Showing posts with label ദ്രുപദ് ഗൗതം. Show all posts
Showing posts with label ദ്രുപദ് ഗൗതം. Show all posts

Monday, August 21, 2017

മെട്രോ / ദ്രുപദ് ഗൗതം


ഇരുട്ടിന്‍റെ കാത്തിരിപ്പിലേയ്ക്ക് ,
ഒരു തെറുപ്പുബീഡി കത്തിച്ച്
ചുമച്ച്ചുമച്ച് ചോരതുപ്പി
പിടിച്ചുപറിക്കാരനായ ഒരു പകല്‍
വന്നുനില്‍ക്കുന്നു .....!
പണിതുകൊണ്ടിരുന്ന
ആവിപറക്കുന്ന തണല്‍
വെയിലിന്
കിട്ടിയ കാശിനുവിറ്റ്
മരം അതില്‍ ഓടിക്കയറുന്നു ...!
രാജ്യദ്രോഹക്കുറ്റം ചുമത്തിയ ,
പുരാതനമായ
എല്ലാ ഓര്‍മ്മകളും
അതിന്‍റെ ഇറക്കത്തിന്‍റെ വളവുകളില്‍ വെച്ചേ
കൊല്ലപ്പെടുന്നു .....!
അതിന്‍റെ സ്രഷ്ടാവിനെ…ഉപേക്ഷിക്കുന്നതോടെ,
പൂര്‍ത്തികരിക്കപ്പെടുന്നതുപോലെ ,
അത്രയും സൂക്ഷ്മതയില്‍
അളന്നളന്നുവെട്ടിയതിന്‍റെ
പാടുകള്‍ ചേര്‍ത്തുവെച്ചതായിരിക്കും
എല്ലാ നിര്‍മ്മിതികളും.....!

ഒരാശ്ചര്യവും
അതിന്‍റെ..ചിഹ്നത്തിലേക്ക് വാഴ്ത്തപ്പെടുന്നില്ലെന്നതുപോലെ ,
ഒരക്ഷരവും…
അതിന്‍റെ…വാക്കുകളില്‍…സുരക്ഷിതമാക്കപ്പെടുന്നില്ല ...!
സൂക്ഷിക്കൂ .......... ,
വാക്കിന്‍റെ
ഏറ്റവും അപകടംപിടിച്ച
വളവാണ്
കവിത .......!
----------------------------------------------------------------------------------------------

Friday, January 20, 2017

ഒറ്റ വെട്ടിന് തിരകള്‍ നീക്കിയ കടല്‍ /ദ്രുപദ് ഗൗതം


തൊട്ടും തോണ്ടിയും 
തന്നെയാവും തുടക്കം
ഒരു അടുക്കളയുടെ സെല്‍ഫി
നിങ്ങള്‍ കണ്ടിട്ടുണ്ടോ...?
വരച്ചുവച്ചതുപോലെ
അതൊരു കടലാണ്.
മുറിച്ചുനീന്താനാവാത്തത്
ഒരു നീന്തലും കരപറ്റാത്തത്ര
ആഴമുള്ള പിടച്ചിലുകള്‍ 
അതില്‍ ഞൊറിഞ്ഞുഞൊറിഞ്ഞുവച്ചിരിയ്ക്കും
എന്നാല്‍,
ചിറകഴിച്ചുവച്ചൊരാകാശം
അതില്‍
നീന്തിനീന്തിനീലിയ്ക്കുന്നത്
സൂക്ഷിച്ചുനോക്കിയാല്‍ കാണാം
യാത്രയ്ക്കിടയില്‍
മുന്നറിയിപ്പില്ലാതെ
റദ്ദാക്കപ്പെടുന്ന
തീവണ്ടിയാണ്
അതിന്റെയിഷ്ടങ്ങള്‍
വീടിന്റെ ഒച്ചയിലേയ്ക്ക്
ഒരീച്ചപോലും കയറും മുമ്പേ
കിളിയൊച്ചകള്‍ ഒക്കത്തെടുത്ത്,
വെളിച്ചം കുന്നിറങ്ങിവരും മുമ്പേ
അത്ര തിളക്കമില്ലാത്ത
ഒരു വരിയിലേയ്ക്ക്
തന്നെത്തന്നെ കൊളുത്തിവച്ചിരിയ്ക്കും
അത്.
ഒരു കട്ടന്‍കാപ്പിയില്‍
അത് വീടിന്റെയുറക്കം
അലിയിച്ചുകളയും
ഇരുളിന്റെ
വക്കുകള്‍ വെട്ടിയെടുത്ത്
അതൊരു
പകലിനെത്തുന്നിയെടുക്കും.
പിന്നെ,
പതിവുകള്‍ ഉപ്പിലിട്ട
കാന്താരിനീറ്റലില്‍
അച്ചാറുപോലെ
പാകപ്പെടും.
വാക്കിനെ
കവിതയിലേയ്‌ക്കെന്നപോലെ
സങ്കടത്തുള്ളികളെ
കൂട്ടുകറിയിലേയ്ക്ക്! ചേര്‍ത്തിളയ്ക്കിവയ്ക്കും.
ചില,ഇഷ്ടങ്ങളെ
തിളപ്പിച്ച്
പാലൊഴിച്ച്
ചായയെന്നപോലെ
നീട്ടിയൊഴിച്ചാറ്റിവയ്ക്കും
എപ്പോഴും ഒച്ചവയ്ക്കുന്ന
പഴയ മിക്‌സിക്ക്
ഇടയ്ക്ക് ചവയ്ക്കാന്‍
എന്തെങ്കിലുമിട്ടുകൊടുക്കും
കാടിയും
കഞ്ഞിവെള്ളവും തൂവിപ്പോയവറ്റും
മാത്രം കൊടുത്ത്
ജീവിതത്തെയൊന്നു കറന്നുനോക്കാം
എന്ന സാധ്യതയിലേയ്ക്ക്
ഇടയ്‌ക്കൊന്നിറങ്ങിപോകും.
ഇതിനിടയ്ക്ക് തുളുമ്പിയ
കുഞ്ഞിക്കലത്തെ മറക്കും.
സങ്കടത്തുള്ളികളെയെല്ലാം
വിറകുപോലെകീറി
അടുക്കി അടുക്കി വയ്ക്കും
പിന്നെ
അടുപ്പുപോലെ
പുകഞ്ഞുകൊണ്ടിരിയ്ക്കും
എങ്കിലും,
ഒരു ചിരി
ചുമരിലെ
ഓര്‍മ്മച്ചിത്രത്തിന്റെ മുമ്പിലെന്നപോലെ
എപ്പോഴും
തെളിച്ചുവച്ചിരിയ്ക്കും
വിശപ്പിനെ
കൊളുന്തുപോലെ നുള്ളുന്ന
സമരങ്ങള്‍ക്കിടയിലും
ഒട്ടും രസമായിരിയ്ക്കില്ല
അതിന്റെ പുറംകാഴ്ചകള്‍.
ഇതിനിടയ്‌ക്കെപ്പോഴോ
വെളിയിലിറങ്ങിപ്പോയ
ഒരച്ചാറുമണം
ആടിയാടിക്കയറിവരും.
വാക്കുകളുടെ സാമ്പാറില്‍നിന്നും
അപ്പോള്‍
ബുദ്ധന്റെ മുഖമുള്ള
ഒരു മുരിങ്ങാക്കോല്‍ മാത്രം
തിരക്കിട്ടിറങ്ങിപ്പോകും
അപ്പോഴേയ്ക്കും,അതിന്റെ
പപ്പടംപോലെ പൊള്ളിച്ച
കിനാവുകളെല്ലാം
പൊടിഞ്ഞുപോയിരിയ്ക്കും
എത്രയടച്ചുവച്ചാലും
ഒറ്റത്തിളപ്പിന്
മൂടിതെറിയ്ക്കുന്ന
നിശ്വാസത്തില്‍
വെന്തുവെന്തിരിയ്ക്കും
എന്നും
അടുക്കള.
കടല്‍ച്ചട്ടിയില്‍
സൂര്യന്‍
മുളകരച്ചരച്ച്
കടമ്പുളിയിട്ടുവറ്റിച്ച
മീന്‍കറിയാണ്
സന്ധ്യ.
നിലാവിന്റെ
വെളിച്ചെണ്ണയുറ്റിച്ച്
ചൂടോടെ
അതടച്ചുവയ്ക്കുന്നു
രാത്രി.

കടല്‍ച്ചട്ടിയില്‍
സൂര്യന്‍
മുളകരച്ചരച്ച്
കടമ്പുളിയിട്ടുവറ്റിച്ച
മീന്‍കറിയാണ്
സന്ധ്യ.
---------------------------------------------
(അമ്പത്തേഴാമത് സ്‌കൂള്‍ കലോത്സവത്തിൽ 
ഒന്നാം സ്ഥാനം നേടിയ കവിത )

Thursday, November 3, 2016

സര്‍ബത്ത് / ദ്രുപദ് ഗൗതം


അറുത്തുമാറ്റിയ
കൂടപ്പിറപ്പിനെക്കുറിച്ചല്ല,
മുറിവുകളുടെ
ആഴങ്ങളെക്കുറിച്ചുമല്ല.

പിഴിഞ്ഞെടുത്ത
നിലവിളികളെക്കുറിച്ച്
അല്ലേയല്ല ,
മധുരമുള്ളോരോര്‍മയില്‍
കുറച്ചുനേരം
പൊന്തിക്കിടക്കുന്നതിനെക്കുറിച്ചാണ്
നാരങ്ങയല്ലികള്‍
ഇപ്പോഴും
പറഞ്ഞുകൊണ്ടിരിക്കുന്നത് !
ഇന്നും
ഒറ്റവലിക്ക്
നമ്മള്‍
വറ്റിപ്പോകുന്ന,
ശ്വാസംകിട്ടാത്ത
ചരിത്രങ്ങളുണ്ട് !
------------------------------------------

Thursday, October 13, 2016

'പണി'ശാല / ദ്രുപദ് ഗൗതം


കുത്തിപ്പിഴിഞ്ഞ്
അയയില്‍ വിരിച്ച
രാത്രിയുടുത്ത
കണ്ണുകളില്‍നിന്ന്
ഇറ്റിറ്റ്
ചെറിയ വെയില്‍......!

എത്രവലിയ തെറ്റും
ഇന്നേക്ക്
ശരിയാക്കികൊടുക്കുന്ന
പണിയിലേര്‍പ്പെട്ടിരിക്കുന്ന
സ്വാശ്രയക്കോടതി.......!
മുറിച്ചിട്ട് രക്ഷപ്പെടാമെന്ന
ഒരുറപ്പ്
ഇളകുന്നുണ്ട് ചുവരില്‍....
വെറുതെ വായിലിട്ടുനടന്ന
ഒരു കൂവല്‍
തുപ്പിക്കളയുന്നു .
------------------------------

Monday, April 4, 2016

കാറ്റ് / ദ്രുപദ് ഗൗതം


1
അയ്യോ, മാവേ,
നിന്നോടൊരോന്ന്
മിണ്ടിയിരുന്ന്
നേരം പോയതറിഞ്ഞില്ല
ഒരുപാടുണ്ട് പണികൾ
പാടിച്ചെരുവിലെ
എല്ലാ വീടുകളുടെയും
മുറ്റമടിയ്ക്കണം ,
പണിക്കിറങ്ങുംമുൻപ്
അമ്മച്ചിപ്ലാവിന്
ഒരുമ്മകൊടുക്കണം
ഉബ്രിക്കുന്നിലെ
മഴയെ കൂട്ടിക്കൊണ്ടുവന്ന്
എല്ലാ മരങ്ങളേയും
കുളിപ്പിക്കണം ,
കരയും മുമ്പ് അവരുടെ
തല തോർത്തികൊടുക്കണം.
2
എല്ലാ
തെങ്ങനുജത്തിമാരുടെയും
മുടിചീകിക്കൊടുക്കണം ,
അപ്പുപ്പന്
പത്രം മറിച്ചു കൊടുക്കണം ,
കിടപ്പു മുറിയിലെ മടുപ്പെല്ലാം
കുടഞ്ഞു വിരിക്കണം.
ഇലവീടുകളുടെ
എല്ലാ വാതിലുകളും
ശരിക്കടഞ്ഞിട്ടുണ്ടോയെന്ന്
ഉന്തിനോക്കണം.
അനാഥരായ ഞാറ്റിൻകുഞ്ഞുങ്ങളുടെ
കണ്ണീർ തുടയ്ക്കണം ,
അവരെ പാടിയുറക്കാൻ
പുതിയൊരു താരാട്ട്
പഠിച്ചെടുക്കണം.
ഇടയ്ക്ക് തളരുമ്പോൾ
ഒരു ഇരിപ്പിടമനുവദിക്കാൻ
കരിയിലകളുടെ ജാഥ നയിക്കണം.
3
മുറ്റത്താറാനിട്ട
തുണിയെല്ലാം
മടക്കിവയ്ക്കണം.
വിളക്കി ൻ നാളത്തെ
തുള്ളൽ പഠിപ്പിയ്ക്കണം
അടുക്കളയിൽ
തീ
ഊതിക്കൊടുക്കണം.
പിന്നെ ,
നിന്ന്
തീപിടിക്കുമ്പോൾ
മാവേ ,
നിന്നെ കെട്ടിപ്പിടിച്ചൊരു
മഴ നനയണം.

--------------------------------

Friday, November 6, 2015

ഭയം./ ദ്രുപദ് ഗൗതം


മരം എന്ന ക്ലാസിലെ
ഒരില പോലും
അനങ്ങുന്നില്ല.
നിശ്ശബ്ദത
എന്ന പട്ടിക്കൂട് വ്യവസ്ഥിതി
ആരുടെയോ
പേരെഴുതി വെക്കുന്നു.
വിയർത്ത്
ഓടി വന്ന
കാറ്റിനെ
ചുണ്ടിൽ ഒരു വിരലൊട്ടിച്ചു
നിർത്തിയിട്ടുണ്ട് വരാന്തയിൽ…!
ഒരു മിണ്ടൽ
ചുണ്ടോളം വന്ന്
വറ്റിപ്പോകുന്നു…!
വാതിൽവരെയെത്തിയ
ഒരു ചിരി തിരിഞ്ഞോടുന്നു…!
ചുമരും ചാരിയിരുന്ന്
ഉറങ്ങിപ്പോയി
അനാഥമായൊരക്ഷരം….!
ഭയം
ഒരു രാജ്യമാണ്.
അവിടെ നിശ്ശബ്ദത
ഒരു (ആ)ഭരണമാണ്.

-------------------------------

(പത്താം തരം ജി എച്ച് എച്ച് എസ് കൂപ്പാടി.
സുൽത്താൻബത്തേരി.)

കടപ്പാട് ----മാതൃഭൂമി ബാലപംക്തി