Thursday, May 12, 2016

ചില പ്രണയങ്ങള്‍ / സച്ചിദാനന്ദന്‍


ചില പ്രണയങ്ങള്‍
പടര്‍പ്പനി പോലെയാണ്
ആദ്യമൊരു തുമ്മല്‍
പിന്നെ ഉടലാകെ വേദന
പുറവും അകവും പൊള്ളുന്ന ചൂട്
ദുസ്വപ്നങ്ങളുടെ ഒരാഴ്ചയ്ക്കുശേഷം
അതു ശമിക്കുന്നു.
നാമിപ്പോള്‍ മറവിയുടെ സ്വാസ്ഥ്യത്തിലാണ്.


ചില പ്രണയങ്ങള്‍
വസൂരി പോലെയാണ്.
പൊട്ടുന്നത് കുളിരോ കുരുവോ
എന്നറിയാതെ നാം പരിഭ്രമിക്കുന്നു
പ്രണയതാപത്തില്‍ ശരീരം
ചുട്ടു പഴുത്തു ചുവക്കുന്നു.
നാം അതിജീവിച്ചേക്കാം
പക്ഷെ പാടുകള്‍ ബാക്കിയാവുന്നു
ആയുസ്സു മുഴുവന്‍ ആ ഓര്‍മ്മകള്‍
നാം ഉടലില്‍ പേറുന്നു.

ചില പ്രണയങ്ങള്‍
അര്‍ബ്ബുദം പോലെയാണ്
ആദ്യം നാം അതറിയുന്നേയില്ല
വേദന തുടങ്ങുമ്പോഴേയ്ക്കും
സമയം വൈകിയിരിക്കും,
അവള്‍ മറ്റൊരാളുടെതായിരിക്കും
വൃഥാ പെരുകിയ ആ പ്രണയകോശത്തിനുള്ള
മരുന്നുകള്‍ നമ്മെ കൃശമദനന്മാരാക്കും
അവഗണന ഫലിക്കാതാകുമ്പോള്‍
കത്തി വേണ്ടി വരും
പിന്നെ ഒരവയവം നഷ്ടപ്പെട്ടവരെപ്പോലെ
നാം മരിച്ചു ജീവിക്കുന്നു
പിന്നെയും അത് പടരുമ്പോള്‍
ഒരു മരക്കൊമ്പിലോ പുഴയിലോ
കിളരമേറിയ മട്ടുപ്പാവിലോ
ഒരു കൊച്ചു കുപ്പിയ്ക്കുള്ളിലോ നിന്ന്
കൃപാലുവായ മരണം നമ്മെ പ്രലോഭിപ്പിക്കുന്നു
പ്രണയം നമ്മെ അതിജീവിക്കുന്നു.

ചില പ്രണയങ്ങള്‍
ഭ്രാന്തു പോലെയാണ്.
നാം മുഴുവനായും ഭാവനയുടെ ലോകത്താണ്
മറ്റെയാള്‍ അതറിയുന്നു പോലുമില്ല
നാം പിറുപിറുക്കുന്നു, പാടുന്നു,
ഒറ്റയ്ക്കു ചിരിക്കുന്നു, കലഹിക്കുന്നു,
അലഞ്ഞു തിരിയുന്നു
ചങ്ങലകള്‍ക്കും വൈദ്യുതാഘാതങ്ങള്‍ക്കും
അതിനെ മെരുക്കാനാവില്ല
കാരണം, അതൊരു രോഗമേയല്ല,
ഒരു സ്വപ്നാവസ്ഥയാണ്
അതിനാല്‍ അത് നക്ഷത്രങ്ങള്‍ക്കിടയിലാണ്.

ഒരിക്കലും സാക്ഷാത്കരിക്കാനിടയില്ലാത്ത
പ്രണയമാണ് ഏറ്റവും മനോഹരമായ പ്രണയം,
അത് അവസാനിക്കുന്നേയില്ല,
രാധയുടേതു പോലെ.
-------------------------------------------------

No comments:

Post a Comment