മരിച്ചവരുടെ മീറ്റിങ്ങില്‍
എല്ലാവരും നിശ്ശബ്ദരായിരുന്നു.
തലച്ചോറിനേറ്റ ചതവില്‍ പതിഞ്ഞിരുന്ന മണല്‍ത്തരികളും
രണ്ടെല്ലുകളെ തുന്നിച്ചേര്‍ത്ത ഒരുരുക്കുയന്ത്രവും
ഹൃദയത്തിനുമേല്‍ വെറുതേയൊന്നു പോറിയ ഒരു സൂചിയുമെങ്കിലും
എന്തെങ്കിലുമൊക്കെ പറയുമെന്നു തോന്നിച്ചെങ്കിലും ഒന്നുമുണ്ടായില്ല.
നനവില്‍ പ്രേമവും മുനകളില്‍ കൊതിയും അടക്കിവച്ചിട്ടുണ്ടെന്ന്
ഓരോ കെട്ടിപ്പിടുത്തത്തിലും പുകഴ്ത്തപ്പെട്ട കണ്ണുകളാകട്ടെ
ഒരു നോട്ടത്തിലെങ്കിലും തമ്മില്‍ പിണയാന്‍ തയ്യാറായില്ല.
ഒളിച്ചുനോക്കിനോക്കി തന്നെത്തന്നെ തുലച്ച ഇരുട്ടിനോട്
തഴുകലിന്റെ കലയെന്തെന്ന് കൈകള്‍ തിരഞ്ഞുകൊണ്ടിരുന്നു.
ഇരുട്ടാവട്ടെ, എല്ലാ ഉടലുകളെയും മൂടിയിരുന്നു.
അറ്റുപോയവയെയെല്ലാം തണുപ്പ് കനപ്പെടുത്തിക്കൊണ്ടുമിരുന്നു.
അഴുകിത്തുടങ്ങിയെങ്കിലും ഒഴുകിപ്പരക്കുന്നില്ലല്ലൊ എന്ന്
ഓരോന്നും ആശ്വസിച്ചു.
അവയുടെ മിണ്ടായ്മയില്‍നിന്ന്
ഒരു കെട്ട മണം പോലും പുറപ്പെട്ടതുമില്ല.
ഓരോ കല്ലറയില്‍നിന്നും വെറുപ്പ് ഒരു സൂചിയുടെ രൂപമെടുത്ത്
പിറകോട്ടുകാണിയായി തയ്ച്ചുതയ്ച്ച്
ഓരോ ജീവിതത്തിലും നൂല്‍ക്കുരുക്കിട്ടുകൊണ്ടിരുന്നു.
എല്ലാറ്റിനെയും ചേര്‍ത്തുപുതപ്പിച്ചുകൊണ്ട്
ഭൂപടത്തോളംപോന്ന ഒരു വസ്ത്രം തയ്യാറായി.
നൂല്‍പ്പാടുകളില്‍ത്തെളിഞ്ഞ പുതിയ നാടുകള്‍
പുതപ്പിനുള്ളില്‍നിന്നു കാണാനാവുമായിരുന്നില്ല.
ഒരേ നിറം. ഒരേ തയ്യല്‍പ്പണി. ഒരേ ഇഴയടുപ്പം.
ഒന്നും ഉരിയാടിയില്ലെങ്കിലും മരിച്ചവരുടെ മീറ്റിങ്ങില്‍
ഒരു തീരുമാനമായിരുന്നു.
ഒന്നിനെയുമനക്കാതെയെത്തിയ കാറ്റ്
പുതപ്പുമാത്രമിളക്കിയെടുത്ത് ഒരു പതാകയായി ഉയര്‍ത്തി.
ഉടലില്‍നിന്നു വേറിട്ട തലകള്‍ ഒന്നിച്ചുചേര്‍ന്നു വന്ദിച്ചു യോഗം പിരിഞ്ഞു.
------------------------------------------------------------------------------
No comments:
Post a Comment