അഗ്നിപര്‍വ്വതങ്ങള്‍ പോലെയേറെ നീറിയും
അഴലു പേറി,യാധിയേറി മിഴികളൂറിയും
ഞങ്ങള്‍ രണ്ടുമൊരു തണല്‍ തണുപ്പിലൊന്ന് പോല്‍
വിങ്ങിടുന്ന നെഞ്ചുമായ് കഴിഞ്ഞു ഏറെ നാള്‍!
സ്നേഹമഞ്ഞു മുകിലു മെല്ലെ പെയ്തിടുമ്പോഴും
സൌമ്യനായ് ഞാനടുത്ത് നിന്നിടുമ്പോഴും
അതു നിനക്കുവേണ്ടിയെന്നുരച്ചതില്ലച്ഛന്‍
എങ്കിലുമറിഞ്ഞു ഞാനാ ആത്മസൌഭഗം!
ആര്‍ദ്രമായ്ത്തലോടിയില്ല രാവിലെങ്കിലും
അച്ഛനെന്‍റെയമൃതമെന്നറിഞ്ഞിരുന്നു ഞാന്‍
വൃശ്ചികത്തണുപ്പുറഞ്ഞ കാറ്റ് വീശവേ,
അച്ഛനാണതെന്ന ബോധമാര്‍ന്നിരുന്നു ഞാന്‍!
അക്ഷരം കടഞ്ഞു ഞാനടുപ്പ് കൂട്ടവേ,
അഗ്നിയില്‍ വിഷാദമാകെ വെന്തു പോകവേ,
അറിവുദിച്ച പുണ്യമെന്നിലേകിടുന്നതും
അച്ഛനെന്ന സത്യമെന്നറിഞ്ഞിരുന്നു ഞാന്‍!
അമ്മയെന്ന നന്മ തേടി ഞാന്‍ നടക്കവേ
ഉണ്മയാകും മേന്മ തേടി വേദനിക്കവേ,
മണ്‍കുടിലിനുള്ളിലെന്‍റെ കുഞ്ഞു മെത്തയില്‍
കണ്ണുഴിഞ്ഞ വെണ്ണിലാവുമച്ഛനല്ലയോ!
നൂറു തേച്ച് വായ് നിറച്ച ഗൌരവങ്ങളില്‍
നെഞ്ചില്‍ വീണു കെഞ്ചിടാന്‍ മടിച്ചു പോയി ഞാന്‍;
എങ്കിലും നിതാന്തമായ മൂകസാന്ത്വനം
എന്നിലേകിയച്ഛനെന്നറിഞ്ഞിടുന്നു ഞാന്‍!
പാപവും ദുരന്തവും തിളച്ച വേനലില്‍
തങ്ങളിലറിഞ്ഞു പുല്‍കിയില്ല ഞങ്ങളും
കദന സൂര്യനായെരിഞ്ഞു നിന്ന നേരവും
കനിവു തീര്‍ന്ന താതഹൃദയമേന്തി നിന്നു ഞാന്‍!
തേങ്ങിയും പിണങ്ങിയുമിണങ്ങിയുമിതാ
തേന്മലര്‍ വസന്തവാടി പൂകിടുമ്പൊഴും
ദൂരെ മാറി നിന്ന രണ്ട് സ്നേഹതാരകള്‍
ഊര്‍ജ്ജരേണു തങ്ങളില്‍ പകര്‍ന്നിടുന്നിതാ..
------------------------------------------------
No comments:
Post a Comment