Sunday, January 11, 2015

മഷിക്കുപ്പിയും കൂണും / സച്ചിദാനന്ദന്‍


ഇടിവെട്ടിയ ഒരു ദിവസമാണ്
മഷിക്കുപ്പി കൂണിനെ കണ്ടുമുട്ടിയത്.
വിറച്ചുനില്ക്കുന്ന കൂണിനോട്
മഷിക്കുപ്പി ചോദിച്ചു: 'നീയെങ്ങനെ
ഇത്ര വെളുത്തതായി?'

കൂണു പറഞ്ഞു:
'ഞാന്‍ സ്വര്‍ഗ്ഗത്തിലെ ഒരു മാലാഖയായിരുന്നു.
ദൈവത്തെ ചോദ്യംചെയ്തതുകൊണ്ട്
ശാപമേറ്റു കരിഞ്ഞ് കറുത്ത ഒരു
കൊച്ചുവിത്തായി ഞാനീ ഭൂമിയില്‍ നിപതിച്ചു.
മഴവില്ലു കണ്ടപ്പോള്‍ സ്വര്‍ഗ്ഗത്തിന്റെ ഓര്‍മയില്‍
ഞാന്‍ മുളച്ചു, എന്റെ ചിറകുകള്‍ ഈ
വെളുത്ത കുടയായി വിടര്‍ന്നു.
ആട്ടെ,
നീയെങ്ങനെ ഇങ്ങനെ കറുത്തുവെന്നു
പറഞ്ഞില്ലല്ലോ?
മഷിക്കുപ്പി പറഞ്ഞു:
'ഭൂമിയിലെ അമ്മമാരുടെ തലമുറകളുടെ
കണ്ണീരാണ് ഞാന്‍.
വേദനയുടെ നൃത്തത്തില്‍ വാടിയ
അവരുടെ ഹൃദയത്തില്‍നിന്നു
വരുന്നതുകൊണ്ടാണ് എനിക്കീ കറുപ്പ്.
കടലാസ്സില്‍ അക്ഷരരൂപങ്ങളില്‍
വാര്‍ന്നു വീഴുകയാണെന്റെ പണി.
മനുഷ്യരുടെ ബീജഗണിതംമുതല്‍
മഹാകാവ്യംവരെ എല്ലാറ്റിലും
എന്റെ ഇരുണ്ട സമസ്യകള്‍
മരണത്തിന്റെ നിഴല്‍ വീഴ്ത്തുന്നു.
ഞാന്‍ കറുത്തിരിക്കുന്നതും
നീ വെളുത്തിരിക്കുന്നതും
ഒരേ കാരണംകൊണ്ടുതന്നെ.'
പറഞ്ഞു നിര്‍ത്തിയ ഉടന്‍
മഷിക്കുപ്പി കൂണിന്മേലേക്ക് ചെരിഞ്ഞു.
അതോടെ
എങ്ങും രാത്രിയായി.
-------------------------------------------

No comments:

Post a Comment