Showing posts with label ഡോണ മയൂര. Show all posts
Showing posts with label ഡോണ മയൂര. Show all posts

Saturday, October 21, 2017

ഒരേനടയകലങ്ങളിൽ... / ഡോണ മയൂര


ദൂരമൽ‌പ്പം താണ്ടിടുമ്പോൾ
വഴിയാകെ പെരുമഴയാണ്.
പെട്ടെന്ന് കൂട്ടിനെത്തുന്നൊരു മീൻ,
പക്ഷെ കരയുകയാണ്
കരയിലാണെന്ന് കരച്ചിലാണ്.
കരയാവാം എന്നാൽ കരയല്ലേ
കരകവിയും നേരമാണ്
മീനേ,യെന്ന്
പറഞ്ഞു കഴിയും മുന്നേ
കരകവിഞ്ഞുടൻ, മഴയൊഴിഞ്ഞു.
കരയാനായി മാത്രം
മഴയത്തിറങ്ങി
നടക്കുന്നവരെ നോക്കിയിപ്പോൾ
മീൻ കണ്ണുകൾ ചിരിക്കുന്നു.

Tuesday, October 3, 2017

മഴയിൽ ഒരു നക്ഷത്രം / ഡോണ മയൂര


ഇമ ചിമ്മാതെ കണ്ണുകൾ
നക്ഷത്രങ്ങൾ പിടിക്കുന്ന രാത്രി.
നാവില്ലാത്തൊരാളുടെ
നോവിൻ പാട്ടു കേൾക്കുന്നു.
വെയിൽവെട്ടമെന്നപോലെ
നിലാവിന്റെ സ്പോട്ട് ലൈറ്റിൽ
പെയ്തഭിനയിക്കുന്ന മഴ,
പെരുമഴയായി.
അതിനുള്ളിലൊരു
മഴത്തുള്ളിയുടെ
ഉള്ളിലേറി വരുന്നൊരു
നക്ഷത്രം.
വഴിയിലൊരു മഴച്ചില്ലയിലും
ഇലത്തുമ്പിലും തട്ടിപ്പൊട്ടാതെ
നക്ഷത്രവുമായി വരുന്നൊരു
മഴത്തുള്ളി.
മുന്നിലെത്തുമ്പോൾ
ചുംബനങ്ങൾ.
ചുംബനങ്ങളാണ്
നക്ഷത്രമുള്ളിലൊളിപ്പിച്ച
മഴത്തുള്ളി.
--------------------------------------------------

Wednesday, June 7, 2017

നിണമെഴുതിയത് / ഡോണ മയൂര


ഓരോ രാത്രിയുമിതള്‍കൊഴിയുമ്പോള്‍
നിന്റെ കള്ളങ്ങളെന്നെ ജയിക്കും.
താഴ്‌വാരത്തിലേക്കെന്നു പറഞ്ഞാ-
നയിച്ചതെന്നെ കുന്നിന്‍മുകളിലെ
കുരുതിക്കല്ലിലേക്കെന്നറിഞ്ഞിട്ടും,
കൂടെവന്നത്‌ നിന്റെ വാള്‍ത്തലപ്പിന്റെ
പളപളപ്പെന്റെകണ്ണില്‍
ഇരുട്ടുപടര്‍ത്തിയതിനാലല്ല.
എന്റെ കുരുതിക്കുശേഷവും
കള്ളംകൊണ്ടുനീ
ചുമന്ന കളമെഴുതണം.
പിന്നെ നിന്റെയാ കണ്ണില്‍ത്തെറിച്ച
ചോരയെന്റെ കണ്ണുനീരാല്‍ കഴുകണം.
ഇല്ലെങ്കില്‍, കളത്തിനുപിന്നില്‍
പിടയുന്ന ഉടല്‍, അറുത്തുമാറ്റപ്പെട്ട
ശിരസ്സിനോട്‌ പിടഞ്ഞുചേരുന്നത്‌
നിനക്കു കാണുവാനായെന്നുവരില്ല.
ഈ ജന്മത്തിലെ മുറിവുകള്‍ക്ക്‌
ക്ഷമിക്കാനും പൊറുക്കാനുംകഴിഞ്ഞത്‌
ഇനി അടുത്ത ജന്മത്തിലായെന്നും വരില്ല.
-----------------------------------------------------------

Sunday, October 23, 2016

നിഴലുണക്കുമ്പോൾ / ഡോണ മയൂര


ഇല്ല, പേരൊന്നുമിടുന്നില്ല.
കാലമേറുന്തോറും
ഭാരമേറുന്നൊരു വാക്കിലും
അമർത്തി വെക്കില്ല.
അവസരങ്ങൾ പാർത്തിരുന്ന്
അവകാശങ്ങൾ എണ്ണിപ്പറഞ്ഞ്‌
കൃത്യമായളന്നെടുത്ത്‌
വ്യക്തമായകറ്റി നിർത്തി
അവഗണിക്കാനായി
പരിഗണനയുടെ തുഞ്ചത്തേറ്റില്ല.
മഷിക്കറുപ്പിന്റെ
ഉന്മാദപ്പാറ്റകൾ കരണ്ട പാടുകളിൽ
മുഖമൊരിക്കലും തെളിച്ചെടുക്കില്ല.
ഇല്ല, വരികളിലൊന്നിലും
പേരു ചൊല്ലി ചേർക്കില്ല.
പക്ഷേ,
ഓർമ്മകളെ
നിഴലുണക്കുന്നയിടങ്ങളിലെല്ലാം
ആർദ്ദ്രത... ആർദ്ദ്രതയെന്ന്
നീ തുടിച്ചു നിൽക്കുന്നു.
സ്നേഹമേയെന്ന്
വിളിച്ചു തീർക്കാത്ത സ്വരത്തിന്റെ
ഇങ്ങേപ്പുറത്തിരുന്നു
തെളിച്ചെടുക്കുന്നു വെളിച്ചത്തിൽ.
-----------------------------------------

Saturday, September 24, 2016

നിന്നെയോർത്ത് മറ്റാരു നിറയും? / ഡോണ മയൂര


ഒറ്റക്കൊമ്പിലെ പക്ഷീ,
ഒരമ്പിനാൽ നീ ഒഴിയുകിൽ,
ഒഴിഞ്ഞ ആവനാഴിയല്ലാതെ
നിന്നെയോർത്ത് മറ്റാരു നിറയും

ശരമേൽക്കുമ്പോൾ
കൊക്കിലവശേഷിക്കുന്ന
അന്നത്തെയന്നത്തിൽ
നിന്നൊരു വിത്ത്
ഒരിലരണ്ടിലമൂന്നില വിടർത്തി
പൂമരമായി മുളയ്ക്കണം

ശിഖരങ്ങൾ ചിറകുറച്ച്
പറന്നു പോയേക്കാമെന്ന്
തോന്നിപ്പിക്കുമാറ് ചിറകടിച്ചും

തലപ്പ്
ഏതു ദൂരവും താണ്ടുമെന്ന
സ്ഥിരതയിൽ
തലയെടുപ്പോടെ ഉയർന്നും

വേരുകൾ
ഒരു പക്ഷിയുടെ
കാൽ വിരലുകളെന്ന പോലെ,
വിട്ടകലാൻ മടിച്ചെന്ന പോലെ,
പക്ഷിയിൽ നിന്നും
മരത്തിലേക്കുള്ള ദൂരത്തിലല്ല
ആഴത്തിലാഴത്തിൽ
പൂവിൽ നിന്നും
പുണരലിലേക്കും
പുണരലിൽ നിന്നും
പൂവിലേക്കും എന്ന പോലെ
ആഴ്ന്നാഴ്ന്നിറങ്ങണം

ഒറ്റക്കൊമ്പിലെ പക്ഷീ,
ഒരമ്പിനാൽ നീ ഒഴിയുകിൽ,
ഒഴിഞ്ഞ ആവനാഴിയല്ലാതെ
നിന്നെയോർത്ത് മറ്റാരു നിറയും.
----------------------------------------

Tuesday, August 2, 2016

തലക്കെട്ടിലും... / ഡോണ മയൂര

അരികിലില്ലെന്ന ബോധമാണ്
വഴിയരികിൽ കാണുന്നവരിൽ
നിന്നെ തെളിച്ചെടുക്കുന്ന താളം.
ഏതൊരുവന്റെ
മിഴികളിൽ കണ്ടു, മിന്നായം
നിന്നിലെന്നതു പോലെ
ഞാനെന്നെയിന്നലെ.
ഏതൊരുവളുടെ
ഒച്ചയിൽ തെളിഞ്ഞു
നിന്റെയെന്നതു പോലെ
പതിയെ പതഞ്ഞു
പടരുന്നൊരൊച്ച.
അന്യരുടെ മേൽച്ചുണ്ടിൽ,
നിന്റെയെന്നതുപോലെ
നോക്കുമ്പോളവർ
തിരിഞ്ഞു ചരിഞ്ഞു
നോക്കും കഴുത്തിലും
നിന്നെ കണ്ടു.
പൂവുകൾക്ക് നിന്റെ മുഖം
കാറ്റിന് നിന്റെ ഗന്ധം
ഇലകളോ
എന്റെ നീയേയെന്നുരഞ്ഞ്
തുമ്പത്തിരുത്തി
തുമ്പിയാക്കുന്നു.
അരികിലില്ലെന്ന ബോധമാണ്
വഴിയരികിൽ കാണുന്നവയിലെല്ലാം
നിന്നെ തെളിച്ചെടുക്കുന്ന താളം.
------------------------------------------

Monday, April 25, 2016

ഫോസിലുകളുടെ വീട് / ഡോണ മയൂര


വീടുവയ്ക്കുമ്പോളുറപ്പിച്ചു
മുൻ‌വശത്തെ കട്ടിളയും
കതകുമെന്റെ വക.
ആശാരി കൃത്യമായി രണ്ടും
സമയാസമയം
പണിതു ഘടിപ്പിച്ചു,
ഒരു മനുഷ്യന്റെ വീതിയിൽ
വിജാഗിരി വയ്ക്കാൻ പറ്റുന്ന
ആർഭാടത്തിലൊരേറ്റയൊന്ന്!
പുതുമോടികളഴിഞ്ഞു
പോയതിനു ശേഷം
കതകിനും കട്ടിളയ്ക്കുമിടയിൽ
അകത്തേക്കോ പുറത്തേക്കോ
എന്നുറപ്പിക്കാനാവാതെ
ജീവിതമതിൽ ചാരിവച്ചു.
വാലില്ലാത്ത ഫോസിലുകൾ
കണ്ടെത്തിയപ്പോൾ
വാലുമുറിഞ്ഞ
പല്ലിയുടെതാണെന്ന്
പുതിയ താമസക്കാരും
തിരിച്ചറിഞ്ഞു.

-----------------------------

Friday, April 22, 2016

മഷിത്തുള്ളി / ഡോണ മയൂര


ഞങ്ങളുടെ വീട്ടിൽ നിന്ന്
സ്കൂളിലേക്കും
കോളേജിലേക്കും പോയ
കുട്ടികളൊന്നും തിരിച്ചുവന്നില്ല.

അദൃശ്യരായി
പോയിവരാനറിയുന്ന
ചിലർമാത്രം
മടങ്ങി വന്നപ്പോഴാണ്
ഇത് സംഭവിച്ചത്.
വീട്ടുകാരറിഞ്ഞില്ല
അവർ കാത്തിരിപ്പെന്ന
ലോഹക്കൂടിനുള്ളിലായിരുന്നു,
ക്ഷമയുള്ള ലോഹത്തെ
ലോകത്തിനുരുക്കാൻ കഴിയില്ല.
നാട്ടുകാരറിഞ്ഞില്ല
അദ്ധ്യാപകരറിഞ്ഞില്ല
അദൃശ്യമാ‍ായൊരു ലോകം തീർത്ത്
അതിനുള്ളിൽ അവർ
അവരെയടച്ചിട്ടിരിക്കയായിരുന്നു.
വിവരമറിഞ്ഞ
സഹപാഠികളിലൊരാൾ
വീട്ടിലേക്ക് വന്നു.
ഉള്ളം കാലുകളിൽ നിന്നും
ചോരയുതിർന്ന് വഴിനീളെ
പൂവുകൾ ചുവന്നിരുന്നു.
ക്യാൻസർ വന്ന്
നാവു മുറിക്കേണ്ടി വന്ന
പൂച്ചയുമൊന്നിച്ച്
ഞങ്ങൾ രണ്ടു പേരും
നിറങ്ങളെ ഒന്നിച്ച്
ചവിട്ടി കുഴച്ചിരുട്ടാക്കുന്ന
ചിലരെ ഇതിനകം
തിരിച്ചറിഞ്ഞിരുന്നു.
രാത്രി കതകിൽ മുട്ട് കേട്ടു,
തണ്ടും തടിയുമുള്ള
നാലുപേർ കയറി വന്നു.
മൂന്നുനാളായി
ലഘുഭക്ഷണം പോലും
കഴിക്കാത്ത ഞങ്ങളോട്
ലഘു ലേഖകളൊന്നും
ചുണ്ടപ്പൂവിട്ട കണ്ണുകൾ ചോദിച്ചില്ല.
മാവോയിസ്റ്റാണോന്ന് ചോദിച്ചു.
നാവില്ലാത്തത്
നഖങ്ങൾ നീളാനൊരു
പോരാ‍യ്മയാവില്ലെന്ന്
പൂച്ച ചൊടിച്ചു.
അടങ്ങടങ്ങെന്നൊരൊച്ച
ഉള്ളിലടക്കിയത്
പൂച്ചയുടെ ആറാമിന്ദ്രിയത്തിലെത്തി
തിരിച്ചു വന്നു.
ചുമരിലെ പെയിന്റിങ്ങ് നോക്കി
നാലാളും പുരികങ്ങളിളക്കി.
ചുമരിലെ പെയിന്റ് നോക്കി
മുസ്ലിമാണോന്ന് ചോദിച്ചു.
പേരു കേട്ടാൽ
ക്രിസ്ത്യാനിയാണോന്ന്
ഇതിനു മുൻപ്
പലരും ചോദിച്ചിട്ടുണ്ടെന്ന്
മറുപടി കൊടുത്തു.
ഏഴുപേരും ചൊടിച്ചു.
പേരു കൊണ്ട്
ജാതിയും മതവുമറിയാൻ
കഴിയാത്ത നാളിതെന്നവർ
നാലുപേരും ചൊടിച്ചു.
ഞങ്ങളുടെ നിറം നോക്കി
ജാതി ചോദിച്ചു.
ഞങ്ങൾ മൂന്നുപേരും
വീണ്ടും ചൊടിച്ചു.
അതു പറഞ്ഞാൽ
അറയ്ക്കുമെന്ന്
ഞങ്ങൾക്കറിയുമായിരുന്നു.
അവരുടെ ഉള്ളിൽ പോയ
പൂച്ചരോമങ്ങൾ അത്രമേൽ
പ്രവർത്തിച്ചു തുടങ്ങിയിരുന്നു.
അവരുടെ ചൂണ്ടുവിരൽ
കാഞ്ചിയിൽ മടങ്ങി.
വെടിയിൽ
ചുമര് പച്ചയ്ക്ക് തുളഞ്ഞു.
അതിൽ നിന്നൊരു ചീള്
മേശപ്പുറത്തേക്ക് തെറിച്ചു.
മഷിക്കുപ്പിയിലെ വിള്ളലിൽ നിന്നും
ചുവന്ന മഷിയൊഴുകി
മേശമേൽ പടർന്ന്
രക്തബന്ധത്തേക്കാൾ
ദൃഢതയേറിയതാണ്
മഷിബന്ധമെന്നെഴുതിയ
കടലാസും കുതിർത്ത്
ഉണങ്ങാൻ വിസമ്മതിച്ച്
മനുഷ്യാകൃതിയിൽ
നിലത്തുമ്മവച്ച് കിടന്നു.
മൂന്നാം നാൾ ഞങ്ങൾ
മടങ്ങി വന്നു,
കുട്ടികൾക്കൊപ്പം.
മടങ്ങി വന്നതിന്റെ
നാലാം നാൾ
ദൈവത്തിന്റെ
ഏഴാം നാളായിരുന്നു.
വിശ്രമത്തിലായിരുന്ന ദൈവം
ഉൽ‌പ്പത്തിയെ പറ്റി
ഉപന്യാസമെഴുതിക്കൊണ്ടിരുന്ന
കുട്ടിയുടെ കടലാസിൽ ഒളിച്ചിരുന്നു,
മനുഷ്യദൈവങ്ങൾ
കാവലാളുകളുടെ വരിയായി.
ഞങ്ങളതിന്മേൽ
മഷിയായി പടർന്നു.
----------------------------

Monday, April 4, 2016

ഒൻ‌പതാം സ്വർ‌ഗ്ഗം / ഡോണ മയൂര


അങ്ങിനെയിരിക്കുമ്പോൾ
(എങ്ങിനെ എന്ന് ചോദിക്കരുത്,
നിന്നെ ഓർത്തുകൊണ്ടെന്നും
സ്നേഹിച്ചുകൊണ്ടെന്നുമെല്ലാം
നമ്മൾ മാത്രം അറിഞ്ഞാൽ മതി)
ഉറുമ്പുകൾ വന്നു.

നിന്നോട് പറയാൻ
കരുതിവച്ചിരുന്ന വരിയിൽ നിന്നും
ഒരു വാക്ക്
അവരുടെ വഴിയിലലേക്ക് വീണു.

ഉറുമ്പുകൾ അത് വായിച്ചു,
തിരിച്ച് പോയി.

അങ്ങിനെയിരിക്കുമ്പോൾ
(എങ്ങിനെയെന്ന്
നീ വീണ്ടും ചോദിക്കും,
ഒന്നുമറിയാത്തപോലെ
അത്രതന്നെ നിഷ്കളങ്കമായി
ഞാനന്നേരം കേട്ടില്ലെന്ന് നടിക്കും)
ഉറുമ്പുകൾ പിന്നെയും വന്നു.

നേരത്തെ വീണ വാക്കിൽ നിന്നും
ഒരക്ഷരം കാലുകൊണ്ട് തട്ടി
അവരുടെ വഴിക്ക് മുന്നിലേക്കിട്ടു.

അക്ഷരം വായിച്ച് തല ഉയർത്തി
നമ്മളെയൊന്ന് നോക്കി
ഉറുമ്പുകൾ തിരിച്ച് പോയി.

അങ്ങിനെയിരിക്കുമ്പോൾ
(എങ്ങിനെയെന്ന്
നീ ചോദിക്കും മുന്നേ
ഞാനൊരുറുമ്പിനെ പോലെ
നിന്റെ ചുണ്ടിൽ കടിക്കും.)
ആ ഉറുമ്പ് വന്നു.

നമ്മുടെകൈയ്യിൽ
ഒരക്ഷരവും ബാക്കിയില്ല.

നമ്മളന്നേരം ഉടൽപോലുമില്ലാതെ
ഒൻപതാം സ്വർഗ്ഗത്തിലുമായിരുന്നു!  ·  
----------------------------------------

Wednesday, November 11, 2015

വെയിൽ‌പ്പൂക്കളാൽ വറ്റിപ്പോയ പെൺകുട്ടി / ഡോണ മയൂര


സങ്കടങ്ങളുടെ
ഇൻസ്റ്റലേഷനുകൾ നിർമ്മിച്ച്
ലോകം തന്‍റേ‍തുമാത്രമാക്കിയ
പെൺകുട്ടി.
ഇൻസ്റ്റലേഷനുകളുടെ ഗൃഹത്തിൽ
സങ്കടത്തിലിറങ്ങി നനഞ്ഞ നായ
കണ്ണീരുകുടയുന്ന ഇൻസ്റ്റലേഷന്‍റെ
വാലുമുറിഞ്ഞുവീണതൊരു
വെള്ളമയിലാകുന്ന ഇൻസ്റ്റലേഷനിലേക്ക്
മഴവില്ലുപോലടർന്നു വീണു.
വാലുപോയ നായ.
ഒഴിഞ്ഞ ആകാശം.
വെയിൽ.
പൊരിഞ്ഞ വെയിലിൽ
വെള്ളമയിലിനെ
സ്നേഹിച്ചു മഴവില്ല്.
വെയിൽ‌പ്പൂക്കളുടെ
ഇൻസ്റ്റലേഷനിൽ
വറ്റിപ്പോയ പെൺകുട്ടി
മറ്റൊരു ദേശത്ത്
കണ്ണീരായി പൊഴിഞ്ഞു.
ഏതു ദേശത്തുമുണ്ട്
പലഭാഷകളിൽ
ഒരേ സങ്കടം.
അന്നന്നുണ്ണും സങ്കടങ്ങൾ
അന്നമുണ്ണും സങ്കടങ്ങൾ
എന്നുമുള്ള സങ്കടങ്ങൾ.
സങ്കടങ്ങളുടെ ഇൻസ്റ്റലേഷൻ
നിറഞ്ഞ ഗൃഹം കാണാൻ
അന്യഗ്രഹങ്ങളിൽ നിന്നും
സന്ദർശകരെത്തി.
പക്ഷെ അവർക്കുമുണ്ട് സങ്കടം,
അവിടെയുമുണ്ട്
ഇതേ ഇൻസ്റ്റലേഷനുകൾ.
-------------------------------------

Sunday, October 18, 2015

മുറികൂടിയ കവിത / ഡോണ മയൂര


ഒടുവിൽ അവർ
ദൂതനെ അയച്ച് ചോദിച്ചു
“ആർക്കു വേണ്ടി
മരിക്കും നിങ്ങൾ,
കവിതയ്ക്ക് വേണ്ടിയോ
നിങ്ങൾക്ക് വേണ്ടിയോ?

കവിക്ക് മുന്നേ
കവിത സംസാരിച്ചു.
“അവർക്ക് വേണ്ടി,
വായിക്കുന്നവർക്ക്
വേണ്ടി മാത്രം.”
വാക്കേറ്റ്
ദൂരേയ്ക്ക് തെറിച്ച് പോയി,
ദൂതന്റെ ഉടവാൾ.
ഉടവാൾ തെറിച്ചതും
അയാളുടെ ഉടലൊരു
വാക്കായി പരിണമിച്ചു.
മറയില്ലാത്തൊരു
ഉടൽ‌വാക്കായി
ദൂതൻ യാത്രയായി.
അതിനു ശേഷം
അവർ ദൂതനെ
തിരഞ്ഞു നടന്നു.
ഉപേക്ഷിക്കപ്പെട്ട
ഉടവാളും,
ദൂതനെന്ന ഉടൽ‌വാക്കും
കണ്ടെത്തി.
ഉടവാളാൽ
ഉടൽ‌വാക്കിനെയും
ഉടൽവാക്കാൽ കവിയെയും
അവർ കൊലപ്പെടുത്തി.
മരണത്തിന്റെ നാവ്
നക്കിപ്പെറുക്കിയെടുത്ത
ചോരയും മാംസവും
വാക്കുകളായി,
ആ വാക്കുകളെല്ലാം
മുറികൂടി വരികളുമായി.
ഒരു മാർക്സിയൻ സ്വപ്നം
എനിക്കുമുണ്ട് കവിതയിൽ
എന്ന് മുറികൂടിയ കവിത
അവരിപ്പോൾ വായിക്കുന്നു.
-------------------------------

Thursday, October 15, 2015

എനിക്ക് ചോളമണികളായ് പൊട്ടി വിടരാൻ കുറച്ച് പൊരിവെയിൽ തരൂ.../ ഡോണ മയൂര


മഞ്ഞുമഴയുടെ നാളുകളിൽ
രാത്രി പുലരുവോളം
മഞ്ഞുവാരി നിറച്ച് തലയിണയും
മെത്തയുമുണ്ടാക്കി കട്ടിലൊരുക്കി
നേരം പുലരുവാനായി കാത്തിരിക്കുന്നു.

കാത്തിരിപ്പിന്റെ വേളകളിൽ
ഘനീഭവിക്കുന്ന മുഷിവകറ്റാൻ
ചർക്കയിൽ നൂറ്റെടുത്ത
മഞ്ഞുനൂലുകൾ കൊണ്ട്
കമ്പിളി പുതപ്പുകൾ നെയ്തെടുക്കുന്നു.
ചൂളക്കുഴൽ വിളികൾക്കൊപ്പം
എന്നും പുലർവേളകളിൽ
മഞ്ഞുവാരിക്കൂട്ടി ഉരുട്ടിയെടുത്ത്
ആകാശത്തേക്ക് ഉരുട്ടി കയറ്റിയും,
ഉരുട്ടി കയറ്റിയ മഞ്ഞുഗോളം
ആകാശത്തിൽ നിന്നും
താഴേക്ക് തള്ളിയിട്ടും
സങ്കടക്കടൽ പെയ്തു തീർക്കുന്നു.
(നീ ഇപ്പോൾ ഓർക്കുന്ന
നാറാണത്ത് ഭ്രാന്തന്റെ പോലൊന്നുമല്ല,
അത് ഒന്നുമല്ല ഒന്നും,
എന്നെ വിശ്വസിക്ക്, അല്ലങ്കിൽ
ഉരുട്ടിയുരുട്ടി കയറ്റുംതോറും
മഞ്ഞുഗോളത്തിന്റെ വലുപ്പവും ഭാരവും
കൂടുന്നതിന്റെ വേദന
എന്നെ പോലെ നീയും
അറിയാനൊന്ന് ശ്രമിച്ച് നോക്ക്,
തോറ്റു പോകും
നിന്റെ നാറാണത്ത് ഭ്രാന്തൻ!)
വിളറിവെളുത്തുപോകുന്ന നിശ്ചലതയിൽ
മഞ്ഞുമഴക്കൊപ്പം താഴേക്ക് വീണ്
ഉച്ചിയുലഞ്ഞുറയുന്ന വേളകളിൽ
അശാന്തമായി മഞ്ഞു കുഴിച്ച് കുഴിച്ച്
വെയിൽ തിരയുകയും,
കടലാസു തോണികളുണ്ടാക്കി
മഞ്ഞിനു മുകളിൽ ഇടുകയും ചെയ്യുന്നു.
വെള്ളത്തിനെയും കാറ്റിനെയും
ഇപ്പോഴെനിക്ക് ഭയമില്ല
എന്റെ കടലാസു തോണിയെ
മുക്കികളയുവാൻ രണ്ടിനും
കഴിയുകയില്ലല്ലോ!
ധ്രുവക്കരടിയായും ഹിമമൂങ്ങയായും
പരകായം ചെയ്തു ചെയ്തു
എനിക്കെന്നെ എന്നേ നഷ്ടമായിരിക്കുന്നു,
എന്റെ നിഴൽ പോലും
വെളുത്തു പോയിരിക്കുന്നു!
എനിക്ക് നിലാവിനായി
നീ കൊടുത്തുവിട്ട വെയിൽ പോലും
ഉറഞ്ഞു പോയിരിക്കുന്നു!
വെയിലിന്റെ മണം തിരഞ്ഞുതിരഞ്ഞ്
വെയിലിന്റെ ഒച്ച തിരഞ്ഞുതിരഞ്ഞ്
മൂക്കിൽ നിന്നും കാതിൽ നിന്നും
ചോര പൊടിയുന്നു.
മഞ്ഞുപാളികളെ അലിയിക്കാൻ
അവയ്ക്കു മുകളിലേക്ക്
വാരിവാരി വിതറുന്ന
ഉപ്പുകല്ലുകളാൽ മൂടപ്പെട്ട്
ഏറെനാളുകളായി തുടരുന്ന
ഈ അതിശൈത്യത്തിൽ
ഞാനുറഞ്ഞു പോയിരിക്കുന്നു.
നാഡീഞരമ്പുകൾക്ക് പകരം
ഉറഞ്ഞുപോയ പുഴകൾമാത്രമാണെന്നിൽ,
അടിത്തട്ടിൽ നിന്നും ചത്തുമലച്ച്
മുകളിലേക്കുയരുന്ന മത്സ്യങ്ങൾ
മഞ്ഞുപാളികളിൽ ചെന്ന് മുട്ടുന്നയൊച്ച
സ്റ്റെതസ്‌കോപ്പിലൂടെയെന്നവണ്ണം
നിനക്ക് കേൾക്കാനാവുന്നുണ്ടോ?
ശൈത്യകാലം കഴിയുന്നുവെന്ന്
രാവു പുലരുവോളം
ഉറക്കെ ചിലച്ചറിയിക്കാറുള്ള
ചീവീടുകളുടെ വീട് എവിടെയാണ്?
ഉച്ചത്തിൽ, ഒന്നത്യുച്ചത്തിൽ ചിലച്ച്
ഈ നശിച്ച മഞ്ഞുകാലത്തെ
ഒന്നോടിച്ച് വിടണേയെന്ന് പറയാൻ
എനിക്കവിടെ വരെയൊന്ന് പോകണം.
വെള്ളയുടെ നിറഭേദങ്ങൾക്കിടയിൽ
ഒരു കറുത്ത നിഴൽ
ഉറഞ്ഞുപോകുവതെയിരിക്കുവാൻ
ആവത് ശ്രമിച്ചുഴറിയുറഞ്ഞ്
മഞ്ഞുശിൽ‌പ്പമാകുന്നതിനോടൊപ്പം
ശിശിരം മൈഥുനത്തിലാകുന്നതിനു മുൻപേ
എനിക്ക് ചോളമണികളായി
പൊട്ടി വിടരാൻ
കുറച്ച് പൊരിവെയിൽ തരൂ
എന്നപേക്ഷിക്കണം!
---------------------------------------------

Wednesday, June 3, 2015

ശരൽക്കാലത്തെ മരങ്ങൾ / ഡോണ മയൂര


ഇലകളും പൂക്കളും
മഞ്ഞയെന്ന് ധ്വനിപ്പിക്കും
ഇലയേത് പൂവേതെന്ന്
അറിയിക്കാതെ ഭ്രമിപ്പിക്കും.

തൃശൂർപൂരത്തിനു
കുടമാറ്റമെന്നതു പോലെ
ചില്ലമേൽ ഇലകളിൽ
നിറങ്ങളെഴുന്നിടും.
പലനിറങ്ങളിൽ
ചുറ്റിലുമിലകളാൽ
പുഷ്പവൃഷ്ടിനടത്തി,
നഗ്നരായ് ഒടുവിൽ
നിങ്ങൾക്കു മുന്നിൽ
നിരന്നീ‍ടും.
ഭ്രാന്തരെന്നന്നേരം
വാക്കെറിയും
മൃതപ്രായരന്നന്നേരം
കണ്ണെറിയും
മൃതശൈത്യമേറ്റു
മരിച്ചുപോയിവരെന്ന്
തീറെഴുതി, നിങ്ങൾ
തീകായുവാനിരുന്നീടും!
ഹിമകമ്പളം
പുതച്ചുറങ്ങിയുമുണർന്നും,
ചില്ലയോട് ചില്ലചേർന്ന്
ഉയിരുകാഞ്ഞും,
കൊടിയശൈത്യങ്ങളെ
അതിജീവിച്ചും,
ഉയിർക്കുമന്നേരം
ശരൽക്കാലത്തെ
മരങ്ങൾ; കവികൾ,
ഋതുകളാൽ മരണമില്ലാത്തവർ!
---------------------------------------

Tuesday, May 26, 2015

തേരൊഴിഞ്ഞ അട്ട / ഡോണ മയൂര


ഒന്നോർക്കുന്ന മാത്രയിൽ നൊന്ത്
അട്ടയെ പോലെ
ചുരുണ്ടുപോകുന്ന ഓർമ്മയെ
ഒരു കുട്ടിയുടെ ജിജ്ഞാസയോടെ
കമ്പുകൊണ്ടുകുത്തിനോക്കി
തൊട്ട് നിൽക്കുന്നതെന്തിന്?

കമ്പിന്റെ തുമ്പിൽ കുത്തിയെടുത്ത്
കമ്പിൽ നിന്നും കൈയ്യിലേക്കുള്ള
ദൂരത്തിന്റെ സുരക്ഷിതത്വത്തിൽ നിന്നും
ദൂരേക്കെറിഞ്ഞ് കളയുന്നതെന്തിന്?
ചി

റി
പ്പോ

പ്പോ
ഴെ
ല്ലാം
മുന്നിൽ ലോകം
അതിലും ചെറുതായി.
ചിതറിയതിൽ നിന്നും
ഒരു കണികയെ പോലും
തൊടാൻ കഴിയാതെ
ലോകം വീണ്ടും വീണ്ടും
ചെറുതായിക്കൊണ്ടിരിക്കുമ്പോൾ,
അട്ടക്കാലുകൾ പോലെ മുറികൂടി
പഴയ ഓർമ്മയിലേക്ക്
ഇഴഞ്ഞ് ചെല്ലുന്നു,
ചുരുണ്ടുപോകുന്നു.
--------------------------------------------

Wednesday, April 29, 2015

ഒറ്റമഴത്തുള്ളി / ഡോണ മയൂര


എത്ര ചെഞ്ചോപ്പാവാൻ ശ്രമിച്ചാലും
പച്ചിച്ച് പോകുന്ന
ഇലകൾ ചേർത്ത് മുഖങ്ങളാക്കുന്ന
ചെടിയിൽ നിന്നും
ഞെട്ടറ്റ് വീഴുന്ന ഞെട്ടലുകൾക്കിടയിൽ
കൈതട്ടിമറിയുന്ന
കട്ടന്റെ കുപ്പിഗ്ലാസ്സ് പോലെ
പറന്നു പോകുന്ന ഉപ്പൻ.

അതേ പച്ചയുടെ നിഗൂഡതയിൽ നിന്നും
പുൽനാമ്പായോ പച്ചിലപ്പാമ്പായോ
പച്ചക്കുതിരയായോ
ഒരായുഷ്ക്കാലം പച്ചപ്പെട്ടത് തീർത്തുവച്ച്
ഒളിഞ്ഞുനോക്കുമ്പോൾ
നീ കാണുകയില്ലായിരിക്കാം.
എന്നാലൊരു വേനൽ മഴയ്ക്കിടയിൽ
ജനാലയിലേക്ക് വീഴുന്നൊരു
തുള്ളിമേൽ നോക്കിയാൽ
തിരിച്ച് നോക്കുന്നതാരെന്നോർത്ത്
ഭയപ്പെടുകയില്ലെങ്കിൽ
ഞാനവിടെയുണ്ടാവും.
------------------------------------------

Monday, March 2, 2015

വായനാന്തം ജീവിതം / ഡോണ മയൂര



വായിച്ചുവായിച്ചിരുന്ന്
പറന്നുപറന്നു പോയി
വേനൽക്കാലങ്ങൾ.
സ്കൂൾ തുറന്നിട്ടും
വായിച്ചിരുന്ന മുറികളിൽ
നമ്മൾ പതുങ്ങിയിരുന്നു,
ചില കഥകളും കവിതകളും
നമുക്ക് പകരം
സ്കൂളിൽ പോയി.
അപൂർവ്വം ചില
കഥകളും കവിതകളും
നമ്മുടെ അനക്കം
തട്ടുന്നുണ്ടോന്നുനോക്കി
പാത്തുപതുങ്ങി
മുറികളിൽ നിന്നു,
ശ്രദ്ധിക്കുന്നില്ലെന്നുകണ്ട്
അവയിൽ ചിലത്
കുറുകെ ചാടി.
കണ്ടില്ലെന്ന്
കണ്ണടച്ചപ്പോൾ
നാവുപൊള്ളിയ
കരച്ചിൽ കേട്ടു.
എന്നിട്ടും ചിലത്
നമ്മളെ കണ്ടുപിടിച്ചു
എന്നെയുമെന്നെയുമെന്ന്
തിക്കിത്തിരക്കിവന്ന് നമ്മിൽ
പരകായം ചെയ്തു.
വായിക്കുന്നവരെ പറ്റി
കഥകൾക്കും
കവിതകൾക്കുമൊക്കെ
എന്തറിയാം.
പൂമ്പാറ്റകളുടെ ചിറക്
പിച്ചിയെടുത്തുശീലിച്ചൊരാൾ
കാഫ്കയെ വായിച്ചിട്ട്
മഞ്ഞപ്പാപ്പാത്തിയെന്ന് കരുതി
പുലിയെ പിടിച്ച കഥ
മെറ്റമോർഫസിസിന്
അറിയുമോ.
പൂമ്പാറ്റകളിൽ
അയാളുടെ മുരൾച്ച
അടയാളപ്പെട്ടതുപോലെ
ആദ്യമായൊരു പൂമ്പാറ്റയുടെ
മുരൾച്ചകേട്ടയാളെന്ന്
ആരും അയാളെ
അടയാളപ്പെടുത്തിയിട്ടില്ല.
വായനയ്ക്ക് ശേഷമുള്ള
കഥകൾ അറിയുന്ന
ഞങ്ങളിൽ ചിലർ
രാത്രി പാറ്റയും
പകൽ പൂമ്പാറ്റയുമെന്ന
കവിതയായി.
---------------------

Saturday, October 18, 2014

കൂവൽ / ഡോണ മയൂര



വീട്ടിലിനിയിരുത്തുവാൻ
കൊള്ളുകയില്ലെന്നു ചിലമ്പി
ഉപേക്ഷിച്ചു പറന്നു പോയ
പക്ഷിയെ തിരഞ്ഞ്

വെയിൽ ജനാലവഴി
വരച്ചിട്ട ഏണി
കാറ്റിന്മേൽ ചാരി-
വച്ചതിന്മേലേറി
വന്നെത്തിനോക്കാറുണ്ട്

ഒരു ഋതുവിൽ നിന്നും
മറ്റൊന്നിലേക്ക്
പറന്നു പോയ
പക്ഷിക്ക് പിന്നാലെയതിനെ
തിരഞ്ഞുപറക്കുന്ന
ഒരു തൂവലിന്റെ കൂവൽ.

Wednesday, October 15, 2014

നാല് പൂച്ച കവിതകൾ / ഡോണ മയൂര


ഒന്ന്:
നമ്മളുരുണ്ടുമറിഞ്ഞു കളിച്ച
ഏതു ചെമ്മൺ പാതകളാണ്
നമ്മുടെ പൂച്ചകളെ
കുറുക്കനായി ചെഞ്ചോപ്പിച്ചത്,
നിന്റെ കുതിരയും എന്റെ മുയലും
കൊമ്പുകൾ കുലുക്കുന്നൂ
പരസ്പരം ചോദിക്കുന്നു!

രണ്ട്:
ഒപ്പം നിന്നു വെന്തതിന്റെ
അപ്പം തിന്നാതെ
കപ്പം പറ്റാനെത്തിയിരിക്കുന്നു
കള്ള പൂച്ചകൾ.

മൂന്ന്:
മിയാ കുൽ‌പ എന്ന് കരയുന്ന
പൂച്ചകളെയെങ്കിലും
മ്യാവൂ മ്യാവൂ എന്ന്
മലയാളപ്പെടുത്താതിരിക്കണേ…

നാല്:
വെളുത്ത പൂച്ചയൊരെണ്ണം വാങ്ങും.
കണ്ണടച്ച് പാലു കുടിക്കുമ്പോൾ
ആരും കാണില്ലതിനെ
പാല് തൂവിയതാണെന്ന് കരുതും!

Tuesday, October 14, 2014

തേജോമയമായ പകൽ /ഡോണ മയൂര



കൃഷ്ണമണികളില്ലാത്ത
കണ്ണുകളിലേക്ക്
അറിവിന്റെ മഷിത്തുള്ളിയിറ്റിച്ച്
കാലം കാഴ്ച്ച നൽകി.

തേജോമയമായ പകലിലേക്ക്
മറുതുള്ളിയിറ്റിച്ച് രാത്രിയുമാക്കി.

അറിവിന്റെ ആദ്യപടിയിൽ
കൈകൾ വിടർത്തി
കുരിശടയാളമായവർ
വഴിമുടക്കി.

കല്പിത കഥകൾ
ഏറ്റുപാടുന്ന
പക്ഷികളെ അവർ സൃഷ്ടിച്ചു.

വാസസ്ഥലങ്ങളിൽ
കൃത്രിമ ഗന്ധങ്ങൾ തളിച്ച്
വസന്തമെന്ന് ധ്വനിപ്പിച്ചു.

വിവേകം നഷ്ടപ്പെടാത്തവർ
മണ്ണിൽ നിന്നും
വീണ്ടുമെല്ലാം പണിതുയർത്താൻ
കണ്ണുകളിലെ മഷി
ഇരുണ്ട പകലിന് പകർന്നു നൽകി.

നെഞ്ചു തുരന്ന്
പുറത്തെടുത്ത അറയിലെ
ഫോസിലുകളിലേക്ക് തിരിനീട്ടി.

പ്രകാശരശ്മികൾ ആകാശത്തിലേക്കും
ആഴങ്ങളിലേക്കും പ്രതിഫലിച്ചു.

തേജോമയമായ പകൽ
പുനർജ്ജനിച്ചു.

Sunday, September 28, 2014

ഇല്ല ഇല്ല എന്ന് ഇലകൾ /ഡോണ മയൂര

പകൽവേളകളിൽ
ശരത്കാലത്തെ റോഡുകൾ
നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തെ
ഓർമ്മിപ്പിക്കുന്നതു പോലെ
ഒരു മുഖം
എത്ര മുഖങ്ങളെയാണ്
ഓർമ്മിപ്പിക്കുന്നത്!

ഒരാൾ വരുമ്പോൾ
അവരെയെല്ലാവരെയും
മുന്നിലേക്ക് കൊണ്ടു വരുന്നു.

വന്നയാൾ മടങ്ങി പോകുമ്പോൾ
വരാത്തവരെ കൂടി
കൂടെ കൂട്ടിക്കൊണ്ടു പോകുന്നു,
വന്നു പോയ വഴിയിൽ
ഇല്ല ഇല്ല എന്ന് ഇലകൾ!
---------------------------------------

നാല് പൂച്ച കവിതകൾ

ഒന്ന്:
നമ്മളുരുണ്ടുമറിഞ്ഞു കളിച്ച
ഏതു ചെമ്മൺ പാതകളാണ്
നമ്മുടെ പൂച്ചകളെ
കുറുക്കനായി ചെഞ്ചോപ്പിച്ചത്,
നിന്റെ കുതിരയും എന്റെ മുയലും
കൊമ്പുകൾ കുലുക്കുന്നൂ
പരസ്പരം ചോദിക്കുന്നു!

രണ്ട്:
ഒപ്പം നിന്നു വെന്തതിന്റെ
അപ്പം തിന്നാതെ
കപ്പം പറ്റാനെത്തിയിരിക്കുന്നു
കള്ള പൂച്ചകൾ.

മൂന്ന്:
മിയാ കുൽ‌പ എന്ന് കരയുന്ന
പൂച്ചകളെയെങ്കിലും
മ്യാവൂ മ്യാവൂ എന്ന്
മലയാളപ്പെടുത്താതിരിക്കണേ…

നാല്:
വെളുത്ത പൂച്ചയൊരെണ്ണം വാങ്ങും.
കണ്ണടച്ച് പാലു കുടിക്കുമ്പോൾ
ആരും കാണില്ലതിനെ
പാല് തൂവിയതാണെന്ന് കരുതും!