കൂരിരുട്ടിന്‍റെ കിടാത്തി,യെന്നാല്‍
സൂര്യപ്രകാശത്തിനുറ്റ തോഴി,
ചീത്തകള്‍ കൊത്തി വലിക്കുകിലു-
മേറ്റവും വൃത്തിവെടുപ്പെഴുന്നോള്‍,
കാക്ക നീ ഞങ്ങളെ സ്നേഹിക്കിലും
കാക്കണം സ്വാതന്ത്ര്യമെന്നറിവോള്‍.
പൊന്നുപുലരിയുണര്‍ന്നെണീറ്റു
ചെന്നുകിഴക്കു തീ പൂട്ടിടുമ്പോള്‍,
കാളുന്ന വാനത്തു നാളികേര-
പ്പൂളൊന്നു വാടിക്കിടന്നിടുമ്പോള്‍,
മുത്തൊക്കുമത്താഴവറ്റു വാനിന്‍
മുറ്റത്തു ചിന്നിയടിഞ്ഞിടുമ്പോള്‍,
കേള്‍ക്കാം പുളിമരക്കൊമ്പില്‍നിന്നും
കാക്ക കരഞ്ഞിടും താരനാദം,
"ആരാണുറങ്ങുന്ന,തേല്‍ക്കുകെ''ന്നായ്
കാരണവത്തി തന്നുക്തിപോലെ!
പാടിക്കളിക്കട്ടെ നാലുകെട്ടില്‍
മാടത്ത,തത്ത,കുയില്‍,പിറാക്കള്‍.,
ഉള്‍പ്രിയമെങ്കിലും, ഗേഹലക്ഷ്മി-
ക്കെപ്പോഴും കാക്കയോടെന്നു ഞായം!
ഉള്ളിലടുപ്പത്തു മണ്‍കലത്തില്‍
നല്ലരി വെള്ളിയായ് തുള്ളിടുമ്പോള്‍
മേലെ മധുരക്കിഴങ്ങുവള്ളി-
പോലേ പുക പടര്‍ന്നേറിടുമ്പോള്‍,
അങ്ങാശു കോലായിലമ്മ ചോറിന്‍
ചങ്ങാതിമാരെ ചമച്ചിടുമ്പോള്‍,
ആഞ്ഞുതിമിര്‍ക്കുമൊരുണ്ണി,മണ്ണില്‍
ഞാഞ്ഞൂലുമായ് പടവെട്ടിടുമ്പോള്‍,
ചോടുകള്‍വെച്ചു ചെരിച്ചുനോക്കി-
ചൂടെഴും പൂട ചൊറിഞ്ഞുവീഴ്ത്തി,
നീട്ടി വിളംബരം ചെയ്‌വൂ കാക്ക
നാട്ടിന്‍പുറത്തെക്കുടുംബ സൗഖ്യം!
ചേലുകള്‍ നോക്കുവോളല്ല നാനാ-
വേലകള്‍ ചെയ്യുവോളിക്കിടാത്തി.
ലോലമായ് മുവ്വിതളുള്ള നീല-
ക്കാലടിയെങ്ങു പതിഞ്ഞിടുന്നോ,
ആ നിലമൊക്കെയും ശുദ്ധിയേല്‍പ്പൂ
ചാണകവെള്ളം തളിച്ചപോലെ!
പാഴിലഴുക്കുപെടുന്ന മുക്കില്‍,
ചാഴിപുഴുക്കള്‍ കടന്ന ദിക്കില്‍,
വേലയ്ക്കു ചെന്നു മിനപ്പെടുത്തും
നീലിപ്പുലക്കള്ളിയല്ലി കാക്ക?
ലോകാഭിരാമമാണാത്തിരക്കില്‍
സ്നേഹാധികാരശകാരഘോഷം!
പച്ചമുരുക്കിന്റെ ചില്ലതോറും
പത്മരാഗങ്ങള്‍ വിളഞ്ഞിടുമ്പോള്‍
കൂത്തടിപ്പൂ തേന്‍ കുടിച്ചു കാക്ക,
പൂത്തിരുവാതിരപ്പെണ്ണുപോലെ!
ആണിനെക്കൊത്തി ച്ചൊറിഞ്ഞിടുന്നൂ,
നാണമാര്‍ന്നൂളിയിട്ടോടിടുന്നു.
ഉച്ചലല്‍പ്പീലിവിശറിയാലേ
മച്ചിലെദ്ദീപമണച്ചിടുന്നു.
എന്തു കുഴഞ്ഞാട്ട,മെന്തു നോട്ടം,
എന്തു പരിഭവ,മെന്തൊരിഷ്ടം!
വേലയ്ക്കു നില്‍ക്കും കറുത്തപെണ്ണേ
കേളിക്കു നിന്നെയാര്‍ കേമിയാക്കി?
കൂവലിലാരു മധു കലര്‍ത്തി,
തൂവലില്‍ച്ചാരു മണംവളര്‍ത്തി?
താമസപിണ്ഡത്തിനുള്ളിലാരോ
താമരപ്പൂവു വിടര്‍ത്തിനിര്‍ത്തി?
------------------------------------------
No comments:
Post a Comment