രമണനിരുന്നേടത്ത്
പാത്തുമ്മായുടെ ആടിനെക്കാണാം
ചെമ്മിൻ വച്ചേടത്ത്
കേരളത്തിലെ പക്ഷികൾ ചേക്കേറി
പാവങ്ങളുടെ സ്ഥാനത്ത്
പ്രഭുക്കക്കളും ഭൃത്യന്മാരുമാണ്
മാർത്താണ്ഡവർമ്മയെ തിരഞ്ഞാൽ
ഡാക്കുള പിടികൂടാം
ലൈബ്രേറിയൻ മരിച്ചതിൽ പ്പിന്നെ
വായനശാലയ്ക്ക് വ്യവസ്ഥയില്ലാതായി
ക്രമനമ്പർ തെറ്റി
ഇരിപ്പടങ്ങൾ മാറി
പുറം ചട്ടകൾ ഭേദിച്ച്
ഉള്ളടക്കം പുറത്തുകടന്നു.
2.
കുത്തഴിഞ്ഞ പുസ്തകങ്ങളുടെ
ഏടുകളിൽ
കയറി
കഥാപാത്രങ്ങൾ
സ്വച്ഛന്ദസഞ്ചാരം തുടങ്ങി.
രണ്ടാമൂഴത്തിലെ ഭീമൻ
കരമസോവ് സഹോദരന്മാരെ
പരിചയപ്പെട്ടു.
പ്രഥമപ്രതിശ്രുതിയിലെ
ബംഗാളിയായ സത്യ
കോവിലന്‍റെ തട്ടകത്തിലെത്തി.
നേത്രാദാമിലെ കൂനനെക്കണ്ട്
ഖസാക്കിലെ അപ്പുക്കിളി
അന്തംവിട്ടു.
ഈയെമ്മസിന്‍റെ ആത്മകഥയിരിക്കുന്ന
ഷെല്‍ഫിലേക്ക് കൊണ്ടുപോകണേ എന്ന്
ഈയ്യിടെ വന്ന
മുകുന്ദന്‍റെ(കേശവന്‍റെ) അപ്പൂക്കുട്ടൻ
വാവിട്ടുവിലാപിക്കാൻ തുടങ്ങി
മൂലധനം അപ്രത്യക്ഷമായി
രതിസാമ്രാജ്യം തിരിച്ചുവന്നു.
അലമാരയിലെ കുഴമറിച്ചിൽ കണ്ട്
ചിരിച്ചു ചിരിച്ച്
വി.കെ. എന്നിന്‍റെ പയ്യൻസ്
തുന്നലിട്ട് കിടപ്പിലായി.
3
ലൈബ്രേറിയൻ മരിച്ചതിൽപ്പിന്നെ
വായനക്കാരുടെ പ്രതികരണങ്ങളും മാറി
ജാതിവ്യവസ്ഥയും കേരളചരിത്രവും
എന്ന പുസ്തകത്തിന്‍റെ അവസാനപേജിൽ
'വളരെ നല്ല നോവൽ' എന്ന്
ഒരു വായനക്കാരൻ
അഭിപ്രായം കുറിച്ചു.
അഴിക്കോടിന്‍റെ തത്വമസി
ബാലസാഹിത്യശാഖയില്‍പ്പെട്ടു.
ശബ്ദതാരാവലി ലൈംഗികവിജ്ഞാനകോശമായി
കഥ കവിത ലേഖനം നാടകം
തുടങ്ങിയ അസംബന്ധങ്ങളുടെ
കാറ്റ്ലോഗ് കാണാതായി
4
ലൈബ്രേറിയൻ മരിച്ചതിൽ പിന്നെ
വായനശാലയ്ക്ക്
കൃത്യമായ പ്രവൃത്തിസമയമില്ലാതായി
എപ്പോൾ തുറക്കുമെന്നോ
എപ്പോൾ അടയ്ക്കുമെന്നോ
പറയാനാവില്ല.
ഒരിക്കൽ അർദ്ധരാത്രി
സെക്കന്‍റ് ഷോ കഴിഞ്ഞു മടങ്ങുമ്പോൾ
വായനശാലയുടെ ജനാലയ്ക്കൽ
മങ്ങിയവെട്ടം കണ്ട്
ആകാംക്ഷയോടെ പാളിനോക്കി.
ദൈവമേ!
മെഴുകുതിരികളുടെ
മഞ്ഞവെളിച്ചത്തിൽ
ഒരു വലിയ അതിഥിസല്ക്കാരം
നടക്കുകയാണവിടെ.
എഴുത്തുകാരെയും
കഥാപാത്രങ്ങളെയും കൊണ്ട്
ഹാളിലെ ഇരിപ്പിടങ്ങൾ
നിറഞ്ഞിരിക്കുന്നു.
അതാ
മഞ്ഞകുപ്പായം ധരിച്ച്
ചുരുട്ടുപുകച്ചുകൊണ്ട്
ഫയദോർ ദസ്തയോവ്സ്കി.
വളഞ്ഞകാലുള്ള വടിയുന്നിക്കൊണ്ട്
തകഴി ശിവശങ്കരപ്പിള്ള.
തൊപ്പിയൂരിപ്പിടിച്ച്
ജനാലയിലൂടെ പുറത്തേക്ക് നോക്കുന്നു
പാബ്ളോ നെരുദ.
കോണിച്ചുവട്ടിൽ
ചെറുപ്പക്കാരെ പ്രകോപിപ്പിച്ചുകൊണ്ട്
എം.ഗോവിന്ദൻ
ഇംഗ്ളീഷ് മലയാളം
ഫ്രഞ്ച് റഷ്യൻ
പല ഭാഷകളിൽ ഉച്ചത്തിൽ
അവർ സംസാരിക്കുന്നുണ്ടെങ്കിലും
ശബ്ദം പുറത്തുവന്നിരുന്നില്ല.
ഇടയ്ക്ക്, മൂലയിൽ ഇരുന്ന
വട്ടകണ്ണടയും ജുബ്ബയും ധരിച്ച
ആ മെലിഞ്ഞ ചെറുപ്പക്കാരൻ_
അതെ ചങ്ങമ്പുഴ തന്നെ-
ഒഴിഞ്ഞ ഗ്ളാസ്സുയർത്തികൊണ്ട്
എന്തോ വിളിച്ചു പറഞ്ഞു.
ഉടൻ തന്നെ
അലമാരകൾക്കു പിന്നിൽ നിന്ന്
ഒരു മനുഷ്യൻ
നിറഞ്ഞ ചഷകവുമായി
അങ്ങോട്ട് നീങ്ങി.
മെഴുകുതിരി വെളിച്ചത്തിൽ
ഒരു ഞൊടികൊണ്ട്
ആ മുഖം
ഞാൻ തിരിച്ചറിഞ്ഞു.
അതെ. ആയാൾ തന്നെ.
മരിച്ചുപോയ നമ്മുടെ ലൈബ്രേറിയൻ.
--------------------------------------------------------------