മൊഞ്ചില്ലാത്തവള്‍
പെണ്ണായി പിറക്കരുതെന്നു
കാണാന്‍ വന്നവരൊക്കെ
പെങ്ങളെ ഓര്‍മ്മിപ്പിച്ചു
പുകയേറ്റു
മച്ചിലെ തേങ്ങപോലെ
ഉണങ്ങിപ്പോയ ഉമ്മ
അടുത്ത വിലപറച്ചിലുകാരന്
പലഹാരമുണ്ടാക്കാനേതു കടയില്‍
കടം പറയുമെന്ന ആധിയിലാണ്
ഉപ്പ ചുമച്ചു തുപ്പുന്ന
കഫത്തിലെ ചുവപ്പില്‍
ചോര്‍ന്നൊലിക്കുന്നൊരു ഖല്‍ബുണ്ട്
അഴകും പൊന്നും
പണവും വേണ്ടാത്തിടത്തേക്കു
പെങ്ങള്‍ മണവാട്ടിയായി
പോയപ്പോഴാണു
ഉപ്പയൊരു സ്വകാര്യംപറഞ്ഞത്
‘ഓളെ ഖബറും പുറത്തെങ്കിലും
ഒരു മൈലാഞ്ചിച്ചെടിനടണം‘
_____________