Showing posts with label ലതീഷ് മോഹൻ. Show all posts
Showing posts with label ലതീഷ് മോഹൻ. Show all posts

Thursday, May 5, 2016

വി/ജനത / ലതീഷ് മോഹൻ


ഒരു വളവിന് ഇരുപുറം നനഞ്ഞു
കിടക്കുന്ന റോഡ്
രാത്രി പത്തുമണിയുടെ വെട്ടത്തില്‍
ആടിയും ഓടിയും കടന്നുപോകുന്ന നിഴലുകള്‍ ഒഴിച്ചാല്‍,
ദൂരെനിന്നു നോക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം
നനഞ്ഞ് ചിറകൊതുക്കി നില്‍ക്കുന്ന
പ്രാവിന്റെ തൂവലില്‍ നിന്നും
തട്ടിത്തട്ടി താഴേക്കിറങ്ങുന്ന
ജലകണിക പോലെ
അതിസാധാരണമായ വിജനത
പെട്ടന്നൊരു കാര്‍
വളവു തിരിഞ്ഞെത്തുന്നതുവരെ
ഡിവൈഡറില്‍ തട്ടി
ഹരേ കൃഷ്ണാ ഹരേ രാമാ
എന്ന് അടിമുടിയുലഞ്ഞ്
പുകപടര്‍ത്തി
ശാന്തമാകുന്നതുവരെ
അതിസാധാരണമായ വിജനത
2
ഇലവീണ തടാകം
ഇക്കിളിപ്പെടുന്നതുപോലെ
പതറുന്ന കാലടികളില്‍
കാറില്‍ നിന്ന് നിരങ്ങിയിറങ്ങിയ
അഞ്ചുപേര്‍
പെട്ടന്നൊരു ജനതയാവും
കാത്തിരിപ്പിന്റെ മുഷിപ്പ്
അവരുടെ ഭാഷയാവും
വെള്ളംതേടിപ്പോയി
പരീക്ഷണങ്ങളില്‍
ശുദ്ധിവരുത്തി
അവര്‍ വളവിലേക്ക് തിരിച്ചുവരും
ഏതോ റോക്ക് ബാന്‍ഡിനെ ഓര്‍മിപ്പിച്ച്
അഞ്ചുകോണില്‍ കുത്തിയിരുന്ന്
രാജ്യമാവും
3
അഞ്ചുപേര്‍ക്കൊരുവള്‍ ആ കാറിനു പുറത്ത്
കിടപ്പുണ്ട് ഇപ്പോഴും
പൂര്‍ത്തിയാവാത്ത
ബലാത്സംഗം അവളിലേക്ക്
ഏതുനിമിഷവും തിരിച്ചുവരും
ദൂരെ നിന്ന് നോക്കുന്ന ഒരാള്‍ക്ക്
അവളെയെളുപ്പത്തില്‍ വിവരിക്കാം
അതിസാധാരണമായ വിജനത എന്ന് .

--------------------------------------------

Monday, January 5, 2015

ഉപകരണം / ലതീഷ് മോഹൻ

പൂച്ച ഒരു ഉപകരണമല്ല ;
മരിച്ചു കിടക്കുമ്പോള്‍,
കേടായ ഒരു റേഡിയോയെ
അത് ഓര്‍മിപ്പിക്കുന്നില്ല
പൂച്ചയുമായി നടക്കുന്നൊരാള്‍
മരിച്ചുകിടക്കുമ്പോള്‍
പൂച്ച, പൂട്ടിപ്പോയ റേഡിയോ നിലയം,
പ്രപഞ്ച സത്യങ്ങളുടെ കലവറ
മഴവരുന്നതും പോകുന്നതും
പണ്ടറിഞ്ഞിരുന്ന
ഉപകരണം.
----------------------------

Saturday, October 18, 2014

അരണവാല്‍ മോതിരം / ലതീഷ് മോഹൻ




എല്ലാദിവസവും രാവിലെ
ആനയെ കാണാന്‍
പോകുമായിരുന്ന കുട്ടി
വളരെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍
വീണുകിട്ടിയ
ആനവാലുമായി തിരിച്ചുപോകുമ്പോള്‍

ആളുമനക്കവും അരണ്ടവെളിച്ചവും
തീര്‍ന്നതിന് ശേഷമൊരിടവഴിയില്‍
വാലില്‍ കുത്തനെ നില്‍ക്കുന്നു
അരണകള്‍
ഒന്നേ രണ്ടേ എന്ന് വരിവരിയായി

കുട്ടി നില്‍ക്കുന്നു
നിന്നോര്‍ത്തു നോക്കുന്നു
ആനവാലില്‍ ഇനിയെന്തിന് മോതിരം
തുമ്പിക്കയ്യില്‍ പണ്ടൊരാളെ
ചുറ്റിയെടുത്തതിനര്‍ഹിച്ച കാലം
മോതിരവിരലില്‍
കഴിഞ്ഞുപോയിക്കാണില്ലേ
ആരോട് തീര്‍ക്കാനാണ്
ആനവാലിലിനിയും മോതിരം

എത്രയലക്ഷ്യം
എത്രഅനേകായിരം
അരണകള്‍
എന്തഹങ്കാരം ഇവറ്റകള്‍ക്കി,
വയില്‍ നിന്നും വേണ്ടയോ
മോതിരം -
കുട്ടി ഞെട്ടുന്നു
മിടുക്കന്‍ നീയെന്ന്
സ്വയം തോളത്ത് തട്ടുന്നു

ഒന്നേ രണ്ടേ എന്നടുക്കിവച്ച തടികള്‍
ഒന്നൊന്നിലേക്ക് മറിയുംപോലെ
അരണകള്‍ പരസ്പരം നോക്കി
കുട്ടിയെ നോക്കി
മുന്നോട്ട് നടക്കുന്നു
ഓരോ അടിയിലും
കുറേശ്ശെ കുറേശ്ശയായി മറക്കുന്നു

അധികമകലെയല്ല
നമ്മുടെ കുട്ടി ഇപ്പോള്‍
കുറേനേരം കൂടി ഇതേ തത്വം
അവനിലോടിയാല്‍
നിശ്ചയം അടുത്തചന്തയ്ക്ക്
നമ്മള്‍വാങ്ങിവെയ്ക്കും
അരണവാല്‍ മോതിരം