Showing posts with label മനോജ്‌ കുറൂര്‍. Show all posts
Showing posts with label മനോജ്‌ കുറൂര്‍. Show all posts

Sunday, October 18, 2015

പിറകോട്ടുകാണി / മനോജ്‌ കുറൂര്‍


മരിച്ചവരുടെ മീറ്റിങ്ങില്‍
എല്ലാവരും നിശ്ശബ്ദരായിരുന്നു.
തലച്ചോറിനേറ്റ ചതവില്‍ പതിഞ്ഞിരുന്ന മണല്‍ത്തരികളും
രണ്ടെല്ലുകളെ തുന്നിച്ചേര്‍ത്ത ഒരുരുക്കുയന്ത്രവും
ഹൃദയത്തിനുമേല്‍ വെറുതേയൊന്നു പോറിയ ഒരു സൂചിയുമെങ്കിലും
എന്തെങ്കിലുമൊക്കെ പറയുമെന്നു തോന്നിച്ചെങ്കിലും ഒന്നുമുണ്ടായില്ല.
നനവില്‍ പ്രേമവും മുനകളില്‍ കൊതിയും അടക്കിവച്ചിട്ടുണ്ടെന്ന്
ഓരോ കെട്ടിപ്പിടുത്തത്തിലും പുകഴ്ത്തപ്പെട്ട കണ്ണുകളാകട്ടെ
ഒരു നോട്ടത്തിലെങ്കിലും തമ്മില്‍ പിണയാന്‍ തയ്യാറായില്ല.
ഒളിച്ചുനോക്കിനോക്കി തന്നെത്തന്നെ തുലച്ച ഇരുട്ടിനോട്
തഴുകലിന്റെ കലയെന്തെന്ന് കൈകള്‍ തിരഞ്ഞുകൊണ്ടിരുന്നു.
ഇരുട്ടാവട്ടെ, എല്ലാ ഉടലുകളെയും മൂടിയിരുന്നു.
അറ്റുപോയവയെയെല്ലാം തണുപ്പ് കനപ്പെടുത്തിക്കൊണ്ടുമിരുന്നു.
അഴുകിത്തുടങ്ങിയെങ്കിലും ഒഴുകിപ്പരക്കുന്നില്ലല്ലൊ എന്ന്
ഓരോന്നും ആശ്വസിച്ചു.
അവയുടെ മിണ്ടായ്മയില്‍നിന്ന്
ഒരു കെട്ട മണം പോലും പുറപ്പെട്ടതുമില്ല.
ഓരോ കല്ലറയില്‍നിന്നും വെറുപ്പ് ഒരു സൂചിയുടെ രൂപമെടുത്ത്
പിറകോട്ടുകാണിയായി തയ്ച്ചുതയ്ച്ച്
ഓരോ ജീവിതത്തിലും നൂല്‍ക്കുരുക്കിട്ടുകൊണ്ടിരുന്നു.
എല്ലാറ്റിനെയും ചേര്‍ത്തുപുതപ്പിച്ചുകൊണ്ട്
ഭൂപടത്തോളംപോന്ന ഒരു വസ്ത്രം തയ്യാറായി.
നൂല്‍പ്പാടുകളില്‍ത്തെളിഞ്ഞ പുതിയ നാടുകള്‍
പുതപ്പിനുള്ളില്‍നിന്നു കാണാനാവുമായിരുന്നില്ല.
ഒരേ നിറം. ഒരേ തയ്യല്‍പ്പണി. ഒരേ ഇഴയടുപ്പം.
ഒന്നും ഉരിയാടിയില്ലെങ്കിലും മരിച്ചവരുടെ മീറ്റിങ്ങില്‍
ഒരു തീരുമാനമായിരുന്നു.
ഒന്നിനെയുമനക്കാതെയെത്തിയ കാറ്റ്
പുതപ്പുമാത്രമിളക്കിയെടുത്ത് ഒരു പതാകയായി ഉയര്‍ത്തി.
ഉടലില്‍നിന്നു വേറിട്ട തലകള്‍ ഒന്നിച്ചുചേര്‍ന്നു വന്ദിച്ചു യോഗം പിരിഞ്ഞു.

------------------------------------------------------------------------------

Saturday, October 10, 2015

നിഴലില്‍ നമ്മള്‍ / മനോജ്‌ കുറൂര്‍


വല്ലാതെ ദാഹിച്ചപ്പോ-
ളിഴഞ്ഞു മുന്നില്‍വന്നു
സര്‍പ്പത്തിന്‍ മുഖം പോലെ
കൈകള്‍ ഞാന്‍ വളയ്ക്കുന്നു.

ഒരു മൊന്തയില്‍നിന്നു
ജലം നീ പകരുമ്പോള്‍
വിരലിന്‍ വിടവിലൂ-
ടൊഴുകിപ്പരക്കുന്നു.
വിഷത്തിന്‍ കടുപ്പത്താല്‍
നീലിച്ച കൈ ഞാന്‍ വീണ്ടും
കനിവിന്നൊഴുക്കിനെ-
ക്കൊതിച്ചുവിടര്‍ത്തുന്നു.
ഇരുണ്ടുപോയീ നന-
വെന്റെ കൈകളില്‍ത്തട്ടി,
മറിഞ്ഞുപോയീ നിന്റെ
പാത്രവും, നമ്മള്‍ രണ്ടും
തെളിഞ്ഞ വാനം പോലും
നീലയായതുകണ്ടു
വെറുംകൈ മുകളിലേ-
യ്ക്കുയര്‍ത്തിയിരിക്കുന്നു.
മഴക്കാറല്ലാ, വിഷം
തീണ്ടിയ പൊടിപ്പറ്റം
പെയ്യുവാന്‍ തരംനോക്കി
നില്ക്കയാണവിടെയും.
നിറമല്ലതു, ലോക-
ഗോളത്തെ വരിയുന്ന
മറ്റൊരു സര്‍പ്പത്തിന്റെ
നിഴലാണെല്ലാമെല്ലാം.
പെട്ടെന്നു നടുങ്ങി നീ
കൈകള്‍ പിന്‍വലിക്കുന്നു
വെറുതേ, ഞാന്‍ തീണ്ടിയ-
തോര്‍ത്തുകാണില്ലാ പാവം.
-----------------------------

Thursday, February 26, 2015

അന്താക്ഷരി / മനോജ്‌ കുറൂര്‍


പേരറിയാത്തൊരുവള്‍ വന്ന്
കൂട്ടുകാരിയെപ്പോലെ മിണ്ടുന്നു.
അറിയാത്തതെന്തെന്നും
അറിയിച്ചില്ലല്ലൊ എന്നും
കഴിഞ്ഞ വര്‍ഷമെന്നും
കഴിഞ്ഞ നൂറ്റാണ്ടിലെന്നും
കഴിഞ്ഞ ജന്മത്തിലെന്നും
കണക്കു പറയുന്നു.

മുട്ടിയ ജന്മത്തിലാവാം അന്നു
മറ്റവള്‍ നീതന്നെയാവാം എന്നു
ഞാനൊരു പാട്ടു മൂളുന്നു.
നീയെന്നെയറിയില്ല
നിന്നെയുപേക്ഷിച്ചുപോകുന്നതെങ്ങനെ
നീവരും കാലൊച്ച കേള്‍ക്കുവാന്‍
നീന്തിവരുന്നു പൌര്‍ണമിയെന്നൊക്കെ
അവളും മൂളുന്നു.
എങ്കിലും ഉറപ്പാക്കണമല്ലൊ.
പുതിയ റേഷന്‍കാര്‍ഡിനപേക്ഷിച്ചോ?
എന്റെ പേരുണ്ടാവുമോ അതില്‍?
മക്കളെ സ്കൂളില്‍ ചേര്‍ത്തോ?
അവരുടെ ഇനിഷ്യല്‍
എന്റേതെന്റേതെന്ന എന്‍ തന്നെയാണോ?
അതിന്‍പൊരുള്‍ നിനക്കേതുമറിയില്ലല്ലൊ
എന്നാകുമോ അവളുടെ അടുത്ത പാട്ട്?
ഒന്നുമില്ലാത്തതിനെക്കാള്‍ നല്ലത്
ഒട്ടുമില്ലാത്തതാണെന്ന് ഞാന്‍
ഒടുക്കത്തെ പാട്ടു മൂളിയത്
കുറച്ചുറക്കെയായിപ്പോയി.
-------------------------------------------------

Friday, January 2, 2015

കൂട്ടുകാരനല്ലാത്തവനോട് / മനോജ്‌ കുറൂർ


ഒന്നുതന്നെ തിരഞ്ഞതിനാല്‍
നാം കൂട്ടുകാരല്ലാതായി.
നീ തേടിനടന്നത് എന്റെ
കാലില്‍ത്തടഞ്ഞതുകൊണ്ടല്ല.
നിലത്തുനിന്നെടുത്ത്
വിരലുകള്‍ക്കിടയില്‍ ചേര്‍ത്തപ്പോള്‍
നിന്റേതല്ലാതായതിന്റെ
പകച്ചുനോക്കലിലോ
നേര്‍ക്കുനേരെത്താത്ത
പകപോക്കലിലോ അല്ല.
എന്റെ ഉള്ളംകൈയില്‍
വിത്തായൊതുങ്ങിയത്
നിന്റെ ഉള്ളിലാണ്
വളര്‍ന്നുവിളഞ്ഞത്.
ഒന്നു തിളങ്ങിക്കാണാന്‍
ഞാനതു പുറത്തു വയ്ക്കുന്നു.
നിന്റെ കണ്‍മുനയേറ്റപ്പോഴേ
ഉരുക്കുവെള്ളം പോലത്
വെട്ടിത്തിളങ്ങി
ഒഴുകിപ്പരന്ന്
വെയിലായുയര്‍ന്ന്
കാറ്റിലലഞ്ഞ്
മരച്ചില്ലകളില്‍ത്തടഞ്ഞ്
നിലത്തിറ്റുവീണ്
നിറം മങ്ങിയുണങ്ങി
മാഞ്ഞുമാഞ്ഞു പോകുന്നു.
വറ്റിത്തീര്‍ന്ന ഇടം നോക്കാന്‍
ഞാനൊരു മണ്‍വെട്ടിയും
തിരിച്ചുകിട്ടാന്‍
നീ അരിപ്പയുമാകണം.
കൂട്ടുകാരാ...
നീയെന്നെവച്ചു കുഴിക്ക്
നിന്നിലൂടെ ഞാനതരിച്ചെടുക്കാം.
-------------------------------------

Monday, September 29, 2014

കുളംതേകല്‍/ മനോജ്‌ കുറൂര്‍



തവളകളായിരുന്നു
ആദ്യമറിഞ്ഞത്‌.
വിഡ്ഢിയായ കാവല്‍ക്കാരന്‍റെ
നിഷ്‌ഫലമായ ജാഗ്രതപോലെ
ചുറ്റും കണ്ണോടിച്ച്
പാഞ്ഞുനടന്നു അവ.

ഉണര്‍ന്നതിനുശേഷവും
കണ്‍പോളകളില്‍ നിന്ന്
ഉറക്കം വിട്ടുപോകുംപോലെ
വരിവരിയായ്‌ ആമകള്‍.

ഇരമ്പി വന്ന പേടിയുടെ
നീരിളക്കങ്ങളില്‍
ചൂണ്ടക്കൊളുത്തിലേക്ക്
സ്വയമര്‍പ്പിച്ചു മീനുകള്‍.

സ്ഥിരമെന്നു വിചാരിച്ച
വാടകവീടൊഴിഞ്ഞപ്പോള്‍
എന്തോ എടുക്കാന്‍ മറന്ന്
തിരികെയെത്തി പുളവന്‍.

അനധികൃതമെന്നറിയാത്ത
പ്രവാസത്തിനൊടുവില്‍
ഒളിക്കാനിടമില്ലാതെ
പിടികൊടുത്തു ഉടുമ്പ്.

ലഹരിയിലിഴുകിയ
അവ്യക്തസ്വപ്നങ്ങളായി
ചെളിപുരണ്ടു കിടന്നു
ധൂര്‍ത്തരായ വരാലുകള്‍.

രാകിപ്പൊടിഞ്ഞ ആഴം
കുഴഞ്ഞുണങ്ങിയപ്പോഴും
പായലിന്‍റെ പച്ചക്കപ്പല്‍
കൈവിട്ടില്ല കൂത്താടികള്‍.

വന്ധ്യമായ ഗര്‍ഭപാത്രത്തിന്‌
ജീവനോടുള്ള പ്രാര്‍ത്ഥനയായി
ഉറവയില്ലാത്ത കുളം.

വേനലിന്‍റെ പാറകള്‍
മഴ പെയ്‌തലിഞ്ഞിട്ടും
കുടിയൊഴിക്കപ്പെട്ടവര്‍
തിരികെയെത്തിയില്ല.

ഉറക്കത്തിനും ഉണര്‍വിനും
ജീവനും ജഡതയ്‌ക്കുമിടയില്‍
കൊഴുത്ത സോപ്പിന്‍പാട
കനംവച്ചുകിടന്നു.