Friday, January 30, 2015

നിശാഗന്ധി നീയെത്ര ധന്യ! / ഓ.എന്‍.വി.കുറുപ്പ്


നിശാഗന്ധി നീയെത്ര ധന്യ..
നിഴല്‍ പാമ്പുകള്‍ കണ്ണുകാണാതെ നീന്തും നിലാവില്‍
നിരാലംബശോകങ്ങള്‍തന്‍ കണ്ണുനീര്‍പൂക്കള്‍
കണ്‍ചിമ്മിനില്‍ക്കുന്ന രാവില്‍,
നിശാഗന്ധി നീയേതദൃശ്യപ്രകാശത്തെ
നിന്നുള്ളിലൂതിത്തെളിക്കാനൊരേ നില്പ് നിന്നൂ..
നിലാവും കൊതിക്കും മൃദുത്വം നിനക്കാരു തന്നൂ..
മഡോണാസ്മിതത്തിന്നനാഘ്രാത ലാവണ്യ നൈര്‍മല്യമേ
മൂകനിഷ്പന്ദ ഗന്ധര്‍വ്വസംഗീതമേ..
മഞ്ഞുനീരില്‍ തപം ചെയ്തിടും നിത്യകന്യേ
നിശാഗന്ധി നീയെത്ര ധന്യ,
നിശാഗന്ധി നീയെത്ര ധന്യ..
വിടര്‍ന്നാവു നീ സുസ്മിതേ
നിന്‍ മനസ്സില്‍ തുടിക്കും പ്രകാശം പുറത്തില്ല..
ഇരുള്‍ പെറ്റ നാഗങ്ങള്‍ നക്കിക്കുടിക്കും
നിലാവിന്‍റെ നാഴൂരിവെട്ടം തുളുമ്പിത്തുടിക്കുന്ന
മണ്‍ചട്ടിയില്‍ നീ വിടര്‍ന്നു,
വിടര്‍‌ന്നൊന്നു വീര്‍‌പ്പിട്ടു നിന്നൂ..
മനസ്സിന്റെ സൗമ്യാര്‍ദ്ര ഗന്ധങ്ങളാ വീര്‍പ്പിലിറ്റിറ്റു നിന്നൂ..
നിശാഗന്ധി നീയെത്ര ധന്യ,
നിശാഗന്ധി നീയെത്ര ധന്യ..
നിനക്കുള്ളതെല്ലാമെടുക്കാന്‍ കൊതിക്കും
നിശാവാതമോടിക്കിതച്ചെത്തി നിന്‍
പട്ടുചേലാഞ്ചലത്തില്‍ പിടിക്കെ..
കരം കൂപ്പിയേകാഗ്രമായ്,
ശാന്തനിശ്ശബ്ദമായ്,
ധീരമേതൊരു നിര്‍വ്വാണമന്ത്രം ജപിച്ചു..
നിലാവസ്തമിച്ചു,
മിഴിച്ചെപ്പടച്ചു,
സനിശ്വാസമാ ഹംസഗാനം നിലച്ചു..
നിശാഗന്ധി നീയെത്ര ധന്യ,
നിശാഗന്ധി നീയെത്ര ധന്യ..
ഇവര്‍ക്കന്ധകാരം നിറഞ്ഞോരുലോകം തുറക്കപ്പെടുമ്പോള്‍
ജനിച്ചെന്ന തെറ്റിന്നു ജീവിക്കുകെന്നേ വിധിക്കപ്പെടുമ്പോള്‍
തമസ്സിന്‍ തുരുമ്പിച്ച കൂടാരമൊന്നില്‍ തളച്ചിട്ട ദു:ഖങ്ങള്‍ ഞങ്ങള്‍
കവാടം തകര്‍‌ത്തെത്തുമേതോ സഹസ്രാംശുവെ
കാത്തുകാത്തസ്തമിക്കുന്ന മോഹങ്ങള്‍ ഞങ്ങള്‍,
ഭയന്നുറ്റു നോക്കുന്നു ഹാ മൃത്യുവെ..
നീ മൃത്യുവെ സ്വയം കൈവരിച്ചോരു കന്യ
നിശാഗന്ധി നീയെത്ര ധന്യ,.
നിശാഗന്ധി നീയെത്ര ധന്യ..
നിശാഗന്ധി നീയെത്ര ധന്യ..
--------------------------------------

Sunday, January 25, 2015

ചിറകുള്ള വീടുകള്‍ / ഗിരിജ പതേക്കര


കുട്ടിക്കാലത്ത്
അവളെല്ലായ്പ്പോഴും
ചിത്രം വരക്കുമായിരുന്നു-
ഉറക്കെച്ചിരിക്കുന്ന മുത്തശ്ശന്‍െറ.
മുത്തശ്ശന്‍ പറഞ്ഞുകേട്ട മുത്തശ്ശിയുടെ.
പറക്കുന്ന കിളിയുടെ.
തുഴയുന്ന മീനിന്‍െറ.
ഒഴുകുന്ന പുഴയുടെ.
ഉദിക്കുന്ന സൂര്യന്‍െറ.
ഏതോ മലയുടെ തോളില്‍,
ചാഞ്ഞിറങ്ങുന്ന പച്ചപ്പിനിടയില്‍,
ചിറകുനീര്‍ത്തി
ചരിഞ്ഞുനില്‍ക്കുന്ന വീടിന്‍െറ.
വീടുവരക്കുമ്പോഴെല്ലാം
വീഴാന്‍ പോകുന്ന വീടെന്ന്
മുത്തശ്ശനവളെ കളിയാക്കും.
ഓടാന്‍ വെമ്പുമാറുള്ള
ചന്തമേറിയ വീടുകള്‍
മുത്തശ്ശിപണ്ട്
അടുക്കളച്ചുമരില്‍
കോറിയിടാറുള്ളത്
ഓര്‍ത്തെടുക്കും.
പിന്നെപ്പിന്നെ
ചിത്രം വരക്കാന്‍
മുത്തശ്ശി മറന്നുപോയെന്ന്
നെടുവീര്‍പ്പിടും.
ചിറകുള്ളോരൊക്കെയും
വീടുവിട്ടകലുമ്പോള്‍
വീടൊറ്റക്കാവുമെന്നും
അപ്പോള്‍
മലമുകളില്‍നിന്ന് മാനത്തേക്കും
കാറ്റിനോടൊപ്പം താഴത്തേക്കും
കുതികുതിക്കുന്ന
വീടാണെന്‍െറ വീടെന്നും
അവള്‍ വാചാലയാകുമ്പോള്‍
മുത്തശ്ശനവളെ ചേര്‍ത്തണയ്ക്കും.
വീടിന്‍െറ വിചാരങ്ങള്‍
ഇത്രചെറുപ്പത്തിലേ വായിച്ചെടുക്കാന്‍
അവള്‍ക്കല്ലാതെ
മറ്റാര്‍ക്കാണാവുക?
--------------------------------

സൈക്കിള്‍ / റീമ അജോയ്‌



അപ്പനൊരു സൈക്കിള്‍ ഉണ്ടായിരുന്നു
എന്നും എണ്ണയിട്ടു മയക്കി,
തൂത്തു തുടച്ചു,
മിനുമിനാന്നു
മിനുക്കി വെച്ചിരുന്നു,
എന്നുമപ്പന്‍ സൈക്കിളും ചവിട്ടി
പണിക്കു പോകുമ്പോള്‍,
സൈക്കിള്‍ ചിറകുള്ള
ഒരു കുതിരയാണെന്ന്,
അപ്പനൊരു പുണ്യാളനാണെന്ന് ,
ഞങ്ങളൊക്കെ രാജാക്കന്മാരാണെന്ന് ,
വെറുതെ
വെറുതെ
കുളിര് കൊണ്ടിരുന്നു.
എന്നും ,
പരിപ്പ് കറി മണവും,
ഉപ്പുമാങ്ങ കനപ്പും,
കുത്തരി ചോറിന്റെ ആവിപ്പും
ഉയര്‍ന്നിരുന്ന കുരിശുവരനേരങ്ങള്‍
കഴിഞ്ഞു കിട്ടാന്‍ ഞങ്ങള്‍ക്കൊരു
കാത്തിരിപ്പുണ്ട്,
ആ നേരങ്ങളിലാണ്,
കള്ളനെ ഓടിച്ചതും ,
അഞ്ചു കണ്ണനെ
രണ്ടു കണ്ണുരുട്ടി പേടിപ്പിച്ചതും ,
കാല് നിലത്തുറയ്ക്കാത്ത
യക്ഷിയെ കണ്ടപ്പോള്‍
ചക്രം നിലത്തു തൊടാതെ പറന്നതുമായ
സൈക്കിള്‍ കഥകളും,
അപ്പനും, ഞങ്ങളും കൂടെ
ഉരുണ്ടു പിരളുക.
പിന്നെയൊരു ദിവസം
സൈക്കിള്‍ ആണോ പെണ്ണോ
എന്നു സംശയപ്പെട്ടിരുന്ന
ഒരു നേരത്താണ്
അതിന്റെ വല്യസീറ്റ്
ഒരു ഉണ്ണി സീറ്റിനെ പെറ്റിട്ടത്,
തീര്‍ന്നൂ....
അതോടെ സൈക്കിള്‍
വളര്‍ന്ന്
വളര്‍ന്ന്
വളര്‍ന്ന്
മാനം മുട്ടുന്ന
രാക്ഷസസൈക്കിള്‍ ആയി,
ഉണ്ണി സീറ്റില്‍ ആദ്യമിരിക്കാന്‍
ഞങ്ങള്‍ തമ്മില്‍ പിച്ചും മാന്തുമായി,
പിച്ചിനും മാന്തിനുമിടെ
ഞങ്ങളും
വളര്‍ന്ന്
വളര്‍ന്ന്
വളര്‍ന്ന്
മാനം മുട്ടുന്ന ഞങ്ങളായി,
അപ്പനിതിനിടെ
പിണങ്ങി ഒരു പോക്ക് പോയി,
പരിപ്പ് കറി മണം ഇല്ലാതായി,
ഉപ്പുമാങ്ങ ഭരണി പൊട്ടി പ്പോയി,
സൈക്കിള്‍ തുരുമ്പിച്ച് മൂലയ്ക്ക് ഇരുപ്പുമായി,
എന്നാലും ഞങ്ങളിപ്പോഴും
കുരിശു വരനേരങ്ങളും
കാത്തു സൈക്കിള്‍ കഥകള്‍ക്ക്
കാതും കൂര്‍പ്പിച്ചിരിപ്പാണ്,
അപ്പോഴൊക്കെ ആകാശത്തൂന്നു
സൈക്കിള്‍ മണി കേള്‍ക്കാറുണ്ട്,
ഞങ്ങളെ ഉണ്ണി സീറ്റില്‍
ഇരുത്തി കൊണ്ട് പോകാന്‍
ചിറകുള്ള കുതിരപ്പുറത്ത്
ഒരു കൊട്ടകഥകളുമായി
പുണ്യാളന്‍ വരുന്നതാണ്,
ഉറക്കത്തിലെന്നെ പിച്ചല്ലേ ചെക്കാ ....
നമ്മടപ്പന്‍ സത്യമായും ഒരു പുണ്യാളനാണ് ..
--------------------------------------------

ചാർവ്വാകൻ /കുരീപ്പുഴ ശ്രീകുമാ


അഗ്നിയും ഹിമവും
മുഖാമുഖം കാണുന്ന സുപ്രഭാതം
പുഷ്പവും പക്ഷിയും
പ്രത്യക്ഷമാവുന്ന സുപ്രഭാതം
ഉപ്പു കുമിഞ്ഞപോലദ്രി,യതിനപ്പുറം
അത്തിനുന്തോംതകച്ചോടു വച്ചങ്ങനെ
വിത്തിട്ടു പോകും കൃഷി സ്ഥലം.
വെണ്‍കരടി
സ്വപ്നത്തിലെന്നപോൽ
ഗായത്രി ചൊല്ലുന്ന ഗർഭഗൃഹം
വൃദ്ധ താപസർ പ്രാപിച്ചു വൃത്തികേടാക്കിയ
വേദക്കിടാത്തികൾ
കത്തി നിവർന്ന വിളക്ക് ചാർവ്വാകൻ
ജടയിൽ കുരുങ്ങിയ ദർഭ ത്തുരുമ്പുകൾ
പുഴയിലേക്കിട്ട് പുലർച്ചയിലേക്കിട്ട്
പച്ച കെടുത്തി പുലഭ്യത്തിലേക്കിട്ട്
പുച്ഛം പുരട്ടി പുരീഷത്തിലേക്കിട്ട്
പരിധിയില്ലാത്ത മഹാ സംശയങ്ങളാൽ
പ്രകൃതിയെ ചോദ്യശരത്തുമ്പിൽ മുട്ടിച്ച്
വിഷമക്കഷായം കൊടുത്തു
വിഷക്കോള് പുറമേക്കെടുത്തെറിയുന്നു ചാർവ്വാകൻ.
ലക്ഷ്യം കുലച്ച ധനുസ്സ് ചാർവ്വാകൻ.
സിദ്ധബൃഹസ്പതിയുത്തരം നല്‍കാതെ
ചക്ഷുസ്സിനാലേ വിടർത്തിയ
മാനസ -
തൃഷ്ണാരവിന്ദം സുഗന്ധം പരത്തുന്നു.
ഉൽക്കമഴയെന്ത് തീത്താരമെ,ന്താകാശ-
മത്ഭുതകൂടാരമായതെന്തിങ്ങനെ ?
എന്താണു വായു ,ജലം ,ഭൂമി
ചൈതന്യ -
ബന്ധുരമായ പദാർത്ഥ പ്രപഞ്ചകം.
അന്ധതയെന്ത്, തെളിച്ചമെന്ത്,
സ്നേഹ-
ഗന്ധികൾ കോർക്കുന്ന സ്ത്രീത്വമെന്ത് ?
ബീജമെന്ത്, അണ്ഡമെന്ത്,
ഉൾക്കാടു കത്തുന്ന
ഞാനെന്ത്, നീയെന്ത്,
പർവ്വതം ,സാഗരം, ഭാനുപ്രകാശം ,
ജനി,മൃതിയിങ്ങനെ നാനാതരം കനൽചോദ്യങ്ങൾ ,
പ്രജ്ഞയിൽ
ലാവ വർഷിക്കെ
വളർന്നു ചാർവ്വാകൻ.
നേരേത് ,കാരണമരത്തിന്റെ നാരായ വേരേത്, നാരേത്
അരുളേതു പൊരുളേത് ?
നരിയാണിയെരിയുന്ന വെയിലത്ത് നിന്നു മഴയത്തിരുന്നു
മണലിൽ നടന്നീറ്റുപുരയിൽ കടന്നു
മരണക്കിടക്കതന്നരികത്തലഞ്ഞു
അന്വേഷണത്തിന്നനന്തയാമങ്ങളിൽ
കണ്ണീരണിഞ്ഞു ചാർവ്വാകൻ.
ബോധം ചുരത്തിയ വാള് ചാർവ്വാകൻ.
ഇല്ല ദൈവം, ദേവശാപങ്ങൾ മിഥ്യകൾ
ഇല്ലില്ല ജാതിമതങ്ങൾ ,
പരേതർക്കു ചെന്നിരിക്കാന്‍
ഇല്ല സ്വർഗ്ഗവും നരകവും
ഇല്ല പരമാത്മാവുമില്ലാത്മമോക്ഷവും.
മുജ്ജന്മമില്ല ,പുനർജന്മമില്ല
ഒറ്റ ജന്മം
നമുക്കീയൊറ്റജീവിതം .
മുളകിലെരിവ്, പച്ച മാങ്ങയിൽ പുളിവ്
പാവലിൽ കയ്പ്പ് ,പഴത്തിലിനിപ്പ്
ഇതുപോലെ നൈസർഗികം മർത്യബോധം
ഇതിൽ ഈശ്വരന്നില്ല കാര്യവിചാരം .
ചാരുവാക്കിന്റെ നെഞ്ചൂക്ക് ചാർവ്വാകൻ.
വേശ്യയും, പൂണൂലണിഞ്ഞ പുരോഹിത വേശ്യനും വേണ്ട
സുര വേണ്ട, ദാസിമാരോടോത്തു ദൈവീകസുരതവും വേണ്ട.
പെണ്ണിനെക്കൊണ്ടു മൃഗലിംഗം ഗ്രഹിപ്പിച്ചു
പുണ്യം സ്ഖലിപ്പിക്കുമാഭാസമേധവും
അമ്മയെക്കൊല്ലുന്ന ശൂരത്വവും വേണ്ട.
ജീവികുലത്തെ മറന്നു ഹോമപ്പുക
മാരിപെയ്യിക്കുമെന്നോർത്തിരിക്കും
വിഡ്ഡി -രാജാവ് വേണ്ട രാജര്‍ഷിയും വേണ്ട .
ചെങ്കോൽ കറുപ്പിച്ച മിന്നൽ ചാർവ്വാകൻ.
അച്ഛനോടെന്തിത്ര ശത്രുത ,
മേലേക്കു രക്ഷപ്പെടുത്തുവാൻ മാർഗം ബലിയെങ്കിൽ
പാവം മൃഗത്തിനെ മാറ്റിപ്പിതാവിനെ സ്നേഹപൂർവ്വം ബലിനൽകാത്തതെന്തു നീ ?
തെറ്റാണു യജ്ഞം, അയിത്തം,പുല,വ്രതം ഭസ്മം പുരട്ടൽ ,
ലക്ഷാർച്ചന ,സ്ത്രോത്രങ്ങൾ
തെറ്റാണു ജ്യോത്സ്യപ്പുലമ്പലും തുള്ളലും
അർത്ഥമില്ലാത്തതീ ശ്രാദ്ധവും ഹോത്രവും
പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു പാഴാക്കിടാതൊറ്റ-
മാത്രയുമത്രയ്ക്കു ധന്യമീ ജീവിതം
വേദനമുറ്റിത്തഴച്ചൊരീ വിസ്മയം
സ്നേഹിച്ചു സ്നേഹിച്ചു സാർത്ഥകമാക്കണം.
പട്ടാങ്ങുണർത്തി നടന്നു ചാർവ്വാകൻ.
മറ്റൊരു സന്ധ്യ ചെങ്കണ്ണനാദിത്യനെ
നെറ്റിയിൽ ചുംബിച്ചു യാത്രയാക്കീടുന്നു
ബുദ്ധിമാന്ദ്യത്താൽ പുരോഹിതക്കോടതി
കല്പിച്ചു, കൊല്ലുകീ ധിക്കാരരൂപിയെ.
കൊന്നാൽ നശിക്കില്ലയെന്നു മണ്‍പുറ്റുകൾ
കണ്ടു പഠിക്കുകയെന്നു പൂജാരികൾ
ദുർവിധി -ചൊല്ലീ നദിയും ജനങ്ങളും
കൊല്ലരുതേ... തേങ്ങി വിത്തും കലപ്പയും.
സർപ്പവും സതിയും
പരസ്പരം പുല്‍കുന്ന ക്രുദ്ധരാത്രി
അപ്പുറത്ത് ആന്ധ്യം മുകർന്ന സവർണനാമഗ്നിഹോത്രി
കെട്ടിവരിഞ്ഞിട്ടു തീയിൽ ദഹിപ്പിച്ചു
ശുദ്ധരിൽ ശുദ്ധനെ നന്മപ്പിതാവിനെ.
തീനാമ്പകറ്റിയൊരൂർജ്ജപ്രവാഹമായ്
ലോകായതക്കാറ്റുടുത്തിറങ്ങികൊണ്ട്‌
രക്തസാക്ഷിക്കില്ല മൃത്യുവെന്നെന്നിലെ ദു:ഖിതനോടു പറഞ്ഞു ചാർവ്വാകൻ .
രക്തസാക്ഷിക്കില്ല മൃത്യുവെന്നെന്നിലെ ദു:ഖിതനോടു പറഞ്ഞു ചാർവ്വാകൻ!!
---------------------------------------------------------------------------------

ശേഷക്രിയ / അശോകന്‍ മണിയൂര്‍


എന്നെ
പുതപ്പിക്കാന്‍ ചാര്‍ത്തിയ
പട്ടുതുണി
എനിക്ക് തന്നിരുന്നെങ്കില്‍
ഏറെ നാള്‍
ഞാന്‍ അതുടുത്തു നടന്നേനെ.

വായ്ക്കരിയിടാന്‍ ചൊരിഞ്ഞ
അരിമണികള്‍
ഒരു നേരമെങ്കിലും
വിശപ്പിന്‍റെ
അഗ്നിജ്വാലകള്‍ അകറ്റിയേനെ.
എന്നെ ചുമക്കുന്നവരേ,
പെരുവഴിയില്‍ ഞാന്‍
തളര്‍ന്നു വീണപ്പോള്‍
ഒരു താങ്ങായിരുന്നെങ്കില്‍
ഏറെ ആശ്വാസമായേനെ.
അനുശോചന വേളയില്‍
പറഞ്ഞ
നല്ല വാക്കുകള്‍
എന്‍റെ
കാതിലെങ്കിലും
പറഞ്ഞിരുന്നുവെങ്കില്‍...
-------------------------------

ചങ്ങമ്പുഴ കൃഷ്ണപിള്ള / കാവ്യനര്‍ത്തകി


കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി
കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി
കടമിഴിക്കോണുകളില്‍ സ്വപ്നം മയങ്ങി
കതിരുതിര്‍ പൂപ്പുഞ്ചിരി ചെഞ്ചുണ്ടില്‍ തങ്ങി
ഒഴുകുമുടയാടകളിലൊളിയലകള്‍ ചിന്നി
അഴകൊരുടലാര്‍ന്ന പോലങ്ങനെ മിന്നി
മതിമോഹന ശുഭനര്‍ത്തനമാടുന്നയി ,മഹിതേ
മമ മുന്നില്‍ നിന്നു നീ മലയാളകവിതേ.

ഒരു പകുതി പ്രജ്ഞയില്‍ നിഴലും നിലാവും
ഒരു പകുതി പ്രജ്ഞയില്‍ കരിപൂശിയ വാവും
ഇടചേര്‍ന്നെന്‍ ഹൃദയം പുതുപുളകങ്ങള്‍ ചൂടി
ചുടുനെടുവീര്‍പ്പുകള്‍ക്കിടയിലും കൂടി.
അതിധന്യകളുഡുകന്യകള്‍ മണിവീണകള്‍ മീട്ടി
അപ്സരരമണികള്‍ കൈമണികള്‍ കൊട്ടി
വൃന്ദാവനമുരളീരവപശ്ചാത്തലമൊന്നില്‍
സ്പന്ദിക്കുമാമധുരസ്വരവീചികള്‍ തന്നില്‍
താളം നിരനിരയായ് നുരയിട്ടിട്ടു തങ്ങി
താമരത്താരുകള്‍ പോല്‍ തത്തീ ലയഭംഗി.
സതതസുഖസുലഭതതന്‍ നിറപറ വെച്ചു
ഋതുശോഭകള്‍ നിന്‍ മുന്നില്‍ താലം പിടിച്ചു
തങ്കത്തരിവളയിളകി നിന്‍ പിന്നില്‍ തരളിതകള്‍
സങ്കല്പസുഷമകള്‍ ചാമരം വീശി.
സുരഭിലമൃഗമദതിലകിതഫാലം
സുമസമസുലളിതമൃദുലകപോലം
നളിനദളമോഹനനയനവിലാസം
നവകുന്ദസുമസുന്ദരവരമന്ദഹാസം
ഘനനീലവിപിനസമാനസുകേശം
കുനുകുന്തളവലയാങ്കിതകര്‍ണ്ണാന്തികദേശം.
മണികനകഭൂഷിതലളിതഗളനാളം
മമ മുന്നിലെന്തെന്തൊരു സൌന്ദര്യമേളം!
മുനിമാരും മുകരാത്ത സുഖചക്രവാളം
പുണരുന്നൂ പുളകിതം മമ ജീവനാളം.
ഇടവിടാതടവികളും ഗുഹകളും ശ്രുതികൂട്ടിയ
ജടതന്‍ ജ്വരജല്പനമയമായ മായ
മറയുന്നൂ--വിരിയുന്നൂ മമ ജീവന്‍ തന്നില്‍
മലരുകള്‍--മലയാളകവിതേ നിന്‍ മുന്നില്‍
നിര്‍ന്നിമേഷാക്ഷനായ് നില്‍പ്പതഹോ ഞാനിദം
നിന്‍ നര്‍ത്തനമെന്തത്ഭുതമന്ത്രവാദം.
കണ്ടു നിന്‍ കണ്‍കോണുകളുലയവേ,കരിവരി-
വണ്ടലയും ചെണ്ടുലയും വനികകള്‍ ഞാന്‍
ലളിതേ,നിന്‍ കൈവിരലുകളിളകവേ കണ്ടു ഞാന്‍
കിളി പാറും മരതക മരനിരകള്‍.
കനകോജ്ജ്വലദീപശിഖാ രേഖാവലിയാലേ
കമനീയകലാദേവത കണി വെച്ചതു പോലെ
കവരുന്നൂ കവിതേ തവ നൃത്തരംഗം
കാപാലികനെങ്കിലുമെന്നന്തരംഗം.
തവ ചരണ ചലനകൃത രണിതരതരംഗണം
തന്നോരനുഭൂതി തന്‍ ലയനവിമാനം
എന്നെപ്പലദിക്കിലുമെത്തിപ്പൂ--ഞാനൊരു
പൊന്നോണപ്പുലരിയായ് പരിലസിപ്പൂ...
കരകമലദളയുഗളമൃദുമൃദുലചലനങ്ങള്‍
കാണിച്ച സൂക്ഷ്മലോകാന്തരങ്ങള്‍
പലതും കടന്നു കടന്നു ഞാന്‍ പോയി
പരിധൃതപരിണതപരിവേഷനായി!
ജന്മം ഞാന്‍ കണ്ടു ഞാന്‍ നിര്‍വൃതിക്കൊണ്ടു
ജന്മാന്തരങ്ങളിലെ സുകൃതാമൃതമുണ്ടു
ആയിരം സ്വര്‍ഗങ്ങള്‍ സ്വപ്നവുമായെത്തി
മായികേ നീ നിന്‍ നടനം നടത്തി.
പുഞ്ചിരി പെയ്തു പെയ്താടൂ നീ ലളിതേ
തുഞ്ചന്റെ തത്തയെ കൊഞ്ചിച്ച കവിതേ
അഞ്ചിക്കുഴഞ്ഞഴിഞ്ഞാടൂ ഗുണമിളിതേ
കുഞ്ചന്റെ തുള്ളലില്‍ മണി കൊട്ടിയ കവിതേ!
പലമാതിരി പലഭാഷകള്‍ പല ഭൂഷകള്‍ കെട്ടി-
പ്പാടിയുമാടിയും പല ചേഷ്ടകള്‍ കാട്ടി
വിഭ്രമവിഷവിത്തു വിതയ്ക്കിലും ഹൃദി മേ
വിസ്മരിക്കില്ല ഞാന്‍ നിന്നെസ്സുരസുഷമേ!
തവ തലമുടിയില്‍ നിന്നൊരു നാരുപോരും
തരികെന്നെ തഴുകട്ടേ പെരുമയും പേരും
പോവുന്നോ നിന്‍ നൃത്തം നിര്‍ത്തി നീ ദേവീ ?-അയ്യോ
പോവല്ലേ പോവല്ലേ പോവല്ലേ ദേവീ...!
---------------------------------------------

Tuesday, January 20, 2015

അച്ഛനും ഞാനും / രാജീവ് ആലുങ്കല്‍


അഗ്നിപര്‍വ്വതങ്ങള്‍ പോലെയേറെ നീറിയും
അഴലു പേറി,യാധിയേറി മിഴികളൂറിയും
ഞങ്ങള്‍ രണ്ടുമൊരു തണല്‍ തണുപ്പിലൊന്ന് പോല്‍
വിങ്ങിടുന്ന നെഞ്ചുമായ് കഴിഞ്ഞു ഏറെ നാള്‍!
സ്നേഹമഞ്ഞു മുകിലു മെല്ലെ പെയ്തിടുമ്പോഴും
സൌമ്യനായ്‌ ഞാനടുത്ത് നിന്നിടുമ്പോഴും
അതു നിനക്കുവേണ്ടിയെന്നുരച്ചതില്ലച്ഛന്‍
എങ്കിലുമറിഞ്ഞു ഞാനാ ആത്മസൌഭഗം!
ആര്‍ദ്രമായ്ത്തലോടിയില്ല രാവിലെങ്കിലും
അച്ഛനെന്‍റെയമൃതമെന്നറിഞ്ഞിരുന്നു ഞാന്‍
വൃശ്ചികത്തണുപ്പുറഞ്ഞ കാറ്റ്‌ വീശവേ,
അച്ഛനാണതെന്ന ബോധമാര്‍ന്നിരുന്നു ഞാന്‍!
അക്ഷരം കടഞ്ഞു ഞാനടുപ്പ്‌ കൂട്ടവേ,
അഗ്നിയില്‍ വിഷാദമാകെ വെന്തു പോകവേ,
അറിവുദിച്ച പുണ്യമെന്നിലേകിടുന്നതും
അച്ഛനെന്ന സത്യമെന്നറിഞ്ഞിരുന്നു ഞാന്‍!
അമ്മയെന്ന നന്മ തേടി ഞാന്‍ നടക്കവേ
ഉണ്മയാകും മേന്മ തേടി വേദനിക്കവേ,
മണ്‍‍കുടിലിനുള്ളിലെന്‍റെ കുഞ്ഞു മെത്തയില്‍
കണ്ണുഴിഞ്ഞ വെണ്ണിലാവുമച്ഛനല്ലയോ!
നൂറു തേച്ച് വായ് നിറച്ച ഗൌരവങ്ങളില്‍
നെഞ്ചില്‍ വീണു കെഞ്ചിടാന്‍ മടിച്ചു പോയി ഞാന്‍;
എങ്കിലും നിതാന്തമായ മൂകസാന്ത്വനം
എന്നിലേകിയച്ഛനെന്നറിഞ്ഞിടുന്നു ഞാന്‍!
പാപവും ദുരന്തവും തിളച്ച വേനലില്‍
തങ്ങളിലറിഞ്ഞു പുല്‍കിയില്ല ഞങ്ങളും
കദന സൂര്യനായെരിഞ്ഞു നിന്ന നേരവും
കനിവു തീര്‍ന്ന താതഹൃദയമേന്തി നിന്നു ഞാന്‍!
തേങ്ങിയും പിണങ്ങിയുമിണങ്ങിയുമിതാ
തേന്മലര്‍ വസന്തവാടി പൂകിടുമ്പൊഴും
ദൂരെ മാറി നിന്ന രണ്ട് സ്നേഹതാരകള്‍
ഊര്‍ജ്ജരേണു തങ്ങളില്‍ പകര്‍ന്നിടുന്നിതാ..
------------------------------------------------

Monday, January 19, 2015

ഊഞ്ഞാലിന്മേല്‍ / ബാലാമണിയമ്മ


ആടുകെന്നൂഞ്ഞാലേ!മുന്നോട്ടും പിന്നോട്ടു-
മാവര്‍ത്തിച്ചാലും നിന്‍മുഗ്ദ്ധലാസ്യം.
ശൂന്യതയെച്ചിത്രരേഖാങ്കിതമാക്കും
വന്യവടത്തിന്‍ വിരലില്‍ത്തൂങ്ങി,
പ്രാകൃതാഹ്ലാദത്തിന്‍ പച്ചത്തിടമ്പാകും
നീ കളിയാടുന്നൂ പേര്‍ത്തും പേര്‍ത്തും.
അമ്മനുഷ്യാത്മാവു കൌതുകാലോരോരോ
കര്‍മ്മകാണ്ഡങ്ങളിലെന്നപോലെ,
നര്‍ത്തനം ചെയ് വൂ നീ മേലോട്ടു പോംതോറും
നേര്‍ത്തുവരും വിണ്ണൊതുക്കുകളില്‍.
വാനില്‍ നിന്നെത്തുന്നൂ ദിവ്യഭോഗങ്ങളെ-
പ്പൂനിലാവില്‍പ്പൊതിഞ്ഞേന്തും രാത്രി.
ആലിന്റെ കൊമ്പുകള്‍തോറും കൊഴിഞ്ഞു,വീ-
ണാലസിപ്പൂ നറുംവൈരക്കല്‍കള്‍.
ആടുകെന്നൂഞ്ഞാലേ മുന്നോട്ടവയെ ഞാ-
നാശു പോയ്‌വാരുവേന്‍ കൈനിറയെ.
പാതാളം മെല്ലെന്നുയര്‍ത്തി നിവര്‍ത്തുന്നു
പാരിന്റെ തൃപ്പൊന്‍ജയക്കൊടിയെ.
പാഴ്മറ നീക്കുന്നു മന്ദം മയില്‍‌പ്പീലി-
പ്പാവാട ചാര്‍ത്തുന്ന ഭൂതധാത്രി.
ആടുകെന്നൂഞ്ഞാലേ,പിന്നോട്ടു വിശ്രമം
തേടുവേനമ്മതന്‍ വാര്‍മടിയില്‍.
ആടുകെന്നൂഞ്ഞാലേ!മുന്നോട്ടും പിന്നോട്ടു-
മാവര്‍ത്തിച്ചാലും നിന്‍മുഗ്ദ്ധലാസ്യം.
നിന്നില്‍ നിന്നുച്ചലിയ്ക്കാവൂ സദാനന്ദ-
ത്തിന്നൂഷ്മളോച്ച്വാസനിശ്വാസങ്ങള്‍.
നിന്‍ചുറ്റും നിന്നു തിമിര്‍ക്കാവൂ കാലത്തിന്‍
പിഞ്ചോമല്‍പ്പൈതങ്ങള്‍ നാഴികകള്‍.
-----------------------------------------

Sunday, January 18, 2015

അഭയം / ഷംസ് ബാലുശ്ശേരി


നിലാവിന്റെ കിടപ്പറയിൽ നിന്നും
ഇറങ്ങിയോടുകയാണ് ഉറങ്ങി കിടന്നൊരു മഴ .

പറയാൻ മറന്ന ഏതോ ഒരു കണ്‍കോണിലേക്ക്‌ ,
നിശബ്ധത തളം കെട്ടിയ ഒരു മാറിടത്തിന്റെ കരയിലേക്ക്

ഉടലിലെ ചുരങ്ങളിടിഞ്ഞ
വൻകരകളിലെ ഏതോ ഒരു കൊക്കയിലേക്ക്

ആദ്യം പിറന്ന മഞ്ഞു മലകളുടെ
പൊക്കിൾ കുഴിയിലേക്ക്

തീരത്തെ വിഴുങ്ങാൻ കാത്തിരിക്കുന്ന
ഒരലർച്ചയുടെ വിരലനക്കത്തിലേക്ക്

വിരഹത്തിൻറെ മണലാരണ്യങ്ങളിൽ
ഒറ്റപ്പെട്ടു കിടക്കുന്ന ഒരു മണൽതരിയിലേക്ക്

വനങ്ങൾ തുടച്ചു നീക്കപ്പെട്ട
വസന്ത ത്തിന്റെ ഗുഹാ മുഖങ്ങളിലേക്ക്

അഗ്നി പർവ്വതങ്ങളുടെ ചുണ്ടിൽ വിരിയുന്ന
ആദ്യത്തെ പുഞ്ചിരിയിലേക്ക്

മുറിവുകൾ ഉണങ്ങാത്ത
ഇരുട്ടിൻറെ മുൾകിരീടങ്ങളിലേക്ക്

നക്ഷത്രങ്ങളുടെ മുനമ്പിൽ നിന്നും
ആത്മഹത്യ ചെയ്ത വെളിച്ചത്തിന്റെ തുമ്പിലേക്ക്‌

കാറ്റിലുലയുന്ന ഒറ്റപ്പെട്ട
ഒരു ബോധിവൃക്ഷ ത്തിന്റെ തണലിലേക്ക്‌

അവസാനം ബുദ്ധനെ ഒരു വിരലറ്റം കൊണ്ട്,
ഞാനെൻറെ തീപിടിച്ച മനസ്സിലേക്ക്‌ എടുത്തു വെച്ചു .

-----------------------------------------------------

ജമ്മം / കുഴൂർ വിൽസണ്‍


രാവിലെ വിളിച്ചപ്പോള് അമ്മ ചോദിച്ചു
ആരാ

പണ്ട് ജിനുവും പ്രദീപും റിയാസുമൊക്കെ
വന്ന് വിളിക്കുമ്പോള്
കാപ്പിയും പലഹാരവുമൊക്കെ
കൊടുക്കേണ്ടി വരുമല്ലോയെന്ന്
പേടിച്ച് പറഞ്ഞിരുന്ന അതെ ശബദത്തില്

ആരാ

അമ്മേ നായര് ചെക്കനോ പള്ളിപ്പുറത്തെ പ്രദീപോ കാക്കാച്ചെക്കന് റിയാസോ അല്ല
അമ്മയുടെ മകനാണ്

ആരാ

അമ്മേ ഇത് ഞാനാണ്
ഇതിലപ്പുറം ഞാനെന്താണ് പറയേണ്ടത്
അമ്മയുടെ മകന്

അതിലപ്പുറം എനിക്കെന്താണ് വിശേഷണം

ഇളയവന്
വയസ്സാം കാലത്ത് ഉണ്ടായവന്
അമ്മയെ നോക്കേണ്ടവന്
നാട് വിട്ടവന്
ഇഷ്ടം പോലെ ജീവിച്ചവന്
വീടറിയാതെ കെട്ടിയവന്
പല ക്ളാസ്സിലും തോറ്റവന്
കണ്ടവരുടെ കൂടെ നടന്നവന്
പട്ടയടിക്കുകയും പട്ടക്കാരെ തെറി വിളിക്കുകയും ചെയ്തവന്

അമ്മയുടെ നെഞ്ചിലെ അറവ്കത്തി


പിന്നെയും ആരായെന്ന ചോദ്യം കാതില് പരക്കുമ്പോള്
അമ്മേ ഞാനെന്ത് പറയണം

വെയില് കൊള്ളാഞ്ഞ്
പഴയ കറുമ്പന് വെളുത്ത് പോയമ്മേ
അഭിനയിച്ചിട്ട് പോലും കറുപ്പനാകുന്നില്ലമ്മേ

കുടിച്ച് കുടിച്ച് ചീര്ത്ത് പോയമ്മേ
വലിച്ച് വലിച്ച് വലഞ്ഞ് പോയമ്മേ
കുരച്ച് കുരച്ച് കുരഞ്ഞ് പോയമ്മേ
കവിതകള് വായിച്ച് വായിച്ച്
കവിഞ്ഞ് പോയമ്മേ

ആരായെന്ന്
ഇന്നലെ വന്ന അമ്മിണിയായി
അമ്മ പിന്നെയും ചോദിക്കേ

കണ്ടമാനം വാര്ത്തകള് വായിച്ച് വായിച്ച്
തടിയന്റവിട നസീറായെന്ന് പറയാന് തോന്നി
കേട്ടതെല്ലാം കണ്ട് കൊതിച്ച്
എ.പി അബ്ദുള്ലക്കുട്ടിയായെന്ന് പറയാന് തോന്നി
കണക്കുകള് കൂട്ടി കൂട്ടി
എം എ യൂസഫലിയായെന്ന് പറയാന് തോന്നി
കണ്ടവരെയെല്ലാം കാമിച്ച് കാമിച്ച്
കുഞ്ഞാലിക്കുട്ടിയായെന്ന് പറയാന് തോന്നി

ആരാ ആരായെന്ന് കാശ് പോകും ശബ്ദം
പിന്നെയും പതറുമ്പോള്
ഇനിയെന്താണ് ഞാന് പറയേണ്ടത്

അമ്മേ അമ്മ ആരാണ്

അപ്പനാരാണ് എന്ന ചോദ്യം കേട്ട പോലെ
അമ്മ ചിതറുന്നതെന്തിനാണ്

* * *

വടക്കേപ്രത്തെ കടപ്ലാവില്
ഇപ്പോഴും കാക്കകള് വരാറുണ്ടോയമ്മേ
കടപ്ലാവേ കള്ളീ മൂക്കാതെ വീഴല്ലേയെന്ന്
അമ്മയിപ്പോഴും ചീത്ത വിളിക്കാറുണ്ടോയമ്മേ

അമ്മേ കേള്ക്കുന്നുണ്ടോ
പറയുന്നത് മനസ്സിലാകുന്നുണ്ടോ

ബീരാന് ചെക്കന് കാക്കയോ
അവന്റെ പെണ്ണിന്റെ കല്യാണം കഴിഞ്ഞപ്പോ
അവന്റെ ചെക്കന് ഗള്ഫില് പോയപ്പോ ബീരാനിപ്പോ വരാറില്ല
നല്ല കാലമവനിപ്പോള്
നല്ല മീനൊന്നും കിട്ടാറില്ല


* * *

ഉമ്മറത്തെ പുളിയിലിത്തവണ
കുറെ ഉണ്ടായോ അമ്മേ
ചാണാപ്പുളിയുണ്ടാക്കുവാന്
പുളിയുണക്കിയോ അമ്മേ

മോരില്ലാതെ ഒരു വറ്റിറങ്ങുന്നില്ല
നേരം വെളുത്ത് നോക്കുമ്പോള്
പുളിയൊക്കെ ഇറങ്ങിപ്പോയി

ഉള്ള പാല് പുളിച്ചും പോയ്


* * *

അമ്മ
വേഗം എണീക്കുന്നുണ്ടോ
പള്ളിയില് പോകേണ്ടേ

അവിടൊക്കെ നിറയെ ആള്ക്കാരാണ്
അവിടൊക്കെ നിറയെ ആള്ക്കാരാണ്

തീപ്പെട്ടി, ദേ ഞാനെടുത്തിട്ടുണ്ട്
രണ്ട് മെഴുതിരി വാങ്ങിച്ചോ
(ചെറുത്, കുറഞ്ഞത്)
ബാ , ഞാനവിടെയുണ്ടാകും
എത്ര കാലമായി നീയപ്പന് മെഴുതിരി കത്തിച്ചിട്ട്


* * *

വംശാവലിയുടെ
ഒരു വലിയ വ്യക്ഷത്തിന്റെ ഏറ്റവും തുഞ്ചത്ത്
ഞാനെന്റെ പേരെഴുതി

ചെറുകാറ്റില് ഉലയുന്നു

ബോധമില്ലാഞ്ഞിട്ടാണെന്ന് കൂടപ്പിറപ്പുകള്
കൂടെക്കിടന്നവര്
രാപ്പനിയറിഞ്ഞവര്

കോമാളി കെട്ടിയാടുന്നതാണെന്ന് നാട്ടുകാര്
കൊട്ട് കിട്ടാഞ്ഞിട്ടെന്ന് കണ്ട് നില്ക്കുന്നവര്


* * *

വംശാവലിയുടെ ഒരു വലിയ വ്യക്ഷത്തിന്റെ
വേരുകളില് അമ്മേ നിനക്ക് പൊട്ടുന്നു
പുതിയ ബോധത്തിന്റെ കുഞ്ഞു പച്ചകള്

വലിയ കാറ്റിലും നിശ്ച്ചലം

ബോധമില്ലാഞ്ഞിട്ടാണെന്ന് നീ പെറ്റവര്
വയറ്റില് കിടന്നവര്
പെറ്റപാടറിഞ്ഞവര്

കോമാളി കെട്ടിയാടുന്നതാണെന്ന് നാട്ടുകാര്
കെട്ടിയിടാഞ്ഞിട്ടെന്ന് കണ്ട് നില്ക്കുന്നവര്


അമ്മേ
എനിക്കും
നിനക്കുമെന്ത്

ബോധം
അബോധം

ജമ്മം

*

ഒരു ജമ്മം - ഒരു ജന്മത്തിന് കുഴൂക്കാര് കളിയാക്കി വിളിക്കുന്നത്
പെറ്റപാട് - ഉമ്പാച്ചിയുടെ ഒരു കവിതയുടെ പേര്

ജംബുകനൃത്തം / എൻ.എൻ.കക്കാട്‌


ഇടം ചുറ്റിത്തിരിഞ്ഞാടുക
തകത്തിന്തക ധി - ത്ത
വലം ചുറ്റിത്തിരിഞ്ഞാടുക
തകിടതകതിമി ധിം ത

നിണമിറ്റുമെകിറുള്ള
നഖം കൂർത്ത തോഴിമാരേ
കനൽക്കണ്ണു ചുഴറ്റുന്ന
പിശാചിമാരേ
ഇടം ചുറ്റി......
വിളർത്തുചോർന്നുടൽ പൊട്ടി
വെളുത്തുള്ളം തുറിച്ചെത്തും
പുലരിവന്നണയായ്‌വാൻ
തകിടതകധിമി ധിംത
ഇടംചുറ്റി......
തുടുത്തപൂവുകൾ ചൂടി
തലപൊക്കിക്കൂകിയാർക്കും
കരിമ്പൻ കോഴികൾക്കഖിലം
അലമന്ത്യം വരുത്തേണം
ഇടംചുറ്റി......
പല്ലണയ്ക്കുക നഖമമർത്തുക
മർത്ത്യലോകമടക്കുക
തന്നെ വിറ്റും ചോറുനേടും
മനുജവംശമൊടുക്കുക
ഇടംചുറ്റി......
നിണമിറ്റുമെകിറുള്ള
നഖം കൂർത്ത തോഴിമാരേ
കനൽക്കണ്ണു ചുഴറ്റുന്ന
പിശാചിമാരേ
ഇടംചുറ്റി......
----------------------------

Thursday, January 15, 2015

പെണ്ണാട്ടം / വിനോദ് വെള്ളായണി


ആര്‍ത്തു പെയ്യണ മഴയത്തു നാം
കോര്‍ത്ത കയ്യുമായ് നില്‍ക്കുമ്പോള്‍
ഓര്‍ത്തു പോയെടി പെണ്ണാളെ
നാം ചേര്‍ത്തുവച്ച കിനാക്കളെ.

പല പകലുകള്‍ പങ്കുവച്ചു
പ്രണയമുല്ലപ്പൂവു പൂത്തു
പൂവു നുള്ളി പൂക്കളങ്ങള്‍
തീര്‍ത്തതോണപ്പുലരി പോല്‍.
കറുകനാമ്പുകളിളകിയാടും
വയല്‍ വരമ്പിന്നോരത്ത്
നിന്‍ വരവു കണ്ടെന്‍ മിഴികള്‍ രണ്ടും
ഉണര്‍ത്തുപാട്ടായൂര്‍ജ്ജമായ്.
ആറ്റുവഞ്ചിക്കടവില്‍ നിന്നെ
കാത്തിരുന്നൊരു കൊറ്റി ഞാന്‍
കൊക്കുരുമ്മി കുഴലുമൂതി
ഒത്തു തുഴയാനെത്തി നീ.
വേരൊടുങ്ങിയ വാക്കുകള്‍
കരിന്തേളു കുത്തിയ ചിന്തകള്‍
കാറ്റലറും കരിമ്പനകളില്‍
കൊടിയ കാമച്ചിന്തുകള്‍
വേദനക്കനല്‍ തിന്നൊരെന്നിലെ
അല്ലല്‍ തീര്‍ത്തവളാണു നീ.
ആര്‍ത്തിരമ്പും കടലലകളില്‍
ആര്‍ദ്ര സന്ധ്യകള്‍ പൂത്തുവോ?
ആളൊഴിഞ്ഞ മണല്‍പ്പുറങ്ങളില്‍
കവിത കനലായ് തീര്‍ന്നുവോ?
ഇടവമെത്തി,ഇടിയും മിന്നലും
ഇരവു പകലുമോടിയെത്തി
ആടിയുലയണൊരിരവുപകലില്‍
ആശ തന്നുടെ തിരി കൊളുത്തി
കണ്ണു നട്ട് കൈകള്‍ കോര്‍ത്ത്
കാത്തിരുന്നവളാണ് നീ.
പാട്ടു പാടി കൂട്ടു കൂടി
നാം നടന്ന കാലമൊക്കെ
പാല്‍ നിലാവില്‍ മഴയിലി-
ന്നാട്ടമായി പൂത്തിറങ്ങി.
----------------------------------

Wednesday, January 14, 2015

പിന്മടക്കം / കല്പറ്റ നാരായണന്‍



മധുവിധു
അവസാനിച്ച ദിവസം
ഞാന്‍ വ്യക്തമായോര്‍ക്കുന്നു.
തലേന്ന് അവള്‍ തലവെച്ചുറങ്ങിയ കൈ
രാവിലെ എനിക്ക് ഉയര്‍ത്തുവാന്‍ കഴിഞ്ഞില്ല
അവള്‍ അവളുടെ ശരിയായ ഭാരം
വീണ്ടും വഹിച്ചുതുടങ്ങിയിരുന്നു.
അന്ന്
വീട്ടിന് പിന്നിലെ തൊഴുത്തിലെ നാറ്റം
അവള്‍ക്ക് കിട്ടിത്തുടങ്ങി.
ജീവിതത്തിന്റെ ഇത്രയടുത്ത്
ആരെങ്കിലും തൊഴുത്ത് കെട്ടുമോ?
ഉറക്കം പിടിക്കുമ്പോള്‍
നീ എന്തിനാണ് വായ തുറക്കുന്നത്
ബാലന്‍സ് ചെയ്യാനോ?
നീ വളരുമ്പോള്‍
അമ്മ പുറത്ത് നോക്കിനില്‍ക്കുകയായിരുന്നോ?
കുറ്റപ്പെടുത്തുമ്പോള്‍
ഊര്‍ജസ്വലനാകുന്ന ചെകുത്താന്‍
ജോലി തുടങ്ങിക്കഴിഞ്ഞു.
ഉള്ളത് പറയണമല്ലോ
നിങ്ങളുടെ ചില മട്ടുകള്‍ എനിക്ക് പിടിക്കുന്നില്ല
കുലുക്കുഴിഞ്ഞ വെള്ളം
നിങ്ങളിറക്കുന്നതു കാണുമ്പോള്‍
ഭൂമി പിളര്‍ന്നിറങ്ങിപ്പോകാന്‍ തോന്നുന്നു.
തുറന്നുപറയാനുള്ള തന്റേടം
അവള്‍ നേടിക്കഴിഞ്ഞു.
ശരിക്കും തോര്‍ത്തിക്കിടന്നാലെന്താണ്
ഈറന്‍ മുടിയുടെ നാറ്റം എനിക്ക് പറ്റിയതല്ല, ഞാനും വിട്ടില്ല
മണം നാറ്റമായി
അനശ്വരത വീണ്ടെടുത്ത് കഴിഞ്ഞിരുന്നു.
മധുവിധു
അവസാനിച്ചു കഴിഞ്ഞു.
എത്തിച്ചേര്‍ന്ന
വിദൂരവും മനോഹരവുമായ ദിക്കുകളില്‍ നിന്ന്
ഞങ്ങള്‍ മടങ്ങിത്തുടങ്ങി.
ഇത്ര പെട്ടെന്ന് എല്ലാം തീര്‍ന്നുവോ,
വെറും ഇരുപത് ആഴ്ചകള്‍
ദൈവം നിരാശയോടെ വിരല്‍ മടക്കുന്ന ഒച്ച.
ഇനിയുമുണ്ട്
രണ്ടായിരത്തോളം ആഴ്ചകള്‍ .
ഈ സാധുക്കള്‍ എന്തു ചെയ്യും?
 ----------------------------------------------------

Tuesday, January 13, 2015

കടം / വീരാൻകുട്ടി


പൂമ്പാറ്റകൾ ഉടുപ്പു തുന്നുന്ന
ഇടങ്ങളിൽ പോയിട്ടില്ല .

ഉറുമ്പിന്റെ കണ്ണിലൂടെ
നോക്കിയിട്ടില്ല ഭൂമിയെ .

പുഴുവിൻ ഉടൽവഴക്കങ്ങളിൽ
നടന്നില്ല .

മഴയുടെ  സ്പ്ഫടികപ്പാനൽകൊണ്ടുള്ള
വീട്ടിൽ
വെയിലു ചോരുന്നത്
കൊള്ളുവാൻ കഴിഞ്ഞിട്ടില്ല .

ഒരാഗ്രഹംകൂടിയുണ്ട്
നടക്കാത്തതായിട്ട് :

ഭൂമിയെ കണ്ടു കണ്ണഞ്ചി
മടങ്ങാൻ മറന്ന്
നിന്നുപോകുന്ന മിന്നലിനെ
അഴിച്ചെടുത്ത്
ഒരുനാൾ പണിയണം
ഉമ്മയ്ക്കൊരരഞ്ഞാണം.
----------------------------

(ഉമ്മയുടെ പുന്നാര അരഞ്ഞാണംആരുമറിയാതെ വിറ്റാണ് എന്നെ പ്രീഡിഗ്രിയ്ക്കു ചേര്‍ത്തത്.മിന്നലിനെ മറ്റെന്തിനേക്കാളുഠ പേടിക്കുന്ന എൻറെ പാവം ഉമ്മ.
-------വീരാൻകുട്ടി )

Monday, January 12, 2015

കാക്ക / വൈലോപ്പിള്ളി ശ്രീധരമേനോന്‍


കൂരിരുട്ടിന്‍റെ കിടാത്തി,യെന്നാല്‍
സൂര്യപ്രകാശത്തിനുറ്റ തോഴി,
ചീത്തകള്‍ കൊത്തി വലിക്കുകിലു-
മേറ്റവും വൃത്തിവെടുപ്പെഴുന്നോള്‍,
കാക്ക നീ ഞങ്ങളെ സ്നേഹിക്കിലും
കാക്കണം സ്വാതന്ത്ര്യമെന്നറിവോള്‍.
പൊന്നുപുലരിയുണര്‍ന്നെണീറ്റു
ചെന്നുകിഴക്കു തീ പൂട്ടിടുമ്പോള്‍,
കാളുന്ന വാനത്തു നാളികേര-
പ്പൂളൊന്നു വാടിക്കിടന്നിടുമ്പോള്‍,
മുത്തൊക്കുമത്താഴവറ്റു വാനിന്‍
മുറ്റത്തു ചിന്നിയടിഞ്ഞിടുമ്പോള്‍,
കേള്‍ക്കാം പുളിമരക്കൊമ്പില്‍നിന്നും
കാക്ക കരഞ്ഞിടും താരനാദം,
"ആരാണുറങ്ങുന്ന,തേല്‍ക്കുകെ''ന്നായ്
കാരണവത്തി തന്നുക്തിപോലെ!
പാടിക്കളിക്കട്ടെ നാലുകെട്ടില്‍
മാടത്ത,തത്ത,കുയില്‍,പിറാക്കള്‍.,
ഉള്‍പ്രിയമെങ്കിലും, ഗേഹലക്ഷ്മി-
ക്കെപ്പോഴും കാക്കയോടെന്നു ഞായം!
ഉള്ളിലടുപ്പത്തു മണ്‍കലത്തില്‍
നല്ലരി വെള്ളിയായ് തുള്ളിടുമ്പോള്‍
മേലെ മധുരക്കിഴങ്ങുവള്ളി-
പോലേ പുക പടര്‍ന്നേറിടുമ്പോള്‍,
അങ്ങാശു കോലായിലമ്മ ചോറിന്‍
ചങ്ങാതിമാരെ ചമച്ചിടുമ്പോള്‍,
ആഞ്ഞുതിമിര്‍ക്കുമൊരുണ്ണി,മണ്ണില്‍
ഞാഞ്ഞൂലുമായ് പടവെട്ടിടുമ്പോള്‍,
ചോടുകള്‍വെച്ചു ചെരിച്ചുനോക്കി-
ചൂടെഴും പൂട ചൊറിഞ്ഞുവീഴ്ത്തി,
നീട്ടി വിളംബരം ചെയ്‌വൂ കാക്ക
നാട്ടിന്‍പുറത്തെക്കുടുംബ സൗഖ്യം!
ചേലുകള്‍ നോക്കുവോളല്ല നാനാ-
വേലകള്‍ ചെയ്യുവോളിക്കിടാത്തി.
ലോലമായ്‌ മുവ്വിതളുള്ള നീല-
ക്കാലടിയെങ്ങു പതിഞ്ഞിടുന്നോ,
ആ നിലമൊക്കെയും ശുദ്ധിയേല്‍പ്പൂ
ചാണകവെള്ളം തളിച്ചപോലെ!
പാഴിലഴുക്കുപെടുന്ന മുക്കില്‍,
ചാഴിപുഴുക്കള്‍ കടന്ന ദിക്കില്‍,
വേലയ്ക്കു ചെന്നു മിനപ്പെടുത്തും
നീലിപ്പുലക്കള്ളിയല്ലി കാക്ക?
ലോകാഭിരാമമാണാത്തിരക്കില്‍
സ്നേഹാധികാരശകാരഘോഷം!
പച്ചമുരുക്കിന്റെ ചില്ലതോറും
പത്മരാഗങ്ങള്‍ വിളഞ്ഞിടുമ്പോള്‍
കൂത്തടിപ്പൂ തേന്‍ കുടിച്ചു കാക്ക,
പൂത്തിരുവാതിരപ്പെണ്ണുപോലെ!
ആണിനെക്കൊത്തി ച്ചൊറിഞ്ഞിടുന്നൂ,
നാണമാര്‍ന്നൂളിയിട്ടോടിടുന്നു.
ഉച്ചലല്‍പ്പീലിവിശറിയാലേ
മച്ചിലെദ്ദീപമണച്ചിടുന്നു.
എന്തു കുഴഞ്ഞാട്ട,മെന്തു നോട്ടം,
എന്തു പരിഭവ,മെന്തൊരിഷ്ടം!
വേലയ്ക്കു നില്‍ക്കും കറുത്തപെണ്ണേ
കേളിക്കു നിന്നെയാര്‍ കേമിയാക്കി?
കൂവലിലാരു മധു കലര്‍ത്തി,
തൂവലില്‍ച്ചാരു മണംവളര്‍ത്തി?
താമസപിണ്ഡത്തിനുള്ളിലാരോ
താമരപ്പൂവു വിടര്‍ത്തിനിര്‍ത്തി?
------------------------------------------

Sunday, January 11, 2015

മഷിക്കുപ്പിയും കൂണും / സച്ചിദാനന്ദന്‍


ഇടിവെട്ടിയ ഒരു ദിവസമാണ്
മഷിക്കുപ്പി കൂണിനെ കണ്ടുമുട്ടിയത്.
വിറച്ചുനില്ക്കുന്ന കൂണിനോട്
മഷിക്കുപ്പി ചോദിച്ചു: 'നീയെങ്ങനെ
ഇത്ര വെളുത്തതായി?'

കൂണു പറഞ്ഞു:
'ഞാന്‍ സ്വര്‍ഗ്ഗത്തിലെ ഒരു മാലാഖയായിരുന്നു.
ദൈവത്തെ ചോദ്യംചെയ്തതുകൊണ്ട്
ശാപമേറ്റു കരിഞ്ഞ് കറുത്ത ഒരു
കൊച്ചുവിത്തായി ഞാനീ ഭൂമിയില്‍ നിപതിച്ചു.
മഴവില്ലു കണ്ടപ്പോള്‍ സ്വര്‍ഗ്ഗത്തിന്റെ ഓര്‍മയില്‍
ഞാന്‍ മുളച്ചു, എന്റെ ചിറകുകള്‍ ഈ
വെളുത്ത കുടയായി വിടര്‍ന്നു.
ആട്ടെ,
നീയെങ്ങനെ ഇങ്ങനെ കറുത്തുവെന്നു
പറഞ്ഞില്ലല്ലോ?
മഷിക്കുപ്പി പറഞ്ഞു:
'ഭൂമിയിലെ അമ്മമാരുടെ തലമുറകളുടെ
കണ്ണീരാണ് ഞാന്‍.
വേദനയുടെ നൃത്തത്തില്‍ വാടിയ
അവരുടെ ഹൃദയത്തില്‍നിന്നു
വരുന്നതുകൊണ്ടാണ് എനിക്കീ കറുപ്പ്.
കടലാസ്സില്‍ അക്ഷരരൂപങ്ങളില്‍
വാര്‍ന്നു വീഴുകയാണെന്റെ പണി.
മനുഷ്യരുടെ ബീജഗണിതംമുതല്‍
മഹാകാവ്യംവരെ എല്ലാറ്റിലും
എന്റെ ഇരുണ്ട സമസ്യകള്‍
മരണത്തിന്റെ നിഴല്‍ വീഴ്ത്തുന്നു.
ഞാന്‍ കറുത്തിരിക്കുന്നതും
നീ വെളുത്തിരിക്കുന്നതും
ഒരേ കാരണംകൊണ്ടുതന്നെ.'
പറഞ്ഞു നിര്‍ത്തിയ ഉടന്‍
മഷിക്കുപ്പി കൂണിന്മേലേക്ക് ചെരിഞ്ഞു.
അതോടെ
എങ്ങും രാത്രിയായി.
-------------------------------------------

Friday, January 9, 2015

എന്റെ സരസ്വതി / വി.ടി.കുമാരന്‍


ഇടത്തല്ല, വലത്തല്ല
നടുക്കല്ലെന്‍ സരസ്വതി
വെളുത്ത താമരപ്പൂവിലുറക്കമല്ല.
തുടിയ്ക്കുന്ന ജനതതന്‍
കരളിന്റെ കരളിലെ
തുടുത്ത താമരപ്പൂവിലവള്‍ വാഴുന്നു!
പടകുറിച്ചൊരുങ്ങിയ
പതിതര്‍തന്‍ പത്മവ്യൂഹ-
നടുവിലെ കൊടിത്തണ്ടിലവള്‍ പാറുന്നു.
അഴകിന്റെ വീണമീട്ടി
തൊഴിലിന്റെ ഗാനം പാടും
തൊഴിലിന്റെ കൊടിയേന്തിയഴകു പാടും.
വിരിയുന്ന താരുകളില്‍
വിടരുന്ന താരങ്ങളില്‍
വിരഞ്ഞെത്തുമവളുടെ കടാക്ഷഭൃംഗം.
കനകപ്പൂനിറതിങ്കള്‍
നിലാവലയൊഴുക്കുമ്പോള്‍
കടലുപോലവളുടെ കരള്‍ തുടിയ്ക്കും.
നേരിനെ താരാക്കിമാറ്റും
താരിനെ താരകമാക്കും
താരകത്തെയവള്‍ നിത്യ ചാരുതയാക്കും.
ചാരുതയില്‍ വാക്കുചാലി-
ച്ചവള്‍ തീര്‍ത്തൊരുക്കിവെച്ച
ചായമിറ്റു കിട്ടുവാന്‍ ഞാന്‍ തപസ്സുചെയ്‌വൂ...
------------------------------------------------

Thursday, January 8, 2015

മുറികള്‍ / രാജന്‍ കിണറ്റിങ്കര


ഭര്‍ത്താവിനു വായനാമുറി
വിവേകമില്ലെങ്കിലും
ഒരല്‍പം
വിവരമുണ്ടാകാന്‍.

ഭാര്യയ്ക്കൊരു മേക്കപ്പ് മുറി
സ്വന്തം മുഖം കാട്ടി
കണ്ണാടിയെയും
ഭയപ്പെടുത്താന്‍.
മകനുള്ളത് കമ്പ്യൂട്ടര്‍മുറി
വീട്ടില്‍
മിണ്ടാട്ടമില്ലെങ്കിലും
ലോകവുമായി
സംവദിക്കാന്‍.
മകള്‍ക്കൊരു ഗോസ്സിപ്പ് മുറി
മൊബൈലിലൊഴുകുന്ന
ചൂടന്‍ കഥകളുടെ
സെര്‍വര്‍ റൂം.
മുറിയില്‍ നിന്നും
മുറിയിലേക്ക്
ഫോണിലൂടെ
മുറിയന്‍ സന്ദേശങ്ങള്‍.
അതിനിടയില്‍
അമ്മയ്ക്കും
ഒരു മുറിയുണ്ട്.
ചുമരുകളില്ലാത്ത
അതിരുകളില്ലാത്ത
വിശാലമായ
മനസ്സിന്‍റെ സ്നേഹമുറി.
അതില്‍
ഒറ്റപ്പെടലിന്‍റെ
ആരും കാണാത്ത
ആഴത്തിലൊരു മുറിവും.
-----------------------------

Wednesday, January 7, 2015

ത്രാണനം / അഭിലാഷ് .കെ.എസ്


കുട്ടികൾ മടങ്ങിപ്പോയതിനുശേഷം
ആ വീട്ടിലേയ്ക്ക്‌ സൂര്യപ്രകാശം
മടിച്ച്‌ മടിച്ച്‌ കടന്നു വരുന്നു

ഉറക്കമില്ലാതെ
തിരിഞ്ഞും മറിഞ്ഞും കിടന്ന
ഗൃഹനാഥൻ ഒരു നിമിഷം
കണ്ണുകളിറുക്കിയടച്ച്‌ തുറന്ന്
കിടക്കയിലെഴുന്നേറ്റിരിയ്ക്കുന്നു
പതിവായി വാങ്ങാറുള്ള രണ്ട്‌
പാൽപ്പായ്ക്കറ്റുകളിലൊന്ന്
തിരിച്ച്‌ നൽകുമ്പോൾ
ജനൽപ്പഴുതുകളുടേയും, രാത്രി
കിടക്കുന്നതിനു മുൻപ്‌ അടയ്ക്കാൻ-
മറന്ന വാതിലുകളുടേയും ശ്യൂന്യതയിലേയ്ക്ക്‌
ആകാശത്തിന്റെ തൊണ്ണു കീറി
വെണ്മേഘങ്ങൾ കിളിർത്ത്‌ നിൽക്കുന്നു
ഇടതു കയ്യറ്റ കളിക്കുരങ്ങൻ ബൊമ്മ
ചാവി കൊടുക്കാതിരുന്നിട്ടും ഏതോ
അബോധ സ്മരണയിൽ കുറച്ചു നേരം
ചെണ്ട കൊട്ടുന്നു
വർക്ക്‌ ബുക്കിലെ
ഏ ഫോർ ആപ്പിൾ പഴുക്കാതെയും
ബീ ഫോർ ബാൾ ഉരുളാതെയും
ഡൈനിംഗ്‌ ഹാൾ ചുമരിൽ കാത്തിരിയ്ക്കുന്നു
ഷവറിൽ നിന്ന് ദേഹത്ത്‌ വീഴും
ഓരോ തുള്ളിയിൽ നിന്നും
തല തുവർത്താൻ കൂട്ടാക്കാതെ കുഞ്ഞു വിഷാദം
നനവാർന്നു നിൽക്കുന്നു
എത്ര ഉരച്ച്‌ കളഞ്ഞിട്ടും മൊബെയിലിലെ സ്ക്രീൻ സേവർ
തള്ള വിരൽത്തുമ്പിൽ പതിഞ്ഞു കിടക്കുന്നു
എത്ര തവണ റീ സെറ്റ്‌ ചെയ്തിട്ടും
ലാപ്‌ ടോപ്പ്‌ പാസ്വേഡ്‌ സിസ്റ്റത്തിനജ്ഞാതമാവുന്നു
സ്റ്റെയർക്കേസ്സുകളിറങ്ങുമ്പൊഴോർമ്മകൾ
ഉടൽ മുറുക്കങ്ങളിലമർത്തിച്ചവിട്ടി
മുകളിലേയ്ക്ക്‌ ഓടിക്കയറുന്നു
പുകമഞ്ഞ്‌ മൂടിയ വഴിയിലേയ്ക്കയാൾ
സ്കൂട്ടറിന്റെ മഞ്ഞവെളിച്ചം തെളിയ്ക്കുന്നു
ചുഴലിക്കറ്റിനുശേഷം ശാന്തമായ
സ്വന്തം മനസ്സിൽ
അയാൾ ഒരു കളിക്കിലുക്ക്‌ കണ്ടെത്തുന്നു
വലത്‌ കൈകൊണ്ടത്‌ ഉയർത്തിയെടുത്തതും
തൊണ്ടടർന്ന് കിലുക്കാമണികളുരുണ്ട്‌ പോകുന്നു
കറുത്ത കൊടികളും തകർന്ന തെരുവും
വെടിത്തുള വീണ പ്ലേയ്‌ സ്കൂളും കടന്ന്
അയാളവയ്ക്ക്‌ പിറകെ സ്കൂട്ടറോടിച്ചു പോകുന്നു
ജീവിത നിർമ്മാണശാല അയാളുടെ
പേരിനു നേരെ ആബ്സെന്റിസം മാർക്ക്‌ ചെയ്യുന്നു.
------------------------------------------------

വർഗ്ഗീസിനു വീടില്ല / കുഴൂർ വിത്സണ്‍


വർഗ്ഗീസിനു വീടില്ല
ഓഫീസിലാണു താമസം
യേശുവിന്റെ സ്വന്തം ആളാണു
കഴുത്തിൽ ഒരൊത്ത കൊന്തയുണ്ട്
അതിനൊത്ത മരക്കുരിശും
പണിയില്ലാത്ത ദിവസങ്ങളിൽ
പറമ്പിലായിരിക്കും
മരങ്ങളോടെന്തോ കാര്യമായ ശത്രുതയുണ്ട്
കണ്ണിൽ പെട്ടാൽ പണിതീർന്നു
നമ്മുടെ യേശുവിനെ മരത്തിൽ
തറച്ചിതിനാണോ നിനക്കിത്ര കേടെന്ന്
ഒരിക്കൽ ചോദിച്ചിട്ടുണ്ട്
അക്കേഷ്യയിൽ നിന്ന് ശ്വാസം മുട്ട്
കലശിൽ നിന്ന് ചൊറിയാമ്പുഴു…
എന്റെ ചേട്ടാ, നിങ്ങളെക്കാൾ മരങ്ങളോടെനിക്കാണു
സ്നേഹമെന്നവൻ ഇടയ്ക്കിടെ പറയും
വർഗ്ഗീസ് വെട്ടിയിട്ട മരങ്ങളിലെ
കിളികൾ കൂടന്വേഷിക്കുന്നത്
പല തവണ കണ്ടിട്ടുണ്ട്
ഓഫീസിലേക്കുള്ള വഴികളിലെ
പൊന്തകൾ മുഴുവൻ
വെട്ടിത്തെളിക്കലായിരുന്നു
വർഗ്ഗീസിന്റെ ഇന്നത്ത പണി
എന്തൊരു തെളിച്ചമെന്ന്
സിഗരറ്റ് വലിക്കാൻ ചെന്നപ്പോൾ
അവൻ തെളിച്ചപ്പെട്ടിരുന്നു
പാതിരാത്രി ഡ്യൂട്ടി കഴിഞ്ഞ്
വർഗ്ഗീസ് വെട്ടിത്തെളിച്ച വഴിയിലൂടെ
കാറോടിക്കുകയാണു
ഹെഡ് ലൈറ്റ് വെളിച്ചത്തിൽ
ഒരു മുയൽ അതിന്റെ പൊന്ത
തെരഞ്ഞുകൊണ്ടോടി നടക്കുന്നു.
-------------------------------------

Tuesday, January 6, 2015

കൊണ്ടാട്ടം / ഗിരിജ പതേക്കര



വയലിന്‍ മടിത്തുമ്പില്‍
സ്വപ്നങ്ങളാല്‍ വലകള്‍ നെയ്ത്
കാറ്റിനോട് കളിപറഞ്ഞ്
ചെടിയോടു ചേര്‍ന്ന് നിന്ന കാലം
എന്റെ മെയ്യും മനവും മൃദുവായിരുന്നു
ഇളംപച്ചപ്പിന്റെ തുടുപ്പ്
തിളങ്ങുന്ന മിനുപ്പ്
നനവിന്റെ മിടിപ്പ് .
ചെടിയില്‍ നിന്നടര്‍ന്നു
എങ്ങോ ചെന്നെത്തിയപ്പോഴേക്കും
കാറ്റ് എന്റെ ജീവജലമേറെയും
വറ്റിച്ചു കളഞ്ഞിരുന്നു
പിന്നീടെന്നെ കൊത്തിനുറുക്കി
വേവിച്ചൂറ്റിയപ്പോഴും
ആത്മാവുമാത്രം നുറുങ്ങിയില്ല ,
വെന്തതുമില്ല.
ബാക്കിവന്ന ചോരയും നീരും
കത്തുന്ന വെയിലും ഊറ്റിയെടുത്തു
അങ്ങനെ ഞാന്‍
കറുത്ത് ഉണങ്ങി
കൊണ്ടാട്ടമായി മാറി ....
ഇപ്പോള്‍ ഞാന്‍
അടുത്ത ഊഴവുംകാത്ത്
ഒരു ഭരണിക്കുള്ളില്‍
അടങ്ങിയിരിപ്പാണ്
തിളയ്ക്കുന്ന എണ്ണയിലേക്ക്
എന്നെയൊന്നെറിഞ്ഞു നോക്കൂ
അപ്പോള്‍ കാണാം
ആത്മവീര്യത്തോടെ
തലയുയര്‍ത്തി
ഞാന്‍ പൊങ്ങിപ്പൊങ്ങി വരുന്നത്
കടിച്ചാല്‍ പൊട്ടാത്തവണ്ണം
മൊരിയുന്നത്
-------------------------------------

എന്‍ട്രന്‍സ് / റഫീക്ക്‌ അഹമ്മദ്


പരീക്ഷാഹാള്‍വരെ സോക്രട്ടീസ് ഉണ്ടായിരുന്നു
പിന്നെ കണ്ടില്ല.
അടിസ്ഥാനയോഗ്യത ഇല്ലാത്തതിനാല്‍
പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കാം.
അരിസ്റ്റോട്ടില്‍ പിറകിലെ ബഞ്ചില്‍ ഉണ്ടായിരുന്നു.
കാലഹരണപ്പെട്ട ഒരു പരീക്ഷാസഹായിയാണ്
ആ പാവം പഠിച്ചിരുന്നത്.
ഹാള്‍ടിക്കറ്റ് കത്തിപ്പോയതിനാല്‍
ഡയോജിനസിന് പരീക്ഷ എഴുതാനായില്ല.
ഫോട്ടോ പതിക്കായ്കയാല്‍ അവ്വയാറിനും
അവസരം നഷ്ടമായി.
അപേക്ഷാഫോറത്തില്‍ ഒപ്പു വയ്ക്കാന്‍ മറന്ന്
ഫരീദുദ്ദീന്‍ അക്താര്‍ അയോഗ്യനായി.
രമണമഹര്‍ഷി പരീഷാത്തീയതി മറന്നു.
തോമസ് ആല്‍വാ എഡിസണ്‍ പേരു തെറ്റി എഴുതി.
ഉത്തരങ്ങള്‍ക്കു പകരം ചോദ്യങ്ങളെഴുതി
മാര്‍ക്‌സ് വളരെ നേരത്തെ പരീക്ഷാമുറി വിട്ടു.
പരീക്ഷകനെ ഭയന്ന് ഫ്രാന്‍സ് കാഫ്ക സ്ഥലംവിട്ടു.
കുളിച്ചൊരുങ്ങി പ്രതിജ്ഞയോടെ പുറപ്പെട്ടെങ്കിലും
ദസ്തയേവ്‌സ്‌കി
പതിവു ചൂതാട്ടകേന്ദ്രത്തിലേക്കുതന്നെ കയറി.
മതിയായ രേഖകളുടെ അഭാവത്തില്‍
നാരായണഗുരുവിന്റെ അപേക്ഷ തള്ളപ്പെട്ടു.
ബസുകൂലിക്കു കാശ് തരപ്പെടായ്കയാല്‍
പൂന്താനത്തിനു സ്ഥലത്തെത്താനായില്ല.
പരീക്ഷാഫീസ് എവിടെയോ തുലച്ചു കുഞ്ഞിരാമന്‍നായര്‍
കാവ്യദേവതയെ നോക്കിനിന്ന ചങ്ങമ്പുഴക്ക്
സമയത്തിനെത്താന്‍ കഴിഞ്ഞില്ല.
ഇറങ്ങാന്‍ നേരത്ത് സന്ദര്‍ശകര്‍ വന്നുകയറിയതിനാല്‍
ബഷീര്‍ പരീക്ഷ വേണ്ടന്നുവച്ചു.
എല്ലാം നല്ലതിന്
അതുകൊണ്ടാണ് ഞങ്ങളൊക്കെ കടന്നുകൂടിയത്.
മേല്‍പ്പറഞ്ഞവരാകട്ടെ
പരീക്ഷാര്‍ഥികള്‍ക്ക് തീരാത്ത സൊല്ലയായി
ചോദ്യക്കടലാസുകളില്‍ കുടിപാര്‍ത്തു.

----------------------------------------------

ആത്മരഹസ്യം / ചങ്ങമ്പുഴ കൃഷ്ണപിള്ള


ആ രാവിൽ നിന്നോടു ഞാനോതിയ രഹസ്യങ്ങ-
ളാരോടുമരുളരുതോമലെ, നീ!
താരകാകീർണ്ണമായ നീലാംബരത്തിലന്നു
ശാരദശശിലേഖ സമുല്ലസിക്കെ;
തുള്ളിയുലഞ്ഞുയർന്നു തള്ളിവരുന്ന മൃദു-
വെള്ളിവലാഹകകൾ നിരന്നുനിൽക്കെ;
നത്തർനനിരതകൾ,പുഷ്പിതലതികകൾ
നൽത്തളിർകളാൽ നമ്മെത്തഴുകീടവെ;
ആലോലപരിമളധോരണിയിങ്കൽ മുങ്ങി
മാലേയാനിലൻ മന്ദമലഞ്ഞുപോകെ;
നാണിച്ചു നാണിച്ചെന്റെ മാറത്തു തല ചായ്ച്ചു
പ്രാണനായികേ, നീയെന്നരികിൽ നിൽക്കെ;
രോമാഞ്ചമിളകും നിൻഹേമാംഗകങ്ങൾതോറും
മാമകകരപുടം വിഹരിക്കവെ;
പുഞ്ചിരിപൊടിഞ്ഞ നിൻ ചെഞ്ചൊടിത്തളിരിലെൻ
ചുംബനമിടയ്ക്കിടയ്ക്കമർന്നീടവെ;
നാമിരുവരുമൊരു നീലശിലാതലത്തിൽ
നാകനിർവൃതി നേടിപ്പരിലസിക്കെ-
ആ രാവിൽ നിന്നോടു ഞാനോതിയ രഹസ്യങ്ങ-
ളാരോടുമരുളരുതോമലെ, നീ!
വേദന സഹിയാത്ത രോദനം തുളുമ്പീടും
മാമകഹൃദയത്തിൻ ക്ഷതങ്ങൾ തോറും,
ആദരസമന്വിതമാരുമറിയാതൊരു
ശീതളസുഖാസവം പുരട്ടിമന്ദം,
നീയെന്നെത്തഴുകവേ ഞാനൊരുഗാനമായി
നീലാംബരത്തോളമുയർന്നു പോയി!
സങ്കൽപസുഖത്തിനും മീതെയായ് മിന്നും ദിവ്യ-
മംഗളസ്വപ്നമേ, നിന്നരികിലെത്താൻ
യാതൊരുകഴിവുമില്ലാതെ, ഞാനെത്രകാല-
മാതുരഹൃദയനായുഴന്നിരുന്നു!
കൂരിരുൾനിറഞ്ഞൊരെൻജീവിതം പൊടുന്നനെ-
ത്താരകാവൃതമായിച്ചമഞ്ഞ നേരം,
ആ വെളിച്ചത്തിൽ നിന്നെക്കണ്ടുഞാൻ, ദിവ്യമമൊ-
രാനന്ദരശ്മിയായെന്നരികിൽത്തന്നെ!
മായാത്തകാന്തി വീശും മംഗളകിരണമേ,
നീയൊരു നിഴലാണെന്നാരു ചൊല്ലി?
അല്ലില്ല വെളിച്ചമേ, നിന്നെഞാനറിഞ്ഞതി-
ല്ലല്ലലിൽ മൂടിനിൽക്കുമാനന്ദമേ!
യാതൊന്നും മറയ്ക്കാതെ, നിന്നോടു സമസ്തവു-
മോതുവാൻ കൊതിച്ചു നിന്നരികിലെത്തി,
കണ്ണുനീർക്കണികകൾ വീണു നനഞ്ഞതാം നിൻ-
പൊന്നലർക്കവിൾക്കൂമ്പു തുടച്ചു,മന്ദം,
ആ രാവിൽ നിന്നോടു ഞാനോതിയ രഹസ്യങ്ങ-
ളാരോടുമരുളരുതോമലെ, നീ!

എന്നാത്മരഹസ്യങ്ങളെന്തും ഞാൻ നിന്നോടോതും;
മന്നിനായതു കേട്ടിട്ടെന്തു കാര്യം?
ഭൂലോകമൂഢരായി നമ്മെയിന്നപരന്മാർ
പൂരിതപരിഹാസം കരുതിയേയ്ക്കാം.
സാരമില്ലവയൊന്നും-സന്തതം, മമ ഭാഗ്യ-
സാരസർവ്വസ്വമേ, നീയുഴന്നിടേണ്ട!
മാമകഹൃദയത്തിൽ സ്പന്ദനം നിൽക്കുവോളം
പ്രേമവുമതിൽത്തിരയടിച്ചു കൊള്ളും!
കൽപാന്തകാലം വന്നൂ ഭൂലോകമാകെയോരു
കർക്കശസമുദ്രമായ് മാറിയാലും,
അന്നതിൻമീതെയലതല്ലിയിരച്ചുവന്നു.
പൊങ്ങിടുമോരോ കൊച്ചു കുമിളപോലും,
ഇന്നു മന്മാനസത്തിൽത്തുള്ളിത്തുളുമ്പിനിൽക്കും
നിന്നോടുള്ളനുരാഗമായിരിക്കും!
രണ്ടല്ല നീയും ഞാനു,മൊന്നായിക്കഴിഞ്ഞല്ലോ!....
വിണ്ടലം നമുക്കിനി വേറെ വേണോ?
ആരെല്ലാം ചോദിച്ചാലു, മാരെല്ലാം മുഷിഞ്ഞാലും,
മാരെല്ലാം പരിഭവം കരുതിയാലും,
ആ രാവിൽ നിന്നോടു ഞാനോതിയ രഹസ്യങ്ങ-
ളാരോടുമരുളരുതോമലെ, നീ...
--------------------------------------------------

എൻ.എൻ.കക്കാട്‌ / ചെറ്റകളുടെ പാട്ട്‌


ചെറ്റകളല്ലോ ഞാനും നീയും
വരികരികത്തിരിയിത്തിരി
പരദൂഷണലഹരിയിൽ
നാണമുരിഞ്ഞൊന്നു തുടിച്ചു കുളിക്കാം
ചെറ്റകളല്ലോ നീയും ഞാനും.

പ്രിയ ചെറ്റേ
നീയീ കഥ കേട്ടിട്ടുണ്ടോ?
ഇല്ലെങ്കിൽ ചിറിയുമിളിച്ചിതു കേട്ടോ.

പണ്ടൊരു തന്തയ്ക്കന്തി-
യ്ക്കൽപ്പം ലഹരിയകത്തായപ്പോൾ
വാലുമുളച്ചെന്നൊരു തോന്നൽ.

അപ്പോൾ
മലമുകളേറീട്ടൊന്നു കുതിച്ചു പറ-
ന്നാഴിയ്ക്കക്കരെ സമ്മന്തപ്പുരയിൽ
ചെന്നു പതുക്കെയിറങ്ങാൻ മോഹം വന്നു.
വന്ന കടിഞ്ഞൂൽപ്പൂതി മറയ്ക്കാനാമോ?

കുന്നിലിഴഞ്ഞു കരേറി-
ക്കൈകാൽ വീശീട്ടങ്ങു പറന്നു.

പിറ്റേന്നാവഴി
കണ്ണുകളെയ്തു ചൊറിഞ്ഞു
നടന്നൊരു പുലയാടിപ്പെണ്ണു
അവന്റെ കൈയും കാലും തലയു-
മെലുമ്പുകളും വാരിക്കൂട്ടീ-
ട്ടൊരുപിടി മണ്ണി-
ട്ടൊരു കാഞ്ഞിരമല്ലോ നട്ടു.

ഒന്നാം കാഞ്ഞിരം പൊലയാടിക്കാഞ്ഞിര-
മോരില മൂവില തഴച്ചു വന്നു.
പതിരായി പാറിവീണ പഴഞ്ചൊല്ലൊരു മുറം
കടയ്ക്കിട്ടു ചുട്ടു കൈയ്ക്കും പശുവിൻ പാൽ നനച്ചു.

ഇല വന്നു പൂ വന്നു കായ്‌ വന്നു കാഞ്ഞിരം
ഇവിടെ നിൽക്കുന്നതിന്നെന്തിനെന്നോ?
എനിക്കും നിനക്കും പറിച്ചു തിന്നാൻ
ഇതു തിന്നാൽ നമുക്കൊട്ടും കയ്ക്കില്ലാ
ചെറ്റകളല്ലോ നീയും ഞാനും.

വേറെ ചെറ്റകളീവഴി വന്നാ-
ലവരുടെ കോങ്കണ്ണും കൂട്ടി
പറിച്ചു തിന്നാം വയറുനിറച്ചും
കാഞ്ഞിരമല്ലേ കൈക്കില്ല.
എന്നിട്ടാടിപ്പാടിപ്പെലയാടിപ്പെ-
ണ്ണിതുവഴി കണ്ണുകളെയ്തു വരുന്നതു
നോക്കിയിരിക്കാം.

പാടെട ചെറ്റേ, പാട്‌....
ഒന്നാം കാഞ്ഞിരം പെലയാടിക്കാഞ്ഞിരം....
തിന്തിമി തക്കിട തിന്തിമി തക്കിട......

ആടെട,ചെറ്റേ ആട്‌...
മ റ്റെന്തുണ്ടീ നാണംകെട്ട ജഗത്തിൽ ചെയ്യാൻ
------------------------------------------------------

വൃന്ദാവനരംഗം / സുഗതകുമാരി



കാടാണ് കാട്ടിൽ കടമ്പിന്റെ കൊമ്പത്തു
കാൽതൂക്കിയിട്ടിരിപ്പാണു രാധ
താഴെപ്പടിഞ്ഞിരുന്നേകാഗ്രമായതിൽ
കോലരക്കിൻ ചാറു ചേർപ്പു കണ്ണൻ!

കോലും കുഴലും നിലത്തുവച്ചും മയിൽ-
പ്പീലി ചായും നെറ്റി വേർപ്പണിഞ്ഞും
ചാരിയിരിക്കുമാ രാധതൻ താമര-
ത്താരൊത്ത പാദം കരത്തിലേന്തി
ഉജ്ജ്വലിക്കുന്ന ചുവപ്പുവർണ്ണംകൊണ്ടു
ചിത്രം വരയ്ക്കുകയാണ് കണ്ണൻ!
ആനന്ദബാഷ്പം നിറയും മിഴിയുമായ്
ഞാനതും നോക്കി മറഞ്ഞുനിൽക്കെ
പെട്ടെന്നു ഹർഷം പൊറാഞ്ഞു കടമ്പതാ
ഞെട്ടിയടിമുടി പൂത്തുപോയി!
നീലിച്ച നീൾമിഴി തെല്ലുയർത്തിഗ്ഗോപ-
ബാലയപ്പൂക്കളെ നോക്കിടുന്നു
കാടാണ്, കാണുവാനാരുമില്ലെങ്കിലും
കാതരമായ് മിഴി കൂമ്പിടുന്നൂ
ചേലിൽ ചുവന്ന കൈവെള്ളയിൽ വെച്ച വെൺ
ചേവടിയാകെ വിറച്ചിടുന്നു
“എന്തിത്? തെറ്റീ വര!“ എന്നു മാധവൻ
തൻ‌കുനുചില്ലി ചുളിച്ചിടുന്നു
ഓളങ്ങൾ മിന്നിക്കുലുങ്ങുന്നു! തോഴിയാം
കാളിന്ദി പുഞ്ചിരിക്കൊണ്ടിടുന്നു!
തീരെ ദരിദ്രമെൻ നാട്ടിലെയേതൊരു
നാരിയും രാധികയല്ലിയുള്ളിൽ?
കാൽക്കലിരിക്കുന്ന കണ്ണന്റെ തൃക്കരം
കാലിൽ ചുവപ്പു ചാർത്തുന്ന രാധ
ആ വലംതോളത്ത് ചാരിനിന്നൊപ്പമായ്
കോലക്കുഴൽ പഠിക്കുന്ന രാധ
കണ്ണീരണിഞ്ഞ മിഴിയുമായ് കാണാത്ത
കണ്ണനെത്തേടി നടന്ന രാധ
ആമയമാറ്റുമസ്സൂര്യനെപ്പാവമീ
ഭൂമിയെപ്പോൽ വലംവച്ച രാധ
ഈ രാധയുള്ളിൽ പ്രതിഷ്ഠിതയാകയാൽ
തീരാത്ത തേടലാകുന്നു ജന്മം!
------------------------------------------

Monday, January 5, 2015

ബിരിയാണി/ഒരു സസ്യേതര രാഷ്ട്രീയ കവിത [പി.എൻ.ഗോപികൃഷ്ണൻ]


1
കടൽ ആദ്യമായ് കണ്ടപോലെയാണ്
ഞാൻ നിന്നെ കണ്ടുപിടിച്ചത് .
തീയ്യിൽ ആദ്യമായ് തൊട്ട പോലെയാണ്
നാം രണ്ടുപേരും
ബിരിയാണി കണ്ടുപിടിച്ചത് .
ഇന്ത്യ നമുക്ക്
മറ്റു പലതും പോലെ
ഒരു ബിരിയാണി രാഷ്ട്രം കൂടിയായിരുന്നു .
കായിക്കാന്റെ ബിരിയാണി
കരീംസിലെ ബിരിയാണി
ഹൈദരാബാദിലെ ബിരിയാണി
എന്നിങ്ങനെ
ഓരോ ഇന്ത്യൻ നഗരങ്ങളേയും
നാം ബിരിയാണി കൊണ്ട്
അടയാളപ്പെടുത്തി.
നീ കണ്ടിട്ടില്ലാത്ത
ഞാൻ കണ്ടിട്ടുള്ള ഉൽസവങ്ങൾ
ബിരിയാണിയിൽ ഞാൻ
വരച്ചു കാണിച്ചു.
ഞാൻ വായിക്കാത്ത പുസ്തകങ്ങൾ
നീ ബിരിയാണിയിൽ
വായിച്ചു കേൾപ്പിച്ചു.
ബ്രഹ്തിന്റെ വിഖ്യാത കവിത
അദ്ദേഹത്തിന്റെ ജന്മശതാബ്ധി കഴിഞ്ഞപ്പോൾ
" വിശക്കുന്ന മനുഷ്യാ
ബിരിയാണി ഭക്ഷിക്കൂ
അതൊരായുധമാണ്"
എന്ന് നാം
ആദരപൂർവ്വം മാറ്റിയെഴുതി.
അതെ.
ബിരിയാണി ഒരു മനുഷ്യത്തീറ്റ മാത്രമായിരുന്നില്ല .
അതൊരു രാജ്യമായിരുന്നു.
ഭൂഖണ്ഡങ്ങളിൽ നിന്ന് ഭൂഖണ്ഡങ്ങളിലേയ്ക്ക്
വ്യാപിക്കുന്ന അസ്ഥിര രാജ്യം.
അതൊരു കടലായിരുന്നു.
എവിടെയോ ഉത്ഭവിച്ച്
നമ്മിലേയ്ക്ക്
ആഞ്ഞടിയ്ക്കുന്ന കടൽ.
അതൊരു യാത്രയായിരുന്നു,
കണ്ടിട്ടില്ലാത്ത ഒട്ടകകക്കൂട്ടങ്ങളിൽ ചേർന്ന്
നാം
ഒരുമിച്ച് നടത്തിയ യാത്ര.
അതൊരു ചരിത്രമായിരുന്നു,
മഹത്തായ കുശിനിക്കാരുടെ വക്കു കവിഞ്ഞ്
അവരറിയാതെ ഒഴുകിയ ചരിത്രം.
അതൊരു കൃഷിയിടമായിരുന്നു.
കാറ്റുകളെ ഹരം പിടിപ്പിക്കാൻ
എണ്ണമറ്റ അത്തർക്കുപ്പികൾ
ഹൃദയത്തിലിട്ടു പൊട്ടിച്ച
അരിമണികളുടെ വയൽ.
അത്
ഒരിക്കൽ അലഞ്ഞു തിരിഞ്ഞ ജൂതനും
ഇപ്പോൾ അലഞ്ഞു തിരിയുന്ന
ഫലസ്തീനിയുമായിരുന്നു.
ദൂരെ ദൂരെ മരുഭൂമിയിൽ
മിച്ചം വെച്ച നേരം കൊണ്ട്
മകൻ
ഉമ്മയ്ക്കയച്ച സ്നേഹമായിരുന്നു.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർ
ചോദിച്ചു വാങ്ങിയ
അവസാനത്തെ അന്നമായിരുന്നു.
ശിക്ഷ നിർവഹിച്ച ആരാച്ചാർ
മനം പിരട്ടാതിരിക്കാൻ
കഴിച്ച
മരുന്നായിരുന്നു.
ബിരിയാണിയ്ക്ക് അപ്പുറമിപ്പുറമിരിയ്ക്കുമ്പോൾ
എന്റെ നരച്ച താടിരോമങ്ങളെ
നീ കറുത്തു കണ്ടു.
ഞാൻ
നിന്റെ കണ്ണുകളെ
മിന്നാമിനുങ്ങുകളാക്കി.
അന്നത്തെപ്പത്രത്തിൽ
"ബിരിയാണി നിരോധിക്കുക " എന്ന്
എഡിറ്റ് പേജിൽ
നാലുകോളമുണ്ടെന്നു
നീ വിളിച്ചു പറഞ്ഞപ്പോൾ
ഞാൻ വിശ്വസിച്ചില്ല.
പക്ഷേ,
ഉണ്ടായിരുന്നു.
2
ബിരിയാണിയിൽ എന്താണ്
നിരോധിക്കേണ്ടത് ?
മലഞ്ചെരിവുകളെ
പച്ചത്തട്ടം കൊണ്ടു മൂടിയ
ആ പാവം അരിനീൾമണികളെ?
സുഗന്ധം കൊണ്ട്
ലോകത്തേയ്ക്ക് പൊട്ടിത്തെറിച്ച
കറുവപ്പട്ടകളെ ?
എരിവിനെ നൂറു നൂറു പൂക്കളായ് വരച്ച
കരയാമ്പൂക്കാടുകളെ ?
മനുഷ്യരാശിയുടെ അംഗവൈകല്യം തീർക്കാൻ
സ്വന്തം അവയവങ്ങൾ ദാനം ചെയ്ത്
മസ്തിഷ്കമരണം വരിച്ച
ആട്, പോത്ത്,കോഴി ജന്മങ്ങളെ ?
വിരലിൽ വിടാതെ ഇക്കിളിയിടുന്ന
ആ മസ്രുണസ്പർശത്തെ?
നരകത്തീയിൽ വെന്ത്
രുചിസ്വർഗ്ഗം രചിച്ച
ആ അപൂർവ്വ നെയ്ത്തിനെ ?
ചവച്ചു ചവച്ച് നാം
വീണ്ടും വീണ്ടും വായിക്കുന്ന
ആനന്ദത്തിന്റെ ആഖ്യാനത്തിനെ ?
എന്നിട്ടും
അവർ പറയുന്നു :
ബിരിയാണി നിരോധിക്കണം.
അവർ അത് ചെയ്തേക്കും.
മിററിൽ
അഹമ്മദാബാദിൽ
വാരണാസിയിൽ
കൊൽകൊത്തയിൽ
ദില്ലിയിൽ
ചെന്നൈയിൽ
ബിരിയാണി തിന്നുന്നവരെ
പാകിസ്ഥാനിലേയ്ക്ക് നാടു കടത്തിയേയ്ക്കും.
തലശ്ശേരിയിലെ
കോഴിക്കോട്ടെ
ഫോർട്ട് കൊച്ചിയിലെ
പഴക്കമുള്ള ബിരിയാണിച്ചെമ്പുകളെ
ബോംബുവെച്ച് തകർത്തേക്കും.
അവർ അത് ചെയ്തേക്കും.
പാചകത്തിലെ അവസാന കൈത്തറിയായ്
ബിരിയാണി നിരന്തരം നെയ്തു വിരിയുമ്പോൾ
ഏത് ആശയത്തേക്കാളും
വേഗത്തിൽ സഞ്ചരിക്കുമ്പോൾ
അനേകം വൈരുധ്യങ്ങളെ
ലളിതമായ് കൂട്ടിയിണക്കുമ്പോൾ
വ്യത്യാസങ്ങളെ
സൗന്ദര്യമായ് ഉദ്ഘോഷിക്കുമ്പോൾ
അവർ
അത് ചെയ്യും .
ചരിത്രത്തെ വെറും
ചപ്പാത്തി മാത്രമാക്കി
തിരിച്ചും മറിച്ചുമിട്ട്
അവർ അത് ചെയ്യും.
പക്ഷെ,
ഓർമ്മയിരിക്കട്ടെ.
നിങ്ങളുടെ കോർപ്പരേറ്റ് ഓവനുകൾ
ഉൽപ്പാദിപ്പിക്കുന്ന
പഴങ്ങളും പച്ചക്കരികളും
ഓർമ്മയിലിട്ട്
ചവച്ചരച്ച്
ബിരിയാണിയാക്കാൻ പറ്റിയ
പല്ലുകൾ,
പല്ലുകൾ
ഞങ്ങളുടെ പക്കലുണ്ട്
-----------------------------------------------------

ഉപകരണം / ലതീഷ് മോഹൻ

പൂച്ച ഒരു ഉപകരണമല്ല ;
മരിച്ചു കിടക്കുമ്പോള്‍,
കേടായ ഒരു റേഡിയോയെ
അത് ഓര്‍മിപ്പിക്കുന്നില്ല
പൂച്ചയുമായി നടക്കുന്നൊരാള്‍
മരിച്ചുകിടക്കുമ്പോള്‍
പൂച്ച, പൂട്ടിപ്പോയ റേഡിയോ നിലയം,
പ്രപഞ്ച സത്യങ്ങളുടെ കലവറ
മഴവരുന്നതും പോകുന്നതും
പണ്ടറിഞ്ഞിരുന്ന
ഉപകരണം.
----------------------------

Sunday, January 4, 2015

സ്റ്റിക്കർ / വീരാൻകുട്ടി


ഓർത്തിരിക്കാതെ
രണ്ടു പ്രാണൻ
തമ്മിൽ ഒട്ടുന്നതിന്റെ
ആകസ്മികതയുണ്ട്
ഏതു പ്രണയത്തിലും .

കീറിക്കൊണ്ടല്ലാതെ
വേർപെടുത്താൻ
പറ്റാത്തതിന്റെ
നിസ്സഹായതയുണ്ട്
അതിന്റെ പിരിയലിൽ .
----------------------------

കവിതയുടെ വിരല്‍ത്തുമ്പില്‍ / എം സങ്



ഉപേക്ഷിക്കപ്പെട്ടൊരു
ഊമക്കുഞ്ഞിന്റെ നിലവിളി
എങ്ങനെയാണു
എനിക്കുമാത്രം
കേള്‍ക്കുവാനാകുന്നത്?
ഉറക്കത്തിനും
ഉണര്‍ച്ചയ്ക്കുമിടയിലെ
നൂല്‍വഴികടന്നു
എന്തിനാണവള്‍
നിര്‍ത്താതെ കരയുന്നത് ?
അദൃശ്യമായ
ഏത് വിരല്‍ പിടിച്ചാണ്
അവള്‍
അരികിലേക്ക് വരുന്നതു ?
കുഞ്ഞുങ്ങളില്ലാത്തവളുടെ
അമ്മ മനസ്സുപോലെ
എന്തിനാണ് ഞാന്‍
വിതുമ്പുന്നത്

രാത്രിപോലും അറിയാതെ.

------------------------------------

Saturday, January 3, 2015

മടുപ്പ് / ഷംസ് ബാലുശ്ശേരി



നിറയില്ലന്ന് ഉറപ്പിച്ചു
കണ്ണിൽ പീലികൾ കുത്തുന്നു
മിണ്ടില്ലെന്ന് ഉറപ്പിച്ചു
ചുണ്ടിൽ വാക്കുകൾ കടിക്കുന്നു
ചിരിക്കില്ലെന്ന് ഉറപ്പിച്ചു
മുഖം ക്ലാവ് പിടിക്കുന്നു
ചലിക്കില്ലന്ന് ഉറപ്പിച്ചു
നഖങ്ങൾ അകത്തേക്ക് വളരുന്നു
പെരുമാറ്റങ്ങളിലെ
നിശ്ചലതയാണ് തപസ്സ്
മുറ തെറ്റാതെ വരുന്നതിനെ
വീണ്ടും വീണ്ടും വരിഞ്ഞു കെട്ടണം.

------------------------------

ഊലാബി / ഷംസ് ബാലുശ്ശേരി



വളരെ വിചിത്രമായ ഒരു ദേശത്തായിരുന്നു
നാമെത്തി ചേർന്നത്‌ .
കായലും മരുഭൂമിയും ചേരുന്നൊരു പാത
നമുക്ക് കടക്കാനുണ്ടായിരുന്നു .
തുമ്പികളെ പരുന്തുകൾ വട്ടം ചേർന്ന്
തടാകത്തിലേക്ക് ആനയിക്കുന്നു
പൊങ്ങി വരുന്ന മത്സ്യങ്ങൾ തുമ്പികളെ വിഴുങ്ങുന്നു
കമ്പിളി നൂലുകളിൽ കോർത്ത
കളിമണ്‍ നർത്തകിമാരുടെ
കുപ്പായങ്ങൾ നിന്നെ നെയ്യാൻ പഠിപ്പിച്ചത്.
ഇബെതോമി* മുത്തശ്ശിയാണ് .
ചന്ദ്രാമണിയാണ്*
നിന്നെ കുതിരച്ചാട്ടങ്ങൾ പഠിപ്പിച്ചത്.
പട്ടാളം നായാടുമ്പോൾ
ആഴമുള്ള പാറയിടുക്കുകൾ ചാടിക്കടക്കുന്ന വിദ്യ.
കാവൽക്കാരുടെ നോട്ടം കണ്ടു പേടിച്ചാണ്
ചുവന്ന ഓർക്കിഡുകളെ നീ ആദ്യമായി പെറ്റത്.
പട്ടാള കണ്ണുകളെ അന്നുമുതൽ നിനക്ക് ഭയമാണ് .
നിൻറെ പൂച്ചക്കണ്ണുകളെ തേടുകയാണ്
കരിയിലയനങ്ങാതെ ബയണറ്റുകൾ
ചോരവീണ ദിനത്തിന്* നീയാണ് സാക്ഷി..
മലയിടുക്കളിൽ
എന്നെക്കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തില്ല.
എന്റെ കാലുകളിപ്പോൾ ചെങ്കുത്തായ ഒരു കുന്നിൻ മുകളിലാണ്.
വെള്ളം കുത്തിക്കുത്തി ചാടുന്ന ശബ്ദം ഞാൻ കേള്ക്കുന്നു
ഒരു മരമായ്‌ ഞാൻ താഴ്വാരത്തിൽ മുളയ്ക്കുന്നു .
വേരുകൾ വളർന്ന് ഞങ്ങളൊരു വനമാകുന്നു
പൈൻമരക്കാടുകൾക്ക് നേരെ
അധികാരം വീണ്ടും വീണ്ടും വെടി ഉതിർക്കുന്നു
ഒറ്റക്കൊലമരമുള്ള ജയിലിലേക്കാണ്
നിയമം നിന്നെ കൊണ്ടുപോകുക .
രാസലീലകൾ ആടാനൊരു മണ്ഡപമുണ്ടാകും
അതിനു മുമ്പിലാണ് കോടതി കൂടുക .
നിന്നെ പാർപ്പിക്കപ്പെട്ടിടത്ത്
ഒരു കളിസ്ഥലമുണ്ടാകും
നിന്റെ ശബ്ദം മാത്രമുയരുന്ന വിനോദം.
തടവറയിൽത്തന്നെ നീ അമ്മയാകും
ചങ്ങലയിൽ കിടന്നാണ് നീ ഗർഭം ധരിക്കുക
ഒരു കുഞ്ഞു കൊലമരം കൂടി
പണിയുന്നതുവരെ നീ ജീവിക്കും.
======================================ഷംസ്
1.*ഊലാബി *മണിപ്പൂരി സ്ത്രീകളുടെ ഒരു വിനോദം Oolaobi (Woo-Laobi) is an outdoor game mainly played by females. Meitei mythology believes that UmangLai Heloi-Taret (seven deities–seven fairies) played this game on the Courtyard of the temple of Umang Lai Lairembi. The number of participants is not fixed but are divided into two groups (size as per agreement). Players are divided as into Raiders (Attackers) or Defenders (Avoiders).
2*’ഇബെതോമി “മൗലോം കൂട്ടക്കൊല’ യിൽ കൊല്ലപ്പെട്ട 62 വയസ്സുള്ള ‘ഇസന്ഗബം ഇബെതോമി’ എന്ന വൃദ്ധ
3.*ചന്ദ്രാമണി “മൗലോം കൂട്ടക്കൊല’ യിൽ കൊല്ലപ്പെട്ട 1988 ലെ ധീരതയ്ക്കുള്ള പുരസ്കാരം നേടിയ സിനം ചന്ദ്രാമണി എന്ന കൗമാരക്കാരൻ.
4.*’ചോരവീണ ദിനം’ .മണിപ്പൂരിലെ ഇംഫാൽ താഴ്വരയിലെ മാലോം ടൌണിലെ ബസ് സ്റ്റോപ്പിൽ വച്ച്, 2000 നവംബർ രണ്ടിന് ആസ്സാം റൈഫിൾസിലെ പട്ടാളക്കാർ മെയ്റ്റി വിഭാഗത്തിലെ, ബസ് കാത്തു നിന്ന, പത്തു പേരെ വെടി വെച്ച് കൊലപ്പെടുത്തി. ‘മൗലോം കൂട്ടക്കൊല’ എന്നറിയപ്പെട്ട ഈ സംഭവത്തെ തുടർന്നാണ് ഇറോം ശർമ്മിള അന്നുതന്നെ തന്റെ നിരാഹാര സമരം തുടങ്ങിയത്

Friday, January 2, 2015

അച്ഛനോട് / ജിനേഷ് കുമാർ എരമം


മുത്തശ്ശിക്കഥ കേൾപ്പിച്ചില്ല
പൊട്ടൻതെയ്യം കാണിച്ചില്ല
മണ്ണിലിറക്കിയില്ല
മലയാളം തൊടീച്ചില്ല.
വേരുകളും കന്നിക്കൊയ്തും
പാവങ്ങളും അയല്ക്കാരും
കണ്‍വെട്ടത്തേ വന്നില്ല.
കുറുന്തോട്ടിയും ശതാവരിയും
തിരിച്ചറിഞ്ഞില്ല
ആഴവും ഒഴുക്കും അനുഭവിച്ചില്ല.
മത്സരങ്ങളിൽ ഞാൻ
പണത്തിലേക്ക് തൊടുത്ത അമ്പ്
ഉത്സവങ്ങളിൽ
ആർക്കും കയ്യെത്താത്ത തിടമ്പ്.
ചെറുപ്പത്തിലെ തന്നത്
വാഷിംഗ് ടണിലേക്കുള്ള
സ്വപ്നവിമാനത്തിന്റെ ടിക്കറ്റ്.
സിലിക്കണ്‍ താഴ്‌വരയിൽ
അമ്പത് നില ഫ്ലാറ്റിന്റെ
തീറാധാരം.
എന്നിട്ടിപ്പോൾ നിലവിളിക്കുന്നു
മക്കൾ വൃദ്ധസദനത്തിലടച്ചെന്ന് !
--------------------------------------

പുലരുംമുമ്പേയുള്ള നടത്തം / പി.പി.രാമചന്ദ്രന്‍


പുലരുംമുമ്പേയുള്ള നടത്തം
കുളിരും കാറ്റും കൂട്ട്

അറ്റം കാണാപ്പാതയിലെതിരേ
പത്രക്കാരന്‍,പാല്‌
ചുറ്റിനടക്കും നായ,വീടിന്‍
മുറ്റമടിക്കുമൊരമ്മ
തട്ടുകടസ്‌റ്റൌവിന്മേല്‍ പുട്ടിന്‍-
കുറ്റി,വെളിച്ചം,ചൂട്‌
പീടികതന്‍ കോലായില്‍നിന്നു-
മെണീറ്റു വരുന്ന കുടുംബം
തമിഴോ തെലുഗോ കന്നടയോ മൊഴി
തിരിയാതുള്ള കലമ്പല്‍
ഉടുതുണിയാലുടല്‍ മൂടിക്കൊണ്ട്‌
വടിയും കുത്തി നടത്തം
അവരടിവെയ്‌ക്കും മണ്ണിനെ വട്ട-
ത്തളികയെ എന്ന കണക്കേ
തലയിലെടുത്തു നടപ്പൂ ചായാ-
നിടയില്ലാത്തൊരു കാലം.
---------------------------------------

ആനയും ഈച്ചയും / കുഞ്ഞുണ്ണി മാഷ്‌


ആ വരുന്നതൊരാന
ഈ വരുന്നതൊരീച്ച
ആനയുമീച്ചയുമങ്ങനെയങ്ങനെ-
യടുത്തടുത്തു വരുന്നു
ആനയ്‌ക്കുണ്ടോ പേടി
ഈച്ചയ്‌ക്കുണ്ടോ പേടി
രണ്ടിനുമില്ലൊരു പേടി
ആന താഴേപോയ്‌
ഈച്ച മേലേപോയ്‌!!

-----------------------------

ഒരു രാക്കനവ് / ഹണി ഭാസ്കരന്‍


നിലാവിന്‍റെ ചൂടുപറ്റി
എനിക്കിന്നുറങ്ങണം
നക്ഷത്രപ്പൂക്കള്‍ ഇറുത്ത്
മുടിയില്‍ തിരുകണം
ചന്ദ്രമന്ദസ്മിതത്തിന്‍ തേനടര്‍ത്തി
ചുണ്ടില്‍ തേയ്ക്കണം
ഇരുട്ടില്‍ വിരല്‍ മുക്കി
കണ്ണില്‍ മഷിയെഴുതണം
സന്ധ്യ പെരുത്ത് പെരുത്ത്
ഇരുള്‍ കനക്കുമ്പോള്‍
ഒരു മിഴിവെട്ടത്തിനപ്പുറം
സ്വപ്നങ്ങളില്‍ നീ മാത്രം
പുറത്തുലഞ്ഞു വീശും
കാറ്റിനൊപ്പം
ഓര്‍മ്മകള്‍ താണ്ടിയകലട്ടെ
മറ്റെല്ലാം.
-----------------------

പാർട്ടി കോണ്‍ഗ്രസ് / സുധീർ രാജ്


കർക്കിടകപ്പാടങ്ങളിൽ പണിയെടുക്കുന്ന
മഴത്തൊഴിലാളി കളുടെ സമ്മേളനത്തിലും
അപ്പൻ അലമ്പിയെന്നു കേട്ടു.
മഴവില്ലിനു ഇവിടെന്തു കാര്യം
എന്നുറക്കെ പറഞ്ഞത് മിന്നലിനു പിടിച്ചില്ല
ഒന്നും രണ്ടും പറഞ്ഞ് അടിയായി
ഒരു കുഞ്ഞു കാർമേഘത്തേം പിടിച്ച്
അപ്പനിങ്ങു പോന്നു .
"കൊച്ചു കഴുവർടാ മോനേ
ഇതൊന്നുമല്ല പാർട്ടി കോണ്‍ഗ്രസ്
ഓരോ തുള്ളിക്കും നൂറുവിത്തു മുളയ്ക്കുന്ന
മഴപ്പാടമാ നമ്മള് ."
കുശുമ്പൻ വേനലാ കൂട്ടിപ്പിടിപ്പിച്ചേന്നു
കൂട്ടം പിരിഞ്ഞവര് പറയുന്ന കേട്ടു .
വേനലിനെ തന്തയ്ക്കുവിളിച്ച അപ്പനെ
പിന്നാരും കണ്ടിട്ടില്ല .

--------------------------------

കൂട്ടുകാരനല്ലാത്തവനോട് / മനോജ്‌ കുറൂർ


ഒന്നുതന്നെ തിരഞ്ഞതിനാല്‍
നാം കൂട്ടുകാരല്ലാതായി.
നീ തേടിനടന്നത് എന്റെ
കാലില്‍ത്തടഞ്ഞതുകൊണ്ടല്ല.
നിലത്തുനിന്നെടുത്ത്
വിരലുകള്‍ക്കിടയില്‍ ചേര്‍ത്തപ്പോള്‍
നിന്റേതല്ലാതായതിന്റെ
പകച്ചുനോക്കലിലോ
നേര്‍ക്കുനേരെത്താത്ത
പകപോക്കലിലോ അല്ല.
എന്റെ ഉള്ളംകൈയില്‍
വിത്തായൊതുങ്ങിയത്
നിന്റെ ഉള്ളിലാണ്
വളര്‍ന്നുവിളഞ്ഞത്.
ഒന്നു തിളങ്ങിക്കാണാന്‍
ഞാനതു പുറത്തു വയ്ക്കുന്നു.
നിന്റെ കണ്‍മുനയേറ്റപ്പോഴേ
ഉരുക്കുവെള്ളം പോലത്
വെട്ടിത്തിളങ്ങി
ഒഴുകിപ്പരന്ന്
വെയിലായുയര്‍ന്ന്
കാറ്റിലലഞ്ഞ്
മരച്ചില്ലകളില്‍ത്തടഞ്ഞ്
നിലത്തിറ്റുവീണ്
നിറം മങ്ങിയുണങ്ങി
മാഞ്ഞുമാഞ്ഞു പോകുന്നു.
വറ്റിത്തീര്‍ന്ന ഇടം നോക്കാന്‍
ഞാനൊരു മണ്‍വെട്ടിയും
തിരിച്ചുകിട്ടാന്‍
നീ അരിപ്പയുമാകണം.
കൂട്ടുകാരാ...
നീയെന്നെവച്ചു കുഴിക്ക്
നിന്നിലൂടെ ഞാനതരിച്ചെടുക്കാം.
-------------------------------------

പടയാളികള്‍‍ / വൈലോപ്പിള്ളി


പാതിരാക്കോഴി
വിളിപ്പതും കേള്‍‍ക്കാതെ
പാടത്തു പുഞ്ചയ്‍‍ക്കു തേവുന്നു രണ്ടുപേര്‍‍;
ഒന്നൊരു വേട്ടുവന്‍‍ മറ്റേതവന്‍‍‍ വേട്ട‌
പെ,ണ്ണിവര്‍‍ പാരിന്റെ പാദം പണിയുവോര്‍‍‍;
ഭൂതം കണക്കിനേ മൂടല്‍മ,ഞ്ഞഭ്രവും
ഭൂമിയും മുട്ടിപ്പരന്നു നിന്നീടവേ,
തങ്ങളില്‍‍‍ത്തന്നേയടങ്ങി, നിലാവത്തു
തെങ്ങുകള്‍‍ നിന്ന നിലയ്‍‍ക്കുറങ്ങീടവേ,
ഈയര്‍‍‍ദ്ധനഗ്നരാം ദമ്പതിമാര്‍‍കളോ
പാടത്തു പുഞ്ചയ്‍‍ക്കു പാരണ നല്‍‍‍കയാം.
തേക്കൊട്ട മുങ്ങിയും പൊങ്ങിയും തേങ്ങുമ്പൊ‍‍ ‍‍-
ഴീക്കൂട്ടര്‍‍ പാടുമത്യുച്ചമാം പാട്ടുകള്‍‍‍,
ഗദ്‍ഗദരുദ്ധമാംരോദനം പോലവേ,
ദു:ഖിതരായി ശ്രവിക്കുന്നു ദിക്കുകള്‍‍‍!
നല്‍‍ത്തുലാവര്‍‍ഷവും കാത്തിരുന്നങ്ങനെ
പാര്‍‍ത്തല‍ംവൃശ്ചികം പാടേ കടന്നുപോയി.
നാലഞ്ചുതുള്ളിയേ നാകമുതിര്‍‍‍ത്തുള്ളൂ
നനാചരാചരദാഹം കെടുത്തുവാന്‍‍‍.
വര്‍‍‍ദ്ധിച്ച താപേന വന്‍‍‍ മരുഭൂവിലെ-
യധ്വഗര്‍‍പോലെത്തുമോരോ ദിനങ്ങളും
പാടത്തെ വെള്ളം കുടിച്ചുവറ്റിക്കയാല്‍‍
വാടിത്തുടങ്ങീതു വാരിളം നെല്ലുകള്‍‍‍.
തൈത്തലയെല്ലാം വിളര്‍‍ത്തൂ, മുളകിന്റെ
കൈത്തിരി തീരെക്കൊളുത്തതെ വീണുപോയ്!
കാര്‍മണ്ഡലത്തെ പ്രതീക്ഷിക്കുമൂഴിയെ-
പ്പാഴ്‍മഞ്ഞുതിര്‍‍ത്തു ഹസിക്കയാം വിണ്ടലം!
ഹാ കഷ്‍‍ട,മെങ്ങനെ മര്‍‍ത്ത്യന്‍‍‍ സഹിക്കുമീ
മൂകപ്രകൃതിതന്നന്ധമാം ക്രൂരത?
ഇപ്പെരും ക്രൂരതയോടു പോരാടുവോ-
രിപ്പൊഴും പുഞ്ചയ്‍‍ക്കു തേവുമീ വേട്ടുവര്‍‍‍;
പഞ്ചഭൂതങ്ങളോടങ്കമാടീടുമീ-
പ്പഞ്ചമരത്രേ പെരുംപടയാളികള്‍‍‍.
മാലോകര്‍‍‍ തുഷ്‍ടിയാം തൊട്ടിലില്‍‍‍, നിദ്രതന്‍‍‍-
താലോലമേറ്റു മയങ്ങിക്കിടക്കവേ,
തന്‍‍‍ജീവരക്തമൊഴുകുന്നു പാടത്തു
തണ്ണീരിലൂടെയിദ്ധീരനാം പൂരുഷന്‍‍‍
കാന്തന്റെ തേരില്‍‍‍‍ കടിഞ്ഞാണ്‍‍‍ പിടിക്കുന്നു
താന്‍‍‍തന്നെ തേവിക്കൊടുക്കുമിപ്പെണ്‍‍‍കൊടി
പാട്ടുകള്‍‍‍ പാടിക്കെടുത്തുന്നു തന്വംഗി
കൂട്ടുകാരന്റെ തണുപ്പും തളര്‍‍ച്ചയും
പാടുകയാണിവള്‍‍‍ പാലാട്ടുകോമന്റെ
നീടുറ്റ വാളിന്‍‍‍നിണപ്പൂഴക്കേളികള്‍‍‍.
ആരാണു വീറോടു പോരാടുമീരണ്ടു
പോരാളിമാര്‍‍‍കളെപ്പാടിപ്പുകഴ്‍ത്തുവാന്‍‍?
----------------------------------------------