Friday, October 9, 2015

ഒട്ടും ഗൃഹാതുരമല്ലാത്ത ഒരു മഴയിൽ നിന്ന് തത്സമയം / സെറീന


ചോരുന്ന ഒറ്റമുറി വീടിന്റെ
വെള്ളം പൊന്തുന്ന നിലത്തു നിന്ന്
നിലവിളിയോടൊപ്പം
കോരിയെടുത്ത മെല്ലിച്ച
ഒരു ഉടൽ
അതിനെ ഒരു രാത്രിയ്ക്ക്
ഇറക്കി വെയ്ക്കാൻ
ഇടം തിരഞ്ഞവൾ ,
അടക്ക് കഴിഞ്ഞ് 
വെറും  നിലത്ത് പറ്റിക്കിടന്നു
പതം  പറഞ്ഞ് പ്രാകുമ്പോൾ
അന്ന് വരെ പ്രണയിച്ച മഴകൾ,
കൂടെ നിന്ന് ഒറ്റിയവനെ പോലെ
ഉള്ളിൽ തോരുന്നു

നൂറ്റാണ്ടുകൾക്കു മുന്നേ
അടഞ്ഞു പോയ വാതിലായി 
ചേർന്നടഞ്ഞ  കണ്‍ പാളികൾ.
മരണം അതിനുള്ളിൽ
ഒളിച്ചു പിടിച്ചിരിക്കുന്നു
ജീവിതം, അതിന്റെ
അവസാന ഫ്ലാഷ് മിന്നിച്ച ചിത്രം.

പൊടുന്നനെ അടഞ്ഞ
വാതിലിനിടയിൽ പെട്ടു പോയ
നീലിച്ച വിരൽ പോലെ
ചോര ചത്തിട്ടും
അറ്റു പോവാതെ ഒരു മഴ

കൂട്ട മരണപ്പെട്ടവരുടെ മുറ്റത്തു നിന്നും
നല്ല വില കിട്ടുന്ന കരച്ചിലുകൾ
പെറുക്കിയെടുക്കുന്ന
വാർത്തകളുടെ അശ്ലീലം പോലെ 
അപ്പോഴും  തോരാത്ത ചില്ലകളിലേയ്ക്ക്
ഉന്നം നോക്കുന്നു
മഴയെ പകർത്തുന്ന  ഫ്രെയിമുകൾ.
-------------------------------------------

2 comments:

  1. പൊടുന്നനെ അടഞ്ഞ
    വാതിലിനിടയിൽ പെട്ടു പോയ
    നീലിച്ച വിരൽ പോലെ
    ചോര ചത്തിട്ടും
    അറ്റു പോവാതെ ഒരു മഴ !!!!

    ReplyDelete
  2. മഴയെ പകർത്തുന്ന ഫ്രെയിമുകൾ.....

    എത്രയെത്ര ഫ്രെയിമുകളാണ് അതിമനോഹരമായി വരികളിലൂടെ
    അനായാസമായി പകർത്തി ഈ കവയിത്രി നമ്മെ ഭ്രമിപ്പിക്കുന്നത് .

    ReplyDelete