Showing posts with label ഭാനു കളരിക്കൽ. Show all posts
Showing posts with label ഭാനു കളരിക്കൽ. Show all posts

Thursday, May 5, 2016

അഞ്ചു വിരലുകൾ/ ഭാനു കളരിക്കൽ

ഒരു പൂവിന്റെ അഞ്ചിതളുകൾ
അഞ്ചു മടക്കിൽ അച്ഛനൊളിപ്പിച്ച
മഞ്ചാടി കുരുവിന്റെ
വിടർന്നു വരുന്ന വാതിലുകൾ -
അഞ്ചു വിരലുകൾ അഞ്ചു മുലഞെട്ടുകളാണ്.
ജീവനിലേക്ക് നീളുന്ന പഞ്ച നദികൾ
അഞ്ചു വിരലുകൊണ്ടല്ലേ അന്നം
കൂട്
നൃത്തവും
സംഗീതവും
ഉടലിലേക്ക് പടരുന്ന വേരുകൾ,
നെറ്റിയിൽ ചുക്കരച്ചു പുരട്ടും സാന്ത്വനങ്ങൾ,
ചുണ്ടോട്‌ ചേർക്കും താമരമൊട്ട്-
പ്രിയയുടെ ഉടലിൽ പടരുമ്പോൾ
അഞ്ചു വിരലുകൾ അഞ്ചു സ്വർഗ്ഗങ്ങൾ -
മാന്ത്രികതയുടെ താക്കോലുകൾ

അതേ വിരലുകൾ
അതേ അഞ്ചിതളുള്ള പൂ
ഒരു കഠാരപ്പിടിയിൽ
ഒരു പിടച്ചിലിന്റെ കഴുത്തിൽ
ഒരു ശ്വാസത്തിന്റെ വീർപ്പു മുട്ടലിൽ

പിന്നേയും ചോരയോടെ കോരിയെടുക്കുന്നു -
മുറിവ് ഉണങ്ങും വരെ ചന്ദനം അരക്കുന്നു
ചൂടാറും വരെ തണുപ്പിക്കുന്നു
തണുക്കും വരെ ചൂട് പകരുന്നു.
-------------------------------------------------

Thursday, May 28, 2015

ഭ്രാന്ത് / ഭാനു കളരിക്കൽ

അതിരുകളില്ലാത്ത ഭാവന ഒന്നുമതി
ഒരാളെ ഭ്രാന്തനാക്കാൻ
അതുകൊണ്ടാണ് അവൻ നടക്കുമ്പോൾ
ഭൂമി ഇളകുന്നുവെന്ന് നിങ്ങൾക്ക് തോന്നിപ്പോകുന്നത്.
അവന്റെ ചിരികളിൽ
ഉച്ചച്ചൂടിനു കനം വെക്കുന്നതായും
പുരികം ചുളിച്ചുകൊണ്ട്
അവൻ കാറ്റിനെ തടഞ്ഞുവെക്കുന്നതായും
നിങ്ങൾക്ക് തോന്നിപ്പോകുന്നു.
അവന്റെ കാഴ്ചക്ക്
തിമിരം ബാധിച്ചുവെന്ന് നിങ്ങൾ പറയുന്നു.
പക്ഷേ അവൻ കാണുന്നതൊന്നും
നിങ്ങൾ കാണുന്നേയില്ല.
നടന്നിട്ടും നടന്നിട്ടും വീടെത്താത്ത നടത്തമായി
അവൻ നീണ്ടു നീണ്ടു പോകുന്നു.
അവനാകട്ടെ എവിടേയും ഇരിപ്പുറക്കുന്നില്ലല്ലോ
എന്ന വ്യാധിയാണ്.
അവന്റെ ചില്ലകളിലാണ് കിളികൾ
കൂട് കൂട്ടുന്നതും ഇണ ചേരുന്നതും
എന്നിട്ടും അവനൊരു മരമാവുന്നില്ല.
കാട്ടുവള്ളിയായി പടർന്നു പടർന്നു
സൂര്യനിലേക്ക് തളിരു നീട്ടുകയാണ് അവൻ.
അവനൊരു സമുദ്രം തന്നെയാണ്.
എങ്കിലും ദാഹം
അവന്റെ തൊണ്ടയിലിരുന്ന്  അമറുന്നു.
അവന്റെ കണ്ണുകൾ അപ്പോൾ മാത്രം സമുദ്രമാവുന്നു.
ചുടലയിൽ അന്നം തിളപ്പിക്കുകയാണവൻ
ഏതു തീപ്പൊരിയിൽ നിന്നാണ്
കാളി കലിയുറഞ്ഞു വന്നെത്തുക
എന്ന് തേടുകയാണവൻ . 
--------------------------------------

Tuesday, March 3, 2015

ദൈവവും കുട്ടികളും / ഭാനു കളരിക്കൽ



മണ്ണിന്നടിയിൽ ഉറങ്ങുന്ന
ഉണ്ണികൾക്കെന്തിനാണുടുപ്പ്‌ പ്രാർത്ഥന
ബലിയരി
പൂച്ചെണ്ടുകൾ ...
മണ്ണുടുപ്പും ധരിച്ച്‌ മണ്ണുതിന്ന വെണ്ണക്കള്ളന്മാരായി
അവർ കളിച്ചു നടക്കുന്ന തൊടികളേത്‌?
അവരുടെ പാട്ടുകളിൽ
കുയിലിന്റെ മാധുര്യമുണ്ടാകുമോ
മണ്ണുചാലിച്ച നിറങ്ങളാൽ
ക്ലിന്റിനെപ്പോലെ വരക്കുമോ
കുഴിയാനകൾക്കൊപ്പം
കുഴികുത്തി കളിക്കുന്നുണ്ടാവുമോ
ചാഞ്ചാട്ടി യാട്ടിയുറക്കാൻ
അമ്പിളിമാമനുണ്ടോ
പുതക്കാൻ
നക്ഷത്രം തുന്നിയ ആകാശപ്പുതപ്പുണ്ടോ
മണ്ണിന്നടിയിൽ
നക്ഷത്ര വഴിത്താരയുണ്ടോ
മിന്നാമിന്നികളുടെ
വഴിവിളക്കുകളുണ്ടോ
അതിൽ കുളിർത്തെന്നലും
കുളിരരുവിയും
മുയൽക്കുഞ്ഞുങ്ങളുമുണ്ടോ
കലമാനും
കളിത്തത്തയുമുണ്ടോ
എന്തായിരുന്നാലും ദൈവമേ
നീ അവരോടോപ്പം കളിക്കാൻ കൂടല്ലേ
കളിക്കിടയിൽ
നിന്റെ കണ്ണുതുരന്നു കളിക്കുമവർ.

-----------------------------------