Showing posts with label പി.രാമൻ. Show all posts
Showing posts with label പി.രാമൻ. Show all posts

Tuesday, October 18, 2016

വേല കേറുമ്പോൾ / പി.രാമൻ


കടപ്പറമ്പത്തു കാവിലമ്മടെ
വേല കൂടാൻ പോകുമ്പോൾ
വഴിക്കു നമ്മൾ വലിയ പാടം
മുറിച്ചു കടന്നു പോകുമ്പോൾ

പഴയ ചങ്ങാതിച്ചിരിയലിഞ്ഞ്‌
വെയിലിനൂക്കു കുറയുമ്പോൾ
ടയറുവണ്ടിയിൽ കെട്ടുകാളകൾ
വരമ്പുകേറി മറിയുമ്പോൾ
ചിലമ്പൊലികൾക്കുമമരത്തിൽ പൊട്ടും
കതിനകൾക്കുമിടയൂടെ
പല നിറങ്ങളിൽ മധുരമിറ്റും കോ-
ലയിസിൻ വണ്ടികളമറുമ്പോൾ
കറുത്തമേനിയിൽ ചുകപ്പുടുത്തു നാം
വിയർപ്പിൽ മുങ്ങിത്തിളങ്ങുമ്പോൾ
തലയിലെ കോലമുയർത്തി പൂതന്മാർ
മോരുംവെള്ളം കുടിക്കുമ്പോൾ
വിരലിൽ നിന്നൂർന്ന വലിയ മത്തങ്ങാ-
ബ്ബലൂൺ പിടിക്കാനായൊരുകുട്ടി
തകിടതക്കിട മറിഞ്ഞു കാറ്റിന്റെ
വഴിക്കു കൈനീട്ടിപ്പായുമ്പോൾ
വേല കേറുമ്പോൾ പഞ്ചവാദ്യത്തി-
നോടി കൊമ്പുകാർ പോകുമ്പോൾ
താടി നീട്ടിയ കാവി ചുറ്റിയ
വയസ്സൻ സിപ്പപ്പു വലിക്കുമ്പോൾ
ദേശമൊന്നിച്ചൊഴിഞ്ഞ പാടത്തൂ-
ടാരവം കൂട്ടിയരിക്കുമ്പോൾ
ദൂരെ പാടത്തിന്നതിരിലൂടെയൊ-
രാവിവണ്ടി കുതിക്കുമ്പോൾ
കാലുകൾ വൈക്കോൽക്കുറ്റികൾക്കു മേൽ
ചാഞ്ചക്കം ചാഞ്ഞു ചവിട്ടുമ്പോൾ
ചവിട്ടടിയൊന്നു പിഴച്ചൊരാൾ വീണു
പൊരിവെയിലത്തുറങ്ങുമ്പോൾ
ഇതൊക്കെക്കണ്ടു നാം കടപ്പറമ്പത്തു
കാവു കേറാനായ്‌ നീങ്ങുമ്പോൾ
പുരുഷാരം പെട്ടെന്നൊരു പുരാതന-
പ്പെരും മൃഗം പോലെ തോന്നുമ്പോൾ
പടിയും സൂര്യന്റെ പതിഞ്ഞവെട്ടം വീ-
ണതിൻ ചെതുമ്പൽ മിനുങ്ങുമ്പോൾ
ഉയർന്നു പൊങ്ങുന്ന പൊടിയിലൂടതി-
ന്നകത്തെ സങ്കടം തെളിയുമ്പോൾ
കടപ്പറമ്പത്തു കാവിലമ്മക്കാ-
പ്പെരും മൃഗത്തിനെ ബലി കൊടു-
ത്തിരുട്ടു വീണു നാം മടങ്ങുമ്പോൾ പിന്നിൽ
മുഴക്കങ്ങൾ പൊലിഞ്ഞണയുമ്പോൾ
വയൽ വരമ്പിലൂടൊരു ചിലമ്പൊലി-
ച്ചിരിക്കരച്ചിലിഴയുമ്പോൾ...
----------------------------------------

Monday, September 29, 2014

വീടിനെക്കുറിച്ച് / പി.രാമൻ




വെക്കാനാഗ്രഹിക്കുന്ന
വീടിനെക്കുറിച്ച്
പറഞ്ഞുപറഞ്ഞ്
ഒരു കോളനിതന്നെ
നമ്മളുണ്ടാക്കി
വാക്കുകളുടേത് എന്നോ
സ്വപ്നങ്ങളുടേത് എന്നോ
വീടുകളുടേത് എന്നോ
വ്യക്തമല്ലാത്ത
ഒരു കോളനി

അങ്ങോട്ടുള്ള വഴി
ഒരു ടാര്‍പാത പോലെ കാണാം

നമ്മള്‍ ഉറങ്ങുന്നതിനു
തൊട്ടുമുമ്പത്തെ രാക്കീറുകള്‍
ചേര്‍ന്നുചേര്‍ന്നുണ്ടായത്

നമ്മളുറങ്ങുന്നതിനു
തൊട്ടുമുമ്പത്തെ
വാക്കുകളാല്‍
തെളിഞ്ഞു കേള്‍ക്കാവുന്നത്.