Showing posts with label കടമ്മനിട്ട. Show all posts
Showing posts with label കടമ്മനിട്ട. Show all posts

Wednesday, August 10, 2016

താറും കുറ്റിച്ചൂലും / കടമ്മനിട്ട


ഒരു കുടം താറുണ്ട്‌, ഒരു കുറ്റിച്ചൂലുണ്ട്‌
പെരുവാ നിറയെ തെറിയുമുണ്ട്‌
തലയിൽ ചിരങ്ങുണ്ട്‌, കാലിൽ വ്രണമുണ്ട്‌
തൊലിയാകെ ചൊറിയുവാൻ ചുണലുമുണ്ട്‌.
ഉലകിന്റെ ഉമ്മറത്തെത്തി ഞാൻ നിൽക്കവേ
പുലയാട്ടി നിൽക്കുന്നോ പോക്രികളേ?

വാതിലു കൊട്ടിയടയ്ക്കുവാൻ നിങ്ങടെ
വീതത്തിൽ മാത്രമോ പുണ്യവേദി?
എന്തിനീ നാട്യങ്ങളെന്തിനീ വഞ്ചന
മുന്തിരിത്തോപ്പിലെ മുള്ളുകളെ?
വരികയാണിന്നു ഞാൻ ഒരു കുടം താറുമായ്‌
ഉലകിന്റെ ഭിത്തിയിൽ താറടിക്കാൻ
തടയാൻ വരുന്നവർ വന്നോളൂ നിങ്ങടെ
വിളറും മുഖത്തും കരിപുരട്ടും.
കർക്കടവാവിനു പിണ്ഡം ചികയുന്ന
കാക്കകളല്ലെയീ നിങ്ങളെല്ലാം.
കാറ്റിന്റെ കയ്യിലെ സൗരഭം മോഷ്ടിക്കും
കള്ളപ്പരിഷകളല്ലെ നിങ്ങൾ?
രാവിന്റെ നോവിലുണർന്ന കുടമുല്ല-
പ്പൂവിനെ നിങ്ങൾ കശക്കിയില്ലെ?
കണ്ണുമിഴിച്ചു കിടന്നു ഞാൻ കാലിലെ
വിങ്ങും വ്രണത്തിൽ വിരലമർത്തി
കണ്ണുനീർ വീണു കുതിർന്നു തലയിണ
കല്ലും കരിമണ്ണും പൂഴിമെത്ത
പൊട്ടിയൊലിച്ച ചലമെന്റെ പ്രാണനിൽ
ഒട്ടിയപ്പോൾ നിങ്ങൾ മൂക്കുപൊത്തി
ഈച്ചയെപ്പോലെന്നെയാട്ടിയോടിച്ചില്ലേ
ഈർക്കിലിച്ചൂലുമായ്‌ "നല്ലവരെ" ?
തട്ടിപ്പറിച്ചു ഞാൻ ഈർക്കിലിച്ചൂലിന്റെ
കുറ്റിയെനിക്കിന്നു തൂലികയായ്‌
ഒരു കുടം താറുമായ്‌, ഒരു കുറ്റിച്ചൂലുമായ്‌
ഉണരും വെറുപ്പിന്റെ ശീലുമായി
ഓടയിലോടുമഴുക്കിന്റെ ചാലിൽ നി-
ന്നീ മണിമേട ഞാൻ താറടിക്കും.
നഗ്നചിത്രങ്ങൾ കരിയിലെഴുതിയീ
മുഗ്‌ ധഭാവങ്ങളെ മാച്ചുവെക്കും
വർണപ്പകിട്ടുകൾ കണ്ണാടിയിട്ടൊരീ
ചില്ലുശിൽപങ്ങൾ ഞാൻ തച്ചുടയ്ക്കും
നിങ്ങടെ കൽപ്പകത്തോപ്പിലെ വീഥിയിൽ
എങ്ങും ഞെരിഞ്ഞിലിൻ മുള്ളുപാകും.
കണ്ടാലറയ്ക്കുന്ന കണ്ണിൽ തറയ്ക്കുന്ന
വേണ്ടാതനങ്ങൾ വരച്ചു വെയ്ക്കും
തെറിയുടെ ചീളുകൾ തെന്നിച്ചു നിങ്ങടെ
നെറിയുടെ കൂറ വലിച്ചഴിക്കും.
കർപ്പൂരദീപം പൊലിക്കുമെൻ നിശ്വാസം
കുങ്കുമച്ചെപ്പിൽ ചെളിനിറയ്ക്കും
ചന്ദനക്കാട്ടിലെ താമരപ്പൊയ്കയിൽ
കൽമഷം തൂകി കരികലക്കും
വെൺകളി പൂശിയ വെണ്മുകിൽ ഭിത്തിയിൽ
കാർ മഷി കൊണ്ടു കളം വരയ്ക്കും
അക്കളം പുക്കു ഞാൻ അത്തലിൻ വേതാള-
നൃത്തം ചവിട്ടിയലറി നിൽക്കും.
ആവില്ല നിങ്ങൾക്കടക്കുവാനെന്റെയീ
ഭാവങ്ങളീ മന്നിൻ ഭാവമത്രേ.
----------------------------------------------

Sunday, May 24, 2015

ചാക്കാല / കടമ്മനിട്ട


അങ്ങേലെ മൂപ്പീന്നു ചത്തോടീ
നമ്മളും പോയൊന്നറിയേണ്ടേ?
ചാക്കാല ചൊല്ലുവാൻ വന്നവനു
കാപ്പിയും കാശും കൊടുത്തോടീ?
കാര്യങ്ങളെന്തൊക്കെയായാലും
നാലുപേർ കൂടുന്ന കാര്യമല്ലേ
കോടിയിടേണം പുകല വേണം
കാണിക്കാൻ കണ്ണുനീരിറ്റു വേണം
വെറ്റില തിന്നു ചവച്ചു തുപ്പി
കൂട്ടത്തിൽ കൂടണം നന്മ ചൊല്ലാൻ.
ഭാഗ്യവാനെന്നേ പറയാവൂ
യോഗ്യതയുച്ചത്തിലോർക്കേണം
ചാവിന്നു ബന്ധുത്വമേറുമല്ലൊ
ചാവാതിരിക്കൊമ്പോളെന്തുമാട്ടെ.
എലിമുള്ളുകൊണ്ടാവഴിയടച്ചു
എലുകക്കല്ലൊക്കെ പിഴുതു മാറ്റി
അതിരിലെ പ്ലാവിന്റെ ചോടു മാന്തി
വേരറ്റുവീണപ്പോൾ തർക്കമാക്കി
എരുമയെ കയറൂരി വിട്ടു തയ്യിൻ
തല തീറ്റിയെതിരുകളെത്ര കാട്ടി!
ഏത്തവാഴക്കുല കണ്ടുകണ്ണിൽ
ഈറകടിച്ചു കുശുമ്പു കുത്തി
അളിയനും പെങ്ങളുമെന്നതോർക്കാ-
തതിയാന്റെ തോന്ന്യാസമായിരുന്നു.
പെണ്ണിനെകാണുവാൻ വന്നവരോ-
ടെണ്ണിയ ദൂഷണമെത്രമാത്രം!
പൈക്കിടാവാദ്യമായ്‌ പെറ്റ വാറെ
കൊണ്ടി കൂടോത്രങ്ങളെന്നു വേണ്ട
കുരുതി പുഴുങ്ങി,യുരുളി പൊട്ടി
കറവപ്പശുവിന്റെ കുടലു പൊട്ടി
ഓർക്കുവാൻ കൊള്ളുന്നതല്ലിതൊന്നും
ഓർക്കുവാൻ പറ്റിയ നേരമല്ല.
തരവഴി കാട്ടിയതിന്നു നമ്മൾ
പകരം കൊടുത്തു പലിശ ചേർത്ത്‌.
വാശിക്കു വളിവിട്ടു യോഗ്യരാകാൻ
നോക്കേണ്ടതിനും നാം മോശമല്ല.
അയൽദോഷി ആയില്യമായിരുന്നു
മനദോഷം മക്കൾക്കെന്നാപ്തവാക്യം.
ഓർക്കുവാനോർക്കുന്നതല്ലിതൊന്നും
ഓർത്തു പോകുന്നോർമ്മ ബാക്കിയെന്നും.
എങ്കിലുമങ്ങേരു ചത്തല്ലൊ
എന്തൊക്കെയായാലും രക്തബന്ധം!
നാലുപേർ കൂടുന്നിടത്തു നമ്മൾ
നാണക്കേടെന്നു വരുത്തരുത്

മക്കളോടൊന്നു പറഞ്ഞേരു
വായ്ക്കരിക്കാര്യം മറക്കേണ്ട
നാത്തൂനോടൊത്തു കരഞ്ഞേരു
നഷ്ടം വരാനതിലൊന്നുമില്ല.
ചിത കത്തിത്തീരും വരേക്കു നമ്മൾ
ചിതമായ്‌ പെരുമാറാം ദോഷമില്ല.
--------------------------------------------

Monday, April 20, 2015

പൊരിക്കടല / കടമ്മനിട്ട രാമകൃഷ്ണന്‍



പിടയുന്നു ഭൂമി.,ഞാന്‍ സാക്ഷിയായൊരു പൊതി-
ക്കടല കൊറിച്ചു നില്ക്കുന്നു,
പൊട്ടും പൊടിക്കുമായ് കൂനനുറുമ്പുകള്‍
വട്ടത്തിലോടിയെത്തുന്നു,
കണ്ണന്‍ചിരട്ടയില്‍ കൊണ്ട സമുദ്രത്തില്‍
വീഴുന്നെറുമ്പു, ചാകുന്നു,
കടലയ്ക്കു കൈനീട്ടി നില്ക്കുമക്കുഞ്ഞിന്‍റെ
കണ്ണില്‍ കടല്‍പ്പാമ്പിളക്കം,
കണ്ണന്‍ചിരട്ടയില്‍ കാല്‍തട്ടി വീണെന്‍റെ
സൂര്യനും താണുപോകുന്നു,
ഇരുളിന്‍റെ തേറ്റയേറ്റിടറി,ഞാന്‍ വീഴുന്നു
പിടയുന്ന ഭൂമിതന്‍ നെഞ്ചില്‍,
കൈവിട്ടുപോയ്പ്പൊരിക്കടലകള്‍ മാനത്തു
കണ്‍മിഴിച്ചെന്നെ നോക്കുന്നു.
ഇവിടെയിപ്പിടയുന്ന ഭൂമിയല്ലാതെനി-
ക്കഭയമില്ലാശ്വാസമില്ല.
---------------------------------------

Thursday, September 18, 2014

കുറത്തി /കടമ്മനിട്ട



മലഞ്ചൂരല്‍ മടയില്‍ നിന്നും
കുറത്തിയെത്തുന്നു
വിളഞ്ഞ ചൂരല്‍പ്പനമ്പുപോലെ
കുറത്തിയെത്തുന്നു
കരീലാഞ്ചിക്കാട്ടില്‍ നിന്നും
കുറത്തിയെത്തുന്നു
കരീലാഞ്ചി വള്ളിപോലെ
കുറത്തിയെത്തുന്നു

ചേറ്റുപാറക്കരയിലീറ-
പ്പൊളിയില്‍ നിന്നും
കുറത്തിയെത്തുന്നു
വേട്ടനായ്‌ക്കടെ പല്ലില്‍ നിന്നും
വിണ്ടു കീറിയ നെഞ്ചുമായി
കുറത്തിയെത്തുന്നു
മല കലങ്ങി വരുന്ന നദിപോല്‍
കുറത്തിയെത്തുന്നു

മൂടുപൊട്ടിയ മണ്‍കുടത്തിന്‍
മുറിവില്‍ നിന്നും മുറിവുമായി
കുറത്തിയെത്തുന്നു
വെന്തമണ്ണിന്‍ വീറുപോലെ
കുറത്തിയെത്തുന്നു
ഉളിയുളുക്കിയ കാട്ടുകല്ലിന്‍
‍കണ്ണില്‍ നിന്നും
കുറത്തിയെത്തുന്നു

കാട്ടുതീയായ് പടര്‍ന്ന പൊരിപോല്‍
കുറത്തിയെത്തുന്നു
കുറത്തിയാട്ടത്തറയിലെത്തി-
ക്കുറത്തി നില്‍ക്കുന്നു
കരിനാഗക്കളമേറി
കുറത്തി തുള്ളുന്നു.
കരിങ്കണ്ണിന്‍ കടചുകന്ന്‌
കരിഞ്ചായല്‍ കെട്ടഴിഞ്ഞ്
കാരിരുമ്പിന്‍ ഉടല്‍ വിറച്ച്
കുറത്തിയുറയുന്നു
അരങ്ങത്ത് മുന്നിരയില്‍
മുറുക്കിത്തുപ്പിയും ചുമ്മാ-
ചിരിച്ചുംകൊണ്ടിടംകണ്ണാല്‍
കുറത്തിയെ കടാക്ഷിക്കും
കരനാഥന്മാര്‍ക്കു നേരെ
വിരല്‍ചൂണ്ടിപ്പറയുന്നു:

നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചുഴന്നെടുക്കുന്നോ?
നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ?
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങിനെ നിങ്ങളായെന്ന്.

കാട്ടുവള്ളിക്കിഴങ്ങുമാന്തി
ചുട്ടുതന്നില്ലേ-ഞങ്ങള്‍
‍കാട്ടുചോലത്തെളിനീര്
പകര്‍ന്നുതന്നില്ലേ-പിന്നെ
പൂത്ത മാമര ചോട്ടില്‍ നിങ്ങള്‍
‍കാറ്റു കൊണ്ടു മയങ്ങിയപ്പോള്‍
കണ്ണുചിമ്മാതവിടെ ഞങ്ങള്‍
കാവല്‍ നിന്നില്ലെ
കാട്ടുപോത്ത് കരടി, കടുവ
നേര്‍ക്കു വന്നപ്പോള്‍-ഞങ്ങള്‍
കൂര്‍ത്ത കല്ലുകളോങ്ങി നിങ്ങളെ
കാത്തുകൊണ്ടില്ലെ-പുലിയുടെ
കൂത്തപല്ലില്‍ ഞങ്ങളന്ന്
കോര്‍ത്തുപോയില്ലെ-വീണ്ടും
പല്ലടര്‍ത്തി വില്ലുമായി
കുതിച്ചു വന്നില്ലേ..നിങ്ങളോര്‍ക്കുന്നോ?

നദിയരിച്ച് കാടെരിച്ച് കടലരിച്ച്
കനകമെന്നും കാഴ്ച തന്നില്ലേ ഞങ്ങള്‍
മരമരിച്ച് പൂവരിച്ച് തേനരിച്ച്
കാഴ്ച വച്ചില്ലെ-നിങ്ങള്‍
മധു കുടിച്ച് മത്തരായി
കൂത്തടിച്ചില്ലെ-ഞങ്ങള്‍
മദിച്ച കൊമ്പനെ മെരുക്കി
നായ്‌ക്കളെ മെരുക്കി, പൈക്കളെ
കറന്നുപാലു നിറച്ചു തന്നില്ലെ-ഞങ്ങള്‍
മരം മുറിച്ച് പുല്ല് മേഞ്ഞ്
തട്ടൊരുക്കി തളമൊരുക്കി
കൂര തന്നില്ലേ-പിന്നെ
മലയൊരുക്കി ച്ചെളി കലക്കി
മുള വിതച്ച് പതമൊരുക്കി
മൂട നിറയെപ്പൊലിച്ചു തന്നില്ലെ-കതിരിന്‍
കാളകെട്ടിക്കാട്ടു ദൈവക്കൂത്തരങ്ങില്‍
തിറയെടുത്തില്ലെ.

അന്നു നമ്മളടുത്തുനിന്നവ
രൊന്നു നമ്മളെന്നോര്‍ത്തു രാപ്പകല്‍
ഉഴവുചാലുകള്‍ കീറി ഞങ്ങള്‍
‍കൊഴുമുനയ്‌ക്കലുറങ്ങി ഞങ്ങള്‍
തളര്‍ന്ന ഞങ്ങളെ വലയിലാക്കി
അടിമയാക്കി മുതുകുപൊളിച്ച്
ഞങ്ങടെ ബുദ്ധി മന്ദിച്ചു-നിങ്ങള്‍
ഭരണമായ് പണ്ടാരമായ് പ്പല
ജനപദങ്ങള്‍ പുരിപുരങ്ങള്‍
പുതിയ നീതികള്‍ നീതി പാലകര്‍
കഴുമരങ്ങള്‍ , ചാട്ടവാറുകള്‍
കല്‍ത്തുറുങ്കുകള്‍ കോട്ടകൊത്തള-
മാനതേരുകളാലവട്ടം
അശ്വമേധ ജയങ്ങളോരോ-
ദിഗ്‌ജയങ്ങള്‍-മുടിഞ്ഞ
ഞങ്ങള്‍ അടിയിലെന്നും
ഒന്നുമറിയാതുടമ നിങ്ങള്‍-
ക്കായി ജീവന്‍ ബലികൊടുത്തില്ലെ
പ്രാണന്‍ പതിരു പോലെ
പറന്നു പാറിച്ചിതറി വീണില്ലെ..
കല്ലുവെട്ടിപ്പുതിയപുരികള്‍
കല്ലുടച്ച് പുതിയ പാതകള്‍
മല തുരന്നുപാഞ്ഞുപോകും പുതിയ തേരുകള്‍
മലകടന്നു പറന്നുപോകും പുതിയ തേരുകള്‍
കടല്‍കടന്നുപോകും പുതിയ വാര്‍ത്തകള്‍
പുതിയ പുതുമകള്‍, പുതിയ പുലരികള്‍
പുതിയ വാനം, പുതിയ അമ്പിളി
അതിലണഞ്ഞു കുനിഞ്ഞു നോക്കി
ക്കുഴിയെടുക്കും കൊച്ചുമനുഷ്യന്മാര്‍.
വഴിയൊരുക്കും ഞങ്ങള്‍ വേര്‍പ്പില്‍
വയറുകാഞ്ഞു പതം‌പറയാനറിഞ്ഞുകൂടാ-
തന്തിചായാന്‍ കാത്തുകൊണ്ടുവരണ്ടു
വേലയിലാണ്ടു നീങ്ങുമ്പോള്‍
വഴിയരികില്‍ ആര്യവേപ്പിന്‍
ചാഞ്ഞകൊമ്പില്‍ ചാക്കു തുണിയില്‍
ചെളിപുരണ്ട വിരല്‍കുടിച്ചു
വരണ്ടുറങ്ങുന്നൂ ഞങ്ങടെ പുതിയ തലമുറ

മുറയിതിങ്ങിനെ തലയതെങ്ങിനെ
നേരെയാകുന്നൂ
പണ്ടു ഞങ്ങള്‍ മരങ്ങളായി വളര്‍ന്നു
മാനംമുട്ടി നിന്നു, തകര്‍ന്നു പിന്നെ
യടിഞ്ഞുമണ്ണില്‍ തരിശുഭൂമിയുടെല്ലുപോലെ
കല്ലുപോല്‍ കരിയായി കല്‍ക്കരി
ഖനികളായ് വിളയുമെങ്ങളെ
പുതിയ ശക്തി ഭ്രമണശക്തി
പ്രണവമാക്കാന്‍ സ്വന്തമാക്കാന്‍
നിങ്ങള്‍ മൊഴിയുന്നു:-

“ ഖനി തുരക്കൂ, തുരന്നുപോയി
പ്പോയിയെല്ലാം വെളിയിലെത്തിക്കൂ
ഞങ്ങടെ വിളക്ക് കത്തിക്കൂ
ഞങ്ങടെ വണ്ടിയോടിക്കൂ
ഞങ്ങള്‍ വേഗമെത്തട്ടെ
നിങ്ങള്‍ വേഗമാകട്ടെ
നിങ്ങള്‍ പണിയെടുക്കിന്‍ നാവടക്കിന്‍,
ഞങ്ങളാകട്ടെ, യെല്ലാം ഞങ്ങള്‍ക്കാകട്ടെ”

കല്ലുവീണുമുറിഞ്ഞ മുറിവില്‍
മൂത്രമിറ്റിച്ചു, മുറിപ്പാടിന്നു
മേതോ സ്വപ്നമായുണര്‍ന്നു നീറുന്നു.
കുഴിതുരന്നു തുരന്ന കുഴിയായ്
തീര്‍ന്ന ഞങ്ങള്‍ കുഴിയില്‍ നിന്നും
വിളിച്ചു ചോദിച്ചൂ:-

ഞങ്ങള്‍ക്കന്നമെവിടെ? എവിടെ
ഞങ്ങടെ കരിപുരണ്ട മെലിഞ്ഞ പൈതങ്ങള്‍?
അവര്‍ക്കന്നമെവിടെ? നാണമെവിടെ?
അന്തിവെട്ടത്തിരി കൊളുത്താന്‍
എണ്ണയെവിടെ?
അല്പമല്പമുറക്കെയായച്ചോദ്യമവിടെ
കുഴിയിലാകെ മുഴങ്ങി നിന്നപ്പോള്‍
ഖനിയിടിഞ്ഞു മണ്ണിടിഞ്ഞു അടിയി-
ലായിയമര്‍ന്നുചോദ്യം കല്‍ക്കരിക്കറയായി ചോദ്യം
അതില്‍ മുടിഞ്ഞവരെത്രയെന്നോ?
ഇല്ലില്ലറിവുപാടില്ല, വീണ്ടും ഖനി തുരന്നല്ലോ!

ആവിവണ്ടികള്‍, ലോഹദണ്ഡുകള്‍
ലോഹനീതികള്‍, വാതകക്കുഴല്‍
വാരിയെല്ലുകള്‍, പഞ്ഞിനൂലുകള്‍
എണ്ണയാറുകള്‍, ആണികള്‍
നിലമിളക്കും കാളകള്‍, കളയെടുക്കും കയ്യുകള്‍
നിലവിളിക്കും വായുകള്‍, നിലയുറയ്‌ക്കാ-
തൊടുവിലെച്ചിക്കുഴിയിലൊന്നായ്-
ച്ചെള്ളരിക്കുമ്പോള്‍-നിങ്ങള്‍
വീണ്ടും
ഭരണമായ് പണ്ടാരമായ്
പല പുതിയ രീതികള്‍
പുതിയ ഭാഷകള്‍, പഴയ നീതികള്‍, നീതിപാലകര്‍
കഴുമരങ്ങള്‍, ചാട്ടവാറുകള്‍
കല്‍ത്തുറുങ്കുകള്‍ കപടഭാഷണ
ഭക്ഷണം കനിഞ്ഞു തന്നൂ ബഹുമതി

“ഹരിജനങ്ങള്‍” ഞങ്ങളാഹാ; അവമതി-
യ്‌ക്കപലബ്‌ധി പോലെ ദരിദ്ര ദൈവങ്ങള്‍.
അടിമ ഞങ്ങള്‍, ഹരിയുമല്ല, ദൈവമല്ല,
മാടുമല്ല, ഇഴയുമെന്നാല്‍ പുഴുവുമല്ല,
കൊഴിയുമെന്നാല്‍ പൂവുമല്ല, അടിമ ഞങ്ങള്‍.
നടുവു കൂനിക്കൂടിയെന്നാല്‍ നാലുകാലില്‍ നടത്തമരുത്
രണ്ടുകാലില്‍ നടന്നുപോയാല്‍ ചുട്ടുപൊള്ളിക്കും.
നടുവു നൂര്‍ക്കണമെന്നു ചൊന്നാല്‍ നാവു പൊള്ളിക്കും.
ഇടനെഞ്ചിലിവകള്‍ പേറാനിടം പോരാ
കുനിയാനുമിടം പോരാ, പിടയാനായ്
തുടങ്ങുമ്പോള്‍ ചുട്ടുപൊള്ളിക്കും-അടിമ ഞങ്ങള്‍

നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചുഴന്നെടുക്കുന്നോ?
നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ?
നിങ്ങളറിയണമിന്നു ഞങ്ങള്‍ക്കില്ല വഴിയെന്ന്‌
വേറെയില്ല വഴിയെന്ന്‍.

എല്ലുപൊക്കിയ ഗോപുരങ്ങള്‍ കണക്കു ഞങ്ങളുയര്‍ന്നിടും
കല്ലുപാകിയ കോട്ടപോലെയുണര്‍ന്നു ഞങ്ങളു നേരിടും
കുപ്പമാടക്കുഴിയില്‍ നിന്നും സര്‍പ്പവ്യൂഹമൊരുക്കി
നിങ്ങടെ നേര്‍ക്കു പത്തിയെടുത്തിരച്ചുവരും-അടിമ ഞങ്ങള്‍

വെന്തമണ്ണിന്‍ വീറില്‍നിന്നു-
മുറഞ്ഞെണീറ്റ കുറത്തി ഞാന്‍
കാട്ടുകല്ലിന്‍ കണ്ണുരഞ്ഞുപൊരി-
ഞ്ഞുയര്‍ന്ന കുറത്തി ഞാന്‍.
എന്റെ മുലയുണ്ടുള്ളറച്ചു വരുന്ന മക്കള്‍
‍അവരെ നിങ്ങളൊടുക്കിയാല്‍
മുലപറിച്ചു വലിച്ചെറിഞ്ഞീ പുരമെരിക്കും ഞാന്‍
മുടിപറിച്ചു നിലത്തടിച്ചീക്കുലമടക്കും ഞാന്‍.
കരിനാഗക്കളമഴിച്ച് കുറത്തി നില്‍ക്കുന്നു
കാട്ടുപോത്തിന്‍ വെട്ടുപോലെ
കാട്ടു വെള്ള പ്രതിമ പോലെ
മുളങ്കരുത്തിന്‍ കൂമ്പു പോലെ
കുറത്തി നില്‍ക്കുന്നു.