Showing posts with label പി . എൻ . ഗോപികൃഷ്ണൻ. Show all posts
Showing posts with label പി . എൻ . ഗോപികൃഷ്ണൻ. Show all posts

Thursday, April 27, 2017

മസാലദോശയുടെ മാതാവ് / പി . എൻ . ഗോപികൃഷ്ണൻ


ഹോട്ടലില്‍ ഞാന്‍
പതുക്കെ പറയുന്നു
"മസാലദോശ"
വിളമ്പുകാരന്‍
ഉച്ചത്തില്‍ കൂവുന്നു
" മസാലദോശേയ് യ് യ് "
ഞാന്‍ കല്പിച്ച
ദോശ എന്ന വാക്കിനെത്തന്നെയാണോ
അയാള്‍
പെരുപ്പിച്ചത്?
അല്ല.
ഞാന്‍ കല്പിച്ചത്
രുചിക്കാനുള്ള വാക്ക്.
അയാള്‍ പെരുക്കിയത്
വിളമ്പാനുള്ള വാക്ക്.
എനിക്കത് തീറ്റി
അയാള്‍ക്കത് വസ്തു.
ആ വാക്ക് പിടിച്ചെടുത്ത
പാചകക്കാരിയ്ക്ക്
അത്
വെന്തെരിയുന്ന വൃത്തം.
ഹോട്ടലുടമയ്ക്ക്
ഇടയ്ക്കിടെ വില കൂട്ടി
അളവുകുറച്ച്
വിറ്റഴിക്കേണ്ട ചരക്ക്.
ഹോട്ടലിന് ദൂരെ
ഉഴുന്നുപാടങ്ങള്‍ക്കും
ഉരുളക്കിഴങ്ങുപാടങ്ങള്‍ക്കും
ഇടയില്‍
ആ വാക്കിന്‍റെ വേര്.
അവിടെ നിന്ന്
എന്‍റെ നാക്കിലേയ്ക്ക്
ആ വാക്കിന് വഴിവെട്ടിയ
കാളവണ്ടികള്‍,ലോറികള്‍,
പാണ്ടികശാലകള്‍.
ഇങ്ങനെ
വ്യത്യസ്തമായ് വായിക്കപ്പെടാതെ
ഒരു വാക്കും
ചെയ്ത്താകില്ല.,എങ്കില്‍
മസാലദോശയുടെ മാതാവ്
ഇതില്‍ ആര്?
തീ പറഞ്ഞു:
ഞാനാണ്.
ഞാനാണ് ആ വാക്കിനെ
ചുട്ടെടുത്തത്.
അതിനും മുമ്പ്
ആ വാക്കിന്‍റെ ഡി.എന്‍.എ
ആ വാക്കിലില്ലായിരുന്നു.
തീ സൃഷ്ടിച്ചത്ര
ദൈവം സൃഷ്ടിച്ചിട്ടില്ല.
-------------------------------------------------

Wednesday, March 30, 2016

വൃത്തം / പി . എൻ . ഗോപികൃഷ്ണൻ



എന്‍റെ കാലുകള്‍
നിങ്ങളുടേതുപോലെത്തന്നെ.
മുന്നോട്ടു ചൂണ്ടുന്ന വിരലുകള്‍.
ഉറപ്പുള്ള ഉപ്പുറ്റി.

ശ്വസിക്കാനുള്ള വായു
എന്റെ മുന്നില്‍ത്തന്നെ.തീറ്റയും.
കണ്ണുകള്‍ വഴികാട്ടുന്നതും
മുന്നോട്ട്.
എന്നിട്ടും
നടന്നു നടന്ന്
ഞാനുണ്ടാക്കിയ പാതകള്‍
എങ്ങനെ വട്ടത്തിലായി?

തെറ്റിദ്ധരിക്കരുത്.
ഞാനല്ല
ഭൂമിയെ ഉരുട്ടിയെടുത്തത്.
സൂര്യനുചുറ്റും കറക്കിവിട്ടത്.
റിങ്ങ് റോഡ് കേന്ദ്രമാക്കി
ഈ പട്ടണത്തെ പണിതുയര്‍ത്തിയത്.
ഒരു കണ്ടുപിടിത്തവും എന്റേതല്ല.
ഒരു നിര്‍മ്മിതിയും.
ഞാന്‍ പോലും.

പാദങ്ങള്‍ക്കു മുകളിലെ
പാവാടയുടെ വട്ടം എന്റേതല്ല.
ഉപ്പുറ്റിയ്ക്കു മീതേ
പാദസരത്തിന്റെ വൃത്തവും.
വളയുടെ മാലയുടെ
ചുരിദാര്‍ കഴുത്തിന്റെ
വലയങ്ങളും എന്റേതല്ല.

കറിക്കരിഞ്ഞു തരുമ്പോള്‍
ചായയിടുമ്പോള്‍
സ്വന്തം അടിവസ്ത്രം
ഇട്യ്ക്ക് കഴുകിയിടുന്നതു കാണൂമ്പോള്‍
ഞാന്‍
അവനോട് പറയാറുണ്ട്
:എന്റെ വലയങ്ങളീലൂടെയാണ്
നീയിപ്പോള്‍ കടന്നുപോകുന്നത്.
എന്നാല്‍
അവന്‍ വലിക്കുന്നത് വലിച്ചാലും
കുടിക്കുന്നത് കുടിച്ചാലും
അവന്റെ രേഖയില്‍ ഞാന്‍ തൊട്ടു
എന്നൊരിക്കലും പറഞ്ഞുകേട്ടിട്ടില്ല.
സ്വയം തോന്നിയതുമില്ല

വിഷുപ്പടക്കത്തിന്റെ ഒച്ചയില്‍ ഞെട്ടി
എന്നെന്നേയ്ക്കുമായി വീടു വിട്ടെന്നു വിചാരിച്ച നായെ
ഒരിക്കല്‍ ഞാന്‍
വഴിയില്‍ കണ്ടെത്തി.
ടൈഗര്‍,ടൈഗര്‍ എന്നു
വിളിച്ചു.

‘മിണ്ടാതിരി’
അവന്‍ പറഞ്ഞു.
ടൈഗറാണെങ്കില്‍
ഇതിനകം തിരിച്ചു വന്നേനെ.

അവനറിയില്ല.
ഒരു വൃത്തം പൂര്‍ത്തിയാക്കാന്‍
അല്പം പുറകോട്ടു പോണം.
ഇത്തിരി പഴമ രുചിക്കണം.

നായായാലും പുരുഷനായാലും.
---------------------------------------

Monday, October 19, 2015

ബനലതാസെന്‍* / പി . എൻ . ഗോപികൃഷ്ണൻ

ഏഴാം ക്ലാ‍സ്സില്‍
കന്യാകുമാരിയ്ക്ക് വിനോദയാത്ര പോയപ്പോഴാണ്
നിന്നോടതു പറയണം എന്ന്
എനിക്കാദ്യമായ് തോന്നിയത്.
വിവേകാനന്ദപ്പാറയുടെ ചെരിവില്‍
ശക്തമായ ഒരു കടല്‍ക്കാറ്റ്
എന്റെ വാക്കുകളെ പറത്തിക്കൊണ്ടുപോയി.
പിന്നത്തെക്കൊല്ലം
“അടിയന്തിരാവസ്ഥ അറബിക്കടലില്‍”
എന്ന് കരിയും കലയും മങ്ങിയ ചുമരിന്നരികേ
ഞാന്‍ നിന്നെ കാത്തു നിന്നു.
“മഞ്ഞണിക്കൊമ്പില്‍, ഒരു കിങ്ങിണിക്കൊമ്പില്‍” എന്ന്
ലോട്ടറി വില്‍ക്കുന്ന ഒരംബാസഡര്‍
പെട്ടെന്നു വന്നു നിന്നിരമ്പി.
ഒന്നും പറയാനോ കേള്‍പ്പിക്കാനോ
പറ്റാതെ.
പതുക്കെപ്പതുക്കെ പോകുന്ന
കാലത്തെ ചലിപ്പിക്കാന്‍
ഫിലിം സൊസൈറ്റിക്കാര്‍
ഘട്ടക്കും ബ്യുനുവലും ഗൊദാര്‍ദും
ഇറക്കുമതി ചെയ്തു.
എസ്.എന്‍.വി ലൈബ്രറിയില്‍
വിജയനും ആനന്ദും മാധവിക്കുട്ടിയും
കെ.ജി.എസും സച്ചിദാനന്ദനും ചുള്ളിക്കാടും
അതിവേഗം
കൈമാറ്റം ചെയ്യപ്പെട്ടു.
പനങ്ങാട് ഹൈസ്കൂള്‍ മൈതാനത്തില്‍
ആദ്യത്തെ വിക്കറ്റ് വീണു.
വന്നു കഴിഞ്ഞ എന്തിനേക്കാളും
വരാന്‍ പോകുന്നതില്‍ വിശ്വാസമര്‍പ്പിച്ച്
നമ്മള്‍ വെവ്വേറെ കോളേജിലെത്തി.
ടാറ്റയും ലെയ് ലാന്റുമിരമ്പുന്ന ബസ് സ്റ്റാന്റില്‍
നിന്നെത്തേടി എന്റെ കണ്ണുകള്‍
വിളറിയ യക്ഷരായലഞ്ഞു.
വ്യവസായ വിപ്ലവത്തിന്റെ കാരണങ്ങള്‍
കാണാപാഠം പഠിച്ച രാത്രിയില്‍
യൂണിയന്‍ കാര്‍ബൈഡ്
പഴയ ഭോപ്പാലിനെ ശവപ്പറമ്പാക്കി.
ജാലിയന്‍ വാലാ ബാഗ് പരീക്ഷയ്ക്കെഴുതുമ്പോള്‍
ഡല്‍ഹിയില്‍ സിക്കുകാരെ കൂട്ടക്കശാപ്പു ചെയ്തു.
പാഠവും പ്രത്യാശയും അങ്ങനെ
രണ്ടായ് പിളര്‍ന്നുകൊണ്ടിരിയ്ക്കുമ്പോള്‍
നീ കയറിയ റഹ് മത്ത് ബസ്
പെട്ടെന്ന് ഗിയര്‍ മാറ്റി.
കാലം മാറി.
ട്രാജഡിയും കോമഡിയും
പുസ്തകം വിട്ടു.
മിഷേല്‍ പ്ലാറ്റീനി
പെനാല്‍റ്റി പാഴാക്കുന്നത്
ഞങ്ങള്‍
വീട്ടിലിരുന്നു കണ്ടു.
അര മണിക്കൂറില്‍ മാറഡോണ
കൈ കൊണ്ടും കാല്‍ കൊണ്ടും
ഗോളടിച്ചു.
പത്തു പന്തില്‍
പതിനഞ്ചെടുക്കാന്‍ കോപ്പുകൂട്ടുന്ന സച്ചിനില്‍
ഞങ്ങള്‍
പ്രത്യാശ നിക്ഷേപിച്ചു.
അന്നിട്ടിരുന്ന കുപ്പായം
കീറിപ്പറഞ്ഞു.
കീശയിലുണ്ടായ പത്തുപൈസാത്തുണ്ടുകള്‍
റിസര്‍വ്വ് ബാങ്ക് പിന്‍വലിച്ചു.
ബാബ് റി മസ്ജിദ് തകര്‍ത്തതിന്
രണ്ടു ദിവസം മുന്‍പ്
പി.എസ്.സി പരീക്ഷക്കപേക്ഷിച്ച്
തിരിച്ചു വരും വഴി
എന്റെ ബി.എസ്.എ സൈക്കിളിനെ
നിന്റെ മാരുതി കടന്നുപോയി.
ആ വാക്കുകള്‍ക്ക്
വീണ്ടും മുളപൊട്ടി.
പിന്നെ ഞാന്‍
കാപ്പികള്‍ കുടിച്ച്
സിഗരറ്റുകള്‍ തുരുതുരെ പുകച്ച്
ആ വാക്കുകളെ ചൂടാക്കിക്കൊണ്ടിരുന്നു.
പുകവലി നിരോധിക്കും വരെ.
തുള വീണ ശ്വാസകോശങ്ങള്‍ക്കു മേല്‍
ഐ.ടി.സി
പുകവലിയുടെ നൂറ്റാണ്ട്
ആഘോഷിക്കും വരെ.
എന്തൊരു കാലമായിരുന്നു,അത്!
പോളാ ടാക്കീസ് പൂട്ടി.
പാലപ്പെട്ടിയുടെ ചായക്കടയിലെ
പരിപ്പുവടകള്‍ നാടുകടത്തപ്പെട്ടു.
പോളക്കുളത്തിലെ എരുമകള്‍
കുഴിച്ചു മൂടപ്പെട്ടു.
നീയും ഞാനും നാടു വിട്ടു,അല്ല.വിറ്റു.
നമുക്ക്
ഒന്നിച്ചു ശ്വസിക്കാന്‍
ഒരു ദേശം ഇല്ലാതായി.
എങ്കിലും
ഡൈ പുരട്ടിയും
മോണിങ്ങ് വാക്ക് മുടക്കാതെയും
പഴയ എസ്.എഫ്.ഐക്കാലം
ഇടയ്ക്കിടെ പറഞ്ഞും
ചെറു ചെറു റിയല്‍ എസ്റ്റേറ്റ്
ബിസിനസ്സ് നടത്തിയും
‘അയാം ബിസി’ എന്ന് നാനാഭാഗത്തേയ്ക്കും
തുരുതുരെ മെസ്സേജയച്ചും
ജീവിതം നിശ്ചലമെങ്കിലും
ഫേസ് ബുക്കില്‍
സ്റ്റാറ്റസുകള്‍ നിരന്തരം മാറ്റിയും
ഞാന്‍
അതിജീവിച്ചു.
എന്തു പറയാന്‍?
തൊള്ളായിരത്തി എണ്‍പത്തിമൂന്നിലെ
എസ്.എസ്.എല്‍.സി ബാച്ച്
ടാഗു ചെയ്യുമ്പോള്‍
വീണ്ടും നീ എന്റെ മുന്നിലെത്തി.
അന്നു രാത്രി
കുത്തിയിരുന്ന്
ഞാന്‍ നിന്റെ പ്രൊഫൈല്‍ തെരഞ്ഞു.
ആയിരം ഫേയ്ക്കുകളല്ലാതെ
നീ വന്നില്ല.
ഗത്യന്തരമില്ലാതെ
ഞാന്‍
പുറത്തേയ്ക്കിറങ്ങി.
കാറ്റടിച്ച്
നഗരത്തിന്റെ ഉടയാടകള്‍
ഇടയ്ക്കിടെ പൊങ്ങുമ്പോള്‍
ശ്വാസകോശങ്ങളെ കവിഞ്ഞുപോകുന്ന
ചീഞ്ഞ നാറ്റം.
ഓ.എം.ആര്‍ ഷീറ്റില്‍
പട വെട്ടാന്‍
സീബ്രാലൈനില്‍
കാത്തു നില്‍ക്കുന്ന കുട്ടികള്‍.
ജീവിതത്തിന്റെ കടിയേറ്റും
ചുംബനമേറ്റും
വീണ്ടും വീണ്ടും
പിരിയുന്ന ജനത.
അതിനിടയിലൂടെ
കറുത്ത ആക്റ്റീവയില്‍
കടന്നു പോകുന്ന
മധ്യവര്‍ത്തി മധ്യവയസ്ക്കര്‍.
“ബനലതാസെന്‍”
ഞാന്‍ വിളിച്ചു.
ഹെല്‍മറ്റ് എന്ന മുഖം മൂടിയ്ക്കു പിന്നില്‍
ഏതോ ഒരു പെണ്‍ തലയോട്ടി
ചിരിച്ചിട്ടുണ്ടാകണം.
എന്റെ ഹൃദയത്തിലെ
ഒരു നര
പെട്ടെന്നു കറുത്തു.
...........................
*‘നാട്ടോറിലെ ബനലതാസെന്‍’ - ജീബനാനന്ദദാസിന്റെ വിഖ്യാത കവിത.അതില്‍ ലോകം മുഴുവന്‍ അലഞ്ഞെത്തുന്ന പുരുഷന്‍ സാന്ത്വനം അനുഭവിയ്ക്കുന്നത് ബനലതാസെന്‍ എന്ന, യാഥാര്‍ത്ഥ്യമോ സങ്കല്‍പ്പമോ ആയ, സ്ത്രീയ്ക്കടുത്താണ്.

Monday, January 5, 2015

ബിരിയാണി/ഒരു സസ്യേതര രാഷ്ട്രീയ കവിത [പി.എൻ.ഗോപികൃഷ്ണൻ]


1
കടൽ ആദ്യമായ് കണ്ടപോലെയാണ്
ഞാൻ നിന്നെ കണ്ടുപിടിച്ചത് .
തീയ്യിൽ ആദ്യമായ് തൊട്ട പോലെയാണ്
നാം രണ്ടുപേരും
ബിരിയാണി കണ്ടുപിടിച്ചത് .
ഇന്ത്യ നമുക്ക്
മറ്റു പലതും പോലെ
ഒരു ബിരിയാണി രാഷ്ട്രം കൂടിയായിരുന്നു .
കായിക്കാന്റെ ബിരിയാണി
കരീംസിലെ ബിരിയാണി
ഹൈദരാബാദിലെ ബിരിയാണി
എന്നിങ്ങനെ
ഓരോ ഇന്ത്യൻ നഗരങ്ങളേയും
നാം ബിരിയാണി കൊണ്ട്
അടയാളപ്പെടുത്തി.
നീ കണ്ടിട്ടില്ലാത്ത
ഞാൻ കണ്ടിട്ടുള്ള ഉൽസവങ്ങൾ
ബിരിയാണിയിൽ ഞാൻ
വരച്ചു കാണിച്ചു.
ഞാൻ വായിക്കാത്ത പുസ്തകങ്ങൾ
നീ ബിരിയാണിയിൽ
വായിച്ചു കേൾപ്പിച്ചു.
ബ്രഹ്തിന്റെ വിഖ്യാത കവിത
അദ്ദേഹത്തിന്റെ ജന്മശതാബ്ധി കഴിഞ്ഞപ്പോൾ
" വിശക്കുന്ന മനുഷ്യാ
ബിരിയാണി ഭക്ഷിക്കൂ
അതൊരായുധമാണ്"
എന്ന് നാം
ആദരപൂർവ്വം മാറ്റിയെഴുതി.
അതെ.
ബിരിയാണി ഒരു മനുഷ്യത്തീറ്റ മാത്രമായിരുന്നില്ല .
അതൊരു രാജ്യമായിരുന്നു.
ഭൂഖണ്ഡങ്ങളിൽ നിന്ന് ഭൂഖണ്ഡങ്ങളിലേയ്ക്ക്
വ്യാപിക്കുന്ന അസ്ഥിര രാജ്യം.
അതൊരു കടലായിരുന്നു.
എവിടെയോ ഉത്ഭവിച്ച്
നമ്മിലേയ്ക്ക്
ആഞ്ഞടിയ്ക്കുന്ന കടൽ.
അതൊരു യാത്രയായിരുന്നു,
കണ്ടിട്ടില്ലാത്ത ഒട്ടകകക്കൂട്ടങ്ങളിൽ ചേർന്ന്
നാം
ഒരുമിച്ച് നടത്തിയ യാത്ര.
അതൊരു ചരിത്രമായിരുന്നു,
മഹത്തായ കുശിനിക്കാരുടെ വക്കു കവിഞ്ഞ്
അവരറിയാതെ ഒഴുകിയ ചരിത്രം.
അതൊരു കൃഷിയിടമായിരുന്നു.
കാറ്റുകളെ ഹരം പിടിപ്പിക്കാൻ
എണ്ണമറ്റ അത്തർക്കുപ്പികൾ
ഹൃദയത്തിലിട്ടു പൊട്ടിച്ച
അരിമണികളുടെ വയൽ.
അത്
ഒരിക്കൽ അലഞ്ഞു തിരിഞ്ഞ ജൂതനും
ഇപ്പോൾ അലഞ്ഞു തിരിയുന്ന
ഫലസ്തീനിയുമായിരുന്നു.
ദൂരെ ദൂരെ മരുഭൂമിയിൽ
മിച്ചം വെച്ച നേരം കൊണ്ട്
മകൻ
ഉമ്മയ്ക്കയച്ച സ്നേഹമായിരുന്നു.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർ
ചോദിച്ചു വാങ്ങിയ
അവസാനത്തെ അന്നമായിരുന്നു.
ശിക്ഷ നിർവഹിച്ച ആരാച്ചാർ
മനം പിരട്ടാതിരിക്കാൻ
കഴിച്ച
മരുന്നായിരുന്നു.
ബിരിയാണിയ്ക്ക് അപ്പുറമിപ്പുറമിരിയ്ക്കുമ്പോൾ
എന്റെ നരച്ച താടിരോമങ്ങളെ
നീ കറുത്തു കണ്ടു.
ഞാൻ
നിന്റെ കണ്ണുകളെ
മിന്നാമിനുങ്ങുകളാക്കി.
അന്നത്തെപ്പത്രത്തിൽ
"ബിരിയാണി നിരോധിക്കുക " എന്ന്
എഡിറ്റ് പേജിൽ
നാലുകോളമുണ്ടെന്നു
നീ വിളിച്ചു പറഞ്ഞപ്പോൾ
ഞാൻ വിശ്വസിച്ചില്ല.
പക്ഷേ,
ഉണ്ടായിരുന്നു.
2
ബിരിയാണിയിൽ എന്താണ്
നിരോധിക്കേണ്ടത് ?
മലഞ്ചെരിവുകളെ
പച്ചത്തട്ടം കൊണ്ടു മൂടിയ
ആ പാവം അരിനീൾമണികളെ?
സുഗന്ധം കൊണ്ട്
ലോകത്തേയ്ക്ക് പൊട്ടിത്തെറിച്ച
കറുവപ്പട്ടകളെ ?
എരിവിനെ നൂറു നൂറു പൂക്കളായ് വരച്ച
കരയാമ്പൂക്കാടുകളെ ?
മനുഷ്യരാശിയുടെ അംഗവൈകല്യം തീർക്കാൻ
സ്വന്തം അവയവങ്ങൾ ദാനം ചെയ്ത്
മസ്തിഷ്കമരണം വരിച്ച
ആട്, പോത്ത്,കോഴി ജന്മങ്ങളെ ?
വിരലിൽ വിടാതെ ഇക്കിളിയിടുന്ന
ആ മസ്രുണസ്പർശത്തെ?
നരകത്തീയിൽ വെന്ത്
രുചിസ്വർഗ്ഗം രചിച്ച
ആ അപൂർവ്വ നെയ്ത്തിനെ ?
ചവച്ചു ചവച്ച് നാം
വീണ്ടും വീണ്ടും വായിക്കുന്ന
ആനന്ദത്തിന്റെ ആഖ്യാനത്തിനെ ?
എന്നിട്ടും
അവർ പറയുന്നു :
ബിരിയാണി നിരോധിക്കണം.
അവർ അത് ചെയ്തേക്കും.
മിററിൽ
അഹമ്മദാബാദിൽ
വാരണാസിയിൽ
കൊൽകൊത്തയിൽ
ദില്ലിയിൽ
ചെന്നൈയിൽ
ബിരിയാണി തിന്നുന്നവരെ
പാകിസ്ഥാനിലേയ്ക്ക് നാടു കടത്തിയേയ്ക്കും.
തലശ്ശേരിയിലെ
കോഴിക്കോട്ടെ
ഫോർട്ട് കൊച്ചിയിലെ
പഴക്കമുള്ള ബിരിയാണിച്ചെമ്പുകളെ
ബോംബുവെച്ച് തകർത്തേക്കും.
അവർ അത് ചെയ്തേക്കും.
പാചകത്തിലെ അവസാന കൈത്തറിയായ്
ബിരിയാണി നിരന്തരം നെയ്തു വിരിയുമ്പോൾ
ഏത് ആശയത്തേക്കാളും
വേഗത്തിൽ സഞ്ചരിക്കുമ്പോൾ
അനേകം വൈരുധ്യങ്ങളെ
ലളിതമായ് കൂട്ടിയിണക്കുമ്പോൾ
വ്യത്യാസങ്ങളെ
സൗന്ദര്യമായ് ഉദ്ഘോഷിക്കുമ്പോൾ
അവർ
അത് ചെയ്യും .
ചരിത്രത്തെ വെറും
ചപ്പാത്തി മാത്രമാക്കി
തിരിച്ചും മറിച്ചുമിട്ട്
അവർ അത് ചെയ്യും.
പക്ഷെ,
ഓർമ്മയിരിക്കട്ടെ.
നിങ്ങളുടെ കോർപ്പരേറ്റ് ഓവനുകൾ
ഉൽപ്പാദിപ്പിക്കുന്ന
പഴങ്ങളും പച്ചക്കരികളും
ഓർമ്മയിലിട്ട്
ചവച്ചരച്ച്
ബിരിയാണിയാക്കാൻ പറ്റിയ
പല്ലുകൾ,
പല്ലുകൾ
ഞങ്ങളുടെ പക്കലുണ്ട്
-----------------------------------------------------

Saturday, October 18, 2014

ഒന്നു മിണ്ടാതിരിയ്ക്കൂ / പി.എന്‍.ഗോപീകൃഷ്ണന്‍



ഒന്നു മിണ്ടാതിരിയ്ക്കൂ
നീ പറഞ്ഞു.
കൊടുങ്കാറ്റല്ല ശബ്ദിയ്ക്കുന്നത്.
അതിനെ നേരിടാന്‍ കഴിയാത്ത ചില്ലകളാണ്.
തീയ്യല്ല പൊട്ടിത്തെറിക്കുന്നത്
അതില്‍പ്പെട്ട കരിയിലകളാണ്.
മഴയല്ല ഒച്ച വയ്ക്കുന്നത്.
അതിലുരസുന്ന വായുവാണ്.
ഒന്നു മിണ്ടാതിരിയ്ക്കൂ
നീ പറഞ്ഞു.
വലിപ്പങ്ങളെല്ലാം
മൌനം കൊണ്ട് പണിഞ്ഞത്.
ഹിമാലയം.
തിമിംഗലം.
സൂക്ഷ്മതകളെല്ലാം
മൌനം കൊത്തിയെടുത്തത്.
പൂ വിരിയുന്നത്.
ഇല കൊഴിയുന്നത്.
ഒന്നു മിണ്ടാതിരിയ്ക്കൂ.
നീ ചോദിച്ചു
നിധി കണ്ടപ്പോള്‍
അലാവുദ്ദീന്‍ കലപില വച്ചോ?
പ്രേതത്തെക്കണ്ട ഹാം ലെറ്റ്
നിലവിളിച്ചോ?
രാജ്യം സ്വതന്ത്രമായ അന്ന്
ഗോളടിച്ച പെലെയെപ്പോലെ
ഗാന്ധി കരണം മറിഞ്ഞോ?
വാവിന്റന്ന് ബലിച്ചോറുണ്ണാന്‍
നിന്റച്ഛന്‍
കല്ലറ പിളര്‍ന്നോ?
ഒന്നു മിണ്ടാതിരിയ്ക്കൂ
വാക്കുകള്‍ക്കപ്പുറം കടന്ന കല്ലുകളാണ്
നക്ഷത്രങ്ങളായി തീര്‍ന്നത്.
ഒച്ചയുടെ മറുകര പറ്റിയ
ഈച്ചകളാണ്
മിന്നാ‍മിനുങ്ങുകളായ് തീര്‍ന്നത്.
ഒന്നു മിണ്ടാതിരിയ്ക്കൂ.
നീ പറഞ്ഞു.
പ്രണയമല്ല ശബ്ദിയ്ക്കുന്നത്.
അതിനെ അളക്കാന്‍ കഴിയാത്ത
വാക്കുകളാണ്.

Saturday, October 11, 2014

അങ്ങിനേയും ഒരു ലോകമുണ്ട് / പി . എൻ . ഗോപികൃഷ്ണൻ


അന്നേരം
മാര്‍ട്ടിന്‍ കൂപ്പര്‍ എന്ന മനുഷ്യന്‍
മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ചു.
അവ
ലോകമെമ്പാടും പരന്നു.

ഒരിക്കല്‍
സംസാരിച്ചുമടുത്ത ഒരാള്‍
ഒരു കോള്‍ കട്ടുചെയ്തു.
തള്ളവിരലിന്റെ ഇടപെടല്‍
ഒരു വിനിമയത്തിന്റെ കഴുത്തുഞെരിച്ചു.
പിന്നീട്
ഓഫുചെയ്തും
സിംകാര്‍ഡ് മാറ്റിവച്ചും
കേട്ടില്ലെന്നു നടിച്ചും
പുതിയ ആളുകള്‍
പുതിയ ഉപകരണത്തില്‍
പഴയ ലോകത്തെ വിരിച്ചിട്ടു.
ഒരിക്കലല്ല,
വീണ്ടും വീണ്ടും.
അലക്സാണ്ടര്‍ ഗ്രഹാംബെല്‍ എന്ന മനുഷ്യന്‍
ഇരിപ്പുഫോണ്‍ കണ്ടുപിടിക്കും വരെ.

അതോടെ കൈയ്യിന്റെ കീശയുടെ
വേഗതയുടെ സൊല്ലയൊഴിഞ്ഞ്
ആളുകള്‍ തെരുവില്‍ നടന്നു.
ചിരിച്ചു.
അപരന്റെ നേര്‍ശബ്ദം
റിംഗ്ടോണിനേക്കാള്‍
സംഗീതത്തോടടുത്തു.

അങ്ങനെയും ഒരു ലോകമുണ്ട്.
മൊബൈല്‍ഫോണിനുശേഷം
ലാന്റ്ഫോണ്‍ കണ്ടുപിടിക്കപ്പെട്ട ലോകം.
അവിടെ ഒരിക്കല്‍
ടെലിഫോണ്‍ എറിഞ്ഞുടച്ച ഒരാള്‍ക്ക്
നോബല്‍ സമ്മാനം ലഭിച്ചേക്കും.

ഒച്ചയില്‍ നിന്നും
നിശ്ശബ്ദത കണ്ടെത്തിയതിന്.
വേഗതയില്‍നിന്നും
നിശ്ചലത ആവിഷ്കരിച്ചതിന്