Tuesday, November 24, 2015

രാത്രിവണ്ടിയില്‍ യാത്ര ചെയ്യുന്നവള്‍ / ശാലിനി വിശ്വനാഥൻ


രാത്രിവണ്ടിയ്ക്കു
ഞാന്‍ ഒറ്റയ്ക്ക് പോവുമ്പോള്‍
എന്റമ്മയ്ക്ക്
നെഞ്ഞു വേവുന്നു.
പെണ്ണാണ്‌ !
ഇരുട്ടാണ്‌!
ദൂരമാണ്!
അമ്മയ്ക്കുമറിയാം,
പെണ്ണല്ല,
ഇരുട്ടല്ല,
ദൂരമല്ല
കുറ്റവാളി എന്ന്.
നോട്ടങ്ങള്‍ .
ഭയത്തിന്റെ,
അസ്വസ്ഥതയുടെ
തണുത്ത സൂചികള്‍
ഒമരന്‍ പുഴുപോലെ
അരിയ്ക്കുന്ന ചില പാട്ടുകള്‍ .
അസുഖകരമായ
അന്വേഷണങ്ങള്‍
വീണു വീണാണ്
ഞാന്‍ നടക്കാന്‍ പഠിച്ചത്.
എന്നെ സ്നേഹിയ്ക്കാന്‍ പഠിച്ചത്.
അശുദ്ധ രക്തമൊഴുകുന്ന
രക്തക്കുഴലുകളെ
വലിച്ചു പൊട്ടിയ്ക്കാന്‍ വെമ്പുന്ന
ഒരു ദുര്‍ദേവത
എനിയ്ക്കുള്ളില്‍
കുനിഞ്ഞിരിയ്ക്കുന്നു.
എന്റെ ഇടങ്ങള്‍,
പകലുകള്‍,
രാത്രികള്‍
നിഷേധിയ്ക്കപ്പെടുമ്പോള്‍
അവളിറങ്ങി നടക്കുന്നു.
ഒരു നാവിന് ആയിരം നാവ്
ഒരു കണ്ണിന് ആയിരം കണ്ണ്
അവള്‍,
ഒരാള്‍ക്കൂട്ടം!
---------------------------

ലക്ഷ്മണ പത്നി / പ്രശോഭന്‍ ചെറുന്നിയൂര്‍


വിസ്മരിച്ചില്ല ഞാ-
നൊരുനാളുമെൻ പ്രാണ
പാതിയായ് മേവുന്ന
മിഥിലാത്മ പുത്രിയെ.
വേട്ടനാൾ തൊട്ടെൻറെ
അകതാരിലാളുന്ന
പ്രണയാർദ്ര ചിത്രമാം
ജനകജയാണു നീ...!!
സാകേത ഹർമ്മ്യപ്പുര
യിലെൻ ദേഹത്തിൽ
ഉരഗകാമ പത്തി -
വിരിച്ച മുത്താണു നീ.
പകപൂണ്ട മന്ഥര
കുസൃതി നീക്കങ്ങളാൽ
കാനനേ തള്ളിപ്പിരിച്ച
സ്വപ്നങ്ങളെ
ശാന്തേന താപസചിത്ത-
സ്വരൂപയായ്
എണ്ണിക്കിഴിച്ച
കരയാഴമാണു നീ....!!
പഞ്ചവടീ വന്യഭൂവിൽ
ദുശാഠ്യയായ്
രാക്ഷസി പേശും
വിലയ്ക്കറാതെന്നെ നീ
കാത്തുവച്ചല്ലോ പ്രാണ
പ്രാർത്ഥനയായ് ചിരം..!
അശിച്ചതില്ലൊട്ടു
നിന്നോർമകളല്ലാതെ
രുചിച്ചതില്ലൊന്നു-
മെന്നോമനേയല്പവും.
മേഘനാദ ശരമേറ്റു
പിടഞ്ഞു ഞാൻ
രാവണഭൂമിയിലൂർദ്ധ-
ജീവസ്ഥനായ്
വീണിടും വേളയിൽ
നിൻ ജപസാധന
സഞ്ജീവനീ ദല-
ക്കൂട്ടായതോർത്തിടും.
പിന്നെ ഞാൻ വെന്നതും
കൊന്നതുമൊക്കെയും
നിൻ പ്രാർത്ഥനാ പുണ്യ
സഞ്ജയാനുഗ്രഹം.
സാകേത മണ്ണിൽ
പുനരാഗമിച്ച നാൾ
സാകൂതമെന്നിൽ
ലയിച്ചവളാണു നീ..
കുതിരമാടത്തിലെ
സുരതദ്രുതങ്ങളിൽ
ഇമപെട്ടു പോകാത്ത
കല്ലാണിരുമ്പു നീ...!!
വേട്ടില്ല ഭോഗ-
രാജ സുഖങ്ങളെ
കാട്ടാള സന്തതിയല്ല
നീ, ''ഊർമ്മിള''...!!!
--------------------------

രാമനാഥന്‍ പാടുമ്പോള്‍ / സച്ചിദാനന്ദന്‍


രാമനാഥന്‍ പാടുന്നു..
മൌനത്തിന്റെ തടാകത്തില്‍ പളുങ്കിന്റെ വസന്തം
വനഹൃദയത്തിലെ മഹാവൃക്ഷത്തിനകത്തെ
ഹരിത രസത്തിന്റെ വിളമ്പിതസഞ്ചാരം
ഗുഹാന്തരത്തിലെ കുളിര്‍നീരുറവയുടെ
മന്ത്രസ്ഥായിയിലുള്ള വിശുദ്ധ വിസ്താരം
മൌനത്തിന്റെ രജതയാമങ്ങള്‍ക്കു കുറുകെ
നാദത്തിന്റെ പൊണ്മാന്‍ ചാടുന്നു
സ്ഥലചരങ്ങളോടും ജലചരങ്ങളോടും രാമന്‍
അവന്റെ വ്യാകുലമായ ചോദ്യമാവര്‍ത്തിയ്ക്കുന്നും
സേതുവില്‍ പ്രതിധ്വനിയ്ക്കുന്ന പെരുമ്പറകള്‍
അസ്തവര്‍ഷങ്ങളുടെ അനസ്യൂതഹങ്കാരങ്ങള്‍
ഓരോ രാവണശിരസ്സിലും നിര്‍വ്വാണ വാഗ്ദാനങ്ങള്‍
അഗ്നിയുടെ നെറ്റിപിളരുന്ന അഭിമാന പ്രാര്‍ത്ഥനങ്ങള്‍
പിളരുന്ന ഭൂമിയുടെ മുഴങ്ങുന്ന തേങ്ങലോടെ
രാഗ വിസ്താരം അവസാനിയ്ക്കുന്നു
വീണ്ടും മുറികൂടിയ ഭൂമിയുടെ വിമൂഖമായ-
കിതപ്പില്‍ നിന്ന് കീര്‍ത്തനമാരംഭിയ്ക്കുന്നു
ത്യാഗരാജന്റെ മറഞ്ഞു പോയ സീതമ്മ
വാടാത്ത അശോകവനിയായി പൂത്തുയരുന്നു..
രാമനാഥന്‍ പാടുന്നു..
ലുബ്ദന്‍ സ്വര്‍ണ്ണനാണയങ്ങളെന്ന പോലെ
ഗായകന്‍ സ്വരങ്ങള്‍ തുടച്ച് തിരഞ്ഞെടുക്കുന്നു
അര്‍ത്ഥങ്ങളുടെ വെറും ശരീരമുരിഞ്ഞിട്ട ശബ്ദം
ജന്തുക്കളിലും വസ്തുക്കളിലും കൂടി കടന്നു പോകുന്നു
കാളയുടെ കുരലില്‍ അവനൊരു തുടി
കുയിലിന്റെ തൊണ്ടയില്‍ പുള്ളുവന്റെകുടം
ആനയുടെ കുരലില്‍ അമറുന്ന തംബുരു
ഇപ്പോള്‍ അവനൊരു മുരളി
അവന്റെ തുളകളിലൂടെ വേനലില്‍ മെലിഞ്ഞ പുഴകള്‍
ഇപ്പോള്‍ ഒരു വീണ
അവന്റെ കമ്പികളിലൂടെ ശരത്കാലത്തെ മഴകള്‍
ഇപ്പോള്‍ മൃദംഗങ്ങളുടെ ഗിരിനിര
അവിടെ വന്നു പോയ വസന്തങ്ങളുടെ ഊഷ്മളമായ മുഴക്കം
ഇപ്പോള്‍ വയലിനുകളുടെ താഴ്വര
അവിടെ വരാനിരിയ്ക്കുന്ന ഹേമന്തത്തിന്റെ മരവിപ്പിയ്ക്കുന്ന പെരുക്കം
പല്ലവികളുടെ സുവര്‍ണ്ണ ഗോവണികള്‍ കയറി
പ്രകാശത്തിന്റെ ആരോഹണം
നാദഗോപുരത്തിന്റെ നട്ടുച്ചയിലേയ്ക്ക്
അനുപല്ലവികളുടെ വെണ്ണക്കല്‍ പടവുകളിലൂടെ
ക്രീഡാക്ഷീണവുമായി അവരോഹണം
നടുമുറ്റത്തെ സൌമ്യ സായന്തനത്തിലേയ്ക്ക്
രാമനാഥന്‍ പാടുമ്പോള്‍
ലയം ഭക്തിയുടെ ഉടല്‍ വിട്ട് പറന്നുയരുന്നു
രാഗം അതിന്റെ സുതാര്യമായ ആത്മാവ് വീണ്ടെടുക്കുന്നു
ഗതകാല പുഷ്ക്കരത്തില്‍ വിടരുന്ന താമരകള്‍ക്കിടയില്‍
സാമജവരന്‍ ഇളകിയാടുന്ന ഹിന്ദോളം
വിജനമായ രജതഗിരിയുടെ സ്ഫടിക തുഷാരം
സുന്ദരേശനായി നടനമാടുന്ന ശങ്കരാഭരണം
വിന്ധ്യസാനുവിലെ ഹിമമുഖപടമണിഞ്ഞ
വനസരോവരത്തിന്റെ മായാമാളവഗൌളം
ദമയന്തീസന്ദേശവുമായി പറന്നുയരുമ്പോള്‍
വസന്തമേഘങ്ങള്‍ക്കിടയില്‍നിന്നുതിരുന്ന ഹംസധ്വനി
ജഗതംബയുടെ ഘനലാസ്യത്തിലെന്നുപോലെ
വസുന്ധര മലരണിയുന്ന ആനന്ദഭൈരവി
കേള്‍വിക്കാരാ, നിലയ്ക്കാത്ത പ്രതിധ്വനികളുടെ
ആയിരം കാല്‍ മണ്ഢപത്തില്‍
കാവേരിയുടെ മരിയ്ക്കാത്ത കാറ്റേറ്റ് വിശ്രമിയ്ക്കുക
പാടിക്കഴച്ച തൊണ്ടയില്‍
തോല്‍ പൊളിച്ച മൌനം പിഴിഞ്ഞൊഴിയ്ക്കുക
ആടിത്തളര്‍ന്ന കാലുകള്‍
നിര്‍ജ്ജനതയുടെ തിരകളിലാര്‍ത്തി തണുപ്പിയ്ക്കുക
രാമനാഥന്‍ പാടുമ്പോള്‍
ഏതോ ഹിമാവൃത ഭൂഖണ്ടത്തിലാണ്ടുപോയ
പ്രാര്‍ത്ഥന നഗരത്തിന്റെ തെരുവുകളിലലയുന്ന പഥികന്‍
ഇപ്പോഴും വറ്റാതൊഴുകുന്ന മനുഷ്യ ശബ്ദത്തിന്റെ
തെളിനീരുറവ കണ്ടെത്തുന്നു
രാമനാഥന്‍ പാടുമ്പോള്‍
മരിയ്ക്കുന്ന ഭൂമിയില്‍നിന്ന് പറന്നുയരുന്ന
അവസാനത്തെ ശൂന്യാകാശ നാവികന്‍
മറ്റൊരു നക്ഷത്രത്തില്‍ ഇലവിരിഞ്ഞുയരുന്ന
ജീവന്റെ നാമ്പ് കണ്ടെത്തുന്നു..!

-----------------------------------------------------------

Monday, November 23, 2015

കണ്ണുകള്‍ / ഇസബെൽ ഫ്ലോറ


മരിച്ചു പോകുമെന്നുറപ്പില്ലാത്ത
രണ്ടു കണ്ണുകള്‍
കാഴ്ചകളോടൊപ്പം
ഞാനുപേക്ഷിച്ചു പോകും

തിളക്കത്തിലായിരം
കഥകള്‍ ഒളിപ്പിച്ചവ
നിങ്ങളോടു പുഞ്ചിരിക്കും
ഒരു പൂവിനുള്ളിലൂടെ
തേനിലെത്തുന്ന വഴി പോലെ
അതിന്‍റെ രശ്മികളിലൂടെ
ആര്‍ക്കുമൊരു പുതിയ ലോകത്തെത്താം
എങ്കിലുമവ ഇടവഴിയില്‍
കാഴ്ച നഷ്‌ടമായ
ഒരു പെണ്‍കുട്ടിക്കേ നല്‍കാവൂ
അവള്‍ക്കു മാത്രമേ
എന്‍റെ കണ്ണുകളെ
കരയാതെ സൂക്ഷിക്കാനാവൂ ,
എന്തിനെയും ചിരിച്ചു തോല്പിക്കാന്‍ കഴിയൂ.
----------------------------------------------

Sunday, November 22, 2015

പ്രണയബുദ്ധന്‍ / സച്ചിദാനന്ദന്‍


'ഭൂമിയിലേക്കും വെച്ച് മധുരമേറിയ ചുംബനമേതാണ്?
ഒരിക്കല്‍ നീയെന്നെ ഉത്തരം മുട്ടിച്ചു :
ഉറക്കി കിടത്തിയ കുഞ്ഞിന്റെ നെറുകയില്‍
അതിനെ ഉണര്‍ത്താതെ അമ്മ അര്‍പ്പിക്കുന്ന
തൂവല്‍ പോലുള്ള ചുംബനമാണോ?
സ്വര്‍ണമുരുകുന്ന സൂര്യകാന്തിപ്പൂവിന്നപ്പുറവുമിപ്പുറവും നിന്ന്
കാമുകന്‍ കാമുകിക്ക് നല്‍കുന്ന തിളയ്ക്കുന്ന
ആദ്യ ചുംബനമാണോ?
ഭര്‍തൃജഡത്തിന്റെ
ചുണ്ടില്‍ വിധവ അര്‍പ്പിക്കുന്ന
വിരഹ സ്‌നിഗ്ദ്ധമായ അന്ത്യ ചുംബനമാണോ?
അതോ, കാറ്റ് മരത്തിനും ഇല കിളിക്കുഞ്ഞിനും
വെയില്‍ വനത്തിനും നിലാവ് നദിക്കും മഴ മലയ്ക്കും
നിരന്തരം നല്‍കുന്ന ഹരിത ചുംബനങ്ങളോ?
ഇപ്പോള്‍ ഞാന്‍ അതിനുത്തരം പറയാം;
ദേവികുളത്തിനു മുകളില്‍ മൂടല്‍ മഞ്ഞിന്നൊരു വീടുണ്ട്.
അപ്പുറത്ത് മലഞ്ചെരിവുകളില്‍
കുത്തിയൊലിക്കുന്ന മരതകം.
ഇപ്പുറത്ത് ഭൂമിയോളം പഴക്കമേറിയ പാറകളുടെ
ആദിമഗാംഭീര്യം.
പാറക്കെട്ടുകള്‍ക്കിടയില്‍ മരണം പോലെ
ഇരുട്ടും നിഗൂഢതയും നിറഞ്ഞ ഒരു ഗുഹ.
അതില്‍ വെച്ച് പേരറിയാത്ത മുപ്പത്തിയേഴുതരം
കാട്ടുപൂക്കളുടെ സമ്മിശ്ര സുഗന്ധം സാക്ഷി നിര്‍ത്തി
ഞാന്‍ നിന്നെ ചുംബിച്ചു.
അതില്‍ ആദ്യ ചുംബനമുണ്ടായിരുന്നു;
അന്ത്യചുംബനവും.
നീ കുഞ്ഞും കാമുകിയും വിധവയുമായിരുന്നു.
ഞാന്‍ കാറ്റും ഇലയും വെയിലും നിലാവും മഴയുമായി,
കാലം മുഴുവന്‍ ഒറ്റ നിമിഷത്തിലേയ്ക്ക് ചുരുങ്ങി.
ഇരുളില്‍ നമ്മുടെ ചുംബനം ഇടിമിന്നല്‍പോലെ തിളങ്ങി,
ആ ഗുഹ ബോധിയായി,
എനിക്ക് പ്രണയത്തിന്റെ വെളിപാടുണ്ടായി.
ഇപ്പോള്‍ ഞാന്‍ ജന്മങ്ങളിലൂടെ സഞ്ചരിക്കുന്നു.
അവസാനത്തെ മനുഷ്യജോഡിക്കും
പ്രണയ നിര്‍വ്വാണം ലഭിച്ചുകഴിഞ്ഞേ
ഞാന്‍ പരമപദം പ്രാപിക്കുകയുള്ളു.
----------------------------------------------------------

സ്ത്രീ / പവിത്രന്‍ തീക്കുനി


എല്ലാ നദികളും നിന്നിൽ നിന്ന് മുളക്കും.
എല്ലാ കൊടുങ്കാറ്റുകളും നിന്നിൽ അസ്തമിക്കും.
എല്ലാ വഴികളും നീ ഉപേക്ഷിച്ച കിനാവുകൾക്കു മീതെ ഒഴുകുന്നു.
എല്ലാ പ്രാർത്ഥനകളും നിന്‍റെ ശിരസ്സിൽ ചുംബിച്ച്
ഭൂമിയുടെ ആഴങ്ങളിൽ ഗർജിക്കുന്നു.
എല്ലാ മൗനങ്ങളിലും വെടിമരുന്നായി നീ നിറയുന്നു.
നിന്നെ അമ്മയെന്ന് വിളിക്കുമ്പോഴാണ്
ലോകം അതിന്‍റെ അർത്ഥത്തിലേക്ക് നീങ്ങുന്നത്...
--------------------------------------------------------

മുഗ്ദ്ധം / ജി.കുമാരപ്പിള്ള


മഞ്ഞുതുള്ളിപോല്‍
നറുംമഞ്ഞുവീണലിയുന്ന-
കുഞ്ഞു പൂവുപോല്‍‍
പൂവിന്‍ പിഞ്ചിതള്‍തരിപോലെ
ദൂരെദൂരെ നിന്നെത്തും‍
സൌമ്യമാം സുഗന്ധത്തില്‍
ഗൂഢമായ്‌ മയങ്ങുന്നോ-
രോര്‍മ്മപോല്‍ വിഷാദം പോല്‍
ഗീതിക നിലയ്ക്കവേ
നേരിയ വീണാനാദം
കേണു കേണലിഞ്ഞൂറും‍
വായുവിന്‍ സ്പര്‍ശം പോലെ
നീരവ വിശാലമാം
കായലിന്‍ തോണിക്കുള്ളില്‍
പാതിരാമയക്കത്തില്‍
ഞെട്ടിയ പാന്ഥന്‍ കാണ്‍കെ
ശ്യാമള പ്രപഞ്ചത്തിന്‍
സീമയില്‍ ഘനശ്യാമ-
രേഖയാം തീരത്തെങ്ങോ
മിന്നിടും ദീപം പോലെ.....
ഓതുവാനാവില്ലല്ലോ
ഭാഷതന്‍ മുനയെങ്ങാന്‍
ഏശിയാല്‍ പിഞ്ചിപ്പോകും
സ്നിഗ്ദ്ധതേ നിന്നെപ്പറ്റി.
ഭദ്രമെന്‍ വാൽസല്യത്തിന്‍
പൂഞ്ചിറകൊതുങ്ങുന്നു
നിത്യവും പാറുന്നൂ ഞാന്‍
മുഗ്ദ്ധതേ നിന്നെച്ചുറ്റി.
-------------------------------

മാറ്റം / പവിത്രന്‍ തീക്കുനി


ദൈവമേ,
അവിടുത്തെ വിലാസം
മാറിയിട്ടുണ്ടോ?
എത്ര കത്തുകളെഴുതി
എത്ര കവിതകളയച്ചു
ഒന്നിനും മറുപടി കണ്ടില്ലല്ലോ....
ഒന്നും അച്ചടിമഷി പുരണ്ടില്ലല്ലോ....
അല്ല -
'കലാപം' വാരികയുടെയും
'ഫാസിസം' കുടുംബമാസികയുടെയും
പത്രാധിപരും മാനേജരും
ഇപ്പോഴും താങ്കള്‍തന്നെയല്ലെ?
-------------------------------------

Wednesday, November 18, 2015

അകലങ്ങളില്‍ / അവ്യക്തതകളിൽ / അപാരസാധ്യതകള്‍ / കൃഷ്ണ ദീപക്


ആറ്റിലേക്ക് കനത്തു കനത്ത് അറ്റമില്ലാ അലകളില്‍                     
                       വീണുപോകുമോ                     
                       വീണുപോകുമോ
എന്ന് ഭയന്ന്, വീണുപോകുന്ന മാത്രയില്‍
അകലങ്ങളില്‍
അവ്യക്തതകളിൽ
അപാരസാധ്യതകളെന്ന് പാടി പാടി
ഉഗാണ്ടയിലും പെറുവിലുമുള്ള രണ്ടു പരല്‍മീനുകളെ
ഞാനെന്നും നീയെന്നും പേരുനല്‍കി കണ്ടെടുക്കുന്നു

ഏറെ തണുത്തതെന്ന് തോന്നിപ്പിക്കുന്ന പ്രദേശങ്ങളുടെ അടിത്തട്ടില്‍
പിയാനോ കട്ടകളെ ഒന്നിനുമുകളില്‍ ഒന്നായി അടുക്കി
ആകാശത്തേക്ക് ഓടിക്കയറാന്‍ തുടങ്ങുന്ന നിന്റെ വാലില്‍ പിടിച്ച്
ഞാന്‍ ഞാന്നു കിടക്കുന്നു
നടു വളഞ്ഞൊരു തുമ്പിയെ എത്തിപ്പിടിക്കാനാഞ്ഞാഞ്ഞ്
തലേംകുത്തി നമ്മള്‍

വിചിത്രമായൊരു മൂളിപ്പാട്ട്
നമുക്കിടയില്‍ നിന്നുമപ്പോള്‍ ഇറങ്ങി വരുന്നു
അതിഗൂഢഗാഢം വിസ്മയമെന്ന്
ഒഴുകി നടക്കുന്ന എണ്ണപ്പാടങ്ങള്‍ പോലെ വിരലുകള്‍
ചെതുമ്പലുകള്‍ക്കിടയില്‍
കുരുവികള്‍ പറന്നു ചിതറുംപോലെ ചിറകടിയൊച്ചകള്‍
വായിലൂടെ നുരഞ്ഞ്,
പൂവുകള്‍ക്കിടയിലൂടെ തിരകളിൽ, ചുഴികളിൽ
                       കുമിളകള്‍
                      കുമിളകള്‍
നിന്റെ ചെകിളകള്‍ പൊക്കി ഊതി ഊതി
നീണ്ട് മലർന്ന് ആഴത്തിലേക്ക് ഞാനങ്ങ്

വിരല്‍ത്തുമ്പില്‍ പറ്റിപ്പിടിച്ച്
കാറ്റുമ്മവെയ്ക്കുന്നപോല്‍ നിന്റെയുന്‍മാദം
നമ്മുടെ വാലറ്റങ്ങള്‍ കൂട്ടി കെട്ടിയിരിക്കുന്നു
തുപ്പലുകള്‍ വിഴുങ്ങി മാനത്തു മുട്ടിയ വയറുകള്‍ തടവി
കുന്നിന്‍മുകളിലെ വീട്ടിലേക്ക്
എല്ലാ രാത്രികളിലുംനമ്മള്‍ സൈക്കിള്‍ സവാരി നടത്തുന്നു

അടിതട്ടുന്ന പാറകളില്‍ പട്ടംപറപ്പിക്കുന്നു പരല്‍കുഞ്ഞുങ്ങള്‍
ആറ്റിലേക്ക് കനത്തു കനത്ത് അറ്റമില്ലാ അലകളില്‍                     
                       വീണുപോകുമോ                     
                       വീണുപോകുമോ
എന്ന് ഭയന്ന്, വീണുപോകുന്ന മാത്രയില്‍
അകലങ്ങളില്‍
അവ്യക്തതകളിൽ
അപാരസാധ്യതകളെന്ന് പാടി പാടി
ഉഗാണ്ടയിലും പെറുവിലുമുള്ള രണ്ടു പരല്‍മീനുകളെ
ഞാനെന്നും നീയെന്നും പേരുനല്‍കി കണ്ടെടുക്കുന്നു

ഏറെ തണുത്തതെന്ന് തോന്നിപ്പിക്കുന്ന പ്രദേശങ്ങളുടെ അടിത്തട്ടില്‍
പിയാനോ കട്ടകളെ ഒന്നിനുമുകളില്‍ ഒന്നായി അടുക്കി
ആകാശത്തേക്ക് ഓടിക്കയറാന്‍ തുടങ്ങുന്ന നിന്റെ വാലില്‍ പിടിച്ച്
ഞാന്‍ ഞാന്നു കിടക്കുന്നു
നടു വളഞ്ഞൊരു തുമ്പിയെ എത്തിപ്പിടിക്കാനാഞ്ഞാഞ്ഞ്
തലേംകുത്തി നമ്മള്‍

വിചിത്രമായൊരു മൂളിപ്പാട്ട്
നമുക്കിടയില്‍ നിന്നുമപ്പോള്‍ ഇറങ്ങി വരുന്നു
അതിഗൂഢഗാഢം വിസ്മയമെന്ന്
ഒഴുകി നടക്കുന്ന എണ്ണപ്പാടങ്ങള്‍ പോലെ വിരലുകള്‍
ചെതുമ്പലുകള്‍ക്കിടയില്‍
കുരുവികള്‍ പറന്നു ചിതറുംപോലെ ചിറകടിയൊച്ചകള്‍
വായിലൂടെ നുരഞ്ഞ്,
പൂവുകള്‍ക്കിടയിലൂടെ തിരകളിൽ, ചുഴികളിൽ
                       കുമിളകള്‍
                      കുമിളകള്‍
നിന്റെ ചെകിളകള്‍ പൊക്കി ഊതി ഊതി
നീണ്ട് മലർന്ന് ആഴത്തിലേക്ക് ഞാനങ്ങ്

വിരല്‍ത്തുമ്പില്‍ പറ്റിപ്പിടിച്ച്
കാറ്റുമ്മവെയ്ക്കുന്നപോല്‍ നിന്റെയുന്‍മാദം
നമ്മുടെ വാലറ്റങ്ങള്‍ കൂട്ടി കെട്ടിയിരിക്കുന്നു
തുപ്പലുകള്‍ വിഴുങ്ങി മാനത്തു മുട്ടിയ വയറുകള്‍ തടവി
കുന്നിന്‍മുകളിലെ വീട്ടിലേക്ക്
എല്ലാ രാത്രികളിലുംനമ്മള്‍ സൈക്കിള്‍ സവാരി നടത്തുന്നു

അടിതട്ടുന്ന പാറകളില്‍ പട്ടംപറപ്പിക്കുന്നു പരല്‍കുഞ്ഞുങ്ങള്‍.
---------------------------------------------------------------------

Sunday, November 15, 2015

പക്ഷി നിരീക്ഷണം / സുലോജ് മഴുവന്നിക്കാവ്


പക്ഷികളെ കുറിച്ച് കവിതയെഴുതിയ
കടലാസ്സിൽ അരിമണി വിതറി
കിളികൾക്ക് വെയ്ക്കുന്നു
തൊടിയിലെ കിളികളായ കിളികളെല്ലാം
പറന്ന് വന്ന്
കടലാസ്സിൽ മത്സരിച്ചു കൊത്തുന്നു
ശേഷം
കിളിയൊച്ചകളെല്ലാം
പറന്നു പോയിട്ടും
അരിമണികളെല്ലാം
ബാക്കിയായിട്ടും
കവിത മാത്രം കാണാതാകുന്നു...
---------------------------------------

Friday, November 13, 2015

'പൂ.. പൂത്തു നില്‍ക്കും പൂവാകതന്‍ ചോപ്പിറങ്ങുമന്തിയില്‍...' / കൃഷ്ണ ദീപക്


തൊട്ടടുത്ത മുറിയില്‍ നിന്നും മാരിന്‍ ഗാല്‍വനോസ്ക പാടും
പാട്ടിന്‍ വരികളെ,
ചുണ്ടിലേക്കെടുത്തു വെയ്ക്കുമ്പോൾ
പൂമൊട്ടുപൂക്കും പൂക്കളിന്‍ മണമായ് , വസന്തമായ്‌
എവിടേക്കെല്ലാമോ സന്തോഷപ്പെട്ട് പറന്നുപോകുംപോല്‍
അവളങ്ങനെ..

ചിരിയലകളുടെ വലിയൊരു കൂട്ടം  
പല വലിപ്പത്തിൽ
പല പല നിറങ്ങളിൽ
അവളുടെ കണ്ണില്‍ നിന്നും
ഉച്ചത്തില്‍
ഉച്ചത്തില്‍ വീണു കൊണ്ടിരിക്കുന്നു

നോക്കി നില്‍ക്കുന്ന നമ്മള്‍, നമ്മള്‍ രണ്ടുപേരുടെ കണ്ണുകള്‍
നുരഞ്ഞ് നുരപതഞ്ഞൊഴുകുമ്പോലെ

കുടുക്കുകളഴിച്ചു പൊയ്‌ പോയ രാത്രിയെ
സാക്സോഫോണില്‍ നിറയ്ക്കുന്ന അവളുടെ കാമുകന്‍
ഒച്ചതാഴ്ത്തി അവളപ്പോള്‍, അവളില്‍ നിന്നുമിറങ്ങി
വെളുവെളുത്ത കുമിളകള്‍ നിറഞ്ഞ പത
കണ്ണുകള്‍ ഇറുകെ അടച്ച് അവന്റെ മുഖത്തേക്ക്  ഊതിവിടുന്നു
ബാല്‍ക്കണിയിലെ പ്രാവുകളുടെ കുറുകലിനെ
പാതിതുറന്ന ജനലിലൂടെ  മുറിക്കുള്ളിലേക്ക് നിറയ്ക്കുന്നു
നേര്‍ത്ത തൂവലാല്‍ കാറ്റനക്കത്തെ കിടക്കയിലേക്കലിയിക്കുന്നു

'പൂ.. പൂത്തു നില്‍ക്കും പൂവാകതന്‍ ചോപ്പിറങ്ങുമന്തിയില്‍
പറന്ന്, പറ പറന്നെത്തി പറത്തിക്കൊണ്ടു പോകതെങ്ങു നീ '
നീയെന്ന് അവളോടങ്ങനെ നമ്മള്‍ പറഞ്ഞു പറഞ്ഞ്

ഒരു പറ്റം കിളികൾ,
അവയുടെ നീലനിറം കലര്‍ന്ന തവിട്ടു തൂവലുകള്‍
ആകാശത്തേക്ക് എറിയുന്നു
പാട്ടുകൾ  നെയ്യും കിളിയൊച്ചകൾ മാനത്തൂടങ്ങുമിങ്ങും

ചായങ്ങള്‍ വില്കുന്ന കടയിലെ നീണ്ട തലമുടിയുള്ള പെണ്‍കുട്ടി
അനേകായിരം നിറങ്ങളുമായ് നമ്മളില്‍ പറന്നു പോകുന്നു
അവളുടെ അഴിച്ചിട്ട മുടി നമ്മെ പാട്ടുകളായ് പൊതിഞ്ഞെടുക്കുന്നു
തിടിലിന്റെ മുകളിലെ തൂക്കണാം കുരുവികളായി രൂപാന്തരപ്പെടുത്തുന്നു
കാഴ്ചകളുടെ പട്ടങ്ങളെ കാലില്‍ കുരുക്കി
മുക്കുറ്റിപ്പൂക്കളെ പെറ്റുവളര്‍ത്തുന്ന ശലഭങ്ങളാക്കുന്നു

മാരിന്‍ ഗാല്‍വനോസ്ക തിരികെയെത്തി പത്തു നിമിഷത്തിനു ശേഷം
ചാരപ്രാവിന്റെ ചിറകടിയെ കാറ്റൊച്ച രണ്ടായി മുറിച്ച്
ഇരുവശങ്ങളിലുമുള്ള ഫിലിപ്പിനികളുടെ
ബാല്‍കണിയിലേക്കൊഴുക്കുന്നു
നമ്മള്‍.. അപ്പോഴും,
മേഘങ്ങളില്‍ പൂണ്ടുപോയ ചെറുമീന്‍ തടാകങ്ങളെ
അല്പാല്പമായ് നിലത്തേക്കിറ്റിച്ചുകൊണ്ടിരുന്ന

വെയില്
അതിന്റെ മറ്റൊരു പേരായ തുമ്പി എന്ന നാമത്തിൽ
തൊട്ടപ്പുറത്തേക്ക് പറന്നു മാറിയിരിക്കുന്നു .

----------------------------------------------------------------------

എന്റെ ദൈവമേ !! എനിക്കൊന്നുമറിയില്ല / കൃഷ്ണ ദീപക്


മരവിച്ചു പോകുമെന്ന് തോന്നിപ്പിച്ച
കാഴ്ചകളുടെ കരച്ചിലുകളെ
ഒച്ചയില്ലാതെ ഒഴുകിപ്പോകുന്ന നദികളില്‍ കുടഞ്ഞിട്ട്
മുങ്ങാംകുഴിയിട്ടുപോകുന്ന
പറവകളുടെ പുറത്താണ് ഞാനിപ്പോള്‍ ദൈവമേ

കുരുക്കിട്ട്
കുരുക്കിട്ട്
കുടുക്കുകള്‍ മുറുക്കിയെടുക്കുന്ന
ചരടുവലികളാണ് ദൈവമേ
ഞങ്ങള്‍ക്കിടയില്‍ നടന്നുപോകുന്നത്
അകന്നുപോകുന്ന പറവകളുടെ പാട്ടുകള്‍
എന്നന്നേക്കുമായി ഇല്ലാതാക്കുന്നതും
ഞങ്ങള്‍ തന്നെയാണ് ദൈവമേ
അയയില്‍ തൂക്കിയിട്ടിരിക്കുന്ന
മീനുകളുടെ കുളമ്പടിയൊച്ചകള്‍
വെള്ളമൊഴിഞ്ഞ ചില്ലുപാത്രത്തിലെ ഒറ്റമീന്‍
കുരുക്കിയെടുത്ത് വലിച്ചു പൊട്ടിക്കുന്നത് കാണാന്‍
കാത്തു നിന്നതാണ് ഞാന്‍
പറഞ്ഞു കേട്ട സാധ്യതകളുടെ,
പെരുമ്പറ മുഴക്കുന്ന നൂലാമാലകളാണ്
ആ കുളമ്പടിയൊച്ചകളെന്ന്
എനിക്കറിയാമായിരുന്നു ദൈവമേ
നീളമേറിയ രാത്രികളെ,
ഞങ്ങള്‍ക്കുവേണ്ടി കൊണ്ടുവന്നിരുന്ന പകലുകള്‍
ആകാശത്തു നിന്നും താഴെ വീണു പോയതും
അനങ്ങാനാകാത്ത വിധം മണ്ണില്‍ പുതഞ്ഞുപോയതും
മുന്‍പ് പലവട്ടം ഞാന്‍ കണ്ടിട്ടുണ്ട് ദൈവമേ
അതൊക്കെ എനിക്കറിയാം, പക്ഷെ
അവനെക്കുറിച്ച്
അവനെക്കുറിച്ചു മാത്രം
എനിക്കൊന്നുമറിയില്ല
എനിക്കൊന്നുമറിയില്ല
അവന്റെ മുഖം ഓര്‍ത്തു നോക്കുമ്പോള്‍
എന്റെ ദൈവമേ
ഇപ്പോഴും
ഇപ്പോഴും
പല നിറങ്ങളിൽ, ഒന്നിച്ചു പൂവിട്ട്
മണം നിറക്കുന്ന കാട്ടു ചേമന്തി ചെടികളാണ് ചുറ്റും
അവനുള്ളിൽ
അവന്റേതെന്ന തോന്നലുകളിൽ,
പറവകളുടെ പാട്ടുകളായ് ചേക്കേറി
മീനുകളായ് വിരിഞ്ഞ്, പൂക്കളായ് പുളഞ്ഞ്
അങ്ങനെയൊക്കെയങ്ങ് പാറിക്കളിക്കാമെന്ന്
പല പല ആലോചനകളെ
ആലോചിച്ചിരിക്കുകയായിരുന്നു ദൈവമേ ഞാന്‍
അപ്പോഴാണ്‌
കാട്ടുചേമന്തികള്‍ നിറച്ച് വീര്‍പ്പിച്ചു നിര്‍ത്തിയിരുന്ന
മുട്ടന്‍ ബലൂണുകള്‍
മഞ്ഞുകാലത്തിന്റെ തീചൂടില്‍ പൊട്ടിച്ചിതറിയതും
ഞാന്‍ പറവകളുടെ പുറത്തേക്ക് തെറിച്ചുവീണതും
പരന്നൊഴുകിയ ചേമന്തി മണം എന്നെ കീറി കടന്നു പോയതും
എന്റെ ദൈവമേ !!
എനിക്കൊന്നുമറിയില്ല
എനിക്കൊന്നുമറിയില്ല
അലകളിൽ
അഴലൊളികളിൽ
അലമുറയിടുന്ന
അവിചാരിതമായൊരീ നിമിഷങ്ങളെ
ആസക്തികളുടെ കായ്കനികളാക്കി
ഞങ്ങള്‍ക്കുമേല്‍ വീണ്ടുമിറ്റിക്കേണമേ
പരന്നൊഴുകിയ ചേമന്തി മണം വടിച്ചെടുത്തപ്പാടെ
ഞങ്ങളില്‍ നിറയ്ക്കേണമേ.
------------------------------------------------------------

അണക്കെട്ട്‌ / അരുണ്‍ ഗാന്ധിഗ്രാം


ഈ അണക്കെട്ടിനു പിന്നില്‍
ഒരു പ്രളയം
പതിയിരിക്കുന്നുണ്ട്‌
പ്രക്ഷുബ്ധമനസ്സിന്‍റെ
അപ്രവചനീയത പോലെ.

ജലം
ഈ തടയണയില്‍
കണ്ണില്‍പ്പെടാത്ത
വിള്ളലുകള്‍ വീഴ്ത്തുന്നുണ്ട്‌
അപകടകാരിയായ
ഒരു തടവുപുള്ളിയെപ്പോലെ.
പ്രളയത്തെയും വരള്‍ച്ചയേയും
വേര്‍തിരിക്കുന്ന
ഈ നേര്‍ത്ത അതിരിന്‍റെ
ഒരു വശത്ത്‌
അഗാധമായ ശാന്തിയാണ്‌
ആസന്നമായ വിസ്ഫോടനത്തിന്‌
മുന്നൊരുക്കം നടത്തുന്ന
ജ്വാലാമുഖിയെപ്പോലെ.
------------------------------------

കാക്കയുടെ ഇറച്ചി / വിഷ്ണു പ്രസാദ്


വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന്
ചെറുപ്പം മുതലേ വിചാരമുള്ള അഞ്ചുപേര്‍
അതിനായി ഒരു കാക്കയെ പിടിക്കുന്നു.
കത്തിയണയ്ക്കുമ്പോഴും കാക്കയ്ക്കറിയില്ല
അതിനെ കൊല്ലുമെന്ന്
ഇക്കാര്യത്തില്‍ ഒരു കോഴിയുടെ
വിവരം പോലുമില്ല ബുദ്ധിജീവിക്ക്
ഒറ്റച്ചെത്തിന് കഴുത്തുമുറിഞ്ഞുവീഴുമ്പോള്‍
ചോര ചീറ്റും
തലപോയീ തലപോയീ എന്ന്
ഉടല്‍ കിടന്നു പിടയ്ക്കും
പിന്നെ
പപ്പ് പൂട പറി മല്‍‌സരമാണ്.
ചത്തതിനെന്തിനാ കാലെന്ന്
ഒരു തമാശ പറഞ്ഞ് ആ കറുത്ത കാലുകള്‍
മുറിച്ചെറിയുന്നു
കുടലും പിത്താശയവും വലിച്ചുമാറ്റുന്നു
കഷ്ണം കഷ്ണമാക്കുന്നു
ചോര കഴുകിക്കളയുന്നു
പിന്നെയും കഴുകുന്നു
മസാലപുരട്ടുന്നു
വറുത്തോ വേവിച്ചോ എടുക്കുന്നു
ഒന്നിച്ച് ഒരിലയില്‍ വിളമ്പി
വട്ടമിട്ടിരുന്ന് ചര്‍ച്ച തുടങ്ങുന്നു
കേരളത്തില്‍ ഇത്രയും സുലഭമായ ഒരു പക്ഷിയെ
എന്തുകൊണ്ട് തിന്നുന്നില്ലെന്ന്
മോഡറേറ്ററായി ഒരുത്തന്‍ ഒരു കഷ്ണം കടിച്ചു വലിക്കുന്നു.
എച്ചില്‍ തിന്നുന്നതുകൊണ്ടാണെന്ന്
വേറൊരുത്തന്‍ കടിച്ചുപറിക്കുന്നു
തീട്ടം തിന്നുന്ന കോഴിയെ തിന്നുന്നതോ എന്ന
ഒരുത്തന്റെ സംശയം എല്ലാവരും തൊട്ടുനക്കുന്നു.
മുഴുത്ത കഷ്ണം നോക്കിക്കടിച്ച് ഒരുത്തന്‍
ഏതൊക്കെ തിന്നാമെന്നും
ഏതൊക്കെ തിന്നേണ്ടെന്നും
ആരാണ് തീരുമാനിച്ച് ഒരു സമൂഹത്തിന്റേതാക്കിയതെന്ന്
എല്ലാത്തിനേയും ദഹിപ്പിച്ചുകളയുന്നു
കാക്കയെ തിന്നാത്തത് കാക്ക
ഞമ്മടാളായതുകൊണ്ടാണെന്ന് ഒരാള്‍
കാക്കയിറച്ചി ചവച്ചുചവച്ച് വീരവാദം മുഴക്കുന്നു
കാക്ക ദളിതനാണെന്നും സംവരണാനുകൂല്യങ്ങള്‍
നല്‍കേണ്ടതായിരുന്നുവെന്നും പറയുമ്പോള്‍
ഒരാള്‍ കാ കാ എന്ന് വയറുതടവുന്നു
എച്ചില്‍ പെറുക്കാന്‍ ഇപ്പോള്‍ കാക്കകള്‍ വരാറില്ല
ഒക്കത്തിനും അഹങ്കാരമാണ്.
ആസാമില്‍ നിന്നും ബംഗാളില്‍ നിന്നും
വേറെ എച്ചില്പെറുക്കികളെ ഇറക്കുമതി
ചെയ്യേണ്ട സ്ഥിതിയാണ് ഒരാള്‍ ഉറയുന്നു...
ചര്‍ച്ചമുറുകുമ്പോള്‍
കാക്കയുടെ ഇറച്ചി നല്ല ഊക്കില്‍
കടിച്ചുകടിച്ച്
പറിച്ച് പറിച്ച്
വിഴുങ്ങി വിഴുങ്ങി..
ഇനിയൊന്നും വിഴുങ്ങാനില്ലാതെ വരുമ്പോള്‍
എല്ലാവരും അവരവരുടെ ബൈക്കുകളില്‍
കയറി കാ കാ എന്ന് ചിരിച്ച് വശംകെട്ട്
പറന്നുപോകുന്നു
അപ്പോള്‍ ആ തീറ്റിസ്ഥലത്തുകിടന്ന്
ഒരു കാക്ക പറന്നുപോകാനാവാതെ
കരയുന്നു
അതുകേട്ട് വായനക്കാരായ നമ്മളെല്ലാവരും
ചിരിച്ചുചിരിച്ച് മണ്ണുകപ്പുന്നു...

---------------------------------------------------

ഉറവ് /മുനീർ അഗ്രഗാമി


വീണു കിടക്കുന്ന കുഴിയിൽ
വീണ്ടും വീണുപോയവൻ്റെ
ആഴത്തിൽ
കണ്ണിൽ നിന്നെന്ന പോലെ
കാഴ്ചകൾ മറച്ച്
ഒരുറവ പൊട്ടുന്നു

ദാഹിച്ചുവലഞ്ഞവളേ
നിന്നിലേക്കുള്ള ഒഴുക്കിൻ വഴി
അതു കണ്ടു പിടിക്കുന്നു
നീയകപ്പെട്ട പൊട്ടക്കിണറിന്നാഴത്തിൽ
തടസ്സം നിന്ന
കല്ലുകളലിയിച്ചതു
കടന്നു വരുന്നു
ഒരു തുള്ളിയിൽ
ഒരു ലോകമൊളിപ്പിച്ച് .
--------------------------------------

പ്രണയ ദീപാവലി / മുനീർ അഗ്രഗാമി


വെളിച്ചമേ
എൻ്റെ വെളിച്ചമേ
ആഗ്രഹങ്ങളുടെ നെയ്ത്തിരി കത്തിച്ച്
നീയെനിക്ക് തരിക
ഇവിടമെല്ലാം
ആ വെളിച്ചം കുടിച്ച്
സന്തോഷിക്കട്ടെ

കുഞ്ഞുങ്ങളുടെ മനസ്സുപോലുള്ള
മൺചെരാതും നീയെനിക്കു തരിക
എൻ്റെ വഴികളിൽ അവ
മിന്നാമിനുങ്ങുകളാവട്ടെ
നിൻ്റെ കണ്ണിൽ നിന്ന്
നീയറിയാതെ
ഞാനെടുത്ത തേജസ്സ്
എൻ്റെ സൂര്യനും ചന്ദ്രനുമാകുന്നു
നിൻ്റെ ഇതളുകളിൽ
പ്രകാശത്തിൻ്റെ ദേവതയായി
ദീപാവലി ചിറകടിക്കുന്നു
അതിൻ്റെ ചിറകിലെ ചിത്രങ്ങളിൽ
ഞാൻ സ്വർഗ്ഗം ദർശിക്കുന്നു
എൻ്റെ സ്വപ്നങ്ങൾ
പതുങ്ങിയിരിക്കുന്ന
രാത്രിയുടെ ഗുഹകളിൽ
നീ നിലാവായി ചിറകടിക്കുന്നു
വെളിച്ചമേ
എൻ്റെ വെളിച്ചമേ
എൻ്റെ ഇരുളു തേടി വന്നവർ
ഇതാ മടങ്ങുന്നു
അവരി നി എൻ്റെ ഇരുളിനെ കുറിച്ച്
സംസാരിക്കില്ല
നീ എൻ്റെ വെളിച്ചമായതിൽ
അവർ പ്രകാശിക്കാതിരിക്കില്ല
അവരുടെ ഇരുട്ടിൽ നിന്ന്
അങ്ങനെ കപടലോകം പുറത്തു കടക്കട്ടെ !
നന്മയുടെ ഒരു താരകം
അവരിൽ മിന്നട്ടെ
ആയിരം ദീപങ്ങളാൽ വലയം ചെയ്ത
ദേവനെ പോലെ
എൻ്റെ വിഗ്രഹത്തിനിതാ
ജീവൻ വെക്കുന്നു
ചൈതന്യത്തിൻ്റെ
ചൈതന്യമായ്
ഞാൻ നിന്നെയറിയുന്നു
ഇതു നമുക്ക്
പ്രണയ ദീപാവലി;
താലോലിക്കാൻ
ആകാശത്തിൻ്റെ തൊട്ടിലിൽ
നിൻ്റെ ചുംബനങ്ങൾ
തെളിയുന്ന സന്ധ്യ പിറക്കുന്നു
ആനന്ദം ഒരു കപ്പലായ്
നമ്മുടെ ഉടലിലൂടെ
ചക്രവാളത്തിലേക്കെന്ന പോലെ
അറ്റമില്ലാതെ
ഉയർന്നും താഴ്ന്നും
മെല്ലെ ഒഴുകന്നു .
-----------------------------------

കാവല്‍ക്കാരന്‍ / ആലങ്കോട് ലീലാകൃഷ്ണന്‍


ചവിട്ടിക്കൊല്ലും പാദത്തെ
പൂജിക്കും ബലിതത്വമേ
മണ്ണോളം താണുനിന്നാലും
ചവിട്ടിത്താഴ്ത്തും വാമനന്‍
ഒരുനേരത്തെയന്നത്തി-
ന്നൊരു കുടുംബം പോറ്റുവാന്‍
പ്രഭുവിന്‍ കോട്ടവാതില്‍ക്കല്‍
കാവലാവേണ്ടി വന്നവന്‍
അവന്‍റെ നിസ്സഹായത്വം
കുറ്റമല്ല ചരിത്രമേ,
ചവിട്ടി നീയരച്ചാലും
ഉയിര്‍ക്കും നിസ്വനാമിവന്‍
മരിച്ചുപോയ പാവങ്ങള്‍
ജാഥയായി വരുന്നിതാ
അവര്‍ക്കൊപ്പമുണ്ടു ഞങ്ങള്‍
മരിക്കാത്തൊരു മര്‍ത്ത്യത
വാതില്‍ തുറന്നു തന്നാലും
മരിക്കാത്ത സഹോദരാ
ദുഷ്പ്രഭുപ്പുലയാടിത്തം
തകര്‍ക്കും ബലിയാണു നീ.
-------------------------------

Wednesday, November 11, 2015

ഊരാച്ചുണ്ട് / ജയദേവ് നയനാർ


ഇങ്ങനെയെന്നാൽ കൂടെ
നടക്കാൻ കൊണ്ടു പോവില്ല
നിന്നെ, ഉടലേ.
കരയിൽ പുഴയഴിച്ചിട്ട
തുണിയപ്പാടെയും കൊണ്ട്
നീയോരോ മരം വച്ച്
വച്ചുപിടിപ്പിക്കുന്നുണ്ട്.
പാട്ടുസാധകം ചെയ്യുന്ന
കിളികളെ ചുറ്റിലും
മിണ്ടാതിരുത്തുന്നുണ്ട്.
മീനുകൾ നീന്താൻ പഠിക്കുന്ന
സ്കൂളിനെ കടലെന്ന്
പരിഹസിക്കുന്നുണ്ട്.
ഇലകൾക്കുടുപ്പ് തയ്ക്കുന്ന
തുന്നൽക്കാരിയോട്
ഒരുടുപ്പൊരുടുപ്പെന്ന്
പ്രലോഭിപ്പിക്കുന്നുണ്ട്.
ഓരോ ഉറക്കത്തിലും
വന്നു പെയ്യുവാൻ മേഘമേ
നിനക്കെത്ര വെള്ളമെന്ന്
അസൂയപ്പെടുന്നുണ്ട്.
മാലപ്പടക്കത്തിൽ
പൊട്ടാതെ കിടന്ന ഒന്നിനെ
കാട്ടുതീയിട്ട്
മോഹിപ്പിക്കുന്നുണ്ട്.
.
ഇങ്ങനെയെന്നാൽ
കൂടെക്കിടത്തുകയുമില്ല.

--------------------------------------

വെയിൽ‌പ്പൂക്കളാൽ വറ്റിപ്പോയ പെൺകുട്ടി / ഡോണ മയൂര


സങ്കടങ്ങളുടെ
ഇൻസ്റ്റലേഷനുകൾ നിർമ്മിച്ച്
ലോകം തന്‍റേ‍തുമാത്രമാക്കിയ
പെൺകുട്ടി.
ഇൻസ്റ്റലേഷനുകളുടെ ഗൃഹത്തിൽ
സങ്കടത്തിലിറങ്ങി നനഞ്ഞ നായ
കണ്ണീരുകുടയുന്ന ഇൻസ്റ്റലേഷന്‍റെ
വാലുമുറിഞ്ഞുവീണതൊരു
വെള്ളമയിലാകുന്ന ഇൻസ്റ്റലേഷനിലേക്ക്
മഴവില്ലുപോലടർന്നു വീണു.
വാലുപോയ നായ.
ഒഴിഞ്ഞ ആകാശം.
വെയിൽ.
പൊരിഞ്ഞ വെയിലിൽ
വെള്ളമയിലിനെ
സ്നേഹിച്ചു മഴവില്ല്.
വെയിൽ‌പ്പൂക്കളുടെ
ഇൻസ്റ്റലേഷനിൽ
വറ്റിപ്പോയ പെൺകുട്ടി
മറ്റൊരു ദേശത്ത്
കണ്ണീരായി പൊഴിഞ്ഞു.
ഏതു ദേശത്തുമുണ്ട്
പലഭാഷകളിൽ
ഒരേ സങ്കടം.
അന്നന്നുണ്ണും സങ്കടങ്ങൾ
അന്നമുണ്ണും സങ്കടങ്ങൾ
എന്നുമുള്ള സങ്കടങ്ങൾ.
സങ്കടങ്ങളുടെ ഇൻസ്റ്റലേഷൻ
നിറഞ്ഞ ഗൃഹം കാണാൻ
അന്യഗ്രഹങ്ങളിൽ നിന്നും
സന്ദർശകരെത്തി.
പക്ഷെ അവർക്കുമുണ്ട് സങ്കടം,
അവിടെയുമുണ്ട്
ഇതേ ഇൻസ്റ്റലേഷനുകൾ.
-------------------------------------

Friday, November 6, 2015

ചില നോവുകളുണ്ട്‌... / ദേവി മനോജ്



കൈ പിടിച്ചു നടത്തുന്ന
ചില നോവുകളുണ്ട്‌
മുറിവായിൽ നിന്നും
ഇപ്പോഴും നിണമൊഴുകുന്ന
ചില ഓർമ്മപ്പാടുകൾ
ചില ഓർമ്മകൾക്ക്
ഭസ്മത്തിന്റെ മണമാണ്
അടുത്ത് വന്ന്
വെറ്റിലക്കറയുള്ള ഉമ്മകൾ തരും
അപ്പോൾ
രാക്ഷസൻ പിടിച്ചു കൊണ്ട് പോയ
സുന്ദരിയായ രാജകുമാരിയുടെ കഥ
കാറ്റിൽ അങ്ങിനെ പറന്നു പറന്നു വരും
അതിന്റെ ചിറകുകളിലേറി
ആകാശദൂരങ്ങൾ താണ്ടി
സ്വപ്നക്കൊട്ടാരത്തിൽ
രാജകുമാരിയോടൊപ്പം വാഴും
പക്ഷെ
പെട്ടെന്നൊരു കൊഴിച്ചിലാണ്
ചിറകറ്റു വീണ്ടും ഭൂമിയിൽ
ചില നോവുകൾക്ക്‌ പാൽമണമാണ്
ദുഖത്തിന്റെ ചില്ലകളിൽ
ചേക്കേറുമ്പോൾ
പാൽമണമുള്ള ഉമ്മകൾ
കവിളത്ത് തുരുതുരെ തരും
നെഞ്ചോടു ചേർത്ത് ലാളിക്കും
'ഓമനത്തിങ്കൾക്കിടാവോ ' പാടും
പക്ഷെ
മയക്കത്തിലേക്കു വഴുതി വീഴുന്നതും
തൂവൽ പോലെ പറന്ന്
മറഞ്ഞു പോകും
ചില ഓർമ്മകൾക്ക്
അമ്പലപ്രാവിന്‍റെ ചിറകടിയൊച്ചയുണ്ട്
കുറുകിയും കുണുങ്ങിയും
മനസ്സിനുള്ളിൽ കൂട് വച്ച കുറുമ്പിപ്രാവ്
ഇടയ്ക്കിടയ്ക്ക് ചിറകടിച്ചു പൊങ്ങും
അമ്പലവഴിയിലൂടെ
കുളക്കടവിലൂടെ
പാറി പാറി നടക്കും
കൊക്കുരുമ്മി കൊഞ്ചും
പിന്നെ പിണങ്ങി പറന്നു പോകും
ചില ഓർമകൾക്ക്
സ്നേഹം പുരണ്ട
കരുതലുകളുടെ രൂപമാണ്
ഇരുളിന്‍റെ ചായം പുരളുന്നതിന് മുൻപ്
കൂടണയാത്ത കിളിക്കുഞ്ഞുങ്ങളെയോർത്ത്
അസ്വസ്ഥമാകുന്ന സ്നേഹം
ആ ചിറകിനുള്ളിൽ കിനിയുന്ന
വാത്സല്യം
ആൾക്കൂട്ടത്തിന്‍റെ ഏകാന്തതകളിൽ
കൈ പിടിച്ചു നടത്തുന്ന നോവുകൾ .
-------------------------------------------

മറവി / ബാലചന്ദ്രന്‍ ചുള്ളിക്കാട്


ഓമനേ,മൗനം ശിരസ്സറ്റ പക്ഷിതന്‍
ഗാനമാണെന്നതറിഞ്ഞു വേവുമ്പൊഴും,
ഇത്തിരി നേരം നിലാവിന്‍ കൊലച്ചിരി
കൊത്തിപ്പറിച്ച മനം തലോടുമ്പൊഴും,
പാറകള്‍ പൊട്ടിച്ചു പായുന്നൊരെന്‍ കാട്ടു-
ചോരയില്‍ക്കാലം കുളമ്പടിക്കുമ്പൊഴും
ഏറേറ്റു കണ്ണുതകര്‍ന്ന നായ്ക്കുട്ടിയെ
മാറോടടുക്കിപ്പിടിച്ചു കേഴുമ്പൊഴും
പെറ്റവാറേ തള്ള ചത്ത പൈക്കുട്ടിതന്‍
നെറ്റിയില്‍പ്പൊള്ളുന്ന നെഞ്ചുചേര്‍ക്കുമ്പൊഴും,
മാറാപ്പുമായ്പ്പിച്ച തെണ്ടുന്ന പെങ്ങള്‍തന്‍
മാറാവ്രണങ്ങളിലുമ്മ വെയ്ക്കുമ്പൊഴും
ഇറ്റു സ്നേഹത്തിനായെന്‍ നേര്‍ക്കു നീളുന്ന
കുഷ്ഠം പിടിച്ച വിരലില്‍ തൊടുമ്പൊഴും
കണ്ണുനീരീന്‍റെ കരിങ്കടലില്‍ നിന്നു
മുങ്ങിയെടുത്തൊരീ ശംഖമൂതുമ്പൊഴും
നിന്നെയോര്‍മ്മിക്കുവാന്‍പോലും മറന്നു ഞാന്‍ .
---------------------------------------------------

ഭയം./ ദ്രുപദ് ഗൗതം


മരം എന്ന ക്ലാസിലെ
ഒരില പോലും
അനങ്ങുന്നില്ല.
നിശ്ശബ്ദത
എന്ന പട്ടിക്കൂട് വ്യവസ്ഥിതി
ആരുടെയോ
പേരെഴുതി വെക്കുന്നു.
വിയർത്ത്
ഓടി വന്ന
കാറ്റിനെ
ചുണ്ടിൽ ഒരു വിരലൊട്ടിച്ചു
നിർത്തിയിട്ടുണ്ട് വരാന്തയിൽ…!
ഒരു മിണ്ടൽ
ചുണ്ടോളം വന്ന്
വറ്റിപ്പോകുന്നു…!
വാതിൽവരെയെത്തിയ
ഒരു ചിരി തിരിഞ്ഞോടുന്നു…!
ചുമരും ചാരിയിരുന്ന്
ഉറങ്ങിപ്പോയി
അനാഥമായൊരക്ഷരം….!
ഭയം
ഒരു രാജ്യമാണ്.
അവിടെ നിശ്ശബ്ദത
ഒരു (ആ)ഭരണമാണ്.

-------------------------------

(പത്താം തരം ജി എച്ച് എച്ച് എസ് കൂപ്പാടി.
സുൽത്താൻബത്തേരി.)

കടപ്പാട് ----മാതൃഭൂമി ബാലപംക്തി

Thursday, November 5, 2015

ആലപ്പുഴവെള്ളം / അനിത തമ്പി


ആലപ്പുഴ നാട്ടുകാരി
കരിമണ്ണുനിറക്കാരി
കവിതയിൽ എഴുതുമ്പോൾ
'ജലം' എന്നാണെഴുതുന്നു! 


കവി ആറ്റൂർ ചോദിച്ചു,
"വെള്ളം അല്ലേ നല്ലത്?"

ആലപ്പുഴ നാട്ടുകാരി
മെടഞ്ഞോല മുടിക്കാരി
തൊണ്ടുചീഞ്ഞ മണമുള്ള
ഉപ്പുചേർന്ന രുചിയുള്ള
കടുംചായ നിറമുള്ള
കലശ് വെള്ളത്തിന്റെ മകൾ.

ജലം എന്നാലവൾക്കത്
വയനാട്ടിൽ നിളനാട്ടിൽ
മലനാട്ടിൽ തെക്കൻനാട്ടിൽ
വാഴുന്ന തെളിനീര്
വാനിൽനിന്നുമടർന്നത്‌,
നിലംതൊടും മുൻപുള്ളത്
മണമില്ലാത്തത്‌, മണ്ണി
ന്നാഴങ്ങൾ തരുന്നത്
നിറമില്ലാത്തത്‌, ദൂരം,
ഉയരങ്ങങ്ങൾ, കാണ്മത്
സമതലങ്ങൾ വാടി
ക്കിടന്നുപോകാത്തത്

അതിന്നുണ്ട് ദേവതകൾ
അഴകുള്ള കോവിലുകൾ
നിത്യപൂജ, നൈവേദ്യം
ആണ്ടുതോറും കൊടിയേറ്റം
തുമ്പിയാട്ടും കൊമ്പന്മാർ,
തുളുമ്പുന്ന പുരുഷാരം.
ആലപ്പുഴപ്പൂഴിമണ്ണ്
തിരളുന്നതാണ് വെള്ളം
അത് കറപിടിക്കുന്നു
നനയ്ക്കുന്നു കുളിക്കുന്നു
അത് നൊന്തുകിടക്കുന്നു
എഴുന്നേറ്റു നടക്കുന്നു
ഇണവെള്ളം തീണ്ടാതെ
ഉറങ്ങാതെ കിടക്കുന്നു
അരമുള്ള നാവുള്ള
മെരുക്കമില്ലാത്ത വെള്ളം
തെളിയാൻ കൂട്ടാക്കാത്ത
കലക്കമാണതിന്നുള്ളം

അവനവൻ ദേവത
അകംപുറം ബലിത്തറ
തുഴ, ചക്രം, റാട്ടുകൾ
ചങ്ക് പൊട്ടിപ്പാട്ടുകൾ
മണ്ടപോയ കൊടിമരം
മഞ്ഞോലച്ചെവിയാട്ടം
ചാകരയ്ക്ക് തുറപോലെ
തുള്ളുന്ന മഴക്കാലം
ചൊരിമണൽ പഴുത്തു തീ
തുപ്പുന്ന മരുക്കാലം
കവിഞ്ഞിട്ടും കുറുകിയും
കഴിച്ചിലാകുന്ന വെള്ളം.
പിഞ്ഞാണം, ചരുവങ്ങൾ,
കോരിവെയ്ക്കും കുടങ്ങൾ
തേച്ചാലുമുരച്ചാലും
പോകാത്ത ചെതുമ്പലായ്
പറ്റിച്ചേർന്നിരിക്കുന്നു
വെള്ളത്തിന്റെ വേദന.

കനാലുകൾ, ബോട്ട്ജെട്ടി
കല്ലി,രുമ്പു പാലങ്ങൾ,
കുളം, കായൽ, വിരിപ്പായൽ,
കുളവാഴപ്പൂച്ചിരി,
ചകിരിപ്പൊന്നൊളിയുള്ള
ഇരുമ്പിന്റെ ചുവയുള്ള
വിയർപ്പിന്റെ വെക്കയുള്ള
ആലപ്പുഴ വെള്ളം.
ഇളകിയും മങ്ങിയും
അതിദൂരത്തകലുന്നു
പറവകൾ കാണുന്ന
പടങ്ങളായി മാറുന്നു.

പതിറ്റാണ്ടുകൾ കഴിഞ്ഞു,
തെക്കൻ നീരിലൂരുറച്ചു
എന്നിട്ടുമെഴുതുമ്പോൾ,
ഓർമ്മയിൽപരതുമ്പോൾ
ആലപ്പുഴനിറക്കാരി
ആലപ്പുഴമുടിക്കാരി
ജലമെന്നോ വെള്ളമെന്നോ
തിരിയാതെ തിരിയുന്നൂ
തൊണ്ട ദാഹിക്കുന്നു.
-----------------------------

പറക്കാതിരിക്കല്‍ / അനിത തമ്പി


മരക്കൊമ്പില്‍
ഒരു കിളി വന്നിരുന്നു.
കാറ്റനക്കുന്ന പച്ചിലകള്‍
ഇലകള്‍ക്കിടയില്‍ നിന്നും
പെട്ടെന്ന് ഞെട്ടി വരുന്ന പൂക്കള്‍
പൂക്കള്‍ക്കിടയില്‍
കിളി പൂങ്കുല പോലെ ചാഞ്ഞിരുന്നു
പൂ പറിക്കാന്‍ കുട്ടികള്‍
മരക്കൊമ്പ് വളച്ചു താഴ്ത്തി
തണല്‍ കായാന്‍ വന്നവര്‍ കൈകള്‍
നീട്ടി ഇല നുള്ളി
കിളി ചിറകൊതുക്കി അനങ്ങാതിരുന്നു
പകല്‍ മുഴുവന്‍ ശേഖരിച്ച വെയില്‍
ഇലകളില്‍ ആറിക്കിടക്കുന്ന
വൈകുന്നേരത്ത്
കറമ്പിയും കുഞ്ഞുങ്ങളും
തീറ്റ തിരഞ്ഞിറങ്ങുമ്പോള്‍
കിളി പേടിക്കാതെ പതുങ്ങിയിരുന്നു
അങ്ങനെയിരിക്കെ മാനത്ത്
അടഞ്ഞ ഇമ പോലെ ചന്ദ്രക്കല വന്നു
അഴക്‌ ചേര്‍ക്കാന്‍ ഒരു നക്ഷത്രവും വന്നു
ജന്മങ്ങളോളം കാണാന്‍ പാകത്തില്‍
കിളി തുഞ്ഞത്തോളം ചെന്നിരുന്നു
വെറും ഒരു മരക്കൊമ്പില്‍ .
--------------------------------------------

Tuesday, November 3, 2015

കണ്ണെഴുത്ത് / ജയദേവ് നയനാർ



ഒരുവേള ഇത്രയധികം വാഴ്ത്തപ്പെടാനെന്തിരിക്കുന്നു
എന്നാവാം. അല്ലെങ്കില്‍ പേര്‍ത്തും പേര്‍ത്തും
തള്ളിപ്പറയപ്പെടുന്നതിലെന്തിരിക്കുന്നു എന്നോ.
നീ കുന്തിരിക്കം പുകയുന്ന ഒറ്റുമുറികളിലെ
ഒച്ചയടച്ചുപോയ നിലവിളികളിലൊന്ന്.
നീ പിറന്നുവീഴുന്നതിനു മുന്നേ
മായ്ച്ചുകളയപ്പെട്ട ഒരോര്‍മ.
.
ആകാശത്തെ അടുത്തേക്കു വാ എന്നുവിളിക്കും.
അപ്പപ്പോള്‍ വിരിയുന്ന ഓരോ കാറ്റിനും കണ്ണെഴുതും.
ഇടയ്ക്കു തെന്നിവീഴുന്ന തേങ്ങലിനെ
പിന്നേയും പിന്നേയും കാലി‍ല്‍ നടത്തും.
നിലാവു കാട്ടി ഇരുട്ടിന്‍റെ വായിലേക്ക്
ഒരുരുള നിറച്ചുവയ്ക്കും.
കാറ്റില്‍ വിറയ്ക്കുന്ന നാളത്തെ
കൈവെള്ളയില്‍ കിടത്തിയുറക്കും.
എന്നിട്ട്, ഉറക്കം വരാതിരിക്കുന്ന
അത്താഴത്തിന്‍റെ നേരെ നോക്കിയിരിക്കും.
വാതില്‍ക്കല്‍ ഓരോ അനക്കത്തെയും
മകനേ മകനേ എന്നോര്‍ക്കും.
.
മുറ്റത്തുനിന്നൊരു പച്ചില പറിച്ച്
ഓര്‍മയില്‍ കൊണ്ടുനടക്കും.
പേരറിയാത്ത ഓരോ പൂമ്പൊടിയെ
ഓരോ പേരിട്ടു മണക്കും.
കാട്ടിലേക്കുള്ള വഴിയില്‍ നിന്ന്
തേനീച്ചക്കൂട്ടങ്ങള്‍ വരുന്നത് കാണിക്കും.
കാണാത്ത ദൂരത്തിനപ്പുറത്ത്
ആരോ വരുന്നുണ്ടെന്ന് ഉറപ്പിക്കും.
എന്നിട്ട്, കറുത്തുതുടങ്ങുന്ന പകലിനെ
എന്തായിന്നിത്ര തിടുക്കമെന്ന് ശാസിക്കും.
സന്ധ്യയുടെ ഓരോ നിറത്തെയും കൊണ്ട്
മകനേ മകനേ എന്നു കണ്ണെഴുതും.
.
നീ മരിച്ച ശേഷം
അമ്മയായവള്‍.

----------------------------------------------

Friday, October 30, 2015

ദളിതന്‍ കവിതയെഴുതുമ്പോള്‍ / സുധീർ രാജ്


ദളിതന്‍ കവിതയെഴുതുമ്പോള്‍
ജടപിടിച്ചൊരപ്പൂപ്പന്‍ ഉടുക്കുകൊട്ടിയുറയും
കണ്ണുപൊട്ടിയ കരിങ്കാളിയമ്മൂമ്മ
മണ്ണിന്റെ ചങ്കു പൊട്ടിയ്ക്കുമൊരു പാട്ട് പാടും .

വസൂരി വിത്ത്‌ പോലെ വാക്കെല്ലാം വന്നു
കൂരാപ്പു പോലെ കുരിപ്പ് കുത്തും .
മുതുകത്തു മുള്ളുള്ള ഒറ്റമുലച്ചി പോലെ
വരിയെല്ലാം കിടന്നലറും
നട്ടുച്ചയ്ക്കിറങ്ങും നട്ടപ്രാന്തെല്ലാം
പൊരിവെയിലു പോലെ തിളയ്ക്കും
ഞങ്ങളെയങ്ങോട്ടെടുക്കോ
എടുക്കോയെന്നു കരയും
പ്രാക്കായ പ്രാക്കെല്ലാം
നോവിന്റെ കുടുക്കേലിട്ടു കുലുക്കി
കവിതേലെറിഞ്ഞുടയ്ക്കും
ദളിതൻ കവിതയായുറയുമ്പോൾ
ദൈവം പകയ്ക്കും
മണ്ണിലൊരു കുഴികുത്തി വിത്തായി
തലപ്പുലയന്റെ കൈ കാത്തു കിടക്കും
വാരിവാരിക്കൊടുത്തു മുടിഞ്ഞ
കയ്യിലേക്കൊരു കുഞ്ഞായ് കിളിർക്കും.
ദളിതൻ കവിതയെഴുതുമ്പോൾ
കാലമവിടെ നില്ക്കും
ഏനും കൂടൊരു വാക്ക് തായോന്ന് കെഞ്ചും
വാക്കും മണ്ണും വിണ്ണും പാതാളവും
പഴമയും പെരുമയും ഉലകുമുയിരും
കാറ്റത്തൊറ്റ മുളപോലെ നിൽക്കും
ഒരമ്മ പെറ്റ മുളപോലെ നിൽക്കും .
------------------------------------------------------

Wednesday, October 28, 2015

രണ്ടുപേർത്തീവണ്ടി / സെറീന


നൂറ് ബോഗികളുള്ള
ഒരു തീവണ്ടിയാണ് നാം
പ്രപഞ്ചത്തിന്റെ രണ്ടറ്റങ്ങളിലെ
രണ്ട് സ്റ്റേഷനുകൾക്കിടയിൽ
അതിങ്ങനെ ഓടിക്കൊണ്ടിരിക്കുന്നു 
 
ആദ്യത്തെയും അവസാനത്തെയും
തീവണ്ടി മുറികൾക്കുള്ളിൽ നിന്ന്
വാതിൽക്കൽ നിന്നെത്തി നോക്കി
കൈ വീശിക്കാണിക്കുന്ന രണ്ടു പേർ
നമുക്കുള്ളിൽ കയറിക്കൂടിയിട്ടുണ്ട്

പാഞ്ഞു പോകുന്ന വേഗതയിൽ
വളവുകളിലും തിരിവുകളിലും
പരസ്പരം കണ്ടു മറയുമ്പോൾ
ഒന്നു തൊടാൻ കൈയ്യെത്തിച്ചു
അന്യോന്യം കുതിയ്ക്കുന്നുണ്ടവർ

കൈ നീട്ടി നീട്ടി ഒടുവിൽ
ഒരു ബെഞ്ചോ കസേരയോ
മറിച്ചിടുന്നത്രയും എളുപ്പത്തിൽ
അവരീ തീവണ്ടി മറിച്ചിടും

അപ്പോൾ
തിരിച്ചറിയൽ രേഖകളില്ലാത്ത
രണ്ടുപേരെ മരണം കൊണ്ടു മൂടി
നാമാരുടെ വീട്ടിലേയ്ക്ക് കൊടുത്തയക്കും ?
----------------------------------------------

നക്ഷത്രക്കണ്ണുള്ള ശലഭങ്ങള്‍ / ഇസബെൽ ഫ്ലോറ


പൂവില്‍നിന്നു
പൂവിലേക്ക്
പാറുമ്പോള്‍
പൂമ്പാറ്റകള്‍ പറയുന്നുണ്ട്

നോട്ടുബുക്കില്‍ തെറിച്ച
കൂട്ടുകാരന്‍റെ തലയിലെ
ചുവന്ന പൊട്ടുകളെക്കുറിച്ച്
തോക്കിന്‍ മുനകളില്‍തകര്‍ന്ന
പേനയില്‍ നിന്നുമൂര്‍ന്ന
ചുവന്ന മഷിയിലടയാളപ്പെട്ട്
ഒന്നിച്ചു തോറ്റതിനെക്കുറിച്ച്
തീക്കാറ്റിനിടയിലും
ചിതറിയ അമ്മവിരലുകള്‍
തിരഞ്ഞു വന്നതിനെക്കുറിച്ച്
ഒറ്റ രാത്രികൊണ്ട്‌
തീപ്പെട്ടു പോയ
കുടിലുകളെ ക്കുറിച്ച്
മഞ്ഞച്ചിറകുകളിലെ
കറുത്ത കണ്ണുകള്‍
ഇരുണ്ടു പോയ
സ്വപ്‌നങ്ങള്‍ പങ്കുവയ്ക്കുകയാണ്
ചോര വീഴാത്ത ക്ലാസ് മുറികള്‍
തീ ചിതറാത്ത തെരുവുകള്‍
വെടിയൊച്ച മുഴങ്ങാത്ത കുടിലുകള്‍ ....
ശലഭമേതുമാകട്ടെ ,
നിറഭേദ മില്ലാത്ത
ഈ കിനാവുകളാണത്രേ
പൂവിന്റെയുള്ളിലെ തേന്‍ തുള്ളികള്‍ .
------------------------------------------

Tuesday, October 27, 2015

വെളിപാട് / ബാലചന്ദ്രന്‍ ചുള്ളിക്കാട്


വേടന്‍ അമ്പുരക്കുന്നതു
എന്റെ ഹൃദയത്തില്‍ തന്നെയാണ്
 എന്നിട്ടും മുനയുടെ മൂര്‍ച്ച എന്റെ കവിതക്കില്ല
നിറയൊഴിക്കുന്നതു
എന്റെ നെഞ്ചിലേക്കുതന്നെയാണ്
 എന്നിട്ടും കുഴലിന്റെ സംഗീതം
എന്റെ കവിതക്കില്ല
കുളമ്പുകള്‍ ചവിട്ടിയരക്കുന്നതു
എന്റെ മാംസം തന്നെയാണ്
എന്നിട്ടും പടക്കുതിരകളുടെ
മരണവേഗത എന്റെ വാക്കുകള്‍ക്കില്ല
ഞെരിഞ്ഞു തകരുന്നതു എന്റെ തോളെല്ലുകള്‍ തന്നെയാണ്
എന്നിട്ടും പല്ലക്കുചുമക്കുന്നവനെപ്പൊലെ
എന്റെ ആശയങ്ങള്‍ വിയര്‍ക്കുന്നില്ല
ആളിക്കത്തുന്നതു എന്റെ സ്വപ്നങ്ങള്‍തന്നെയാണു
എന്നിട്ടും എന്റെ കവിത ചുട്ടുപഴുക്കുന്നില്ല
ഓര്‍മ്മകളുടെ ഒരു കാളരാത്രിഒടുങ്ങുമ്പൊള്‍
എനിക്കു വെളിപാടുണ്ടാവുന്നു
ഒരു ദിവസംസ്വന്തം ജനത
ഗായകനില്‍ ഗര്‍ജ്ജിക്കും
ലഹരിപിടിപ്പിക്കുന്ന ഈരടികള്‍
ഞങ്ങള്‍ക്കു വേണ്ടാ
ചോര കുടിപ്പിക്കുന്ന കൂരടികള്‍ ഞങ്ങള്‍ക്കു തരൂ
വേരുപിടിപ്പിക്കുന്ന നീരടികള്‍ ഞങ്ങള്‍ക്കു തരൂ
അതെ
അപ്പൊള്‍ അവന്‍ തോറ്റമ്പാട്ടുകള്‍ നിര്‍ത്തി
മാറ്റമ്പാട്ടുകള്‍ പാടും
കരയുന്ന വാക്കുകള്‍ക്കു പകരം
കത്തുന്ന വാക്കുകള്‍ വായിക്കും...
--------------------------------------------

രീതി / എ.അയ്യപ്പന്‍


ദൈവമേയെന്നു നിലവിളിക്കരുത്
ദൈവത്തിനു കേള്‍വിയില്ല
കോടാനുകോടികളെക്കാണാന്‍
കണ്ണുകളില്ല
നാവില്‍
ഒരിറ്റ് ഉമിനീരില്ല
ഒരു നീചന്‍
ദാഹത്തിന്റെ തൊണ്ടവറ്റിച്ചു
ചുണ്ടുനനച്ചത്
ഒരു മാലാഖയുടെ കണ്ണുനീര്‍ത്തുള്ളിയാണ്
വിലകൊടുത്ത് ലഹരിയരുത്
വിലകൊടുക്കാതെ കിട്ടുന്ന
ഭ്രാന്താണ് ലഹരി
എനിക്ക്
നിര്‍വചനമില്ല
ഭാഷയില്ല
ലഹരി
അഗ്നിയില്‍ സൂക്ഷിക്കുന്ന
രത്നദ്രവം
എന്റെ പ്രേമലേഖനത്തിന്
കലാപത്തിന്റെറ ഭാഷയാണ്
കുട്ടിയെക്കൊണ്ടുപോകൂ
ഭ്രാന്ത് പകരുന്ന രോഗമാണ്
ധവളാണുക്കളാണ്
എന്റെ ഞരമ്പുകളില്‍
എന്റെ മനസ്സളക്കാന്‍
ഭ്രാന്തമാപിനിയില്ല
എന്റെ കഴുത്തിന്‌
ഊഞ്ഞാലാടാനാഗ്രഹം
ഞാന്‍ കിണറ്റുവെള്ളം കോരാനുള്ള
കയര്‍ മുറിക്കുന്നു. 

--------------------------------------

പെരുക്കങ്ങൾ / Chandini Gaanan


മഴത്തുള്ളിയുടെ വില്പനശാലപോലെ
മുഴുവൻ ചാറ്റലും ഒരേ അകലത്തിൽ തൂക്കിയിട്ടു
എറാലിയിലെ ഓലത്തുമ്പുകൾ
ചളികുത്തിയ ചെമ്മണ്ണുവഴിയിൽ
ഇരുട്ടു വിതയ്ക്കാനിറങ്ങുന്നു
മുളങ്കൂട്ടങ്ങൾ

അന്തിയോളം ചത്തുപണിത കണ്ണുകളിപ്പോഴും
മൈതാനവിളക്കിനും
പ്ലാസ്റ്റിക് കൂരയ്ക്കുമിടയിൽ
അരിക്കല്ലു പെറുക്കുകയാണ്‌
മാനത്തിൻ വക്കത്ത്‌,
പകലിൻ നെഞ്ചുകീറിയ ചോരതൊട്ട്‌
ചുണ്ടുചുവപ്പിച്ച്‌
നിലാവിൻ മുന്താണിത്തലപ്പ്‌ എടുത്തുകുത്തി
നിഴൽമറഞ്ഞ്‌ പുഞ്ചിരിയ്ക്കുന്നു
നീലരാത്രി
എന്നത്തേയുംപോലെ
തിണ്ണപ്പുറത്തെ ചിമ്മിണിച്ചോട്ടിൽ
പാറ്റയിൽ നിന്നും പുഴുവിലേയ്ക്കുള്ള ദൂരം
അളന്നെഴുതിയ വരികൾ
ഉറുമ്പുകളാകുന്നു.
-----------------------------------------------

സ്വപ്നമെന്നൊന്നല്ല / Chandini Gaanan


ഇന്നലെക്കണ്ട സ്വപ്നത്തിൽ നീയില്ലായിരുന്നു
നാളേയ്ക്കെന്ന്‌ എടുത്തു വച്ചതിലും
പകൽദൂരത്തിലേയ്ക്ക്‌
സന്ധ്യ ഒഴുകി നിറയുംനേരം
കിഴക്കോട്ടു നീന്തിയ പാട്ടുകൾ
തിരിച്ചു പറക്കുന്നത്‌ കണ്ടതാണ്‌

മധുരമിറ്റാൻ തുടങ്ങും
ഈന്തൽക്കുലകൾക്ക്‌
കാറ്റുപാടും നാവേറ്‌ കേട്ടതാണ്‌
മേഘം കൂട്ടിനെയ്യുന്ന
വിമാനങ്ങളുടെ രാത്രിസഞ്ചാരം കണ്ടതാണ്‌
ഒരേ കൈപ്പാങ്ങിൽ
പലതരം വിത്തുകൾ ഒന്നായ്‌ വീണുമുളച്ചപോലെ
രൂപബന്ധമില്ലാത്ത കെട്ടിടങ്ങൾ
അകത്തും പുറത്തും വെളിച്ചം നിറച്ച്‌
രാവാഘോഷിയ്ക്കുന്നതും കണ്ടതാണ്‌
അതിലൊന്നും നീയില്ലായിരുന്നു
പുലരിയ്ക്കുമുന്നേ
കിളിക്കൂട്ടം പൂക്കാൻ തുടങ്ങുന്ന
പച്ചക്കാടുകളിൽ പെയ്ത്‌
ഇല നനച്ച്‌
ഉടൽ നനച്ച്‌
വടയ്ക്കേപ്പറമ്പിലെ കടവിൽ
കാൽവണ്ണയുരച്ചു നില്ക്കുമായിരുന്ന സ്വപ്നത്തിന്‌
നീയെന്നോ നിന്നിലേയ്ക്കെന്നോ പറയുന്ന
വഴികളറിയില്ലായിരുന്നു
നിലാവു വറ്റിയ മണൽക്കുന്നുകളിൽ നിന്ന്‌
വെയിലോളം വീണുപരന്ന
പുഞ്ചപ്പാടത്തേയ്ക്കും തിരിച്ചുമുള്ള
നിത്യസഞ്ചാരമാണ്‌,
ഇന്നലെയും ഇന്നും വിരിഞ്ഞുകൊഴിഞ്ഞതൊക്കെയും
നാളെ പുലരുന്നതും
നിന്നിലേയ്ക്കാണെന്ന
നക്ഷത്ര സൂചിക
കാണിച്ചു തന്നത്‌ .
----------------------------------------------------

പൊളിച്ചുമാറ്റം / Chandini Gaanan


എണ്ണമില്ലാത്ത മഴക്കാലങ്ങൾ
പൂപ്പലെഴുതിയ ഓടുകൾ
മൂലകളിലൊളിച്ചു പാർത്ത അണ്ണാൻകൂടുകൾക്കൊപ്പം
നിലമിറങ്ങി വന്നു

‘ഇരുമ്പുകൈ മായാവി’യും,
മാൻഡ്രേക്കും അപ്പുണ്ണിയും,
കൊത്താങ്കല്ലാടിയ തിണ്ണയും,
മുറ്റത്തേയ്ക്ക്‌ കാൽനീട്ടി
ചൂലുഴിഞ്ഞ ഉമ്മറപ്പടിയും
ഇരുന്നയിരുപ്പിൽ മണ്ണായിപ്പോയി
മച്ചിലടച്ചിട്ട പലഹാരമണം,
‘വിവിധഭാരതി’ പാടാൻ
തിരിഞ്ഞും മറിഞ്ഞുമിരുന്ന റേഡിയോ,
മാലബൾബു കത്തിയ
കുഞ്ഞുപൂക്കൂട,
അലമാരിപ്പുറത്തെ
തലയാട്ടും കുട്ടിബൊമ്മ
ഒക്കെ കൂടെപ്പോയി
താമരയും പീലിയും കൊത്തിയ
മേൽതട്ടടർത്തുമ്പോൾ,
അടക്കം ചെയ്തിട്ടിന്നേവരെ നേരിട്ട പോരുകൾ
അതിസൂക്ഷ്മമായെഴുതിയിട്ട
കരിങ്ങോട്ടയിലയുടെ എല്ലുരൂപങ്ങൾ,
മൂടിപ്പോയ പടനിലം പിളർന്നെന്നപോലെ ഉയർന്നു;
അവയ്ക്കപരിചിതമായ കാറ്റിൽ
തെന്നിവീണു
പടിയ്ക്കലേയ്ക്ക്‌ പുരികം ചുളിച്ചിരുന്ന ചാരുകസേര,
ഒരൊറ്റ അലാറം മുഴക്കത്തിൽ
തെറിച്ചുപോയ സ്വപ്നം പോലെ
പുതിയ വീട്ടിലെ പിൻമുറിയിൽ
ചടഞ്ഞിരിയ്ക്കുന്നു .
-----------------------------------------------------------

Monday, October 19, 2015

ബനലതാസെന്‍* / പി . എൻ . ഗോപികൃഷ്ണൻ

ഏഴാം ക്ലാ‍സ്സില്‍
കന്യാകുമാരിയ്ക്ക് വിനോദയാത്ര പോയപ്പോഴാണ്
നിന്നോടതു പറയണം എന്ന്
എനിക്കാദ്യമായ് തോന്നിയത്.
വിവേകാനന്ദപ്പാറയുടെ ചെരിവില്‍
ശക്തമായ ഒരു കടല്‍ക്കാറ്റ്
എന്റെ വാക്കുകളെ പറത്തിക്കൊണ്ടുപോയി.
പിന്നത്തെക്കൊല്ലം
“അടിയന്തിരാവസ്ഥ അറബിക്കടലില്‍”
എന്ന് കരിയും കലയും മങ്ങിയ ചുമരിന്നരികേ
ഞാന്‍ നിന്നെ കാത്തു നിന്നു.
“മഞ്ഞണിക്കൊമ്പില്‍, ഒരു കിങ്ങിണിക്കൊമ്പില്‍” എന്ന്
ലോട്ടറി വില്‍ക്കുന്ന ഒരംബാസഡര്‍
പെട്ടെന്നു വന്നു നിന്നിരമ്പി.
ഒന്നും പറയാനോ കേള്‍പ്പിക്കാനോ
പറ്റാതെ.
പതുക്കെപ്പതുക്കെ പോകുന്ന
കാലത്തെ ചലിപ്പിക്കാന്‍
ഫിലിം സൊസൈറ്റിക്കാര്‍
ഘട്ടക്കും ബ്യുനുവലും ഗൊദാര്‍ദും
ഇറക്കുമതി ചെയ്തു.
എസ്.എന്‍.വി ലൈബ്രറിയില്‍
വിജയനും ആനന്ദും മാധവിക്കുട്ടിയും
കെ.ജി.എസും സച്ചിദാനന്ദനും ചുള്ളിക്കാടും
അതിവേഗം
കൈമാറ്റം ചെയ്യപ്പെട്ടു.
പനങ്ങാട് ഹൈസ്കൂള്‍ മൈതാനത്തില്‍
ആദ്യത്തെ വിക്കറ്റ് വീണു.
വന്നു കഴിഞ്ഞ എന്തിനേക്കാളും
വരാന്‍ പോകുന്നതില്‍ വിശ്വാസമര്‍പ്പിച്ച്
നമ്മള്‍ വെവ്വേറെ കോളേജിലെത്തി.
ടാറ്റയും ലെയ് ലാന്റുമിരമ്പുന്ന ബസ് സ്റ്റാന്റില്‍
നിന്നെത്തേടി എന്റെ കണ്ണുകള്‍
വിളറിയ യക്ഷരായലഞ്ഞു.
വ്യവസായ വിപ്ലവത്തിന്റെ കാരണങ്ങള്‍
കാണാപാഠം പഠിച്ച രാത്രിയില്‍
യൂണിയന്‍ കാര്‍ബൈഡ്
പഴയ ഭോപ്പാലിനെ ശവപ്പറമ്പാക്കി.
ജാലിയന്‍ വാലാ ബാഗ് പരീക്ഷയ്ക്കെഴുതുമ്പോള്‍
ഡല്‍ഹിയില്‍ സിക്കുകാരെ കൂട്ടക്കശാപ്പു ചെയ്തു.
പാഠവും പ്രത്യാശയും അങ്ങനെ
രണ്ടായ് പിളര്‍ന്നുകൊണ്ടിരിയ്ക്കുമ്പോള്‍
നീ കയറിയ റഹ് മത്ത് ബസ്
പെട്ടെന്ന് ഗിയര്‍ മാറ്റി.
കാലം മാറി.
ട്രാജഡിയും കോമഡിയും
പുസ്തകം വിട്ടു.
മിഷേല്‍ പ്ലാറ്റീനി
പെനാല്‍റ്റി പാഴാക്കുന്നത്
ഞങ്ങള്‍
വീട്ടിലിരുന്നു കണ്ടു.
അര മണിക്കൂറില്‍ മാറഡോണ
കൈ കൊണ്ടും കാല്‍ കൊണ്ടും
ഗോളടിച്ചു.
പത്തു പന്തില്‍
പതിനഞ്ചെടുക്കാന്‍ കോപ്പുകൂട്ടുന്ന സച്ചിനില്‍
ഞങ്ങള്‍
പ്രത്യാശ നിക്ഷേപിച്ചു.
അന്നിട്ടിരുന്ന കുപ്പായം
കീറിപ്പറഞ്ഞു.
കീശയിലുണ്ടായ പത്തുപൈസാത്തുണ്ടുകള്‍
റിസര്‍വ്വ് ബാങ്ക് പിന്‍വലിച്ചു.
ബാബ് റി മസ്ജിദ് തകര്‍ത്തതിന്
രണ്ടു ദിവസം മുന്‍പ്
പി.എസ്.സി പരീക്ഷക്കപേക്ഷിച്ച്
തിരിച്ചു വരും വഴി
എന്റെ ബി.എസ്.എ സൈക്കിളിനെ
നിന്റെ മാരുതി കടന്നുപോയി.
ആ വാക്കുകള്‍ക്ക്
വീണ്ടും മുളപൊട്ടി.
പിന്നെ ഞാന്‍
കാപ്പികള്‍ കുടിച്ച്
സിഗരറ്റുകള്‍ തുരുതുരെ പുകച്ച്
ആ വാക്കുകളെ ചൂടാക്കിക്കൊണ്ടിരുന്നു.
പുകവലി നിരോധിക്കും വരെ.
തുള വീണ ശ്വാസകോശങ്ങള്‍ക്കു മേല്‍
ഐ.ടി.സി
പുകവലിയുടെ നൂറ്റാണ്ട്
ആഘോഷിക്കും വരെ.
എന്തൊരു കാലമായിരുന്നു,അത്!
പോളാ ടാക്കീസ് പൂട്ടി.
പാലപ്പെട്ടിയുടെ ചായക്കടയിലെ
പരിപ്പുവടകള്‍ നാടുകടത്തപ്പെട്ടു.
പോളക്കുളത്തിലെ എരുമകള്‍
കുഴിച്ചു മൂടപ്പെട്ടു.
നീയും ഞാനും നാടു വിട്ടു,അല്ല.വിറ്റു.
നമുക്ക്
ഒന്നിച്ചു ശ്വസിക്കാന്‍
ഒരു ദേശം ഇല്ലാതായി.
എങ്കിലും
ഡൈ പുരട്ടിയും
മോണിങ്ങ് വാക്ക് മുടക്കാതെയും
പഴയ എസ്.എഫ്.ഐക്കാലം
ഇടയ്ക്കിടെ പറഞ്ഞും
ചെറു ചെറു റിയല്‍ എസ്റ്റേറ്റ്
ബിസിനസ്സ് നടത്തിയും
‘അയാം ബിസി’ എന്ന് നാനാഭാഗത്തേയ്ക്കും
തുരുതുരെ മെസ്സേജയച്ചും
ജീവിതം നിശ്ചലമെങ്കിലും
ഫേസ് ബുക്കില്‍
സ്റ്റാറ്റസുകള്‍ നിരന്തരം മാറ്റിയും
ഞാന്‍
അതിജീവിച്ചു.
എന്തു പറയാന്‍?
തൊള്ളായിരത്തി എണ്‍പത്തിമൂന്നിലെ
എസ്.എസ്.എല്‍.സി ബാച്ച്
ടാഗു ചെയ്യുമ്പോള്‍
വീണ്ടും നീ എന്റെ മുന്നിലെത്തി.
അന്നു രാത്രി
കുത്തിയിരുന്ന്
ഞാന്‍ നിന്റെ പ്രൊഫൈല്‍ തെരഞ്ഞു.
ആയിരം ഫേയ്ക്കുകളല്ലാതെ
നീ വന്നില്ല.
ഗത്യന്തരമില്ലാതെ
ഞാന്‍
പുറത്തേയ്ക്കിറങ്ങി.
കാറ്റടിച്ച്
നഗരത്തിന്റെ ഉടയാടകള്‍
ഇടയ്ക്കിടെ പൊങ്ങുമ്പോള്‍
ശ്വാസകോശങ്ങളെ കവിഞ്ഞുപോകുന്ന
ചീഞ്ഞ നാറ്റം.
ഓ.എം.ആര്‍ ഷീറ്റില്‍
പട വെട്ടാന്‍
സീബ്രാലൈനില്‍
കാത്തു നില്‍ക്കുന്ന കുട്ടികള്‍.
ജീവിതത്തിന്റെ കടിയേറ്റും
ചുംബനമേറ്റും
വീണ്ടും വീണ്ടും
പിരിയുന്ന ജനത.
അതിനിടയിലൂടെ
കറുത്ത ആക്റ്റീവയില്‍
കടന്നു പോകുന്ന
മധ്യവര്‍ത്തി മധ്യവയസ്ക്കര്‍.
“ബനലതാസെന്‍”
ഞാന്‍ വിളിച്ചു.
ഹെല്‍മറ്റ് എന്ന മുഖം മൂടിയ്ക്കു പിന്നില്‍
ഏതോ ഒരു പെണ്‍ തലയോട്ടി
ചിരിച്ചിട്ടുണ്ടാകണം.
എന്റെ ഹൃദയത്തിലെ
ഒരു നര
പെട്ടെന്നു കറുത്തു.
...........................
*‘നാട്ടോറിലെ ബനലതാസെന്‍’ - ജീബനാനന്ദദാസിന്റെ വിഖ്യാത കവിത.അതില്‍ ലോകം മുഴുവന്‍ അലഞ്ഞെത്തുന്ന പുരുഷന്‍ സാന്ത്വനം അനുഭവിയ്ക്കുന്നത് ബനലതാസെന്‍ എന്ന, യാഥാര്‍ത്ഥ്യമോ സങ്കല്‍പ്പമോ ആയ, സ്ത്രീയ്ക്കടുത്താണ്.

വെളുത്ത ചെമ്പരത്തികൾ /സെറീന



മൂന്ന് തലമുറകളുടെ ഗോവണിയിറങ്ങി 
ഒരാൾ വരും മുപ്പത്തിരണ്ടിൽ പൂത്ത ഭ്രാന്തിന്റെ 
മൈലാഞ്ചി വിരൽ കൊണ്ട് 
നെറ്റിയിൽ തൊടും .
തൊട്ടിലിലുറങ്ങിയതിന്റെ 
ഓർത്തെടുക്കാനാവാത്ത ഓർമ്മയിൽ 
പൊക്കിൾക്കൊടി പോലെ 
വേരറ്റു പോകും വിഷാദം 
വിഷമിറങ്ങി തെളിഞ്ഞ ദേഹമായി 
ജീവിതമഴിഞ്ഞ് തിളങ്ങുമകം 
 
തീരും അവനവനിലേയ്ക്കുള്ള പിടച്ചിലുകൾ 
വെള്ളത്തിനടിയിൽ അമർത്തിപ്പിടിച്ച 
ഉടൽ, ജീവനിലേയ്ക്ക് കുതറും പോലെയുള്ള 
വെറും വെറുതേകൾ. 
 
അന്നേരം നീയെന്റെ മുറിയിൽ വരണം
 തൂവലുകളുടെ ആകാശത്തിന് മീതേ 
ചിരിയുടെ വെള്ള വിരിപ്പ് കുടഞ്ഞിട്ട് 
ഞാനുറങ്ങാൻ കിടക്കുകയായിരിക്കും 
പതിവു പോലെ ഉറങ്ങിയില്ലെങ്കിലെന്ത് , 
നക്ഷത്ര ങ്ങളൊന്നുമില്ലാത്ത പാവം രാത്രിയ്ക്ക് 
രണ്ടു തൂക്കു വിളക്കുകൾ പോലെ 
ഞാനെന്റെ കൃഷ്ണമണികളെ കൊടുക്കും 
വെളിച്ചമെന്നാൽ ഇവളാണെന്ന് 
വീണു കിടക്കുന്ന ഇലകൾക്കു പോലും തോന്നും 
 
എല്ലാ പരാതികളും അവസാനിപ്പിച്ച് 
 
ജീവിതം അതിന്റെ പാട്ടിന് പോട്ടെ 
നമുക്ക് ഈ വെളുത്ത ചെമ്പരത്തികൾ കൊണ്ട് 
ഒരു പൂവട്ടം കെട്ടണം , 
ബോധത്തിന്റെ അടഞ്ഞ വാതിലിനപ്പുറത്ത്‌ 
ഒരുത്തി ചത്തു കിടപ്പുണ്ട്.
---------------------------------------------------

Sunday, October 18, 2015

ആദ്യപ്രേമം / സച്ചിദാനന്ദന്‍


ആദ്യപ്രേമം
ആദ്യത്തെ മുയല്‍ പോലെയാണ്
ചുവന്ന മിഴികളും ഉണര്‍ന്ന ചെവികളുമായി
മഞ്ഞു വീണ മേച്ചില്‍ പുറങ്ങളില്‍
ചാടി നടക്കുന്ന പതു പതുത്ത അത്ഭുതം
അതിനെ ഇണക്കിഎടുക്കുക എളുപ്പമല്ല
അടുത്ത് എത്തുമ്പോഴേക്കും
അത് ഓടിയൊളിക്കുന്നു
അതിനു ഭയമാണ്,വന്യ വാസനകളുടെ
മുഴങ്ങുന്ന ഗര്‍ജനങ്ങളെ
ഒരു ദല മര്‍മ്മരം പോലും
അതിന്‍റെ ചെവി പൊട്ടിക്കുന്നു
ഒരു പനിനീര്‍ പൂവിന്‍റെ സുഗന്ധം പോലും
അതിന്‍റെ മൂക്ക് പൊള്ളിക്കുന്നു
ഒടുവില്‍ തീവ്ര പ്രണയത്തിന്‍റെ
കടും വെളിച്ചം കൊണ്ട് കണ്ണ് മഞ്ഞളിപ്പിച്ചു
നാമതിനെ പിടി കൂടുന്നു .
എങ്കിലും മടിയിലിരുത്തി
ഒന്ന് തലോടുമ്പോഴേക്കും
അത് മഞ്ഞു പോലെ അലിഞ്ഞലിഞ്ഞു
കാണാതാവുന്നു
അതിരുന്നിടത്ത് വെളിച്ചം തുടിക്കുന്ന
ഒരു മഞ്ഞിന്‍ തരി മാത്രം ബാക്കിയാവുന്നു ,
ഘനീഭവിച്ച ഒരു കണ്ണീര്‍ തുള്ളി.
----------------------------------------------

പിറകോട്ടുകാണി / മനോജ്‌ കുറൂര്‍


മരിച്ചവരുടെ മീറ്റിങ്ങില്‍
എല്ലാവരും നിശ്ശബ്ദരായിരുന്നു.
തലച്ചോറിനേറ്റ ചതവില്‍ പതിഞ്ഞിരുന്ന മണല്‍ത്തരികളും
രണ്ടെല്ലുകളെ തുന്നിച്ചേര്‍ത്ത ഒരുരുക്കുയന്ത്രവും
ഹൃദയത്തിനുമേല്‍ വെറുതേയൊന്നു പോറിയ ഒരു സൂചിയുമെങ്കിലും
എന്തെങ്കിലുമൊക്കെ പറയുമെന്നു തോന്നിച്ചെങ്കിലും ഒന്നുമുണ്ടായില്ല.
നനവില്‍ പ്രേമവും മുനകളില്‍ കൊതിയും അടക്കിവച്ചിട്ടുണ്ടെന്ന്
ഓരോ കെട്ടിപ്പിടുത്തത്തിലും പുകഴ്ത്തപ്പെട്ട കണ്ണുകളാകട്ടെ
ഒരു നോട്ടത്തിലെങ്കിലും തമ്മില്‍ പിണയാന്‍ തയ്യാറായില്ല.
ഒളിച്ചുനോക്കിനോക്കി തന്നെത്തന്നെ തുലച്ച ഇരുട്ടിനോട്
തഴുകലിന്റെ കലയെന്തെന്ന് കൈകള്‍ തിരഞ്ഞുകൊണ്ടിരുന്നു.
ഇരുട്ടാവട്ടെ, എല്ലാ ഉടലുകളെയും മൂടിയിരുന്നു.
അറ്റുപോയവയെയെല്ലാം തണുപ്പ് കനപ്പെടുത്തിക്കൊണ്ടുമിരുന്നു.
അഴുകിത്തുടങ്ങിയെങ്കിലും ഒഴുകിപ്പരക്കുന്നില്ലല്ലൊ എന്ന്
ഓരോന്നും ആശ്വസിച്ചു.
അവയുടെ മിണ്ടായ്മയില്‍നിന്ന്
ഒരു കെട്ട മണം പോലും പുറപ്പെട്ടതുമില്ല.
ഓരോ കല്ലറയില്‍നിന്നും വെറുപ്പ് ഒരു സൂചിയുടെ രൂപമെടുത്ത്
പിറകോട്ടുകാണിയായി തയ്ച്ചുതയ്ച്ച്
ഓരോ ജീവിതത്തിലും നൂല്‍ക്കുരുക്കിട്ടുകൊണ്ടിരുന്നു.
എല്ലാറ്റിനെയും ചേര്‍ത്തുപുതപ്പിച്ചുകൊണ്ട്
ഭൂപടത്തോളംപോന്ന ഒരു വസ്ത്രം തയ്യാറായി.
നൂല്‍പ്പാടുകളില്‍ത്തെളിഞ്ഞ പുതിയ നാടുകള്‍
പുതപ്പിനുള്ളില്‍നിന്നു കാണാനാവുമായിരുന്നില്ല.
ഒരേ നിറം. ഒരേ തയ്യല്‍പ്പണി. ഒരേ ഇഴയടുപ്പം.
ഒന്നും ഉരിയാടിയില്ലെങ്കിലും മരിച്ചവരുടെ മീറ്റിങ്ങില്‍
ഒരു തീരുമാനമായിരുന്നു.
ഒന്നിനെയുമനക്കാതെയെത്തിയ കാറ്റ്
പുതപ്പുമാത്രമിളക്കിയെടുത്ത് ഒരു പതാകയായി ഉയര്‍ത്തി.
ഉടലില്‍നിന്നു വേറിട്ട തലകള്‍ ഒന്നിച്ചുചേര്‍ന്നു വന്ദിച്ചു യോഗം പിരിഞ്ഞു.

------------------------------------------------------------------------------

മുറികൂടിയ കവിത / ഡോണ മയൂര


ഒടുവിൽ അവർ
ദൂതനെ അയച്ച് ചോദിച്ചു
“ആർക്കു വേണ്ടി
മരിക്കും നിങ്ങൾ,
കവിതയ്ക്ക് വേണ്ടിയോ
നിങ്ങൾക്ക് വേണ്ടിയോ?

കവിക്ക് മുന്നേ
കവിത സംസാരിച്ചു.
“അവർക്ക് വേണ്ടി,
വായിക്കുന്നവർക്ക്
വേണ്ടി മാത്രം.”
വാക്കേറ്റ്
ദൂരേയ്ക്ക് തെറിച്ച് പോയി,
ദൂതന്റെ ഉടവാൾ.
ഉടവാൾ തെറിച്ചതും
അയാളുടെ ഉടലൊരു
വാക്കായി പരിണമിച്ചു.
മറയില്ലാത്തൊരു
ഉടൽ‌വാക്കായി
ദൂതൻ യാത്രയായി.
അതിനു ശേഷം
അവർ ദൂതനെ
തിരഞ്ഞു നടന്നു.
ഉപേക്ഷിക്കപ്പെട്ട
ഉടവാളും,
ദൂതനെന്ന ഉടൽ‌വാക്കും
കണ്ടെത്തി.
ഉടവാളാൽ
ഉടൽ‌വാക്കിനെയും
ഉടൽവാക്കാൽ കവിയെയും
അവർ കൊലപ്പെടുത്തി.
മരണത്തിന്റെ നാവ്
നക്കിപ്പെറുക്കിയെടുത്ത
ചോരയും മാംസവും
വാക്കുകളായി,
ആ വാക്കുകളെല്ലാം
മുറികൂടി വരികളുമായി.
ഒരു മാർക്സിയൻ സ്വപ്നം
എനിക്കുമുണ്ട് കവിതയിൽ
എന്ന് മുറികൂടിയ കവിത
അവരിപ്പോൾ വായിക്കുന്നു.
-------------------------------

Saturday, October 17, 2015

സത്യം / വിജയലക്ഷ്മി


പക്ഷിയായ് പറന്നപ്പോൾ
കണ്ടു ഞാനാകാശത്തെ,
ശുദ്ധ ശൂന്യമാണത്‌
ഘന നീലമേയല്ല.

വൃക്ഷമായ്‌ പടർന്നപ്പോള -
റിഞ്ഞു വെയിൽ കത്തു-
മുച്ച വെയിലതേ സത്യം,
കുളിർ കാറ്റൊരു സ്വപ്നം.
മത്സ്യമായ് നദീമുഖം
മുറിച്ചു കടക്കുമ്പോൾ
കയ്പ്പുമായ് കടൽ മാത്രം
കറുത്ത് തിരയ്ക്കുന്നു
എങ്കിലും പറക്കുന്നു
പടർന്നു വിറയ്ക്കുന്നു
വൻ നദി മുറിയ്ക്കുന്നു
ഭൂമി ഞാനളക്കുന്നു .
-------------------------

Friday, October 16, 2015

ഒരുക്കം / സാദിർ തലപ്പുഴ


വഴിയരികിൽ
ഇലകളെ
ആലിംഗനം ചെയ്ത്
നിൽക്കുന്ന ഒരു വീടുണ്ട്.
വളവു തിരിഞ്ഞു വരുന്ന
പരിചിത വാഹനങ്ങൾ
നോട്ടങ്ങൾ
കാണിക്കവഞ്ചിയിലേക്കെന്നവണ്ണം
എറിഞ്ഞു കൊടുത്ത്
കടന്നു പോകും.
ചില വാഹനങ്ങളുടെ മനസ്സ്
അവിടെയിറങ്ങി
അടഞ്ഞു കിടക്കുന്ന
വരാന്തയിൽ
അറച്ചു നിൽക്കും.
വൈകുന്നേരങ്ങളിൽ
നടക്കാനിറങ്ങുന്ന
പുരുഷ കൌമാരങ്ങൾ
മോഹങ്ങളെ
വേലിപ്പഴുതിലൂടെ
മേയാൻ വിടും.
മോഹങ്ങൾ തിരികെ വന്ന്
പിന്നാമ്പുറത്തെ തൊടിയിൽ
നിറയെ ഊരിയെറിഞ്ഞ ഉറകളാണെന്ന്
നുണ പറയും.
വിശുദ്ധയായ്
അവളുറങ്ങുകയാവണം അകത്ത്.
പൊട്ടിപ്പോയ ഉറക്കത്തെ
കടവായിലൂർന്ന ഞോള കൊണ്ട്
ഒട്ടിക്കുകയാവണം.

മുറ്റത്ത്
പൂക്കൾ
പോക്കുവെയിലിൽ
കുളിച്ചൊരുങ്ങുകയാണ്.
അവളുടെ മുടിയുടെ
രാത്രിയിലേക്ക്
നടക്കാനിറങ്ങുവാൻ.
----------------------------------

സ്വപ്നവായ്ത്താരി / അഭിലാഷ് .കെ.എസ്


കടുക്കുഴി ബണ്ട്‌ ആദ്യം പൊട്ടുമ്പോൾ
പാടശേഖര സമിതി നിലവിലില്ല
പ്രസിഡന്റ്‌ കെ.പി താരു ജനിച്ചിട്ടില്ല
കണ്ടത്തിലിറങ്ങിയ വെള്ളം കണ്ട്‌ബോധം കെട്ട്‌ വീണ
കോതയെചേറിൽക്കുഴച്ച്‌ മടയടച്ച്‌
ചാപ്പൻ നായർ ഉച്ചത്തിൽ പറഞ്ഞു
ഞാറ്റ്‌ വേല ചതിച്ചാലും 'ചെറമൻ' ചതിയ്ക്കില്ല്യാ
വെള്ളികെട്ടിയ വടിയറ്റത്തേയ്ക്ക്‌ നീണ്ട
അലമുറകൾക്കൊക്കെക്കൂടി
മൂന്നേകാൽ പറയുടെ വിത്തളന്നിട്ട്‌ കൊടുത്തു
ഇക്കുറി ചിങ്കനു ശരിയ്ക്കും പേടിയായി
സ്വപ്നം നേരാവുമോ
മൂന്നാം നാൾബണ്ട്‌ പൊട്ടുമോ
ചത്തു പൊന്തിയ ആയിരത്തിമുന്നൂറു പറ
മുണ്ടകന്റെ കണ്ണിൽ 'കടു' കൊത്തുമോ
ഒന്നാം ദിവസ്സം പ്രസിഡന്റ്‌ താരുഉഷ്ണം മാറാൻ
വീശിക്കൊണ്ട്‌ പറഞ്ഞു"അണക്ക്‌ പ്രാന്താണ്ടോ ചിങ്കാ"
രണ്ടാം ദിവസ്സം സാക്ഷരതാ മാഷ്‌ഉറക്കെച്ചിരിച്ചൊരു പാട്ട്‌ പാടി
"ബലികുടീരങ്ങളേ ബലികുടീരങ്ങളേ"
അന്ന് ഒരുറപ്പിനു വരമ്പത്തൊരു കൊടി കുത്തി
പൊട്ടും മുൻപ്‌ വിളിച്ചറിയിയ്ക്കാൻ
വയൽക്കാറ്റിന്റെ നാവായത്‌ പാറി
മൂന്നാം നാൾ മനുഷ്യച്ചങ്ങലയുടെഅവസാന കണ്ണിയായി
ചേറിത്തെള്ളിക്കൊഴിച്ചപുന്നെൽ ത്തവിടിന്റെ മണവുമായി
കുറുമ്പ ഇടത്തെ കൈ മുറുകെപ്പിടിച്ചപ്പൊഴും ചോദിച്ചു
"കുറുമ്പേ ബണ്ട്‌ പൊട്ട്വോ"
കുറുമ്പ നാണിച്ച്‌ ചോന്നൊരു സുന്ദരിപ്പെയ്ത്തായി
തിരികെ പിക്കപ്പ്‌ ലോറിയിൽ വരുമ്പോമനസ്സിൽ പറഞ്ഞു
കോതക്കാർന്നോരു കാക്കും
അരിവാളു കാക്കും
വരമ്പത്ത്‌ഞാൻ നാട്ടിയ കൊടി കാക്കും
ബണ്ടിന്റെ പള്ള തുരക്കാനെത്തും
നീർ നായകൾക്കൊക്കെ ദിക്ക്‌ തെറ്റും
വണ്ടിയിൽ നിന്നിറങ്ങി ഓടി വന്ന് നോക്കുമ്പൊഴുണ്ട്‌
ഏതൊഴുക്കും തടഞ്ഞ്‌ നിർത്താൻനാമ്പുകൾ-
പരസ്പരം കോർത്ത്‌
കൊടിയുടെ പിന്നിൽ മുളച്ച്‌ നിൽക്കുന്നു
കറുത്ത ഞാറിൻ കരുത്തുള്ള ചങ്ങല
ഈ കഥ പറഞ്ഞ്‌ ചിരിച്ച്‌ ഞങ്ങൾ
വേനലിൽ, സ്റ്റ്രൈക്കർ എന്റിൽ സ്റ്റ മ്പ്‌ തറയ്ക്കുമ്പോൾ
പണ്ടത്തെ കടുക്കുഴി പാടത്തിന്റെകട്ട വിണ്ട വിടവുകളിൽ നിന്നും
വിരലുകൾ മുളച്ച്‌ പൊന്താൻ തുടങ്ങി
ചേറു മണക്കുന്നൊരോർമ്മ
ആഴങ്ങളിലെവിടെയോ ഒന്ന് തിരിഞ്ഞു കിടന്നു
ഭൂമി ചെറുതായൊന്നു വിറച്ചു.
-----------------------------------------------------------------

Thursday, October 15, 2015

എനിക്ക് ചോളമണികളായ് പൊട്ടി വിടരാൻ കുറച്ച് പൊരിവെയിൽ തരൂ.../ ഡോണ മയൂര


മഞ്ഞുമഴയുടെ നാളുകളിൽ
രാത്രി പുലരുവോളം
മഞ്ഞുവാരി നിറച്ച് തലയിണയും
മെത്തയുമുണ്ടാക്കി കട്ടിലൊരുക്കി
നേരം പുലരുവാനായി കാത്തിരിക്കുന്നു.

കാത്തിരിപ്പിന്റെ വേളകളിൽ
ഘനീഭവിക്കുന്ന മുഷിവകറ്റാൻ
ചർക്കയിൽ നൂറ്റെടുത്ത
മഞ്ഞുനൂലുകൾ കൊണ്ട്
കമ്പിളി പുതപ്പുകൾ നെയ്തെടുക്കുന്നു.
ചൂളക്കുഴൽ വിളികൾക്കൊപ്പം
എന്നും പുലർവേളകളിൽ
മഞ്ഞുവാരിക്കൂട്ടി ഉരുട്ടിയെടുത്ത്
ആകാശത്തേക്ക് ഉരുട്ടി കയറ്റിയും,
ഉരുട്ടി കയറ്റിയ മഞ്ഞുഗോളം
ആകാശത്തിൽ നിന്നും
താഴേക്ക് തള്ളിയിട്ടും
സങ്കടക്കടൽ പെയ്തു തീർക്കുന്നു.
(നീ ഇപ്പോൾ ഓർക്കുന്ന
നാറാണത്ത് ഭ്രാന്തന്റെ പോലൊന്നുമല്ല,
അത് ഒന്നുമല്ല ഒന്നും,
എന്നെ വിശ്വസിക്ക്, അല്ലങ്കിൽ
ഉരുട്ടിയുരുട്ടി കയറ്റുംതോറും
മഞ്ഞുഗോളത്തിന്റെ വലുപ്പവും ഭാരവും
കൂടുന്നതിന്റെ വേദന
എന്നെ പോലെ നീയും
അറിയാനൊന്ന് ശ്രമിച്ച് നോക്ക്,
തോറ്റു പോകും
നിന്റെ നാറാണത്ത് ഭ്രാന്തൻ!)
വിളറിവെളുത്തുപോകുന്ന നിശ്ചലതയിൽ
മഞ്ഞുമഴക്കൊപ്പം താഴേക്ക് വീണ്
ഉച്ചിയുലഞ്ഞുറയുന്ന വേളകളിൽ
അശാന്തമായി മഞ്ഞു കുഴിച്ച് കുഴിച്ച്
വെയിൽ തിരയുകയും,
കടലാസു തോണികളുണ്ടാക്കി
മഞ്ഞിനു മുകളിൽ ഇടുകയും ചെയ്യുന്നു.
വെള്ളത്തിനെയും കാറ്റിനെയും
ഇപ്പോഴെനിക്ക് ഭയമില്ല
എന്റെ കടലാസു തോണിയെ
മുക്കികളയുവാൻ രണ്ടിനും
കഴിയുകയില്ലല്ലോ!
ധ്രുവക്കരടിയായും ഹിമമൂങ്ങയായും
പരകായം ചെയ്തു ചെയ്തു
എനിക്കെന്നെ എന്നേ നഷ്ടമായിരിക്കുന്നു,
എന്റെ നിഴൽ പോലും
വെളുത്തു പോയിരിക്കുന്നു!
എനിക്ക് നിലാവിനായി
നീ കൊടുത്തുവിട്ട വെയിൽ പോലും
ഉറഞ്ഞു പോയിരിക്കുന്നു!
വെയിലിന്റെ മണം തിരഞ്ഞുതിരഞ്ഞ്
വെയിലിന്റെ ഒച്ച തിരഞ്ഞുതിരഞ്ഞ്
മൂക്കിൽ നിന്നും കാതിൽ നിന്നും
ചോര പൊടിയുന്നു.
മഞ്ഞുപാളികളെ അലിയിക്കാൻ
അവയ്ക്കു മുകളിലേക്ക്
വാരിവാരി വിതറുന്ന
ഉപ്പുകല്ലുകളാൽ മൂടപ്പെട്ട്
ഏറെനാളുകളായി തുടരുന്ന
ഈ അതിശൈത്യത്തിൽ
ഞാനുറഞ്ഞു പോയിരിക്കുന്നു.
നാഡീഞരമ്പുകൾക്ക് പകരം
ഉറഞ്ഞുപോയ പുഴകൾമാത്രമാണെന്നിൽ,
അടിത്തട്ടിൽ നിന്നും ചത്തുമലച്ച്
മുകളിലേക്കുയരുന്ന മത്സ്യങ്ങൾ
മഞ്ഞുപാളികളിൽ ചെന്ന് മുട്ടുന്നയൊച്ച
സ്റ്റെതസ്‌കോപ്പിലൂടെയെന്നവണ്ണം
നിനക്ക് കേൾക്കാനാവുന്നുണ്ടോ?
ശൈത്യകാലം കഴിയുന്നുവെന്ന്
രാവു പുലരുവോളം
ഉറക്കെ ചിലച്ചറിയിക്കാറുള്ള
ചീവീടുകളുടെ വീട് എവിടെയാണ്?
ഉച്ചത്തിൽ, ഒന്നത്യുച്ചത്തിൽ ചിലച്ച്
ഈ നശിച്ച മഞ്ഞുകാലത്തെ
ഒന്നോടിച്ച് വിടണേയെന്ന് പറയാൻ
എനിക്കവിടെ വരെയൊന്ന് പോകണം.
വെള്ളയുടെ നിറഭേദങ്ങൾക്കിടയിൽ
ഒരു കറുത്ത നിഴൽ
ഉറഞ്ഞുപോകുവതെയിരിക്കുവാൻ
ആവത് ശ്രമിച്ചുഴറിയുറഞ്ഞ്
മഞ്ഞുശിൽ‌പ്പമാകുന്നതിനോടൊപ്പം
ശിശിരം മൈഥുനത്തിലാകുന്നതിനു മുൻപേ
എനിക്ക് ചോളമണികളായി
പൊട്ടി വിടരാൻ
കുറച്ച് പൊരിവെയിൽ തരൂ
എന്നപേക്ഷിക്കണം!
---------------------------------------------

നമ്മള്‍ ഒളിച്ചിരിക്കുന്നു / വിഷ്ണു പ്രസാദ്


അനിശ്ചിതത്വങ്ങളുടെ ലോകത്ത്
നമ്മള്‍ ഒളിച്ചിരിക്കുകയാണ്
നമ്മുടെ ഈ ഒളിച്ചിരുപ്പിനു മാത്രമാണ്
ഇവിടെ നിശ്ചിതത്വം

നമ്മള്‍
രണ്ടു കള്ളന്മാര്‍
അല്ലെങ്കില്‍ പിടിച്ചുപറിക്കാര്‍
അല്ലെങ്കില്‍ ഒളിച്ചോടിയ പ്രണയികള്‍
അല്ലെങ്കില്‍ സ്വവര്‍ഗ്ഗരതിക്കാര്‍
അല്ലെങ്കില്‍ കലാപകാരികള്‍
പിടിച്ചുകൊല്ലാന്‍ സാധ്യതയുള്ള
രണ്ടു പ്രാണികള്‍
ഞാന്‍ ആണും നീ ഒരു പെണ്ണുമാവാം
മറിച്ചുമാവാം
ഒരു പക്ഷേ നാം രണ്ടും ആണുങ്ങളാവാം
മറിച്ചുമാവാം
എന്തായാലും
വെളിച്ചത്തിന്റെ കടല്‍ തിളച്ചൊഴുകുന്ന
റോഡരികില്‍
കൂട്ടിയിട്ട ടാര്‍വീപ്പകള്‍ക്കിടയില്‍
ഒളിച്ചിരിക്കുന്ന രണ്ടുപേരാണ് നാം.
ആക്രോശങ്ങള്‍ ഉയരുന്നുണ്ട്
ആയുധങ്ങളോ അഗ്നിയോ
ഓടിയടുക്കുന്നുണ്ട്
ഭയത്തിന്റെ പൂപ്പല്‍ പിടിച്ച
നമ്മുടെ കണ്ണുകള്‍ക്ക്
നമ്മെ കാണാതാവുന്നുണ്ട്.
ഞാന്‍ ഒരു കുട്ടിയോ വൃദ്ധനോ യുവതിയോ ആവാം.
നീയുമതെ.
നമ്മുടെ വിയര്‍പ്പുമണങ്ങള്‍
പരസ്പരം വരിയുന്ന രണ്ട് ഉരഗങ്ങളെപ്പോലെ
എന്തെങ്കിലും ഉല്പാദിപ്പിച്ചേക്കാം.
എന്തായാലും ലോകത്തിനു പറ്റാത്ത
രണ്ടുപേരാണ് നമ്മള്‍ .
നമ്മെ അവര്‍ പിടിക്കും.
അടുത്ത നിമിഷത്തിലോ
അതിന്റടുത്ത നിമിഷത്തിലോ
എന്നൊരു സംശയമേയുള്ളൂ.
മരണത്തെക്കുറിച്ചുള്ള അനന്തമായ സാധ്യതകളില്‍
ഏതാണ് നമുക്ക് ലഭിക്കുക എന്ന
അനിശ്ചിതത്വത്തിന്റെ ഘനമുണ്ട്
നമ്മുടെ നെഞ്ചുകള്‍ക്ക്.
നമ്മുടെ മിടിപ്പുകള്‍ ,
നമ്മുടെ അകത്ത് നിന്ന്
ആരോ പുറത്തേക്കെറിയുന്ന,
നമ്മുടെ തന്നെ നെഞ്ചില്‍ തട്ടി വീഴുന്ന കല്ലുകള്‍ .
ഒരു കമ്പോ കല്ലോ കത്തിയോ പന്തമോ
നമുക്കു മുന്നിലുള്ള റോഡിലൂടെ പാഞ്ഞുപോവുന്നു.
ഇരയുടെ ഗന്ധമറിഞ്ഞുറപ്പിച്ച ഹിംസ്രജന്തുക്കളെപ്പോലെ
നമ്മെ തിരഞ്ഞുവന്നവര്‍
ടാര്‍വീപ്പകള്‍ക്കരികില്‍
അവരുടെ ഓട്ടം നിര്‍ത്തിയിട്ടുണ്ട്.
നമുക്കവരുടെ കാലുകള്‍ മാത്രം കാണാം.
അവ പലദിശകളില്‍ സമാധാനമില്ലാതെ ചലിക്കുന്നു.

അടുത്ത നിമിഷം
അല്ലെങ്കില്‍ അതിനടുത്ത നിമിഷം...
ഞാന്‍ എന്താണെന്ന് എനിക്ക് നിശ്ചയമില്ലാത്തതുപോലെ.
നീ ആണോ പെണ്ണോ എന്ന് എനിക്കറിയില്ല.
ആരാകിലെന്ത്?
എന്റെ പരുക്കന്‍ ചുണ്ടുകള്‍
നിന്റെ ചുണ്ടുകളില്‍ സഞ്ചരിക്കുന്നു.
ഈ ടാര്‍വീപ്പകള്‍ അകറ്റിമാറ്റുന്ന നിമിഷം
വെളിച്ചം നമ്മളെ ഒറ്റിക്കൊടുക്കും.
പാമ്പുകളെയെന്നപോലെ തല്ലിച്ചതച്ച് ,
അതുമല്ലെങ്കില്‍ ഒറ്റക്കുത്തിന് നെഞ്ചോ വയറോ പിളര്‍ത്തി,
അതുമല്ലെങ്കില്‍ പെട്രോളോ മണ്ണെണ്ണയോ ഒഴിച്ച് കത്തിച്ച് ,
അതുമല്ലെങ്കില്‍ തലയറുത്ത് ചോര ചീറ്റിച്ച് ,
അതുമല്ലെങ്കില്‍ .....(മരണം എത്രയേറെ സാധ്യതകളുള്ള
ഒരു ആവിഷ്കാര മാധ്യമമാണ് !)

അടുത്ത നിമിഷം
അല്ലെങ്കില്‍ അതിനടുത്ത നിമിഷം...
----------------------------------------------------------------

ചാപിള്ളകളുടെ കാഴ്ചബംഗ്ലാവ് / കൽപ്പറ്റ നാരായണൻ


ചാപിള്ളകളുടെ
വലിയൊരു ശേഖരമുണ്ടെനിയ്ക്ക്.
നിർത്താത്ത ബസ്സിനായി
നീട്ടിയ കൈകളുടെ.
ഇങ്ങോട്ട് കിട്ടാത്തതിനാൽ
ചത്ത ചിരികളുടെ.
ഇങ്ങോട്ട് നീട്ടാത്തതിനാൽ
അലസിപ്പോയ ഹസ്തദാനങ്ങളുടെ.
എന്നെത്തിരിച്ചറിഞ്ഞതും
കെട്ടുപോയ മുഖങ്ങളുടെ.

പോയകാര്യം നടക്കാത്ത യാത്രകളുടെ
അതിലും നീണ്ട മടക്കയാത്രകളുടെ
കുഴിച്ചിട്ട് മുളയ്ക്കാത്ത
വിത്തുകളുടെ
വാടിപ്പോയ
വൈകുന്നേരങ്ങളുടെ.
ചന്തയിലെ വില്പനക്കാരൻ
വായിയ്ക്കുന്നതു കണ്ട് വാങ്ങി
വീട്ടിലെത്തി വായിച്ചപ്പോൾ
വികല ശബ്ദം പുറപ്പെടുവിച്ച മൌത്ത് ഓർഗന്റെ.
കളി തീർന്ന കളിക്കോപ്പിന്റെ
കൌതുകം നഷ്ടപ്പെട്ട കൌതുകവസ്തുവിന്റെ.
എഴുതിയപ്പോൾ
എഴുതാനാശിച്ചതിന്റെ.
കൈവന്നപ്പോൾ
കൈവരാൻ കൊതിച്ചവയുടെ
വലിയ ശേഖരമുള്ള
കാഴ്ചബംഗ്ലാവുണ്ടെനിയ്ക്ക്.
------------------------------------------

Wednesday, October 14, 2015

വനാന്തരം / സംഗീത നായർ



ഇലത്തണുപ്പിലായ് കനത്തു തിങ്ങുന്ന
കടുത്ത പച്ചകള്‍, മരത്തുടര്‍ച്ചകള്‍
കുളിരു കുത്തുന്ന കാട്ടുപൊന്തകള്‍
കിളിച്ചിലപ്പുകള്‍, കരള്‍ക്കിതപ്പുകള്‍
അതിരഹസ്യമാം പുതുവിടര്‍ച്ചകള്‍
സുഖദഗന്ധങ്ങള്‍, മൃദുപരാഗങ്ങള്‍
വഴികള്‍ മായ്ച്ചിടും മഴച്ചതുപ്പുകള്‍
പിണഞ്ഞു പൊന്തുന്ന പഴയ വേരുകള്‍
മരണഭീതകം വിജനവീഥികള്‍
തളിരിളക്കങ്ങള്‍, നിഴലനക്കങ്ങള്‍
ഇടയില്‍ വന്യമാം രതിയുണര്‍ച്ചകള്‍
പിടിയില്‍ നില്‍ക്കാതെ കുതറും തൃഷ്ണകള്‍
അകലെയോര്‍മ്മപോല്‍ പുഴയൊഴുക്കിന്റെ
സ്വനമുഴക്കങ്ങള്‍, ജലതരംഗങ്ങള്‍
ഇനിയുമുള്ളിലാ -യിരുളു കത്തുന്ന
മിഴികളെത്താത്ത ഘനതുരങ്കങ്ങള്‍
വനാന്തരം , മനസ്സിന്റെ ഗുഹാന്തരം !
--------------------------------------------

ഡിസംബർ / ശ്രീജിത്ത്‌ അരിയല്ലൂർ


മഞ്ഞുകാലം ഒരു വെളുത്ത പെണ്‍കുട്ടിയാണ് ...!
സൂര്യനവളുടെ കാമുകനാണ് ...!
അവൾക്കുള്ളിലൂടെ അവൻ കടന്നുപോകുമ്പോൾ
നഗ്നത ഒരു ശീതക്കാറ്റ് മൂളുന്നു...!
അവൻ വരുമ്പോൾ അവൾ
നനഞ്ഞൊട്ടിയ തൊട്ടാവാടികളും
അപ്പൂപ്പൻതാടികളും കൊടുക്കുന്നു ...!
തൊട്ടാവാടിപ്പൂക്കൾ കൊണ്ട്
അവനവൾക്കൊരു പാദസരംകെട്ടുന്നു...!
അപ്പൂപ്പൻതാടികൾ കൊണ്ട്
അവളുടെ കവിളിലും ചുണ്ടുകളിലും
പിൻകഴുത്തിലും മുലക്കണ്ണുകളിലും
പൊക്കിൾച്ചുഴിയിലും
അവൻ ഇക്കിളിയാക്കുന്നു ...!
അവൻ അവളുടെ ചുണ്ടിലുമ്മ വെക്കുമ്പോൾ
അവൾ മേലാകെ മഴവില്ലുകൾകൊണ്ട്
വാരിപ്പുതയ്ക്കുന്നു...!
അവൻ വാരിപ്പുണർന്ന് പുണർന്ന്
അവളവനിൽ അലിഞ്ഞലിഞ്ഞില്ലാതാകുന്നു...!
അത്ര നേരവും പതുങ്ങിയിരുന്ന അവൾ
എത്ര പെട്ടന്നാണ്
നാണവും മാനവും മറന്ന്
അവന്റെ നെഞ്ചിലൊട്ടി നടന്നുപോയത് ...!
നിശാഗന്ധിമൊട്ടുകളിൽ അവളൂരിവെച്ച
മൂക്കുത്തിക്കല്ലുകളെടുക്കാൻ,
അവൾ മറന്നു വെച്ചപോയ
നിലാനിറമുള്ള കമ്പിളിപ്പുതപ്പെടുത്ത്
രാത്രിയിലവനെ മൂടിപ്പുതപ്പിച്ചു കിടത്തുവാൻ
അവളൊരിക്കൽകൂടി മണ്ണിലേക്കിറങ്ങി വന്നത്
കൂർക്കംവലിച്ചുറങ്ങുന്ന ലോകം
അറിഞ്ഞതേയില്ല...!!!
----------------------------------------------

എന്റെ ജന്മദിനം... / നന്ദിത


എന്റെ ജന്മദിനം എന്നെ അസ്വസ്ഥയാക്കുന്നു
അന്ന്........
ഇളം നീല വരകളുള്ള വെളുത്ത കടലാസ്സില്‍
നിന്റെ ചിന്തകള്‍ പോറി വരച്ച്‌
എനിക്ക് നീ ജന്മദിനസമ്മാനം തന്നു.
തീയായിരുന്നു നിന്റെ തൂലികത്തുമ്പില്‍ ,
എന്നെ ഉരുക്കാന്‍ പോന്നവ
അന്ന്, തെളിച്ചമുള്ള പകലും
നിലാവുള്ള രാത്രിയുമായിരുന്നു.
ഇന്ന്, സൂര്യന്‍ കെട്ടുപോവുകയും
നക്ഷത്രങ്ങള്‍ മങ്ങിപ്പോവുകയും ചെയ്യുന്നു.
കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകള്‍ക്കും
അനിയന്റെ ആശംസകള്‍ക്കും
അമ്മ വിളമ്പിയ പാല്‍പ്പായസത്തിനുമിടയ്ക്ക്
ഞാന്‍ തിരഞ്ഞത്
നിന്റെ തൂലികയ്ക്കു വേണ്ടിയായിരുന്നു
നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക.
ഒടുവില്‍ , പഴയ പുസ്തകക്കെട്ടുകള്‍ക്കിടയ്ക്കു നിന്ന്
ഞാനാ തൂലിക കണ്ടെടുത്തപ്പോള്‍
അതിന്റെ തുമ്പിലെ അഗ്നി
കെട്ടുപോയിരുന്നു!

--------------------------------------------

നദിക്കരയിലെ വീട് / അമ്മു ദീപ


എന്നെ മുന്നിലിരുത്തി
ഒരു ഗ്രാമ സന്ധ്യയിലൂടെ
നീ സൈക്കിളോടിക്കുന്നു..

നെല്ലിൻപൂക്കളുടെ
വെയിൽഗന്ധമുള്ള
എന്റെ
ചെമ്പൻമുടിയിഴകൾ
നിന്റെ മുഖത്തേക്ക് പാറുന്നുണ്ടാവാം
ഒരു പറ്റം മരതക പ്രാവുകൾ
നമ്മുടെ'തലയ്ക്കു മുകളിലൂടെ
പറന്നു പോയിട്ടുണ്ടാവാം
അത് കണ്ടോ കുഞ്ഞാ
ഇത് കണ്ടോ കുഞ്ഞാ
എന്നിങ്ങനെ
കടുംപച്ചകളെ
ഇളംപച്ചകളെ
തവിട്ടുപുൽച്ചാടികളെ
നീ കാട്ടിത്തരുന്നുണ്ടാവാം
അപ്പോഴൊക്കെയും
മറന്നു തുടങ്ങിയ
നിന്റെ പേര്
ഞാൻ
ഓർമ്മിച്ചെടുക്കുകയാവാം
നിത്യകല്യാണികൾക്കിടയിൽ
നമ്മുടെ പേര്
കൊത്തിവച്ച
തൊട്ടുതൊട്ടായുള്ള
രണ്ടു കുഴിമാടങ്ങൾക്കരികിൽ
നീ സൈക്കിൾ നിർത്തിയില്ല
പകരം
എന്റെ പിൻ കഴുത്തിലേക്ക്‌
കവിൾ ചേർത്ത്
ഒരു മൂളിപ്പാട്ടു പാടി
നമ്മുടെ വീട് നിന്നിരുന്ന
നദിയോരത്തേക്ക്
അവസാനമായി
നീയൊരു കുതികുതിച്ചു .
----------------------------

നടക്കുകയാണ്,ഒരാൾ / സിന്ധു.കെ.വി


എങ്ങനെയാണതല്ലേ,
എത്ര അനായാസമാണതല്ലേ,
ഒരാൾ സ്വന്തം വഴിയിലൂടെ മാത്രം നടക്കുന്നത്,
വരകളോ മാർക്കുകളോ ഇല്ലാതെ
തെളിച്ചെടുക്കുന്ന കാഴ്ചകളിലൂടെ, ഒരുവൻ
അവന്റെ വഴി കണ്ടെത്തുന്നത്.
.
മുന്നിലെ എല്ലാ കാടുകൾക്കുമപ്പുറ-
മൊരിടത്തേക്ക് മാത്രമാണ്
എല്ലാ യാത്രകളും ചെന്നേത്തേണ്ടത്,
ഞാനെന്നിൽ മാത്രം വിശ്വസിക്കുന്നു.

ഓരോ മുളങ്കൂട്ടവുമൊരു കുഞ്ഞിക്കണ്ണിന്റെ
മിഴിയലാവുന്ന, ചുവടുകളാവുകയെന്നത്,
മലയിറക്കങ്ങളൊരു നിശ്വാസത്തിന്റെ
ചുമലുകളാവുകയെന്നത്,
നടക്കാനെതിലെയും വഴികളെന്നത്
മറ്റെന്തിനെക്കാളും
ഞാൻ നടക്കുകയാണെന്നത്
എത്ര സുഖമാണല്ലേ..
നിറുത്തലുകളില്ലാത്തയിടങ്ങളിലൂടെ
നടന്നുകൊണ്ടേയിരിക്കുക
എന്തു രസമാണല്ലേ.
---------------------------------------------

മന്ത് /നസീർ കടിക്കാട്‌


കവണയിൽനിന്നു പാഞ്ഞുപോയ കല്ല്
ഇലകളുടെ ഞരമ്പു മുറിച്ച്
കാക്കയുടെ കണ്ണുതുളച്ച്
ആകാശനീലയെ പ്രാകി
അയവെട്ടിനിൽക്കും പശുവിന്റെ നെറുകയിൽ
തറഞ്ഞിരിപ്പായി.

പണ്ടു പണ്ട്
വലിയൊരു പാറയായിരുന്ന കല്ല്.
കുന്നിൻ‌മുകളിലേക്കു ആയാസപ്പെട്ടു കയറിയും
താഴേക്കു ഉരുണ്ടു പിടഞ്ഞു വീണും
ഭ്രാന്തായിപ്പോയത്.
ഏതുനേരവും
നടവഴിയിൽ കയർത്തുകയറി
ചോരപൊടിച്ച് ആർത്തുചിരിക്കും
നെറ്റിയിലോ നെഞ്ചിലോ ഓടിവന്നലറും
ഇരുട്ടിൽ ചാടിവീണു തല തല്ലിയുടയ്ക്കും
ആരുടെ കവണയിലും അനായാസം കയറിക്കൂടും.
ഭ്രാന്തൻ‌കല്ല് നെറുകയിലേറ്റി പുല്ലുതിന്നുന്ന പശു
വളർന്നൊരു കുന്നാകുന്നതും കാത്തിരിപ്പാണ്
ഇടം കാലിലോ, വലം കാലിലോ
മാറാത്ത മന്തുമായ്, ഞാൻ!
--------------------------------------------------

Tuesday, October 13, 2015

മേഘസന്ദേശം (എസ്.എം.എസ്) / നിരഞ്ജൻ T G


പെയ്യാത്ത മഴയുടെ
കിനിയാത്ത നനവിൽ
മുളയ്ക്കാത്ത വിത്തിന്റെ
പടരാത്ത കൊമ്പിൽ
പൂക്കാത്ത പൂവിന്റെ
കായ്ക്കാപ്പഴത്തിൽ
കൊത്താത്ത കിളിയുടെ
നിവരാത്ത ചിറകിൽ
പറക്കാത്ത ദൂരത്തെ
ആകാശമത്രയും
വിങ്ങുന്ന മേഘമായ്
കൂടിനിൽപ്പുണ്ടെന്റെ
ഉമ്മകൾ

നിനക്കെന്നു മാത്രം
ഇടിമിന്നി നിൽക്കുന്ന
വാക്കുകളുടെ ചുണ്ടുകൾ കൊണ്ട്
കവിതയിൽ നിന്നെ ഉമ്മവെക്കുമ്പോൾ
എത്ര മഴകളാണ്
എത്ര മരങ്ങളാണ്
എത്ര പൂക്കളാണ്
എത്ര കനികളാണ്
എത്രയോ കിളിച്ചിറകുകളായി
എനിക്കും നിനക്കും മാത്രമറിയുന്ന
ഒരാകാശത്തേക്ക് പറന്നുയരുന്നത്..!
----------------------------------------

അവസാന ഇല വരയ്ക്കുന്നതിനെക്കുറിച്ച് / സുധീർ രാജ്


അവളുടെ കണ്ണീരിലേക്ക്
മഴവില്ലുകൾ പരീക്ഷിച്ചു പരീക്ഷിച്ച്
പരാജയപ്പെട്ടപ്പോഴാണ് ...
മരണത്തിന്റെ പ്രിസം കൊണ്ടുവന്നത് .
കറുപ്പെന്ന കവിതയിലേക്ക് നിറയ്ക്കാൻ
വാക്കുകളൊന്നും ബാക്കിയില്ലായിരുന്നു .
എന്നിട്ടും ,
സ്നേഹത്തിന്റെ ചുവരിലേക്ക്
അവസാന ഇല വരയ്ക്കുകയായിരുന്നു അവൾ .
ഹൃദയാകൃതിയിലുള്ള ഒരില .
അവളുടെ ജീവനൂറ്റിയെടുത്ത്
ജീവസംശ്ലേഷണം നടത്തുന്ന ഒരില .
കൃത്രിമമാണെങ്കിലും ,
എത്രയും വേദന നിറഞ്ഞതാകയാൽ
ഞാനതിലേക്ക് നാമ്പിട്ടു
പ്രകാശത്തിലേക്ക് പടർന്നു.
ഞങ്ങളൊരുമിച്ചിരുന്ന്,
ജീവിതത്തിലേക്കൊരു ജനൽ വരയ്ക്കുന്ന ചിത്രം
ഒരു ചെറു ചിരിയിലേക്ക്‌
കുഞ്ഞു ചുണ്ടുകൾ വരയ്ക്കുന്നതിനെയാണ്
ജീവന്റെ ചിത്രമെന്നു പറയുന്നത് .

------------------------------------------------

അടുത്ത തേങ്ങലിനു ശേഷം കരച്ചില്‍ തുടങ്ങുന്നതായിരിക്കും / ജയദേവ് നയനാർ



ഇരുചെവി അറിയാതെ വേണമെന്ന്
പറഞ്ഞിരുന്നതാണ്.
ഒരു മുല വന്നു പാതിരാത്രിയില്‍
വാതിലില്‍ തട്ടിവിളിക്കരുതെന്ന്
പറഞ്ഞിരുന്നതാണ്.
വാതിലില്‍ അതിന്‍റെ മുഴക്കം.
അതെത്രയാണെന്ന് വിചാരിച്ചാണ്.
ലോകം ഉറങ്ങിക്കൊണ്ടിരിക്കെ
ഒരു മുല ഒറ്റയ്ക്ക്
അതും ഇരുട്ടത്ത്
അതും ഒറ്റവാതില്‍ക്കല്‍.
മുട്ടുമ്പോഴേക്കും തുറക്കാന്‍ പറ്റിയ
പല വാതിലുകള്‍ ഉണ്ടായിരിക്കെ.
ഓരോന്ന് പയ്യെത്തുറന്ന്.
ഓരോ ആളെ പയ്യെ വിളിച്ച്.
ഉറക്കത്തില്‍ വിളിച്ചുകൊണ്ടുപോകാനിരിക്കെ.
ഉണര്‍ന്നുപോയെങ്കിലോ
എന്നു വിചാരിച്ചാണ്.
.
ഇരുചെവിയറിയാതെ വേണമെന്ന്
പറഞ്ഞിരുന്നതാണ്.
ചെവിയിലൊഴിക്കുന്ന തരം
വെളുത്തീയത്തിന്‍റെ കട
സ്വപ്നത്തിലെത്ര
തുടങ്ങിക്കഴിഞ്ഞിരുന്നതാണ്.
ചെവിക്കുട കടന്ന് ഒരൊച്ചയും
അകത്തെത്തിക്കൂടാത്തതാണ്.
പലയൊച്ചകള്‍ കേട്ട്
പലയച്ചുകളില്‍ പെട്ട്
തുലഞ്ഞുപോയതാണ്.
ഈയം ചെവിക്കുള്ളിലൂടെ
ഒഴുകിനിറയുമ്പോഴത്തെ
പല ഒച്ചകളോരോന്നായി
ചുരുങ്ങി ഒരൊച്ച മാത്രമായി
പിന്നെ ഒന്നുമില്ലാത്തതായി.
ഒരൊച്ചയുമില്ലാത്തൊരൊച്ച
ഉള്‍ച്ചെവിയുടെ ചെണ്ടപ്പുറത്ത്.
അതുണ്ടാക്കുന്ന മുഴക്കം.
അതെത്രയെന്നു വിചാരിച്ചാണ്.
.
ഇരുചെവിയറിയാതെ വേണമെന്ന്
പറഞ്ഞിരുന്നതാണ്.
മഴയെന്നു പരിഭാഷപ്പെടുത്തി
ഒരു തുള്ളിമേഘം തൂളുന്നത്.
തൊടിയിലെ തൊഴുത്തില്‍
നാലുകാലില്‍ നിന്ന്
പാലെന്നു വിളിക്കുന്നത്.
കഞ്ഞിപ്പാത്രത്തില്‍ വിരലുകൊണ്ട്
മരിച്ചുപോയ ഒന്നിനെ
തപ്പിയെടുക്കുന്നത് .
മരത്തിനടിയിലേക്ക് ഒരു തണല്‍
മഹാമൗനത്തിലേക്ക്
ഇറങ്ങിപ്പോകുന്നത്.
വാതില്‍ തുറക്കെ കണ്ണിലേക്ക്
ഒരു കളിപ്പാട്ടം പെട്ടെന്ന്
ശബ്ദിച്ചുതുടങ്ങുന്നത്.
.
ഉറക്കത്തില്‍ ചായം തേക്കുന്നവന്റെ
ഉറക്കമാണ് ശരിക്കുമുറുക്കം.
പല നിറങ്ങളിലേക്ക് സ്ഖലിച്ച്.
--------------------------------------

മഴവില്‍ പൂക്കള്‍ / ഉസ്മാൻ മൊഹമ്മദ്‌


പെണ്ണെ
നിന്നെ പരിചയപ്പെട്ടപ്പോള്‍ ,
ഒരിക്കല്‍ പോലും
കാണുകയോ കേള്‍ക്കുകയോ
ചെയ്യാത്ത ,
ഇനിയും
അനാവരണം ചെയ്യാപ്പെടാത്ത
പുരാതനമായ
ഏതോ
സംസ്കൃതിയുടെ
അടഞ്ഞ വാതിലിനരികില്‍
നില്‍ക്കുന്നത് പോലെ
ലിപികളോ ശബ്ദങ്ങളോ
നിശ്ചിയിക്കപ്പെടാത്ത
വരകളും ചിത്രങ്ങളുമായി
വാരി വിതറിയിട്ട
പ്രാചീനമായ
അടയാളങ്ങളെ
ഓര്‍മിപ്പിക്കുന്നു നീ
നിന്നെ
വായിച്ചെടുക്കാനുമുള്ള
ഭഗീരഥ പ്രയത്‌നത്തിനു
നാന്ദി കുറിക്കുമ്പോള്‍ ,
ഒരു മന്ദമാരുതന്‍
ഇക്കിളിപ്പെടുത്തിയ പുഴ
വളഞ്ഞും പുളഞ്ഞും
നീണ്ടും നിവര്‍ന്നും
ഒഴുകികൊണ്ടിരിക്കുന്നു
ഇടം നെഞ്ചിലൂടെ ..
വിചിത്രമായൊരു
സമസ്യയുടെ ഉറവിടത്തില്‍
നിന്നു ഞാനെന്റെ
പേന ചലിപ്പിച്ചു തുടങ്ങുമ്പോള്‍ ,
ആദ്യം
നീയൊരു പൂചെടിയായി
പുനര്‍ജനിക്കും .
അതില്‍ വിരിയുന്ന
ഏഴു വര്‍ണ്ണങ്ങളുള്ള
പൂവില്‍ ഞാന്‍
മൃദുവായി ഉമ്മവെക്കുമ്പോള്‍
എന്റെ പേനയുടെ
തുമ്പിലൊരു മഴവില്ല്
പൊട്ടിവിടരും ..
അപ്പോള്‍
വരകളും ചിത്രങ്ങളും
പരാവര്‍ത്തനം ചെയ്യപ്പെടുകയും
അടഞ്ഞ വാതിലുകള്‍
മലര്‍ക്കെ തുറക്കപ്പെടുകയും
ചെയ്യും ..

---------------------------------

ഒറ്റയാള്‍ഭൂഖണ്ഡം / വിഷ്ണു പ്രസാദ്


ഒറ്റയ്ക്കൊരു ഭൂഖണ്ഡത്തില്‍ നിങ്ങള്‍ എന്തെടുക്കുകയാണെന്ന്
കിളികള്‍ ചോദിച്ചു പറന്നു പോകുന്നു
മഴ എന്ന നാടകം എതാനും നിമിഷങ്ങള്‍ക്കകം
തുടങ്ങുമെന്ന് മേഘങ്ങള്‍ തിരശ്ശീല കെട്ടുന്നു.
കുളത്തില്‍ കുളിക്കാന്‍ പോയ ഒരുത്തന്റെ ജഡം
ആമ്പല്‍പ്പൂവെന്ന് കരുതി നീരുടലുകള്‍
ഉപരിതലത്തിലേക്ക് പൊക്കിപ്പിടിക്കുന്നു..
അവനവനിലേക്ക് സര്‍പ്പിളാകൃതിയില്‍
ചുരുങ്ങുന്നതിന്റെ ലഹരിയെ പറ്റി
ഒരു ചേരട്ട പറഞ്ഞത് ഒരു ശരീരത്തെ പിന്തുടര്‍ന്ന്
വളച്ചുകൊണ്ടിരിക്കുന്നു...
കാട്ടിലേക്ക് ഓടിപ്പോകുന്നു ഒരു കുളക്കോഴി
കാട് അതിന്റെ പാവാടയോ ബ്ലൌസോ?
ഒറ്റയ്ക്കൊരു ഭൂഖണ്ഡത്തില്‍ നടക്കാനിറങ്ങുകയും
തന്നിലേക്കു തന്നെ തലകുത്തി വീഴുകയും ചെയ്യുന്ന ചെറുപ്പക്കാരാ
അടുത്ത ഭൂഖണ്ഡത്തിലും പിന്നെ അതിന്റടുത്ത ഭൂഖണ്ഡത്തിലും
നിന്നെ ഒരാളും കാത്തിരിക്കുന്നില്ലെന്ന്
അറിയാവുന്നതുകൊണ്ട് ചോദിക്കുകയാണ്
ജന്മത്തിന്റെ സമയപരിധി കൊണ്ട്
ഈ ഭൂഖണ്ഡത്തെ നീ എന്തു ചെയ്യാന്‍ പോകുന്നു?

-----------------------------------------------------------------

സ്വപ്നസഞ്ചാരികളുടെ ഭൂപടം / വിനോദ് വെള്ളായണി


സ്വപ്നങ്ങളിലേക്ക്
മുങ്ങിച്ചാവാന്‍
ഒരാഴം.

എത്ര ആഗ്രഹിച്ചാലും
അതങ്ങനെ സംഭവിക്കണമെന്നില്ല.
സ്വപ്‌നങ്ങള്‍
സ്വന്തം നിഴല്‍ ചവിട്ടി
നടക്കാറുമില്ല .
സ്വപ്നങ്ങളൊക്കെ
ഇരയും വേട്ടക്കാരുമാണ്.
പണ്ട് , സ്വപ്നദ്വീപുകള്‍ തേടി
കടല്‍ കടന്നെത്തിയ
സഞ്ചാരികളുടെ പേരുവിവരങ്ങള്‍
എനിക്കപരിചിതമാണ് .
ഒരു നട്ടപ്പുലര്‍ച്ചക്ക്
എന്‍റെ കാഴ്ചപ്പുറത്ത്
നഖം കടിച്ചിരിക്കുന്ന
ഒരു പെണ്‍കുട്ടി തെളിച്ചപ്പെടുന്നു .
അവളുടെ കയ്യില്‍
കൊമ്പും തുമ്പിയും മുളച്ച
വിവിധ ഭൂപടങ്ങള്‍ കാണാം .
അവയുടെ ചിഹ്നഭാഷയും
ശരീരശാസ്ത്രവും
ആത്മപ്രതിരോധവും
നിഷേധാത്മകതയും
ഞാനറിയുന്നു .
സ്വപ്നങ്ങളുടെ സാന്ദ്രതയും
സംഗീതവും , സ്വാതന്ത്ര്യവും
എനിക്കാര്‍ജവമാകുന്നു .
സ്വപ്‌നങ്ങള്‍ അഭയമാവുന്നു
വിശ്വാസത്തിന്റെ വിളനിലമാകുന്നു .
ഇതാ ,
സ്വപ്നങ്ങള്‍ക്ക് കഴുവേറാനുള്ള
സമയമടുത്തിരിക്കുന്നു .
നഷ്ടപ്പെടുവാന്‍
സ്വപ്നങ്ങള്‍ക്ക്
സ്വപ്നങ്ങളല്ലാതെ
മറ്റെന്താണുള്ളത് ?
എന്നിട്ടും
എന്നെ പിന്തുടരുകയാണല്ലോ
സ്വപ്നത്തഴമ്പുള്ള സഞ്ചാരികളുടെ
ആ കൂറ്റന്‍ ഭൂപടം .
------------------------------------

അഴുക്ക് /അനിത തമ്പി


തുടച്ചിട്ട തറ
മെഴുക്കറിയാത്ത ചുവരുകള്‍
ചിലന്തികള്‍ പോലും വന്ന്
വല നെയ്യാന്‍ പേടിക്കുന്ന
മിനുത്ത മേല്‍ക്കൂര
നിലം നനയാത്ത കുളിമുറി
ഏതോ ദൂരദേശത്തിന്റെ മണം പൊന്തും
കിടക്കകള്‍ , ഉടുപ്പുകള്‍.
ശസ്ത്രക്രിയാമുറിപോലെ അടുക്കള.
ഇരുത്തിയ മട്ടില്‍ എല്ലാമിരിക്കുന്ന മുറികളില്‍
നിശ്ശബ്ദത..
അരനൊടി തങ്ങിനിന്നാല്‍,
അഴുക്കാവും ഇനി.
നാളെ വെള്ള പൂശാന്‍ വരുന്നവര്‍ പറയും :
"പണ്ടേതോ ജന്തു ചത്ത കറ"!
തൂത്ത് ദൂരെക്കളഞ്ഞേക്കൂ.
മഴ നാളെ പെയ്യും.
പറമ്പിലെ പടുമുളകള്‍ക്ക്
വേരു പൊടിക്കുന്ന മണ്ണറയില്‍ ,
അഴുക്കെല്ലാം അഴകാവുന്നിടത്ത്
ആഴ്ന്നു കിടക്കുമ്പോള്‍
മറന്നേക്കാം
വെടിപ്പിന്റെ ഒരു ജന്മം.
ക്ഷമിച്ചേക്കാം.

---------------------------------

വേദനകള്‍ ഉണങ്ങാനിട്ട അഴ / വി.ബി.ഷൈജു


ചില വേദനകള്‍
നനഞ്ഞ തുണികള്‍ പോലെ
അഴ വലിച്ചു കെട്ടി
വെയില് നോക്കി ഉണങ്ങാന്‍ കിടക്കും

വെയിലൊരു കുന്നിനപ്പുറം പോയി
മറഞ്ഞിരിക്കും
ചൂളം കുത്തിയൊരു കാറ്റ്
അത് വഴി ഒഴുകി വരും
വേദനകളവയോടു ചോദിക്കും
ഇവിടിരുന്നെന്നെയൊന്നുണക്കുമോ
കാറ്റൊരു മരം കേറി
നിറം പോയി ചുറയുന്ന
ഇലയുടെ ഞെട്ടില്‍ തട്ടി
മരച്ചോട്ടില്‍ കൊണ്ടിടും
അത്തിമരത്തിന്റെ
താഴേ ചില്ലയില്‍
പാട്ട് പാടാന്‍ വന്ന പക്ഷിയോടും
വേദന നെഞ്ചം തുറന്നു വയ്ക്കും
പക്ഷിയൊരു മുളങ്കാട് തേടി
ദൂരേക്ക്‌ പറന്നു പോകും
പാവാടയില്‍ പൂക്കളുള്ള
ഋതുദേവതമാരോടെല്ലാം
പ്രണയാന്ഗുലികൊണ്ട്
പിഴിയുവാനഭ്യര്‍ത്ഥിക്കും
അവരുടെ കരീലക്കിളി കലിതുള്ളി
കലഹങ്ങള്‍ ആരംഭിക്കും
ഒടുവില്‍ വീണ്ടും നൊന്ത്
മാനമേ....
മേഘമേ....
അഴ പൊട്ടി വേദനകള്‍
മണ്ണിലെ ചെളി വെള്ളത്തില്‍
മുഖം പൊത്തി പെയ്തു വീഴും .
------------------------------------------

നിലാവുചോരുന്ന വീട് / രതീഷ്‌ കൃഷ്ണ



പണ്ട് ഒരു വീടുണ്ടായിരുന്നു,
വെയില്‍ കുന്നിറങ്ങാന്‍ മടിക്കുന്നൊരിടത്ത്,
ഇരുട്ട് പതുങ്ങിവരുന്ന മലയോരത്ത്,
സങ്കടങ്ങള്‍ നാലുകാലില്‍ താങ്ങിനിറുത്തിയ വീട്!

എവിടെ ഉറങ്ങിയാലും,
ഉറക്കത്തില്‍ ഞാന്‍ ചെന്നുകയറുന്നവീട്!
ഉമ്മറത്ത് മണ്ണെണ്ണ വിളക്കെരിയുന്ന വീട്,
ഓര്‍മ്മകളുടെ ഓലമടലുകൊണ്ട്
ഞാനിടക്കിട മേയാറുണ്ട് വീട്;
നിലാവ് ചോരുന്നൊരു വീട്!
എവിടെ ചെന്നാലും വീട്ടിലേക്കുള്ള വഴിയാണ്,
തിരിച്ചുനടന്നിട്ടും തീരാത്ത വഴി!
ഇന്ന് ഉറക്കത്തില്‍
വീടിനുമുന്നില്‍ നിന്ന് ഉറക്കെപാടണം;
നിങ്ങള് കണ്ടോ നിലാവിറങ്ങിവരും
ഇന്നെന്‍റെ കണ്ണീരിലേക്ക്...
-------------------------------------------------

Saturday, October 10, 2015

ഇമ്മ്രഹ്(സ്ത്രീ /പെണ്ണ് ) / ലിഷ ജയൻ


നീട്ടിയും,ചരിച്ചും
മുറുക്കി വരിഞ്ഞിട്ടും
പിളർത്തി വരഞ്ഞിട്ടും
വഴുക്കുന്ന
പെണ്‍ ഉടൽപഴുതുകൾ
അന്തിമ വിചാരണക്കായി
കാത്തു വയ്ക്കേണ്ട,
പാപ മാപിനികൾ നിർണയിക്കുന്ന,
വിശുദ്ധ വിടവുകൾ മാത്രമല്ല
പെണ്‍ഉടലെന്നാൽ ,
ചരിത്രവും വർത്തമാനവും
അടയാളപെടുത്തെ ണ്ടുന്ന
ചുവരില്ലാത്ത
ഒറ്റയാൾ കലാപമാണ്‌ ഇനിമുതൽ...
എനിക്കറിയാം,
ചെങ്കടൽ പിളർത്താൻ
പെട്ടകം കൂട്ടുന്നുണ്ട്
നീയടക്കമുള്ള
കടൽ ചൂരറിയാത്ത
ബോണ്‍സായിമീനുകൾ
"ബര്‍സ"........
സൂര്യ വെളിച്ചത്തിൽ
രൂപം നിഷേധിക്കപെട്ടവളെ ...
ഭ്രൂണം മുതൽ
കറുപ്പിൽ ഇട്ടിരുന്ന
മഴയറിയാത്ത
നിന്റെ
പാദങ്ങൾ കൂടി നഗ്ന മാക്കു....
വേരുകൾ പകുതിയും
തിന്നു തീർത്ത
നിന്റെ വിരലുകൾ
കത്തി പടർന്നു
ദുപട്ടകൾ തീരുമാനിക്കുന്ന പെണ്‍ ഉടൽ നിയമങ്ങൾ
അഥവാ
ഈ നശിച്ച മരുഭൂമികൾ
ഇല്ലാതെ യാവട്ടെ ....!!!!!!!

-----------------------------------------------------

നിഴലില്‍ നമ്മള്‍ / മനോജ്‌ കുറൂര്‍


വല്ലാതെ ദാഹിച്ചപ്പോ-
ളിഴഞ്ഞു മുന്നില്‍വന്നു
സര്‍പ്പത്തിന്‍ മുഖം പോലെ
കൈകള്‍ ഞാന്‍ വളയ്ക്കുന്നു.

ഒരു മൊന്തയില്‍നിന്നു
ജലം നീ പകരുമ്പോള്‍
വിരലിന്‍ വിടവിലൂ-
ടൊഴുകിപ്പരക്കുന്നു.
വിഷത്തിന്‍ കടുപ്പത്താല്‍
നീലിച്ച കൈ ഞാന്‍ വീണ്ടും
കനിവിന്നൊഴുക്കിനെ-
ക്കൊതിച്ചുവിടര്‍ത്തുന്നു.
ഇരുണ്ടുപോയീ നന-
വെന്റെ കൈകളില്‍ത്തട്ടി,
മറിഞ്ഞുപോയീ നിന്റെ
പാത്രവും, നമ്മള്‍ രണ്ടും
തെളിഞ്ഞ വാനം പോലും
നീലയായതുകണ്ടു
വെറുംകൈ മുകളിലേ-
യ്ക്കുയര്‍ത്തിയിരിക്കുന്നു.
മഴക്കാറല്ലാ, വിഷം
തീണ്ടിയ പൊടിപ്പറ്റം
പെയ്യുവാന്‍ തരംനോക്കി
നില്ക്കയാണവിടെയും.
നിറമല്ലതു, ലോക-
ഗോളത്തെ വരിയുന്ന
മറ്റൊരു സര്‍പ്പത്തിന്റെ
നിഴലാണെല്ലാമെല്ലാം.
പെട്ടെന്നു നടുങ്ങി നീ
കൈകള്‍ പിന്‍വലിക്കുന്നു
വെറുതേ, ഞാന്‍ തീണ്ടിയ-
തോര്‍ത്തുകാണില്ലാ പാവം.
-----------------------------

Friday, October 9, 2015

കാടുപേക്ഷിച്ച കാറ്റ് / അനിത തമ്പി


കാടുപേക്ഷിച്ച കാറ്റിനെ
ഞാനെടുക്കും
കരിയിലകൾ അനക്കിപ്പഠിക്കാൻ
തൊടിയിലൂടെ നടത്തും
വെയിൽ വിരൽ നടത്തും
മണ്ണിന്നടിവയർ മഞ്ഞ
കാട്ടിക്കൊടുക്കും

ഇലകൾ തോറും
മൂക്കുമുട്ടി മണക്കും മഴകളിൽ
അവനോടിക്കളിക്കട്ടെ
ഓരോരോ മണങ്ങളെ
ഉരുട്ടിക്കൊണ്ടോടട്ടെ
തിണ്ണയിൽ
നിലത്തെല്ലാം വരയ്ക്കട്ടെ
കാട്ടിൽക്കാണാത്ത പടങ്ങളേ.....
വീട്ടുകാറ്റായി , മെരുക്കത്തിൽ
അങ്ങനെ വളർന്നാലും
കാടിന്റെ കുഞ്ഞെന്നെ
അമ്മേ എന്നു വിളിക്കുമോ?
അമ്മിഞ്ഞയ്ക്ക് കരയുമോ?
---------------------------------

ഈ വൃത്തത്തിനു ഞാനെന്തു പേരിടും? / ഉമാ രാജീവ്



അകറ്റി നാട്ടിയ ഉണക്കമുള
വലിച്ചുകെട്ടിയ ചകിരിക്കയർ
തോരാൻ കിടക്കുന്ന പരുത്തിത്തുണി
ഇറ്റു വീഴുന്ന കഞ്ഞിപ്പശവെള്ളം
ഈ വൃത്തത്തിനു ഞാനെന്തു പേരിടും?


ഇടിഞ്ഞു വീഴുന്ന മഴത്തുള്ളികൾ
ഇടയിലൂടെ മിന്നൽ‌പ്പിണരുകൾ
ഉച്ചിക്കുടനിവർത്തുന്ന വിഷക്കൂണുകൾ
ഉരഞ്ഞു നീങ്ങുന്ന പെൺപാമ്പുകൾ
ചിന്നൽ വീണ കുഞ്ഞുമുട്ടകൾ
ഈ വൃത്തത്തിനു ഞാനെന്തു പേരിടും?

നിറയെ പുറംനിറമുള്ള റൂൾ പെൻസിൽ
ഒറ്റനിറമുള്ള പെൻസിൽ‌വെട്ടി
യൂണിഫോമണിഞ്ഞ സ്കൂൾ കുട്ടി
ചീന്തിയെടുത്ത ഈയമുന
അവൾ വരയ്ക്കുന്ന പൂവ്, ഇല , കാ‍യ്
ഈ വൃത്തത്തിനു ഞാനെന്തു പേരിടും?
-----------------------------------------

മുത്തശ്ശിയുടെ വീട് / മാധവിക്കുട്ടി

അങ്ങ്
അകലെ
ഒരു വീട്ടിൽ വെച്ച്
എനിക്ക് സ്നേഹം ലഭിച്ചു..
അവർ മരിച്ചു,എന്റെ മുത്തശ്ശി
ആ വീട്
നിശബ്ദതയിലേക്ക് ഉൾവലിഞ്ഞു
പഴകിയ പുസ്തകങ്ങളിലൂടെ
പാമ്പുകൾ ഇഴഞ്ഞു
വളർന്നാൽ വായിക്കാമെന്ന്
ഞാൻ കരുതിയിരുന്ന
പുസ്തകങ്ങൾ...

പിന്നീട് എന്റെ രക്തം
ചന്ദ്രനെപ്പോലെ തണുത്തുറഞ്ഞു
ആ പഴയ വീട്ടിലേക്ക് പോവാൻ
ഞാൻ പലപ്പോഴും ആഗ്രഹിച്ചു
ജാലകങ്ങളുടെ അന്ധനേത്രങ്ങളിലൂടെ
അകത്തേക്ക് ഉറ്റുനോക്കുവാൻ.
തണുത്തുമരവിച്ച കാറ്റിന്റെ
നിശ്വാസം
കാതോർത്തുനിൽക്കുവാൻ,
അല്ലെങ്കിൽ
അവിടെനിന്ന്
കുറച്ച് ഇരുട്ട് വാരിയെടുത്ത്
എന്റെ വീട്ടിലേക്ക് കൊണ്ടുവരുവാൻ
ഒരു കറുത്ത നായിനെപ്പോലെ
എന്റെ കിടപ്പറക്കോണിൽ
ഇരുട്ടിനെ കിടത്തുവാൻ....
നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുമോ
ഞാൻ
അത്തരമൊരു വീട്ടിൽ ജീവിച്ചുവെന്ന്
അഭിമാനത്തോടെ
സ്നേഹിക്കപ്പെട്ടവളായി
ജീവിച്ചുവെന്ന്..
ഈ ഞാൻ
വഴിതെറ്റിപ്പോയവൾ..
സ്നേഹത്തിന്റെ ചില്ലറത്തുട്ടുകൾക്കായി
അപരിചിതരുടെ കവാടങ്ങളിൽ‌
യാചിക്കുന്നവൾ..?
----------------------------------------------

ഒട്ടും ഗൃഹാതുരമല്ലാത്ത ഒരു മഴയിൽ നിന്ന് തത്സമയം / സെറീന


ചോരുന്ന ഒറ്റമുറി വീടിന്റെ
വെള്ളം പൊന്തുന്ന നിലത്തു നിന്ന്
നിലവിളിയോടൊപ്പം
കോരിയെടുത്ത മെല്ലിച്ച
ഒരു ഉടൽ
അതിനെ ഒരു രാത്രിയ്ക്ക്
ഇറക്കി വെയ്ക്കാൻ
ഇടം തിരഞ്ഞവൾ ,
അടക്ക് കഴിഞ്ഞ് 
വെറും  നിലത്ത് പറ്റിക്കിടന്നു
പതം  പറഞ്ഞ് പ്രാകുമ്പോൾ
അന്ന് വരെ പ്രണയിച്ച മഴകൾ,
കൂടെ നിന്ന് ഒറ്റിയവനെ പോലെ
ഉള്ളിൽ തോരുന്നു

നൂറ്റാണ്ടുകൾക്കു മുന്നേ
അടഞ്ഞു പോയ വാതിലായി 
ചേർന്നടഞ്ഞ  കണ്‍ പാളികൾ.
മരണം അതിനുള്ളിൽ
ഒളിച്ചു പിടിച്ചിരിക്കുന്നു
ജീവിതം, അതിന്റെ
അവസാന ഫ്ലാഷ് മിന്നിച്ച ചിത്രം.

പൊടുന്നനെ അടഞ്ഞ
വാതിലിനിടയിൽ പെട്ടു പോയ
നീലിച്ച വിരൽ പോലെ
ചോര ചത്തിട്ടും
അറ്റു പോവാതെ ഒരു മഴ

കൂട്ട മരണപ്പെട്ടവരുടെ മുറ്റത്തു നിന്നും
നല്ല വില കിട്ടുന്ന കരച്ചിലുകൾ
പെറുക്കിയെടുക്കുന്ന
വാർത്തകളുടെ അശ്ലീലം പോലെ 
അപ്പോഴും  തോരാത്ത ചില്ലകളിലേയ്ക്ക്
ഉന്നം നോക്കുന്നു
മഴയെ പകർത്തുന്ന  ഫ്രെയിമുകൾ.
-------------------------------------------

ഒരുവൾ വീട് /സെറീന


 വീടായിരുന്നു ,
കടും മഞ്ഞ് വീണ് വീണ്
മൂടിപ്പോയ വീട്
ആരും പാർത്തിരുന്നില്ലെങ്കിലും
വീടായിരുന്നു

ആർക്കും വേണ്ടിയല്ലെങ്കിലും
പുലർച്ചേ ചായ വീഴ്ത്തുന്ന ഒച്ചകളിൽ ,
ചില  വേവ് മണങ്ങളിൽ  
അതങ്ങനെ ആളനക്കങ്ങൾ ഭാവിച്ചു
ഓരോ ജനാലയിലും
ജീവിതമെന്ന  തിരശ്ശീലകൾ തുന്നിയിട്ടു

ഹൃദയം നിലച്ചു പോയൊരാളിൽ നിന്ന്
പറിച്ചെടുത്ത കരളോ കണ്ണോ പോലെ
തന്റേതല്ലാത്ത ഒരിടത്ത്   പറ്റിപ്പിടിച്ചു
എത്ര തുടച്ചാലും പോവാത്ത
മെഴുക്കു പാടുകളെ തനിയേ
കഴുകിത്തുടച്ചു
അന്നമെന്നോർത്തു വിഴുങ്ങിപ്പോയ
ചൂണ്ടക്കൊളുത്തു പോലൊന്നിൽ
അതങ്ങനെ തറഞ്ഞ്‌ കിടന്നു

ആ വീടാണ് കാണാതായത്
എവിടേയ്ക്കുമില്ലാതെ വഴി നടക്കുമ്പോൾ
ഞാനല്ലേ ഞാനല്ലേയെന്നതിൽ
മുഖം നോക്കിയിരുന്ന ഒരുവളതിനെ
തിരയുന്നുണ്ടാവണമിപ്പോൾ
തുളയ്ക്കുന്ന കരച്ചിലിന്റെ
വെയിൽക്കീറ്   കൊണ്ട്
മഞ്ഞു തുരക്കുന്നുണ്ടാവണം

നാളെ വീണ്ടും
ചായ വീഴ്ത്തുന്ന മണത്തിലൂടെ 
നനഞ്ഞ തോർത്തു കുടയുന്ന ഒച്ചയിലൂടെ
ഒരുവൾ അവളുടെ  ആരുമില്ലാത്ത
വീട്ടിലേക്കു പോകുമായിരിക്കും .
--------------------------------------------

Sunday, October 4, 2015

നീ തേടുമിടങ്ങൾ / നന്ദിതാ ജോസ്

നീ തിരയുമിടങ്ങളിൽ ഞാനില്ല
ഞാനിവിടെയുണ്ട്...
ഒരു കുഞ്ഞു തൂക്കണാം കുരുവിയുടെ 

ചിറകിൻ തുടിപ്പിൽ
ഒറ്റത്തളിരിലയുടെ
തല നീട്ടത്തിൽ,
മഴ-വെയിൽ
നിഴലാട്ടങ്ങളിൽ
പൂമൊട്ടിന്റെ
ചാഞ്ചാട്ടങ്ങളിൽ...

നീ തിരയുമിടങ്ങളിൽ ഞാനില്ല
ഞാനിവിടെയുണ്ട്,
തുമ്പിച്ചിറകുകളുടെ
മിന്നൽ വേഗങ്ങളിൽ,
അപ്പൂപ്പൻ താടികളുടെ
ആകാശക്കാഴ്ചകളിൽ...
പിന്നീടൊരിക്കലെന്നു
മടക്കിവെച്ച
പുസ്തകത്താളിൽ,
ചേർക്കാൻ മടിച്ച്
തൂകിക്കളഞ്ഞ വർണ്ണങ്ങളിൽ.
എന്നിട്ടും,
എന്തിനാണ്‌
എന്നെ നീ എപ്പോഴും
മുല്ലപ്പൂമണത്തിലും,
കണ്മഷിക്കോണിലും,
പാദസരക്കിലുക്കത്തിലും
കാൽനഖച്ചിത്രങ്ങളിലും
തിരയുന്നത്...?
നീ തേടുമിടങ്ങളിൽ ഞാനില്ല.
------------------------------

വായന / വിജയലക്ഷ്മി


ഒരു താള്‍ മറിച്ചാലോ ശാന്തമാം നീലാകാശം,
മറുതാളിലോ ക്ഷുബ്ധസാഗരം ജലാധാരം,
വരികള്‍ നിശ്ശബ്ദങ്ങളാകിലെന്തവയ്ക്കുള്ളില്‍
ഹരിതാഭമായ് കാലം തളിര്‍ത്തു തഴയ്ക്കുന്നു.
വിതരങ്ങളില്‍,ചാരം മൂടിയ വിക്ഷോഭങ്ങള്‍
പ്രളയാകാരം പൂണ്ടു പായുവാന്‍ കൊതിക്കുന്നു,
സകലം മൂടും ലോഹധൂളിയില്‍,മനസ്സിന്‍റെ
പകലും രാവും മായാസന്ധ്യയായ് കുതിക്കുന്നു.
പിന്നെയും വായിക്കുമ്പോള്‍ മഴയായ്,തുറന്നിട്ട
ചില്ലുജാലകങ്ങളില്‍ കാറ്റു വന്നലയ്ക്കുന്നു,
ഒഴുകിത്താഴും സരസ്വതിയില്‍ ഭൂമാതാവിന്‍
ഹൃദയം തണുക്കുന്നു,
വേദന ശമിക്കുന്നു.

----------------------------------------

വിരുന്ന് /ടി പി രാജീവന്‍




ചിലര്‍ തൊട്ടാല്‍ പൊട്ടും
ചിലര്‍ എത്ര വീണാലും ഉടയില്ല
ചിലര്‍ കലപിലകൂട്ടും
ചിലര്‍ക്ക് ചിരന്തരമൗനം.
ചിലരുടെ അ‍കത്ത് ചൂടെങ്കിലും
പുറത്ത് തണുപ്പ്
കയ്പോ മധുരമോ എന്ന്
അപ്പപ്പോള്‍ പുറത്തു കാണിക്കും ചിലര്‍.
ചിലരുടെ പുറമേ
ചിത്രപ്പണികളുണ്ട്
അകം പോലെ തന്നെ
പുറവും ശൂന്യം ചിലര്‍ക്ക്.
ഇനിയും ചിലരുണ്ട്
കഴിച്ചു കഴിഞ്ഞാല്‍
ചുരുട്ടിക്കൂട്ടി
ദൂരെ വലിച്ചെറിയേണ്ടവര്‍.
കഥാപാത്രങ്ങള്‍
നമ്മെ സൃഷ്ടിക്കുകയാണോ
നമ്മള്‍ കഥാപാത്രങ്ങളെ സൃഷ്ടിക്കുകയാണോ?
വിരുന്നിനിടയില്‍ കുഴഞ്ഞുവീണു മരിച്ചിട്ടും
കൈയിലെ ചില്ലുഗ്ലാസ് ഉടയാതെ കാത്ത
അതിഥിയോട് ചോദിച്ചാലറിയാം.
----------------------------------------------

Saturday, September 26, 2015

വാക്ക്‌ / സെറീന


അറിയാവുന്ന വാക്കുകളെല്ലാം
ഒന്നെടുത്തു കഴുകി നോക്കണം
ക്ലാവ്‌ പിടിച്ചു കറുത്തു
കണ്ടാലറിയാതെയായി.
സന്തോഷം സന്തോഷമേയല്ല
പ്രണയം ഒട്ടുമല്ല
ജീവിതമോ,തീരെയല്ല.
വക്കു പൊട്ടിയും ചളുങ്ങിയും
എടുത്തു വച്ചതൊക്കെ ചോർന്നും
പഴയ പാത്രങ്ങൾ പോലെ
എത്രയാണുള്ളിൽ,അതിനിടയിൽ
ഒന്നു കൂടി തിരഞ്ഞു നോക്കണം.
ആദ്യമായി പറയുമ്പോലെ
അണിയലും അലങ്കാരവുമില്ലാത്ത
ഒരു വാക്കെങ്കിലും കണ്ടെടുക്കണം,
നിന്നോട്‌ ഒന്ന് മിണ്ടാനാണ് .

-------------------------------------

അവളെ കൊല്ലുന്നതിലൂടെ ഞാൻ ചത്തുപോകുന്നത് ..../ സുധീർ രാജ്


ഇടവഴി
സന്ധ്യ
അവളെതിരെ വരുന്നു
അവളെ നോക്കാതെ ഞങ്ങൾ കടന്നു പോകുന്നു
പിന്നിലൂടെ പതുങ്ങിച്ചെന്ന്
കല്ലിനവളുടെ തലയിലിടിക്കുന്നു
ഞരക്കത്തോടെ അവൾ താഴെ വീഴുന്നു .
താഴെയുള്ള കാട്ടിലേക്കവളെ തള്ളിയിട്ട്
ചോരയ്ക്ക് മീതെ മണ്ണ് തൂവുന്നു .
ചെരുപ്പും കുടയും തോൾ സഞ്ചിയും
താഴേക്കെറിയുന്നു.

പതിയെ താഴേക്കൂർന്നു ചെന്ന്
സാരിയഴിച്ച് കഴുത്തിൽ കുരുക്കി
അടിവാരത്തിലെ പുഴയിലേക്ക് വലിക്കുന്നു .
അവൻ പിന്നാലെ വന്ന്
ഒടിഞ്ഞ ചെടികളും ചോരപ്പാടുകളും
തിരക്കിട്ട് മായ്ക്കുന്നു .
കത്തികൊണ്ട് വയറു പിളർന്ന്
കഴുത്തിൽ കല്ലുകെട്ടി പുഴയിലേക്കെറിയുന്നു .
അപ്പുറത്തെ കടവിൽ കുളിച്ച്
ഞങ്ങൾ തിരിച്ചു പോകുന്നു .
ബാറിലൊന്നിച്ചിരിക്കുന്നു
മൂക്കറ്റം കുടിക്കുന്നു
വേച്ചു വേച്ച്‌ രാത്രിയിലേക്കിറങ്ങുന്നു
കാരണമില്ലാതെ ഞങ്ങൾ രണ്ടുപേരും ചിരിക്കുന്നു .
ഇന്ന് പതിവ് സ്ഥലത്ത് അവളെക്കാണില്ല
അവള് നിന്നിരുന്ന വിളക്കുകാലിന്റെ
കീഴിലിരുന്നു കുടിക്കണം .
അവളവിടെത്തന്നെയുണ്ട്
ചുവന്ന സാരിയുടുത്തിരിക്കുന്നു
കൊല്ലുന്ന നോട്ടം .
അവളിങ്ങനെ ചിരിക്കുകയാണ്
അവനെന്റെ കൂടെയില്ല
തെരുവ് പുഴയാകുന്നു
തുറിച്ച കണ്ണുകളുമായി
മീൻകൊത്തിയ വിടർന്ന ചുണ്ടുകളുമായി
ഒരാളൊഴുകിപ്പോകുന്നു .
------------------------------------------------

നമുക്കിടയില്‍ / പവിത്രന്‍ തീക്കുനി


നമുക്കിടയില്‍
ഒരു നദിയുണ്ട്‌.
ഇടയ്‌ക്ക് മെലിഞ്ഞ്,
മെലിയുമ്പോള്‍ തെളിഞ്ഞ്,
താഴ്ചയില്‍ നിന്നുയര്‍ച്ചയിലേക്ക്
അതിപ്പോഴും
ഒഴുകിക്കൊണ്ടിരിക്കുന്നുണ്ട്‌.
നമുക്കിടയില്‍
ഒരൊട്ടകമുണ്ട്‌
വരണ്ട പ്രതീക്ഷയില്‍,
വലിയ വലിയ ഭാരങ്ങളുമായി,
വിട്ടുവീഴ്ചയുടെ സൂചിപ്പഴുതിലൂടെ
അതിപ്പോഴും കയറിയിറങ്ങുന്നുണ്ട്‌.
നമുക്കിടയില്‍
മുമ്പെങ്ങോ മണ്ണടിഞ്ഞ
ഒരു മാമരത്തിന്‍റെ വേരുകളുണ്ട്‌.
ഉണങ്ങിത്തുടങ്ങിയിട്ടും
പച്ചയോടുള്ള
ആര്‍ത്തി തീരാതെ
മണ്ണിന്‍റെ അടിവയറ്റില്‍
അതിപ്പോഴും വിയര്‍ക്കുന്നുണ്ട്.
------------------------------------

Saturday, September 19, 2015

ചുവര്‍ / സച്ചിദാനന്ദന്‍


ഇത്ര കനമോ ചുമരിനെന്നോമനേ
അപ്പുറമിപ്പുറം നമ്മ,ളെന്നാല്‍ തമ്മി-
ലെത്രയോകാതം, മരണം നമുക്കിട-
യ്ക്കെത്തിയാലെന്നപോല്‍

കേള്‍ക്കാമെനിക്കു നിന്‍
ഹൃത്തിന്‍ മിടുപ്പുകള്‍, നിന്‍ നെടുവീര്‍പ്പുകള്‍
കേള്‍ക്കാമെനിക്കു നിന്നുള്ളിലെയോര്‍മതന്‍
കുത്തിയൊഴുക്കിന്‍റെ ഗര്‍ഗളം കൂടിയും
കേട്ടുവോ നീ, ആ പഴയ ദിനങ്ങളെ-
യോര്‍ത്തു ഞാന്‍ മൂളിയ പാട്ടുകള്‍? ഭ്രാന്തിന്‍റെ
വക്കില്‍ നടന്നതിന്‍ കാലടിയൊച്ചകള്‍?
പറ്റിയതെന്‍റെയിപ്പാവമുടലിന്ന്
പറ്റിയില്ലാ ഹൃദയത്തിന്ന്‍, വയ്യയി-
ശ്ശിക്ഷയിതു തെറ്റിനേക്കാള്‍ കനത്തുപോയ്.
ഒന്നു ചുമലിനാല്‍ തള്ളുക, വീഴുമേ
നമ്മെയകറ്റിടുമിച്ചുവര്‍, പിന്നെയു-
മൊന്നാം മനസ്സുമുടലും, വരൂ നാളെ
നമ്മളില്ലെന്നാം; വിലയുള്ളതീ ഞൊടി.
---------------------------------------------

Friday, September 18, 2015

സങ്കടമഴ/ അജിത.ടി.ജി


മഴ പറഞ്ഞത് -
കണ്ണിലൂടെ പെയ്യമെന്നാണ്
വെയിൽ പറഞ്ഞത്
നെറ്റിയിൽ പൂക്കാം എന്നാണു
കാറ്റ് പറഞ്ഞത്
സ്വപ്നത്തിൽ തണുക്കാം എന്നാണു

പെയ്യുന്ന കണ്ണും
വിയർത്ത നെറ്റിയും
അടര്ന്ന നിശ്വാസവും
തണുത്ത സ്വപ്നവും കൊണ്ട്
ഞാൻ വന്നപ്പോൾ
നീ പറഞ്ഞത്
നിനക്കെന്നെ അറിയില്ലെന്നാണ് ..
--------------------------------

ആലില / എ.അയ്യപ്പന്‍

നീ തന്ന സസ്യശാസ്ത്രത്തിന്റെ പുസ്തകം
എനിയ്ക്കു പ്രേമകാവ്യമായിരുന്നു
പുസ്തകത്തിൽ അന്ന് സൂക്ഷിച്ചിരുന്ന ആലില
നിന്റെ പച്ച ഞരമ്പുകളെ ഓർമ്മിപ്പിയ്ക്കുന്നു
അതിന്റെ സുതാര്യതയിൽ
ഇന്നും നിന്റെ മുഖം കാണാം...
സത്ത മുഴുവൻ ചോർന്നു പോയ
പച്ചിലയുടെ ഓർമ്മയ്ക്ക്
ഓരോ താളിലും ഓരോ ഇല
സൂക്ഷിച്ച ഗ്രന്ഥം
പ്രേമത്തിന്റെ ജഠരാഗ്നിയ്ക്കു
ഞാനിന്ന് ദാനം കൊടുത്തു
ഇലകളായ് നാമിനി പുനർജ്ജനിയ്ക്കുമെങ്കിൽ
ഒരേ വൃക്ഷത്തിൽ പിറക്കണം
എനിയ്ക്കൊരു കാമിനിയല്ല
ആനന്ദത്താലും, ദുഃഖത്താലും
കണ്ണു നിറഞ്ഞൊരു
പെങ്ങളില വേണം..
എല്ലാ ഋതുക്കളെയും
അതിജീവിയ്ക്കാനുള്ള ശക്തിയ്ക്കായ്
കൊഴിഞ്ഞ ഇലകൾ പെറുക്കുന്ന
കുട്ടികളെ കാണുമ്പോൾ
വസന്തത്തിന്റെ ഹൃദയത്തിൽ
മൃത്യു ഗന്ധം
ഉള്ളിലെ ചിരിയിൽ ഇലപൊഴിയും
കാലത്തിന്റെ ഒരു കാറ്റു വീശുന്നു
ക്ഷീരം നിറച്ച കിണ്ണത്തിൽ
നഞ്ചുവീഴ്ത്തിയതാരാണ്
നീ തന്ന വിഷം എനിയ്ക്കൗഷധമായ്
തീർന്നുവെന്ന് പാടിയതാരാണ് ..

-------------------------------------------

കുഴി വെട്ടുന്നവരോട്‌ /പി.പി.രാമചന്ദ്രന്‍


ചെരിപ്പിന്‍റെ പാകത്തില്‍
ചെത്തണം കാല്‌
ഉടുപ്പിന്‍റെ പാകത്തില്‍
കൊത്തണമുടല്‌
അളവിന്നു പുറത്തേക്കു
വളരുന്നതെല്ലാം
കഷണിച്ചു കളയുന്നു
കലികാലച്ചേല്‌ !
ചതുരത്തില്‍ വൃത്തം
വരയ്‌ക്കുന്നൊരാള്‌
ഉയരത്തിലാഴം
പണിയുന്നൊരാള്‌
പതിവിന്നു വഴങ്ങാത്തോര്‍
പിണമായി വരുമ്പൊഴും
കരുതണമിരുതല
മുനയുള്ള വാള്‌ !
കുഴിക്കൊത്ത പെട്ടി
അതിനൊത്തവ്യക്തി.,
നടക്കരുതാരും നാട്ടു-
നടപ്പിനെത്തെറ്റി.
------------------------

മലയാള മാഷ്‌ / ജിത്തു തമ്പുരാൻ


ഇംഗ്ലീഷ്‌ മീഡിയത്തിലെ മലയാളം മണക്കുന്ന
ചവറു മൂല....
ചെറുശ്ശേരിക്കും ചങ്ങമ്പുഴയ്ക്കുമിടയിൽ
തിന്നാൻ വല്ലതുമന്വേഷിച്ചൊരു പെരുച്ചാഴി
സ്വയം ചെന്ന് കുത്തിത്തിരുകുന്നു.
ഓർമ്മകൾക്ക്‌ ഛർദ്ദ്യതിസാരം...
ഓട്ട മാറിപ്പോയ പുറന്തള്ളു വ്യവസ്ഥ
അരത്തിനു മൂർച്ച കൂട്ടുന്ന അരിവാൾ.
എന്തൊക്കെ പുകിലായിരുന്നു?!!
അമ്പത്തൊന്നത്ഭുതത്തൂണുള്ള കൊട്ടാരം
ചെമ്പരത്തിയെ പ്രേമിച്ച കുരുത്തോല
വിദ്യാരംഭത്തിന്റെ മണൽമുറ്റം
വിരൽ തേയുന്ന കണ്ണീർ പൊയ്ക.
ഉള്ളിൽ പച്ചത്തെറിയുടെ സപ്തസമുദ്രം
നീന്തിക്കേറുമ്പം മുഴച്ചിടം കടിക്കാൻ
വ്യാകരണത്തിന്റെ കൊമ്പൻ സ്രാവ്‌.
ഉച്ചനേരത്ത്‌ ഉപമ ഉപ്പുമാവ്‌
ഉൽപ്രേക്ഷ വെട്ടിയുടച്ച്‌ വാദ്ധ്യാരെ
പച്ചക്ക്‌ കത്തിക്കാനുള്ള നാട്ടുമാവ്‌.
ജനഗണമന തീർന്നാൽ കുഞ്ചൻ തോൽക്കുന്ന
ഓട്ടൻ തുള്ളൽ
ബിരുദത്തിനു പഠിപ്പിക്കാൻ
സിഗരറ്റിന്റെ താടിരോമമുള്ളയാൾ
പ്രതീക്ഷയും ദോശയും വിളമ്പി മുഖത്ത്‌ അന്തിത്തിരി കത്തിച്ച്‌
കീറസ്സാരിക്കുള്ളിലൊരു കരിഞ്ഞമ്മ
രണ്ടാംവർഷ ബിരുദാനന്തരത്തിനു
കട്ടൻ ചായയ്ക്ക്‌ ഹസ്തദാനം ചെയ്യുന്ന റഷ്യൻ പട്ട.
ഇടയ്ക്ക്‌ വയനാട്ടുകുലവന്റെ മുഖമുള്ള റോട്ടുഗട്ടറിൽ നിന്ന്
വീണുകിട്ടുന്നൊരു പ്രാരാബ്ധനാട്ടിലെ
രാജകുമാരി.
കഴുത്തിലെ മഞ്ഞുരുക്കുന്ന പല്ലമർത്താക്കടി...
താലിപ്പൊന്നിന്റെ തടവറ...
പന്നിയുടെ കുലമഹിമ കാക്കുന്ന
ബീയെഡ്‌ കോളേജിന്റെ പേറെടുപ്പ്‌ നേർച്ചയിൽ
മുഞ്ഞികുത്തി വീഴുന്ന ആനത്താമരകൾ
ഇരന്നിരന്ന് ശരിക്കും ഇരക്കാൻ പഠിക്കുമ്പോൾ
വിദ്യാഭ്യാസപ്പാടത്തെ ഇംഗ്ലീഷ്‌ വിളകളെ
കള്ളപ്പക്ഷികളും ദൃഷ്ടി ദോഷവും തൊട്ടുതീണ്ടാതിരിക്കാൻ
മലയാള നോക്കുകുത്തികളെ ആവശ്യമായിവരും.
തറവാട്ടു പറമ്പിന്റെ തെക്കേമൂലയ്ക്കിരുന്ന്
ഉത്സവത്തലേന്ന് നാടൻ കുടിക്കുന്ന ഗുളികനെപ്പോലെ
നൊസ്സുള്ള പെണ്ണു മടിയിൽ വെച്ച കൈതപ്പൂ പോലെ...
പ്രതിഷ്ഠ കഴിഞ്ഞ്‌ മൂലാധാരത്തിൽ ചിടവേരുറച്ചു തുടങ്ങുമ്പം
ചങ്കും ചുണ്ടും പൊട്ടക്കണ്ണും മൂർച്ചയടിച്ചു കെടുത്തിയ
ചാട്ടുളിമനസ്സും സ്ഥിരമായൊരു മന്ത്രം ചൂടും.
"അ- അപ്പി -അമേരിക്ക
ഇ- ഇച്ചീച്ചി - ഇംഗ്ലിഷ്‌
ഉ- ഉഴപ്പ്‌ - ഉഡായിപ്പ്‌
ഏ - എന്റെ - എലിജന്മം!!" 

---------------------------------------------------------