Showing posts with label അനൂപ്‌ ചന്ദ്രൻ. Show all posts
Showing posts with label അനൂപ്‌ ചന്ദ്രൻ. Show all posts

Saturday, October 11, 2014

മകള്‍ സൂര്യന്‍ / അനൂപ്‌ ചന്ദ്രൻ


കൈകാല്‍ കുടഞ്ഞ്
നടു നിവര്‍ത്തി ചുണ്ടു കൂര്‍പ്പിച്ച്
ഇത്തിരി ഞരങ്ങലില്‍
പുതപ്പ് നീക്കി ഉദിക്കുന്നു
മകള്‍ എന്റെ സൂര്യന്‍

തേങ്ങി തേങ്ങി
കണ്ണുകള്‍ വട്ടം ചുറ്റി
ഉറങ്ങേണ്ടുറങ്ങേണ്ടെന്നു
പിറുപിറുത്ത്
കണ്ടു കണ്ടങ്ങിരിക്കുമ്പോഴേക്കും
പുതപ്പിന്നുള്ളിലാഴ്ന്നങ്ങസ്തമിക്കും
മകള്‍ എന്റെ സൂര്യന്‍

ഉദയത്തിനും
അസ്തമയത്തിനുമിടയില്‍
കത്തിയെരിയലിനു ചുറ്റും
അച്ഛന്‍ ഭ്രമണം

ഭൂമിയെക്കുറിച്ചിപ്പോള്‍
എനിക്കറിയാം കേട്ടോ