അപ്പനൊരു സൈക്കിള്‍ ഉണ്ടായിരുന്നു
എന്നും എണ്ണയിട്ടു മയക്കി,
തൂത്തു തുടച്ചു,
മിനുമിനാന്നു
മിനുക്കി വെച്ചിരുന്നു,
എന്നുമപ്പന്‍ സൈക്കിളും ചവിട്ടി
പണിക്കു പോകുമ്പോള്‍,
സൈക്കിള്‍ ചിറകുള്ള
ഒരു കുതിരയാണെന്ന്,
അപ്പനൊരു പുണ്യാളനാണെന്ന് ,
ഞങ്ങളൊക്കെ രാജാക്കന്മാരാണെന്ന് ,
വെറുതെ
വെറുതെ
കുളിര് കൊണ്ടിരുന്നു.
എന്നും ,
പരിപ്പ് കറി മണവും,
ഉപ്പുമാങ്ങ കനപ്പും,
കുത്തരി ചോറിന്റെ ആവിപ്പും
ഉയര്‍ന്നിരുന്ന കുരിശുവരനേരങ്ങള്‍
കഴിഞ്ഞു കിട്ടാന്‍ ഞങ്ങള്‍ക്കൊരു
കാത്തിരിപ്പുണ്ട്,
ആ നേരങ്ങളിലാണ്,
കള്ളനെ ഓടിച്ചതും ,
അഞ്ചു കണ്ണനെ
രണ്ടു കണ്ണുരുട്ടി പേടിപ്പിച്ചതും ,
കാല് നിലത്തുറയ്ക്കാത്ത
യക്ഷിയെ കണ്ടപ്പോള്‍
ചക്രം നിലത്തു തൊടാതെ പറന്നതുമായ
സൈക്കിള്‍ കഥകളും,
അപ്പനും, ഞങ്ങളും കൂടെ
ഉരുണ്ടു പിരളുക.
പിന്നെയൊരു ദിവസം
സൈക്കിള്‍ ആണോ പെണ്ണോ
എന്നു സംശയപ്പെട്ടിരുന്ന
ഒരു നേരത്താണ്
അതിന്റെ വല്യസീറ്റ്
ഒരു ഉണ്ണി സീറ്റിനെ പെറ്റിട്ടത്,
തീര്‍ന്നൂ....
അതോടെ സൈക്കിള്‍
വളര്‍ന്ന്
വളര്‍ന്ന്
വളര്‍ന്ന്
മാനം മുട്ടുന്ന
രാക്ഷസസൈക്കിള്‍ ആയി,
ഉണ്ണി സീറ്റില്‍ ആദ്യമിരിക്കാന്‍
ഞങ്ങള്‍ തമ്മില്‍ പിച്ചും മാന്തുമായി,
പിച്ചിനും മാന്തിനുമിടെ
ഞങ്ങളും
വളര്‍ന്ന്
വളര്‍ന്ന്
വളര്‍ന്ന്
മാനം മുട്ടുന്ന ഞങ്ങളായി,
അപ്പനിതിനിടെ
പിണങ്ങി ഒരു പോക്ക് പോയി,
പരിപ്പ് കറി മണം ഇല്ലാതായി,
ഉപ്പുമാങ്ങ ഭരണി പൊട്ടി പ്പോയി,
സൈക്കിള്‍ തുരുമ്പിച്ച് മൂലയ്ക്ക് ഇരുപ്പുമായി,
എന്നാലും ഞങ്ങളിപ്പോഴും
കുരിശു വരനേരങ്ങളും
കാത്തു സൈക്കിള്‍ കഥകള്‍ക്ക്
കാതും കൂര്‍പ്പിച്ചിരിപ്പാണ്,
അപ്പോഴൊക്കെ ആകാശത്തൂന്നു
സൈക്കിള്‍ മണി കേള്‍ക്കാറുണ്ട്,
ഞങ്ങളെ ഉണ്ണി സീറ്റില്‍
ഇരുത്തി കൊണ്ട് പോകാന്‍
ചിറകുള്ള കുതിരപ്പുറത്ത്
ഒരു കൊട്ടകഥകളുമായി
പുണ്യാളന്‍ വരുന്നതാണ്,
ഉറക്കത്തിലെന്നെ പിച്ചല്ലേ ചെക്കാ ....
നമ്മടപ്പന്‍ സത്യമായും ഒരു പുണ്യാളനാണ് ..
--------------------------------------------
No comments:
Post a Comment