Saturday, April 2, 2016

ഞാനൊരു ഗൂഢാലോചനക്കാരിയാണ് / ചിത്തിര കുസുമൻ

ഞാനൊരു ഗൂഢാലോചനക്കാരിയാണ് , 
ഇരിക്കുന്ന ഇരിപ്പിലൊക്കെ
നടക്കുന്ന നടപ്പിലൊക്കെ
കിടക്കുന്ന കിടപ്പിലൊക്കെ
അതിഗൂഢവും വിചിത്രവുമായ എത്രയെത്രയോ ആലോചനകളിൽ നിന്നാണ്
ഇങ്ങോട്ട് വായെന്ന് ഞാനെന്നെ വലിച്ചുപുറത്തേക്കിടുന്നത് !

ആടുന്ന രണ്ടു ജോഡി കാലുകളെ താഴെനിന്ന് മേലേക്കാലോചിച്ച്
ഇറങ്ങേണ്ട ബസ്സ്റ്റോപ്പ് കഴിഞ്ഞുപോയതുപോലെ,

പത്രങ്ങളിൽ മുഖം മറഞ്ഞും നിയമപാലകരാൽ ചുറ്റപ്പെട്ടും പിന്നെക്കാണാതായ
വിലങ്ങുവെച്ചിരുന്ന, മെലിഞ്ഞു വെളുത്ത രണ്ടു കൈത്തണ്ടകളെവിടെയാകുമെന്നോർത്ത്
വായിച്ചിരുന്ന പുസ്തകത്തിന്റെ പേജ്നമ്പർ മറന്നുപോയതുപോലെ,

വായോളം കൊണ്ടുവന്ന ചോറുരുള
കഴിക്കും മുൻപ് ചുറ്റും നോക്കണം എന്ന് പലവട്ടം തോന്നിയ പോലെ ,

സാറ സാറയെന്ന് രണ്ടുവട്ടം പ്രസവിക്കണമെന്ന് ,
എന്നിട്ട് അവൾക്ക് നാളെയൊന്നുമാകല്ലേയെന്ന് കരഞ്ഞുപോയതു പോലെ ,

ഉരുകിത്തിളക്കുന്ന ടാർ റോഡുകൾ മുഴുവൻ
ഏതു വയൽ , ഏതു പുഴ, ഏതു കുന്നു നിരത്തിയതാകുമെന്ന്
ഉച്ചി പൊള്ളിച്ച് നടന്നു തീർക്കുന്നതു പോലെ

അങ്ങനെ കേട്ടതുകൊണ്ട്
അങ്ങേരുടെ ഓരോ ഫോട്ടോയും ഫോട്ടൊഷോപ്പ് ചെയ്തതാണോയെന്ന്
പേർത്തും പേർത്തും നോക്കിപ്പോകുന്നതു പോലെ

ആസിഡ് വീണു പൊള്ളിയതാണോയെന്ന്
ഇടയ്ക്കു മുഖമൊന്നു തൊട്ടുനോക്കിപ്പോയതു പോലെ ,

രാജ്യാതിർത്തികൾക്കപ്പുറത്ത്
ശരീരവും മുഖവുമാകെമൂടിയൊരുത്തി
ഇന്നേരമോരോന്നു കുത്തിക്കുറിക്കുന്നുണ്ടാകുമോയെന്ന് ,
സങ്കടപ്പെടണ്ടയെന്ന് അവളോട്‌ പറയണമെന്ന് തോന്നിയ പോലെ ...

നിങ്ങളറിയുന്നുണ്ടോ പക്ഷേ ?
ഈ നാട്ടിൽ അതിഗൂഢമായിങ്ങനെ പലതുമാലോചിച്ചു പോകുന്നത്
ഞാനൊരാളല്ല .
ചിന്തകളുടെയും സ്നേഹത്തിന്റെയും ഗ്ലോബൽ വലകൾ
എവിടെയൊക്കെയോ നെയ്തു കൊണ്ടിരിക്കുന്നുണ്ട് .
അവ പരസ്പരം കൂട്ടിത്തൊടുന്ന നേരത്തിന്
ആകാശവും ഭൂമിയും സാക്ഷികളാകും ,
അന്ന്
നിങ്ങൾ പലപേരിൽ വിളിക്കുന്ന ദൈവങ്ങൾ
ഞങ്ങളോടൊത്ത് മരങ്ങൾ നടാൻ വരും .
അതിന്റെ തണലിനെക്കുറിച്ച്
ഞങ്ങൾ ഒരുമിച്ചു പാട്ടുകൾ പാടും.
അതിന്റെ വേരുകൾ ശേഖരിക്കാനിരിക്കുന്ന ജലത്തെക്കുറിച്ച്
ഞങ്ങളുടെ കുഞ്ഞുങ്ങൾ സ്വപ്നം കാണും .
അതിനു മേലെക്കൂടുകളിൽ വിരിയാനിരിക്കുന്ന മുട്ടകളിലെ
കിളിയൊച്ചകളിൽ നിങ്ങൾക്ക് ചെവികളടഞ്ഞു പോകും.
കറുപ്പും വെളുപ്പും തവിട്ടും നിറമുള്ള കൈകൾ
പരസ്പരം കോർത്തുവെച്ച് ഞങ്ങളൊരു ചിത്രം വരയ്ക്കും,
അതിൽ പക്ഷേ , നിങ്ങളുണ്ടാവുകയില്ല .
നിശ്ചയം .


No comments:

Post a Comment