Thursday, October 15, 2015

ചാപിള്ളകളുടെ കാഴ്ചബംഗ്ലാവ് / കൽപ്പറ്റ നാരായണൻ


ചാപിള്ളകളുടെ
വലിയൊരു ശേഖരമുണ്ടെനിയ്ക്ക്.
നിർത്താത്ത ബസ്സിനായി
നീട്ടിയ കൈകളുടെ.
ഇങ്ങോട്ട് കിട്ടാത്തതിനാൽ
ചത്ത ചിരികളുടെ.
ഇങ്ങോട്ട് നീട്ടാത്തതിനാൽ
അലസിപ്പോയ ഹസ്തദാനങ്ങളുടെ.
എന്നെത്തിരിച്ചറിഞ്ഞതും
കെട്ടുപോയ മുഖങ്ങളുടെ.

പോയകാര്യം നടക്കാത്ത യാത്രകളുടെ
അതിലും നീണ്ട മടക്കയാത്രകളുടെ
കുഴിച്ചിട്ട് മുളയ്ക്കാത്ത
വിത്തുകളുടെ
വാടിപ്പോയ
വൈകുന്നേരങ്ങളുടെ.
ചന്തയിലെ വില്പനക്കാരൻ
വായിയ്ക്കുന്നതു കണ്ട് വാങ്ങി
വീട്ടിലെത്തി വായിച്ചപ്പോൾ
വികല ശബ്ദം പുറപ്പെടുവിച്ച മൌത്ത് ഓർഗന്റെ.
കളി തീർന്ന കളിക്കോപ്പിന്റെ
കൌതുകം നഷ്ടപ്പെട്ട കൌതുകവസ്തുവിന്റെ.
എഴുതിയപ്പോൾ
എഴുതാനാശിച്ചതിന്റെ.
കൈവന്നപ്പോൾ
കൈവരാൻ കൊതിച്ചവയുടെ
വലിയ ശേഖരമുള്ള
കാഴ്ചബംഗ്ലാവുണ്ടെനിയ്ക്ക്.
------------------------------------------

2 comments:

  1. അതിശയങ്ങളുടെ ബംഗ്ലാവാണ് കല്പറ്റ
    പക്ഷെ വളരെ ലളിതമായ അതിശയങ്ങളുടെ
    ചിലപ്പോൾ മഴ മലയാളിയാണ് എന്ന രണ്ടുവാക്കിൽ
    മറ്റുചിലപ്പോൾ
    മോനെ അച്ഛൻ നിന്റെ കൂടെ കുറച്ചു നേരം കിടന്നെന്നു തോന്നുന്നു
    അച്ഛനിപ്പോ ഒരു പാട് പിറകിലായിക്കാണും! എന്ന ഒരു വാചകത്തിന്റെ

    ReplyDelete
  2. ഒടുവില്‍ അമ്മയെന്നെ പെറ്റു തീര്‍ന്നു ഭൂമിയില്‍ ശരീരവേദനകൊണ്ടല്ലാതെ ദു:ഖം കൊണ്ട് ഇനിയാരും കരയുകയില്ല .'' എന്നു പറഞ്ഞ് നമ്മെ കരയിക്കും . തടയാൻ ത്രാണിയുള്ളവർ ആ ഇരിപ്പിലല്ലേ എന്നുറപ്പ് വരുത്തിയേ ആപത്ത് കുരുക്കുകളുമായി പുറപ്പെടൂ.'' എന്നു വായിച്ച് ചേട്ടയുടെ മുല' യെ ശപിക്കും . പുതിയ പുതിയ വിശേഷങ്ങളുമായി പറഞ്ഞു മതിയാവാത്ത ഒച്ചയിൽ വിളിക്കുന്നു.'' ഈ കവിയുടെ കവിതകളിലെ വിത .... അത്യാദരവോടെ വായിക്കുന്നു. വീണ്ടും വീണ്ടും ..!

    ReplyDelete