Showing posts with label സംഗീത നായർ. Show all posts
Showing posts with label സംഗീത നായർ. Show all posts

Wednesday, October 14, 2015

വനാന്തരം / സംഗീത നായർ



ഇലത്തണുപ്പിലായ് കനത്തു തിങ്ങുന്ന
കടുത്ത പച്ചകള്‍, മരത്തുടര്‍ച്ചകള്‍
കുളിരു കുത്തുന്ന കാട്ടുപൊന്തകള്‍
കിളിച്ചിലപ്പുകള്‍, കരള്‍ക്കിതപ്പുകള്‍
അതിരഹസ്യമാം പുതുവിടര്‍ച്ചകള്‍
സുഖദഗന്ധങ്ങള്‍, മൃദുപരാഗങ്ങള്‍
വഴികള്‍ മായ്ച്ചിടും മഴച്ചതുപ്പുകള്‍
പിണഞ്ഞു പൊന്തുന്ന പഴയ വേരുകള്‍
മരണഭീതകം വിജനവീഥികള്‍
തളിരിളക്കങ്ങള്‍, നിഴലനക്കങ്ങള്‍
ഇടയില്‍ വന്യമാം രതിയുണര്‍ച്ചകള്‍
പിടിയില്‍ നില്‍ക്കാതെ കുതറും തൃഷ്ണകള്‍
അകലെയോര്‍മ്മപോല്‍ പുഴയൊഴുക്കിന്റെ
സ്വനമുഴക്കങ്ങള്‍, ജലതരംഗങ്ങള്‍
ഇനിയുമുള്ളിലാ -യിരുളു കത്തുന്ന
മിഴികളെത്താത്ത ഘനതുരങ്കങ്ങള്‍
വനാന്തരം , മനസ്സിന്റെ ഗുഹാന്തരം !
--------------------------------------------

Monday, September 29, 2014

മേല്‍വിലാസം /സംഗീത നായർ



നമ്മളൊന്നാണ്‌ , ഒന്നാണുനമ്മളെ
ന്നെത്രവട്ടം പറഞ്ഞു നീയെങ്കിലും
കണ്ണിലേക്കിളി പേർത്തും മൊഴിയുന്നു
നമ്മൾ രണ്ടാണു, രണ്ടു നിഴലുകൾ .

ഒറ്റ വേരിലായൂന്നും തരുവിലായ്‌
മുറ്റി നിൽക്കുമിരു ശിഖരങ്ങൾ പോൽ
ചേർന്നലിയുവാനായുന്നുവെങ്കിലും
രണ്ടു മേൽ വിലാസത്തിനുടമകൾ

നമ്മൾ രണ്ടു പേർ, കേവലസ്നേഹത്തിൻ
നെഞ്ഞിടിപ്പിനാൽ ബന്ധിതരായവർ
നമ്മൾ രണ്ടു വിഭിന്ന ലോകങ്ങളിൽ
തന്റെ ജീവിത നാടകമാടുവോർ

ഉച്ചിയിലഗ്നി കത്തിയെരിയുമ്പോൾ
ഒറ്റ വേവിനാൽ തമ്മിലറിഞ്ഞവർ
എത്രയാഴികള്‍ നീന്തിത്തളര്‍ന്നവര്‍
എത്ര മോഹങ്ങള്‍ തര്‍പ്പണം ചെയ്തവര്‍

നിദ്രയെന്തെന്നറിയാതെ വേർപ്പിനാൽ
ശുഷ്ക ജീവിതം കെട്ടിപ്പടുത്തവർ
ഇഷ്ടമെന്നു പറയാതെ തമ്മിലാ
യിഷ്ടമാണെന്നറിഞ്ഞു കൊതിച്ചവർ

ശിഷ്ടജന്മമാം നഞ്ഞ്‌ വീഞ്ഞെന്ന പോൽ
ഒറ്റ ഗ്ലാസ്സിൽ നാം പങ്കിടുമെങ്കിലും
രണ്ടടുപ്പിലെരിയുകയാണു പോൽ
രണ്ടു പേർക്കും പ്രിയമുള്ള ഭോജനം

നീയെനിയ്ക്കായെഴുതും ഗസലുകൾ
മേഘസന്ദേശമായ്‌ വരുമെങ്കിലും
നിന്റെ പാട്ടിൽ ചിറകു വിടർത്തുന്ന
തെന്റെ മോഹമയൂരമാണെങ്കിലും

ഇന്നു ഞാനെഴുതുന്ന കവിതകൾ
നിന്നെത്തേടി വരാതിരിയ്ക്കാനായി
നൂറു കഷ്ണമായ്‌ കീറിപ്പറത്തട്ടെ
മേൽവിലാസമെഴുതിയ തുണ്ടുകൾ .