Showing posts with label സച്ചിദാനന്ദന്‍. Show all posts
Showing posts with label സച്ചിദാനന്ദന്‍. Show all posts

Tuesday, July 4, 2017

നദികള്‍ / സച്ചിദാനന്ദന്‍


ഇന്നു ഞാന്‍ നദികളെക്കുറിച്ചു പാടും
കാടുകളുടെ പ്രാചീനമായ മന്ത്രമാണ് നദി
പൊയ്പ്പോയ മക്കളെത്തേടി
മുടിയഴിച്ചിട്ടലറിയലയുന്ന
മലമുത്തിയാണു നദി
നദികളിലൂടെ പൊട്ടിക്കരയുന്ന പിതൃക്കളെക്കുറിച്ചു
പോക്കുവരവുകളുടെ ഈ
മലയുറവയിലിരുന്നു ഞാന്‍ പാടും
ഓരങ്ങളിലെ കല്ലുകളില്‍ നദികള്‍ കൊത്തി വെച്ച
ശിലാശാസനങ്ങള്‍ ഇന്ന് ഞാന്‍ വായിക്കും
രക്തസാക്ഷികളുടെ അസ്ഥിമണ്ഡപങ്ങളില്‍ നിന്ന്
ഞാനിന്നു മെരുങ്ങാത്ത കടലിന്റെ വിളി കേള്‍ക്കും
കടലില്‍ ഭരദൈവങ്ങള്‍
വെളിച്ചപ്പെടുന്നത് ഞാന്‍ കേള്‍ക്കും
ശത്രുക്കള്‍ തോക്ക് ചൂണ്ടി കാവല്‍ നില്‍ക്കുന്ന
തടവറയിലെ ഗോത്രത്തലവനെപ്പോലെ
സ്വസ്ഥചിത്തനായി ഞാനെന്റെ
വംശസ്മൃതികള്‍ താലോലിക്കും
മിസ്സിസിപ്പിമുത്തശ്ശിയുടെ വീരഗാഥകളെയും
യൂഫ്രട്ടീസുകാരണവരുടെ
നായാട്ടുതീരങ്ങളെയും കുറിച്ച്
ഞാനിന്നു മതി മറന്നു പാടും
ദാരിയൂസ്സിനു ഞാന്‍ കലപ്പയും
കൊടുവാളും സമ്മാനിച്ചു
മോശയുടെ വെള്ളത്താടിയ്ക്കിടയിലൂടെ
വാഗ്ദത്തഭൂമി നോക്കി നെടുവീര്‍പ്പിട്ടു
ഈജിയന്‍ കടലില്‍ ചങ്ങലയ്ക്കിട്ട
കൈകളാല്‍ തോണി തുഴഞ്ഞു
കാലിലെ വ്രണങ്ങള്‍ മറന്ന്
ദേവനോസൂസ് ദേവന്നു മുന്നില്‍ നൃത്തം ചെയ്തു
റോമായില്‍ അവരെന്നെ
സിംഹത്തിന്നെറിഞ്ഞു കൊടുത്തു
ആഫ്രിക്കന്‍ കടലോരത്ത് ഞാന്‍
കണ്ണുകളുടെ കാര്‍ത്തേജുയര്‍ത്തി
ഒറ്റയ്ക്കായപ്പോള്‍ അഴിമുഖത്തിരുന്ന്
പിരമിഡ്ഡുകളുടെ കല്ലുകള്‍ക്കിടയില്‍പ്പെട്ടു
മരിച്ച കുഞ്ഞുങ്ങളെയോര്‍ത്തു തേങ്ങി
സിന്ധുതടത്തില്‍ നാട്യഗൃഹങ്ങളും
പുഷ്കരണികളും പണിതു തളര്‍ന്നു
എന്റെ വെന്ത മാംസത്തിന്റെ ഞാണൊലികളില്‍
കര്‍ണ്ണന്‍ കരുത്താര്‍ന്നു കണ്മിഴിച്ചു
എന്റെ ദേഹത്തിന്റെ കറുത്ത ഉഴവുചാലുകള്‍
​ഒരു വൈദേഹിക്കായിപൂത്തു
ഭാരമേറ്റി കല്ലിച്ചുപോയ ​ ​എന്റെ മുതുകത്താണ്
അജന്തകള്‍ കൊത്തപ്പെട്ടത്‌
വിഷം കുടിച്ച തൊണ്ടകള്‍ പാട്ട് നിര്‍ത്തുന്നില്ല
​എവറസ്റ്റിന്റെ നട്ടെല്ലുള്ള ആത്മാക്കള്‍
ദുരന്തങ്ങള്‍ക്ക് കീഴടങ്ങുന്നില്ല
ഇപ്പോള്‍ എന്റെ മുഷ്ടി ഒരു ചുകന്ന ബോധി പോലെ
കരിങ്കടലിലും ചെങ്കടലിലും നിന്ന്
പൊങ്ങിയെഴുന്നു നില്‍ക്കുന്നു
വന്‍കരകളില്‍ മുഴുവന്‍ അത് തവിട്ടുനിഴല്‍ വീശുന്നു
ആല്‍പ്സ് അതിന്റെ ഒരു വിരല്‍; ഹിമവാന്‍ മറ്റൊന്ന്
മധ്യധരണ്യാഴിയുടെ ആകാശത്തില്‍ അത്
മുട്ടി മുഴങ്ങുന്നു : ' ഞങ്ങള്‍ഭൂമിയെ അവകാശമാക്കും. '
പൂക്കളും പഴങ്ങളും പിന്‍വലിച്ചു
മുടിയഴിചിട്ടലരുന്ന കറുത്ത ഭൂമീ,
സുഫലയായിരുന്ന എന്റെ അമ്മേ,
ചിരികള്‍ മറന്ന നിന്റെ കണ്ണുകളുടെ വനങ്ങളില്‍
പടരുന്ന വഹ്നി, പാട്ടുകള്‍ വിട പറഞ്ഞിട്ടും
നിന്റെ ഗിരിശിരസ്സുകളില്‍
മുഴങ്ങുന്ന പെരുമ്പറകള്‍ ,
ഊരിയെറിഞ്ഞിട്ടും നിലയ്ക്കാത്ത
നിന്റെ ചിലമ്പുകളുടെ കിലുക്കം -
എല്ലാം എന്റേത് .
നിന്റെ മകള്‍ വീണ്ടെടുക്കപ്പെടും
അവള്‍ പാതാളത്തില്‍ നിന്ന്
വസന്തവുമൊത്ത് പടികള്‍ കയറി വരും
അവള്‍ കൊയ്ത്തുപാട്ടും കുറത്തിയാട്ടവുമായി
കടല്‍ മുറിച്ചു കടന്നു വരും
നിന്റെ വാള്‍ ദാഹം തീര്‍ക്കും
നിന്റെ വടുക്കള്‍ പുഷ്പിക്കും
ഇന്നു ഞാന്‍ നദികളെക്കുറിച്ചു പാടും :
ഭൂമിയില്‍ ആദ്യം അരുണാഭമായ നദികളെക്കുറിച്ച്:
വോള്‍ഗയെക്കുറിച്ചും യാന്ഗ്ത്സിയെക്കുറിച്ചും
ഇന്ന് ഞാന്‍ നദികളെക്കുറിച്ചു പാടും
ദുരന്തവൃത്തത്തിന്റെ രണ്ടാം ചുറ്റലില്‍
തപ്പിത്തടഞ്ഞു കറുത്തു പോയ കൃഷ്ണയെക്കുറിച്ച്
കഴുമരത്തിനു ​ ​​തളിര്‍ വിരിയിച്ച തേജസ്വിനിയെക്കുറിച്ച്
എഴുപത്തൊന്നിന്റെ താരുണ്യം
എല്ലാ തെരുവിലൂടെയും പതഞ്ഞൊഴുകി വീണ്
അരുണരേഖയാക്കി മാറ്റിയ സുവര്‍ണ്ണ രേഖയെക്കുറിച്ച്
ഇന്നു​ ഞാന്‍ നദികളെക്കുറിച്ചു പാടും
കാവേരിയെക്കുറിച്ച്, പെരിയാറിനെക്കുറിച്ച്,
കബനിയെക്കുറിച്ചും.
--------------------------------------------------------------------------------------

Tuesday, March 14, 2017

മഹാഭാരതം / സച്ചിദാനന്ദന്‍


ഇക്കുറി കൗരവര്‍ ജയിക്കുമെന്ന് 
ശകുനിക്ക് ഉറപ്പായിരുന്നു
തറവാട്ടുകാരണവന്‍മാരെ
നിശ്ശബ്ദരാക്കിയുള്ള
ദുര്യോധനന്റെ മുന്നേറ്റം
അദ്ദേഹം ശ്രദ്ധിച്ചിരുന്നു
യുദ്ധം ജയിക്കുന്നത്
യുദ്ധം ചെയ്യുന്നവരല്ല
ചെയ്യിക്കുന്നവരാണ്,
അവര്‍ ഇനി
പ്രതിഫലം ചോദിക്കും,
ദാനം കൊടുത്ത ഓരോ തേരിനും പത്തു തേര്,
ഓരോ കുതിരക്കും നൂറു കുതിര
പാണ്ഡവര്‍ ജയിച്ചിരുന്നെങ്കിലും
നയം വേറെ ആകുമായിരുന്നോ?
നയം യുദ്ധത്തിന്‍റെ
വിഷയമേ അല്ലായിരുന്നു;
വിഷയം വേഗം ആയിരുന്നു
സത്യവും വിഷയമല്ലായിരുന്നു ,
കൂടുതല്‍ ഫലപ്രദമായി
അസത്യം വില്‍ക്കാന്‍
ആര്‍ക്കു കഴിയും എന്നായിരുന്നു
മൗനത്തെക്കാള്‍ നന്നായി അസത്യം മറയ്ക്കാന്‍
വാചാലതക്കാവുമെന്ന്?
ഇക്കുറി വ്യക്തമായി
'ധര്‍മം' കൂട്ടിന്നുണ്ടെങ്കിലോ,
അത് ഇന്ദ്രജാലം ചെയ്യും
ആരു ജയിച്ചാലും
മരിക്കേണ്ടവര്‍ ഒരു കൂട്ടര്‍തന്നെ
വിധവകള്‍ അവരുടേത്,
അനാഥസന്തതികളും
ഭരണത്തിനു ചാതുര്യം കൂടുംതോറും
മരണത്തിനു വേഗം കൂടും
ദഹിക്കുന്നത് ഖാണ്ഡവമായാലും
ലങ്കയായാലും പുകയുടെ മണം ഒന്നുതന്നെ
കിളികളുടെ, മൃഗങ്ങളുടെ,
മരങ്ങളുടെ, വനവാസികളുടെ
വനങ്ങള്‍ ഇനിയുമെത്രയോ
തെളിക്കാനുണ്ട്, ഖനികള്‍
ഇനിയുമെത്രയോ തുരക്കാനുണ്ട്
കുറച്ചു ബലികള്‍ വേണ്ടിവരും,
ചില ശവങ്ങള്‍ കൊമ്പില്‍ തൂങ്ങും,
ഊരും പേരുമില്ലാത്ത വ്യര്‍ഥജന്മങ്ങള്‍
അതും പാണ്ഡവര്‍ തുടങ്ങിയത്തിന്‍റെ
സമര്‍ത്ഥമായ തുടര്‍ച്ച തന്നെ,
അന്ധരെ അന്ധരായി നിലനിര്‍ത്താന്‍
സഞ്ജയനുണ്ടല്ലോ,
അവര്‍ ജയിച്ചവര്‍ക്ക് അനുകൂലമായി
എല്ലാം വ്യാഖാനിക്കും
പേടിയുള്ളത് പ്രേതങ്ങളെ മാത്രമാണ്
പാണ്ഡവരും കൌരവരും കൊന്നവര്‍
ഒന്നിച്ചു നിലവറകളില്‍നിന്ന്
എണീറ്റ് അണിചേരുമോ?
പുഴകളെ കൂട്ടിച്ചേര്‍ക്കാം,
പക്ഷേ മലകള്‍ എന്തുചെയ്യും?
ഉറങ്ങുന്നവര്‍ എന്നും
ഉറങ്ങിത്തന്നെ കിടക്കുമെന്ന് എന്തുറപ്പ്?
പാണ്ഡവരെയും കൌരവരെയും
തള്ളിപ്പറഞ്ഞു അവര്‍ പുതിയ
ഇതിഹാസം തുടങ്ങുമോ?
ശകുനിക്ക് അതുമറിയാം
പത്തുവര്‍ഷം, അതേ അദ്ദേഹം
ചോദിക്കുന്നുള്ളൂ
പിന്നെ ദരിദ്രര്‍ ഒന്നുപോലും
ബാക്കിയാവില്ല,
സ്ത്രീകള്‍ പ്രസവിക്കാന്‍
ധൈര്യപ്പെടുകയുമില്ല.
----------------------------------------------------------------------

Tuesday, August 30, 2016

മരിച്ചവരുമായി സംസാരിക്കൽ / സച്ചിദാനന്ദന്‍


എല്ലാവരും ഉറങ്ങുമ്പോൾ
സ്കൈപ് തുറക്കുക
സ്കൈപ് ഐഡി: മരണം
മൂന്നുമിനിറ്റ് ഹൃദയമിടിപ്പ്
നിർത്തിവെച്ചു ധ്യാനിക്കുക.
മരിച്ചവർ അവരുടെ
നമ്പറുകളോടെ പ്രത്യക്ഷരാവും
ലാപ്ടോപ് ഒരു മോർച്ചറിയാണെന്നു
തോന്നുന്നത് വെറുതെ.

മരിച്ചവരുടെ പിന്നിൽ
എന്താണെന്ന് നോക്കൂ:
അവർ സ്വർഗ്ഗത്തിലാണെങ്കിൽ
സ്വർണംകൊണ്ടുള്ള അഴികളും
വജ്രംകൊണ്ടുള്ള തോക്കുകളും കാണും
നരകത്തിലാണെങ്കിൽ
തീപിടിച്ച ഒരു നിഘണ്ടുവും
അറ്റുപോയ ഒരു പാലവും.
മരിച്ചയാൾ കവിയെങ്കിൽ
ഒരു വരിക്കുള്ളിൽ
മാറിയ അർത്ഥങ്ങളോടെ പ്രത്യക്ഷപ്പെടും
ശാസ്ത്രജ്ഞനെങ്കിൽ താൻ കണ്ടുപിടിച്ചതെല്ലാം
മാറ്റി എഴുതുന്നതായി കാണും
താൻ പറഞ്ഞതെല്ലാം നുണയായിരുന്നെന്നു
തിരിച്ചറിഞ്ഞ വിവേകിയുടെ മുഖം കണ്ടാൽ
അതൊരു പുരോഹിതനാണെന്നുറപ്പിക്കാം
ചിത്രകാരന്മാർ പാലറ്റുകളായിമാറിയ
മഴവില്ലുകളുടെ ചുമലിലാണ്‌ സവാരി
അനന്തതയിലായതിനാൽ ഒന്നും
എഴുതാനില്ലാതായതിന്‍റെ
മങ്ങൂഴത്തിലാണ്‌ ചരിത്രകാരന്മാർ
പ്രണയികൾക്കു മാത്രം മാറ്റമില്ല;
അതേ അതിശയോക്തികൾ
ചളുങ്ങാത്ത അതേ തങ്കക്കുടം
ഓട്ട വീഴാത്ത അതേ ഓമന.
ഇനി സംസാരിച്ചോളൂ
നിങ്ങളും മരിച്ചിരിക്കുന്നു.
---------------------------------------------------

Saturday, July 30, 2016

അച്ഛൻ ഇരുന്നിടം / സച്ചിദാനന്ദന്‍

അച്ഛൻ ഇരുന്നിടത്ത് 
പഴയ ചാരുകസേരയിൽ
ഇപ്പോൾ ഒരു പാട് മാത്രമുണ്ട്
വിയർപ്പും ചന്ദനവും മണക്കുന്ന
ഒരു കുഴി .

അച്ഛൻ വായിച്ചിരുന്ന 'എക്സ്പ്രസ് '
പത്രത്തിൻെറ ഒരു തുണ്ട്
ചാരുകസേരയുടെ കാലിൽ
ഒട്ടിപ്പിടിച്ചിരുപ്പുണ്ട്.
ഞാൻ അവിടെ ഇരുന്ന് മുകളിലേക്കു നോക്കി
അച്ഛൻ വായിക്കുന്ന പത്രത്തിന്റെ
പിൻപുറം വായിക്കുമായിരുന്നു.

അച്ഛന്റെ കണ്ണടക്കൂട്
അവിടെത്തന്നെ  ഉണ്ട് ,
അതിലെ കണ്ണട ഇപ്പോൾ
മറ്റൊരു ലോകം കാണുകയാണെങ്കിലും.

പിന്നെ മുഷിഞ്ഞ ഒരു തോർത്ത്
ഷർട്ടിൽ ഇടാറുള്ള
സ്വർണം പൂശിയ കുടുക്ക്
സിംഗപ്പൂരിൽ നിന്ന്
ആരോ കൊണ്ടുവന്നു കൊടുത്ത
ഒരു തോൽപഴ്സ്
അച്ഛൻ മേശ തുറക്കുമ്പോൾ വന്നിരുന്ന
ഏതോ പഴയ കാലത്തിന്റെ മണം
അച്ഛൻ എന്നെ പാടിയുറക്കാറുള്ള,
ഒരു മരത്തെയും പക്ഷിയെയും
കുറിച്ചുള്ള, തമിഴ് താരാട്ടിന്റെ ഈണം.

നാരായണീയത്തിലെ ഒരു ശ്ലോകം
അച്ഛന്റെ ശബ്ദം തേടി അലയുന്നു
രാത്രി അതു നാലു
നെൽകതിരുകളായി മാറുന്നു
മുറ്റം വയലായി പഴുത്തുലയുന്നു .

അച്ഛൻ മാത്രം ഇല്ല,
വെളുപ്പാൻ കാലത്തു വരാറുള്ള
ചില ഇളംതവിട്ടു നിറമുള്ള
സ്വപ്നങ്ങളിൽ ഒഴികെ.

ഞാൻ താമസിയാതെ
അച്ഛനെ കാണും
ആ നെറ്റിയിൽ
എന്റെ നീലിച്ച ചുണ്ടുകൾ കൊണ്ട്
ഒരു ഉമ്മ കൊടുക്കും. 

Thursday, May 12, 2016

ചില പ്രണയങ്ങള്‍ / സച്ചിദാനന്ദന്‍


ചില പ്രണയങ്ങള്‍
പടര്‍പ്പനി പോലെയാണ്
ആദ്യമൊരു തുമ്മല്‍
പിന്നെ ഉടലാകെ വേദന
പുറവും അകവും പൊള്ളുന്ന ചൂട്
ദുസ്വപ്നങ്ങളുടെ ഒരാഴ്ചയ്ക്കുശേഷം
അതു ശമിക്കുന്നു.
നാമിപ്പോള്‍ മറവിയുടെ സ്വാസ്ഥ്യത്തിലാണ്.


ചില പ്രണയങ്ങള്‍
വസൂരി പോലെയാണ്.
പൊട്ടുന്നത് കുളിരോ കുരുവോ
എന്നറിയാതെ നാം പരിഭ്രമിക്കുന്നു
പ്രണയതാപത്തില്‍ ശരീരം
ചുട്ടു പഴുത്തു ചുവക്കുന്നു.
നാം അതിജീവിച്ചേക്കാം
പക്ഷെ പാടുകള്‍ ബാക്കിയാവുന്നു
ആയുസ്സു മുഴുവന്‍ ആ ഓര്‍മ്മകള്‍
നാം ഉടലില്‍ പേറുന്നു.

ചില പ്രണയങ്ങള്‍
അര്‍ബ്ബുദം പോലെയാണ്
ആദ്യം നാം അതറിയുന്നേയില്ല
വേദന തുടങ്ങുമ്പോഴേയ്ക്കും
സമയം വൈകിയിരിക്കും,
അവള്‍ മറ്റൊരാളുടെതായിരിക്കും
വൃഥാ പെരുകിയ ആ പ്രണയകോശത്തിനുള്ള
മരുന്നുകള്‍ നമ്മെ കൃശമദനന്മാരാക്കും
അവഗണന ഫലിക്കാതാകുമ്പോള്‍
കത്തി വേണ്ടി വരും
പിന്നെ ഒരവയവം നഷ്ടപ്പെട്ടവരെപ്പോലെ
നാം മരിച്ചു ജീവിക്കുന്നു
പിന്നെയും അത് പടരുമ്പോള്‍
ഒരു മരക്കൊമ്പിലോ പുഴയിലോ
കിളരമേറിയ മട്ടുപ്പാവിലോ
ഒരു കൊച്ചു കുപ്പിയ്ക്കുള്ളിലോ നിന്ന്
കൃപാലുവായ മരണം നമ്മെ പ്രലോഭിപ്പിക്കുന്നു
പ്രണയം നമ്മെ അതിജീവിക്കുന്നു.

ചില പ്രണയങ്ങള്‍
ഭ്രാന്തു പോലെയാണ്.
നാം മുഴുവനായും ഭാവനയുടെ ലോകത്താണ്
മറ്റെയാള്‍ അതറിയുന്നു പോലുമില്ല
നാം പിറുപിറുക്കുന്നു, പാടുന്നു,
ഒറ്റയ്ക്കു ചിരിക്കുന്നു, കലഹിക്കുന്നു,
അലഞ്ഞു തിരിയുന്നു
ചങ്ങലകള്‍ക്കും വൈദ്യുതാഘാതങ്ങള്‍ക്കും
അതിനെ മെരുക്കാനാവില്ല
കാരണം, അതൊരു രോഗമേയല്ല,
ഒരു സ്വപ്നാവസ്ഥയാണ്
അതിനാല്‍ അത് നക്ഷത്രങ്ങള്‍ക്കിടയിലാണ്.

ഒരിക്കലും സാക്ഷാത്കരിക്കാനിടയില്ലാത്ത
പ്രണയമാണ് ഏറ്റവും മനോഹരമായ പ്രണയം,
അത് അവസാനിക്കുന്നേയില്ല,
രാധയുടേതു പോലെ.
-------------------------------------------------

Monday, April 25, 2016

കണ്ടുമുട്ടൽ / സച്ചിദാനന്ദന്‍


മുപ്പതുവർഷം കഴിഞ്ഞ്
കണ്ടുമുട്ടിയാലും
പുരുഷന് തന്റെ
ആദ്യകാമുകിയെ
തിരിച്ചറിയാനാവും

ഏറെ പുതുക്കിപ്പണിതിട്ടും
താൻ പണ്ടു പാർത്തിരുന്ന
ഗ്രാമത്തിലെ വീട് തിരിച്ചറിയും
പോലെ.

കെട്ടിടങ്ങളും ആരവങ്ങളും
നിറഞ്ഞുകഴിഞ്ഞിട്ടും
ഒരിക്കൽ പൂക്കളാൽ മൂടിയിരുന്ന
കുന്നിൻപുറത്തിന്റെ
വിജനത തിരിച്ചറിയുംപോലെ.

വാലൻപുഴു തിന്നുതീർത്ത
സ്കൂൾ ഗ്രൂപ്പ്ഫോട്ടോയിൽ
താൻ നിന്നിരുന്ന സ്ഥാനം
ഓർത്തെടുക്കും പോലെ
അയാൾ ആദ്യസമാഗമം
പുന:സൃഷ്ടിക്കാൻ ശ്രമിക്കുന്നു
അയാളുടെ ഉള്ളിൽ ഒരുത്സവം
നടക്കുന്നു.

പക്ഷേ, മേളം മതിൽക്കെട്ടിനു
പുറത്തുവരുന്നതേയില്ല.
നെഞ്ചിൽ അവളുടെ
ശിരസു ചേർത്തുപിടിച്ച്
താൻ മുപ്പതാണ്ടു നടത്തിയ
യാത്രകളുടെ മുഴുവൻ
ശബ്ദങ്ങളും
അവളെ കേൾപ്പിക്കണമെന്ന്
അയാൾക്കുണ്ട്.

അവളുടെ സ്വർഗ്ഗങ്ങളും
നരകങ്ങളും
മണത്തും സ്പർശിച്ചും
അറിയണമെന്നും.

പക്ഷേ അവർക്കിടയിൽ
ഇപ്പോൾ ഒരു കടലുണ്ട്.

കാലം അവളിൽ ചെയ്ത
കൊത്തുപണികൾ ശ്രദ്ധിച്ച്
സ്വരത്തിൽ വൈരാഗ്യം വരുത്തി
അയാൾ ചോദിക്കുന്നു:
‘സുഖമല്ലേ?’
ജീവിതം അയാളെ
കീറിമുറിച്ചതു ശ്രദ്ധിച്ച്
അവൾ പ്രതിവചിക്കുന്നു:
‘അതെ.’

ശവപ്പെട്ടിക്കുള്ളിൽ കിടന്ന്
രണ്ടു ജഡങ്ങൾ അന്യോന്യം
സംവദിക്കാൻ ശ്രമിക്കും പോലെ
അവർക്കു ശ്വാസം മുട്ടുന്നു.

മീതേ മണ്ണിന്റെയും
പാറകളുടെയും
വൃക്ഷങ്ങളുടെയും ഭാരം
താങ്ങാനാകാതെ
അവർ അകന്നകന്നു പോകുന്നു

അവർക്കിടയിലെ
കടൽമാത്രം
ബാക്കിയാവുന്നു.
-----------------------------------

വിക്ക് / സച്ചിദാനന്ദന്‍


വിക്ക് വൈകല്യമല്ല
ഒരു സംസാര രീതിയാണ്.
വാക്കിനും അർത്ഥത്തിനുമിടയ്ക്കു വരുന്ന
ചില മൌനങ്ങളെയാണ്
നാം വിക്കെന്നു വിളിക്കുന്നത്.
വാക്കിനും പ്രവൃത്തിക്കുമിടയ്ക്കുള്ള മൌനങ്ങളെ
മുടന്തെന്നു വിലിക്കുമ്പോലെതന്നെ.
ഭാഷയ്ക്കു മുമ്പാണോ വിക്കുണ്ടായത്
അതോ ഭാഷ്യ്ക്കു ശേഷമോ?
ഭാഷയുടെ ഒരു പ്രാദേശിക വ്യതിയാനമാണോ വിക്ക്. ?
അതോ സ്വയം ഒരു ഭാഷയോ:
ഈ ചോദ്യങ്ങൾക്കു മുമ്പിൽ
ഭാഷാശാസ്ത്രജ്ഞർ വിക്കുന്നു.
ഓരോ കുറി വിക്കുമ്പോഴും നാം
അർത്ഥങ്ങളുടെ ദൈവത്തത്തിന്
ഒരു ബലി നൽകുകയാണ്
ഒരു ജനത ഒന്നിച്ചു വിക്കുമ്പോൾ
അവരുടെ മാതൃഭാഷ വിക്കാകുന്നു
ഇപ്പോ‍ാൾ നമ്മുടേതെന്ന പോലെ
മനുഷ്യനെ സൃഷ്ടിച്ചപ്പോൾ
ദൈവവും വിക്കിയിരിക്കണം
അതുക്കൊണ്ടാണ് മനുഷ്യരുടേ
എല്ലാ വാക്കുകളും ദുരൂഹമായത്
അതുകൊണ്ടാണ് മനുഷ്യരുടെ
പ്രാർത്ഥനകൾ മുതൽ കല്പനകൾവരെ
എല്ല്ലാം വിക്കുന്നത്.
കവിതയെപ്പോലെ .

---------------------------------------

Thursday, April 21, 2016

ഞാന്‍ എന്റെ ഗ്ലാസിനോട് സംസാരിക്കുന്നു / സച്ചിദാനന്ദന്‍


തണുത്തുറഞ്ഞ നിലാവുപോലെ
പടരുന്ന മൂടല്‍മഞ്ഞില്‍
ചീവീടുകളുടെ താഴ്വരയില്‍
ഞാന്‍ ഒറ്റയ്ക്കിരിക്കുന്നു.
ഈ ഗൗളിക്ക് മലയാളം മനസ്സിലാകാത്തതുകൊണ്ട്
ഞാന്‍ ബഹുഭാഷാജ്ഞാനിയായ
എന്റെ ഗ്ലാസിനോടു സംസാരിക്കുന്നു.
അതെന്നെ നോക്കി കണ്ണിറുക്കി പറയുന്നു:
'നിന്റെ സമയമടുത്തു.'
'നിന്റെയും' എന്ന് തിരിച്ചു പറഞ്ഞ്
അത് താഴെയിട്ടുടയ്ക്കാനുള്ള ആവേശം
ഞാന്‍ തടഞ്ഞു നിര്‍ത്തുന്നു; പകരം
ഞാനതിനെ ചുണ്ടോടടുപ്പിക്കുന്നു,
ഒരു കാമുകിയെ എന്ന പോലെ.
ലഹരിയില്‍ ഞാന്‍ ഏകാന്തത മറക്കുന്നു.
'ആനന്ദ്രേ..' ഉല്ലാസ് കഷല്‍കര്‍
ഭൈരവിയില്‍ ഒരു അഭംഗ് പാടുന്നു
പിറകില്‍ ഞാന്‍ ഭാവിയുടെ
വാദ്യങ്ങള്‍ കേള്‍ക്കുന്നു, മരണം
വര്‍ത്തമാനത്തില്‍ മാത്രമേ ഉള്ളൂ
എന്ന് ഉറപ്പു നല്‍കിക്കൊണ്ട്.
ഞാന്‍ അകത്തു നിന്ന് പൂട്ടിയിരുന്ന വാതില്‍
തള്ളിത്തുറന്നു കാറ്റും മഴയും നീയും
അകത്തു കടന്നു വരുന്നു, നീ എന്റെ
മടിയില്‍ വന്നിരിക്കുന്നു,
ഒരു വീണയെ എന്ന പോലെ
ഞാന്‍ നിന്നെ മീട്ടുന്നു, യെമന്‍ കല്യാണിയില്‍.
ഇനി ഇടിമിന്നലിനോ മൃത്യുവിനോ
എന്നെ ഭയപ്പെടുത്താനാവില്ല, നിന്റെ
പ്രണയത്തില്‍ ഞാന്‍ വീണ്ടും വീണ്ടും
ഉയിര്‍ക്കൊള്ളും, താഴത്തെ ആ പേരില്ലാതെ
ചുകന്ന പൂവിനെ തുടുപ്പിക്കുന്ന സൂര്യനെപ്പോലെ.
സെറ്റിയില്‍ ഇരുന്ന മാര്‍ലണ്‍ ജെയിംസിന്റെ
നോവല്‍ താനേ തുറക്കുന്നു. കൊലചെയ്യപ്പെട്ട
ബോബ് മാര്‍ളി അതില്‍ നിന്നിറങ്ങി വന്നുപാടുന്നു:
'Get up, stand up, stand up for your rights!'
'പ്രണയിക്കാനുള്ള അവകാശമാണോ?'
നീ ചോദിക്കുന്നു. 'അതെ, അതും ഒരവകാശമാണ്,
പിന്നെ പാടാന്‍, സ്വപ്‌നം കാണാന്‍.
സ്വപ്‌നങ്ങള്‍ക്ക് ഭരണഘടനയില്ല.'
എനിക്കു ജീവിക്കണം, ഭൂമി വീണ്ടും
പച്ചത്തൂവല്‍ കൊണ്ടു മൂടുംവരെ,
ആ തത്ത ഇക്കുറി
പ്രണയത്തിനായി മരിക്കാന്‍ തയ്യാറായ
രാവണന്റെ കഥ പാടും വരെ.
-----------------------------------------------------

Saturday, April 2, 2016

ഏറെയുണ്ടെന്‍ തോട്ടത്തില്‍ / സച്ചിദാനന്ദന്‍


ഏറെയുണ്ടെന്‍ തോട്ടത്തില്‍
പൂവുകളതിലേറ്റം
മോഹനമേതെന്നു ഞാ-
നെങ്ങിനെ ചൊല്ലും തോഴി?
നല്ലതു പനീനീരെ-
ന്നോതുകില്‍ പിണങ്ങുമേ
മുല്ല,യെന്നെപ്പോല്‍ ശുഭ്ര-
യാരെന്നു കലഹിക്കും
സുന്ദരി ജമന്തിയെ-
ന്നൊന്നുരിയാടിപ്പോയാല്‍
ചെമ്പകം തന്‍ പൊന്‍മേനീ
കണിച്ചു രോഷം കൊള്ളും
മന്ദാരം മനോഹരീ-
യെന്നു ചൊല്ലുകില്‍ തുമ്പ
തന്ടെ കൊച്ചരീപ്പല്ലു
കടിച്ചു കോപം കാട്ടും
പട്ടുപോലിതളുള്ള
താമര തന്നേ നന്നെ-
ന്നൊക്കുകില്ലോ താന്‍,
ചെമ്പരത്തി തന്‍ നിറം മാറും
ശംഖുപുഷ്പത്തെ സ്തുതീ-
ച്ചീടുകില്‍ കാശിത്തുമ്പ
ശണ്ഠകൂടിടും പല
വര്‍ണത്തില്‍ കൊടി നാട്ടി
ഏറെയുണ്ടെന്‍ തോട്ടത്തില്‍
പൂവുകളതൊക്കെയും
മോഹനം,പക്ഷേ നിന്നോ-
ടൊക്കുകില്ലൊരു പൂവും...
-------------------------------

Tuesday, January 5, 2016

ജാനകീ, പോരൂ / സച്ചിദാനന്ദന്‍


സന്ധ്യ ചായുകയാവും
ലങ്കയിലിപ്പോള്‍, ഭൂവിന്‍
സംഗീതമെല്ലാമൊറ്റ
രാക്കിളിയുടെ ചുണ്ടില്‍
വന്നലിയികയാവും
മല്ലികാ സുഗന്ധത്തില്‍.
മന്തകാന്തിയാം ശരത്-
ചന്ദ്രനു കീഴേ കടല്‍
പൊന്നുരുക്കുകയാവും,
പോര്‍നിലങ്ങളില്‍ മഴ
പെയ്യുകയാവും നിണം
മായ്,ച്ചെന്‍റെ പ്രിയ ജനം
പിന്നെയും തുമ്പപ്പൂക്കള്‍
സ്വപ്നം കാണുകയാവും.
ഇങ്ങു ഞാനേകാന്തത്തില്‍
വന്നിരിക്കുകയാണ്
ഖിന്നനായ്, ഇത് സ്വര്‍ഗ-
മെന്നു വിശ്വസിക്കുവാന്‍
വയ്യാതെ, നീയില്ലാതെ,
ലങ്ക തന്‍ കാറ്റില്ലാതെ .
ജാനകി, നീറിദ്ദഹി-
ക്കുന്നു ഞാന്‍ താഴത്തു നിന്‍
പാതിരാ കണക്കുള്ള
സാന്ദ്ര കുന്തള ഭാരം
മോഹന ഹിമാചല
സാനു പോലുള്ളാച്ചുമല്‍-
മേലഴിച്ചിട്ടാ മുഖം
ലങ്കയെത്തിളക്കുവാന്‍
മേഘങ്ങള്‍ക്കിടയ്ക്കെത്തും
പൂര്‍ണചന്ദ്രനെപ്പോലെ
നീയുയര്‍ത്തുമ്പോള്‍, നെറ്റി-
ത്തട്ടിനു കീഴില്‍ നീല-
നീലയാം മിഴികള്‍ തന്‍
സാഗരമിരമ്പുമ്പോള്‍
രാഗത്താല്‍ വിടര്‍ന്ന നി-
ന്നരുണാധരങ്ങളെ-
യീറനാക്കുവാനെന്‍റെ
ചുണ്ടുകള്‍ തരിക്കുന്നു
പ്രേമ പൂജതന്‍ തീഷ്ണ
കര്‍പ്പൂരഗന്ധം പേറു-
മാ മലകളില്‍ മല-
യാനിലനെപ്പോല്‍ വീശി
ഏലത്തിന്‍ രുചി പേറും
നാവിനാലുണര്‍ത്തുവാന്‍
ക്ഷീരവും നക്ഷത്രവും
ശൈശവ സ്മൃതികളും
എന്‍ കരാംഗുലീ ലീല
കൊണ്ടുനിന്നുദരത്തിന്‍
പൊന്‍ വയലിന്മേല്‍ തൃഷ്ണാ
പുളകം വിതയ്ക്കുവാന്‍
പൂക്കിലയുടെ മദം
പൂണ്ട നിന്‍ തുടകളെ
വാക്കിനാല്‍ സ്പര്‍ശത്തിനാല്‍
നിര്‍വാണപഥമാക്കാന്‍
ഹാ, വിറയ്ക്കുകയാണെന്‍
മേനിയിതസഹ്യമാം
പ്രേമത്തിന്‍ ഗ്രീഷ്മോഗ്രമാം
നിര്‍ന്നിദ്ര ജ്വരത്തിനാല്‍.
പോരിക ഹേ,വൈദേഹി,
പുലരിയിളംതെന്നല്‍
പോല്‍ നീണ്ട വിരലിനാല്‍
നീ തുറക്കുകീ വാതില്‍
കേവലം പാഴ്പ്പേച്ചിന്ന്‍
കാതോര്‍ത്ത് ക്രൂരം നിന്നെ-
ത്തീയിന്ന് വിധിച്ചവ-
നല്ലിന്ന്‍ വിളിക്കുന്നു
ഹേ, പവിത്രേ, നീയിനി-
ത്തേടേണ്ട, വരില്ലൊറ്റ-
യ്ക്കാ വിജനമാം വന-
മമ്മയാകുവാന്‍, നിന്‍റെ
കാടുകള്‍ പിളരില്ല
താരതന്‍ ആക്രന്ദനം.
ഊര്‍മ്മിളയുടെ ദീര്‍ഘ-
ശ്വാസവും ശംബൂകന്‍റെ
ദ്വീപില്‍ നിന്‍ പുമാന്‍ കൊന്ന
വീരരാം നിശാചരര്‍
തന്‍ യുവ വിധവകള്‍
വാനരികളുമൊത്തു
വ്യോമഭേദിയായ് കേഴു-
മാരവങ്ങളും, ഒരു
വാലില്‍ നിന്നുയരുന്ന
തീയില്‍ വീണടിയുമ്പോള്‍
കിളിയും പൂവും കാവും
ഭൂമിയെ വിളിച്ചാര്‍ത്തു
കേണിടുമൊലികളും,
കേവലമിവിടത്ത്തില്‍
ഇലമേല്‍ മഞ്ഞിന്‍തുള്ളി
പോലെ ലോലമായ്‌ വീഴു-
മെന്‍ രാഗ മൃദുമന്ത്രം ,
കേവലം വിദൂരമാം
വിപിന ജലപാതം
പോല്‍ നിരന്തരമെന്‍റെ
സ്വര്‍ണവീണതന്‍ നാദം.
കേവലം രതോന്മാദ
മൂര്‍ച്ഛയാലാവിഷ്ടര്‍ നാം
കാമികള്‍ പറക്കുമ്പോ-
ഴുതിര്‍ക്കും കളകളം.
ആര്‍ ജിതന്‍? പരാജിതന്‍?
ആര്‍ രാഗി, ആര്‍ വൈരാഗി?
ആര്‍, പ്രണയികളല്ലാ-
താരാണു പ്രണയത്തിന്‍
നീതിയും നിയമവും
നിര്‍മിച്ചു നടത്തേണ്ടോര്‍?
ഹാ, ജയിച്ചുവോ രാമന്‍
ഭൂമിപുത്രി നീ താണു-
പോയ ശൂന്യത്തെപ്പുണര്‍-
ന്നീടുവാന്‍ കൈ നീട്ടുമ്പോള്‍?
രാമബാണത്താല്‍ പിള-
രാത്തൊരെന്‍ ദൃഢ സ്വപ്ന
വീര്യത്താലണുവണു-
വായി ഞാന്‍ സ്വര്‍ലോകത്തി-
ലീവിധമെന്നപ്പുന:
സൃഷ്ടിച്ചു ജയിക്കുമ്പോള്‍?
പോരിക സീതേ, വേണ്ട
ഇനിയപ്പതിവൃതാ
ഭീകര ജന്മം ! ഞാനു-
ണ്ടിവിടെയനശ്വര-
പ്രേമമൂര്‍ത്തിയായ്,പറ-
കമ്മയോടെനിക്കായ് നീ
പേറിടും രാഗം, പോരു-
കീ വിശാലമാം ഹൃത്തി-
ലേറെയാണിടം, ഇതു
നിറഞ്ഞില്ലൊരു സ്ത്രീയാല്‍.
വീഴട്ടെന്‍ ചെവികളി-
ലൊക്കെയും നടരാജ-
നാടിടും ചിലങ്ക പോല്‍
നിന്‍ ചിരിയുടെ ശബ്ദം.
ഞാനലിയട്ടേ നിന്‍റെ-
യമ്ലത്തില്‍! വിഷം കുടി-
ച്ചോളെ! നിന്‍ കിനാവിന്‍റെ
കനല്‍ നൃത്തത്തില്‍, രൂക്ഷേ!

---------------------------------

Tuesday, November 24, 2015

രാമനാഥന്‍ പാടുമ്പോള്‍ / സച്ചിദാനന്ദന്‍


രാമനാഥന്‍ പാടുന്നു..
മൌനത്തിന്റെ തടാകത്തില്‍ പളുങ്കിന്റെ വസന്തം
വനഹൃദയത്തിലെ മഹാവൃക്ഷത്തിനകത്തെ
ഹരിത രസത്തിന്റെ വിളമ്പിതസഞ്ചാരം
ഗുഹാന്തരത്തിലെ കുളിര്‍നീരുറവയുടെ
മന്ത്രസ്ഥായിയിലുള്ള വിശുദ്ധ വിസ്താരം
മൌനത്തിന്റെ രജതയാമങ്ങള്‍ക്കു കുറുകെ
നാദത്തിന്റെ പൊണ്മാന്‍ ചാടുന്നു
സ്ഥലചരങ്ങളോടും ജലചരങ്ങളോടും രാമന്‍
അവന്റെ വ്യാകുലമായ ചോദ്യമാവര്‍ത്തിയ്ക്കുന്നും
സേതുവില്‍ പ്രതിധ്വനിയ്ക്കുന്ന പെരുമ്പറകള്‍
അസ്തവര്‍ഷങ്ങളുടെ അനസ്യൂതഹങ്കാരങ്ങള്‍
ഓരോ രാവണശിരസ്സിലും നിര്‍വ്വാണ വാഗ്ദാനങ്ങള്‍
അഗ്നിയുടെ നെറ്റിപിളരുന്ന അഭിമാന പ്രാര്‍ത്ഥനങ്ങള്‍
പിളരുന്ന ഭൂമിയുടെ മുഴങ്ങുന്ന തേങ്ങലോടെ
രാഗ വിസ്താരം അവസാനിയ്ക്കുന്നു
വീണ്ടും മുറികൂടിയ ഭൂമിയുടെ വിമൂഖമായ-
കിതപ്പില്‍ നിന്ന് കീര്‍ത്തനമാരംഭിയ്ക്കുന്നു
ത്യാഗരാജന്റെ മറഞ്ഞു പോയ സീതമ്മ
വാടാത്ത അശോകവനിയായി പൂത്തുയരുന്നു..
രാമനാഥന്‍ പാടുന്നു..
ലുബ്ദന്‍ സ്വര്‍ണ്ണനാണയങ്ങളെന്ന പോലെ
ഗായകന്‍ സ്വരങ്ങള്‍ തുടച്ച് തിരഞ്ഞെടുക്കുന്നു
അര്‍ത്ഥങ്ങളുടെ വെറും ശരീരമുരിഞ്ഞിട്ട ശബ്ദം
ജന്തുക്കളിലും വസ്തുക്കളിലും കൂടി കടന്നു പോകുന്നു
കാളയുടെ കുരലില്‍ അവനൊരു തുടി
കുയിലിന്റെ തൊണ്ടയില്‍ പുള്ളുവന്റെകുടം
ആനയുടെ കുരലില്‍ അമറുന്ന തംബുരു
ഇപ്പോള്‍ അവനൊരു മുരളി
അവന്റെ തുളകളിലൂടെ വേനലില്‍ മെലിഞ്ഞ പുഴകള്‍
ഇപ്പോള്‍ ഒരു വീണ
അവന്റെ കമ്പികളിലൂടെ ശരത്കാലത്തെ മഴകള്‍
ഇപ്പോള്‍ മൃദംഗങ്ങളുടെ ഗിരിനിര
അവിടെ വന്നു പോയ വസന്തങ്ങളുടെ ഊഷ്മളമായ മുഴക്കം
ഇപ്പോള്‍ വയലിനുകളുടെ താഴ്വര
അവിടെ വരാനിരിയ്ക്കുന്ന ഹേമന്തത്തിന്റെ മരവിപ്പിയ്ക്കുന്ന പെരുക്കം
പല്ലവികളുടെ സുവര്‍ണ്ണ ഗോവണികള്‍ കയറി
പ്രകാശത്തിന്റെ ആരോഹണം
നാദഗോപുരത്തിന്റെ നട്ടുച്ചയിലേയ്ക്ക്
അനുപല്ലവികളുടെ വെണ്ണക്കല്‍ പടവുകളിലൂടെ
ക്രീഡാക്ഷീണവുമായി അവരോഹണം
നടുമുറ്റത്തെ സൌമ്യ സായന്തനത്തിലേയ്ക്ക്
രാമനാഥന്‍ പാടുമ്പോള്‍
ലയം ഭക്തിയുടെ ഉടല്‍ വിട്ട് പറന്നുയരുന്നു
രാഗം അതിന്റെ സുതാര്യമായ ആത്മാവ് വീണ്ടെടുക്കുന്നു
ഗതകാല പുഷ്ക്കരത്തില്‍ വിടരുന്ന താമരകള്‍ക്കിടയില്‍
സാമജവരന്‍ ഇളകിയാടുന്ന ഹിന്ദോളം
വിജനമായ രജതഗിരിയുടെ സ്ഫടിക തുഷാരം
സുന്ദരേശനായി നടനമാടുന്ന ശങ്കരാഭരണം
വിന്ധ്യസാനുവിലെ ഹിമമുഖപടമണിഞ്ഞ
വനസരോവരത്തിന്റെ മായാമാളവഗൌളം
ദമയന്തീസന്ദേശവുമായി പറന്നുയരുമ്പോള്‍
വസന്തമേഘങ്ങള്‍ക്കിടയില്‍നിന്നുതിരുന്ന ഹംസധ്വനി
ജഗതംബയുടെ ഘനലാസ്യത്തിലെന്നുപോലെ
വസുന്ധര മലരണിയുന്ന ആനന്ദഭൈരവി
കേള്‍വിക്കാരാ, നിലയ്ക്കാത്ത പ്രതിധ്വനികളുടെ
ആയിരം കാല്‍ മണ്ഢപത്തില്‍
കാവേരിയുടെ മരിയ്ക്കാത്ത കാറ്റേറ്റ് വിശ്രമിയ്ക്കുക
പാടിക്കഴച്ച തൊണ്ടയില്‍
തോല്‍ പൊളിച്ച മൌനം പിഴിഞ്ഞൊഴിയ്ക്കുക
ആടിത്തളര്‍ന്ന കാലുകള്‍
നിര്‍ജ്ജനതയുടെ തിരകളിലാര്‍ത്തി തണുപ്പിയ്ക്കുക
രാമനാഥന്‍ പാടുമ്പോള്‍
ഏതോ ഹിമാവൃത ഭൂഖണ്ടത്തിലാണ്ടുപോയ
പ്രാര്‍ത്ഥന നഗരത്തിന്റെ തെരുവുകളിലലയുന്ന പഥികന്‍
ഇപ്പോഴും വറ്റാതൊഴുകുന്ന മനുഷ്യ ശബ്ദത്തിന്റെ
തെളിനീരുറവ കണ്ടെത്തുന്നു
രാമനാഥന്‍ പാടുമ്പോള്‍
മരിയ്ക്കുന്ന ഭൂമിയില്‍നിന്ന് പറന്നുയരുന്ന
അവസാനത്തെ ശൂന്യാകാശ നാവികന്‍
മറ്റൊരു നക്ഷത്രത്തില്‍ ഇലവിരിഞ്ഞുയരുന്ന
ജീവന്റെ നാമ്പ് കണ്ടെത്തുന്നു..!

-----------------------------------------------------------

Sunday, November 22, 2015

പ്രണയബുദ്ധന്‍ / സച്ചിദാനന്ദന്‍


'ഭൂമിയിലേക്കും വെച്ച് മധുരമേറിയ ചുംബനമേതാണ്?
ഒരിക്കല്‍ നീയെന്നെ ഉത്തരം മുട്ടിച്ചു :
ഉറക്കി കിടത്തിയ കുഞ്ഞിന്റെ നെറുകയില്‍
അതിനെ ഉണര്‍ത്താതെ അമ്മ അര്‍പ്പിക്കുന്ന
തൂവല്‍ പോലുള്ള ചുംബനമാണോ?
സ്വര്‍ണമുരുകുന്ന സൂര്യകാന്തിപ്പൂവിന്നപ്പുറവുമിപ്പുറവും നിന്ന്
കാമുകന്‍ കാമുകിക്ക് നല്‍കുന്ന തിളയ്ക്കുന്ന
ആദ്യ ചുംബനമാണോ?
ഭര്‍തൃജഡത്തിന്റെ
ചുണ്ടില്‍ വിധവ അര്‍പ്പിക്കുന്ന
വിരഹ സ്‌നിഗ്ദ്ധമായ അന്ത്യ ചുംബനമാണോ?
അതോ, കാറ്റ് മരത്തിനും ഇല കിളിക്കുഞ്ഞിനും
വെയില്‍ വനത്തിനും നിലാവ് നദിക്കും മഴ മലയ്ക്കും
നിരന്തരം നല്‍കുന്ന ഹരിത ചുംബനങ്ങളോ?
ഇപ്പോള്‍ ഞാന്‍ അതിനുത്തരം പറയാം;
ദേവികുളത്തിനു മുകളില്‍ മൂടല്‍ മഞ്ഞിന്നൊരു വീടുണ്ട്.
അപ്പുറത്ത് മലഞ്ചെരിവുകളില്‍
കുത്തിയൊലിക്കുന്ന മരതകം.
ഇപ്പുറത്ത് ഭൂമിയോളം പഴക്കമേറിയ പാറകളുടെ
ആദിമഗാംഭീര്യം.
പാറക്കെട്ടുകള്‍ക്കിടയില്‍ മരണം പോലെ
ഇരുട്ടും നിഗൂഢതയും നിറഞ്ഞ ഒരു ഗുഹ.
അതില്‍ വെച്ച് പേരറിയാത്ത മുപ്പത്തിയേഴുതരം
കാട്ടുപൂക്കളുടെ സമ്മിശ്ര സുഗന്ധം സാക്ഷി നിര്‍ത്തി
ഞാന്‍ നിന്നെ ചുംബിച്ചു.
അതില്‍ ആദ്യ ചുംബനമുണ്ടായിരുന്നു;
അന്ത്യചുംബനവും.
നീ കുഞ്ഞും കാമുകിയും വിധവയുമായിരുന്നു.
ഞാന്‍ കാറ്റും ഇലയും വെയിലും നിലാവും മഴയുമായി,
കാലം മുഴുവന്‍ ഒറ്റ നിമിഷത്തിലേയ്ക്ക് ചുരുങ്ങി.
ഇരുളില്‍ നമ്മുടെ ചുംബനം ഇടിമിന്നല്‍പോലെ തിളങ്ങി,
ആ ഗുഹ ബോധിയായി,
എനിക്ക് പ്രണയത്തിന്റെ വെളിപാടുണ്ടായി.
ഇപ്പോള്‍ ഞാന്‍ ജന്മങ്ങളിലൂടെ സഞ്ചരിക്കുന്നു.
അവസാനത്തെ മനുഷ്യജോഡിക്കും
പ്രണയ നിര്‍വ്വാണം ലഭിച്ചുകഴിഞ്ഞേ
ഞാന്‍ പരമപദം പ്രാപിക്കുകയുള്ളു.
----------------------------------------------------------

Sunday, October 18, 2015

ആദ്യപ്രേമം / സച്ചിദാനന്ദന്‍


ആദ്യപ്രേമം
ആദ്യത്തെ മുയല്‍ പോലെയാണ്
ചുവന്ന മിഴികളും ഉണര്‍ന്ന ചെവികളുമായി
മഞ്ഞു വീണ മേച്ചില്‍ പുറങ്ങളില്‍
ചാടി നടക്കുന്ന പതു പതുത്ത അത്ഭുതം
അതിനെ ഇണക്കിഎടുക്കുക എളുപ്പമല്ല
അടുത്ത് എത്തുമ്പോഴേക്കും
അത് ഓടിയൊളിക്കുന്നു
അതിനു ഭയമാണ്,വന്യ വാസനകളുടെ
മുഴങ്ങുന്ന ഗര്‍ജനങ്ങളെ
ഒരു ദല മര്‍മ്മരം പോലും
അതിന്‍റെ ചെവി പൊട്ടിക്കുന്നു
ഒരു പനിനീര്‍ പൂവിന്‍റെ സുഗന്ധം പോലും
അതിന്‍റെ മൂക്ക് പൊള്ളിക്കുന്നു
ഒടുവില്‍ തീവ്ര പ്രണയത്തിന്‍റെ
കടും വെളിച്ചം കൊണ്ട് കണ്ണ് മഞ്ഞളിപ്പിച്ചു
നാമതിനെ പിടി കൂടുന്നു .
എങ്കിലും മടിയിലിരുത്തി
ഒന്ന് തലോടുമ്പോഴേക്കും
അത് മഞ്ഞു പോലെ അലിഞ്ഞലിഞ്ഞു
കാണാതാവുന്നു
അതിരുന്നിടത്ത് വെളിച്ചം തുടിക്കുന്ന
ഒരു മഞ്ഞിന്‍ തരി മാത്രം ബാക്കിയാവുന്നു ,
ഘനീഭവിച്ച ഒരു കണ്ണീര്‍ തുള്ളി.
----------------------------------------------

Saturday, September 19, 2015

ചുവര്‍ / സച്ചിദാനന്ദന്‍


ഇത്ര കനമോ ചുമരിനെന്നോമനേ
അപ്പുറമിപ്പുറം നമ്മ,ളെന്നാല്‍ തമ്മി-
ലെത്രയോകാതം, മരണം നമുക്കിട-
യ്ക്കെത്തിയാലെന്നപോല്‍

കേള്‍ക്കാമെനിക്കു നിന്‍
ഹൃത്തിന്‍ മിടുപ്പുകള്‍, നിന്‍ നെടുവീര്‍പ്പുകള്‍
കേള്‍ക്കാമെനിക്കു നിന്നുള്ളിലെയോര്‍മതന്‍
കുത്തിയൊഴുക്കിന്‍റെ ഗര്‍ഗളം കൂടിയും
കേട്ടുവോ നീ, ആ പഴയ ദിനങ്ങളെ-
യോര്‍ത്തു ഞാന്‍ മൂളിയ പാട്ടുകള്‍? ഭ്രാന്തിന്‍റെ
വക്കില്‍ നടന്നതിന്‍ കാലടിയൊച്ചകള്‍?
പറ്റിയതെന്‍റെയിപ്പാവമുടലിന്ന്
പറ്റിയില്ലാ ഹൃദയത്തിന്ന്‍, വയ്യയി-
ശ്ശിക്ഷയിതു തെറ്റിനേക്കാള്‍ കനത്തുപോയ്.
ഒന്നു ചുമലിനാല്‍ തള്ളുക, വീഴുമേ
നമ്മെയകറ്റിടുമിച്ചുവര്‍, പിന്നെയു-
മൊന്നാം മനസ്സുമുടലും, വരൂ നാളെ
നമ്മളില്ലെന്നാം; വിലയുള്ളതീ ഞൊടി.
---------------------------------------------

Saturday, September 12, 2015

അവസാനത്തെ നദി / സച്ചിദാനന്ദന്‍



അവസാനത്തെ നദിയില്‍
വെള്ളമില്ലായിരുന്നു, രക്തമായിരുന്നു
ലാവയുടെ പ്രവാഹം പോലെ
അതു ചുട്ടു തിളച്ചുകൊണ്ടിരുന്നു
അതില്‍ നീര്‍ കുടിക്കാനെത്തിയ
അവസാനത്തെ ആട്ടിന്‍കുട്ടികള്‍
ഒന്നു നിലവിളിക്കുംമുമ്പേ മൂര്‍ച്ഛിച്ചു വീണു
അതിനു കുറുകെപ്പറന്ന പറവകള്‍
പിടഞ്ഞുപിടഞ്ഞ് അതില്‍ വീണു മറഞ്ഞു
തലയോടുകളില്‍ നിന്ന് കണ്ണീരൊഴുകിക്കൊണ്ടിരുന്നു
ജനലുകളില്‍നിന്ന് നിലച്ച ഘടികാരങ്ങള്‍
താഴെ വീണുകൊണ്ടിരുന്നു.

അവസാനത്തെ നദിയില്‍
ഒരമ്മയുടെ അസ്ഥികൂടം പൊങ്ങിക്കിടന്നു.
അതിന്മേല്‍ തുഴഞ്ഞ് മറുകര തേടുന്ന
ഒരു കുട്ടിയുണ്ടായിരുന്നു.
അവന്‍റെ കൈകളില്‍ അമ്മ മരിക്കുംമുമ്പു നല്‍കിയ
ഒരു മാന്ത്രികമണിയുണ്ടായിരുന്നു
അവന്‍റെ ഓര്‍മ്മയില്‍ ചിരികള്‍
മുഴങ്ങുന്ന ഒരു വീടും .
ആ മണിയുടെയും ഓര്‍മ്മയിലെ വീടിന്‍റെയും
നിഴല്‍, വറ്റിപ്പോയ നദികളുടെ
ശവങ്ങല്‍ക്കുമേല്‍ വീണുകൊണ്ടിരുന്നു.
'നിനക്കെന്നെ ഭയമില്ലേ?'
അവസാനത്തെ നദി കുട്ടിയോടു ചോദിച്ചു.
'ഇല്ല, മരിച്ചുപോയ നദികളുടെ ആത്മാക്കള്‍
എന്‍റെകൂടെയുണ്ട്
സരയുവും സരസ്വതിയും
ഗംഗയും കാവേരിയും നൈലും നിളയും .
ഞാന്‍ അവയോടു സംസാരിച്ചിട്ടുണ്ട് .
പോയ ജന്മങ്ങളില്‍ അവയാണെന്നെ
വളര്‍ത്തിയത്' , കുട്ടി പറഞ്ഞു.
'നിന്‍റെ അച്ഛനാണ് അവയെക്കൊന്നത് .
അവരുടെ ചോരയാണ് എന്നിലൊഴുകുന്നത്
അവരുടെ ശാപമാണ് എന്നില്‍ തിളയ്ക്കുന്നത്‌.'
കുട്ടി മറുപടിയായി മണി മുഴക്കി;മഴ പെയ്തു,
നദി സ്നേഹം കൊണ്ടു തണുത്തു.
രക്തം നീലയായി, മീനുകള്‍ തിരിച്ചുവന്നു
വൃക്ഷങ്ങള്‍ തളിര്‍ത്തു , ഘടികാരങ്ങള്‍
വീണ്ടും നടക്കാന്‍ തുടങ്ങി.
അങ്ങിനെയാണ് മനുഷ്യചരിത്രം
ആരംഭിച്ചത്.
ആ മണി പിന്നെ നിലച്ചിട്ടില്ല.
-----------------------------------------------

കാറ്റായി മാറുവാന്‍ / സച്ചിദാനന്ദന്‍


ചിന്തകള്‍ ഉണ്ടാവരുത്
അടുത്തു കിട്ടാവുന്ന ഏറ്റവും വലിയ
കുന്നിനു മുകളില്‍ കയറുക
കാറ്റിനെത്തന്നെ ധ്യാനിക്കുക,
എല്ലാ അവതാരങ്ങളും
എഴുന്നൂറു പൂക്കളുടെ സൌരഭ്യവുമായെത്തുന്ന
വസന്തമാരുതന്‍,
മഴയെ കയ്യില്‍ കോരിയെടുത്തു വട്ടം ചുറ്റി
ചിരിച്ച് ഉന്മാദിയായ കാമുകനെപ്പോലെ
വന്നെത്തുന്ന ശിശിരപവനന്‍,
തൊട്ടതെല്ലാം ഭസ്മമാക്കി, സൂര്യനെ ശിരസ്സേറ്റി
ചുടലയില്‍ താണ്ഡവമാടുന്ന ഗ്രീഷ്മാനിലന്‍,
അസ്ഥികള്‍ കീറിമുറിച്ചകത്തുകയറി
സ്വപ്നങ്ങളെപ്പോലും മരവിപ്പിക്കുന്ന
ഹേമന്തവാതം, കടലില്‍ ആഴമേറ്റുന്ന
കടല്‍ക്കാറ്റ്, ചിറകുകളില്‍ ഉയരമേറ്റുന്ന
മലങ്കാറ്റ്, ആയിരം വാള്‍ ചുഴറ്റിയെത്തുന്ന
ചുഴലിക്കാറ്റ്, മരങ്ങളെ ചുമലിലേറ്റിവരുന്ന
കൊടുങ്കാറ്റ്...
ഇനി നിന്‍റെ ഉള്‍ക്കാറ്റ് അടക്കിപിടിക്കുക
കൈകള്‍ മുന്നോട്ടു നീട്ടി കാലുകള്‍ മെല്ലെ ഉയര്‍ത്തുക,
പറക്കുക, മേഘങ്ങളെ തള്ളിനീക്കി
ഭൂവിന്‍റെ ഈറനണിഞ്ഞ് പറക്കുക.
തിരികെ വരണമെന്നു തോന്നുമ്പോള്‍
മഴയെ ധ്യാനിച്ച്‌ മഴയാവുക
ചിന്തകളുടെ ശാപമേറ്റി
താഴ്വാരത്തിലൂടെ ഒഴുകി വീട്ടിലെത്തുക

പിന്നെ
കാറ്റാവുക.
-----------------------------------------

Friday, August 14, 2015

കാക്കകള്‍ / സച്ചിദാനന്ദന്‍


ഒന്ന്
കുട്ടിക്കാലത്ത് കാക്കകള്‍ക്ക്
മരിച്ചവരുടെ മുഖച്ഛായയായിരുന്നു.
ബലിയിട്ട് അമ്മ കൈ കൊട്ടുന്നതും കാത്ത്
മരണംകൊണ്ടു ക്ഷീണിച്ച മുഖങ്ങളുമായി
അവര്‍ മുറ്റത്തെ പുളിമാവിന്‍ കൊമ്പിലിരുന്നു.
സ്വര്‍ഗ്ഗം വളരെ ദൂരെയായിരുന്നു ,
ദൈവം നിശ്ശബ്ദനും.
ബലിച്ചോറുണ്ടു തിരികെപ്പറക്കുമ്പോള്‍
അമ്മൂമ്മ മുത്തച്ഛനോടു പറഞ്ഞു:
'മരിച്ചിട്ടും മനുഷ്യരുടെ ആശ്രിതരായി
കഴിയേണ്ടിവരിക
എത്ര ഭീകരമാണ് ! '
രണ്ട്
വലുതായതോടെ കാക്കകള്‍ക്ക്‌
തത്ത്വചിന്തകരുടെ മുഖച്ഛായ കൈവന്നു.
പകല്‍ മുഴുവന്‍ അവര്‍
സ്വാതന്ത്ര്യത്തിന്‍റെ ഉത്കണ്ഠയെക്കുറിച്ചു സംസാരിച്ചു.
രാത്രി മനുഷ്യസാദ്ധ്യതകളുടെ അതിര്‍ത്തിയായ
മരണത്തെക്കുറിച്ചോര്‍പ്പിച്ചു.
എന്‍റെ തലമുറയുടെ കൗമാരം
അങ്ങനെ നിദ്രാരഹിതമായി.
ശൂന്യതയുടെ വിരലടയാളംപോലും
ഞങ്ങള്‍ക്ക്‌ നാട്ടുവഴികള്‍പോലെ
പരിചിതമായിരുന്നു.
മരണത്തെ ഞങ്ങള്‍ ഗ്രാമത്തിനു കാവലായ
കായലിനെയെന്നപോലെ തൊട്ടു.
ചിലര്‍ നനഞ്ഞ കൈത്തണ്ടകളില്‍ നിന്ന്
വാച്ചുകളൂരിയെറിഞ്ഞ്
അതിന്‍റെ ഇരുണ്ട ഗഹ്വരങ്ങളിലേക്കാണ്ടിറങ്ങി .
ഉയര്ന്നു വന്ന ജ്വരത്തിന്‍റെ കുമിളകള്‍
മന്ത്രിച്ചതിത്രമാത്രം ,
'പിതൃക്കളുടെ ചെളിയില്‍
ഒരു താമരയും വിരിയുന്നില്ല .
ദൈവത്തിന്‍റെ തലയോട്ടിയില്‍
ഒരു തവള താമസമാക്കി ---
ക്രോം, ക്രോം : ഒന്നുമില്ല, ഒന്നുമില്ല. '
മൂന്ന്
താമരകള്‍ വിരിഞ്ഞത് താഴ്വരയിലായിരുന്നു
കാലുകളില്‍ നൃത്തമായിരുന്നു.
കാടുകളില്‍ സ്നേഹവും.
സ്വപ്നം മുഴങ്ങുന്ന ഹൃദയങ്ങള്‍ പെരുമ്പറകളാക്കി
ഞങ്ങള്‍ പുരമുകളില്‍ കെട്ടിത്തൂക്കി.
പിതൃക്കളുടെ മഞ്ഞുരുകി ,
മുക്തിയുടെ ശിരസ്സ് ആദ്യമായി
ഞങ്ങളില്‍ തെളിഞ്ഞുകണ്ടു.
കര്ഷകന്നുള്ള കിരീടം മേഘങ്ങളില്‍ തിളങ്ങി.
പെട്ടെന്നാണ് കാക്കകള്‍
രാത്രികളായി വന്നിറങ്ങിയത്.
ഞങ്ങളിലേറ്റവും നല്ലവരെ
അവ റാഞ്ചിക്കൊണ്ടുപോയി.
അവരുണ്ടായിരുന്നിടത്ത്
ഒരു വട്ടം ചോരമാത്രം ബാക്കിയായി.
രക്തസാക്ഷികളുടെ വിധിയെ പരിഹസിച്ച്
കാക്കകള്‍ പോയ്‌മറഞ്ഞ ഇരുണ്ട ആകാശം നോക്കി
ഞങ്ങള്‍ വഴിയറിയാതെ പകച്ചുനിന്നു.
നാല്
ശുദ്ധചിന്തയില്‍ രക്ഷയില്ല ,
ശുദ്ധസാവേരിയില്‍ സ്വര്ഗവുമില്ല.
കറുത്ത ചിറകടിക്കു കീഴിലിരുന്ന്
അവശേഷിച്ചവര്‍ അന്യോന്യം
മനസ്സിലാക്കാന്‍ ശ്രമിക്കുന്നു,
ആ ശ്രമത്തില്‍ ഞങ്ങള്‍ക്ക്‌ ഭ്രാന്തുപിടിക്കുന്നു,
വെറുപ്പ്‌ ഞങ്ങളെ കീഴടക്കുന്നു.
ഏകാന്തമായ ഈ മുറ്റം പണ്ട്
ജനബഹുലമായ ഒരു പുഴയായിരുന്നു.
ഭ്രാന്തു മാറ്റുന്ന ജലം
അസ്ഥികൂടങ്ങള്‍ക്കിടയില്‍ ഇന്നും കുരുങ്ങിക്കിടപ്പുണ്ട് ,
ഒന്നു കുഴിക്കുകയേ വേണ്ടു.
അതു തളിച്ചു ഞാനെല്ലാവരെയും തിരിച്ചുവിളിക്കും.
രാജനെ, രമേശനെ, രാമകൃഷ്ണനെ,
സലീമിനെയും സനലിനെയും സുബ്രഹ്മണ്യദാസിനെയും
ജീവിതത്തിലേയ്ക്കും സ്നേഹത്തിലേയ്ക്കും.
അവരൊന്നിച്ചു കൈ കൊട്ടുമ്പോള്‍
ഞാന്‍ പുളിമാവിന്‍കൊമ്പിള്ല്നില്‍നിന്നു പറന്നെത്തും
കറുത്ത ചിറകുകളില്‍ പതിക്കുന്ന
ഭൂമിയുടെ വെളിച്ചം പറയും :
' മരിച്ചാലും,
മനുഷ്യരില്ലാത്ത ലോകത്തില്‍
കഴിയേണ്ടിവരിക എത്ര ഭീകരമാണ് ! '
കൈ കൊട്ടുവിന്‍, കൈ കൊട്ടുവിന്‍,
ജനങ്ങളുടെ ഉത്സവം ഇത്ര പെട്ടെന്ന്
മദ്ധ്യവയ്സ്കരുടെ ഗൃഹാതുരത്വമായ്ക്കൂടാ !
( 1984 )
---------------------------------------

Friday, July 31, 2015

കഴുമരത്തിലേക്കു പോകുന്നവന്‍റെ ആത്മഗതം / സച്ചിദാനന്ദന്‍



കഴുമരത്തിലേക്കു നടക്കുന്ന
എന്നെ നോക്കൂ
സ്വപ്നങ്ങളൊഴിഞ്ഞ എന്‍റെ ശിരസ്സ്
ആഗ്രഹമൊഴിഞ്ഞ ഉടലിൽ നിന്നു വേര്‍പെടാൻ
പത്തുനിമിഷം.
ഞാൻ കൊന്നവന്‍റെ രക്തം
എന്റെ സ്നേഹത്തിനായി നിലവിളിക്കുന്നതു
കേട്ടതാണ് ഞാൻ:
അവന്‍റെ കുടുംബത്തോടും കൂട്ടുകാരോടും
എനിക്കു മാപ്പിരക്കണമായിരുന്നു
ആ മുറ്റത്തെ മാവിനെ കെട്ടിപ്പിടിച്ച്
എനിക്കു കരയണമായിരുന്നു.
മണ്ണിലുരുണ്ട് എല്ലാ ജീവന്റേയും ഉടമയായ
ഭൂമിയോട് ക്ഷമ യാചിക്കണമായിരുന്നു.
എന്നിട്ടെനിക്കു മടങ്ങണമായിരുന്നു
പാതി കടിച്ചുവെച്ച പഴത്തിലേക്കും
പാതി പാടിയ പാട്ടിലേക്കും
പാതി പണിത വീട്ടിലേക്കും
പാതി വായിച്ച പുസ്തകത്തിലേക്കും
പാതി സ്നേഹിച്ച സ്നേഹത്തിലേക്കും
പാതി ജീവിച്ച ജീവിതത്തിലേക്കും.
പുഴ കടന്ന് പൂരം കൂടണമായിരുന്നു,
കുന്നു കടന്ന് പെരുന്നാൾ,
തിരക്കേറിയ ബസ്സിൽ കയറി
പട്ടണത്തിലേക്ക് പോവണമായിരുന്നു,
ഞാൻ വന്നു എന്ന് കൂട്ടുകാരോട് പറയാൻ.
മകൾ തന്റേടിയായ സ്ത്രീയാകുന്നതു കാണണമായിരുന്നു
മകൻ കരയാനറിയുന്ന പുരുഷന്‍ ആകുന്നതും.
കുളിരിലും കണ്ണീരിലും
ഇണയ്ക്കു തുണയാകണമായിരുന്നു.
ഇലകളേക്കാൾ പൂക്കളുള്ള
വേനലിലെ വാകമരംപോലെ
എനിക്ക് ഓർമ്മകളേക്കാൾ സ്വപ്നങ്ങളുണ്ടായിരുന്നു,
ഇന്നലെയേക്കാൾ വെളിച്ചമുള്ള ഒരു നാളെ.
കഥ പറഞ്ഞു മരണം നീട്ടിവയ്ക്കാൻ
ഞാനൊരു ഷെഹരസാദേ അല്ല.
കഥകളുടെ വൃക്ഷം ഇലകൊഴിഞ്ഞു കഴുമരമായി.
അവരെന്നോടു ചോദിച്ചു
അവസാനമായി എന്തെങ്കിലും ആഗ്രഹമുണ്ടോ എന്ന് .
പുല്ലിലിരുന്നു ചെവി ഉയര്‍ത്തുന്ന ഒരു
മുയലാകണമെന്ന്,
മാവിൽ ചിലയ്ക്കുന്ന അണ്ണാനാകണമെന്ന്
മഴവില്ലിന്‍റെ കിളിയും തലമുറകളുടെ പുഴയും
പൂക്കാലത്തിന്റെ കാറ്റുമാകണമെന്ന്
ഞാൻ പറഞ്ഞില്ല.
അവർ നല്‍കിയ മധുരത്തിന്
മരണത്തിന്‍റെ ചവര്‍പ്പായിരുന്നു
കഴുമരത്തെ അതിജീവിക്കുന്ന
പൂച്ചയുടെ കണ്ണുകളുള്ള, കടും ചവര്‍പ്പ്.
നിയമനിർമ്മാതാക്കളേ പറയൂ,
പറയൂ വിധി കർത്താക്കളേ,
പശ്ചാത്താപംപോലും അസാദ്ധ്യമാക്കുന്ന
ഈ വിധിന്യായത്തിൽ
നിങ്ങൾ പശ്ചാത്തപിക്കുന്നില്ലേ?
കൊലപാതകത്തിന്‍റെചൂടൻ യുക്തിയിൽ നിന്ന്
തൂക്കിക്കൊലയുടെ തണുത്ത യുക്തിയിലേക്ക്
എത്ര ദൂരമുണ്ട്?
ചോദ്യങ്ങൾ ഭൂമിയുടെ പച്ചയിൽവിട്ട്
ഞാൻ പോകുന്നു ,
അപരാധികളും നിരപരാധികളും
രക്തസാക്ഷികളും ഏറെ നടന്നുപോയ
ചോര മൂടിയ ഇതേ വഴിയിലൂടെ,
നാളെയെങ്കിലും ഒരാള്‍ക്കും ഈ വഴി
വരേണ്ടാതിരിക്കട്ടെ
നാളെ
ഉണ്ടാകട്ടെ.
-------------------------------------

Tuesday, June 23, 2015

വല്ലപ്പോഴും / സച്ചിദാനന്ദന്‍


വല്ലപ്പോഴും ചിരിക്കുന്നത് നല്ലതാണ്
ആത്മഹത്യക്ക് തൊട്ടു മുമ്പ് പോലും
കാരണം സൂര്യന്‍ നമ്മേയും അതിജീവിക്കുന്നു
കോള് കൊണ്ട കടലില്‍
മുക്കുവര്‍ തോണിയിറക്കുന്നു
മുങ്ങി മരിച്ചവന്‍ അഴിച്ചു വച്ച മുണ്ട്
പുഴക്കരയിലിരുന്നു പറക്കാന്‍ പഠിക്കുന്നു
ദുരിതങ്ങളുടെ മെത്തയില്‍ കിടന്നു
ഒരാണും പെണ്ണും സ്വര്‍ഗ്ഗത്തിലേക്ക് വിടരുന്നു
ഒരാണ്‍കുട്ടി ഉച്ചയുടെ ചുമലിലിരുന്നു
നെറ്റിപ്പട്ടം കെട്ടിയ ആനകളെ
സ്വപ്നം കാണുന്നു
ഒരു പെണ്‍കുട്ടി കൈതപ്പൂ മണത്ത് മണത്ത്
കാറ്റായി മാറുന്നു
ഒരു പക്ഷി തിരിച്ചു പറക്കും വഴി
നാലു നീല മുട്ടകളും ഒരു നക്ഷത്രവും
സന്ധ്യയില്‍ നിക്ഷേപിക്കുന്നു
സന്തുഷ്ടനായ ഒരു കുടിയന്‍റെ ചുണ്ടില്‍
സൈഗാള്‍ ജലച്ചന്ദ്രനെപ്പോലെ വിറയ്ക്കുന്നു .
ഒരു കവിത കുട നിവര്‍ത്തി മുഖം മറച്ചു
ആലിന്‍ ചുവട്ടിലൂടെ കടന്നു പോകുന്നു
ചേമ്പിലയിലിരുന്ന് മരതകമായ ഒരു മഴത്തുള്ളി
കുഞ്ഞിരാമന്‍ നായരെ ഓര്‍മ്മിക്കുന്നു

ഇതേ ഭൂമിയുടെ ഉദരത്തില്‍
എനിക്കീ നിമിഷം കാണണം
ആത്മാവുള്ള ഒരടയാളം
അയ്യങ്കാളിയെപ്പോലെ
ചിറകു മുളച്ച ഒരു മഷിത്തുള്ളി,
അബ്ദുറഹ്‌മാനെപ്പോലെ ധീരസ്നേഹത്തിന്‍റെ
പച്ചവയലില്‍ വിളയുന്ന സ്വാതന്ത്ര്യത്തിന്റെറ
ഒരു സ്വര്‍‌ണ്ണക്കതിര്‍,
കേളപ്പനെപ്പോലെ മണലില്‍ വിടരുന്ന
ഒരു വെളുത്ത ശം‌ഖു പുഷ്പം,
വി.ടി. യെപ്പോലെ ചിരിച്ചു പെയ്യുന്ന
വിശുദ്ധമായ ഒരു വേനല്‍ മഴ,
എ.കെ.ജിയെപ്പോലെ നിഷ്കാമമായ
പളുങ്കുഹൃദയത്തിന്റെെ ഒരു തരി,
വര്‍‌ഗീസിന്‍റെ ചൂഴ്‌ന്നെടുക്കപ്പെട്ട കണ്ണുകളില്‍ നിന്ന്
കിളിര്‍‌ത്തുയരുന്ന ബോധിയുടെ ഒരില.
പറയൂ,
ഉണ്ടെന്ന്,
അത് ശ്വസിക്കുന്നുവെന്ന്,
ചലിക്കുന്നുവെന്ന്,
ഇതേ ഭൂമിയുടെ ഉദരത്തില്‍ .
എന്‍റെ ഹതാശമായ കാതുകള്‍ ഞാന്‍
മണ്ണിനോട് ചേര്‍‌ത്ത് വെക്കട്ടെ .
--------------------------------------------------------

Thursday, May 14, 2015

രോഗം / സച്ചിദാനന്ദന്‍



ഞാന്‍ എന്റെ രോഗവും ചുമന്ന്
അനേകം വൈദ്യന്മാരെ കണ്ടു
ഒരാള്‍ക്കും അതിനു പേരിടാനായില്ല .
ഒന്നാമന്‍ പറഞ്ഞു :
'തകരാറ് ഹൃദയത്തിനാണ്
സ്നേഹം ലഭിക്കാത്തതാണു കാരണം.
സ്നേഹം ധാരാളമുള്ള പച്ചക്കറികള്‍ കഴിക്കണം '
രണ്ടാമന്‍ പറഞ്ഞു :
' തകരാറ് തലച്ചോറിനാണ്
ഓര്‍മ്മക്കുറവാണു കാരണം.
ഓര്‍മ്മ ധാരാളമുള്ള മൃഗങ്ങളുടെ
സൂപ്പുകള്‍ കഴിക്കണം '
മൂന്നാമന്‍ പറഞ്ഞു:
'തകരാറ് ഉദരത്തിനാണ്
അഗ്നിമാന്ദ്യമാണു കാരണം.
അഗ്നി ധാരാളമുള്ള വാക്കുകള്‍ കഴിക്കണം'
ഞാന്‍ എല്ലാം ചെയ്തുനോക്കി.
രോഗം വര്ദ്ധിച്ചതേയുള്ളൂ.
ലക്ഷണങ്ങള്‍ കേട്ട അഷ്ടവൈദ്യന്‍ പറഞ്ഞു:
' ഇതെല്ലം ജീവിതത്തിന്റെ ലക്ഷണങ്ങളാണ്
രോഗി ജീവിച്ചിരിക്കുന്നു '
ലക്ഷണങ്ങള്‍ കേട്ട അപ്പോത്തിക്കരി പറഞ്ഞു:
' ഇതെല്ലാം മരണത്തിന്റെ ലക്ഷണങ്ങളാണ്
രോഗിയെ മറവു ചെയ്യാം '
ഇപ്പോള്‍
സൂര്യനുദിക്കുമ്പോള്‍ ഞാന്‍ മരിക്കുന്നു
തണുത്ത ഉടലും നിലച്ച ഹൃദയവുമായി
ഞാന്‍ നരകത്തിന്റെ തെരുവുകളിലൂടെ
നടക്കുകയും സ്വര്‍ഗ്ഗത്തിന്റെ ഭാഷ
സംസാരിക്കുകയും ചെയ്യുന്നു,
ചന്ദ്രനുദിക്കുമ്പോള്‍ ഞാന്‍ ജീവിക്കുന്നു
ഊഷ്മളമായ ഉത്കണ്ഠകളും
സ്പന്ദിക്കുന്ന സ്വപ്നങ്ങളുമായി
ഞാന്‍ ഭൂമിയിലൂടെ നടക്കുന്നു ;
യുവാക്കളുടെ ചോര തേടി,
എനിക്കു ജീവിക്കാവുന്ന
പകയില്ലാത്ത ഒരു പകലുണ്ടാക്കാന്‍
ഏവര്‍ക്കും ജീവിക്കാവുന്ന
രോഗമില്ലാത്ത ഒരു ഭൂമിയുണ്ടാക്കാന്‍ .

-------------------------------------------------