Showing posts with label ജയദേവ് നയനാർ. Show all posts
Showing posts with label ജയദേവ് നയനാർ. Show all posts

Thursday, April 6, 2017

ഒറ്റ / ജയദേവ് നയനാർ


എന്ത് ധൈര്യത്തിലാണ് 
ഒരായിരം കിളികൾക്ക്
പറക്കാൻ ഈ ആകാശത്തെ
എന്നുമിങ്ങനെ നിവർത്തി
ഒട്ടും ചുളിവില്ലാതെ
വിരിച്ചിടുന്നത്?
അവയുടെ കൊക്കുകൾ
കൊണ്ടോ കൂര്ത്ത നഖം
കൊണ്ടോ ഒന്ന് പോറിയാൽ
തുളഞ്ഞുപോകാവുന്നതെയുള്ളൂ.
രാത്രികളിൽ കാണാം
ആ പോറലുകളിൽക്കൂടി
വെളിച്ചം ചോരുന്നത്.
ആരോ കരഞ്ഞതത്രയും
ചാറ്റലായി പെയ്യുന്നത്.
.
എന്ത് ധൈര്യത്തിലാണ്
മീനായ മീനിനെയൊക്കെയും
വേവിച്ചെടുക്കാനിത്ര കുറച്ച്
വെള്ളം കടൽക്കറിച്ചട്ടിയിലും
പുഴച്ചട്ടിയിലും നിറക്കുന്നത്?
 അവയുടെ ചുണ്ടുകളൊന്ന്
തൊടുകയേ വേണ്ടൂ
വെള്ളമത്രയും
ഒപ്പിയെടുക്കാൻ.
ഒഴുക്ക് കട്ടിയാകുമ്പോൾ
കാണാം അവ നിന്നിടത്ത്
അനങ്ങാതെ നില്ക്കുന്നത്.
.
എന്ത് ധൈര്യത്തിലാണ്
ഓരോ പൂമൊട്ടിനേയും
മുല്ലയെന്നും പിച്ചിയെന്നും
റോസയെന്നും വെവ്വേറെയായി
വിരിയിച്ചെടുക്കുന്നത്.
----------------------------------------------

Wednesday, February 22, 2017

അവനവന്‍കുരുതി / ജയദേവ് നയനാർ


ഈ ഏറ്റുപറച്ചിലൊക്കെ 
 കുറച്ചു നേരത്തെ
സംഭവിക്കേണ്ടതായിരുന്നു
ഓരോ കാരണം കൊണ്ട്
മാറിപ്പോയെന്നേ ഉള്ളൂ.
ഇത്തവണ ഏറെ നിറം കൊടുത്ത്
തന്നെ വരയ്ക്കണമെന്നും
വിചാരിച്ചു. അതിനു വേണ്ടി
കടുത്ത കുറെ നിറങ്ങള്‍
കരുതിവെച്ചിരുന്നു. സൂര്യനെ
പിഴിഞ്ഞ് ചെഞ്ചായം.
കാടരച്ചു പച്ചിലച്ചായം.
പുഴയരിച്ചു വെള്ള.
കടല്‍ കുഴച്ചു നീല.
അപ്പോഴെക്കുമല്ലേ, ഒരു
കാറ്റു വന്നു കൂടെപ്പോകാം
എന്ന് മുടിയഴിച്ചിട്ടത്.
വന്നേ തീരൂ എന്നൊരു
മഴ കരഞ്ഞു കലങ്ങിയത്.
പിടയ്ക്കുന്ന ദൂരങ്ങള്‍ വന്ന്
പുടവത്തുമ്പില്‍ കടിച്ചുനിന്നത്.
അവരോടെക്കെയും ഓരോന്ന്
പറഞ്ഞു നടന്നു നടന്നാലതാണ്
പ്രശ്നം. നമുക്ക് സ്വയം
പറയാനുള്ളത് മുഴുവന്‍
അതിന്റെ പാട്ടിനു പോകുമല്ലോ.
അതും കഴിഞ്ഞു, വീണ്ടും ഇത്തവണ
എറ്റുപറയാനുള്ളത്‌ മൊത്തം
പ്രസാദാത്മകമായി തന്നെ
പറയണമെന്നും വാശിയായി.
അതിനായി, ഒരു നാട്ടുപുള്ളിന്റെ
 ശബ്ദം കടമെടുത്തുവച്ചിരുന്നു..
ഒരു കാട്ടാറിന്റെ മെയ് വഴക്കം
നേരത്തെ അറിഞ്ഞുവച്ചു. .
 വിരലുകളില്‍ ഒരു മാന്‍പേടയുടെ
കാല്‌ക്കുതിപ്പ് നിറച്ചിരുന്നു.
അപ്പോഴെക്കുമല്ലേ, വീണ്ടും
ഒരു പുഴു വന്നൊരു ചിറക്
വച്ചുതരുമോ എന്നാരായുന്നത്.
ഒരു നിശാശലഭം വന്ന്
ചിറകില്‍ ചിത്രമെഴുതുമൊ
എന്ന് യാചിക്കുന്നത്‌.
ഒരു പുഴ അതിന്റെ ഒഴുക്ക്
തിരിച്ചു ചോദിക്കുന്നത്.
ഒരു മഴ അതിന്റെ തണുപ്പ്
തിരിച്ചെടുക്കുന്നത്.
കവിതയിങ്ങനെ കറുത്തുകെട്ടി
കാറിക്കരഞ്ഞു നില്‍ക്കുമ്പോഴേക്കും
നനഞ്ഞുകുതിര്‍ന്നുതുടങ്ങുന്നല്ലോ.
------------------------------------------------------------

Wednesday, November 9, 2016

ഒളിപ്പാർപ്പ് / ജയദേവ് നയനാർ


മത്സ്യകന്യകൾ
കുളിച്ചു താമസിക്കുന്ന
കടലിലെ വീടിനടുത്തുവേണം
എനിക്ക് ഒളിച്ചുപാർക്കാൻ.
മറ്റൊന്നിനുമല്ല.
എന്നിട്ട് വേണം
കടലിലാകെ
ഉമ്മകൾ കലക്കാൻ.
മറ്റൊന്നിനുമല്ല.
ചെമ്പരത്തി പോലെ
ചുവന്ന ചെകിളപ്പൂക്കളിൽ
കടൽ വെന്തുരുകിയ
പരലുകൾ
പറ്റിപ്പിടിച്ചിട്ടുണ്ടോ
എന്നറിയണം.
------------------------------

Saturday, September 3, 2016

കനം / ജയദേവ് നയനാർ


പണ്ടേക്കുപണ്ടേ
മഴ നനഞ്ഞ്
നിറമിളകി -
പ്പരന്നതാണ്.
നനഞ്ഞുപോയ
ഒറ്റക്കണ്ണിലേക്ക്
ആയത്തിൽ
വളച്ചതാണ്.
കാറ്റിന്റെ
ഒറ്റയിഴയിൽ
ഞാൺ വലിച്ചതാണ്.
എന്നിട്ടാണിപ്പോഴും
മിഴിക്കോണിലൊരു
കാറു വന്നുനിന്ന്
പടരുമ്പോഴൊക്കെയും
ആകാശമേ
ആകാശമേ
എന്ന്.

------------------------

Saturday, January 30, 2016

മടിച്ചി / ജയദേവ് നയനാർ


വാക്കുകൾ കൊണ്ടുള്ള
വാർക്കപ്പണിക്ക് വന്നവൾ
ഓർമകൾ അഴിച്ചുടുക്കുന്നത്
എന്തിനാണെന്നാണ്.
ഉപയോഗിച്ചു പഴകിയ
ഉടൽ തന്നെയാണ്.
അയയിൽ കിടന്നുണങ്ങി
നിറം പിണങ്ങിപ്പോയ
ഏതോ തിടുക്കമാണ്
വാരിവലിച്ചുചുറ്റിയത്.
പിഞ്ഞിപ്പോയ ഓർമ
അവളോട് പണിക്കിടെ
പറയുന്നുണ്ടാവും.
അവളത് പതുക്കെ
മൂളിക്കേൾക്കുന്നുണ്ട്.
എപ്പോഴൊക്കെയോ നമ്മൾ
ജീവിച്ചിരുന്നെന്ന നുണ
വിശ്വസിച്ചിരുന്ന കാലത്ത്
ശ്വസിച്ചിരുന്ന ഒരു കവിൾ
ജീവിതത്തെക്കുറിച്ച്
പറയുന്നുണ്ട്. അതിന്റെ
ഞെട്ടലിൽ അവൾ
മൂളിക്കേട്ടു പോകാൻ
മറക്കുന്നുണ്ട്.
എപ്പൊഴൊക്കെയോ നമ്മൾ
മരിച്ചു പോയിരുന്ന കാലത്ത്
തിരിച്ചറിയാതെ പോയ
ഒരു അടയാളത്തെക്കുറിച്ചോർത്ത്
വാർക്കയ്ക്കിടയിൽ
ഇറങ്ങി വരുമ്പോൾ
കാലിടറുന്നുണ്ട്.
വാർക്കപ്പണിക്കിടയിൽ
ഓർമകളിച്ചടുക്കുന്നവൾ
ഒരു വാക്ക് കൊണ്ടു പോലും
ഇക്കാലമത്രയും ഒരു
കൂര പോലും വച്ചില്ലെന്ന് .
ഒരു വാക്കിനകത്തുമിന്നേവരെ
കിടന്നിട്ടില്ലെന്ന് .
ആകാശത്തിന്റെ
വാർക്കപ്പണിക്കാരി.

--------------------------

Friday, January 29, 2016

തൊണ്ടയിലെ ഈ മുള്ള് / ജയദേവ് നയനാർ


വാതില്‍ക്കല്‍
മുഖമൊളിപ്പിക്കുന്നത്
ആരുമാവാം, പക്ഷെ
കാറ്റെന്നെപറയാവൂ.
മനസിലേക്കൊരു
വിരല്‍ നീട്ടുന്നത് മരണമാവാം, പക്ഷെ
ഓര്‍മയെന്നെ പറയാവൂ.
കരളിലേക്കൊരു
മൂര്‍ച്ചയിറക്കുണ്ട്
കാലമാവാം, പക്ഷെ
കാമമെന്നേ പറയാവൂ.

കൊറ്റിയുടെ മുഖമെന്നു
മനസിലുണ്ടിപ്പോള്‍.
വരിഞ്ഞുമുറുകിയ
ഒരു മീന്‍കുഞ്ഞ്
തൊണ്ടയില്‍ പരതുന്നു.

കഴുത്തില്‍ കയര്‍ മുറുകിയ
ഒരുപുഴയുടെ ശബ്ദവിലാപം
തൊണ്ടയിലിഴയുന്നു, പക്ഷെ,
മുള്ളെന്നെ പറയാവൂ.

ആകാശത്ത് ആര്‍ക്കോ
വേണ്ടിയൊരു വെടിയൊച്ച.
'അരുത് കാട്ടാളാ'
എന്നേ പറയാവൂ.

അകത്തെന്നുമെന്തോ
മുറിയുന്നു, പക്ഷെ
ആത്മഗതമെന്നെ പറയാവൂ.

വരും വരുമൊരു നാളൊരു
കുറുനരി എന്നെ
സമാധാനിക്കാവൂ..
----------------------------

Thursday, January 28, 2016

ഭൂമിയാഴം പി ഓ / ജയദേവ് നയനാർ


ഒരു പൂവിതളിൽ
ഒളിച്ചുതാമസിക്കുന്നതിനിടെ.
തൊട്ടടുത്ത പച്ചിലക്കൊപ്പം
പൂവ് ഒളിച്ചോടിയതാണ്.
ഒരു പൂവിന്റെ ഇലയുടെ
അനിവാര്യ വിധിയെന്നും മറ്റും
മരങ്ങൾ കരഞ്ഞു നിൽക്കെ
എന്നെ ഞാനല്ലാതെ മറ്റാര്
തിരഞ്ഞു കണ്ടുപിടിക്കുമെന്ന്
ഓർത്തതല്ലാതെ.
.
ഒരു പെണ്ണുടലിൽ
അവൾ പോലുമറിയാതെ
ഒരർബുദ കോശമായി
വളർന്നുതിമിർക്കുന്നതിനിടെ .
കൈത്തണ്ടഞരമ്പിൽ കുത്തിയ
കുഴൽക്കിണറിൽ നിന്ന്
ചോര വാർന്നുവാർന്നാണ്.
ഇടതു മുലയ്ക്കടിയിൽ നിന്ന്
മരണക്കുറിപ്പ് കണ്ടെടുത്ത്
വായിക്കപ്പെടുന്നതിനിടെ .
എന്നെ ഞാനല്ലാതെ മറ്റാര്
ഒളിച്ചു കടത്തുമെന്ന്,
വായിക്കപ്പെടാതെ പോകണമെന്ന് ,
ഓർത്തതല്ലാതെ.
.
ഓരോ കാലത്തും
ഞാനെന്ന തോന്നലായിരുന്നു
എന്റെ മേൽവിലാസം .

---------------------------------------

നിവേദിത / ജയദേവ് നയനാർ


ഒരുവൾ തനിച്ചുവരും.
വളഞ്ഞതെല്ലാം
നിവർത്താമെന്ന് പറഞ്ഞ്.
തട്ടിൻപുറത്തെ ആ
മഴവില്ലെടുത്തു കൊടുത്തേക്ക്.
അതിന്റെ നിറങ്ങളെല്ലാം
അഴിച്ചുവച്ചേക്കണം.
നിറങ്ങളുടെ വളവും
നിവർത്തിക്കളയും.
ചുവപ്പിനെ നിവർത്തി
ചോര കക്കിക്കളയും.
പച്ച, നീല ,വയലറ്റ് .
നിറത്തെ പിന്നെയൊരിക്കലും
നിറമല്ലാതാക്കിക്കളയും.
പിന്നെ നിനക്ക്
നീല നിറത്തിൽ
കരയാനായില്ലെന്നു വരും.
പിന്നെ നിനക്ക്
ചുവന്ന നിറത്തിൽ
വിയർക്കാനായില്ലെന്നു വരും.
നീ വെറും വെള്ള വിയർക്കും.
നീ വെറും കറുപ്പ് ഓർക്കും.
മുറ്റത്തിരുന്നു പണിയാമെന്ന്
ആ ഒരുവൾ പറയും.
മുറ്റം മടക്കിയെടുത്ത്
അകത്തു വച്ചേക്ക്
മുറ്റം കാണാനില്ലെന്നോ
മറ്റോ പറഞ്ഞേക്ക്.
വിശ്വസിച്ചേക്കും.
ഇടയ്ക്കിടയ്ക്ക് ദാഹിക്കുന്നു
എന്നു പറഞ്ഞു വരും.
കിണർ അതിന്റെ
വീട്ടിൽ പോയെന്നോ
മറ്റോ അഭിനയിച്ചേക്ക്.
പണിതു പണിത്
നടുനിവർത്തണമെന്നാവും.
കിടപ്പുമുറി ഉറക്കത്തിനൊപ്പം
ഒളിച്ചോടിയെന്നോ മറ്റോ
കരഞ്ഞു കാണിക്ക്.
.
കാറ്റേ, പലവട്ടം
പറഞ്ഞിട്ടുണ്ട്.
ഹുക്ക് പൊട്ടുന്ന
ബ്ലൗസ് പാടില്ലെന്ന് .
ഒരു തോർത്തെങ്കിലും
കുറുകെയിടണമെന്ന് .
--------------------------

Wednesday, November 11, 2015

ഊരാച്ചുണ്ട് / ജയദേവ് നയനാർ


ഇങ്ങനെയെന്നാൽ കൂടെ
നടക്കാൻ കൊണ്ടു പോവില്ല
നിന്നെ, ഉടലേ.
കരയിൽ പുഴയഴിച്ചിട്ട
തുണിയപ്പാടെയും കൊണ്ട്
നീയോരോ മരം വച്ച്
വച്ചുപിടിപ്പിക്കുന്നുണ്ട്.
പാട്ടുസാധകം ചെയ്യുന്ന
കിളികളെ ചുറ്റിലും
മിണ്ടാതിരുത്തുന്നുണ്ട്.
മീനുകൾ നീന്താൻ പഠിക്കുന്ന
സ്കൂളിനെ കടലെന്ന്
പരിഹസിക്കുന്നുണ്ട്.
ഇലകൾക്കുടുപ്പ് തയ്ക്കുന്ന
തുന്നൽക്കാരിയോട്
ഒരുടുപ്പൊരുടുപ്പെന്ന്
പ്രലോഭിപ്പിക്കുന്നുണ്ട്.
ഓരോ ഉറക്കത്തിലും
വന്നു പെയ്യുവാൻ മേഘമേ
നിനക്കെത്ര വെള്ളമെന്ന്
അസൂയപ്പെടുന്നുണ്ട്.
മാലപ്പടക്കത്തിൽ
പൊട്ടാതെ കിടന്ന ഒന്നിനെ
കാട്ടുതീയിട്ട്
മോഹിപ്പിക്കുന്നുണ്ട്.
.
ഇങ്ങനെയെന്നാൽ
കൂടെക്കിടത്തുകയുമില്ല.

--------------------------------------

Tuesday, November 3, 2015

കണ്ണെഴുത്ത് / ജയദേവ് നയനാർ



ഒരുവേള ഇത്രയധികം വാഴ്ത്തപ്പെടാനെന്തിരിക്കുന്നു
എന്നാവാം. അല്ലെങ്കില്‍ പേര്‍ത്തും പേര്‍ത്തും
തള്ളിപ്പറയപ്പെടുന്നതിലെന്തിരിക്കുന്നു എന്നോ.
നീ കുന്തിരിക്കം പുകയുന്ന ഒറ്റുമുറികളിലെ
ഒച്ചയടച്ചുപോയ നിലവിളികളിലൊന്ന്.
നീ പിറന്നുവീഴുന്നതിനു മുന്നേ
മായ്ച്ചുകളയപ്പെട്ട ഒരോര്‍മ.
.
ആകാശത്തെ അടുത്തേക്കു വാ എന്നുവിളിക്കും.
അപ്പപ്പോള്‍ വിരിയുന്ന ഓരോ കാറ്റിനും കണ്ണെഴുതും.
ഇടയ്ക്കു തെന്നിവീഴുന്ന തേങ്ങലിനെ
പിന്നേയും പിന്നേയും കാലി‍ല്‍ നടത്തും.
നിലാവു കാട്ടി ഇരുട്ടിന്‍റെ വായിലേക്ക്
ഒരുരുള നിറച്ചുവയ്ക്കും.
കാറ്റില്‍ വിറയ്ക്കുന്ന നാളത്തെ
കൈവെള്ളയില്‍ കിടത്തിയുറക്കും.
എന്നിട്ട്, ഉറക്കം വരാതിരിക്കുന്ന
അത്താഴത്തിന്‍റെ നേരെ നോക്കിയിരിക്കും.
വാതില്‍ക്കല്‍ ഓരോ അനക്കത്തെയും
മകനേ മകനേ എന്നോര്‍ക്കും.
.
മുറ്റത്തുനിന്നൊരു പച്ചില പറിച്ച്
ഓര്‍മയില്‍ കൊണ്ടുനടക്കും.
പേരറിയാത്ത ഓരോ പൂമ്പൊടിയെ
ഓരോ പേരിട്ടു മണക്കും.
കാട്ടിലേക്കുള്ള വഴിയില്‍ നിന്ന്
തേനീച്ചക്കൂട്ടങ്ങള്‍ വരുന്നത് കാണിക്കും.
കാണാത്ത ദൂരത്തിനപ്പുറത്ത്
ആരോ വരുന്നുണ്ടെന്ന് ഉറപ്പിക്കും.
എന്നിട്ട്, കറുത്തുതുടങ്ങുന്ന പകലിനെ
എന്തായിന്നിത്ര തിടുക്കമെന്ന് ശാസിക്കും.
സന്ധ്യയുടെ ഓരോ നിറത്തെയും കൊണ്ട്
മകനേ മകനേ എന്നു കണ്ണെഴുതും.
.
നീ മരിച്ച ശേഷം
അമ്മയായവള്‍.

----------------------------------------------

Tuesday, October 13, 2015

അടുത്ത തേങ്ങലിനു ശേഷം കരച്ചില്‍ തുടങ്ങുന്നതായിരിക്കും / ജയദേവ് നയനാർ



ഇരുചെവി അറിയാതെ വേണമെന്ന്
പറഞ്ഞിരുന്നതാണ്.
ഒരു മുല വന്നു പാതിരാത്രിയില്‍
വാതിലില്‍ തട്ടിവിളിക്കരുതെന്ന്
പറഞ്ഞിരുന്നതാണ്.
വാതിലില്‍ അതിന്‍റെ മുഴക്കം.
അതെത്രയാണെന്ന് വിചാരിച്ചാണ്.
ലോകം ഉറങ്ങിക്കൊണ്ടിരിക്കെ
ഒരു മുല ഒറ്റയ്ക്ക്
അതും ഇരുട്ടത്ത്
അതും ഒറ്റവാതില്‍ക്കല്‍.
മുട്ടുമ്പോഴേക്കും തുറക്കാന്‍ പറ്റിയ
പല വാതിലുകള്‍ ഉണ്ടായിരിക്കെ.
ഓരോന്ന് പയ്യെത്തുറന്ന്.
ഓരോ ആളെ പയ്യെ വിളിച്ച്.
ഉറക്കത്തില്‍ വിളിച്ചുകൊണ്ടുപോകാനിരിക്കെ.
ഉണര്‍ന്നുപോയെങ്കിലോ
എന്നു വിചാരിച്ചാണ്.
.
ഇരുചെവിയറിയാതെ വേണമെന്ന്
പറഞ്ഞിരുന്നതാണ്.
ചെവിയിലൊഴിക്കുന്ന തരം
വെളുത്തീയത്തിന്‍റെ കട
സ്വപ്നത്തിലെത്ര
തുടങ്ങിക്കഴിഞ്ഞിരുന്നതാണ്.
ചെവിക്കുട കടന്ന് ഒരൊച്ചയും
അകത്തെത്തിക്കൂടാത്തതാണ്.
പലയൊച്ചകള്‍ കേട്ട്
പലയച്ചുകളില്‍ പെട്ട്
തുലഞ്ഞുപോയതാണ്.
ഈയം ചെവിക്കുള്ളിലൂടെ
ഒഴുകിനിറയുമ്പോഴത്തെ
പല ഒച്ചകളോരോന്നായി
ചുരുങ്ങി ഒരൊച്ച മാത്രമായി
പിന്നെ ഒന്നുമില്ലാത്തതായി.
ഒരൊച്ചയുമില്ലാത്തൊരൊച്ച
ഉള്‍ച്ചെവിയുടെ ചെണ്ടപ്പുറത്ത്.
അതുണ്ടാക്കുന്ന മുഴക്കം.
അതെത്രയെന്നു വിചാരിച്ചാണ്.
.
ഇരുചെവിയറിയാതെ വേണമെന്ന്
പറഞ്ഞിരുന്നതാണ്.
മഴയെന്നു പരിഭാഷപ്പെടുത്തി
ഒരു തുള്ളിമേഘം തൂളുന്നത്.
തൊടിയിലെ തൊഴുത്തില്‍
നാലുകാലില്‍ നിന്ന്
പാലെന്നു വിളിക്കുന്നത്.
കഞ്ഞിപ്പാത്രത്തില്‍ വിരലുകൊണ്ട്
മരിച്ചുപോയ ഒന്നിനെ
തപ്പിയെടുക്കുന്നത് .
മരത്തിനടിയിലേക്ക് ഒരു തണല്‍
മഹാമൗനത്തിലേക്ക്
ഇറങ്ങിപ്പോകുന്നത്.
വാതില്‍ തുറക്കെ കണ്ണിലേക്ക്
ഒരു കളിപ്പാട്ടം പെട്ടെന്ന്
ശബ്ദിച്ചുതുടങ്ങുന്നത്.
.
ഉറക്കത്തില്‍ ചായം തേക്കുന്നവന്റെ
ഉറക്കമാണ് ശരിക്കുമുറുക്കം.
പല നിറങ്ങളിലേക്ക് സ്ഖലിച്ച്.
--------------------------------------

Tuesday, July 7, 2015

ഉള്ളാൾ / ജയദേവ് നയനാർ


കാറ്റു നോറ്റിരിക്കാനുള്ള
ഒരു പുൽനാമ്പിന്റെ.
കടൽ തിളപ്പിക്കാനുള്ള
ഒരു തുള്ളി നീലയുടെ.
ഭുമിയായിപ്പൂക്കാനുള്ള
ഒരു മണ്ണാങ്കട്ടയുടെ.
ഒരു തിടുക്കമാകാനുള്ള നിന്റെ.
വേരറ്റുപോകാനുള്ള എന്റെ.
ഇരുട്ടു കൊളുത്താനുള്ള നമ്മുടെ.
കളിപ്പാട്ടങ്ങളഴിച്ചു നോക്കുമ്പോഴാണ്
അതെന്തിനെയോ
ഭാവിച്ചു കാണിക്കുന്നതായി
ഉള്ളാൽ കൊണ്ടുപോകുന്നത്.
പോസ്റ്റ്മോർട്ടത്തിനുശേഷം
അകത്തെല്ലാം വലിച്ചുവാരിയിട്ട്
തുന്നിക്കെട്ടിയതിനെ
ഉടലെന്ന് ഉടലെന്ന്
അവകാശപ്പെടുന്നതുപോലെ.

--------------------------------------

Friday, June 26, 2015

വ്യാജസൂയം / ജയദേവ് നയനാർ


 ഒരു തുന്നാരൻ ഇലയിൽ
തയ്യൽക്കട നടത്തുന്നിടത്ത്
വെളിച്ചം മേഘക്കവലയിൽ
പെയിന്റ് പീടിക തുറന്നിടത്ത്
ഒരു പൂമ്പാറ്റ കാറ്റുചില്ലയിൽ
ഉമ്മപ്പള്ളിക്കൂടം വച്ചിടത്ത്
മണ്ണിരകൾ ആകാശത്ത്
മരം നഴ്സറി കുഴിച്ചിട്ടിടത്ത്.
അവിടെയെവിടെയും നോക്കില്ല.
ഉറുമ്പുകളുടെ വീട്ടിലേക്കുള്ള
വഴിയിൽ കാത്തു മടുത്ത്
നോക്കിനിൽപ്പുണ്ടായിരിക്കും
നമ്മളെന്ന് നുണ പറഞ്ഞ്
വഴക്കിൽത്തോറ്റ്, നീ.

-------------------------------

Wednesday, June 3, 2015

കളിയാക്കുന്നു .. / ജയദേവ് നയനാർ


രണ്ടുപേരും ഒരുപോലെ
ജയിച്ചെഴുന്നേല്‍ക്കുന്ന
കളിയൊന്നുണ്ടായിരിക്കണമെന്ന്
നീ വാശി പിടിക്കാതെ.
ഭൂമിയിലെ അവസാനത്തെ
മരച്ചില്ലയില്‍ കൂടുവയ്ക്കാന്‍
ശ്രമിക്കുന്ന കിളിയും ഇലയും
രണ്ടുപേരുമൊരുപോലെ
കളി തോല്‍ക്കും.
പണ്ടു നമ്മളിരുവരും
ഒരുമിച്ചിനിയൊരിക്കലും
ജയിക്കാത്തവണ്ണം
തോറ്റതു പോലെ...

-----------------------

Friday, May 29, 2015

ഉള്ളാൽ / ജയദേവ് നയനാർ


.
മയിലേ നീ, യെനിക്കെറിഞ്ഞു
തന്ന ഒരു പീലി.
വെയിലേ നീ, യെന്നെയാകെ
നനച്ചുപിഴിഞ്ഞ ഒരു തുള്ളി.
മൗനമേ നീ, യെന്നിലേക്ക്
ചുരന്നുമുടിഞ്ഞ മുലക്കണ്ണ്.
.
ഓരോരോ നിറങ്ങൾ പായുന്ന
ചോരക്കുഴലിലേതാണ്
നിന്റെ പീലിയെന്നു തിരഞ്ഞ്
ഏതു നിറത്തിലാണ്
ഞാനനുരക്തനെന്ന് നിറഞ്ഞ്
തട്ടിമറിഞ്ഞ ചായങ്ങളിലൊന്ന്.
ഉടൽമഞ്ഞ.
ജഡനീല.
ചെന്തീ.
ഞാൻ, എന്നെയെറിഞ്ഞു വീഴ്ത്തിയ പീലി.
പകൽ ചോർന്നുടൽ കത്തു -
മാകാശത്തിന്റെ ഏത്
ഞരമ്പിലാണ് വെയിൽ
പെയ്യുന്നതെന്ന് നനഞ്ഞ്
ഏതു വെയിൽത്തുള്ളിയുടെ
കരാലിംഗനത്തിലാണ് ഞാ-
നുഷ്ണരക്തംവിയർത്തതെന്ന്
ഉള്ളാലെ സംശയിപ്പിച്ച്
തൂവിപ്പോയ ജന്മങ്ങളിലൊന്ന്.
ഞാൻ, മൃതിയാഴങ്ങളിലെന്നെ
മുക്കിയാഴ്ത്തിയ തുള്ളി.
ഞാൻ, ഇരുട്ടുചുണ്ടാലെന്നെ
ഓർമ വയ്ക്കുന്ന ഒറ്റ്.
.
പെയ്യുന്നതെന്തെന്നറിയാതെ
പോകുന്ന മേഘസ്ഖലനം.

-------------------------------------

Thursday, March 5, 2015

ജുഗല്‍ബന്ദി / ജയദേവ് നയനാർ


ഒരു കവിതയിലേക്കിറക്കിക്കിടത്തിയത്
അത്ര മറന്നുപോകുകില്‍ത്തന്നെയെന്ത്.
ഇതിനെപ്പറ്റിയൊക്കെയിത്രയോര്‍ക്കാന്‍
തക്കതായെന്താണിരിക്കുന്നതെന്നാണ്..
.
ആരാണ് ആരാണ് എന്നു ചോദിക്കുന്നുണ്ടായിരുന്നു.
അതിനുമാത്രമുത്തരമൊന്നും
പറയുന്നുണ്ടായിരുന്നില്ലെന്നിട്ടും.
കനത്ത ഇരുട്ടായിരുന്നു.
പരിചയക്കേടുള്ള വഴിയായിരുന്നു.
നാളിതുവരെ കാണാത്തതൊക്കെയായിരുന്നു.
ഇരുട്ടത്ത് ചിലപ്പോള്‍ ആ ചോദ്യം മാത്രം
കേള്‍ക്കുന്നുണ്ടായിരിക്കില്ല.
ഇരുട്ടത്തു ചിലപ്പോള്‍ അങ്ങനെയായിരിക്കും.
ചില ചോദ്യങ്ങള്‍ അപ്പപ്പോള്‍
ഉത്തരത്തെ പെറ്റുമുലയൂട്ടുന്നുണ്ടാവില്ല.
ചില ചോദ്യങ്ങള്‍ക്കു മാത്രമായിരിക്കാം.
പറയുന്നുണ്ട് കൂടെ നടക്കുന്ന ചില ഉത്തരങ്ങളെ.
അത്രയോമനിച്ചൊരു ഭൂമിനട്ടുനനച്ചുവളര്‍ത്തി
കെട്ടിച്ചയച്ചതിനെക്കുറിച്ച്.
അത്രയൊന്നും വിചാരിക്കാതെ
ഉടലായ ഉടലില്‍ നിന്നു മറ്റൊന്നിലേക്ക്
ചാടിക്കടന്നതിനെക്കുറിച്ച്.
ഒട്ടും പ്രിയം തോന്നാതെ ഒരു മിന്നലിനെ
ഇരുട്ടുതുണിയില്‍ വരച്ചതിനെക്കുറിച്ച്.
ആരാണ് ആരാണ് എന്നു ചോദിക്കുന്നുണ്ട്.
ആരായാലെന്ത് എന്നൊരഹങ്കാരമൊന്നും
തോന്നിപ്പിച്ചിട്ടേയില്ല.
ആരോ ആയിരിക്കുമെന്നൊരു ധാരണ
ആയിക്കോട്ടെ എന്നു കരുതിയതുപോലുണ്ട്.
ഞാനാണ് ഞാനാണ് എന്നൊരുത്തരം
കാത്തുകാത്തിരുന്നപ്പോഴാണ്.
.
എവിടെ നിന്നെവിടെനിന്നാണ് എന്ന
ചോദ്യം അപ്പോഴും ചോദിപ്പിക്കുന്നുണ്ട്.
അത്ര തിടുക്കമൊന്നും അതിനുവേണ്ടി
കാത്തിരിപ്പിക്കുന്നില്ലെന്ന്
അറിഞ്ഞുകൊണ്ടുതന്നെയാണ്.
ഇവിടെ നിന്നൊന്നുമല്ല എന്ന്
പറഞ്ഞുകേള്‍ക്കാനാണ്
ഇരുട്ടിനു കൗതുകമെന്നു തോന്നിപ്പിക്കും വിധം.
ഇരുട്ടിനു വല്ലാത്തൊരൊച്ചയുണ്ടായിരുന്നു.
ഉത്തരം പറയുന്നുണ്ടായിരിക്കും.
കേള്‍ക്കാത്തതാവും.
ചില ഉത്തരങ്ങള്‍ കേള്‍ക്കപ്പെടേണ്ടതില്ലെന്നാവും.
.
കവിതയിലേക്കിറക്കിക്കിടത്തുകയായിരുന്നു.
വാക്കുകള്‍ പലതും ഇനിയും
കിടന്നുപഠിക്കേണ്ടതായിട്ടുണ്ടായിരുന്നു.
ഓരോ തവണ തിരിഞ്ഞും മറിഞ്ഞും
കിടക്കുമ്പോള്‍ തീരെ
കവിത തോന്നിപ്പിക്കുന്നില്ലായിരുന്നു.
കിടന്നിട്ടും കിടന്നിട്ടും സ്വന്തമായി
ഒന്നും മനസില്‍ മുളപ്പിക്കുന്നില്ലായിരുന്നു.
ചിലത് അങ്ങനെയാവും.
കൊടുങ്കാറ്റു പോലെ എല്ലാം പാറിച്ച്.
മഴ പോലെ എല്ലാം നനച്ച്.
കാട്ടുതീ പോലെ എല്ലാമെരിയിച്ച്.
എന്നിട്ടും ഇത്രയൊക്കെ
ഓര്‍ത്തുവച്ചതിലാണ്
തന്നത്താന്‍ മറന്നുവയ്ക്കുന്നത്.
---------------------------------------------------

Tuesday, March 3, 2015

ലുബ്ധപ്രതിഷ്ഠ / ജയദേവ് നയനാർ


മരിച്ച രണ്ടുപേര്‍ താന്താങ്ങളുടെ
ഭാവികാലത്തുവരാനിരിക്കുന്ന
സംഭവങ്ങളെ അതീവ സത്യസന്ധതയോടെ
നിരാകരിക്കുന്നതു പോലെയായിരുന്നു അത്.
ഒരിക്കലും ജനിക്കാന്‍പോകാത്ത രണ്ടുപേര്‍
താന്താങ്ങളുടെ പില്‍ക്കാലത്തെു നടന്ന
സംഭവങ്ങളെ അതീവ അതിശയോക്തിയോടെ
അംഗികരിക്കുന്നതുപോലെയായിരുന്നില്ല അത്.
.
ഒരിക്കലും ജനിക്കാന്‍ പോകുന്നില്ലാത്ത
രണ്ടുപേര്‍ക്ക് താന്താങ്ങള്‍ക്ക് സ്വന്തമായി
ഒരു ഭാഷ പോലും പറയാന്‍
ശരിക്കു പറയാന്‍ കൂടിയാവുന്നുണ്ടായിരുന്നില്ല.
പറയേണ്ടതു നാവു കൊണ്ടാണെന്നു കൂടി
അറിയുമായിന്നില്ല.
നാവ് എന്നൊരവയവമെന്താണെന്ന് കുടി
നിശ്ചയമുണ്ടായിരുന്നില്ല.
ഭാഷയ്ക്കു മുന്‍പത്തെ ഏതോ
അക്ഷരങ്ങള്‍കൊണ്ടായിരുന്നു
സംസാരിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നത്.
ഇല്ലാത്തെ ഉടല്‍ വല്ലാതെ ഇളക്കിയിരുന്നു.
അതു ചുറ്റുപാടും വല്ലാതെ
കുലുക്കിയിരുന്നു.
എന്താണ് ഉടലുകളിളക്കി ഇങ്ങനെ
ചെയ്യുന്നതെന്ന സംശയത്താല്‍
അവര്‍ പിടിക്കപ്പെടേണ്ടതായിരുന്നു.
കൊടുങ്കാറ്റ് വീശിയിരുന്നു.
ഇലകളില്‍ കാറ്റ് പിടിച്ചിരുന്നു.
ഭൂമിയിലെ ഇളകിക്കിടക്കുന്ന വസ്തുക്കളെല്ലാം
പെട്ടെന്നു രോമാഞ്ചം വന്നതുപോലെ
ഉയര്‍ന്നുനിന്നിരുന്നു.
രോമാവൃതമായ ആകാശത്തമിപ്പോള്‍
പൊഴിഞ്ഞുവീഴുമോ എന്നു സംശയിപ്പിച്ചിരുന്നു.
അവയവങ്ങള്‍ കാറ്റില്‍ സ്ഥാനംതെറ്റി
ഏതാണ്ടെല്ലാവരും നഗ്നരായിരുന്നു.
.
ഒരിക്കലും ജനിക്കാന്‍ പോകുന്നില്ലാത്ത
രണ്ടുപേര്‍ താന്താങ്ങള്‍ക്ക് സ്വന്തമായി
ഉണ്ടായിരുന്നു എന്നു വിചാരപ്പെട്ടിരുന്ന
ഒരു പില്‍ക്കാലത്തെക്കുറിച്ച്
ഇടയ്ക്ക് സ്വന്തമായി ഓര്‍ക്കാന്‍
ശ്രമിക്കുന്നതായി വിചാരിക്കാന്‍
ആലോചിക്കുന്നതിനിടെ ഇടയ്ക്കിടയ്ക്ക്
എന്തോ ഓര്‍ത്തുപോവുന്നുണ്ട്.
ആലോചനകളെ ശരീരത്തിന്‍റെ ഭാഷയിലേക്ക്
എങ്ങനെ ഭാവമാറ്റം നടത്തുമെന്നുകൂടി
അറിയാന്‍ പാടില്ലായിരുന്നു.
ഇടയ്ക്ക് അവരുടെ വിചാരങ്ങള്‍
എവിടൊക്കെയോ വച്ച് കൂട്ടിമുട്ടുന്നുണ്ടെങ്കിലും.
അവര്‍ക്കു പരസ്പരം ഉമ്മവയ്ക്കാനോ
കെട്ടിപ്പിടിക്കാനോ അപരന്‍റെ അവയവങ്ങളില്‍
തഴുകാനോ കഴിയുന്നുണ്ടായിരുന്നില്ല.
അപ്പോഴും ഉടലുകളാകെയിളക്കി
അവര്‍ വാക്കുകള്‍ കൊണ്ടു സംസാരിച്ച്.
അതാണ് സംശയത്തിനിടയാക്കുന്നതും
പിന്നീടെപ്പോഴോ അവര്‍ പിടിക്കപ്പെടാനിരിക്കുന്നതും.
ഉടല്‍ ശക്തിയായി ഇളക്കുന്നതിന്‍റെ
അര്‍ഥം അവര്‍ക്കറിഞ്ഞുകൂടെന്ന് പറയുന്നുണ്ട്.
അതൊന്നും അവരുടെ ഭൂതകാലത്ത്
കേട്ടുകേള്‍വി പോലുമില്ലാത്ത നൃത്തങ്ങളാണ്.
.
ഒരിക്കലും ജനിക്കാന്‍ പോകുന്നില്ലാത്ത
രണ്ടുപേര്‍ താന്താങ്ങള്‍ സ്വന്തമായി
ഒരിക്കലും കണ്ടുമുട്ടാന്‍ പോകുന്നില്ലെന്ന്
ആത്മാര്‍മായി വിശ്വസിച്ചതു പോലെയുണ്ട്.
തന്‍റെ ഉടലിന് അന്ന് സ്പോഞ്ച്കെയ്ക്കിന്‍റെ
മണമായിരുന്നെന്ന് പറയണമെന്നുണ്ട്.
തന്‍റെ പൊക്കിള്‍ച്ചുഴിക്കു ചുറ്റും
ഒരു കടന്നല്‍ക്കൂട്ടം തേന്‍
ഒളിച്ചുവച്ചിരുന്നു എന്നു പറയണമെന്നുണ്ട്
രണ്ടാമത്തെയാള്‍ക്ക്.
എന്നാല്‍ ഉടലെന്തെന്നോ പൊക്കിള്‍ച്ചുഴിയെന്തെന്നോ
അറിയുന്നുണ്ടായിരുന്നില്ല.
എഴുതിത്തുടങ്ങിയിട്ടില്ലാത്ത ഒരു
കവിതയില്‍ ഒരുപമ വായിക്കുന്നത്
പോലെയായിരുന്നു അത്.
സ്പോഞ്ച്കെയ്ക്കിന്‍റെ മണമുള്ള ഉടല്‍ മണത്ത്
ആസക്തനായെന്ന് പറയണമെന്നുണ്ട്.
പൊക്കിള്‍ച്ചുഴിക്കടുത്ത തേനറക്കൂട്ടിലെ
കടന്നലുകള്‍ താനായിരുന്നുവെന്ന്
പറയണമെന്നുണ്ട് രണ്ടാമത്തെയാള്‍ക്ക്,
എന്നാല്‍ കാലമെന്തെന്നോ കാമമെന്തെന്നോ
അറിയുന്നുണ്ടായിരുന്നില്ല.
എഴുതാനൊട്ടുമിടയില്ലാത്ത കവിതയില്‍
വാക്കുകളേതെന്നറിയാത്ത പോലെയായിരുന്നു അത്.
.
മരിച്ച രണ്ടുപേര്‍ താന്താങ്ങളുടെ
ഭാവികാലത്തുവരാനിരിക്കുന്ന
സംഭവങ്ങളെ അത്രയും അവിശ്വസനീയമായ
സത്യസന്ധതയോടെ നിരാകരിക്കുമെന്ന്
ആരാണ് കരുതിയിരുന്നിട്ടുണ്ടാകുക.
ഒരിക്കലുമെഴുതാത്ത കവിത
ഒരിടത്ത് അവസാനിപ്പിക്കുന്നതുപോലെ
അത്രയും കൃത്യമായി.
ഒരിക്കലുമെഴുതാത്ത കവിത
ഉയര്‍ത്തിപ്പിടിച്ചിരിക്കുമായിരിക്കുന്ന
ഉടല്‍രോമങ്ങളെ അത്ര തന്മയത്വത്തോടെ.
അതു മുളപ്പിക്കുമായിരുന്ന
ചിറകുകളെ അത്രയും ലുബ്ധമായി
തൂവല്‍വിരിച്ചുകൊണ്ട്.
---------------------------------

Monday, March 2, 2015

ഉള്‍ക്ക / ജയദേവ് നയനാർ


ഒരു പൂവിറുക്കാന്‍ ഇത്രയൊക്കെ
കഷ്ടപ്പെടുന്നത് കാണുമ്പോഴാണ്
ഒരു പൂമ്പാറ്റയോട് അല്‍പ്പമെങ്കിലും
അസൂയ തോന്നിപ്പോവുന്നത്.
സ്വന്തം ഭാഷയില്‍ സ്വന്തമെന്ന്
എഴുതാന്‍ ഒരു കാറ്റ് അത്രകണ്ട്
വിഷമിക്കുന്നതുപോലെ.
വേരുകളെത്ര പടര്‍ന്നിട്ടും
ഭൂമിക്ക് അതിനെ അതിന്‍റെ
തണല്‍ച്ചുവട്ടില്‍
പിടിച്ചുനിര്‍ത്താനുള്ള വിഷമം പോലെ.
എത്ര വള്ളിയായിപ്പടര്‍ന്നിട്ടും
ആകാശത്തിന് കാറ്റിനെ
കൈയെത്തിപ്പിടിക്കും മുമ്പേ
നഷ്ടപ്പെടുന്നത് കാണുമ്പോഴാണ്.
.
പുഴ ഒഴുക്കു പഠിക്കാന്‍ പോകുന്ന
സ്കൂളില്‍ നിന്നേതോ കാരണം കൊണ്ട്
പുറത്താക്കപ്പെട്ടവരാണ്
നമ്മള്‍, ഞാനും നീയും.
ഞാനപ്പോഴും നിറഞ്ഞിട്ടുണ്ടായിരുന്നില്ല.
നീയാണെങ്കില്‍ കരകവിഞ്ഞും.
ഞാനാണെങ്കില്‍ നനഞ്ഞിട്ടുണ്ടായിരുന്നില്ല.
നീയാണെങ്കില്‍ നനഞ്ഞുകുതിര്‍ന്നും.
ഞാനാണെങ്കില്‍ പടര്‍ന്നിട്ടുണ്ടായിരുന്നില്ല.
നീയാണെങ്കിലോ വളഞ്ഞുപുളഞ്ഞ്.
എന്നിട്ടും, നമ്മളെന്തിനാണൊരുമിച്ച്
പുറത്താക്കപ്പെട്ടതെന്ന്.
ആകാശം ഒഴുക്കുമുറ്റിയാണ്
പിറക്കുന്നതുതന്നെയെന്ന് തന്നെയാണ്
നീയപ്പോള്‍ പറ‍ഞ്ഞുകൊണ്ടിരുന്നത്.
നമ്മള്‍, രണ്ടാകാശങ്ങള്‍.
ഒരേ സമയം രണ്ടാകാശങ്ങളുണ്ടാകുന്നത്
എങ്ങനെയാണെന്നു പറയാന്‍
നീ മറന്നതു തന്നെയാവും.
.
ആദ്യമായിട്ടാവും ആദ്യം
എന്തിനെങ്കിലും പിന്നിലാവുന്നത്.
ഒരു പൂവിറുക്കുമ്പോള്‍
നിന്നോടു ചോദിക്കുകയായിരുന്നു.
ആ പൂമ്പാറ്റയുടെ ചിറകിലെ
കടുത്ത നിറങ്ങള്‍ കണ്ടിട്ടുതന്നെ.
ആ പൂമ്പാറ്റയെ ആ പൂവില്‍ നിന്ന്
ഇറുത്തുകളയാനാണ്
എനിക്കു തോന്നുന്നത്.
ഭുമിയില്‍ നിന്നു നമ്മള്‍ പുറത്താക്കപ്പെട്ട
ദിവസമായിരുന്നു അന്ന്,
നീ ഓര്‍ക്കുന്നുണ്ടാവണം.
നീയിപ്പോള്‍ മുലകള്‍ കൊണ്ടാണ്
എല്ലാം ഓര്‍ക്കുന്നത്.
നിറം തേക്കാത്ത പൂമ്പാറ്റകള്‍.
ഇലകള്‍ പുഷ്പിക്കുന്ന കാട്.
ചോര വിയര്‍ക്കുന്ന ചുണ്ട്.
.
ഉടലുകളില്‍ നിന്നു നമ്മള്‍
പുറത്താക്കപ്പെട്ട അന്നായിരുന്നു
സ്വന്തം ഭാഷയില്‍ സ്വന്തമെന്ന്
എഴുതാന്‍ വിഷമിക്കുന്ന കാറ്റിനോട്
അത്രയും അസൂയ തോന്നുന്നത്.
ഞാനാണെങ്കില്‍ അതിനപ്പുറത്തേക്ക്
നോക്കിയിട്ടുണ്ടായിരുന്നില്ല.
നീ, ഉടലിനെ ഒരോര്‍മ പോലെ
അഴിച്ചുവയ്ക്കുകയായിരുന്നു.
ഞാനാണെങ്കില്‍ അതിനപ്പുറത്തേക്ക്
ഒന്നും കാണുന്നുണ്ടായിരുന്നില്ല.
നീയഴിച്ചുപേക്ഷിച്ച ഉടല്‍
ശരിക്കുമൊരു രൂപവുമില്ലാതെ
ചുളിഞ്ഞുമടങ്ങിയൊടിഞ്ഞ്.
കാറ്റുപേക്ഷിച്ച ഒരു വീശല്‍ പോലെ.
അപ്പോഴാണ് എനിക്കു നിന്നോട്
മുമ്പെങ്ങുമില്ലാത്ത
ഒരു അപരിചിതത്വം തോന്നുന്നത്.
ഉടലിനുടലിനോടില്ലാത്തതുപോലെ.

-------------------------------------

Thursday, February 5, 2015

മതി കെട്ടാന്‍ .. / ജയദേവ് നയനാർ

മതി കെട്ടാന്‍
..
ഈ തച്ചന്‍ കവിത കൊത്തുന്നത്
കണ്ടാല്‍.
.
എന്നും കണ്ടുകൊണ്ടാണ് വരുന്നത്.
ഒരു പകലിന്‍റെ വായ പോലും
കീറിയിട്ടുണ്ടാവില്ല.
കൊത്താനിരിക്കുന്ന കപ്പല്‍
മരം പോലുമായിട്ടുണ്ടാവില്ല.
അപ്പോഴും അതിന്‍റെ വളയാത്ത കൊമ്പില്‍
ഒരു കൊടിയടയാളം പാറുന്നുണ്ടാവും.
അപ്പോഴും അതിന്‍റെ തെളിയാത്ത കണ്ണില്‍
ഒരു കടലിനെ നോട്ടം പിടിച്ചിട്ടുണ്ടാവും.
കവിതയുടെ ഒരു വാക്കുപോലും
കൊത്തിയിട്ടുണ്ടാവില്ല.
കൊത്താനിരിക്കുന്ന വാക്ക്
തോന്നുകപോലും ചെയ്തിട്ടുണ്ടാവില്ല.
അപ്പോഴും തോന്നാത്ത ആ തോന്നലില്‍
ഒരു നോവു നിറഞ്ഞിട്ടുണ്ടായിരിക്കും.
തോന്നാത്ത തോന്നലില്‍
കാട്ടുചെന്തീ പടര്‍ന്നിരിക്കും.
.
എന്നും കണ്ടുകൊണ്ടാണ് വരുന്നത്.
തച്ചനെത്തിയിട്ടുതന്നെയുണ്ടാവില്ല.
ഒരു മൂര്‍ച്ച പോലും ഒരു മുറിവും
ഉണ്ടാക്കിയിട്ടുതന്നെയുണ്ടാവില്ല.
എന്നാലും മുറിയാനിരിക്കുന്ന
മുറിവില്‍ നിന്നു ചോരയുറ്റിയിട്ടുണ്ടാവും.
ഒരിക്കലും കവിതയാവാനിടയില്ലാത്ത
ചോരയായി വാര്‍ന്നിട്ടുണ്ടാവും.
ഒരിക്കലും ഒരു വാക്കാവാനിടയില്ലാത്ത
ഞരമ്പായി ഒഴിഞ്ഞിട്ടുണ്ടാവും.
.
എപ്പോഴോ എത്താനിടയുള്ള തച്ചനെ
ആരും കാത്തുനില്‍ക്കുന്നുണ്ടാവില്ല
എന്നില്ല.
നഖങ്ങള്‍ ഓര്‍മകളില്‍ കൂര്‍ത്തിറക്കവെയാണ്
ഇരുട്ടു വിണ്ടുകീറി വെളിച്ചമിറ്റുന്നത്.
ചോരുന്ന വെളിച്ചമുറ കൂടി പകല്‍.
വിരലുകള്‍ തൊടുമ്പോഴാണ്
ആകാശം നിവര്‍ന്നുവരുന്നത്.
ശ്വാസങ്ങള്‍ പൊഴിച്ചുപൊഴിച്ചുടല്‍
പ്രാര്‍ഥനകളായ് നില്‍ക്കുന്നത്.
മൗനം വിയര്‍ത്തു പെരുമ്പാറക്കൂട്ടങ്ങള്‍
ഉയര്‍ന്നുപൊങ്ങുന്നത്.
തിരയാട്ടി കടലാനക്കൂട്ടം
മണല്‍ക്കാടിറങ്ങുന്നത്.
ഇടയിലെവിടെയോ
ഒരുളിയൊച്ച.
ഒരു നിലവിളിയില്‍ ഒരു മുറിവ്.
ഒരു വാക്ക്.
.
ഈ തച്ചന്‍ കവിത കൊത്തുന്നത്
കണ്ടാല്‍.
എന്നും കണ്ടുകൊണ്ടാണ് വരുന്നത്.
അപ്പോഴും ഒരു കവിത പോലും
കൊത്തിക്കഴിഞ്ഞിട്ടുണ്ടാവില്ല.
പ്രഥമദൃഷ്ട്യാ ഒരു
കവിതയെന്നു തോന്നിപ്പിക്കാത്തത്.

-------------------------------------

Sunday, December 14, 2014

ജീവിതഗന്ധി /ജയദേവ് നയനാർ


ആദ്യം കാണുന്ന
ആദ്യം കേൾക്കുന്ന
ആദ്യം മണക്കുന്ന
ഉടലിലേക്കുടൽ മാറാൻ
വേണ്ടിയായിരുന്നു.
മേഘങ്ങളുടെ കോണിയിറങ്ങി
വരികയായിരുന്നപ്പോൾ.
.
പല ഉടലുകളിലേക്കും
ഉടലു വച്ചുമാറാൻ
വേണ്ടിയായിരുന്നു.
അമ്പരിപ്പിക്കുന്ന
ഉടലുകളായിരുന്നു.
ഒരു മീനിൻറേത്,
നീന്തലുപേക്ഷിക്കാൻ
കൊതിക്കുന്നത്.
ഒരു ഇലയുടേത്,
ആകാശമാകാൻ
സ്വയം നേരുന്നത്.
ഒരുവളുടേത്,
ഉടൽ മറക്കാൻ
തിടുക്കപ്പെടുന്നത്.
.
മരത്തിൻറെ ഏറ്റവും
അടുത്തുള്ള ചില്ലയിൽ
ഒരൂഞ്ഞാൽ കെട്ടുന്നതിനിടെ
ആയിരുന്നു അപ്പോൾ.
കാറ്റുകൊണ്ട് പലവട്ടം
മുറുക്കിക്കഴിഞ്ഞിരുന്നു.
ഇളകുന്ന ചില്ല ഓരോ
പൂവായിപ്പിറന്ന്
തുടങ്ങിയിരുന്നു.
.
ഇതുവരെ മണക്കാത്ത
ഒരു ഓർമയിലായിരുന്നു.
അവിടെയാണ് ഉപേക്ഷിച്ച
ഒരുടൽ കടന്നുപോവുന്നത്.
വച്ചുമാറാൻ പറ്റിയതൊന്ന്
എന്നു പതുക്കെപ്പറയുന്നത്.
അന്നൊന്നും ആകാശമിങ്ങനെ
ആകാശമായിത്തുടങ്ങിയിരുന്നില്ല.
ഉപേക്ഷിക്കപ്പെട്ട ഉടലിലാണ്
ആകാശത്തെ കണ്ടെടുക്കുന്നത്.
അതുകഴിഞ്ഞ്
അതിലേക്ക്
അത്രമേൽ
ആഴ്ത്തപ്പെടുന്നത്..

---------------------------