Showing posts with label സന്ദീപ്‌ ഉണ്ണികൃഷ്ണൻ. Show all posts
Showing posts with label സന്ദീപ്‌ ഉണ്ണികൃഷ്ണൻ. Show all posts

Saturday, October 4, 2014

ചിതലുകൾ / സന്ദീപ്‌ ഉണ്ണികൃഷ്ണൻ



 മരങ്ങൾ മണ്ണിനടിയിൽ
വേരുകൾ കൂട്ടിപ്പിണച്ച്‌
ഉടയാട നെയ്യുന്നത്
നഗ്നയാക്കപ്പെട്ട
ഭൂമിക്കുവേണ്ടിയാണ്.

വരണ്ട് കീറുമ്പോഴും
ആഴങ്ങളിൽ
വേര്
നനവിന്റെ ഒരു തുള്ളി തിരയുന്നത്
മരിക്കും മുമ്പ്
വസുധയുടെ
നാവിലിറ്റിക്കാനാണ്.

അതുകൊണ്ട്
അടിവേരുകളെക്കാൾ ഞങ്ങൾക്കിഷ്ടം
അടിത്തറകളാണ്
അവ
കെട്ടിപ്പിടിക്കുകയോ , കാത്തുവയ്ക്കുകയോ
ചെയ്യുന്നില്ല .
മണ്ണറകൾ തീർത്ത
ഞങ്ങളുടെ വീടുകൾക്ക്
മൂലശിലകൾ ഇളകി
അവ സ്ഥലമൊരുക്കി .
വിള്ളലുകൾ വീണ് ഇഷ്ടികകളും
പഴകിദ്രവിച്ച്‌ കമ്പികളും
ഞങ്ങളുടെ
നഗരനിർമിതിയിൽ
പങ്കാളികളായി
പുസ്തകങ്ങൾ ഭക്ഷണമാക്കിയും
അലമാരകളിൽ പെറ്റുപെരുകിയും
ഓർമ്മകളുടെയും , കരുതിവയ്പിന്റെയും
പുതിയ പാഠങ്ങൾ ഞങ്ങൾ പഠിച്ചു .

നാളെ
നിലം പൊത്തിയ മേൽക്കൂരകളിൽ
പശമണ്ണ് പൊതിഞ്ഞ്
ഒരു സ്മാരകം
നിർമ്മിക്കുന്നുണ്ട് ...

മനുഷ്യ മസ്തിഷ്കങ്ങളിൽ
താമസിക്കാമെന്ന് പഠിപ്പിച്ച
മുതുമുത്തച്ഛനു വേണ്ടി .

ദൈവം / സന്ദീപ്‌ ഉണ്ണികൃഷ്ണന്‍


ദൈവത്തെ കണ്ടിട്ടുണ്ടോ
എന്ന ചോദ്യത്തിന്
മേരിയുടെ മറുപടി
ഇതായിരുന്നു.

ഗൃഹപാഠം മറന്ന ദിവസം
രാധടീച്ചറുടെ അടിയൊഴിവാക്കാന്‍
മുട്ടിപ്പായി പ്രാര്‍ത്ഥിച്ചിട്ടും
ദൈവം അന്ന് ആബ് സന്റായിരുന്നു.
വേണു പറഞ്ഞു;
പ്രോഗ്രസ് കാര്‍ഡ് ഒപ്പിടേണ്ടദിവസമാണ്
അപ്പന്‍ തെങ്ങേന്നു വീണത്.
അമ്മച്ചീം പെങ്ങളും എത്ര കരഞ്ഞു
വിളിച്ചതാണെന്നോ..
എന്നിട്ടും...
ടീച്ചര്‍ കണ്ണുനിറഞ്ഞു ചിന്തിച്ചു
തന്റെ കുഞ്ഞിനെ തിരിച്ചു കിട്ടാന്‍
നോമ്പെടുത്തു പോയ
എല്ലാ ക്ഷേത്രങ്ങളിലും
ദൈവം ആബ് സന്റായിരുന്നു.
പെട്ടെന്നായിരുന്നു മുഹമ്മദിന്‍റെ സംശയം,
അതെന്താ ടീച്ചര്‍
ബുദ്ധിമുട്ടുള്ള സമയങ്ങളില്‍
ദൈവം
പതിവായി
ആബ് സന്റാകുന്നത്?