Thursday, October 15, 2015

നമ്മള്‍ ഒളിച്ചിരിക്കുന്നു / വിഷ്ണു പ്രസാദ്


അനിശ്ചിതത്വങ്ങളുടെ ലോകത്ത്
നമ്മള്‍ ഒളിച്ചിരിക്കുകയാണ്
നമ്മുടെ ഈ ഒളിച്ചിരുപ്പിനു മാത്രമാണ്
ഇവിടെ നിശ്ചിതത്വം

നമ്മള്‍
രണ്ടു കള്ളന്മാര്‍
അല്ലെങ്കില്‍ പിടിച്ചുപറിക്കാര്‍
അല്ലെങ്കില്‍ ഒളിച്ചോടിയ പ്രണയികള്‍
അല്ലെങ്കില്‍ സ്വവര്‍ഗ്ഗരതിക്കാര്‍
അല്ലെങ്കില്‍ കലാപകാരികള്‍
പിടിച്ചുകൊല്ലാന്‍ സാധ്യതയുള്ള
രണ്ടു പ്രാണികള്‍
ഞാന്‍ ആണും നീ ഒരു പെണ്ണുമാവാം
മറിച്ചുമാവാം
ഒരു പക്ഷേ നാം രണ്ടും ആണുങ്ങളാവാം
മറിച്ചുമാവാം
എന്തായാലും
വെളിച്ചത്തിന്റെ കടല്‍ തിളച്ചൊഴുകുന്ന
റോഡരികില്‍
കൂട്ടിയിട്ട ടാര്‍വീപ്പകള്‍ക്കിടയില്‍
ഒളിച്ചിരിക്കുന്ന രണ്ടുപേരാണ് നാം.
ആക്രോശങ്ങള്‍ ഉയരുന്നുണ്ട്
ആയുധങ്ങളോ അഗ്നിയോ
ഓടിയടുക്കുന്നുണ്ട്
ഭയത്തിന്റെ പൂപ്പല്‍ പിടിച്ച
നമ്മുടെ കണ്ണുകള്‍ക്ക്
നമ്മെ കാണാതാവുന്നുണ്ട്.
ഞാന്‍ ഒരു കുട്ടിയോ വൃദ്ധനോ യുവതിയോ ആവാം.
നീയുമതെ.
നമ്മുടെ വിയര്‍പ്പുമണങ്ങള്‍
പരസ്പരം വരിയുന്ന രണ്ട് ഉരഗങ്ങളെപ്പോലെ
എന്തെങ്കിലും ഉല്പാദിപ്പിച്ചേക്കാം.
എന്തായാലും ലോകത്തിനു പറ്റാത്ത
രണ്ടുപേരാണ് നമ്മള്‍ .
നമ്മെ അവര്‍ പിടിക്കും.
അടുത്ത നിമിഷത്തിലോ
അതിന്റടുത്ത നിമിഷത്തിലോ
എന്നൊരു സംശയമേയുള്ളൂ.
മരണത്തെക്കുറിച്ചുള്ള അനന്തമായ സാധ്യതകളില്‍
ഏതാണ് നമുക്ക് ലഭിക്കുക എന്ന
അനിശ്ചിതത്വത്തിന്റെ ഘനമുണ്ട്
നമ്മുടെ നെഞ്ചുകള്‍ക്ക്.
നമ്മുടെ മിടിപ്പുകള്‍ ,
നമ്മുടെ അകത്ത് നിന്ന്
ആരോ പുറത്തേക്കെറിയുന്ന,
നമ്മുടെ തന്നെ നെഞ്ചില്‍ തട്ടി വീഴുന്ന കല്ലുകള്‍ .
ഒരു കമ്പോ കല്ലോ കത്തിയോ പന്തമോ
നമുക്കു മുന്നിലുള്ള റോഡിലൂടെ പാഞ്ഞുപോവുന്നു.
ഇരയുടെ ഗന്ധമറിഞ്ഞുറപ്പിച്ച ഹിംസ്രജന്തുക്കളെപ്പോലെ
നമ്മെ തിരഞ്ഞുവന്നവര്‍
ടാര്‍വീപ്പകള്‍ക്കരികില്‍
അവരുടെ ഓട്ടം നിര്‍ത്തിയിട്ടുണ്ട്.
നമുക്കവരുടെ കാലുകള്‍ മാത്രം കാണാം.
അവ പലദിശകളില്‍ സമാധാനമില്ലാതെ ചലിക്കുന്നു.

അടുത്ത നിമിഷം
അല്ലെങ്കില്‍ അതിനടുത്ത നിമിഷം...
ഞാന്‍ എന്താണെന്ന് എനിക്ക് നിശ്ചയമില്ലാത്തതുപോലെ.
നീ ആണോ പെണ്ണോ എന്ന് എനിക്കറിയില്ല.
ആരാകിലെന്ത്?
എന്റെ പരുക്കന്‍ ചുണ്ടുകള്‍
നിന്റെ ചുണ്ടുകളില്‍ സഞ്ചരിക്കുന്നു.
ഈ ടാര്‍വീപ്പകള്‍ അകറ്റിമാറ്റുന്ന നിമിഷം
വെളിച്ചം നമ്മളെ ഒറ്റിക്കൊടുക്കും.
പാമ്പുകളെയെന്നപോലെ തല്ലിച്ചതച്ച് ,
അതുമല്ലെങ്കില്‍ ഒറ്റക്കുത്തിന് നെഞ്ചോ വയറോ പിളര്‍ത്തി,
അതുമല്ലെങ്കില്‍ പെട്രോളോ മണ്ണെണ്ണയോ ഒഴിച്ച് കത്തിച്ച് ,
അതുമല്ലെങ്കില്‍ തലയറുത്ത് ചോര ചീറ്റിച്ച് ,
അതുമല്ലെങ്കില്‍ .....(മരണം എത്രയേറെ സാധ്യതകളുള്ള
ഒരു ആവിഷ്കാര മാധ്യമമാണ് !)

അടുത്ത നിമിഷം
അല്ലെങ്കില്‍ അതിനടുത്ത നിമിഷം...
----------------------------------------------------------------

No comments:

Post a Comment