തീരേ ചെറിയ കുഞ്ഞുങ്ങളെ
അക്കവും അക്ഷരവും പഠിപ്പിക്കുമ്പോൾ
എന്ന പോലെ ക്ഷമയുണ്ടാവണം...!
പറ്റുമെങ്കിൽ നിങ്ങൾ
കുറച്ചു കാലത്തേയ്ക്ക്
ഒരൊച്ചു തന്നെയാകണം...
ഒട്ടും ധൃതി പാടില്ല ഒന്നിനും...!
ഒന്നെന്നെഴുതിക്കൊടുത്താൽ
രണ്ടെന്നെഴുതുന്നത്
അറിയാഞ്ഞിട്ട് മാത്രമല്ല ;
ഉള്ളിലൂറിക്കിടക്കുന്ന
ഒറ്റയ്ക്ക് നിൽക്കാനുള്ള
ബോധംകൊണ്ട് തന്നെയാണ് ...!
അവളുടെ അക്കങ്ങൾ വിഭജിക്കാവുന്നതും
വാക്കുകൾ ഏതു നേരത്തും
പിരിച്ചെഴുതാവുന്നതുമായിരിക്കും...!
അവളെ പ്രണയിക്കാൻ തുടങ്ങും മുമ്പ്
വരാലിനെ പിടിക്കാൻ ശ്രമിച്ചോ
കൈതമുള്ളുഴിഞ്ഞോ
മുള്ളൻ പന്നിയെ മെരുക്കിയൊ
റുബിക്സ് ക്യുബിൽ ഒരേ വശം ഒരു നിറം വരുത്തിയോ
പരിശീലിക്കുന്നത് നന്നാവും ...!
അവളെപ്പോഴും ഒറ്റയ്ക്ക് നിൽക്കുന്ന മരങ്ങളെയോ
അരിച്ചു നീങ്ങുന്ന ഉറുമ്പുകളേയോ
പൂമൊട്ടിലിരിക്കും തുമ്പിക്കുഞ്ഞനേയോ
ഒരു കൊക്കിനെയോ മൈനയെയോ പൊന്മാനേയോ
ഇലക്ട്രിക് പോസ്റ്റിനേയോ വരെ ചൂണ്ടിക്കാണിച്ച് തന്ന്
ഒറ്റയ്ക്കാവുന്നതിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് ഉപന്ന്യസിക്കും ...!
അവളുടെ വാദങ്ങൾ കേട്ടോണ്ടിരിക്കാൻ
നല്ല മനോബലം വേണം ...!
അവൾ സംസാരിക്കുമ്പോൾ
വാക്കുകളിലേക്ക് ശ്രദ്ധിക്കും പോലിരുന്ന്
ചുണ്ടുകളിലേക്ക് ശ്രദ്ധിക്കണം ...!
ഫെമിനിസ്റ്റാണെന്നേ ഉള്ളൂ;
കമ്മലില്ലാ മാലയില്ലാ എന്നേയുള്ളൂ ...
ചുണ്ടിൽ മാന്തളിൻ തോൽ പൊളിച്ച പോൽ
നിറമുള്ള ലിപ്സ്റ്റിക്കെഴുതിയിരിക്കും...!
ചുംബിച്ചാൽ മതി വരാത്ത ചുണ്ടാണ് ...!
അപ്പുറമിപ്പുറം കര കെട്ടിയ കണ്ണിൽ നോക്കിയിരുന്നാൽ
നിന്ന നിൽപ്പിന് വടിയായിപ്പോയാലും ഭാഗ്യമാണ്...!
(സൂക്ഷിക്കണേ ;
ഇപ്പോൾ അവസാനം പറഞ്ഞത് ആത്മഗതമാകണേ,
അല്ലേൽ പിന്നെ അത് വെച്ചാവും അഹങ്കാരം...!)
അവൾ എന്തൊക്കെയാ പറഞ്ഞു കൂട്വാന്ന്
അവൾക്ക് തന്നെ ഒരു പിടിയുമില്ലാത്തതാണ് ...!
യൂ ട്യൂബിൽ തലയറുക്കുന്നതോ
ഹൃദയം കുത്തിക്കീറുന്നതോ
ആളുകൾ ചതഞ്ഞരയുന്നതോ ആയ ദൃശ്യങ്ങൾ
നാല് നേരവും കാണുന്നത് നല്ലതാണ് ...!
ഭർത്താവിന്റെ എട്ടുകാലി വലയെക്കുറിച്ചും
നടു നിവർത്താനാവാ പണികളെക്കുറിച്ചും
വീട്ടുകാരുടേയും നാട്ടുകാരുടേയും തുടരൻ കണ്ണുകളേക്കുറിച്ചും
അവൾ സങ്കടപ്പെടുമ്പോൾ
ശരിക്കും നമുക്കും സങ്കടം വരും ...!
അപ്പോൾ അവൾ അനുവദിക്കുകയാണെങ്കിൽ മാത്രം
ഒന്ന് വാരിപ്പുണരുന്നതിനോളം ആശ്വാസം
അവൾ ജീവിതത്തിൽ അന്നോളം അനുഭവിച്ചിട്ടുണ്ടാകില്ല ...!
(അപ്പോഴുംഎങ്കിലും പ്രണയമേ
നീ വല്ലാത്ത പണിയാണ്
എനിക്കിട്ട് തന്നതെന്ന ഓർമ്മയുണ്ടാകണേ...!)
ആണിനെക്കുറിച്ചും ആണിന്റെ ലോകത്തേക്കുറിച്ചും
ഇവളോളം പഠിച്ചു വെച്ചിട്ടുണ്ടാകില്ല ആണൊരുത്തനും...!
ഒരു വിശ്വാസിയേക്കാൾ
സദാ ദൈവത്തെ ഓർത്തോണ്ടിരിക്കുന്ന
പാവം യുക്തിവാദിയെപ്പോലെ...!
ഓമലേയെന്നു വിളിക്കുമ്പോഴും
പണ്ടിങ്ങനെ വിളിച്ചവരേക്കുറിച്ചും
കൂടെക്കിടന്നവരേക്കുറിച്ചും
ഇപ്പോഴും അവൾ വരച്ച വരക്കപ്പുറം നിന്ന് തൊഴുതു പോകുന്ന
പ്രണയക്കുട്ടന്മാരെക്കുറിച്ചു പറഞ്ഞും
നമ്മളെ പച്ചയ്ക്ക് കീറിക്കൊണ്ടിരിക്കുമ്പോഴും
എതിർത്ത് ഒരക്ഷരം മിണ്ടിപ്പോകരുത്...!
അവളല്ലാതാരേയും
ഇനി പ്രണയിക്കാൻ പറ്റാത്തത്രയും പ്രണയിച്ച
നമ്മളോടവൾ
ഇത്ര കാലവും പുൽകിയ മനസ്സിനേയും
ശരീരത്തേയും മറന്ന്,
അവളെയോർത്ത് വർഷങ്ങളോളം നീണ്ടുപോയ നിമിഷങ്ങളേയും മറന്ന്
'വഴി മാറെടാ മുണ്ടക്കൽ ശേഖരായെന്ന്'
നിരന്തരം പറഞ്ഞോണ്ടിരിക്കും ...!
അതിനെയൊക്കെ വെറും
രഞ്ജിത്ത് ഡയലോഗായി കേട്ടോണ്ടിരുന്നാൽ മതി...!
തളരരുത്...!
ഒരക്ഷരം മറുത്തു മിണ്ടിപ്പോകരുത്...!
അവളെന്തെല്ലാം പറഞ്ഞാലും കൂട്ടുകാരാ
കത്തിയേറിൽ ചാരി നിൽക്കും കുട്ടിയേപ്പോൽ
നീയവൾക്കു മുമ്പിൽ
പതറാതെ നിന്ന് പ്രണയിക്കണം ...!
ഉള്ളിനുള്ളിൽ അവളോളം സത്യമുള്ളവൾ വേറെയില്ല ...!
ഇടക്കൊന്നയഞ്ഞാൽ അവൾ തന്നെ പറയും ;
'നിന്നോളം എന്നെയറിഞ്ഞവർ വേറെയില്ലെന്ന് '...'
നിന്റെ കൂടെ കുത്തി മറിഞ്ഞത്ത്രയും സുഖം
വേറെയറിഞ്ഞില്ലിന്നേ വരെ'യെന്ന്...!
കുഞ്ഞു നാൾ മുതൽ ഈ നിമിഷം വരേയും
അവൾ അനുഭവിച്ചു തീർത്ത വേദനകൾക്ക് നിന്റെ മനസ്സ് നൽകുക ...!
എത്രയകറ്റി നിർത്തിയാലും
പെട്ടന്നടുക്കാൻ സാധ്യതയുള്ളരണ്ട് വൻ കരകളെപ്പോലെ
അവൾ നമ്മളിലെപ്പോളും
ഒരടുപ്പത്തിനുള്ള വിടവ് സൃഷ്ട്ടിച്ചു കൊണ്ടിരിക്കുന്നതിനെ
അനുഭാവ പൂർവ്വം മനസ്സിലാക്കുക ...!
ഒരിക്കലും മനസ്സ് മടുക്കരുത് ...!
ഒറ്റയ്ക്ക് വറ്റി വരണ്ടു നിൽക്കുവാനിഷ്ടമെന്ന് അവൾ പറയുമ്പോഴും
അവൾക്കുള്ളിലുള്ളനീരൊഴുക്കുകളെ തിരിച്ചറിയുക ...!
(ആ ഹോട്ടലുകാരുടെ എർപ്പാടുണ്ടല്ലോ ;
ഊണ്‍ കഴിഞ്ഞെന്ന് ബോർഡു തൂക്കി
ഉള്ളിലിരുന്നൊറ്റയ്ക്ക് വെട്ടി വിഴുങ്ങുന്ന ...!
അതെ,അവളങ്ങിനെ ആയിരിക്കും ...!
അതവളുടെ സ്വാതന്ത്ര്യമെന്നും നമ്മളറിഞ്ഞില്ലെന്നും നടിക്കുക ...!
കാരണം അവളോളം വിശ്വസിക്കാവുന്നവൾ വേറെയില്ല തന്നെ ...!)
ഇപ്പോഴത്തെ സൗന്ദര്യവും സാഹിത്യവും
സംസ്കാരവും രാഷ്ട്രീയവുമൊക്കെ ചുക്കി ചുളിഞ്ഞു തുടങ്ങുമ്പോൾ,
എല്ലാത്തിലും നര വീണു കഴിയുമ്പോൾ
അവൾ നമ്മെയോർക്കും ...!
നമ്മെ വിളിക്കും ...!
നഷ്പ്പെട്ട നിമിഷങ്ങളുടെ വേദനയോ
നിരാസങ്ങളുടെ നെഞ്ചുരുക്കങ്ങളോ ശബ്ദത്തിൽ കലരാത്തവിധം
വാരിയെല്ലുകൾ സേമിയം നുറുക്കാവും വിധം കെട്ടിപ്പിടിച്ച്
അന്നവളുടെ ചെവിയിൽ സ്നേഹത്തോടെ പറയണം ;
'എന്റെ ഫെമിനിസ്റ്റേ
സ്നേഹമെന്ന് പറഞ്ഞാൽ
പരസ്പരം കെട്ടിയിടൽ തന്നെയാണ് ...!
ജീവിതമെന്നു പറഞ്ഞാൽ ആ കെട്ടിനെ
ഒരൂരാക്കുടുക്കാക്കൽ എന്ന കല തന്നെയാണെ'ന്ന്...!