Friday, October 9, 2015

ഒരുവൾ വീട് /സെറീന


 വീടായിരുന്നു ,
കടും മഞ്ഞ് വീണ് വീണ്
മൂടിപ്പോയ വീട്
ആരും പാർത്തിരുന്നില്ലെങ്കിലും
വീടായിരുന്നു

ആർക്കും വേണ്ടിയല്ലെങ്കിലും
പുലർച്ചേ ചായ വീഴ്ത്തുന്ന ഒച്ചകളിൽ ,
ചില  വേവ് മണങ്ങളിൽ  
അതങ്ങനെ ആളനക്കങ്ങൾ ഭാവിച്ചു
ഓരോ ജനാലയിലും
ജീവിതമെന്ന  തിരശ്ശീലകൾ തുന്നിയിട്ടു

ഹൃദയം നിലച്ചു പോയൊരാളിൽ നിന്ന്
പറിച്ചെടുത്ത കരളോ കണ്ണോ പോലെ
തന്റേതല്ലാത്ത ഒരിടത്ത്   പറ്റിപ്പിടിച്ചു
എത്ര തുടച്ചാലും പോവാത്ത
മെഴുക്കു പാടുകളെ തനിയേ
കഴുകിത്തുടച്ചു
അന്നമെന്നോർത്തു വിഴുങ്ങിപ്പോയ
ചൂണ്ടക്കൊളുത്തു പോലൊന്നിൽ
അതങ്ങനെ തറഞ്ഞ്‌ കിടന്നു

ആ വീടാണ് കാണാതായത്
എവിടേയ്ക്കുമില്ലാതെ വഴി നടക്കുമ്പോൾ
ഞാനല്ലേ ഞാനല്ലേയെന്നതിൽ
മുഖം നോക്കിയിരുന്ന ഒരുവളതിനെ
തിരയുന്നുണ്ടാവണമിപ്പോൾ
തുളയ്ക്കുന്ന കരച്ചിലിന്റെ
വെയിൽക്കീറ്   കൊണ്ട്
മഞ്ഞു തുരക്കുന്നുണ്ടാവണം

നാളെ വീണ്ടും
ചായ വീഴ്ത്തുന്ന മണത്തിലൂടെ 
നനഞ്ഞ തോർത്തു കുടയുന്ന ഒച്ചയിലൂടെ
ഒരുവൾ അവളുടെ  ആരുമില്ലാത്ത
വീട്ടിലേക്കു പോകുമായിരിക്കും .
--------------------------------------------

2 comments:

  1. കവിതയിലെ ത്രിമാനത
    എന്നെ എന്നും വല്ലാതെ കൊതിപ്പിച്ചിട്ടുള്ള
    ഒന്നാണ് നോക്കൂ
    ഈ കവിതയിൽ
    പുലർച്ചേ ചായ വീഴ്ത്തുന്ന ഒച്ചകളിൽ
    ചില വേവ് മണങ്ങളിൽ
    ആളനക്കങ്ങൾ
    നനഞ്ഞ തോർത്തു കുടയുന്ന ഒച്ച
    എത്ര സുന്ദരമായി നമ്മുടെ ഓരോ ഇന്ദ്രിയങ്ങളെയും
    അനുഭവിപ്പിച്ചു വരികൾ
    കടന്നു പോകുന്നത്
    വല്ലാതെ അതിശയിപ്പിക്കുന്നു കവിത
    ഒരു പക്ഷെ ജീവിതം അത്രയും വാറ്റി എടുത്ത
    വരികൾ
    നന്ദി കവിയ്ക്കും
    ബ്ലോഗ്ഗിനും ഈ ഉജ്വല തിരഞ്ഞെടുപ്പിനും

    ReplyDelete
  2. ശരിക്കും കൊതിപ്പിക്കുന്ന എഴുത്ത് ..!!!

    ReplyDelete