Tuesday, May 10, 2016

ചിതലനക്കങ്ങൾ / രാജേഷ് ചിത്തിര


കാത്തു നിൽക്കുകയാണ്‌ ഒരാളെ
പങ്കു വെയ്ക്കുന്നുണ്ട്
അയാളെയും അവനവനെയും
കുറിച്ചല്ലാത്തതെല്ലാം
ഞങ്ങൾ കാത്തിരിപ്പിന്റെ കാവൽക്കാർ

പരസ്പരം നഷ്ടപ്പെടുത്താതിരിക്കാൻ
കോർത്തിട്ടുണ്ട് ചില വിരലുകൾ
പരസ്പരം ചേർത്ത് വിടവുകൾ
അകറ്റുന്നുണ്ട് ചില ശരീരങ്ങൾ.
കൂട്ടുമാറലിന്റെ കൂകിപ്പായലുകൾ
ഓർത്തെടുക്കുന്നുണ്ട് ചിലരിടയ്ക്ക്.
കാത്തു നിൽക്കുകയാണ്‌ ഒരാളെ
അപരിചിതത്വത്തിന്റെ ചില ചെടികൾ
ചിരിയുടെ ഒരിതൾ നിവർത്തി മടക്കുന്നുണ്ട്.
കൂട്ടം തെറ്റിയപോൽ ഉള്ളിലേക്കൂളിയിട്ട്
നീന്തിത്തളർന്ന മത്സ്യങ്ങളായി
ചെകിളകളിളക്കുന്നുണ്ട് ചിലരങ്ങനെ.
കാത്തുനിൽപ്പ് ഒരു കടലാണെന്ന്
നീന്തലറിഞ്ഞവർ തുഴഞ്ഞു തളർന്നെന്ന്,
അറിയാതെ പോയവർ ആറിത്തണുത്തെന്ന്,
അയാൾക്കു പിന്നാലെ എറുമ്പുകളായി
വരിവെച്ച് അടിവെച്ച് ഉള്ളിലേക്ക് കയറിയവർ
പന്നിക്കൂട്ടങ്ങളെ ഓർമ്മിപ്പിച്ച്
അയാളെ മറന്ന് ചിതറുന്നുണ്ട് ഉള്ളിൽ
ഉപേക്ഷിക്കപ്പെട്ട ഒരാളെന്ന പോലെ
ഉള്ളിൽ സ്വയം ബാക്കിയാവുന്നുണ്ട്
തനിച്ചാവുന്ന തിരക്കു നേരങ്ങളിൽ
കാത്ത് ഇരിക്കുകയാണ്‌ അയാളെ
വെറ്റില അടയ്ക്കകൾ പോലെ
അയാളെയും തങ്ങളെയും കുറിച്ച്
വാക്കുകൾ ചവച്ചു തുപ്പുന്നുണ്ട്
മടുപ്പ് എന്ന അഗർബത്തി മണം
കാത്തിരിപ്പിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ട്.
വ്യഥയുടെ കരിയില കിലുക്കങ്ങൾ
ഓരോരുത്തരായി അയാൾക്കരികിലേക്ക്
ഭാരക്കുറവിന്റെ തിരിച്ചു വരവിൽ
വരിയും നിരയും തെറ്റിയ ചിതൽപ്പുറ്റുകൾ
അടർന്നു വീഴുന്നുണ്ട് ചിലർ
എല്ലാത്തിന്റെയും അവസാനമെന്ന
ബിംബകൽപ്പന പോലെ അയാളുടെ മുറി.
മൗനത്തിന്റെ നീണ്ടയാത്ര കഴിഞ്ഞ്
തിരികെയെത്തിയ ചിതലനക്കങ്ങൾ
പുറത്തേക്കു ഞങ്ങൾ.
--------------------------------------------

No comments:

Post a Comment