Wednesday, January 14, 2015

പിന്മടക്കം / കല്പറ്റ നാരായണന്‍



മധുവിധു
അവസാനിച്ച ദിവസം
ഞാന്‍ വ്യക്തമായോര്‍ക്കുന്നു.
തലേന്ന് അവള്‍ തലവെച്ചുറങ്ങിയ കൈ
രാവിലെ എനിക്ക് ഉയര്‍ത്തുവാന്‍ കഴിഞ്ഞില്ല
അവള്‍ അവളുടെ ശരിയായ ഭാരം
വീണ്ടും വഹിച്ചുതുടങ്ങിയിരുന്നു.
അന്ന്
വീട്ടിന് പിന്നിലെ തൊഴുത്തിലെ നാറ്റം
അവള്‍ക്ക് കിട്ടിത്തുടങ്ങി.
ജീവിതത്തിന്റെ ഇത്രയടുത്ത്
ആരെങ്കിലും തൊഴുത്ത് കെട്ടുമോ?
ഉറക്കം പിടിക്കുമ്പോള്‍
നീ എന്തിനാണ് വായ തുറക്കുന്നത്
ബാലന്‍സ് ചെയ്യാനോ?
നീ വളരുമ്പോള്‍
അമ്മ പുറത്ത് നോക്കിനില്‍ക്കുകയായിരുന്നോ?
കുറ്റപ്പെടുത്തുമ്പോള്‍
ഊര്‍ജസ്വലനാകുന്ന ചെകുത്താന്‍
ജോലി തുടങ്ങിക്കഴിഞ്ഞു.
ഉള്ളത് പറയണമല്ലോ
നിങ്ങളുടെ ചില മട്ടുകള്‍ എനിക്ക് പിടിക്കുന്നില്ല
കുലുക്കുഴിഞ്ഞ വെള്ളം
നിങ്ങളിറക്കുന്നതു കാണുമ്പോള്‍
ഭൂമി പിളര്‍ന്നിറങ്ങിപ്പോകാന്‍ തോന്നുന്നു.
തുറന്നുപറയാനുള്ള തന്റേടം
അവള്‍ നേടിക്കഴിഞ്ഞു.
ശരിക്കും തോര്‍ത്തിക്കിടന്നാലെന്താണ്
ഈറന്‍ മുടിയുടെ നാറ്റം എനിക്ക് പറ്റിയതല്ല, ഞാനും വിട്ടില്ല
മണം നാറ്റമായി
അനശ്വരത വീണ്ടെടുത്ത് കഴിഞ്ഞിരുന്നു.
മധുവിധു
അവസാനിച്ചു കഴിഞ്ഞു.
എത്തിച്ചേര്‍ന്ന
വിദൂരവും മനോഹരവുമായ ദിക്കുകളില്‍ നിന്ന്
ഞങ്ങള്‍ മടങ്ങിത്തുടങ്ങി.
ഇത്ര പെട്ടെന്ന് എല്ലാം തീര്‍ന്നുവോ,
വെറും ഇരുപത് ആഴ്ചകള്‍
ദൈവം നിരാശയോടെ വിരല്‍ മടക്കുന്ന ഒച്ച.
ഇനിയുമുണ്ട്
രണ്ടായിരത്തോളം ആഴ്ചകള്‍ .
ഈ സാധുക്കള്‍ എന്തു ചെയ്യും?
 ----------------------------------------------------

No comments:

Post a Comment