Showing posts with label സെറീന. Show all posts
Showing posts with label സെറീന. Show all posts

Saturday, July 29, 2017

മഞ്ഞുകാലമേ ,നിനക്ക് തീ കായുവാൻ / സെറീന


ആരും തൊട്ടോമനിക്കാത്തൊരു ജീവി
മണ്ണിനടിയിലേക്കതിന്റെ
കനി തുരന്നെത്തുമ്പോലെ 
വേരു പടർന്നൊരു കരച്ചിൽ
കുഴിച്ചു ഞാനാ വാക്കിലെത്തുന്നു.
കത്തിച്ച ടോർച്ചിൽ കൈവെള്ളയമർത്തി
ചുകന്നോരുള്ള് കാട്ടിത്തരുമ്പോലെ
വെട്ടമായും
അന്തമില്ലാത്തയാഴത്തിലേക്കു
പ്രതിധ്വനിക്കുന്ന പേരായും
പുലർജ്ജലം പോലെ മരണം
കഴുകിയെടുത്ത മുഖമായും
എവിടേയ്ക്കു പോയാലുമൊപ്പമെത്തുന്നത്.
നാലു ദിക്കിലേയ്ക്കും
ഒരേ സമയം പച്ച തെളിയുമ്പോൾ
ഒരുമിച്ചു കുതിയ്ക്കുന്നു
ഒടുക്കത്തെ വണ്ടികൾ.
തിരക്കുകളിൽ നിന്നെല്ലാം വിരമിച്ചൊരാൾ
മുറിച്ചു കടക്കുന്നു,
തെറ്റിയ വാക്ക് പോലെ
കറുത്ത താളിൽ മാഞ്ഞു പോവുന്നു .
അകത്തും പുറത്തുമില്ലാതെ
ഒരു സൂചിക്കുഴയോളം വട്ടത്തിൽ
ആകാശവും കടലുമൊളിപ്പിച്ചവൾ
നെഞ്ചിടിപ്പിന് മീതെ വലം കൈ ചേർത്തു
എനിക്കു ഞാനുണ്ടെന്നറിയുന്നു .
ഒരു വിരലാൽ മറുവിരൽ കൂട്ടിപ്പിടിയ്ക്കുന്നു .
മറുപടിയെന്നെഴുതുമ്പോൾ
മരണമെന്ന് തെറ്റി വായിക്കും
മഞ്ഞുകാലമേ, തീ കായുവാൻ
നീയെടുത്തുകൊള്ളൂ ,
ഭൂമിയിലേറ്റവും പൊള്ളുന്ന വാക്ക്,
തനിച്ചെന്ന കൊള്ളി . 
----------------------------------------------------------------------

Thursday, March 9, 2017

നമ്മളന്യോന്യം പൊഴിയുന്നു / സെറീന


ഒറ്റയ്ക്കായിപ്പോയവരുടെ തമ്പുരാനേ,
മരുഭൂമിയിലെ പൊടിക്കാറ്റില്‍ 
വെള്ളക്കുപ്പായം വലിച്ചിഴച്ചു
കാലു വെന്തു,നടന്നു പോകുന്ന
നിന്നെയെനിക്കറിയാം,
മണൽത്തരി കാറ്റിലുയരുന്നതിനേക്കാൾ
മെല്ലെ നിന്റെ പ്രാർത്ഥനയെനിക്ക് കേൾക്കാം.
നിഴൽ പോലെ മറഞ്ഞു പോകുന്ന
നിന്നെ ഞാൻ കണ്ടിട്ടുണ്ട്
കത്തിമുന പോലെയാ കരച്ചിൽ കൊണ്ട്
പോറിയിട്ടുണ്ട്
വെണ്ണയിൽ നിന്ന് മുടിനാര്
വേർപെടുത്തുംപോലെയോ
 മുള്ളുകൾക്കിടയിൽ നിന്ന്
പട്ടുതുണിയെന്ന പോലെയോ
ഈ പ്രാണനെ നീയടർത്തുംവരെ
ഒരു മണൽഘടികാരമെന്ന പോലെ
കാലത്തെ തിരിച്ചും മറിച്ചും വെച്ച്
നീ എന്നിലേയ്ക്കും
ഞാൻ നിന്നിലേയ്ക്കും
പൊഴിഞ്ഞുകൊണ്ടിരിയ്ക്കും
ആരവങ്ങൾക്കിടയിൽ
വിരൽഞെട്ടു പൊട്ടുന്ന പോലത്രയും
നേർത്തൊരൊച്ച ഞാൻ
നീയോ ,
ഒറ്റയെന്നൊരു പ്രപഞ്ചം
കണക്കുകൾ മാത്രമുള്ളൊരു പുസ്തകം
പാവം ,പാവമെന്നെന്റെ
നെഞ്ചു ചുരക്കുന്നു
ഏകാന്തതയെന്ന വാക്കിനെ
മരുഭൂമിയെന്നും കടലെന്നും
മാറി മാറി വരച്ചു തോൽക്കുമ്പോൾ വരൂ ,
ഈ ഇമകൾക്കുള്ളിൽ കിടന്നുറങ്ങിക്കൊള്ളൂ .
----------------------------------------------------------------------

Saturday, February 4, 2017

വീടൊതുക്കുമ്പോൾ / സെറീന


മരിച്ചവളുടെ വീട് ,
ഒരാൾക്കും ചെന്നെത്താനാവാത്ത ഒരു ഭൂഖണ്ഡമാണ്
ഉപ്പ് പാത്രം മുതൽ ഒളിപ്പിച്ചു വെച്ച ഡയറി വരെ .
അവളുടെ നോട്ടത്തിൽ മാത്രം തെളിയുന്ന വസ്തുക്കൾ
അവൾക്കു മാത്രം തുറക്കാനറിയുന്ന അടപ്പുകൾ
ജനാലപ്പുറത്തു അവളെന്നും തീറ്റുന്ന കാക്കകൾ
അവൾ മാത്രം കേൾക്കുന്ന ഒച്ചകൾ
അവൾക്ക് മാത്രമറിയുന്ന കൂട്ടുകൾ ,
തുള്ളിയിറ്റുന്ന ടാപ്പ് ,
കുടഞ്ഞു വിരിയ്ക്കുമ്പോൾ കിട്ടിയ
ഒറ്റക്കൊലുസ് ,
അടിച്ചുവാരുമ്പോൾ എടുത്തു വെച്ച കുഞ്ഞുസ്ലൈഡ്
നാളേയ്ക്കുള്ള മഞ്ഞ ടീഷർട് മുഷിഞ്ഞിട്ടാണെന്ന്
അവൾ മാത്രം കേൾക്കുന്നൊരു വേവലാതി
അവൾ മാത്രം കണ്ട നരകങ്ങൾ
കൂട്ടിയ തീയ് ,
വിരൽ കരിഞ്ഞിട്ടുമതിൽ നിന്നെടുത്ത പൂവുകൾ
പേര് കൊത്തിയ ചോറ്റുപാത്രം പോലെ
കാലഹരണപ്പെട്ട ഒരു ഹൃദയം
അവൾ പരത്തിയിട്ട വാക്കുകൾ
തനിച്ചുള്ള പറച്ചിലുകൾ
വിതറിയ മണങ്ങൾ
എത്ര ഒതുക്കിയാലുമൊതുങ്ങില്ലത്,
വാടകക്കുടിശ്ശിക തീർത്തു
അടക്കിയേക്കുക അവൾക്കൊപ്പം ആ വീട്
------------------------------------------------------------------

Saturday, April 2, 2016

പൂക്കളായി വിവർത്തനം ചെയ്യൂ എന്ന് മുറിവുകൾ / സെറീന



യുദ്ധം തകർത്തുകളഞ്ഞ തെരുവിലൂടെ നടന്നിട്ടുണ്ടോ ,
യുദ്ധമെന്ന് പറയാനാവില്ല ,
അശരണമായ സ്വപ്നങ്ങളുടെയും
കുടിയൊഴിക്കപ്പെട്ട പ്രതീക്ഷകുളുടെയും
നഗരത്തിലേക്ക് അപ്രതീക്ഷിതമായി
വെടിയുണ്ടകൾ പായിച്ച് പാഞ്ഞു പോയ
ഒരു മഹാ വിപത്തിന് ശേഷം
ആ തെരുവിലൂടെ നടന്നിട്ടുണ്ടോ ?

ചോരയുടെ മണമുള്ള വാക്കുകൾ വേണ്ടെന്ന്
വെളുത്ത കൊടിയുയർത്തുന്നു
പ്രണയത്തിന്റെ രാജ്യം ,
മുറിവുകളിൽ നിന്നും പൂക്കളായി
വിവർത്തനം ചെയ്യാവുന്ന വാക്കുകളെ
തിരഞ്ഞു തിരഞ്ഞു ഞാനുറങ്ങിപ്പോയി
വിചിത്രമായ മേഘ  ലിപികളുടെ
കൈയ്യെഴുത്തു താളുകളുമായി ആകാശം .
അവ മറിച്ചു നോക്കി നോക്കി,
ആകെ ചിതറിപ്പോയ ഉടലിൽ നിന്നും
ഓർമ്മയുടെ അവസാന മുദ്ര കണ്ടെത്തും പോലെ
ഒരു  നക്ഷത്രത്തെയെങ്കിലും
എടുത്തു വെയ്ക്കാനെന്ന പോലെ കാറ്റ് ..

കലാപത്തിനു ശേഷം വരുന്ന ആദ്യത്തെ
രാത്രി പോലെ ,
ആര് , എവിടെയൊക്കെ എന്നറിയാതെ
തുറന്നു കിടക്കുന്നു, നിറയെ തുള വീണ
ചുവരുകളുമായി വീടുകൾ
ഇത്ര കാലവും നമ്മൾ
പരസ്പരം കാത്തിരിക്കുകയായിരുന്നോ
വഴികൾ അതിർത്തികളായി
വിഭജിക്കപ്പെട്ട ഈ തെരുവിൽ ?
------------------------------------------------------

Sunday, March 13, 2016

ഒടുവിലത്തെ കളി / സെറീന


ദിവസങ്ങള്‍ക്കു  മുന്‍പുള്ള
വര്‍ത്തമാനപ്പത്രമായി
വായിക്കപ്പെടുന്നൊരു   പെണ്‍കുട്ടിയുണ്ട് ,
അവളുടെ താളുകളില്‍ ദിനവും മുഷിയുന്നുണ്ട്
കാലഹരണപ്പെട്ട കൌതുകങ്ങള്‍ ,
എന്നോ കാണാതായവര്‍
മഞ്ഞു മൂടിയ
പച്ചയില്ലാത്ത മരങ്ങള്‍
മറവിയടക്കിയ മരണങ്ങള്‍

കുനു കുനേ കീറി
പിന്നെയും അക്ഷരങ്ങള്‍ കൂട്ടി വെച്ച്
കീറിയ ചിത്രങ്ങള്‍ വീണ്ടും രൂപം ചേര്‍ത്ത്
കുട്ടിക്കാലത്തൊരു കളിയുണ്ട്,
പലതായി മുറിഞ്ഞ വരികള്‍
ആരാണാദ്യം ചേര്‍ത്ത് വായിക്കുക?
കീറിയടര്‍ന്ന ചിത്രം
ആരാണാദ്യം രൂപമാക്കുക ?
ഒരു കളിയിലും ജയിച്ചിട്ടില്ലാത്തവള്‍
ഇന്ന്, എല്ലാ ദിനാന്ത്യങ്ങളിലും
അടുക്കി വെയ്ക്കുന്ന മടക്കു നിവര്‍ത്താത്ത
പേജുകളിലിരുന്നു
പലതായി മുറിയാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്
ചില വരികള്‍ ..

അന്നന്നത്തെ മരണമായും വര്‍ത്തമാനമായും
വായിക്കപ്പെടുവാന്‍  ഇവളെയിനി
ഏതു പുലര്‍ച്ചെ, ആരുടെ
വാതില്‍പ്പുറത്തേക്ക് ,
ആരാണൊന്ന്  വീശിയെറിയുകയെന്നു
പരസ്പരം ചോദിക്കുന്നുണ്ട്,
വരികള്‍ക്കിടയിലെ നിശബ്ദതകള്‍

പക്ഷേ ,
മാഞ്ഞു പോയ ചിത്രങ്ങളെ
പുനര്‍ജീവിപ്പിക്കുന്ന കുട്ടിക്കാലത്തെ
വിരലുകള്‍ കൊണ്ട്
ഓരോ ചില്ലിലും ചിഹ്നങ്ങളിലും
ആയുധങ്ങള്‍ ഒളിപ്പിച്ചും
പല വിധത്തില്‍ അണി നിരത്തിയും
വാക്കുകളെ പരിശീലിപ്പിക്കുകയാണവള്‍
ആരും തൊട്ടു നോക്കിയിട്ടില്ലാത്ത
കറുത്ത  കുഞ്ഞുങ്ങളുടെ
ആ സൈന്യത്തോട് മാത്രം
അവള്‍ പറയുന്നുണ്ട് ,
എന്നു വായിച്ചാലും മുഷിയാത്തൊരു
കടും ചുവപ്പന്‍  തലക്കെട്ടാകുന്നത്
എങ്ങനെയെന്ന് !
------------------------------------------------

Wednesday, January 27, 2016

ഒടുവിൽ പൂത്ത മരങ്ങളേ / സെറീന


സര്‍ജിക്കല്‍ ബ്ലേഡിന്റെ
മൂര്‍ച്ചയുള്ള നിശബ്ദതയിൽ
ഓര്‍മ്മ, പച്ച ഞരമ്പുകള്‍ തെളിയുന്ന
കൈത്തണ്ടയായി
കവിളില്‍ ചേര്‍ന്നിരിക്കുന്നു .

ഒരാൾക്കും വന്നെത്താനാവാത്ത
ചരിവുകളുള്ള ഹൃദയ സ്തൂപികയുടെ
ഉച്ചിയിൽ , ഒരൊറ്റ ബിന്ദുവിൽ
കുടുങ്ങി പറക്കുന്നു
എന്റെ ശ്വാസമെന്ന പതാക !
അദൃശ്യമായ കാറ്റുകളെ പോലെ
ഉള്ളിൽ കനത്ത ഉന്മാദവുമായി
ഇരുൾ മുറിച്ച് പാഞ്ഞു വരുന്നുണ്ട്
ഒരേകാന്തതയുടെ പെരുക്കം
വേരടക്കം പറിഞ്ഞു പോയേക്കുമെന്ന്
എനിക്കുറപ്പുള്ള മരങ്ങളേ
മരണത്തിനു തൊട്ടു മുൻപിങ്ങനെ
പൂത്തു ചൊരിയുന്നതെന്തിന് ! ( 2013 )
------------------------------------------

Friday, January 15, 2016

ഏകാന്തത ഒരു പെർഫോമിംഗ് ആർട്ട് / സെറീന


ഈ കളി കാണാൻ ചുറ്റും നിരന്നിരിയ്ക്കുന്നത്
ഒരുകൂട്ടം പെണ്‍കുട്ടികളാണ്
അവർക്കെല്ലാം ഒരേ മുഖച്ഛായ
ഒരുവളുടെ തന്നെ ഉള്ളിൽ നിന്ന്
ഇറങ്ങി വന്നവരാകയാൽ
ഒരേ ഇരുപ്പ് .
വരുംകാലത്തെ പേറാനെന്ന പോലെ
കുനിഞ്ഞ ചുമലുകൾ
പരിഹാസം കൂടുതൽ ഇരുണ്ടാതാക്കിയ തൊലി
കൗതുകങ്ങൾ വിടരാത്തത് കൊണ്ട്
ഇടുങ്ങിപ്പോയ കണ്ണുകൾ
ഒരു ഭംഗിയുമില്ലാത്ത മൂക്ക്
ഇവരാണ് കാണികൾ .

ബട്ടനുകൾക്കിടയിലായി മുഷിഞ്ഞ
അടിയുടുപ്പ് കാണുംവിധം വാ പിളർത്തിയ
മുറുകിയ സ്കൂളുടുപ്പിൽ
തെരുപ്പിടിച്ചു ഇരിക്കുന്നു ഒരുവൾ
സ്കൂളിലേയ്ക്കുള്ള വഴിയിൽ
കുന്നിറങ്ങിയോടി തോട് കടക്കുമ്പോൾ
തൊടാൻ മറന്ന ഇലവു മരത്തെയോർത്തു
തിരികെ ഓടുന്ന പ്രാന്തിൽ
പാതിരാവിലും കെടാത്ത
മണ്ണെണ്ണ വിളക്കിന്റെ
തീയ്ക്കു കുറുകെ പായിച്ച
ചൂണ്ടു വിരൽ പൊള്ളലിൽ
കുട്ടിക്കാലം എത്ര വലിയ കുറ്റമാണെന്ന്
കൈകെട്ടി തല കുനിച്ചേല്ക്കുന്നു ,
ആ ഇരുപ്പിലും മറ്റൊരുവൾ
വിറകു പുരയിൽ
രഹസ്യമായി ഉണക്കാനിട്ട തീണ്ടാരി തുണി പോലെ
സ്വയം കഴുകിയുണക്കിയും
ആരും കാണാതെയെടുത്തു വെച്ചും
വീണ്ടും ചോര നനച്ചു ജീവിതമെന്ന് ഉറപ്പിച്ചും
പലതായ ഒരുവൾ.
ഒരേ മുഖമുള്ള
ഒരേ പേടിയുള്ള
ഒരേ കരച്ചിലുള്ള
ഒരുവളായ അവർ
അവരാണ് കാണികൾ
അവരെയിങ്ങനെ നോക്കിനിന്നാൽ
ഓർമ്മയുടെ ഇരുട്ടറയിൽ കളി പിഴയ്ക്കും ,
മതി ,
ഇനി ചിലങ്ക കെട്ടൂ
ഏറ്റവും മോഹനമായി വിടർത്താവുന്ന
പാവാട ഞൊറികളിൽ മൂന്നാല് മണികൾ കൂടി
കോർത്തിടൂ ,
വിരലറ്റങ്ങളിലെ ചോപ്പ്
ചത്ത ചോര പോലെ കടുത്ത് ,
തൊടാൻ കാത്തിരുന്നു മരിച്ചതിന്റെ
അടയാളമാവണം.
നോവ്‌ പോലെ കടുപ്പിച്ച്
കണ്ണുകളിൽ കരി പടർത്തൂ
ഏറിയേറി വരുന്ന തുടിയ്ക്കൊപ്പം
ചടുലമായി ഹൃദയം പറയുന്നത് മാത്രം കേൾക്കൂ
ഒച്ച കേൾപ്പിക്കാതെ പതിഞ്ഞു നടന്നവളുടെ
ചിലമ്പൊച്ച കേട്ട്
മുഖം കുനിഞ്ഞും ഒഴിഞ്ഞു നിന്നും ശീലിച്ചവളെ,
രഹസ്യങ്ങളിൽ മാത്രം തളിർത്തവളെ
ഭൂതാവിഷ്ടയായി കണ്ട് ,
അമ്പരന്നിരിയ്ക്കുന്ന പെണ്‍കിടാങ്ങളുടെ
നടുവിലേയ്ക്കാ മേശ വന്നു വീഴണം
മുറുകുന്ന താളത്തിനൊപ്പം
അപ്പോഴും തുടരണം
വായുവിൽ രണ്ടു കാലുകളുടെ നൃത്തം.
-------------------------------------------------

Wednesday, October 28, 2015

രണ്ടുപേർത്തീവണ്ടി / സെറീന


നൂറ് ബോഗികളുള്ള
ഒരു തീവണ്ടിയാണ് നാം
പ്രപഞ്ചത്തിന്റെ രണ്ടറ്റങ്ങളിലെ
രണ്ട് സ്റ്റേഷനുകൾക്കിടയിൽ
അതിങ്ങനെ ഓടിക്കൊണ്ടിരിക്കുന്നു 
 
ആദ്യത്തെയും അവസാനത്തെയും
തീവണ്ടി മുറികൾക്കുള്ളിൽ നിന്ന്
വാതിൽക്കൽ നിന്നെത്തി നോക്കി
കൈ വീശിക്കാണിക്കുന്ന രണ്ടു പേർ
നമുക്കുള്ളിൽ കയറിക്കൂടിയിട്ടുണ്ട്

പാഞ്ഞു പോകുന്ന വേഗതയിൽ
വളവുകളിലും തിരിവുകളിലും
പരസ്പരം കണ്ടു മറയുമ്പോൾ
ഒന്നു തൊടാൻ കൈയ്യെത്തിച്ചു
അന്യോന്യം കുതിയ്ക്കുന്നുണ്ടവർ

കൈ നീട്ടി നീട്ടി ഒടുവിൽ
ഒരു ബെഞ്ചോ കസേരയോ
മറിച്ചിടുന്നത്രയും എളുപ്പത്തിൽ
അവരീ തീവണ്ടി മറിച്ചിടും

അപ്പോൾ
തിരിച്ചറിയൽ രേഖകളില്ലാത്ത
രണ്ടുപേരെ മരണം കൊണ്ടു മൂടി
നാമാരുടെ വീട്ടിലേയ്ക്ക് കൊടുത്തയക്കും ?
----------------------------------------------

Monday, October 19, 2015

വെളുത്ത ചെമ്പരത്തികൾ /സെറീന



മൂന്ന് തലമുറകളുടെ ഗോവണിയിറങ്ങി 
ഒരാൾ വരും മുപ്പത്തിരണ്ടിൽ പൂത്ത ഭ്രാന്തിന്റെ 
മൈലാഞ്ചി വിരൽ കൊണ്ട് 
നെറ്റിയിൽ തൊടും .
തൊട്ടിലിലുറങ്ങിയതിന്റെ 
ഓർത്തെടുക്കാനാവാത്ത ഓർമ്മയിൽ 
പൊക്കിൾക്കൊടി പോലെ 
വേരറ്റു പോകും വിഷാദം 
വിഷമിറങ്ങി തെളിഞ്ഞ ദേഹമായി 
ജീവിതമഴിഞ്ഞ് തിളങ്ങുമകം 
 
തീരും അവനവനിലേയ്ക്കുള്ള പിടച്ചിലുകൾ 
വെള്ളത്തിനടിയിൽ അമർത്തിപ്പിടിച്ച 
ഉടൽ, ജീവനിലേയ്ക്ക് കുതറും പോലെയുള്ള 
വെറും വെറുതേകൾ. 
 
അന്നേരം നീയെന്റെ മുറിയിൽ വരണം
 തൂവലുകളുടെ ആകാശത്തിന് മീതേ 
ചിരിയുടെ വെള്ള വിരിപ്പ് കുടഞ്ഞിട്ട് 
ഞാനുറങ്ങാൻ കിടക്കുകയായിരിക്കും 
പതിവു പോലെ ഉറങ്ങിയില്ലെങ്കിലെന്ത് , 
നക്ഷത്ര ങ്ങളൊന്നുമില്ലാത്ത പാവം രാത്രിയ്ക്ക് 
രണ്ടു തൂക്കു വിളക്കുകൾ പോലെ 
ഞാനെന്റെ കൃഷ്ണമണികളെ കൊടുക്കും 
വെളിച്ചമെന്നാൽ ഇവളാണെന്ന് 
വീണു കിടക്കുന്ന ഇലകൾക്കു പോലും തോന്നും 
 
എല്ലാ പരാതികളും അവസാനിപ്പിച്ച് 
 
ജീവിതം അതിന്റെ പാട്ടിന് പോട്ടെ 
നമുക്ക് ഈ വെളുത്ത ചെമ്പരത്തികൾ കൊണ്ട് 
ഒരു പൂവട്ടം കെട്ടണം , 
ബോധത്തിന്റെ അടഞ്ഞ വാതിലിനപ്പുറത്ത്‌ 
ഒരുത്തി ചത്തു കിടപ്പുണ്ട്.
---------------------------------------------------

Friday, October 9, 2015

ഒട്ടും ഗൃഹാതുരമല്ലാത്ത ഒരു മഴയിൽ നിന്ന് തത്സമയം / സെറീന


ചോരുന്ന ഒറ്റമുറി വീടിന്റെ
വെള്ളം പൊന്തുന്ന നിലത്തു നിന്ന്
നിലവിളിയോടൊപ്പം
കോരിയെടുത്ത മെല്ലിച്ച
ഒരു ഉടൽ
അതിനെ ഒരു രാത്രിയ്ക്ക്
ഇറക്കി വെയ്ക്കാൻ
ഇടം തിരഞ്ഞവൾ ,
അടക്ക് കഴിഞ്ഞ് 
വെറും  നിലത്ത് പറ്റിക്കിടന്നു
പതം  പറഞ്ഞ് പ്രാകുമ്പോൾ
അന്ന് വരെ പ്രണയിച്ച മഴകൾ,
കൂടെ നിന്ന് ഒറ്റിയവനെ പോലെ
ഉള്ളിൽ തോരുന്നു

നൂറ്റാണ്ടുകൾക്കു മുന്നേ
അടഞ്ഞു പോയ വാതിലായി 
ചേർന്നടഞ്ഞ  കണ്‍ പാളികൾ.
മരണം അതിനുള്ളിൽ
ഒളിച്ചു പിടിച്ചിരിക്കുന്നു
ജീവിതം, അതിന്റെ
അവസാന ഫ്ലാഷ് മിന്നിച്ച ചിത്രം.

പൊടുന്നനെ അടഞ്ഞ
വാതിലിനിടയിൽ പെട്ടു പോയ
നീലിച്ച വിരൽ പോലെ
ചോര ചത്തിട്ടും
അറ്റു പോവാതെ ഒരു മഴ

കൂട്ട മരണപ്പെട്ടവരുടെ മുറ്റത്തു നിന്നും
നല്ല വില കിട്ടുന്ന കരച്ചിലുകൾ
പെറുക്കിയെടുക്കുന്ന
വാർത്തകളുടെ അശ്ലീലം പോലെ 
അപ്പോഴും  തോരാത്ത ചില്ലകളിലേയ്ക്ക്
ഉന്നം നോക്കുന്നു
മഴയെ പകർത്തുന്ന  ഫ്രെയിമുകൾ.
-------------------------------------------

ഒരുവൾ വീട് /സെറീന


 വീടായിരുന്നു ,
കടും മഞ്ഞ് വീണ് വീണ്
മൂടിപ്പോയ വീട്
ആരും പാർത്തിരുന്നില്ലെങ്കിലും
വീടായിരുന്നു

ആർക്കും വേണ്ടിയല്ലെങ്കിലും
പുലർച്ചേ ചായ വീഴ്ത്തുന്ന ഒച്ചകളിൽ ,
ചില  വേവ് മണങ്ങളിൽ  
അതങ്ങനെ ആളനക്കങ്ങൾ ഭാവിച്ചു
ഓരോ ജനാലയിലും
ജീവിതമെന്ന  തിരശ്ശീലകൾ തുന്നിയിട്ടു

ഹൃദയം നിലച്ചു പോയൊരാളിൽ നിന്ന്
പറിച്ചെടുത്ത കരളോ കണ്ണോ പോലെ
തന്റേതല്ലാത്ത ഒരിടത്ത്   പറ്റിപ്പിടിച്ചു
എത്ര തുടച്ചാലും പോവാത്ത
മെഴുക്കു പാടുകളെ തനിയേ
കഴുകിത്തുടച്ചു
അന്നമെന്നോർത്തു വിഴുങ്ങിപ്പോയ
ചൂണ്ടക്കൊളുത്തു പോലൊന്നിൽ
അതങ്ങനെ തറഞ്ഞ്‌ കിടന്നു

ആ വീടാണ് കാണാതായത്
എവിടേയ്ക്കുമില്ലാതെ വഴി നടക്കുമ്പോൾ
ഞാനല്ലേ ഞാനല്ലേയെന്നതിൽ
മുഖം നോക്കിയിരുന്ന ഒരുവളതിനെ
തിരയുന്നുണ്ടാവണമിപ്പോൾ
തുളയ്ക്കുന്ന കരച്ചിലിന്റെ
വെയിൽക്കീറ്   കൊണ്ട്
മഞ്ഞു തുരക്കുന്നുണ്ടാവണം

നാളെ വീണ്ടും
ചായ വീഴ്ത്തുന്ന മണത്തിലൂടെ 
നനഞ്ഞ തോർത്തു കുടയുന്ന ഒച്ചയിലൂടെ
ഒരുവൾ അവളുടെ  ആരുമില്ലാത്ത
വീട്ടിലേക്കു പോകുമായിരിക്കും .
--------------------------------------------

Saturday, September 26, 2015

വാക്ക്‌ / സെറീന


അറിയാവുന്ന വാക്കുകളെല്ലാം
ഒന്നെടുത്തു കഴുകി നോക്കണം
ക്ലാവ്‌ പിടിച്ചു കറുത്തു
കണ്ടാലറിയാതെയായി.
സന്തോഷം സന്തോഷമേയല്ല
പ്രണയം ഒട്ടുമല്ല
ജീവിതമോ,തീരെയല്ല.
വക്കു പൊട്ടിയും ചളുങ്ങിയും
എടുത്തു വച്ചതൊക്കെ ചോർന്നും
പഴയ പാത്രങ്ങൾ പോലെ
എത്രയാണുള്ളിൽ,അതിനിടയിൽ
ഒന്നു കൂടി തിരഞ്ഞു നോക്കണം.
ആദ്യമായി പറയുമ്പോലെ
അണിയലും അലങ്കാരവുമില്ലാത്ത
ഒരു വാക്കെങ്കിലും കണ്ടെടുക്കണം,
നിന്നോട്‌ ഒന്ന് മിണ്ടാനാണ് .

-------------------------------------

Friday, September 18, 2015

മരിച്ചവർ മാത്രമുള്ള കടൽക്കരയിൽ / സെറീന

കടലിനോട് ചേർന്നാണ്
ഞങ്ങളുടെ പള്ളി
എന്റെ പൂർവികരെപ്പൊലെ
ഞാനും അവിടെയുറങ്ങും

അവിടെ ഞങ്ങൾ, മരിച്ചവർ
പൂവിതളുകൾ പോലെ തമ്മിൽ തൊടും
 ജീവിതം കൊണ്ട് ഒരിക്കലും
പരസ്പരം തൊട്ടു നോക്കാത്തവർ
പുകക്കരി പിടിച്ച വിളക്കായി
പരസ്പരം ഉയർത്തി പിടിച്ച്
അന്യോന്യം കാണും

ഒച്ചയില്ലാത്ത ഫത്വവകൾ കൊണ്ട്
മുന വെച്ച നോട്ടം കൊണ്ട് ,
എന്തിന്,  മൗനം കൊണ്ടു പോലും
പരസ്പരം കൊന്നു തീർത്തതിന്റെ
നിലവിളികൾ അപ്പോൾ മാത്രം
കാതുകൾക്ക് വഴിപ്പെടും 

യുദ്ധത്തിലും കാമത്തിലും
കൊല ചെയ്യപ്പെട്ട കുഞ്ഞുങ്ങൾ
അവിടെയും കരഞ്ഞു കൊണ്ടിരിക്കും

എത്ര പാവമായിരുന്നു
നമ്മുടെ ആനന്ദങ്ങളെന്നു ഞങ്ങൾ
പരസ്പരം പാവം കൂറും

അസ്ഥിയോളമടർന്നു പോയാലും
ചിതലെടുത്തു പോവില്ല
ആ  പേര് കൊത്തിയ ഹൃദയമെന്ന്
ഒരോർമ്മ, മീസാൻ കല്ലാകും

അന്നേരം
കടലിലേയ്ക്കൊരു വഴി തുറക്കപ്പെടും

ഭൂമിയിലേതല്ലാത്ത വൈകുന്നേരം ,
കപ്പലുകളില്ല ,
പായ്മരങ്ങൾ വലിച്ചു കെട്ടാൻ
യാത്രയോ വിരഹമോ ദൂരമോ ഇല്ല

ഓരോ കാറ്റിലും താളുകൾ കുതറുന്ന
ഏകാന്തതയുടെ  പുസ്തകമായി
ആകാശത്തേയ്ക്ക് തുറന്നിരിയ്ക്കുന്ന കടൽ.
മരിച്ചവർ മാത്രമുള്ള  കടൽക്കര


സ്മാരക ശിലകളിലെ കിണർ  പോലെ
അനേകം ജീവിതങ്ങളുടെ,
നെയ്യൂറിയ ജലം

പാതിരാവിൽ കടൽപ്പാലത്തിൽ നിന്നും
താഴേയ്ക്കായുന്നൊരു കുതിപ്പിനെ
ഒരു കുഞ്ഞിനെയെന്നോണം ചേർത്തണച്ച്
മണ്ണിലേയ്ക്ക് മടങ്ങുമ്പോൾ
ആദ്യമായി ഞങ്ങൾ മനുഷ്യരാകും

അപ്പോൾ ഭൂമി
ഇരുട്ടിൽ ഒരു കൈലേസ്സു പോലെ
നനഞ്ഞു  കിടക്കും.
---------------------------------------

Monday, February 2, 2015

ആനന്ദങ്ങളുടെ വേവ് പാകം / സെറീന

ആനന്ദങ്ങളുടെ വേവ് പാകം / സെറീന
   

ഒളിഞ്ഞും തെളിഞ്ഞും

നിങ്ങൾ  പറഞ്ഞ കുത്തു വാക്കുകളിലാണ്

അടുക്കും ചിട്ടയുമില്ലാത്തവളെന്ന്

ആദ്യം തെളിഞ്ഞത്



നേരാണ് ,

നിങ്ങളുടെയൊന്നും അലമാര പോലല്ല ,

നിങ്ങളുടെയൊന്നും അടുക്കള പോലെയുമല്ല എന്റേത്



നേർ വരയിട്ട അടുക്കിന്റെ ചിട്ടകളല്ല

അടക്കി വെച്ച് വെച്ച്

അടുക്കു തെറ്റിയവളുടെ വീട്



കുട്ടിക്കാലത്ത് കൂട്ടം കൂടുമ്പോൾ

കേട്ടു നൊന്ത

നിറമില്ലായ്മയുടെ നിറം

കണ്ടെത്താനാണ് ഞാനിങ്ങനെ

ഒക്കെയും കുഴച്ചു മറിച്ചിട്ടത്



നിങ്ങളെന്നെയങ്ങ് ചുമ്മാ

എഴുതിത്തള്ളിയതു  കൊണ്ടാണ്

ഞാൻ എന്നെത്തന്നെയൊന്ന് എഴുതി നോക്കിയത്

അതു വായിക്കുവാനുള്ള  ലിപി

എന്റെ കണ്ണുകളിൽ തന്നെയുണ്ട്



ഇനി

ഒരിക്കലെങ്കിലും നമ്മളൊന്ന്

കണ്ണോടു കണ്ണു കാണും

അന്ന് ,

തോൽവിയെന്ന് പേരിട്ട ജയമെന്ന

മഹാ രഹസ്യം രണ്ടു കണ്ണുകൾ

നിങ്ങൾക്ക് കാട്ടിത്തരും

വെറുതെ മറിച്ചു തീർത്ത ഒരായുസ്സിന്റെ

ഒടുവിലത്തെ താളുകളിൽ

ആനന്ദങ്ങളുടെ തെളിഞ്ഞ

ഒരു കൈയൊപ്പ് കാണും 

കനൽ കൂട്ടി

ആവിയിൽ  അടച്ചു വെച്ച്

വേവിച്ചെടുത്തൊരു

അന്നമാണ് ഞാൻ 

രുചിക്കാൻ  ത്രാണിയില്ലാത്തൊരു പാകം 

നിങ്ങൾക്ക് 

തൊട്ടറിയാൻ വയ്യാത്തൊരു വേവ്
-----------------------------------------------

Thursday, October 30, 2014

അകത്തേക്ക് വരരുത് / സെറീന റാഫി


 ഒച്ചകൾ നിറച്ച്‌
അലങ്കാരങ്ങൾ  തൂക്കി
വെളിച്ചം വിളമ്പി
ഒരുക്കിയിട്ടുണ്ട്
ജീവിതത്തിനു പുറത്തൊരു
സ്വീകരണ മുറി
ഇവിടെയിരിക്കാം

അകത്തേക്ക് വരരുത്

അവിടെയാണ്
അടക്കിയിരിക്കുന്നത്
അവിഹിത ജന്മത്തിന്റെ
അനാഥ ശവത്തെ .

Monday, October 20, 2014

ഓരോ വര്‍ഷവും ഓരോ മരമാണ് / സെറീന


പോയ വര്‍ഷങ്ങള്‍ എണ്ണി നോക്കുമ്പോള്‍
കുറവുണ്ടോ ചില മരങ്ങള്‍?
എവിടെയൊക്കെയോ നിന്ന്
അവ വിളിച്ചു പറയുന്നില്ലേ,
കാറ്റിലൂടെ ഗന്ധമായും,
മണ്ണിലൂടെ തൈ നോട്ടങ്ങളായും
മറവിയില്‍ നിന്ന് പുറത്തെടുക്കാന്‍
ചില അടയാള വാക്യങ്ങള്‍?

ഒന്നില്‍ നിന്ന് അടുത്തതിലേക്ക്
നടന്നു പോയ സ്വന്തം മനുഷ്യരിലേക്ക് മടങ്ങി വരാന്‍
എല്ലാ മരവും ആഗ്രഹിക്കുന്നുണ്ടാകണം.
അതാവണം, നെഞ്ചില്‍
കാറ്റ് കുടുങ്ങിയ മാതിരി
ഓരോ മരവും ഇളകിക്കൊണ്ടേയിരിക്കുന്നത്.

ഓര്‍ത്തു നോക്കൂ,
കാണാതായ മരങ്ങളുടെ മുഖങ്ങള്‍.
ആരെയോ ദഹിപ്പിക്കുവാന്‍ മുറിച്ച ചിലത്,
ഡിസംബറിന്‍റെ പുലര്‍ മഞ്ഞിലെന്ന പോലെ
മറവിയില്‍ മറഞ്ഞു നില്‍പ്പുണ്ടാകും മറ്റൊന്ന്,
കൊടും മിന്നലില്‍ തല വെന്തും
പുഴകള്‍ കര കവിയുമ്പോള്‍ ചുവടറ്റും
മരിച്ചു പോയിട്ടുണ്ടാവാം ചില മരങ്ങള്‍.

കണക്കെടുപ്പിനൊടുവില്‍,
ഏകാന്തതയുടെ വന്‍ ശിഖരത്തില്‍
കയറി നിന്ന് ദൂരേക്ക്‌ കണ്ണയക്കുക
കാണാം,വന്നടുക്കുന്ന കാട്ടുതീപ്പെരുക്കം,
പച്ചയെല്ലാം വെന്തു തീരുന്നതിന്‍ ഗന്ധം.
അറിയാനാകുന്നില്ലേ,
പിറക്കാനിരിക്കുന്ന മരങ്ങള്‍
ദൈവ ഗര്‍ഭത്തിലിരുന്നു
കൊമ്പുകളുരച്ചു തീ കൂട്ടുന്നതിന്‍റെ ചൂട്?

എങ്കില്‍,
എങ്കില്‍ ചെയ്യേണ്ടതിത്രമാത്രം
നഖപ്പാടുകള്‍ കൊണ്ട് ജീവിതം
സ്വന്തം പേരെഴുതിയിട്ട
പ്രീയപ്പെട്ട ആ മരത്തില്‍ നിന്നും
ഒരു പച്ചിലക്കൊമ്പ് മുറിച്ചു വെയ്ക്കുക,
കാണാതായ മരങ്ങള്‍ ഹൃദയത്തില്‍
തടുത്തു നിര്‍ത്തിയ ഒരു മഴ മേഘത്തോട്
പതിയെ പെയ്യാന്‍ പറയുക,
മഴയാവുക.


Saturday, October 18, 2014

ഓരോ ആത്മഹത്യക്കും പിറ്റേന്ന് / സെറീന റാഫി



എഴുതി വെയ്ക്കാത്ത
ആത്മഹത്യ കുറിപ്പാണ്
ഉറക്കം നിലച്ച രാത്രികൾ

എത്ര ആഴത്തിൽ
മുറിച്ചു പരതിയാലും
എന്താണ് എന്നല്ലാതെ
എന്തിനെന്ന്  പറയുന്നില്ല
ഒരു പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടും

ഓർമ്മയാണ് ഒരേയൊരു തെളിവ്
അവനവൻ മാത്രമാണ് ഒരേയൊരു സാക്ഷി

എടുക്കപ്പെട്ടു പോയ ജീവിതം
പോലത്തെ ഭാഷയിൽ തെളിവും 
സാക്ഷി മൊഴിയും  രേഖപ്പെടുത്തിയിട്ടുണ്ടാകും

പക്ഷേ
ഇരുട്ടിൽ നിലവിളിക്കൊപ്പം
ഉയർന്നു  താഴുന്ന
കത്തിവായ് തിളക്കമായി
അവയും മാഞ്ഞു പോയിരിക്കും

കൂർത്ത നഖമൊളിപ്പിച്ച
ദു സ്വപ്നങ്ങളുടെ
പതു പതുപ്പൻ കാലുകൾ
ചവിട്ടിപ്പോയ അടയാളങ്ങളിൽ നിന്നും 

അന്നും രാത്രി  പുലരുമ്പോൾ
അനേകം തുന്നലുകളുള്ള
ശരീരം പോലെ കൂട്ടി വെച്ചിട്ടുണ്ടാകും
വീടിന്നകം,
പതിവ് പോലെ

Wednesday, October 15, 2014

മൂന്ന് കാലങ്ങളുടെ പച്ച / സെറീന


ഈ  ഭൂമിയിലെ ഏറ്റവും ഹീനമായ നുണ 
ഏതെന്നു അറിയുമോ നിനക്ക്?
ഞാനില്ലാത്ത  നിന്‍റെ ഭൂതകാലമാണത്..
ആ  നുണയെ മായ്ച്ചു കളയാന്‍ ഇന്ന് 
ഞാന്‍ നിന്നിലൂടെ നടക്കാനിറങ്ങുന്നു.
ഒരു സായാഹ്ന  നടത്ത  പോലെ എന്നാല്‍ 
ഇല ഞരമ്പുകളിലൂടെ ജലമൊഴുകുന്ന പോലെയും !

നിന്നിലൂടെ നടന്നു നിന്‍റെ കരയുടെ ആദ്യ പടവില്‍ 
ഞാന്‍ വന്നിരിക്കുമ്പോള്‍ 
നീ വായിച്ചെടുക്കുന്ന ഏറ്റവും വിദൂര നക്ഷത്രമായും 
നീ ആദ്യം ഉമ്മ വെച്ച ചുണ്ടുകളുടെ നനവായും 
ഞാന്‍ മാറുന്നത് എങ്ങനെയെന്നു നീ കാണും,
എന്നിട്ട്
ഭൂമി അതിന്‍റെ ആദ്യത്തെ വസന്തം ഓര്‍ക്കും പോലെ 
നിന്‍റെ ഭൂതകാലത്തിലെ എന്നെ നീ ഓര്‍ത്തെടുക്കും.
 തൊട്ട വിരലുകള്‍,
 ചാഞ്ഞ ചുമലുകള്‍,
ദിവാസ്വപ്നങ്ങള്‍,
യാത്രയ്ക്ക് തൊട്ടു മുന്‍പ് കെട്ടിപ്പിടിച്ച ഹൃദയം,
പാതിയുറക്കത്തില്‍ കേട്ടെന്നു തോന്നിയ സ്വരം,
കരയിച്ച കാത്തിരിപ്പുകള്‍ 
 ഒക്കെയും ഞാനായിരുന്നുവെന്നു 
നീ അറിയും, 

അപ്പോള്‍ മാത്രം   ഉറവ ഏതെന്നു പറയാത്ത 
ഒരു പുഴയെ ഞാന്‍ തുറന്നു വിടും 
മൂന്നു കാലങ്ങളെയും  ഒരുമിച്ചു കോര്‍ക്കുന്ന ഒരൊഴുക്കിനെ!
വലിച്ചു കെട്ടിയ   ഒരു   തന്ത്രി വാദ്യം പോലെ  
അപ്പോള്‍ നിന്‍റെ സിരകളെ   മുറുക്കി വെയ്ക്കണം.
നടന്നു തീര്‍ന്ന ഒരു കാലത്തില്‍   നിന്നും 
ഞാനതിലേക്ക് ഭൂമി തകര്‍ത്തു  വന്നു വീഴുമ്പോള്‍ 
പൊടുന്നനെ ഒരു പാട്ടുയരണം,
ഞാനും നീയും ജീവിച്ചിരിക്കുന്നില്ല എന്ന 
വരും കാലത്തിന്‍റെ വലിയ നുണയെ നമ്മുടെ മക്കള്‍ 
മായ്ക്കുന്നത് അതിന്‍റെ ഈണങ്ങള്‍ കൊണ്ടാകും,
പ്രപഞ്ചം ഉച്ചരിച്ചിട്ടില്ലാത്ത ഈ വാക്കുകളെല്ലാം 
നമുക്കെവിടുന്നു കിട്ടിയെന്നു അവര്‍ ചോദിച്ചേക്കും,
അപ്പോള്‍ ഒരു വെയിലിന്റെ കണ്‍ തിളക്കത്തി ലോ
ഇലപ്പടര്‍പ്പിലോ മറഞ്ഞിരുന്നു നാമവര്‍ക്ക്‌ 
കേള്‍പ്പിച്ചു കൊടുക്കും, 
ഇലഞ്ഞരമ്പുകളിലൂടെ ജലമൊഴുകുന്നതിന്റെ ഒച്ച!
 

മുള്ളുകള്‍ മാത്രം ബാക്കിയാകുന്നൊരു കടല്‍ /സെറീന


വാക്കുകളുടെ തീന്‍ മേശയില്‍
ആഴത്തില്‍ വരഞ്ഞു മുളക് തേച്ച്
വിളമ്പി വെച്ചിട്ടുണ്ടെന്നെ.

തിരിച്ചും മറിച്ചുമിട്ടു പൊള്ളിച്ചെടുത്തതാണ്
 എന്നിട്ടും എവിടെ നിന്നാണ്
ഈ വെളുത്ത പിഞ്ഞാണവക്കിനെ 
കര പോലെ നനയ്ക്കുന്ന വേലിയേറ്റം?

 പറിച്ചെടുത്തു കളഞ്ഞ
ആ ചെകിളപ്പൂവുകളുണ്ടല്ലോ
അതിനിടയിലാണ്
അവസാനം കോര്‍ത്തെടുത്ത
ആ ശ്വാസം സൂക്ഷിച്ചിരുന്നത്
അതിലായിരുന്നു
അവന്‍റെ ഓര്‍മ്മയെ വെച്ചിരുന്നത്.

മുറിച്ചു നീന്തിയ കടലൊന്നും
കടലായിരുന്നില്ലെന്നു ഇപ്പോഴറിയുന്നു,
നിശ്ചലതയെക്കാള്‍ വലിയ കടലില്ലെന്നും!

 പോളകളില്ലാത്ത കണ്‍ വൃത്തത്തില്‍
മരിക്കാതെ കുടുങ്ങിക്കിടപ്പുണ്ട് ഒരു ആകാശം
മീന്‍ കണ്ണു തിന്നാനിഷ്ടമുള്ള കുട്ടീ,
നിനക്കാണിതിലെ മേഘങ്ങള്‍,
 തിന്നുകൊള്ളൂ,
മുള്ള് കൊള്ളാതെ, കടലിന്‍റെ ചോര പൊടിയാതെ! 

Saturday, September 27, 2014

കുന്നിറങ്ങുന്നവള്‍ / സെറീന


കൈകള്‍ വിരുത്തി
കുന്നിറങ്ങുന്ന കാറ്റിനെ പോലെയാണ്
ചില ജീവിതങ്ങളില്‍ നിന്ന്
നാമിറങ്ങിപ്പോകുന്നത്
വേഗം, അനായാസം.
എന്നാലോരോ ചുരുളിലും
പടര്‍ന്നിരിയ്ക്കും കുടഞ്ഞാലും പോവാതെ
ആ കുന്നിന്റെ മാത്രം സുഗന്ധങ്ങള്‍.

എന്തോ ഒന്നവിടെ മറന്നു വെച്ചല്ലോ
എന്നാശങ്കപ്പെട്ടുതിരിഞ്ഞു നോക്കുമ്പോള്‍ കാണാം
കുന്ന്,
അതിന്‍റെ ആകാശം,
അവരുടെ ഉറവകള്‍.
ഓരോ ചരിവിലും കാട്ടുചെടികള്‍,
മരിയ്ക്കുമ്പോള്‍ വരാം
പ്രാണന്‍ തരാമെന്നു വേരാഴ്ത്തിയവ.
കുതറുന്നുണ്ടാവണം, ഇപ്പോളവയുടെ ചോടുകള്‍,
കൈകള്‍ വിരുത്തി മരണം വരുമ്പോലെയാണ്
ചില ജീവിതങ്ങളില്‍ നിന്ന് നാമിറങ്ങിപ്പോകുന്നത്
എത്ര വേഗം, അനായാസം!