Monday, January 5, 2015

ബിരിയാണി/ഒരു സസ്യേതര രാഷ്ട്രീയ കവിത [പി.എൻ.ഗോപികൃഷ്ണൻ]


1
കടൽ ആദ്യമായ് കണ്ടപോലെയാണ്
ഞാൻ നിന്നെ കണ്ടുപിടിച്ചത് .
തീയ്യിൽ ആദ്യമായ് തൊട്ട പോലെയാണ്
നാം രണ്ടുപേരും
ബിരിയാണി കണ്ടുപിടിച്ചത് .
ഇന്ത്യ നമുക്ക്
മറ്റു പലതും പോലെ
ഒരു ബിരിയാണി രാഷ്ട്രം കൂടിയായിരുന്നു .
കായിക്കാന്റെ ബിരിയാണി
കരീംസിലെ ബിരിയാണി
ഹൈദരാബാദിലെ ബിരിയാണി
എന്നിങ്ങനെ
ഓരോ ഇന്ത്യൻ നഗരങ്ങളേയും
നാം ബിരിയാണി കൊണ്ട്
അടയാളപ്പെടുത്തി.
നീ കണ്ടിട്ടില്ലാത്ത
ഞാൻ കണ്ടിട്ടുള്ള ഉൽസവങ്ങൾ
ബിരിയാണിയിൽ ഞാൻ
വരച്ചു കാണിച്ചു.
ഞാൻ വായിക്കാത്ത പുസ്തകങ്ങൾ
നീ ബിരിയാണിയിൽ
വായിച്ചു കേൾപ്പിച്ചു.
ബ്രഹ്തിന്റെ വിഖ്യാത കവിത
അദ്ദേഹത്തിന്റെ ജന്മശതാബ്ധി കഴിഞ്ഞപ്പോൾ
" വിശക്കുന്ന മനുഷ്യാ
ബിരിയാണി ഭക്ഷിക്കൂ
അതൊരായുധമാണ്"
എന്ന് നാം
ആദരപൂർവ്വം മാറ്റിയെഴുതി.
അതെ.
ബിരിയാണി ഒരു മനുഷ്യത്തീറ്റ മാത്രമായിരുന്നില്ല .
അതൊരു രാജ്യമായിരുന്നു.
ഭൂഖണ്ഡങ്ങളിൽ നിന്ന് ഭൂഖണ്ഡങ്ങളിലേയ്ക്ക്
വ്യാപിക്കുന്ന അസ്ഥിര രാജ്യം.
അതൊരു കടലായിരുന്നു.
എവിടെയോ ഉത്ഭവിച്ച്
നമ്മിലേയ്ക്ക്
ആഞ്ഞടിയ്ക്കുന്ന കടൽ.
അതൊരു യാത്രയായിരുന്നു,
കണ്ടിട്ടില്ലാത്ത ഒട്ടകകക്കൂട്ടങ്ങളിൽ ചേർന്ന്
നാം
ഒരുമിച്ച് നടത്തിയ യാത്ര.
അതൊരു ചരിത്രമായിരുന്നു,
മഹത്തായ കുശിനിക്കാരുടെ വക്കു കവിഞ്ഞ്
അവരറിയാതെ ഒഴുകിയ ചരിത്രം.
അതൊരു കൃഷിയിടമായിരുന്നു.
കാറ്റുകളെ ഹരം പിടിപ്പിക്കാൻ
എണ്ണമറ്റ അത്തർക്കുപ്പികൾ
ഹൃദയത്തിലിട്ടു പൊട്ടിച്ച
അരിമണികളുടെ വയൽ.
അത്
ഒരിക്കൽ അലഞ്ഞു തിരിഞ്ഞ ജൂതനും
ഇപ്പോൾ അലഞ്ഞു തിരിയുന്ന
ഫലസ്തീനിയുമായിരുന്നു.
ദൂരെ ദൂരെ മരുഭൂമിയിൽ
മിച്ചം വെച്ച നേരം കൊണ്ട്
മകൻ
ഉമ്മയ്ക്കയച്ച സ്നേഹമായിരുന്നു.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർ
ചോദിച്ചു വാങ്ങിയ
അവസാനത്തെ അന്നമായിരുന്നു.
ശിക്ഷ നിർവഹിച്ച ആരാച്ചാർ
മനം പിരട്ടാതിരിക്കാൻ
കഴിച്ച
മരുന്നായിരുന്നു.
ബിരിയാണിയ്ക്ക് അപ്പുറമിപ്പുറമിരിയ്ക്കുമ്പോൾ
എന്റെ നരച്ച താടിരോമങ്ങളെ
നീ കറുത്തു കണ്ടു.
ഞാൻ
നിന്റെ കണ്ണുകളെ
മിന്നാമിനുങ്ങുകളാക്കി.
അന്നത്തെപ്പത്രത്തിൽ
"ബിരിയാണി നിരോധിക്കുക " എന്ന്
എഡിറ്റ് പേജിൽ
നാലുകോളമുണ്ടെന്നു
നീ വിളിച്ചു പറഞ്ഞപ്പോൾ
ഞാൻ വിശ്വസിച്ചില്ല.
പക്ഷേ,
ഉണ്ടായിരുന്നു.
2
ബിരിയാണിയിൽ എന്താണ്
നിരോധിക്കേണ്ടത് ?
മലഞ്ചെരിവുകളെ
പച്ചത്തട്ടം കൊണ്ടു മൂടിയ
ആ പാവം അരിനീൾമണികളെ?
സുഗന്ധം കൊണ്ട്
ലോകത്തേയ്ക്ക് പൊട്ടിത്തെറിച്ച
കറുവപ്പട്ടകളെ ?
എരിവിനെ നൂറു നൂറു പൂക്കളായ് വരച്ച
കരയാമ്പൂക്കാടുകളെ ?
മനുഷ്യരാശിയുടെ അംഗവൈകല്യം തീർക്കാൻ
സ്വന്തം അവയവങ്ങൾ ദാനം ചെയ്ത്
മസ്തിഷ്കമരണം വരിച്ച
ആട്, പോത്ത്,കോഴി ജന്മങ്ങളെ ?
വിരലിൽ വിടാതെ ഇക്കിളിയിടുന്ന
ആ മസ്രുണസ്പർശത്തെ?
നരകത്തീയിൽ വെന്ത്
രുചിസ്വർഗ്ഗം രചിച്ച
ആ അപൂർവ്വ നെയ്ത്തിനെ ?
ചവച്ചു ചവച്ച് നാം
വീണ്ടും വീണ്ടും വായിക്കുന്ന
ആനന്ദത്തിന്റെ ആഖ്യാനത്തിനെ ?
എന്നിട്ടും
അവർ പറയുന്നു :
ബിരിയാണി നിരോധിക്കണം.
അവർ അത് ചെയ്തേക്കും.
മിററിൽ
അഹമ്മദാബാദിൽ
വാരണാസിയിൽ
കൊൽകൊത്തയിൽ
ദില്ലിയിൽ
ചെന്നൈയിൽ
ബിരിയാണി തിന്നുന്നവരെ
പാകിസ്ഥാനിലേയ്ക്ക് നാടു കടത്തിയേയ്ക്കും.
തലശ്ശേരിയിലെ
കോഴിക്കോട്ടെ
ഫോർട്ട് കൊച്ചിയിലെ
പഴക്കമുള്ള ബിരിയാണിച്ചെമ്പുകളെ
ബോംബുവെച്ച് തകർത്തേക്കും.
അവർ അത് ചെയ്തേക്കും.
പാചകത്തിലെ അവസാന കൈത്തറിയായ്
ബിരിയാണി നിരന്തരം നെയ്തു വിരിയുമ്പോൾ
ഏത് ആശയത്തേക്കാളും
വേഗത്തിൽ സഞ്ചരിക്കുമ്പോൾ
അനേകം വൈരുധ്യങ്ങളെ
ലളിതമായ് കൂട്ടിയിണക്കുമ്പോൾ
വ്യത്യാസങ്ങളെ
സൗന്ദര്യമായ് ഉദ്ഘോഷിക്കുമ്പോൾ
അവർ
അത് ചെയ്യും .
ചരിത്രത്തെ വെറും
ചപ്പാത്തി മാത്രമാക്കി
തിരിച്ചും മറിച്ചുമിട്ട്
അവർ അത് ചെയ്യും.
പക്ഷെ,
ഓർമ്മയിരിക്കട്ടെ.
നിങ്ങളുടെ കോർപ്പരേറ്റ് ഓവനുകൾ
ഉൽപ്പാദിപ്പിക്കുന്ന
പഴങ്ങളും പച്ചക്കരികളും
ഓർമ്മയിലിട്ട്
ചവച്ചരച്ച്
ബിരിയാണിയാക്കാൻ പറ്റിയ
പല്ലുകൾ,
പല്ലുകൾ
ഞങ്ങളുടെ പക്കലുണ്ട്
-----------------------------------------------------

No comments:

Post a Comment