ഇടത്തല്ല, വലത്തല്ല
നടുക്കല്ലെന്‍ സരസ്വതി
വെളുത്ത താമരപ്പൂവിലുറക്കമല്ല.
തുടിയ്ക്കുന്ന ജനതതന്‍
കരളിന്റെ കരളിലെ
തുടുത്ത താമരപ്പൂവിലവള്‍ വാഴുന്നു!
പടകുറിച്ചൊരുങ്ങിയ
പതിതര്‍തന്‍ പത്മവ്യൂഹ-
നടുവിലെ കൊടിത്തണ്ടിലവള്‍ പാറുന്നു.
അഴകിന്റെ വീണമീട്ടി
തൊഴിലിന്റെ ഗാനം പാടും
തൊഴിലിന്റെ കൊടിയേന്തിയഴകു പാടും.
വിരിയുന്ന താരുകളില്‍
വിടരുന്ന താരങ്ങളില്‍
വിരഞ്ഞെത്തുമവളുടെ കടാക്ഷഭൃംഗം.
കനകപ്പൂനിറതിങ്കള്‍
നിലാവലയൊഴുക്കുമ്പോള്‍
കടലുപോലവളുടെ കരള്‍ തുടിയ്ക്കും.
നേരിനെ താരാക്കിമാറ്റും
താരിനെ താരകമാക്കും
താരകത്തെയവള്‍ നിത്യ ചാരുതയാക്കും.
ചാരുതയില്‍ വാക്കുചാലി-
ച്ചവള്‍ തീര്‍ത്തൊരുക്കിവെച്ച
ചായമിറ്റു കിട്ടുവാന്‍ ഞാന്‍ തപസ്സുചെയ്‌വൂ...
------------------------------------------------
No comments:
Post a Comment