കുട്ടിക്കാലത്ത്
അവളെല്ലായ്പ്പോഴും
ചിത്രം വരക്കുമായിരുന്നു-
ഉറക്കെച്ചിരിക്കുന്ന മുത്തശ്ശന്‍െറ.
മുത്തശ്ശന്‍ പറഞ്ഞുകേട്ട മുത്തശ്ശിയുടെ.
പറക്കുന്ന കിളിയുടെ.
തുഴയുന്ന മീനിന്‍െറ.
ഒഴുകുന്ന പുഴയുടെ.
ഉദിക്കുന്ന സൂര്യന്‍െറ.
ഏതോ മലയുടെ തോളില്‍,
ചാഞ്ഞിറങ്ങുന്ന പച്ചപ്പിനിടയില്‍,
ചിറകുനീര്‍ത്തി
ചരിഞ്ഞുനില്‍ക്കുന്ന വീടിന്‍െറ.
വീടുവരക്കുമ്പോഴെല്ലാം
വീഴാന്‍ പോകുന്ന വീടെന്ന്
മുത്തശ്ശനവളെ കളിയാക്കും.
ഓടാന്‍ വെമ്പുമാറുള്ള
ചന്തമേറിയ വീടുകള്‍
മുത്തശ്ശിപണ്ട്
അടുക്കളച്ചുമരില്‍
കോറിയിടാറുള്ളത്
ഓര്‍ത്തെടുക്കും.
പിന്നെപ്പിന്നെ
ചിത്രം വരക്കാന്‍
മുത്തശ്ശി മറന്നുപോയെന്ന്
നെടുവീര്‍പ്പിടും.
ചിറകുള്ളോരൊക്കെയും
വീടുവിട്ടകലുമ്പോള്‍
വീടൊറ്റക്കാവുമെന്നും
അപ്പോള്‍
മലമുകളില്‍നിന്ന് മാനത്തേക്കും
കാറ്റിനോടൊപ്പം താഴത്തേക്കും
കുതികുതിക്കുന്ന
വീടാണെന്‍െറ വീടെന്നും
അവള്‍ വാചാലയാകുമ്പോള്‍
മുത്തശ്ശനവളെ ചേര്‍ത്തണയ്ക്കും.
വീടിന്‍െറ വിചാരങ്ങള്‍
ഇത്രചെറുപ്പത്തിലേ വായിച്ചെടുക്കാന്‍
അവള്‍ക്കല്ലാതെ
മറ്റാര്‍ക്കാണാവുക?
--------------------------------
No comments:
Post a Comment