Saturday, April 2, 2016

പൂക്കളായി വിവർത്തനം ചെയ്യൂ എന്ന് മുറിവുകൾ / സെറീന



യുദ്ധം തകർത്തുകളഞ്ഞ തെരുവിലൂടെ നടന്നിട്ടുണ്ടോ ,
യുദ്ധമെന്ന് പറയാനാവില്ല ,
അശരണമായ സ്വപ്നങ്ങളുടെയും
കുടിയൊഴിക്കപ്പെട്ട പ്രതീക്ഷകുളുടെയും
നഗരത്തിലേക്ക് അപ്രതീക്ഷിതമായി
വെടിയുണ്ടകൾ പായിച്ച് പാഞ്ഞു പോയ
ഒരു മഹാ വിപത്തിന് ശേഷം
ആ തെരുവിലൂടെ നടന്നിട്ടുണ്ടോ ?

ചോരയുടെ മണമുള്ള വാക്കുകൾ വേണ്ടെന്ന്
വെളുത്ത കൊടിയുയർത്തുന്നു
പ്രണയത്തിന്റെ രാജ്യം ,
മുറിവുകളിൽ നിന്നും പൂക്കളായി
വിവർത്തനം ചെയ്യാവുന്ന വാക്കുകളെ
തിരഞ്ഞു തിരഞ്ഞു ഞാനുറങ്ങിപ്പോയി
വിചിത്രമായ മേഘ  ലിപികളുടെ
കൈയ്യെഴുത്തു താളുകളുമായി ആകാശം .
അവ മറിച്ചു നോക്കി നോക്കി,
ആകെ ചിതറിപ്പോയ ഉടലിൽ നിന്നും
ഓർമ്മയുടെ അവസാന മുദ്ര കണ്ടെത്തും പോലെ
ഒരു  നക്ഷത്രത്തെയെങ്കിലും
എടുത്തു വെയ്ക്കാനെന്ന പോലെ കാറ്റ് ..

കലാപത്തിനു ശേഷം വരുന്ന ആദ്യത്തെ
രാത്രി പോലെ ,
ആര് , എവിടെയൊക്കെ എന്നറിയാതെ
തുറന്നു കിടക്കുന്നു, നിറയെ തുള വീണ
ചുവരുകളുമായി വീടുകൾ
ഇത്ര കാലവും നമ്മൾ
പരസ്പരം കാത്തിരിക്കുകയായിരുന്നോ
വഴികൾ അതിർത്തികളായി
വിഭജിക്കപ്പെട്ട ഈ തെരുവിൽ ?
------------------------------------------------------

No comments:

Post a Comment