------------------------

അഞ്ചു വിരലുകൾ/ ഭാനു കളരിക്കൽ

ഒരു പൂവിന്റെ അഞ്ചിതളുകൾ
അഞ്ചു മടക്കിൽ അച്ഛനൊളിപ്പിച്ച
മഞ്ചാടി കുരുവിന്റെ
വിടർന്നു വരുന്ന വാതിലുകൾ -
അഞ്ചു വിരലുകൾ അഞ്ചു മുലഞെട്ടുകളാണ്.
ജീവനിലേക്ക് നീളുന്ന പഞ്ച നദികൾ
അഞ്ചു വിരലുകൊണ്ടല്ലേ അന്നം
കൂട്
നൃത്തവും
സംഗീതവും
ഉടലിലേക്ക് പടരുന്ന വേരുകൾ,
നെറ്റിയിൽ ചുക്കരച്ചു പുരട്ടും സാന്ത്വനങ്ങൾ,
ചുണ്ടോട്‌ ചേർക്കും താമരമൊട്ട്-
പ്രിയയുടെ ഉടലിൽ പടരുമ്പോൾ
അഞ്ചു വിരലുകൾ അഞ്ചു സ്വർഗ്ഗങ്ങൾ -
മാന്ത്രികതയുടെ താക്കോലുകൾ

അതേ വിരലുകൾ
അതേ അഞ്ചിതളുള്ള പൂ
ഒരു കഠാരപ്പിടിയിൽ
ഒരു പിടച്ചിലിന്റെ കഴുത്തിൽ
ഒരു ശ്വാസത്തിന്റെ വീർപ്പു മുട്ടലിൽ

പിന്നേയും ചോരയോടെ കോരിയെടുക്കുന്നു -
മുറിവ് ഉണങ്ങും വരെ ചന്ദനം അരക്കുന്നു
ചൂടാറും വരെ തണുപ്പിക്കുന്നു
തണുക്കും വരെ ചൂട് പകരുന്നു.
-------------------------------------------------

Wednesday, May 4, 2016

ഏകാകി (നി ) യുടെ ഗീതം / ഗീത തോട്ടം

ഏകാകി (നി ) യുടെ ഗീതം
തീരെത്തനിയെയാകുന്നു ഞാൻ
മിത്രങ്ങളില്ല സരസ സംഭാഷണ വിസ്ഫോടനങ്ങൾ
ക്ഷുഭിതമാം വാക്കുകൾ
മൗനത്തിൻ  ഹ്രസ്വമാമിടവേള
കുറ്റബോധത്തിൻ ചെറു കൺ ചുവപ്പുകൾ
നമ്രശിരസ്ക്കരായ് ചെയ്യുന്ന ഹസ്തദാനങ്ങൾ
പിന്നെയൊരൂഷ്മളാലിംഗനം
ഇല്ലില്ലവയൊന്നും.
തീരെത്തനിയെയാകുന്നു ഞാൻ
വാക്കിന്റെ മുൾമുന കോർത്ത തൂവാലയിൽ
രക്തം പൊടിച്ചു നീറുന്നതൊന്നൊപ്പുവാൻ
നീളുന്നതില്ലൊരു കൈയ്യും
ചകിതയായ് ചിറകുകൾ പൂട്ടിയിരിക്കും കപോതിയെ
തെല്ലു തലോടുന്നതില്ലൊരു നോട്ടവും
തീരെത്തനിയെയാകുന്നു ഞാൻ
തെല്ലകലെ കുലയേറ്റിയ വില്ലുമായ്
നിൽക്കൊന്നൊരു നിഴൽ
വേടനോ തോഴനോ
ഞാൺതഴമ്പില്ലാത്ത തോളുകൾ
പൂന്തിങ്കൾ പോലെ പ്രസാദാത്മകം മുഖം
ചിമ്മിച്ചെറുതായ കൺകളിൽ നിന്നും
നിശ്ശബ്ദമെത്തി നോക്കുന്നോ
പകയുടെ പാമ്പുകൾ!'
എന്നും തനിച്ചായിരുന്നുവല്ലോ
നിഴൽ വീണേ കിടക്കുന്ന രഥ്യകളിൽ
യാത്ര പാടേ നിലയ്ക്കുന്ന തീരങ്ങളിൽ
കത്തിനില്പാണെനിക്കായൊരു ചുടല.
കൂട്ടു വന്നവരൊക്കെ
തിരിഞ്ഞു നടക്കായാ
ണെത്രയാശ്വാസം തിരിച്ചു പോകൽ
കൂട്ടിന്റെ നാട്യങ്ങളെല്ലാമകലവേ
പഥ്യമാകുന്നു തനിച്ചിരിപ്പും ...
----------------------------------------------------

വിലാസം / സത്താർ ആദൂർ


അയക്കണം നീ
എന്റെ പേരിൽ
ഒരു പോസ്റ്റ്‌കാർഡെങ്കിലും.
സൂക്ഷിച്ചു വെക്കാനാണ് എനിക്ക്
എന്റെ മേൽ വിലാസം.

---------------------------

നന്ദി / സുഗതകുമാരി


എന്റെ വഴിയിലെ വെയിലിനും നന്ദി..
എന്റെ ചുമലിലെ ചുമടിനും നന്ദി..
എന്റെ വഴിയിലെ തണലിനും
മരക്കൊമ്പിലെ കൊച്ചു കുയിലിനും നന്ദി..
വഴിയിലെ കൂർത്ത നോവിനും നന്ദി..
മിഴി ചുവപ്പിച്ച സൂര്യനും നന്ദി..
നീളുമീ വഴിച്ചുമട് താങ്ങി തൻ
തോളിനും വഴിക്കിണരിനും നന്ദി..
നീട്ടിയൊരു കൈ കുമ്പിളിൽ
ജലം വാർത്തു തന്ന നിൻ കനിവിനും നന്ദി..
ഇരുളിലെ ചതികക്കുണ്ടിനും പോയൊരിരവിലെ
നിലാ കുളിരിനും നന്ദി..
വഴിയിലെ കൊച്ചു കാട്ടുപൂവിനും
മുകളിലെ കിളി പാട്ടിനും നന്ദി..
മിഴിയിൽ വറ്റാത്ത കണ്ണുനീരിനും
ഉയിരുണങ്ങാത്തൊരലിവിനും നന്ദി..
ദൂരെ ആരോ കൊളുത്തി നീട്ടുമാ
ദീപവും നോക്കിയേറെ ഏകയായ്
കാത്തു വയ്ക്കുവാൻ  ഒന്നുമില്ലാതെ
തീരർത്തു ചൊല്ലുവാൻ  അറിവുമില്ലാതെ
പൂക്കളില്ലാതെ പുലരിയില്ലാതെ
ആർദ്രമേതോ വിളിക്കു  പിന്നിലായ്
പാട്ട് മൂളി ഞാന് പോകവേ
നിങ്ങൾ  കേട്ടു നിന്നുവോ തോഴരേ
നന്ദി.. നന്ദി.. നന്ദി..

-------------------------------------------------