Thursday, April 21, 2016

ഞാന്‍ എന്റെ ഗ്ലാസിനോട് സംസാരിക്കുന്നു / സച്ചിദാനന്ദന്‍


തണുത്തുറഞ്ഞ നിലാവുപോലെ
പടരുന്ന മൂടല്‍മഞ്ഞില്‍
ചീവീടുകളുടെ താഴ്വരയില്‍
ഞാന്‍ ഒറ്റയ്ക്കിരിക്കുന്നു.
ഈ ഗൗളിക്ക് മലയാളം മനസ്സിലാകാത്തതുകൊണ്ട്
ഞാന്‍ ബഹുഭാഷാജ്ഞാനിയായ
എന്റെ ഗ്ലാസിനോടു സംസാരിക്കുന്നു.
അതെന്നെ നോക്കി കണ്ണിറുക്കി പറയുന്നു:
'നിന്റെ സമയമടുത്തു.'
'നിന്റെയും' എന്ന് തിരിച്ചു പറഞ്ഞ്
അത് താഴെയിട്ടുടയ്ക്കാനുള്ള ആവേശം
ഞാന്‍ തടഞ്ഞു നിര്‍ത്തുന്നു; പകരം
ഞാനതിനെ ചുണ്ടോടടുപ്പിക്കുന്നു,
ഒരു കാമുകിയെ എന്ന പോലെ.
ലഹരിയില്‍ ഞാന്‍ ഏകാന്തത മറക്കുന്നു.
'ആനന്ദ്രേ..' ഉല്ലാസ് കഷല്‍കര്‍
ഭൈരവിയില്‍ ഒരു അഭംഗ് പാടുന്നു
പിറകില്‍ ഞാന്‍ ഭാവിയുടെ
വാദ്യങ്ങള്‍ കേള്‍ക്കുന്നു, മരണം
വര്‍ത്തമാനത്തില്‍ മാത്രമേ ഉള്ളൂ
എന്ന് ഉറപ്പു നല്‍കിക്കൊണ്ട്.
ഞാന്‍ അകത്തു നിന്ന് പൂട്ടിയിരുന്ന വാതില്‍
തള്ളിത്തുറന്നു കാറ്റും മഴയും നീയും
അകത്തു കടന്നു വരുന്നു, നീ എന്റെ
മടിയില്‍ വന്നിരിക്കുന്നു,
ഒരു വീണയെ എന്ന പോലെ
ഞാന്‍ നിന്നെ മീട്ടുന്നു, യെമന്‍ കല്യാണിയില്‍.
ഇനി ഇടിമിന്നലിനോ മൃത്യുവിനോ
എന്നെ ഭയപ്പെടുത്താനാവില്ല, നിന്റെ
പ്രണയത്തില്‍ ഞാന്‍ വീണ്ടും വീണ്ടും
ഉയിര്‍ക്കൊള്ളും, താഴത്തെ ആ പേരില്ലാതെ
ചുകന്ന പൂവിനെ തുടുപ്പിക്കുന്ന സൂര്യനെപ്പോലെ.
സെറ്റിയില്‍ ഇരുന്ന മാര്‍ലണ്‍ ജെയിംസിന്റെ
നോവല്‍ താനേ തുറക്കുന്നു. കൊലചെയ്യപ്പെട്ട
ബോബ് മാര്‍ളി അതില്‍ നിന്നിറങ്ങി വന്നുപാടുന്നു:
'Get up, stand up, stand up for your rights!'
'പ്രണയിക്കാനുള്ള അവകാശമാണോ?'
നീ ചോദിക്കുന്നു. 'അതെ, അതും ഒരവകാശമാണ്,
പിന്നെ പാടാന്‍, സ്വപ്‌നം കാണാന്‍.
സ്വപ്‌നങ്ങള്‍ക്ക് ഭരണഘടനയില്ല.'
എനിക്കു ജീവിക്കണം, ഭൂമി വീണ്ടും
പച്ചത്തൂവല്‍ കൊണ്ടു മൂടുംവരെ,
ആ തത്ത ഇക്കുറി
പ്രണയത്തിനായി മരിക്കാന്‍ തയ്യാറായ
രാവണന്റെ കഥ പാടും വരെ.
-----------------------------------------------------

No comments:

Post a Comment