Showing posts with label ബക്കർ മേത്തല. Show all posts
Showing posts with label ബക്കർ മേത്തല. Show all posts

Friday, April 8, 2016

അറിയില്ല / ബക്കർ മേത്തല


ജലാശയത്തിൽ മുങ്ങിത്താഴുന്ന
ഒരു നക്ഷത്രത്തെ
രാപ്പാടി തന്റെ പാട്ടുകൾ കൊണ്ട്
ഉയിർപ്പിച്ചത്
ഏതു കാട്ടുപൂക്കളോട് ചേർക്കാനാണ്?

കരിഞ്ഞ മാംസത്തിന്റെ
മണം വഹിച്ചു വരുന്ന കാറ്റിനെ
ഒരു കാട്ടുമാക്കാൻ
മൂക്കു വിടർത്തി വലിച്ചു കേറ്റുന്നത്
ഏതു പിശാചിന് മന്ത്രം ഉരുക്കഴിക്കാനാണ് ?
രക്തത്തെക്കുറിച്ച്
ഒരു കിളിയെഴുതുന്ന കവിതയിലേക്ക്
സൂര്യൻ എത്തിനോക്കുന്നത്
എന്തിനാണ്?
സുഗന്ധം കൊണ്ട്
തന്റെ പ്രണയം പ്രഖ്യാപിക്കുന്ന
ഒരു നിറമില്ലാപ്പൂവിനോട്
ചിറകൊടിഞ്ഞ വണ്ടുകൾ
പറയുന്നതെന്താണ്?
അറിയില്ല കൂട്ടരേ
അറിയില്ല.
------------------------------------------

Saturday, October 18, 2014

നിന്റെ പേരെഴുതിയപ്പോൾ / ബക്കർ മേത്തല


ഞാനൊരു പൂമൊട്ടു വരച്ചു
താഴെ നിന്റെ പേരെഴുതി
അപ്പോൾ അതു വിടർന്നു.
ഞാനൊരു പൂമ്പാറ്റയെ വരച്ചു
താഴെ നിന്റെ പേരെഴുതി
അപ്പോൾ അത്‌ ചിറകടിച്ചു.
ഞാൻ സൂര്യചന്ദ്രന്മാരെ വരച്ചു
താഴെ നിന്റെ പേരെഴുതി
അപ്പോൾ അവ പ്രകാശിച്ചു.
പിന്നെ ഞാൻ കാർ മേഘങ്ങൾ വരച്ചു
അതിനു താഴെയും നിന്റെ പേരെഴുതി
അപ്പോൾ അവ തോരാതെ പെയ്യാൻ തുടങ്ങി.