Tuesday, April 5, 2016

അമ്മയ്ക്കു വയ്യായ വന്നാൽ / അനാമിക ഹസിത



         
അമ്മയ്ക്കു വയ്യായ വന്നാൽ,

      സൂര്യനു മുൻപേയെണീറ്റ്
      വായിട്ടലയ്ക്കുന്ന റേഡിയോ
      മൗനപ്രാർത്ഥനയിൽ മുഴുകും.

      അനുസരണക്കേടിനു ലൈസൻസുകിട്ടിയ
      കരിയിലപ്പെണ്ണുങ്ങളെ നോക്കി
      ചൂല് പുരികങ്ങളെ ചുളിച്ചൊടിക്കും.

      പുട്ടുകുറ്റിയും ഇഡ്ഡലിച്ചെമ്പും ചപ്പാത്തിപ്പലകയും
      താടിക്കു കൈയും കൊടുത്ത്
      ഇരുന്നേടത്തു വേരു മുളപ്പിയ്ക്കും.

അമ്മയ്ക്കു വയ്യായ വന്നാൽ,

      പതിവുപറ്റുകാരായ
      അണ്ണാറക്കുട്ടനും
      കാക്കയും കുഞ്ഞിക്കിളികളും
      മതിൽമുകളിലെ ഊട്ടുപുരയിൽ
      ഈച്ചയാട്ടിത്തോൽക്കും.

      ഒളിച്ചുകളി ശീലമാക്കിയ
      എന്റെ പേനയും അച്ഛന്റെ കണ്ണടയും
      ആജ്ഞകൾ ആത്മഹത്യ ചെയ്തതറിഞ്ഞ്
      ഉടമസ്ഥർക്കു മുൻപിൽ
      ഹാജർ കൊടുക്കും.

      എട്ടുമണിയ്ക്ക്
      ചോറും കൂട്ടാനും കുത്തി വിഴുങ്ങി
      മേശപ്പുറത്ത് പ്രത്യക്ഷപ്പെടാറുള്ള
      ഇരട്ടപ്പാത്രങ്ങൾ
      ഒരുമിച്ചുപവാസമനുഷ്ഠിയ്ക്കും.

അമ്മയ്ക്കു വയ്യായ വന്നാൽ,

      എന്റെ യൂണിഫോമിനേയും
      അച്ഛന്റെ ഷർട്ടിനേയും
      കെട്ടിപ്പിടിച്ചുമ്മ വെയ്ക്കാൻ
      ചുളിവുകൾ മത്സരിക്കും.

      കൺമുൻപിൽ പെട്ടാലും അറിയാതെ തൊട്ടാലും
      ഉടനുയരുന്ന
      നൂറ്റിയിരുപത് ഡെസിബെൽ ശബ്ദത്തിന്റെ
      മുതലാളിയെക്കാണാതെ
      പാറ്റ, എട്ടുകാലിക്കുടുംബങ്ങൾ
      കണ്ണീരു വാർക്കും.

      പൂവായി വിരിഞ്ഞും
      മരമായി വളർന്നും
      വേരായി പടർന്നും
      വിലസുന്ന
      അമ്മക്കുട്ടിയുടെ ടീച്ചർനേരങ്ങളെ വിഴുങ്ങാൻ
      ഓസിലേഷനും പിബ്ലോക്കും കോംപ്ലക്‌സ് നമ്പേഴ്‌സും
      കൈകോർത്തിറങ്ങും.

അമ്മയ്ക്കു വയ്യായ വന്നാൽ,

      ചവിട്ടുകളേറ്റു വാങ്ങി ചറപറക്കോലത്തിലായ തറയോട്,
      കുളിപ്പിച്ചു കണ്ണെഴുതി പൊട്ടു തൊടീപ്പിക്കാത്തതിനു മുഖം വീർപ്പിക്കും.

      ഇന്നലെ വരെ അംബാനിമാരായിരുന്ന ടെറസിലെ
      വെണ്ടയും തക്കാളിയും വഴുതനയും
      റേഷൻ കാർഡിൽ പേരു  ചേർക്കാനോടും.

      അടുക്കളയില കൂമ്പും.

      ഇട്ടു മാറിയ തുണികൾ ഇൻസ്റ്റലേഷനുകളായി പരിണമിക്കും.

      പിന്നെ,
      രാത്രിയിലെത്താറുള്ള കാമുകിയെക്കാണാതെ
      ഷെൽഫുകളിൽ കാത്തു മുഷിഞ്ഞ പുസ്തകച്ചെക്കന്മാർ നെടുവീർപ്പിടും.

ഇതെല്ലാം കണ്ടു നിൽക്കാനാവാത്തത്രയും
ലോലഹൃദയരായതു കൊണ്ടാണ്,
സ്വന്തം തടി പോലും നോക്കാതെ
മൊത്തമായും ചില്ലറയായും
ഉള്ള വയ്യായകളെ മുഴുവൻ ഏറ്റെടുക്കാൻ
ഞാനും അച്ഛനും മുന്നോട്ടു വരുന്നത്.
----------------------------------------------------------

No comments:

Post a Comment