Sunday, May 29, 2016

കറുത്ത സിൻഡ്രല്ല / സുധീർ രാജ്


തെരുവിൽ വെച്ച്
പെട്ടെന്ന് നിങ്ങൾക്കവളെ തിരിച്ചറിയാം
തിരക്കുള്ള കടയിൽ മറന്നു വെച്ച കുടപോലെ
കറുത്ത പെണ്കുട്ടിയെ .
ഒട്ടും ചേരാത്ത കടും നിറത്തിലെ
ചുരിദാർ, ഷാൾ
ഒതുക്കമില്ലാത്ത ചുരുണ്ടമുടി
ചിത്രശലഭ പ്പിന്നുകൾ
പൂ ക്ലിപ്പുകൾ
വിയർത്തെണ്ണ മെഴുക്കുള്ള കവിളുകൾ
പുരികത്തൊരു മുറിപ്പാട് .

അഴകുള്ളവർക്കിടയിലൂടെ
അമ്പരന്നവൾ നടക്കും
ആരെങ്കിലുമൊന്നു ചിരിക്കണേ
ചിരിക്കണേയെന്നവൾ
കണ്ണ് കൊണ്ട് പറയും .
കുപ്പിയിലിട്ട മീനേപ്പോലെ
വെയിലിന്റെ സ്ഫടികത്തെരുവിലവൾ
പിടഞ്ഞു നീന്തും .
വിലകുറഞ്ഞ മൊബൈലിൽ
ആരെങ്കിലും വിളിക്കുന്നുണ്ടോയെന്ന്
തെരുതെരെ നോക്കും .
ഇല്ലാത്തൊരു നമ്പർ കുത്തി
ഇല്ലാത്തൊരാളേ വിളിക്കും
ഞാനിപ്പം വരും
ഞാനിപ്പം വരുമെന്ന് പറയും .
അവളുടെ പിടച്ചിൽ കണ്ട്
അവടമ്മ ആകാശത്തിരുണ്ടു കൂടും
മറ പോലവൾക്കു ചുറ്റും പെയ്യും .
കുടയില്ലാതവൾ മഴയത്ത് നനഞ്ഞൊലിച്ച്
പ്രൈവറ്റ് ബസ് സ്റ്റാന്റിന്റെ
മൂലയ്ക്ക് നിൽക്കും.
മഴയത്ത് കിടന്നു നനയുന്ന ബസ്സുകൾ
അതിനുള്ളിൽ നനയാതെ നനയുന്ന
വേനലുകളെന്നിങ്ങനെ
ചിന്തിച്ചു ചിന്തിച്ച് തനിയെ ചിരിക്കും .
കാപ്പിരി മുടിയിൽ നിന്നിറ്റുന്ന വെള്ളം
ചിക്കുമ്പോൾ പിന്നിൽ നിന്നവൻ വിളിക്കും .
കാണാറില്ലല്ലോ
എവിടെയാണിപ്പോൾ
മഴയിലൂടെ നീയൊഴുകുന്നതു കണ്ടു.
(ഒളിയിടം കണ്ടു പിടിക്കപ്പെട്ട
മുയൽക്കുഞ്ഞു പോലവൾ പതുങ്ങും .)
പണ്ട് നീ പാടിയ പാട്ടു പോലാണീ മഴ
നീയെന്നെ നനയിച്ചതു പോലാരുമെന്നെ
നനയിച്ചിട്ടില്ലെന്നു പറഞ്ഞവളുടെ
പേടിയെല്ലാം പൊതിഞ്ഞെടുക്കും .
അതു കണ്ടമ്മയങ്ങു തിരിച്ചു പോകും
പ്രൈവറ്റ് ബസ് സ്റ്റാന്ഡ്
മീനച്ചിലാറാകും.
ഒറ്റവള്ളത്തിലവൻ വന്നു വിളിക്കും .
മഴ കഴിഞ്ഞു പടം വരയ്ക്കുന്ന മഴവില്ലിലൂടെ
വഞ്ചി തുഴയുന്ന രാജകുമാരിയെ
നിങ്ങൾ കണ്ടിട്ടില്ല .
കറുത്ത സിൻഡ്രല്ലയെ .
--------------------------------------

No comments:

Post a Comment