Showing posts with label രേഷ്മ നാരായണൻ. Show all posts
Showing posts with label രേഷ്മ നാരായണൻ. Show all posts

Friday, May 8, 2015

കാല്‍പ്പനികമല്ലാത്ത പൂച്ച / രേഷ്മ നാരായണൻ



നിങ്ങളും
ചില നായകളും
കരുതിയിരിക്കുന്ന പോലെ
പൂച്ച ഒരേകാധിപതിയല്ല
ഇരപിടുത്തം പോലും
തൊഴിലാക്കേണ്ടി വന്ന
ഒരടിമയാണത്

നിങ്ങളും
ചില ബുദ്ധിജീവികളും
വാദിക്കുന്നത് പോലെ
അതിന്‍റെ കണ്ണില്‍ തിളങ്ങുന്നത്
കാടല്ല
എപ്പോള്‍ വേണമെങ്കിലും
കെണിയില്‍ പെടുത്തിയെക്കാവുന്ന
ഒരു മണിയൊച്ചയോര്‍ത്തുള്ള
പിടച്ചിലാണ്
നിങ്ങളും
ചില കള്ളനാണയങ്ങളും
ആക്ഷേപിക്കുന്നത് പോലെ
പാതിരാത്രികളില്‍
അത് കരയുന്നത്
പ്രേതസാന്നിധ്യം കൊണ്ടല്ല
കയ്യകലത്തില്‍ നിന്ന്
രക്ഷപ്പെട്ടു പോയ
ഒരെലിയോടുള്ള
യാചനകളാണത്
നിങ്ങളും
ചില രാത്രിഞ്ചരന്മാരും
കല്പിച്ചുകൊടുത്ത പോലെ
അതിന്
അത്ര കടുത്ത
കാഴ്ച്ചയൊന്നുമില്ല
എന്തെങ്കിലും കാണാനുള്ള
തുറിച്ചുനോട്ടങ്ങള്‍
ദീര്‍ഘദര്‍ശനങ്ങളായി
വ്യാഖ്യാനിക്കപ്പെട്ടതാണ്
നിങ്ങളും
ചില വീട്ടമ്മമാരും
കുറ്റപ്പെടുത്തുന്നത് പോലെ
അത് മോഷ്ടിക്കാറൊന്നുമില്ല
അടച്ചുവെച്ചത്
തുറന്നുനോക്കാനുള്ള
ബാലിശമായ
കൌതുകമാണത്
നിങ്ങളും
ചില ഒളിഞ്ഞുനോട്ടക്കാരും
പരിഹസിക്കുന്നത് പോലെ
അത് പതുങ്ങിനടക്കുന്നതല്ല
അതിന്‍റെ
പകല്‍നടത്തങ്ങളെ
നിങ്ങള്‍ പരിഗണിക്കാത്തതിനാല്‍
തോന്നുന്നതാണ്
നിങ്ങളും
ചില പിടിക്കപ്പെട്ട കള്ളന്മാരും
അസൂയപ്പെടുന്ന പോലെ
ഓരോ വീഴ്ച്ചയും
നാലുകാലില്‍ ആകുന്നത്
സാമര്‍ത്ഥ്യം കൊണ്ടല്ല
വീഴുന്നു എന്ന് പോലും
നിങ്ങളോര്‍ക്കാത്തതിന്‍റെ
നീരസമാണതിന്
നിങ്ങളും
പിന്നെ ഞാനുമൊക്കെ
വിശ്വസിക്കുന്നത് പോലെ
പൂച്ച
ഒരു പൂച്ചയൊന്നുമല്ല
പൂച്ചയാകേണ്ടി വന്നതിനാല്‍ മാത്രം
പൂച്ചയായിപ്പോയ
ഒരു പൂച്ചയാണത്
---------------------------------------

Sunday, March 29, 2015

രേഷ്മ നാരായണൻ / രണ്ടു പെണ്കുട്ടികള്‍


അവര്‍,
ഒരേ കഥകളുള്ള
രണ്ടു പെണ്കുട്ടികളായിരുന്നു

ഒരുവള്‍,
കടല്ക്കാറ്റുകളില്‍ വരണ്ടുണങ്ങി,
തണുപ്പ് പുതച്ച
പാതിരാക്കാറ്റില്‍ പോലും
പിടഞ്ഞുവീണവള്‍,
കരിയിലയെന്ന്
പരിതപിക്കപ്പെട്ടിരുന്നു
ഒരുവള്‍,
മഞ്ഞുതുള്ളികള്‍ കല്ലുകളായവള്‍,
ചാറ്റല്‍മഴയില്‍ പോലും
കുതിര്‍ന്ന് പോയവള്‍ ,
മണ്ണാങ്ങട്ടയെന്ന്
ആക്ഷേപിക്കപ്പെട്ടിരുന്നു
എങ്കിലും
കാറ്റെന്നു ഒരുവള്‍,
മഴയെന്ന് ഒരുവള്‍,
പരസ്പരം വിളിക്കപ്പെട്ടിരുന്നു
അവര്‍ ഒരുമിച്ചിരുന്ന സന്ധ്യകളില്‍
ആകാശം പലപ്പോഴും
തെളിഞ്ഞതായിരുന്നു
ചെറിയ ഇലയനക്കങ്ങളിലോ
ഉരുകിവീണ നനവുകളിലോ
യുഗാന്ത്യത്തിലെന്ന പോലെ പേടിച്ച്
അവര്‍ തമ്മില്‍ പുണര്‍ന്നിരുന്നു
എന്നിട്ടും,
കാറ്റും മഴയും കൈകോര്ത്തു വന്ന
ഒരു പാതിരയില്‍
കെട്ടിപ്പിടിച്ച വിരലുകള്‍ അടര്‍ന്ന്
ഒരുവള്‍ പറന്നുപോവുകയും
മറ്റൊരുവള്‍
ഒലിച്ചുപോവുകയും ചെയ്തു
എന്നത്തെയുമെന്ന പോലെ
അപ്പോളും
അവരുടേത് ഒരേ കഥയായിരുന്നു
--------------------------------------